OVS - Articles

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 6

അഞ്ചാം ഭാഗം തുടർച്ച …

11. 1912 മുതല്‍ തിരുവിതാംകൂറിലേയും കൊച്ചിയിലേയും കോടതികള്‍ കയറിയിറങ്ങി കേസു കൊടുത്തത് ആരാണെന്ന് അറിയാന്‍ മലങ്കര സഭയിലെ കേസുകളുടെ ചരിത്രം തറയില്‍ പണ്ഡിതര്‍ ഒന്നു പഠിക്കുന്നത് നല്ലതാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബാവാ കക്ഷി മാത്രം. പ. വട്ടശ്ശേരില്‍ തിരുമേനിയോ സഹയാത്രികരോ ഒരു അന്യായം പോലും ബോധിപ്പിച്ചില്ല.

ഏതായാലും ഇതിന്റെയല്ലാം അന്തിമഫലമായി മാര്‍ ദീവന്നാസ്യോസ് ആറാമന്‍ നിയമാനുസൃത മലങ്കര മെത്രാന്‍ ആണെന്നും, പാത്രിയര്‍ക്കീസിന്റെ മുടക്ക് അസാധുവാണന്നും, 1912-ലെ കാതോലിക്കാ വാഴ്ച നിയമാനുസൃതമാണന്നും തിരുവിതാംകൂറിലേയും കൊച്ചിയിലേയും അത്യുന്നത നീതിന്യായ കോടതികള്‍ വിധി പ്രഖ്യാപിച്ചു. മാര്‍ ദീവന്നാസ്യോസ് ആറാമന്‍ മലങ്കര മെത്രാന്‍ ആയി തുടര്‍ന്നു. മലങ്കരസഭ പിളരുകയോ, വിഭാഗം ഉണ്ടാവുകയോ ചെയ്തില്ല.

യഥാര്‍ത്ഥത്തില്‍ 1911-ലോ അതിനു ശേഷമോ ഉള്ള സംഘര്‍ഷ കാലത്തുപോലും ഇരുവിഭാഗവും മലങ്കര സഭയെ പിളര്‍ത്തണം എന്നു സ്വപ്നത്തില്‍പോലും ചിന്തിച്ചിരുന്നില്ല. ആരാണ് യഥാര്‍ത്ഥ അധികാരി? ഏതു മാനദണ്ഡമനുസരിച്ച് സഭ ഭരിക്കപ്പെടണം? ഇതു മാത്രമായിരുന്നു തര്‍ക്കവിഷയം. ഇരു കക്ഷികളും തങ്ങളുടെ ഭരണ സംവിധാനം മുഴുവന്‍ സഭയ്ക്കും അംഗീകൃതമാകുവാന്‍ ആണ് പരിശ്രമിച്ചത്. വിവിധ കാലങ്ങളില്‍ ആരംഭിച്ച വ്യവഹാരങ്ങളില്‍ ഒന്നില്‍പ്പോലും പിളര്‍പ്പ് ഒരു വിഷയമായിരുന്നില്ല. ആരും അത് ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. വട്ടിപ്പണക്കേസ് (1923), ഒന്നാം സമുദായക്കേസ് (1958), രണ്ടാം സമുദായക്കേസ് (1995) ഇവയും ഇവയുടെ അനുബന്ധ വ്യവഹാരങ്ങളും ഈ അടിസ്ഥാനത്തിലാണ് വാദിക്കപ്പെട്ടതും വിധി ഉണ്ടായതും.

