OVS - ArticlesOVS - Latest NewsOVS-Exclusive News

വളര്‍ന്നപ്പോള്‍ തളര്‍ന്നത് കാര്യക്ഷമത

കാരണങ്ങളെപ്പറ്റി തികച്ചും വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പരക്കെ സമ്മതിക്കുന്ന ഒരു വസ്തുതയുണ്ട്. മലങ്കര സഭയുടെ ഇന്നത്തെ ഭരണസംവിധാനം – ആത്മീയവും ലൗകീകവും – കാര്യക്ഷമമല്ല. തികഞ്ഞ പരാജയമാണന്നു വാദിക്കുന്നവരും കുറവല്ല. ഇതിനു ഹേതുവായി പല വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, അവയോരോന്നിനേയും പിന്തുണയ്ക്കുന്ന വാദമുഖങ്ങള്‍ നിരത്തുവെങ്കിലും ഈ അപചയത്തിന്‍റെ പിമ്പിലെ യഥാര്‍ത്ഥ വസ്തുതകളെ സമഗ്രമായ അപഗ്രഥനത്തിന് ഇതഃപര്യന്തം വിധേയമാക്കിയിട്ടില്ല. 

ചരിത്രപരമായ പശ്ചാത്തലത്തില്‍ വേണം ഇത്തരമൊരു പരിശോധന നടത്തുവാന്‍. അതിന് ഭരണസംവിധാനത്തിന്‍റെ ഘടന (Organizational structure), ഭരണനിര്‍വാഹകരുടെ നിലവാരം ഇവ പഠനവിധേയമാക്കണം. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തുവാനും അവയ്ക്ക് ശാശ്വത പരിഹാരം നിര്‍ദ്ദേശിച്ചു നടപ്പിലാക്കാനും സാധിക്കൂ. ഇപ്പോഴുയരുന്ന ആരോപണങ്ങളും അവയ്ക്കു നിര്‍ദ്ദേശിക്കുന്ന പ്രതിവിധികളും ലക്ഷണാധിഷ്ഠിത (Symptamatic) ചികില്‍സയാണ്. യഥാര്‍ത്ഥത്തില്‍ വേണ്ടത് ഹേതുബന്ധിത ചികില്‍സയും (Cause oriented treatment). ഇതിന് മലങ്കരയിലെ ഭരണസംവിധാനത്തിന്‍റെ വികസന ചരിത്രം മനസിലാക്കേണ്ടിയിരിക്കുന്നു.

കൊളോണിയല്‍പൂര്‍വ കാലം കൊളോണിയല്‍പൂര്‍വ കാലത്ത് നസ്രാണിക്കെന്നല്ല, കേരളത്തില്‍ എല്ലാവര്‍ക്കും മതം എന്നത് അന്യമായ ഒരു സങ്കല്‍പ്പമായിരുന്നു. ജാതിയും ജാതിഘടനയുമായിരുന്നു സാമൂഹിക സംവിധാനത്തിന്‍റെ ആണിക്കല്ല്. അതുകൊണ്ട് സഭ എന്നൊരു സങ്കല്‍പ്പവും നസ്രാണിക്ക് ഉണ്ടായിരുന്നില്ല. നമ്പൂതിരി ഗ്രാമവ്യസ്ഥയുടെ മാതൃകയില്‍ രൂപംകൊണ്ട ജനാധിപത്യ വ്യവസ്ഥയായ പള്ളിയോഗങ്ങളാണ് ഇടവകപ്പള്ളികളുടെ ഭരണം നടത്തിയിരുന്നത്. അതിനുപരി, ജാതിക്കു കത്തനാരായ അര്‍ക്കദ്‌യക്കോനും പേര്‍ഷ്യന്‍ മെത്രാനും പട്ടത്വം, വൈദീക വിദ്യാഭ്യാസം, പരാതികളും വിധികളും എന്നതിലുപരി, പൊതുസ്വത്തായി ഭരിക്കാന്‍ ഒന്നുമില്ലായിരുന്നു എന്നതാണ് വാസ്തവം. ഇടവകപ്പള്ളികളും അവയുടെ സ്വത്തുക്കളും അതത് പള്ളിയോഗത്തിന്‍റെ നിയന്ത്രണത്തലായിരുന്നു.

