OVS - Latest NewsOVS-Pravasi News

പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്മാര്‍ സമ്മേളിക്കുന്നു.

ബെര്‍ലിന്‍ :  ജര്‍മ്മനിയില്‍ നടക്കുന്ന പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 17 -ാം തീയതി ബെര്‍ലിനിലേക്ക് പുറപ്പെടും. 18 -ന് ജര്‍മ്മന്‍ പ്രസിഡന്‍റ്  ഫ്രാങ്ക്വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയ്റെ (Frank-Walter Steinmeier) സന്ദര്‍ശിക്കും. 19 -ന് കോപ്റ്റിക് പാത്രിയര്‍ക്കീസ് പരിശുദ്ധ പോപ് തവദ്രോസ് (Pope Tawadros II), അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ അപ്രേം കരീം (Patriarch Ignatius Aphrem II), അര്‍മ്മീനിയന്‍ സുപ്രീം കാതോലിക്കാ – പാത്രീയര്‍ക്കീസ് പരിശുദ്ധ കരീക്കന്‍ ദ്വിതീയന്‍ (Catholicos Karekin II) എന്നിവരോടൊപ്പം മലങ്കര ഓര്‍ത്തഡോക്സ് പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ സഭാദ്ധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ സംബന്ധിക്കും. തുടര്‍ന്ന് പാര്‍ലമെന്‍റ് അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.

20 -ന് ജര്‍മ്മനിയിലെ ഇവാഞ്ജലിക്കല്‍ സഭകളുടെ ആഭിമുഖ്യത്തില്‍ “പൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളിലെ കൈസ്ത്രവ സഭകളുടെ ഭാവി” എന്ന അന്തര്‍ ദേശീയ സെമിനാറില്‍ “സ്വതന്ത്ര ഭാരതത്തിലെ മാര്‍ത്തോമ്മന്‍ ക്രൈസ്തവരുടെ സ്വത്വം” എന്ന വിഷയത്തെക്കുറിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തും. സഖറിയാ മാര്‍ നിക്കോളവോസ്, ഫാ. ഡോ. കെ.എം ജോര്‍ജ്, ഫാ. ഏബ്രഹാം തോമസ് എന്നിവര്‍ പ്രസംഗിക്കും. 21, 22 തീയതികളില്‍ ജര്‍മ്മന്‍ കാത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്സിന്‍റെ ആസ്ഥാനത്ത് നല്‍കുന്ന സ്വീകരണത്തിലും ഗോറ്റിന്‍ഗന്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കും.