OVS - Articles

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 5

നാലാം ഭാഗം തുടർച്ച ….

7. തറയില്‍ പണ്ഡിതരുടെ അടുത്ത വിശകലനം നസ്രാണി ദീപികയെ പറ്റിയാണ്. അതിലെ പൊള്ളത്തരം മനസിലാക്കണമെങ്കില്‍ നസ്രാണി ജാതി ഐക്യ സംഘത്തേപ്പറ്റി മനസിലാക്കണം. നസ്രാണി സമുദായത്തിലെ പുത്തന്‍കൂര്‍-പഴയകൂര്‍ വിഭാഗങ്ങളുടെ പൊതുവായ സാമൂഹിക ഉന്നമനത്തിനായി ഇരു കൂട്ടരുടേയും മത സംബന്ധമായ വിശ്വാസങ്ങള്‍ക്ക് യാതൊരു ഭംഗവും വരുത്താതെ അവരെ ഐക്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായും നിധീരിക്കല്‍ മാണി കത്തനാര്‍ എന്ന ധിഷണാശാലിയായ റോമാ സിറിയന്‍ പട്ടക്കാരനും ചേര്‍ന്ന് 1886-നടുത്ത് ആരംഭിച്ച പ്രസ്ഥാനമാണ് ജാതി ഐക്യ സംഘം. നസ്രാണി സമൂഹത്തിന്റെ പൊതുവായ ഉന്നമനത്തിനുവേണ്ടി. ഒരു വിദ്യാലയം കോട്ടയത്തു സ്ഥാപിക്കുക, എല്ലാ ക്രിസ്ത്യാനികള്‍ക്കുമായി ഒരു ആനുകാലികം പ്രസിദ്ധീകരിക്കുക എന്നിവയായിരുന്നു ആദ്യകാല ലക്ഷ്യങ്ങള്‍. ഇതിനായി മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും മാണിക്കത്തനാരും ചേര്‍ന്ന് ഇന്ന് കോട്ടയം എം.ഡി. സെമിനാരി കോമ്പൗണ്ട് എന്നറിയപ്പെടുന്ന വുഡ്‌ലാണ്ട്‌സ് തോപ്പ് വാങ്ങുവാന്‍ കരാറുറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മാണി കത്തനാര്‍ അവിടുത്തെ ബംഗ്ലാവില്‍ താമസമാക്കി.

എന്നാല്‍ ജാതി ഐക്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറാനും കോട്ടയത്തുനിന്നും താമസം മാറ്റുവാനും ലത്തീന്‍ മെത്രാന്റെ കല്പന ഉണ്ടായതിനെത്തുടര്‍ന്ന് മാണിക്കത്തനാര്‍ കുറവിലങ്ങാട്ടേയ്ക്കു താമസം മാറ്റി. അതോടെ ജാതി ഐക്യ സംഘം തകര്‍ന്നു. മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മാണിക്കത്തനാരുടെ വീതം തീറര്‍ത്ഥം കൂടി നല്‍കി വുഡ്‌ലാണ്ട്‌സ് തോപ്പ് സ്വന്തമാക്കി എം. ഡി. സെമിനാരി സ്‌കൂള്‍ സ്ഥാപിച്ചു. മാണിക്കത്തനാരാവട്ടെ, മാര്‍സെലിനാസ് മെത്രാന്റെ അനുവാദം വാങ്ങി 1887 ഏപ്രില്‍ 15-ന് നസ്രാണി ദീപികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു.

തറയില്‍ പണ്ഡിതരുടെ ഭാഷ്യമനുസരിച്ച് മലയാള അച്ചടി ഭാഷക്ക് ആദ്യമായി ജന്മം നല്‍കിയ കോട്ടയം സി. എം. എസ്. കോളജിന് സമീപമാണ് നസ്രാണി ദീപിക ആരംഭിച്ചത്. പണ്ഡിതരേ, കോട്ടയം കോളജ് റോഡിലുള്ള രാഷ്ട്ര ദീപികയുടെ ഇപ്പോഴത്തെ കേന്ദ്ര ഓഫീസിലല്ല, മാന്നാനം ആശ്രമത്തിലെ സെന്റ് ജോസഫ്‌സ് പ്രസിലാണ് നസ്രാണി ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത്. കേരളത്തില്‍ മലയാളം അച്ചടി ആരംഭിച്ചത് സി.എം.എസ്. കോളജിലല്ല; കോട്ടയം പഴയ സെമിനാരിയിലാണ്. 1927 ജനുവരിയിലാണ് ദീപിക എല്ലാ ദിവസവും പ്രസിദ്ധീകരിച്ചു തുടങ്ങിയത്്. 1887-ല്‍ പ്രതിമാസം ഒന്നുവീതം പ്രസിദ്ധീകരണം ആരംഭിച്ച നസ്രാണി ദീപിക എങ്ങിനെ അന്ന് മലയാളത്തിലെ ആദ്യ ദിനപ്പത്രമാകും?

