OVS - Latest NewsOVS-Kerala News

ഫാ. മത്തായി നൂറനാല്‍ നാടിന്‍റെ പുരോഗതിക്കും നിലകൊണ്ടു: മുഖ്യമന്ത്രി

വയനാട് : പൗരോഹിത്യ ജീവിതത്തിനൊപ്പം നാടിന്റെ പുരോഗതിക്കും വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു ഫാ. മത്തായി നൂറനാലിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി നടന്ന ഇടവക കുടുംബസമ്മേളനം ഉദ്ഘാടനവും ഫാ. മത്തായി നൂറനാല്‍ സ്മാരക അവാര്‍ഡ് വിതരണവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുടിയിറക്കിനെതിരെയുള്ള പോരാട്ടത്തില്‍ പാവങ്ങളുടെ പടത്തലവന്‍ എകെജിക്കൊപ്പം കൈകോര്‍ത്ത ഫാ. മത്തായി നൂറനാല്‍ വയനാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കും സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കായും ചെയ്ത പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സഹകാരി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിലൂടെ മികച്ച ഭരണനിപുണതയും സംഘാടകമികവുമാണ് കാഴ്ചവച്ചത്. സ്വന്തം വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ സമൂഹത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങളില്‍ ഇടപെടാനും ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനും കഴിഞ്ഞു. കമ്യൂണിസ്റ്റ്കാരെ കുറിച്ച് വിശ്വാസികള്‍ക്കിടയില്‍ പ്രചരിച്ച തെറ്റിദ്ധാരണകളെ ഇല്ലാതാക്കാന്‍ വഹിച്ച പങ്കും ശ്രദ്ധേമായി. സഹകരണ മേഖല വെല്ലുവിളികള്‍ നേരിടുന്ന അവസരത്തില്‍ ഫാ. മത്തായി നൂറനാല്‍ സഹകരണമേഖലയ്ക്കായി ചെയ്ത സേവനങ്ങള്‍ പ്രത്യേകം സ്മരിക്കപ്പെടുമെന്നും പിണറായി പറഞ്ഞു.
സുല്‍ത്താന്‍  ബത്തേരി ഭദ്രാസന  മെത്രാപ്പോലീത്ത  ഡോ. എബ്രഹാം മാര്‍ എപ്പിഫാനിയോസ് അധ്യക്ഷനായി. ഫാ. മത്തായി നൂറനാല്‍ അവാര്‍ഡ് ടി ജെ ജോഷ്വായ്ക്ക് വേണ്ടി മെത്രാപോലീത്ത ഡോ. എബ്രഹാം മാര്‍ എപ്പിഫാനിയോസ് മുഖ്യമന്ത്രിയില്‍നിന്നും ഏറ്റുവാങ്ങി. ഭവനസഹായപദ്ധതി താക്കോല്‍ദാനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും വിവാഹ ധനസഹായ വിതരണം സി കെ ശശീന്ദ്രന്‍ എംഎല്‍എയും ചികിത്സാസഹായ വിതരണം നഗരസഭ ചെയര്‍മാന്‍ സി കെ സഹദേവനും നിര്‍വഹിച്ചു. ഫാ. ടി എം കുര്യാക്കോസ് തോലായില്‍ സ്വാഗതവും മാണി മാളിയേക്കല്‍ നന്ദിയും പറഞ്ഞു.

മത്തായി  നൂറനാല്‍ അച്ഛന്‍

  

(വിശ്വാസ സംരക്ഷകനായ നൂറനാല്‍ അച്ഛന്‍റെ പ്രവര്‍ത്തനം സഭയ്ക്കും സമൂഹത്തിനും വിലമതിക്കാനാവാത്തതാണ്.മുന്‍ സഭാ  വൈദീക ട്രസ്റ്റിയായിരുന്നു)