OVS - ArticlesOVS - Latest NewsOVS-Kerala News

വിശ്വാസവഴിയിലെ മാർഗദീപം

ബഹുമാനപ്പെട്ട ഫാ.ടി.ജെ ജോഷ്വ (ജോഷ്വ അച്ചൻ) എന്റെ ഗുരുവാണ്. സഭയിലെ സീനിയർ മെത്രാപ്പൊലീത്ത ക്ലീമീസ് തിരുമേനി (88) യുടെയും ഗുരുവായിരുന്നു. സഭയിലെ എല്ലാ മെത്രാപ്പൊലീത്താമാരുടെയും ഗുരുവാണ് അദ്ദേഹം. അച്ചനെക്കുറിച്ച് ബഹുമുഖ പ്രതിഭ എന്ന് ഒറ്റവാക്കിൽ പറയാം.എല്ലാ രംഗങ്ങളിലും ശോഭിച്ച, സഭയ്ക്കു ലഭിച്ച ദൈവദാനമാണ് അദ്ദേഹം. സഭയുടെ ശുശ്രൂഷ രംഗത്ത് എല്ലാ മേഖലകളിലും ഇത്രയധികം ശോഭിച്ചിട്ടുള്ള മറ്റൊരു വ്യക്തിയില്ല. ചെറുപ്രായത്തിൽ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുവാൻ മാതാപിതാക്കളോടൊപ്പം വാഴൂരും സമീപപ്രദേശങ്ങളിലും കൺവൻഷൻ പന്തലുകളിൽ സ്ഥിരമായി പോയിക്കൊണ്ടിരുന്നത് ഓർക്കുന്നു. വൈദികൻ ആകാനുള്ള പ്രേരണ പോലും അദ്ദേഹത്തിനെ കേട്ടതിൽ നിന്നാണ് എനിക്ക് ലഭിച്ചതെന്നു പറയാം. സെമിനാരിയിൽ വരുന്നതിനു മുൻപ് യുവജന പ്രസ്ഥാനത്തിന്റെ ചുമതലയിൽ ഇരിക്കുമ്പോഴും അദ്ദേഹത്തെ കൺവൻഷനുകളിലും പരിപാടികളിലും വിളിച്ചു കൊണ്ടു പോയി പ്രസംഗിപ്പിച്ചിട്ടുണ്ട്. സെമിനാരിയിൽ വിദ്യാർഥിയായിരിക്കുമ്പോൾ എന്നെ ഏറ്റവും സ്വാധീനിച്ച രണ്ടു വ്യക്തികളിൽ ഒരാൾ ജോഷ്വാ അച്ചനും മറ്റൊരാൾ പിന്നീട് ഒസ്താത്തിയോസ് തിരുമേനിയായ ജോർജ് അച്ചനുമായിരുന്നു. അമേരിക്കയിൽ പോയി ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെല്ലാം നേടി സെമിനാരിയിൽ പഠിപ്പിക്കാൻ എത്തിയവരാണ് രണ്ടുപേരും. അരനൂറ്റാണ്ടിലേറെ അദ്ദേഹം സെമിനാരിയിൽ അധ്യാപനം നടത്തി. പുതിയനിയമം, പഴയനിയമം, കൗൺസലിങ്, വിദ്യാഭ്യാസം, പ്രസംഗകല ഇതെല്ലാം പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. പതിനായിരക്കണക്കിന് ശിഷ്യർ അദ്ദേഹത്തിനുണ്ട്. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം.

