OVS - ArticlesOVS - Latest News

ഔഗേൻ മാർ ദിവന്നാസിയോസ് ; കാരുണ്യത്തിന്റെ മണിനാദം

മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഒരു മഹാനായ ആത്മീയ നേതാവും, ബഹുമുഖ പ്രതിഭയും, ഉദയസൂര്യനുമായിരുന്നു പുണ്യശ്ലോകനായ ഔഗേൾ മാർ ദിവന്നാസിയോസ് തിരുമേനി. തന്റെ ചുരുങ്ങിയ ജീവിതകാലം കൊണ്ട് തന്നെ ജനഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ദയറാ ജീവിതത്തിന്റെ പതിവ്രതയും മാഹാമ്യവും തന്റെ അവസാന നാളുകൾ വരെയും കാത്ത് സൂക്ഷിച്ച ഉത്തമ സന്യാസി. പാവപ്പെട്ടവരുടെ ക്ഷേമത്തിനും അവരുടെ ഉന്നമനത്തിനും ജീവിതം മാറ്റിവച്ച കർമ്മയോഗി.

 റാന്നി മുക്കാലുമൺ മാവേലിൽ പേരങ്ങാട്ട് മത്തായി കുര്യന്റെയും സാറാമ്മ കുര്യന്റെയും ദമ്പതികളുടെ മകനായി 1955 ജൂലൈ 1 ന് ജനിച്ചു. വിനോയ് കുര്യൻ എന്ന് വിളിപേരിലാണ് അറിയപ്പെട്ടിയുരുന്നത്. സക്കറിയാ എന്നായിരുന്നു മാമോദീസാ നാമം. വിനോയ് കുര്യൻ സമർത്തനായ വിദ്യാർത്ഥിയും പ്രർത്ഥനാ ജീവിതത്തിൽ ബാല്യം മുതലേ വളരെ ആകൃഷ്ടനുമായിരുന്നു. റാന്നി സെന്റ് തോമസ് കോളേജിൽ നിന്നും ബി എസ്‌ സി ഫിസിക്സിൽ ബിരുദം പൂർത്തിയാക്കി. തുടർന്ന് അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം (എം.എ.) കരസ്ഥമാക്കി. 1976 ൽ കോട്ടയം ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയിൽ ചേർന്ന വിനോയ് കുര്യൻ 1980 ൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി “മികച്ച ഔട്ട്‌ഗോയിംഗ് വിദ്യാർത്ഥി” എന്ന ബഹുമതിക്ക് അർഹനായി.

1979 മെയ് 21 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവാ തിരുമേനിയിൽ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു. 1980 ഓഗസ്റ്റ് 30 ന് സക്കറിയ ശെമ്മാശന് കശ്ശീശാ പട്ടം നൽകകയും ചെയ്യ്തു. കുമ്മനം സെന്റ് ജോർജ് ദേവാലയം, കാരാപ്പുഴ മാർ ഗ്രിഗോറിയോസ് ദേവാലയം, അഴുത സെന്റ് തോമസ് ദേവാലയം എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. കോളേജ് – സെമിനാരി പഠനകാലത്ത് തന്നെ പ്രസംഗമല്‍സരങ്ങളിലും മറ്റും മികവ് തെളിയിച്ച അദ്ദേഹം വൈദികനെന്ന നിലയിലും വളരെപ്പെട്ടെന്നു തന്നെ ജനശ്രദ്ധ നേടി. ധ്യാനഗുരു, മികച്ച പ്രഭാഷകന്‍, കഴിവുറ്റ സംഘാടകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ച ഫാ.സക്കറിയാ പലർക്കും പ്രചോദനങ്ങൾ ഏറുന്ന വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു.1992 ഡിസംബർ 5 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവ അദ്ദേഹത്തെ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തി. പിന്നീട് ഔഗേൻ റമ്പാൻ എന്ന് അറിയപ്പെട്ടു. 16 വർഷക്കാലം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവയുടെ സെക്രട്ടറിയായി ഔഗേൻ റമ്പാൻ സേവനമനുഷ്ഠിച്ചു. തന്റെ ഗുരുവിൽ നിന്നും ഉൾകൊണ്ട പ്രർത്ഥനാ ജീവിത മാതൃകയും ഭരണകാര്യങ്ങളിലും ജീവകാരുര്യ പ്രവത്തനങ്ങളിൽ പരിശുദ്ധ പിതാവിൽ നിന്നും ആർജ്ജിച്ചെടുത്ത അറിവുകൾ ഔഗേൻ റമ്പാച്ചന് തുടർന്നുള്ള ജീവിതത്തിൽ കൂടുതൽ പ്രചോദനമേകി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവ തിരുമേനിയുടെ വിശ്വസ്തനായ കാര്യനിർവാഹകനായിരുന്നു ഔഗേൻ റമ്പാൻ .

