OVS - Latest NewsOVS-Kerala News

സർക്കാർ നാടകം അവസാനിപ്പിക്കണം ; ഓർത്തഡോക്സ്‌ സഭ

രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കുവാൻ ശ്രമിക്കാതെ, സർക്കാരും പോലീസ് വകുപ്പും ചേർന്ന് ഒരുക്കുന്ന നാടകം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മാധ്യമ വിഭാഗം പ്രസിഡൻറ് ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപോലീത്ത പറഞ്ഞു.

അങ്കമാലി, തൃശൂർ ഭദ്രാസനങ്ങളിലെ ആറ് പള്ളികളിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ ശക്തമായ നിർദ്ദേശം പാലിക്കുവാൻ സർക്കാരിന് ഇതുവരെ സാധിക്കാത്തത് നിയമവ്യവസ്ഥയോടുള്ള പ്രത്യക്ഷമായ അവജ്ഞയും, അവഹേളനവുമാണ്.

വിധി നടപ്പാക്കുന്ന ദിവസം നേരത്തെ തന്നെ പാത്രിയാര്‍ക്കീസ് വിഭാഗത്തെ അറിയിക്കുകയും, വിധി നടത്തിപ്പിനെ പ്രതിരോധിക്കാൻ ആൾക്കൂട്ടത്തെ എത്തിക്കുവാനമുള്ള സാവകാശവും, അവസരവും നൽകുകയും ചെയ്തുകൊണ്ടാണ് ഈ നാടകം അരങ്ങേറുന്നത്.

കരുതിക്കൂട്ടി ഒരു സംഘർഷാവസ്ഥ സൃഷ്ട്ടിച്ച്, കോടതിവിധി നടപ്പാക്കുന്നത് തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമായിട്ടേ ഇതിനെ കാണാൻ കഴിയൂ. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പ്രതിരോധത്തിനായി മുന്നിൽ നിർത്തണമെന്ന് ഓഡിയോ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പാത്രിയാര്‍ക്കീസ് വിഭാഗത്തിലെ വൈദികരും മറ്റും പ്രചരിപ്പിക്കുന്നത്തിന്റെ നിരവധി തെളിവുകൾ ലഭ്യമാണ്. അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുന്നത് പക്ഷപാതപരമായ സമീപനമാണ്. ഇത് രാജ്യത്തിൻറെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.