പാമ്പാടി പെരുന്നാൾ: പ്രദക്ഷിണത്തിന് വിശ്വാസി സഹസ്രങ്ങൾ
പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണത്തിൽ വിശ്വാസി സഹസ്രങ്ങൾ പങ്കെടുത്തു. പാമ്പാടി തിരുമേനിയുടെ മാതൃദേവാലയമായ സെന്റ് ജോൺസ് കത്തീഡ്രലിൽ നിന്നു ദയറയിലേക്കായിരുന്നു പ്രദക്ഷിണം. കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നുള്ള തീർഥാടക സംഘങ്ങൾക്കു പുറമേ ഇടുക്കി, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള തീർഥാടക സംഘങ്ങളും പങ്കെടുക്കാനെത്തി.
സെന്റ് ജോൺസ് കത്തീഡ്രലിൽ സന്ധ്യാനമസ്കാരത്തെ തുടർന്നാണ് പ്രദക്ഷിണം ആരംഭിച്ചത്. വൈദികരുടെ നേതൃത്വത്തിലുള്ള ഗായക സംഘത്തിനു പിന്നിലായി വിശ്വാസികൾ നിരന്നു. 54ാം ഓർമപ്പെരുന്നാളിനെ അനുസ്മരിച്ചു 54 കൊടികളുമായി കൺവീനർമാർ, സൺഡേ സ്കൂൾ അധ്യാപകർ എന്നിവർ രണ്ടു നിരകളിലായി നീങ്ങി. 54 മരക്കുരിശുകൾ തീർഥാടകർ ചുമന്നു.
ശുശ്രൂഷകർക്കു പിന്നാലെ അംശവസ്ത്രമണിഞ്ഞ വൈദികർ റാസയെ ആശീർവദിച്ചു നീങ്ങി. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഛായാചിത്രം വഹിച്ച രഥം പ്രദക്ഷിണത്തിനു മിഴിവേകി. നൂറുകണക്കിനു മുത്തുക്കുടകളുമായി പ്രാർഥനാപൂർവം നീങ്ങിയ വിശ്വാസി സമൂഹത്തിനു നാട് ജാതിമതഭേദമന്യേ സ്വീകരണം നൽകി. വീടുകളുടെയും കടകളുടെയും മുന്നിൽ പരിശുദ്ധ തിരുമേനിയുടെ ഛായാചിത്രങ്ങൾക്കു മുന്നിൽ നിലവിളക്കുകളും മെഴുകുതിരികളും തെളിച്ചുവച്ചു. ദീപാലങ്കാരങ്ങളും പ്രദക്ഷിണ വീഥികളിൽ ക്രമീകരിച്ചിരുന്നു.
ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്,മാത്യൂസ് മാർ തേവോദോസിയോസ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ജനറൽ കൺവീനർ ഫാ.ഡോ.വർഗീസ് വർഗീസ്, ജോയിന്റ് കൺവീനർ ജേക്കബ് കുര്യൻ കിളിമല എന്നിവർ പ്രദക്ഷിണം നയിച്ചു. കത്തീഡ്രലിൽ നടന്ന പ്രാർഥനയിൽ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ പങ്കെടുത്തു. പ്രദക്ഷിണം പള്ളിയിലെത്തിയതിനു ശേഷം കബറുങ്കൽ ധൂപപ്രാർഥന നടത്തി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിച്ചു. ഡോ.മാത്യൂസ് മാർ തിമോത്തിയോസ് പാമ്പാടി തിരുമേനി അനുസ്മരണ പ്രഭാഷണം നടത്തി. കബറുങ്കൽ അഖണ്ഡപ്രാർഥന നടന്നു. പെരുന്നാൾ ആചരണം ഇന്നു സമാപിക്കും.