ഇത് നസ്രാണിയുടെ ദാരിദ്ര്യത്തില്‍നിന്നുണ്ടായ പ്രതിഭാസമൊന്നുമായിരുന്നില്ല. ഒന്നാമതായി നസ്രണികള്‍ക്ക് ഇടവകപ്പള്ളി – അങ്ങാടി– ക്കപ്പുറം ഒത്തുകൂടേണ്ട ആവശ്യം തുലോം പരിമിതമായിരുന്നു. അത്തരം അപൂര്‍വം അവസരങ്ങള്‍പോലും മതപരം എന്നതിനേക്കാള്‍ നസ്രാണിയുടെ ജാതീയമായ അവകാശ സംരക്ഷണാര്‍ത്ഥം സംഘടിക്കുന്നതായിരുന്നു. അത്തരം അയഞ്ഞ സാമൂഹ്യഘടനയില്‍ പൊതുസ്വത്ത് ഉണ്ടാവുക അസാദ്ധ്യമായിരുന്നു. 12- ആം നൂറ്റാണ്ടോടെ കേരളം സ്വതന്ത്ര ഭരണമുള്ള അനേകം നാട്ടുരാജ്യങ്ങളായി ചിന്നിച്ചിതറി എന്നതും ഇത്തരമൊരവസ്ഥയ്ക്ക് കാരണമാണ്. എങ്കിലും നസ്രാണികളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങള്‍ക്ക് മലങ്കര പള്ളിയോഗത്തിന്‍റെ അനുമതി ആവശ്യമായിരുന്നു എന്ന് ഉദയംപേരൂര്‍ സുന്നഹദോസ് വിളിച്ചുകൂട്ടിയതില്‍നിന്നുതന്നെ വ്യക്തമാകുന്നുണ്ട്.

ഗ്രീക്കോ-റോമന്‍ ഭരണക്രമം 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസ് തികച്ചും വ്യത്യസ്ഥമായ ഒരു ഭരണ സംവിധാനമാണ് നസ്രാണികളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. അതില്‍ അധികാരം മെത്രാനിലും മെത്രാന്‍ നിയമിക്കുന്ന വികാരിമാരിലും മാത്രം കേന്ദ്രീകരിച്ചു. പള്ളിയോഗങ്ങള്‍ക്കോ അര്‍ക്കദ്‌യക്കോനോ ഈ സംവിധാനത്തില്‍ യതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല. അധികാരം മുകളില്‍നിന്നും താഴേയ്ക്ക് വൈദീക ശ്രേണിയിലൂടെ മാത്രം ഒഴുകുകയും, ജനങ്ങളെ അതില്‍നിന്നും ഒഴിച്ചുനിര്‍ത്തുകയും ചെയ്യുന്ന ഗ്രീക്കോ-റോമന്‍ പിരമിഡ് ഹൈരാര്‍ക്കിയാണ് അവര്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. നസ്രാണികള്‍ ഇതു വകവെച്ചുകൊടുക്കുകയോ അതിനാല്‍ നടപ്പാകുകയോ ചെയ്തില്ല. പക്ഷേ മെത്രാനില്‍ കേന്ദ്രീകരിച്ച ഭരണക്രമം കുറഞ്ഞപക്ഷം ആത്മീയകാര്യങ്ങളിലെങ്കിലും അനിവാര്യമാണന്ന ഒരു മനഃസ്ഥിതി നസ്രാണികള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ 54 വര്‍ഷത്തെ റോമന്‍ കത്തോലിക്കാ സഹവാസത്തിനു സാധിച്ചു.