പ്രസംഗങ്ങൾ ആയാലും ക്ലാസ്സുകൾ ആയാലും അക്കമിട്ട് മനുഷ്യർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞിരുന്നു രീതിയായിരുന്നു അദ്ദേഹത്തിന്റെ. ചരമ ശ്രുശ്രൂഷയിലോ, വിവാഹ കൂദാശയിലോ ആകട്ടെ ഒന്ന് രണ്ട് മൂന്ന് രീതിയിൽ അക്കമിട്ട് പറയുന്നത് അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. ക്രമീകൃതമായി ഒരു കാര്യത്തെ അവലോകനം നടത്താനും സമഗ്രമായി അത് പഠിക്കാനും മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും അദ്ദേഹത്തിന് പ്രത്യേകമായ കഴിവുണ്ടായിരുന്നു. ദൈവവചന വ്യാഖ്യാനത്തിനുള്ള താൽപര്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എഴുതാനുള്ള താൽപര്യമായിരുന്നു അടുത്ത പ്രത്യേകത. അതുകൊണ്ടാണ് എഴുപതിലേറെ പുസ്തകങ്ങൾ അദ്ദേഹം എഴുതിയത്. ഏറെ വായനാക്ഷമമായിരുന്നു അവ പതിറ്റാണ്ടുകളോളം മലയാള മനോരമയിൽ അദ്ദേഹം എഴുതിയ ചിന്താവിഷയം ഒരു ശുശ്രൂഷ തന്നെയായിരുന്നു. വേദപുസ്തക അടിസ്ഥാനത്തിലുള്ള അവ ഏതാണ്ട് 17 ഓളം വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുള്ളവരെ എഴുതാൻ പ്രേരിപ്പിക്കുന്നു ആളുമായിരുന്നു അദ്ദേഹം. സെമിനാരിയിലെ ദിവ്യബോധന പരിപാടിയിൽ അദ്ദേഹം മരിക്കുന്നതുവരെയും ഡയറക്ടറായിരുന്നു. ആ പരിപാടിയിൽ ഏറ്റവും അധികം പുസ്തകങ്ങൾ എഴുതിയിട്ടുള്ളതും അച്ചനായിരുന്നു. സഹ അധ്യാപകരെക്കൊണ്ടും അദ്ദേഹം പുസ്തകം എഴുതിച്ചു. അദ്ദേഹത്തിൻറെ വേദപുസ്തകം വ്യാഖ്യാനം പരമ്പരയായി വന്നിട്ടുണ്ട്. വേദപുസ്തക നിഘണ്ടു, സഭാ വിജ്ഞാൻ കോശം എന്നിവയെല്ലാം എഴുതിയിരുന്നതും അദ്ദേഹത്തിന്റെ താല്പര്യത്തിലായിരുന്നു.

കുടുംബത്തെ ജീവിതത്തെക്കുറിച്ചും ശക്തമായ ലേഖനങ്ങൾ അദ്ദേഹം എഴുതുക മാത്രമല്ല പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയുന്ന വീടുകളിൽ കടന്നു ചെന്ന് പ്രശ്നപരിഹാരത്തിനായും പ്രവർത്തിച്ചിരുന്നു. കുടുംബ ജീവിതത്തിന്റെ പരിപാവനതയെ അദ്ദേഹം അത്രമാത്രം ബഹുമാനിച്ചിരുന്നു. കാൻസർ ഉൾപ്പടെയുള്ള രോഗങ്ങളെ സധൈര്യം നേരിട്ടതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. രോഗാവസ്ഥയിലും നിരാശ ഒരിക്കലും അദ്ദേഹത്തെ ബാധിച്ചില്ല. കാൻസറിനെക്കുറിച്ചും അദ്ദേഹം പുസ്തകം എഴുതി മറ്റുള്ളവർക്ക് സ്വാന്തനമേകി. ഒരിക്കൽ കാൻസർ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തീയറ്ററിലേക്ക് പോകുമ്പോൾ കാലം ചെയ്ത ഇവാനിയോസ് തിരുമേനി ഞാനും ചേർന്നാണ് തൈലാഭിഷേകം നടത്തിയത്. അദ്ദേഹം സന്തോഷത്തോടെ അത് സ്വീകരിച്ച് പിന്നീട് സൌഖ്യം വന്ന് ജീവിതത്തിലേക്ക് സന്തോഷത്തോടെ തിരിച്ചു വന്നു. ദൈവം തരുന്ന വലിയ കൃപയാണ് രോഗങ്ങളെ അതിജീവിക്കാനുള്ള ശക്തി എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ദൈവം തരുന്നതെല്ലാം സന്തോഷത്തോടെ സ്വീകരിക്കാൻ പഠിപ്പിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. ആരോഗ്യ കാര്യങ്ങളിലും അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. കൃത്യനിഷ്ഠയാണ് മറ്റൊരു കാര്യം. ജോഷ്വ അച്ചൻ ഒരു പരിപാടിയിൽ പങ്കെടുക്കുന്നു എന്നറിഞ്ഞാൽ മറ്റുള്ളവരെല്ലാം തന്നെ കൃത്യസമയത്ത് എത്തുമായിരുന്നു. പരിപാടി കൃത്യസമയത്ത് തുടങ്ങണമെന്ന് അദ്ദേഹത്തിന് നിർബന്ധവും ഉണ്ടായിരുന്നു. എന്നും അതിരാവിലെ നാല് മണിക്ക് എഴുന്നേറ്റു വ്യായാമവും പ്രാർഥനയും പ്രാതലുമെല്ലാം കഴിഞ്ഞ് അദ്ദേഹം സെമിനാരിയിൽ കൃത്യം 6.45 എത്തുന്ന കാര്യം ഓർക്കുന്നു.

