ഭക്ഷണം എല്ലാവരുടെയും അവകാശം : പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം : ഭക്ഷണം എല്ലാവരുടെയും അവകാശമാണെന്നും, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ ഭരണകൂടത്തോടൊപ്പം കൈകോർത്തു പ്രവർത്തിക്കുവാൻ മതസാമൂഹ്യ പ്രസ്ഥാനങ്ങൾക്ക് ധാർമ്മിക ഉത്തരവാദിത്വം ഉണ്ടെന്നും നവാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.

ആർപ്പൂക്കര പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യസുരക്ഷാ കിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിക്ക് കൈമാറിക്കൊണ്ട് കാതോലിക്കാ ബാവാ തിരുമേനി നിർവ്വഹിച്ചു. ആഘോഷങ്ങളുടെ പേരിൽ ഭക്ഷണം പാഴാക്കി കളയുന്നത് ദു:ഖകരമാണെന്നു മാത്രമല്ല ഈശ്വര നിന്ദകൂടിയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. കാതോലിക്കാ സ്ഥാനാരോഹണത്തിനുശേഷമുള്ള ആദ്യദിനം നവജീവൻ അന്തേവാസികൾക്കൊപ്പം ഭക്ഷണം വിളമ്പിക്കൊടുത്തും, ഭക്ഷണം പങ്കിട്ടും പരിശുദ്ധ ബാവാ അവിസ്മരണീയമാക്കി. ഭക്ഷ്യമാലിന്യം, കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിക പ്രശ്നങ്ങൾക്കും കാരണമാണ്. ഭക്ഷ്യമാലിന്യം കുറയ്ക്കുവാനുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനത്തെ ഓരോ പൗരനും ഏറ്റെടുക്കണമെന്ന് പരിശുദ്ധ ബാവാതിരുമേനി ഓർമ്മിപ്പിച്ചു.

നവജീവൻ ട്രസ്റ്റി പി.യു. തോമസിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പ്രസ്താവിച്ചു.

പരിശുദ്ധ ബാവാ തിരുമേനിയുടെ സന്ദർശനം പ്രമാണിച്ച് നവജീവൻ ട്രസ്റ്റിന്റെ സ്ഥലത്ത് നടുവാനുള്ള ഒലിവ് തൈയും നവജീവൻ കുടുംബാംഗങ്ങൾക്കുളള സമ്മാനങ്ങളും പരിശുദ്ധ ബാവാ തിരുമേനി ട്രസ്റ്റി പി.യു. തോമസിനെ ഏൽപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമി, മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. വർഗീസ് പി. പുന്നൂസ് എന്നിവർ സംസാരിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in