2002-ല്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പരുമലയില്‍ നടന്ന അസോസിയേഷനില്‍ തങ്ങള്‍ക്ക് വിജയിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതിന്റെ ശേഷമാണ് പഴയ ബാവാ കക്ഷി എന്ന പാത്രിയര്‍ക്കീസ് വിഭാഗം പിളര്‍പ്പ് ഉയര്‍ത്തുന്നതും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ സ്ഥാപിക്കുന്നതും. എന്നാല്‍ 2017-ലെ കോലഞ്ചേരി പള്ളിക്കേസ് എന്ന മൂന്നാം സമുദായക്കേസിലും അനുബന്ധ കേസുകളിലും ഇന്ത്യന്‍ സുപ്രീംകോടതി ഈ വാദം പൊളിച്ചടുക്കി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന 2002-ലെ പുത്തന്‍കുരിശ് സൊസൈറ്റിക്ക് നിയമസാധുത ഇല്ലന്നും ഒരു സഭ, ഒരു നിയമം, ഒരു ഭരണക്രമം എന്ന സംവിധാനം മാത്രമാണ് മലങ്കരയില്‍ നിലനില്‍ക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നൂറിലധികം വര്‍ഷത്തിനിടയില്‍ തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലേയും ഇന്ത്യാ മഹാരാജ്യത്തിലേയും അത്യുന്നത നീതിന്യായപീഠങ്ങളിലെ അനേകം ജഡ്ജിമാര്‍ മലങ്കരസഭാ തര്‍ക്കത്തില്‍ വിധി പ്രഖ്യാപിച്ചിട്ടുണ്ട്. അവരെ മുഴുവന്‍ മലങ്കര സഭ വിലയ്ക്കു വാങ്ങിയതാണന്നു പറഞ്ഞാല്‍ അത് ബ്രിട്ടീഷ് കാലത്തും അതിനു ശേഷവുമുള്ള ഇന്ത്യന്‍ ജുഡീഷ്യറിയെ കൊഞ്ഞനം കുത്തുന്ന നടപടിയാണ്.

12. മലങ്കര സഭയെ ഇകഴ്ത്താന്‍ തറയില്‍ പണ്ഡിതര്‍ വീണ്ടും ദീപികയേയും മാണിക്കത്തനാരേയും കൂട്ടുപിടിയ്ക്കുന്നുണ്ട്. നസ്രാണി ദീപികയെ തകര്‍ത്തു തന്റെ പത്രം ഒന്നാമത് എത്തിക്കുവാന്‍ ആണത്രെ മാമ്മന്‍ മാപ്പിള സഭയെ പിളര്‍ത്തിയത്! മുകളില്‍ സൂചിപ്പിച്ചതുപോലെ വ്യത്യസ്ഥമായ രണ്ടു തലങ്ങളില്‍ സഞ്ചരിച്ചിരുന്ന നസ്രാണി ദീപികയും മലയാള മനോരമയും തമ്മിലൊരു മത്സരത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. അതു സാദ്ധ്യമല്ലായിരുന്നുതാനും. 1926-27-ല്‍ മാത്രം പ്രതിദിനപ്പത്രങ്ങളായ ദീപികയ്‌ക്കെതിരെ പണ്ഡിതര്‍ അവകാശപ്പെടുന്നതുപോലെ മലയാള മനോരമയ്ക്ക് അക്കാലത്ത് എല്ലാ ദിവസവും നസ്രാണി ദീപിക പത്രത്തിലെ വാര്‍ത്തകള്‍ക്ക് എതിരെ എങ്ങിനെ എഴുതാനാവും?

യാക്കോബായ സഭയെ പിളര്‍ത്തി പുതിയൊരു സഭ ഉണ്ടാക്കാന്‍ കോട്ടയത്തെ മനോരമ പത്രക്കാര്‍ ശ്രമിക്കുന്നുണ്ട് എന്ന് 1904-ല്‍ അന്തരിച്ച മാണിക്കത്തനാര്‍ 1902 ഫെബ്രുവരിയില്‍ നസ്രാണി ദീപികയില്‍ എഴുതി എന്നു പണ്ഡിതര്‍ അവകാശപ്പെടുന്നു. ഈ ലേഖനം പ്രസിദ്ധീകരിച്ച ദീപികയുടെ ഒരു കോപ്പി കാണിക്കുകയാണങ്കില്‍ മാത്രം അവിശ്വസനീയമായ ഈ പ്രസ്താവനയ്ക്കു മറുപടി പറയാം.

(തുടരും)..

ഡോ. എം. കുര്യന്‍ തോമസ്

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 7

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 1