8. കണ്ടത്തില്‍ വര്‍ഗീസു മാപ്പിളയേക്കുറിച്ചും അദ്ദേഹം സ്ഥാപിച്ച മലയാള മനോരമയേക്കുറിച്ചുമാണ് തറയില്‍ പണ്ഡിതര്‍ അബദ്ധപ്പഞ്ചാംഗങ്ങളുടെ കെട്ടഴിച്ചുവിടുന്നത്. കോട്ടയത്ത് യാക്കോബായ സഭയുടെ സ്‌കൂളില്‍ അദ്ധ്യാപകനായി വന്ന തിരുവല്ലാ സ്വദേശി കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള, നസ്രാണി ദീപിക കത്തോലിക്കര്‍ക്ക് ഉള്ളതുപോലെ നമുക്കും ഒരു പത്രം തുടങ്ങാം എന്നു പറയുകയും അതനുസരിച്ച് യാക്കോബായ സഭയുടെ സ്വത്തുക്കള്‍ വിട്ടു നല്‍കി മലയാള മനോരമ ആരംഭിച്ചു എന്നും അത് അധികം വിജയം കണ്ടില്ല എന്നുമാണ് പണ്ഡിതരുടെ കണ്ടുപിടുത്തം! ഇത്രയും എഴുതി പിടിപ്പിച്ചതിനിടയില്‍ അഞ്ചു യാക്കോബായ കയറിവന്നതും മലങ്കര മെത്രാപ്പോലീത്താ എന്നതിനു പകരം രണ്ടിടങ്ങളില്‍ യാക്കോബായ മെത്രാപ്പോലിത്ത എന്നു വിശേഷിപ്പിക്കുന്നതും കേവലം യാദൃശ്ചികമെന്നു കരുതാനാവില്ല.

അതു പോകട്ടെ, പഠനകാലത്തുതന്നെ സാഹിത്യാഭിരുചി പ്രകടിപ്പിച്ചിരുന്ന കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള കൊച്ചിയില്‍ 1881 ജനുവരിയില്‍ ദേവ്ജി ഭീംജി എന്ന ഗുജറാത്തി വ്യാപാരി ആരംഭിച്ച കേരളമിത്രം എന്ന വര്‍ത്തമാനപ്പത്രത്തിന്റെ പത്രാധിപരായി രണ്ടു വര്‍ഷം സേവനമനുഷ്ടിച്ചു. കൊച്ചിയില്‍ താമസിക്കുന്നതുമൂലം സ്വഭവനത്തിലുണ്ടായ അസൗകര്യങ്ങള്‍ കാരണം ആ ജോലി ഉപേഷിക്കുകയും തുടര്‍ന്ന് ചെങ്ങന്നൂര്‍ മുതല്‍പിടിയായി സര്‍ക്കാര്‍ ജോലി സ്വീകരിക്കുകയും ചെയ്തു.

തന്റെ അഭിരുചിക്കിണങ്ങുന്ന ഒരു ആനുകാലികം എന്ന സ്വപ്നവുമായി കഴിഞ്ഞിരുന്ന വര്‍ഗീസ് മാപ്പിളയെ സ്വകുടുംബം പിന്താങ്ങി. ഈ ആഗ്രഹസഫലീകരണത്തിനു പ്രാരംഭമായി ആണ് കോട്ടയം സി.എം.എസ് കോളജില്‍ അദ്ധ്യാപക ജോലി സ്വീകരിച്ചത്. (സി.എം.എസ് കോളജ് എങ്ങിനെയാണാവോ കോട്ടയത്ത് യാക്കോബായ സഭയുടെ സ്‌കൂള്‍ ആവുന്നത്?) ഈ ലക്ഷ്യത്തോടെ 1888-ല്‍ കേരളത്തില്‍ മലയാളികളുടെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനിയായ മലയാള മനോരമ കമ്പനി രജിസ്റ്റര്‍ ചെയ്തു. മറ്റനേകം നസ്രാണികളെപ്പോലെ മലങ്കര മെത്രാപ്പോലീത്തായും ഏതാനും ഷെയറുകള്‍ എടുത്ത് ഈ സംരംഭത്തെ പ്രോത്സാഹിപ്പിച്ചു. കൂടാതെ നിധീരിക്കല്‍ മാണിക്കത്തനാര്‍ താമസം മാറ്റിയതോടെ ഒഴിഞ്ഞു കിടന്ന എം.ഡി. തോപ്പിലെ ബംഗ്ലാവ് മനോരമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കുകയും ചെയ്തു. ഈ ബംഗ്ലാവ് ഇരുന്ന സ്ഥലത്ത് പ. പരുമല തിരുമേനി മാര്‍ ഏലിയാ പ്രവാചകന്റെ നാമത്തില്‍ സ്ഥാപിച്ച ചാപ്പലാണ് ഇന്നു മാര്‍ ഏലിയാ കത്തീഡ്രല്‍ ആയി വികസിച്ചത്.