മലങ്കര സഭയുടെ മികച്ച സംഘാടകനും , കഴുമുറ്റ വൈദിക ശ്രേഷ്ഠനും, ഉത്തമ നേതാവുമായിരുന്നു അദ്ദേഹം. മലങ്കര സഭയുടെ അസ്ഥന കേന്ദ്രമായ ദേവലോകം അരമന മാനേജർ, വള്ളിക്കാട്ട് ദയറ മാനേജർ, കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി, ബസേലിയോസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്, പീരുമേട് എൻജിനീയറിങ് കോളജ് റസിഡന്റ് മാനേജർ, കോട്ടയത്തിന്റെ പ്രഥമ സെക്രട്ടറി, വിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് ഓഫീസ് സെക്രട്ടറി, സഭാ പ്രസിദ്ധീകരണ വകുപ്പ് അംഗം, സഭാ പ്രതിരോധ സമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ധ്യാന ചിന്തകൾ, പ്രാർത്ഥനാ പുസ്തകങ്ങൾ, ആരാധനാ പുസ്തകങ്ങൾ, യാത്രാവിവരണം എന്നിവ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2004 ജൂൺ 10 ന് പരുമല സെമിനാരിയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യൻ അസോസിയേഷനിൽ ഔഗേൻ റമ്പാനെ എപ്പിസ്‌കോപ്പൽ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. പൗരോഹിത്യ ജീവിതത്തിന്‍റെ ഇരുപത്തഞ്ചാം വര്‍ഷത്തിലേക്കു കടന്നപ്പോഴാണ്‌ ഔഗേന്‍ റമ്പാന്‌ ഈ ദൈവ നിയോഗം ലഭിച്ചത്‌. 2005 മാർച്ച് 5-ന് ഗബ്രീയേൽ മാർ ഗ്രിഗോറിയോസ്, സഖറിയ മാർ തെയോഫിലോസ്, യുഹാനേൻ മാർ ക്രിസോസ്റ്റം എന്നിവരോടൊപ്പം പരുമല സെമിനാരിയിൽ വച്ച് ഔഗേൻ റമ്പാനെ ഔഗേൻ മാർ ദിവന്നാസിയോസ് എന്ന നാമത്തിൽ പരിശുദ്ധ ബസേലിയോസ് മാത്യൂസ് ദ്വിതീയൻ ബാവ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തി. മെത്രാപ്പോലീത്തയായി. 2005 ജൂലൈ 1-ന് ഇടുക്കി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു. രണ്ടുവർഷത്തെ മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ച കാലത്ത് ജാതി – മത ഭേദമില്ലാതെ ഇടുക്കിയിലെ പാവപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുവാനും പരിഹരിക്കുവാനും തീവ്രമായി ശ്രമിച്ചു. പള്ളികളുടെ പുനർനിർമ്മാണത്തിനും, ഇടുക്കിയിലെ പാവപ്പെട്ട ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന മറ്റ് പദ്ധതികൾക്കും , പാവപ്പെട്ട കുട്ടികളുടെ വിദ്യഭ്യാസത്തിനും, ഭവന നിർമ്മണങ്ങൾക്കും അദ്ദേഹം ഫലപ്രദമായ നേതൃത്വം നൽകി. അദ്ദേഹം തന്റെ ജീവിതകാലത്ത് സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടത്തിനായി സ്വയം സമർപ്പിക്കുകയും പാവങ്ങളെ സേവിക്കുകയും ചെയ്തിരുന്നു. തിരുമേനിയുടെ ലാളിത്യവും അർപ്പണബോധവും അദ്ദേഹത്തെ ഇടുക്കി പോലുള്ള ഒരു പിന്നോക്ക ഭദ്രാസനത്തെ നൂറ് മേനി വിളയിക്കുന്ന മണ്ണാക്കി മാറ്റി വലിയ വളർച്ച കൈവരിക്കുന്നതിന് ഇടയാക്കി. തനിക്ക് ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു. ഇടുക്കി ഭദ്രാസനത്തിന്റെ വളർച്ചയ്ക്ക് തിരുമേനിയുടെ പങ്ക് എന്നും പ്രശംസനിയമാണ്. നല്ല കാര്യനിർവാഹകനായിരുന്ന അദ്ദേഹം ചെയ്യുന്ന പ്രവർത്തികളിൽ ഒരു പ്രചാരവും അംഗീകാരങ്ങളും അർഹിച്ചിരുന്നില്ല. ആത്മീയവും ഭരണപരവുമായ കഴിവുകളുടെ സവിശേഷമായ സംയോജനമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.

മലങ്കര ഓർത്തഡോക്‌സ് സഭയുടെ മഹാനായ ആത്മീയ നേതാവും ഉദയസൂര്യനുമായിരുന്നു മാർ ദിവന്നാസിയോസ്. 2007 ജൂൺ 6 ന് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യാൻ പോകുകയായിരുന്ന മാർ ദിവന്നാസിയോസ് തിരുമേനിയുടെ കാറിലേക്ക് എതിരെ വന്ന സ്വകാര്യ ബസ്‌ ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ തിരുമേനി കാലം ചെയ്തു. അവൻ പാവങ്ങളെ സേവിച്ചു ജീവിച്ചു, പാവങ്ങളെ സേവിച്ചുകൊണ്ട് മരിച്ചു. 2007 ജൂൺ 7 ന് വാകത്താനം വള്ളിക്കാട്ട് ദയറയിൽ കബറടക്കി. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. ആ പുണ്യ പിതാവിന്റെ ജീവിതവും പാവപ്പെവരോടുള്ള കരുതലും നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെ. അവിടുത്തെ പ്രാർത്ഥനകൾ നമ്മെ നയിക്കട്ടെ.

എഴുതിയത്,

വർഗീസ് പോൾ കൈത്തോട്ടത്തിൽ