OVS - Articles

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 8

ഏഴാം ഭാഗം തുടർച്ച …

21. റോമന്‍ കത്തോലിക്ക സഭയും യാക്കോബായ സഭയും പണിതിരിക്കുന്നത് പത്രോസിന്റെ പാറമേലാണെന്നാണ് തറയില്‍ പണ്ഡിതരുടെ വാദം. വിശ്വാസമാകുന്ന പാറമേല്‍ സഭ പണിയപ്പെട്ടിരിക്കുന്നു എന്നാണ് പുരാതന വിശ്വാസം.

22. ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തുന്ന ആരെയും അപമാനിച്ചു വിടാറില്ല. പ്രത്യേകിച്ച് വിശിഷ്ടാതിഥികളെ. അവിടെയെത്തിയ മാര്‍ റാഫേല്‍ തട്ടിലിനു എന്തപമാനമാണ് നേരിട്ടതെന്ന് അദ്ദേഹം പറയട്ടെ.

23. തറയില്‍ പണ്ഡിതര്‍ സൂചിപ്പിക്കുന്ന മാര്‍ത്തോമ്മന്‍ പൈതൃക സെമിനാര്‍ ഏതാനും വര്‍ഷം മുമ്പ് നടന്നത് കോട്ടയം ചെറിയപള്ളിയില്‍ അല്ല; കോട്ടയം കുരിശുപള്ളിയിലാണ്. മാര്‍ ജോസഫ് പെരുന്തോട്ടമായിരുന്നു മുഖ്യാതിഥി. അദ്ദേഹത്തെ കൂടാതെ ഈ ലേഖകന്‍, പ്രൊഫ. മാമ്മന്‍ ജോര്‍ജ്ജ് സുകു എന്നിവര്‍ മാത്രമാണ് അന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതെന്നുകൂടി സന്ദര്‍ഭവശാല്‍ സൂചിപ്പിച്ചുകൊള്ളട്ടെ.

24. യാക്കോബായ സഭയുടെ ആചാരവും വേഷവും നാമങ്ങളും മലങ്കര സഭ മോഷ്ടിച്ചെടുത്തു എന്നു തറയില്‍ പണ്ഡിതര്‍ ആരോപിക്കുന്നു. 1769, 1809 എന്നീ വര്‍ഷങ്ങളില്‍ നടന്ന മലങ്കര പള്ളിയോഗങ്ങളാണ് പാശ്ചാത്യ സുറിയാനി സഭയുടെ ആരാധനാക്രമവും വേഷവും സ്വീകരിക്കുവാന്‍ ഔദ്യോഗികമായി തീരുമാനിച്ചത്. പൗരോഹിത്യ വേഷങ്ങള്‍ ഒരു സഭയുടേയും കുത്തകയല്ല. പുരാതനസഭകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ധാരാളം കൊള്ളലുകളും കൊടുക്കലുകളും നടന്നിട്ടുണ്ട്.

ആചാരവും വേഷവും മോഷ്ടിച്ചത് മലങ്കര സഭയല്ല, മറിച്ച് റോമന്‍ കത്തോലിക്കാ സഭയിലെ പൗരസ്ത്യ റീത്തുകള്‍ എന്ന വരത്ത വിഭാഗങ്ങളാണ് എന്നുകൂടി ഓര്‍മ്മപ്പെടുത്തട്ടെ.

25. 1889-ലെ തിരുവിതാംകൂര്‍ റോയല്‍ കോടതി വിധിപ്രകാരം വ്യവസ്ഥാപിതമായി സ്ഥാനാരോഹണം ചെയ്ത മലങ്കര മെത്രാപ്പോലീത്താ ഭരിക്കേണ്ട പള്ളികളും സെമിനാരികളുമാണ് ഇന്നും അദ്ദേഹം ഭരിക്കുന്നത്. ഈ വിധി 2017 വരെ പല പ്രാവശ്യം ഇന്ത്യന്‍ സുപ്രീം കോടതി ശരിവെച്ചിട്ടുണ്ട്. നിയമാനുസൃത മലങ്കര മെത്രാപ്പോലീത്താ ആരെന്നും വ്യക്തമായ നിശ്ചയം ഉണ്ട്. മറ്റാരുടേയും പള്ളികളിലോ സ്ഥാപനങ്ങളിലോ മലങ്കരസഭ അവകാശവാദം ഉന്നയിക്കുന്നില്ല.

അതേസമയം 1975-നു ശേഷം വിഘടിത വിഭാഗം പിടിച്ചെടുത്ത് കൈവശം വെച്ചിരിക്കുന്ന പള്ളികളും സ്ഥാപനങ്ങളും തികച്ചും നിയമവിധേയമായ മാര്‍ഗ്ഗത്തിലൂടെ മലങ്കരസഭ വ്യവസ്ഥാപിത ഭരണസംവിധാനത്തിനു കീഴിലാക്കുന്നുണ്ട്. അതിനിയും തുടരുകയും ചെയ്യും.

ഒരു സംശയം തറയില്‍ പണ്ഡിതരേ? കഴിഞ്ഞ ഏതാനും മാസങ്ങളില്‍ എറണാകുളം അതിരൂപതയില്‍ അരങ്ങേറിയ തികച്ചും ദൗര്‍ഭാഗ്യകരമായ പള്ളിപൂട്ടിക്കല്‍, കുര്‍ബാനയെ അപമാനിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ അവര്‍ പഠിച്ചത് മലങ്കര സഭയിലെ വിഘടിത വിഭാഗത്തില്‍നിന്നാണോ? കാരണം 1975 മുതല്‍ അങ്ങ് പാടിപ്പുകഴ്ത്തുന്ന അവര്‍ ഈ കലകളില്‍ അഗ്രഗണ്യരാണ്. മലങ്കര സഭ അത്തരം വൃത്തികേടുകളൊന്നും കാണിച്ചിട്ടില്ല; ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല.

26. തറയില്‍ പണ്ഡിതരുടെ കായിതം മുഴുവന്‍ ഊന്നല്‍ നല്‍കുന്നത് റോമാ പാപ്പ, പത്രോസ് ശ്ലീഹായുടെ പിന്‍ഗാമി ആണെന്ന വാദത്തോടൊപ്പം അന്ത്യോഖ്യാ പാത്രിയര്‍ക്കീസും അതേ പിന്തുടര്‍ച്ച അവകാശപ്പെടുന്നതും കൂട്ടിക്കെട്ടി അന്ത്യോഖ്യയിലെ സുറിയാനി പാത്രിയര്‍ക്കീസിനു വിധേയപ്പെടുന്നു എന്നു നടിക്കുന്ന നിലവിലില്ലാത്ത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പ്രസ്ഥാനത്തെ പുകഴ്ത്തുകയും മാര്‍ത്തോമ്മന്‍ പൈതൃകം അവകാശപ്പെടുന്ന മലങ്കര സഭയെ ഇകഴ്ത്തുകയും ചെയ്യുക എന്നതാണ്.

ഈ അധിനിവേശ-അടിമത്വ മനോഭാവത്തെയാണ് 16-ാം നൂറ്റാണ്ടില്‍ ശെമവോന്‍ കീപ്പായുടെ മാര്‍ഗ്ഗം എന്നു ജാത്യാഭിമാനികളായ നസ്രാണികള്‍ വിശേഷിപ്പിച്ചത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 1970-കളുടെ അവസാനത്തില്‍ ഇറക്കിയ ...ഈ സായിപ്പ് പോയിട്ട് മുപ്പതു വര്‍ഷത്തില്‍ ഏറെക്കഴിഞ്ഞല്ലോ… എന്നാരംഭിക്കുന്ന ഒരു പാട്ടുണ്ട്. അതില്‍ പറയുന്നതുപോലെ 4-5 നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അടിമസ്ഥാനം ആഘോഷമായി കൊണ്ടു നടക്കുന്നവരോട് അന്ന് ജാത്യ-ദേശാഭിമാനികളായ നസ്രാണികള്‍ പ്രകടിപ്പിച്ച അതേ ദേശീയ-പൈതൃക സ്വത്വ സംജ്ഞയായി മാത്രമേ നസ്രാണികള്‍ക്ക് പറയാനുള്ളു. ഞങ്ങളുടേത് തികച്ചും ദേശീയമായ മാര്‍ത്തോമ്മായുടെ വഴിപാടും മാര്‍ഗ്ഗവുമാണ്. അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.

(തുടരും)

ഡോ. എം. കുര്യന്‍ തോമസ്

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 9

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 1