റോമന്‍ കത്തോലിക്കാ ഭരണത്തോടുള്ള പ്രതിരോധം മലങ്കര പള്ളിയോഗത്തെ കൂടുതല്‍ ശക്തമക്കി എന്നതാണ് വാസ്തവം. ആത്മീയ-ഭരണ മേഖലകളിലും മലങ്കര പള്ളിയോഗം കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ തുടരെ നടത്തിത്തുടങ്ങി. ഇത്തരം ഇടപെടലുകളാണ് കൂനന്‍കുരിശു സത്യത്തിലേയ്ക്കും തദ്ദേശീയമായ ഒരു മെത്രാന്‍ പരമ്പരയുടെ സ്ഥാപനത്തിലേയ്ക്കും വഴിതെളിച്ചത്. പക്ഷേ കൊളോണിയല്‍പൂര്‍വ കാലത്തെ കല്‍ദായ മെത്രാന്റെയും പകലോമറ്റം അര്‍ക്കദ്‌യക്കോന്റെയും സ്ഥാനം മര്‍ത്തോമ്മാ മെത്രാനില്‍ സമജ്ഞസിപ്പിച്ചെങ്കിലും തങ്ങളുടെ അധികാരം കൈയ്യൊഴിയാന്‍ മലങ്കര പള്ളിയോഗം തയാറായിരുന്നില്ല. അതാണ് മാര്‍ത്തോമ്മാ മെത്രന് നാലു കത്തനാരുമാരെ ആലോചനക്കാരായി നിയമിക്കുകയും … ഈ വിചാരകറെ മൂവാണ്ടില്‍ കൂടിവിചാരം ഉണ്ടാകുമ്പോള്‍ മാറിക്കല്‍പിക്കയും. … ചെയ്യാന്‍ മലങ്കര പള്ളിയോഗം തീരുമാനിച്ചതില്‍നിന്നും വ്യക്തമാകുന്നത്.

തുടര്‍ന്ന് പ്രശ്‌നസങ്കീര്‍ണ്ണമായ 17 – 18 നൂറ്റാണ്ടുകളിലെങ്ങും പൊതുവായതും അതീവ പ്രാധാന്യമുള്ളതുമായ അനേക നിശ്ചയങ്ങള്‍ ആവശ്യമായി വന്നു. അപ്പോഴൊക്കയും മലങ്കര പള്ളിയോഗം സമ്മേളിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തുവന്നു. അപ്പോഴും മലങ്കരമെത്രാന് ഭരിക്കാന്‍ പട്ടത്വം, പരാതികളും വിധികളും, അച്ചടക്കം എന്നിവ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരേ കുടുംബത്തില്‍ പരമ്പരാഗതമായി മാര്‍ത്തോമ്മാ മെത്രാന്മാര്‍ വാഴിക്കപ്പെട്ടു വന്നിരുന്നതിനാല്‍ സ്ഥാന-സ്വയാര്‍ജ്ജിത-കുടുംബ സ്വത്തുക്കളുടെ കൈമാറ്റം അയത്‌നലളിതവും സ്വാഭാവികവുമായ ഒരു പ്രക്രിയ ആയിരുന്നു.

എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ട് ആരംഭിച്ചതോടെ ഈ സ്ഥിതിക്ക് കാതലായ മാറ്റംവന്നു. വട്ടിപ്പണപ്പലിശയും പഴയ സെമിനാരിയും അതിന്‍റെ സ്വത്തുക്കളും, ഇടവകകളില്‍നിന്നും സെമിനാരിക്കുള്ള സംഭാവനകളും അടക്കം മലങ്കര മെത്രാനു ഭരിക്കാന്‍ പൊതുമുതല്‍ ഉണ്ടായി. അതേകാലത്തുതന്നെ പകലോമറ്റം പാരമ്പര്യവാഴ്ച അവസാനിക്കുകയും മലങ്കര മെത്രാന്മാരെ തിരഞ്ഞെടുക്കുന്ന പതിവ് ആരംഭിക്കുകയും ചെയ്തു എന്നതും സമഗ്രമായ ഒരു ഭരണ പുനഃക്രമീകരണത്തിന് ഹേതുവായി.

മലങ്കര മഹാ ഇടവകയും ഉപ ഇടവകകളും 1876-ല്‍ പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരയെ ഏഴു ഇടവകകളാക്കി വിഭജിച്ചതും ഏകപക്ഷീയമായി ആറു മെത്രാന്മാരെക്കൂടി വാഴിച്ചതും മലങ്കരയെ ഗുണപ്പെടുത്താനൊന്നും ആയിരുന്നില്ല. അത് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഇല്ലാതാക്കാനും, മലങ്കര എന്ന കെട്ടുറപ്പ് നശിപ്പിക്കാനും, തനിക്ക് റിശ്ശീസായുടെ ഒഴുക്ക് സുഗമമാക്കാനും മാത്രമായിരുന്നു. പക്ഷേ നയകോവിദനായ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ നവമെത്രാന്മാരെ തന്‍റെ സഹായികളും സപ്ത ഭദ്രാസനങ്ങളെ മലങ്കര മെത്രാപ്പോലീത്തായുടെ കീഴിലുള്ള ഭരണമാത്രകളായും മാറ്റിയെടുത്തു. ഇക്കാലത്തെല്ലാം സഭയുടെ ലൗകീക ഭരണം മലങ്കര മെത്രാപ്പോലീത്തായുടെ മാത്രം നിയന്ത്രണത്തിലായിരുന്നു. 1934-ലെ മലങ്കര സഭാ ഭരണഘടനയാണ് ഈ നിലയ്ക്ക് മാറ്റം വരുത്തിയത്.

