OVS - Latest NewsOVS-Kerala News

കോടതി വിധി അംഗീകരിക്കുന്നുവെങ്കിൽ മാത്രം ചർച്ചക്ക് തയ്യാർ: ഓർത്തഡോക്സ് സഭ

ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമ്മാണം നടപ്പാക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്‌കോപ്പാ. സഭാ തർക്കത്തിന്റെ വിവിധ വശങ്ങൾ സമഗ്രമായി പഠിച്ച് ഇന്ത്യയുടെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച അന്തിമ തീർപ്പ് നടപ്പാക്കാതിരിക്കുവാൻ സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്തുകയും, വിധികൾ നടപ്പിലാക്കുവാൻ എത്തുന്ന ഉദ്യോഗസ്ഥരെ തടയുകയും, അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന പാത്രിയർക്കീസ് വിഭാഗത്തിന്റെ ശൈലി തികച്ചും അപലപനീയമാണ്.

കോടതിവിധി നടപ്പിലാക്കുവാൻ ശ്രമിച്ചാൽ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടാകുമെന്നുള്ള ഭീഷണി ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. നിയമവ്യവസ്ഥയെ മാനിക്കേണ്ടതിനു പകരം ആൾ ബലമുണ്ടെന്ന വ്യാജേനയും, രാഷ്ട്രീയ സ്വാധീനത്തിലൂടെയും അതിനെ അടിച്ചമർത്താനാണ് യാക്കോബായ വിഭാഗം ശ്രമിക്കുന്നത്.

ചർച്ചകളെ എന്നും സ്വാഗതം ചെയ്തിട്ടുള്ള ഓർത്തഡോക്സ് സഭ, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിലും ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. 1934 -ലെ ഭരണഘടന അനുസരിച്ചും ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി അനുസരിച്ചും ഒരു സഭയെ ഉള്ളൂ എന്ന നിലപാടിനോട് യാക്കോബായ വിഭാഗം യോജിക്കുന്നുവെങ്കിൽ തുടർ ചർച്ചകൾക്കും സാധ്യതയുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടാൻ ഇടയാകാത്ത തരത്തിൽ സമ്മർദ്ദ തന്ത്രങ്ങളിൽ നിന്നും, പ്രതിഷേധ മാർഗങ്ങളിൽ നിന്നും യാക്കോബായ വിഭാഗം പിന്മാറുന്നതാണ് ഉത്തമം എന്നും അദ്ദേഹം പറഞ്ഞു.

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി