Departed Spiritual FathersOVS - Latest News

യൂയാക്കിം മാർ ഇവാനിയോസ്: പരുമലയിലെ താപസൻ

മലങ്കര ഓർത്തഡോക്സ് സഭയുടെ സത്യ വിശ്വാസത്തെയും പാരമ്പര്യത്തെയും കാത്തുസൂക്ഷിക്കുന്നതിനും വിദേശ മേൽ ആധിപത്യത്തിൽ വഴങ്ങാതെ സഭയുടെ സ്വത്തുകൾ സംരക്ഷിക്കുന്നതിനും കാതോലിക്കേറ്റിന്റെ യശ്ശസ്സ് പരിപാലിക്കുന്നതിനും, സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ പ്രർത്ഥനാ ജീവിതത്തിലൂടെ തന്റെ സഭയെ പരിപോഷിപ്പിച്ച പിതാവാണ് പുണ്യശ്ലോകനായ യൂയാക്കിം മാർ ഇവാനിയോസ് മെത്രാപ്പോലീത്ത.

1858-ൽ എറണാകുളം ജില്ലയിലെ കണ്ടനാട് കരവട്ടുവീട്ടിൽ വീട്ടിൽ കോരയുടെ മകനായി ജനിച്ചു. കോനാട്ട് ഗീവർഗീസ് മാർ യൂലിയോസിന്റെ ശിഷ്യഗണത്തിലെ ഒരാളാണ് യൂയാക്കിം മാർ ഇവാനിയോസ്. തന്റെ ഗുരുവായ മാർ യൂലിയോസിന്റെ പരിശീലനത്തിൽ സുറിയാനി ഭാഷയും സഭയുടെ കാനോനുകളും വിശ്വാസങ്ങളും പഠിച്ചു. അദ്ദേഹം സംസ്കൃത ഭാഷയിലും വളരെ പാണ്ഡിത്യം നേടിയിരുന്നു. ഗുരുവായ ഗീവർഗീസ് മാർ യൂലിയോസിന്റെ പ്രർത്ഥനാ ജീവിതശൈലിയിൽ കൂടുതൽ ആകൃഷ്ടനായ അദ്ദേഹം വൈദീക ജീവിതം തിരഞ്ഞെടുത്തു. 1882 ഏപ്രിൽ 6ന് കടുംഗമംഗലം പള്ളിയിൽ വെച്ച് തന്റെ പിതൃസഹോദരൻ കരവട്ടുവീട്ടിൽ ശെമവൂൻ മാർ ദിവന്നാസിയോസിൽ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു. 1892 ഏപ്രിൽ 14-ന് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമനിൽ നിന്ന് കോട്ടയം പഴയ സെമിനാരിയിൽ വച്ച് പൗരോഹിത്യവും സ്വീകരിച്ചു. കോട്ടയം പഴയ സെമിനാരിയിലും പരുമല സെമിനാരിയിലും ദീർഘകാലം താമസിച്ചു തന്റെ അത്മീയ തേജസ്സ് വളർത്തി. 1908ൽ ജറുസലേമിൽവെച്ച് ​​മാർ അബ്ദുള്ള പാത്രിയർക്കീസ് അദ്ദേഹത്തെ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തി. ​​മാർ അബ്ദുല്ല പാത്രിയർക്കീസ് മലങ്കരയിൽ വന്ന് തന്റെ താൽക്കാലിക അധികാരവും മലങ്കരയുടെ സ്വത്തുക്കളും ആവശ്യപ്പെട്ടപ്പോൾ അതിനെതിരായി പ.വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് ശക്തമായി എതിർക്കുകയും തങ്ങളുടെ വിസമ്മതം അറിയിക്കുകയും ചെയ്തു. യൂയാക്കിം മാർ ഇവാനിയോസ് പ.വട്ടശ്ശേരിൽ തിരുമേനിയുടെ തീരുമാനങ്ങളെ പിൻതാങ്ങുകയും പാത്രിയർക്കീസിന്റെ അനാവശ്യ ആധിപത്യത്തിനെതിരെ കൈകോർത്ത് അവരുടെ നീക്കത്തെ ശക്തമായി ചെറുത്തു.