1912-ലെ കാതോലിക്കേറ്റ് സ്ഥാപനം ഒരു ഭരണകേന്ദ്രംകൂടി രൂപപ്പെടുത്തി. പക്ഷേ അധികാര വിഭജനമൊന്നും നടത്തിയുമില്ല. അക്കാലത്തൊന്നും കാതോലിക്കായ്ക്കു ഭരിക്കാന്‍ സ്വത്തുക്കള്‍ ഉണ്ടാകാഞ്ഞതിനാലും, പ. അബ്ദല്‍ മ്ശീഹാ ദ്വിതീയന്‍ പാത്രിയര്‍ക്കീസിന്‍റെ സ്ഥാത്തിക്കോന്‍ മൂലം കാതോലിക്കായുടെ ആത്മീയ അധികാരം നിയന്ത്രിക്കപ്പെട്ടിരുന്നതിനാലും. അതൊരു ചോദ്യ ചിഹ്നമായില്ല. 1934-ലെ മലങ്കര സഭാ ഭരണഘടന, കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ വ്യത്യസ്ഥമായി നിലനിര്‍ത്തി. പക്ഷേ അവ ഒരു വ്യക്തി വഹിക്കണമെന്നു നിശ്ചയിച്ചു ഇരട്ട അധികാരകേന്ദ്രത്തിന്‍റെ പ്രശ്‌നം ഒഴിവാക്കി.

വേറിട്ടും മുതല്‍ ഉണ്ടാക്കണം … പഴയ സെമിനാരി, വട്ടിപ്പണം ഇവയ്ക്കപ്പുറം വേറിട്ടും മുതല്‍ ഉണ്ടാക്കി തുടങ്ങിയത് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ ആയിരുന്നു. പള്ളിക്കൂടങ്ങളും കായല്‍ നിലങ്ങളും ചേരിക്കല്‍ വസ്തുവും പീടിക മുറികളും സെമിനാരികളും ഒക്കെയായി അദ്ദേഹം നസ്രാണി ഹൃദയഭൂമിയിലെങ്ങും പൊതു സ്വത്തുക്കള്‍ സമ്പാദിച്ചു. നസ്രാണി പാരമ്പര്യപ്രകാരം ഇവയുടെയെല്ലാം കൈകാര്യ കര്‍ത്താവ് മലങ്കര മെത്രാപ്പോലീത്താ ആയിരുന്നങ്കിലും അവയില്‍ ഭുരിഭാഗത്തിന്‍റെയും ഭരണം മാനേജിംഗ് കമ്മറ്റിയുടെ കീഴിലായിരുന്നു. അന്നുമുതല്‍ മലങ്കര സഭയ്ക്ക് ഭരിക്കുവാന്‍ പൊതുസ്വത്തുക്കള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്.

1934-ല്‍ മലങ്കര സഭാ ഭരണഘടന നടപ്പിലായതോടെ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ, എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്, കൂട്ടു ട്രസ്റ്റിമാര്‍, മാനേജിംഗ് കമ്മറ്റി എന്നിങ്ങനെ വിവിധ ഭരണ കേന്ദ്രങ്ങള്‍ നിര്‍വചിക്കപ്പെട്ടു. പിന്നീട് അവ ഓരോന്നും കൈകാര്യം ചെയ്യേണ്ട മുതലുകളും ഷെഡ്യുളുകളായി വേര്‍തിരിച്ചു. അത്തരമൊരു വേര്‍തിരിവ് ആത്മീയം, കോടതിവിധികള്‍ ഇവ മൂലം അനിവാര്യമായിരുന്നു.