നസ്രാണികളെക്കൂടാതെ മലയാള സാഹിത്യ രംഗത്തെ പ്രമുഖരും വര്‍ഗീസ് മാപ്പിളയുടെ ഈ ഉദ്യമത്തെ പ്രോല്‍സാഹിപ്പിച്ചു. മലയാള മനോരമ എന്ന പേര് നിര്‍ദ്ദേശിച്ചത് കേരളവര്‍മ്മ വലിയ കോയിത്തമ്പുരാണ്. തിരുവിതാംകൂറിന്റെ രാജകീയമുദ്ര ചെറിയ ഭേദഗതികളോടെ പേരിനൊപ്പം ഉപയോഗിക്കാന്‍ സമ്മാനിച്ചത് തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ്. കൂട്ടത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആപ്തവാക്യവും. ഇവരൊക്കെ നസ്രാണി ദീപികയെ തകര്‍ക്കാനുള്ള മലങ്കരസഭയുടെ പള്ളിപ്പത്രം എന്ന നിലയിലാണോ മലയാള മനോരമയെ പ്രോത്സാഹിപ്പിച്ചത്?

1890 മാര്‍ച്ച് 22-ന് മലയാള മനോരമയുടെ ആദ്യലക്കം പ്രസിദ്ധീകരിച്ചു. വൃത്താന്തപ്പത്രത്തിന്റെ സാര്‍വജനീനതയെക്കുറിച്ച് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയ്ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. എല്ലാ ജനങ്ങള്‍ക്കും വേണ്ടി എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനു മലയാള മനോരമയെക്കുറിച്ച് ഉണ്ടായിരുന്നത്. ഉദാഹരണത്തിന് ശ്രീനാരായണഗുരുവിന് അക്കാലത്ത് ഏറ്റവുമധികം പിന്തുണ നല്‍കിയത് മലയാള മനോരമ ആയിരുന്നു എന്ന് ജി. പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

മലയാള മനോരമയും നസ്രാണി ദീപികയും തമ്മില്‍ കെട്ടിലും മട്ടിലും ഏറെ വൈജാത്യങ്ങള്‍ ഉണ്ടായിരുന്നു. നസ്രാണി ദീപിക പ്രതിമാസ പ്രസിദ്ധീകരണമായിരുന്നെങ്കില്‍ മലയാള മനോരമ ആരംഭിച്ചതുതന്നെ പ്രതിവാര പത്രമായിട്ടാണ്. നസ്രാണി ദീപികയുടെ വായനക്കാര്‍ സുറിയാനി കത്തോലിക്കരില്‍ ഒതുങ്ങി നിന്നെങ്കില്‍ മനോരമയുടെ വരിക്കാര്‍ നാനാജാതി മതസ്ഥരായി സര്‍വതുറയിലും പെട്ടവരായിരുന്നു. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയെ മലയാള മനോരമ ആരംഭിക്കാന്‍ സര്‍വാത്മനാ പ്രോല്‍സാഹിപ്പിച്ചവരില്‍ ഒരാളും ഒന്നാം വാര്‍ഷിക ആഘോഷങ്ങളിലെ മുഖ്യാതിഥികളിലൊരാളും സാക്ഷാല്‍ നിധീരിക്കല്‍ മാണിക്കത്തനാരായിരുന്നു. അന്നദ്ദേഹം നടത്തിയ പ്രസംഗം ഇന്നും പ്രസക്തമാണ്.

മലയാള മനോരമ ആരംഭിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ 1892 ജനുവരി മുതല്‍ മലങ്കര സഭയുടെ ഔദ്യോഗിക ആനുകാലികമായി മലങ്കര ഇടവക പത്രിക പ്രതിമാസ പ്രസിദ്ധീകരണമായി പ്രസാധനം ആരംഭിച്ചു. മലയാള മനോരമ സഭയ്ക്കുവേണ്ടിയുള്ള ആനുകാലികം ആണെങ്കില്‍ 1911 വരെ നിലനിന്ന മലങ്കര ഇടവക പത്രിക എന്തിനാരംഭിക്കണം?