1913 ഫെബ്രുവരി 9-ന് ചെങ്ങന്നൂർ പഴയ സുറിയാനി ദേവാലയത്തിൽ വെച്ച് പരിശുദ്ധ ബസേലിയോസ് പൗലോസ് ഒന്നാമൻ കാതോലിക്കാ ബാവായുടെ സാന്നിധ്യത്തിൽ പരിശുദ്ധ അബ് ദൽമിശിഹാ പാത്രിയാർക്കീസ് ബാവാ അദ്ദേഹത്തെ യുയാക്കിം മാർ ഇവാനിയോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. ഇന്ത്യയിൽ കാതോലിക്കേറ്റ് സ്ഥാപിതമായതിനു ശേഷം മലങ്കര സഭയിലെ ആദ്യത്തെ സ്ഥാനാരോഹണമാണിത്. തുടർന്ന് പരുമല ആസ്ഥാനമാക്കി തുമ്പമൺ, കണ്ടനാട് (1913 – 1925) ഭദ്രാസനങ്ങളുടെകളുടെ ഭരണസാരഥ്യം അദ്ദേഹം ഏറ്റെടുത്തു. അഭി. യൂയാക്കിം മാർ ഇവാനിയോസ് തന്റെ ഭദ്രാസന ഭരണത്തോടൊപ്പം തന്നെ പരുമല നിവാസികളുടെ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, അത്മീയ കാര്യങ്ങൾ നിറവേറ്റുന്നതിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തും തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പരുമലയിൽ ചെലവഴിച്ചു.

പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും സ്ലീബാദാസ സമൂഹ സ്ഥാപകനും മലബാർ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായും, വിജാതീയരുടെ അപ്പോസ്തോലൻ, മലങ്കര ഗാന്ധി എന്നി അപരനാമങ്ങളിൽ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ എം പി പീറ്ററി (പിന്നീട് അഭി. പത്രോസ് മാർ ഒസ്താത്തിയോസ്) -ന് 1916 ജൂൺ മാസം 4-ന് പരുമല സെമിനാരിയിൽ വെച്ച് ശെമ്മശ്ശ പട്ടം നൽകിയത് അഭി. യൂയാക്കിം മാർ ഈവാനിയോസ് തിരുമേനിയാണ്. മലങ്കര സഭയുടെ ആദ്യ ആശ്രമവും, സന്യാസ ആശ്രമങ്ങളുടെ ഈറ്റില്ലമായ ബഥനി ആശ്രമ സ്ഥാപക പിതാവും മലങ്കര സഭയുടെ ധർമ്മയോഗിയുമായ അലക്സിയോസ് ശെമ്മാശന് (പിന്നീട് അലക്സിയോസ് മാർ തേവോദോസിയോസ്) 1918 ഏപ്രിൽ ഏഴിന് പരുമല സെമിനാരി ചാപ്പലിൽ വച്ച് കശ്ശീശാ സ്ഥാനം നൽകിയതും അദ്ദേഹമാണ്.

കോട്ടയം – അങ്കമാലി ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തായായിരുന്ന ഗീവർഗ്ഗീസ് മാർ പീലക്സിനോസിനെ 1925 ഏപ്രിൽ 30-ന് നിരണം പള്ളിയിൽ വച്ച് പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് പ്രഥമൻ എന്ന നാമത്തിൽ കാതോലിക്കായായി വാഴിക്കുന്നതിനും, പിറ്റേ ദിവസം ബഥനിയുടെ ഗീവർഗ്ഗീസ് റമ്പാനെ ഗീവർഗ്ഗീസ് മാർ ഈവാനിയോസ് (റീത്ത് സഭാ സ്ഥാപകൻ) എന്ന നാമത്തിൽ പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് പ്രഥമൻ കതോലിക്കാ ബാവാ വാഴിച്ചു. ഈ രണ്ട് സ്ഥാനാരോഹണ ശുശ്രൂഷകൾക്കും യുയാക്കിം മാർ ഈവാനിയോസ് തിരുമേനി സഹകാർമ്മികനായിരുന്നു.

1925 ജൂൺ 6-ന് അദ്ദേഹം തന്റെ സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് പുറപ്പെട്ടു. ഭൗതീകശരീരം പരുമല പള്ളിയുടെ വടക്കുവശത്ത് പരിശുദ്ധ പരുമല തിരുമേനിയുടെ കബറിനു പടിഞ്ഞാറായി കബറടക്കി. പുണ്യവാനും താപസശ്രേഷ്ഠനുമായ യൂയാക്കീം മാർ ഈവാനിയോസ് തിരുമേനിയുടെ പ്രാർത്ഥനകൾ നമ്മെ നയിക്കട്ടെ.

വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