1950-കള്‍ വരെ ഭദ്രാസനങ്ങള്‍ക്ക് സ്വത്തുക്കള്‍ പ്രായേണ ഇല്ലായിരുന്നു. അങ്കമാലി ഭദ്രാസനത്തിനായി അമ്പാട്ടു മാര്‍ കൂറിലോസും തുടര്‍ന്ന് കടവില്‍ മാര്‍ അത്താനാസ്യോസും സമ്പാദിച്ച ആലുവാ തൃക്കുന്നത്തു സെമിനാരിയും, കണ്ടനാടു ഭദ്രാസനത്തിനായി മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് സമ്പാദിച്ച മൂവാറ്റുപുഴ വസ്തുവുമായിരുന്നു ഇതിനുള്ള അപവാദങ്ങള്‍. 1950-കള്‍ മുതല്‍ ഭദ്രാസനങ്ങള്‍ക്ക് സ്വത്തുക്കളും സ്ഥാപനങ്ങളും ഉണ്ടായി തുടങ്ങി.

പക്ഷേ മലങ്കര സഭാ ഭരണഘടനാ ശില്പികള്‍ ദീര്‍ഘദര്‍ശനം ചെയ്യാതിരുന്ന ഒരുരണ്ടു പ്രതിസന്ധികള്‍ ഈ പ്രക്രിയയില്‍ ഉണ്ടായി. ഒന്നാമത്, ഇത്ര വിപുലമാകുമെന്നു പ്രതീക്ഷിക്കാതിരുന്നതിനാലായിരിക്കാം ഭരണനിര്‍വഹണത്തിനായി സ്ഥിരസ്വഭാവമുള്ള ഒരു കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിച്ചില്ല. കാര്യക്ഷമതയെ മാത്രമല്ല, ഭരണ സുതാര്യതയേയും (transparency) ഉത്തരവാദിത്വ ഭരണത്തേയും (responsible governs) ഇത് പ്രതിലോമമായി ബാധിച്ചിട്ടുണ്ടന്നത് തികച്ചും യാഥാര്‍ത്ഥ്യമാണ്. 1882-1911 കാലത്ത് ഇ. എം. ഫിലിപ്പ് എന്ന ഒരു മുഴുവന്‍സമയ കാര്യവിചാരകന്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ പിന്നോക്കം പോകല്‍ ഉണ്ടായത് എന്നു ചിന്തിക്കണം.

രണ്ടാമതായി, പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ ഏതു ഷഡ്യൂളില്‍പ്പെടുത്തി ആരുടെ നിയന്ത്രണത്തിലാക്കണമെന്ന് വ്യക്തമായ യാതൊരു മാര്‍ഗ്ഗനിര്‍ദ്ദേശവും സഭ ഇതുവരെ നല്‍കിയിട്ടില്ല. മെത്രാന്മാരുടെ സ്വന്തം താല്‍പ്പര്യപ്രകാരം സ്ഥാപിക്കപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്കു മുന്‍കൂര്‍ അനുമതി വാങ്ങാണമെന്ന നിയമമൊന്നും ഇന്ന് നിലവിലില്ല. അവയുടെ ഭരണ സംവിധാനം എപ്രകാരമായിരിക്കണമെന്നു നടപടിച്ചട്ടവും രൂപീകരിച്ചിട്ടില്ല. സ്വകാര്യ ട്രസ്റ്റുകളും നാമമാത്ര ട്രസ്റ്റുകളും രൂപമെടുക്കുന്നതിന്‍റെ മൂലകാരണം ഇതാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരാതെ ഇനി accountability  ഉണ്ടാകുമെന്ന് പ്രതീക്ഷ പുലര്‍ത്തിയിട്ടു കാര്യമില്ല.

കുടിയേറ്റങ്ങളും മാറിയ സാമുഹിക സമവാക്യങ്ങളും –  പക്ഷേ മൂന്നു പതിറ്റാണ്ടു മുമ്പുവരെ ഇവയൊന്നും സാരമായ പ്രശ്‌നങ്ങള്‍ ആയിരുന്നില്ല. 1980-കളില്‍ വിപുലമായ നസ്രാണിയുടെ വിദേശ കുടിയേറ്റങ്ങളും അതുണ്ടാക്കിയ സമ്പത്തികോന്നമനവുമാണ് സ്ഥിതിഗതികളെ ആകെ തകിടം മറിച്ചത്. സഭയുടെ ആവശ്യങ്ങള്‍ക്കു മുമ്പില്‍ നസ്രാണി മടിശ്ശീലയുടെ കെട്ട് അഴിയുമെന്ന നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യം പുതിയ പദ്ധതികള്‍ – ആവശ്യമായാലും അനാവശ്യമായാലും – തുടങ്ങാന്‍ പ്രചോദനമായി. കുടിയേറ്റ ഭൂമികകള്‍ മൂലധന സമാഹരണത്തിനുള്ള ലളിതസ്രോതസാണന്ന തിരിച്ചറിവ് ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി.