9. തറയില്‍ പണ്ഡിതരുടെ അടുത്ത ആക്രമണം കെ. സി. മാമ്മന്‍ മാപ്പിളയുടെ നേരെയാണ്. വര്‍ഗീസ് മാപ്പിളയുടെ കാലശേഷം മനോരമയുടെ സാരഥ്യം ഏറ്റെടുത്ത അദ്ദേഹം മനോരമ കൈയ്യേറിയ സഭവക വസ്തു തിരികെ നല്‍കണമെന്ന് യാക്കോബായ സഭാ മെത്രാപ്പോലീത്തായും സഭാ ഭരണ സമിതിയും ആവശ്യപ്പെട്ടത് ഒഴിവാക്കാനാണത്രെ മാമ്മന്‍ മാപ്പിള സഭയെ പിളര്‍ത്തിയത്! ഒരു കാര്യം മനസിലാക്കുക. അന്നും ഇന്നും എം.ഡി. സെമിനാരി പുരയിടം മലങ്കര മെത്രാപ്പോലീത്തന്‍ ട്രസ്റ്റാണ്. കൂട്ടു ട്രസ്റ്റികള്‍ക്കോ മാനേജിംഗ് കമ്മറ്റിക്കോ അതില്‍ യാതൊരു അധികാരവുമില്ല.

സര്‍ക്കാര്‍ കെ.കെ. റോഡില്‍നിന്നും ഈരയില്‍ കടവിലേയ്ക്ക് ഒരു റോഡു വെട്ടിയതോടെ എം.ഡി. പുരയിടം രണ്ടായി മുറിഞ്ഞു. അതില്‍ ചെറിയ ഭാഗത്ത് ഒരേക്കറോളം സ്ഥലത്താണ് വര്‍ഗീസ് മാപ്പിള, മലയാള മനോരമയുടെ കെട്ടിടങ്ങള്‍ പണിതത്. കോട്ടയത്ത് സ്ഥലത്തിന് പുല്ലുവിലയുണ്ടായിരുന്ന അക്കാലത്ത് പ്രതിവര്‍ഷം 24 രൂപ പ്രകാരമായിരുന്നു പാട്ടം (തറവാടക) ആയി നല്‍കിയിരുന്നത്. ഈ ഏര്‍പ്പാട് അവസാനിപ്പിക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. മലയാള മനോരമയുടെ ഉയര്‍ത്തെഴുനേല്‍പ്പിനു ശേഷം മലങ്കര സഭ ആവശ്യപ്പെട്ട വില നല്‍കി മലയാള മനോരമ ഈ വസ്തു വാങ്ങുകയും ചെയ്തു.

10. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്, പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാപ്പോലീത്തായെ മുടക്കിയത് 1911-ല്‍ ആണ്. മലങ്കരസഭയുടെ സ്വത്തും സ്വാതന്ത്ര്യവും തനിക്ക് രേഖാമൂലം അടിയറവയ്ക്കണമെന്ന പാത്രിയര്‍ക്കീസിന്റെ ആവശ്യം മലങ്കര മെത്രാപ്പോലീത്താ നിരസിച്ചതിന് പ്രതികാരം മാത്രമായിരുന്നു നിയമവിരുദ്ധമായ ഈ നടപടി. ഇത് ജാത്യാഭിമാനികളും ആത്മാഭിമാനികളുമായ നസ്രാണികളെ ചൊടിപ്പിച്ചു. അവര്‍ മാര്‍ ദീവന്നാസ്യോസിന്റെ പിന്നില്‍ അണിനിരന്നു. അപ്രകാരം പിന്തുണച്ച പ്രഗത്ഭരും വിദ്യാസമ്പന്നരുമായ ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍, കന്നുകുഴിയില്‍ കുരുവിള എന്‍ജിനിയര്‍, മഴുവഞ്ചേരി പറമ്പത്ത് ചാക്കോ സൂപ്രണ്ട്, പ്രിന്‍സിപ്പാള്‍ ഏ. എം. വര്‍ക്കി, റാവുസാഹിബ് ഒ. എം. ചെറിയാന്‍ മുതലായ അവൈദീക പ്രമുഖരുടെ നീണ്ട നിരയില്‍ ഒരാളായിരുന്നു പത്രാധിപര്‍ കെ. സി. മാമ്മന്‍ മാപ്പിള. അദ്ദേഹമാകട്ടെ, എം. ഡി. സ്‌കൂള്‍ വിഷയത്തില്‍ വര്‍ഷങ്ങളായി മാര്‍ ദീവന്നാസ്യോസ് ആറാമനുമായി കടുത്ത നീരസത്തിലുമായിരുന്നു. സമൂഹത്തില്‍ ആദരണീയ സ്ഥാനവും സാമ്പത്തിക നിലയും ഉണ്ടായിരുന്ന ഇവരൊക്കെ മലങ്കരസഭയുടെ സ്വത്ത് തട്ടിയെടുക്കാനാണ് പ. വട്ടശ്ശേരില്‍ തിരുമേനിയെ പിന്തുണച്ചതെന്ന് ചിന്തിക്കുന്നത് തികഞ്ഞ മൗഡ്യമാണ്.
(തുടരും)

ഡോ. എം. കുര്യന്‍ തോമസ്

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 6

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 1