സമൂഹത്തിലും സഭയിലും ഉണ്ടായിരുന്ന ഏത് മോശം വ്യവസ്ഥിതിയെയും മുഖം നോക്കാതെ വിമർശിക്കാൻ അദ്ദേഹം മടിച്ചില്ല. എന്നാൽ അത് എല്ലാം നന്നാകണം എന്ന ഉദ്ദേശത്തിലായതിനാൽ ആർക്കും പരിഭവവും ഇല്ലായിരുന്നു.
അതേ സമയം അദ്ദേഹം ഏറ്റവും വിനയാന്വിതനുമായിരുന്നു. അദ്ദേഹത്തേക്കാൾ 20 വയസ്സ് കുറവുള്ള ഞാൻ മെത്രാനായി വന്നപ്പോൾ അദ്ദേഹം ഏറ്റവും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു. എന്റെ ഗുരുവായിരുന്നതിനാൽ അദ്ദേഹത്തിൻറെ മുന്നിൽ എനിക്ക് ഇരിക്കുവാൻ തോന്നിയിരുന്നില്ല. എല്ലാ രീതിയിലും ഗുരുരത്നം എന്ന് വിളിക്കാനുള്ള യോഗ്യതയുള്ള ആളായിരുന്നു അച്ചൻ. അതു കൊണ്ടാണ് സഭ ആ പദവി നൽകിയതും.

എക്യുമെനിക്കൽ രംഗമായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്ന മറ്റൊരു മേഖല. ഓർത്തഡോക്സ് സഭയും മാർത്തോമ്മ സഭയും തമ്മിലുള്ള ചർച്ചകളിൽ അദ്ദേഹം സജീവമായി ഇടപെട്ടിട്ടുണ്ട്. മറ്റുള്ളവരെ അറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കാലം ചെയ്ത പൗലോസ് മാർ ഗ്രോറിയോസ് തിരുമേനി എന്നോട് വിദേശത്ത് പോയി പഠിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ ജോഷ്വാ അച്ചനോടാണ് ഉപദേശം തേടിയത്. അദ്ദേഹം അതിന് എന്നെ പ്രോത്സാഹിപ്പിക്കുകയും തിരികെ എത്തിയപ്പോൾ സെമിനാരിയിൽ പഠിപ്പിക്കാനുള്ള അവസരം തരികയും ചെയ്തു.

സഭയുടെ വളർച്ച അതായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. സഭ സമാധാനത്തിലും ശാന്തിയിലും വളരണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. ഞാൻ മെത്രൊപ്പാലീത്തയായി വന്നപ്പോൾ ആ രീതിയിൽ ഉപദേശിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ഉപദേശം ഞാൻ എപ്പോഴും വിനയപൂർവ്വം സ്വീകരിച്ചിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഓർക്കാൻ എനിക്ക് അഭിമാനമുണ്ട്. സഭയിൽ അദ്ദേഹത്തിനു പകരം അദ്ദേഹം മാത്രം. ഗുരുക്കന്മാരുടെ ഗുരുവായിരുന്നു അദ്ദേഹം. മലങ്കര സഭയുടെ ഗമാലിയേൽ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പരിശുദ്ധനായ പൗലോസ് ശ്ലീഹാ ന്യായപ്രമാണം പഠിച്ചത് അന്നത്തെ ഏറ്റവും അഗ്രഗണ്യനായിരുന്ന ഗമാലിയേലിൽ നിന്നാണ്. ഞങ്ങളെല്ലാം വേദപുസ്തകം പഠിച്ചത് ഗമാലിയേൽ ആയിരുന്ന അച്ചനിൽ നിന്നാണ് എന്നതിൽ അഭിമാനവും സന്തോഷവും ഉണ്ട്. അച്ചന്റെ ആത്മാവിന് സ്വർഗത്തിൽ സന്തോഷം അനുഭവിക്കാൻ ഇടയാകട്ടെ എന്ന് പ്രാർഥിക്കുന്നു. കുടുംബാംഗങ്ങളെയും പ്രാർഥനയിൽ ഓർക്കുന്നു.

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