കുടിയേറ്റങ്ങള്‍ നസ്രാണിയുടെ സാമുഹിക സമവാക്യങ്ങളില്‍ കാതലായ മാറ്റം വരുത്തി. പരമ്പാഗത ആഭിജാത്യത്തെ പിന്‍തള്ളി നവപ്രമാണിമാര്‍ അരങ്ങ് കയ്യടക്കി. അതില്‍ പുതുമയൊന്നുമില്ല. നസ്രാണി സാമൂഹിക ചരിത്രത്തില്‍ മുമ്പ് പല നൂറ്റാണ്ടുകളിലും ഇത് സംഭവിച്ചിട്ടുള്ളതാണ്. പക്ഷേ അന്ന് അനേക ദശാബ്ദങ്ങള്‍ കൊണ്ടോ നൂറ്റാണ്ടുകൊണ്ടോ പൂര്‍ത്തിയാകുന്ന ഒരു സാമൂഹിക പരിവര്‍ത്തന ചക്രം ഇവിടെ ദ്രുതഗതിയില്‍ തിരിഞ്ഞു. നവവരേണ്യവര്‍ഗ്ഗം തങ്ങള്‍ക്ക് കാലപ്രവാഹത്തില്‍ സ്വാഭാവികമായി ലഭിക്കേണ്ട ആഭിജാത്യം ഒറ്റയടിക്കു നേടിയെടുക്കാന്‍ ശ്രമമാരംഭിച്ചു. ഇതിനു വേദിയായത് ഇടവകപ്പള്ളിയും സഭയുമാണ്. ആഭിജാത്യം വിലയ്ക്കുവാങ്ങാന്‍ നസ്രാണിയും, അപ്രകാരം നല്‍കാന്‍ നേതൃത്വത്തില്‍ ചിലരും തയാറായത് സഭയുടെ അപചയത്തിന് ഹേതുവായി. ഇതും, നസ്രാണികള്‍ക്ക് പൊതുവായുണ്ടായ സാമ്പത്തികോന്നതിയും സമ്മാനിച്ച ജീര്‍ണ്ണത അവൈദീകരെ മാത്രമല്ല, വൈദീക ഗണത്തേയും സാരമായി ബാധിച്ചു. വിലയ്ക്കു വാങ്ങാവുന്ന ഒന്നായി ഇന്ന് വൈദീക ഗണത്തെ പലരും കാണുന്നുണ്ട്. അവര്‍ മാത്രമല്ല അത്തരമൊരു ദുരവസ്ഥയ്ക്ക് ഉത്തരവാദികള്‍. സ്വയം വില്‍ക്കപ്പെടാന്‍ തയാറായ വൈദീക നേതൃത്വവും തുല്യ ബാദ്ധ്യസ്ഥരാണ്. ഒരു സമൂഹത്തിന് അവര്‍ അര്‍ഹിക്കുന്ന നേതൃത്വത്തെ ലഭിക്കും എന്ന സാമാന്യതത്വമനുസരിച്ച് ഈ ജീര്‍ണ്ണത കൂടുതല്‍ പ്രകടമാകുന്നത് വൈദീക ശ്രേണിയിലാണന്നു മാത്രം.

അവന്‍ നല്ല സാക്ഷ്യം ഉള്ളവനായിരിക്കണം ഇരുപതാം നൂറ്റാണ്ടില്‍ വൈദീകര്‍ക്ക് വ്യവസ്ഥാപിതമായ സെമിനാരി വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയ കാലംമുതല്‍ കത്തനാരാകുന്നതിന് ഒരു ശൈലി സ്വാഭാവികമായി രൂപപ്പെട്ടുവന്നിരുന്നു. സണ്ടേസ്‌കൂള്‍ പഠിച്ച്, വി. മദ്ബാഹായില്‍ ശുശ്രൂഷകരായി, ആദ്ധ്യാത്മിക സംഘടനകളില്‍ സജീവമായി പങ്കെടുത്തു വരുന്നവരില്‍ വൈദീകനാകാന്‍ താല്‍പ്പര്യമുള്ളവര്‍ വികാരിയുടെ ശുപാര്‍ശയോടെ മെത്രാന്‍റെ അടുത്തെത്തും. മെത്രാനു സാക്ഷ്യം ബോദ്ധ്യപ്പെട്ടാല്‍ സെമിനാരിയില്‍ അയയ്ക്കും. പഠനം പൂര്‍ത്തിയാക്കിയാല്‍ ഒന്നുരണ്ടു വര്‍ഷം ശെമ്മാശനായി മെത്രാനോടൊപ്പം ജീവിക്കും. അതിനിടയില്‍ പരിണിത പ്രജ്ഞരായ ഏതെങ്കിലും വല്യച്ചന്മാരുടെ അടുക്കല്‍നിന്നും തക്‌സായിലും കൂദാശകളിലും പ്രയോഗിക പരിശീലനം നേടും. അതിനു ശേഷം വിവാഹം ചെയ്‌തോ അല്ലാതെയോ വൈദീകനായി ഇടവക സേവനത്തില്‍ പ്രവേശിക്കും.

ഇന്ന് അതെല്ലാം മാറി. പെന്തക്കോസ്തിക്കു ശേഷമുള്ള ഒരാഴ്ചയെപ്പറ്റി ...തിങ്കളാഴ്ചയില്‍ പള്ളി അവരു പണിതു. ചൊവ്വാഴ്ചയില്‍ മൂറൊനും മദുബഹായും അവരു കൂദാശ ചെയ്തു. ബുധനാഴ്ചയില്‍ നമ്മുടെ കര്‍ത്താവിന്‍റെ കൂടെപ്രപ്പു മാര്‍ യാക്കൊയെ അപ്പസ്‌ക്കെപ്പായുടെ സ്ഥാനത്തില്‍ അവിടെയവരു കല്‍പിച്ചു. ആദേഹം ശുദ്ധമാന കുറുവാന അവനണച്ചു. … വ്യാഴാഴ്ചയില്‍ മാര്‍ പത്രൊസ് ശ്ലീഹാ കുറുവാന അവന്‍ അണച്ചു. മാര്‍ യൊഹന്നാന്‍ ഏവന്‍ഗെലിത്താ തംപുരാനപ്പെറ്റ മറിയത്തമ്മയെ അവന്‍ മാമോദിസാ മുക്കി. … വെള്ളിയാഴ്ച 9 ആം നാഴികയില്‍ മാര്‍ ശിമഒനും മാര്‍ യോഹന്നാനും നമസ്‌കരിപ്പാന്‍ ഹയിക്കലായ്ക്കു അവരു കരെറി. … ചനിയാഴ്ചയുടെ ദിവസത്തില്‍ അവന്നടുത്തു എന്ന ദിക്കിനു ഓരോരുത്തനൊക്കെ അവരെ യാത്ത്രാക്കപ്പെട്ടു. … എന്നിങ്ങനെ നിരണം ഗ്രന്ഥവരിയില്‍ രേഖപ്പെടുത്തിയ ഒരു സുറിയാനി പാരമ്പര്യമുണ്ട്. അതുമാതിരിയാണ് ഇന്ന് സെമിനാരി വിദ്യാഭ്യാസത്തിനു ശേഷമുള്ള ശെമ്മാശന്‍റെ സ്ഥിതി എന്നു ഉദാഹരിക്കാം. ക്യംന്താ ഞായറാഴ്ച സെമിനാരി പിരിഞ്ഞാല്‍, ശെമ്മാശന്‍ തിങ്കളാഴ്ച വിവാഹം കഴിച്ച്, ബുധനാഴ്ച മ്ശംശോനോയും വെള്ളിയാഴ്ച കശീശ്ശയുമായി പട്ടംകെട്ടപ്പെട്ട്, ശനിയാഴ്ച പുത്തന്‍ കുര്‍ബാന ചൊല്ലി, ഞായറാഴ്ച വികാരിയായി ചുമതലയേറ്റെടുക്കുകയാണന്നു ചുരുക്കത്തില്‍ പറയാം. പഴയതുപോലെ ഹൗസ് സര്‍ജന്‍സിയും അപ്രന്റീസ്ഷിപ്പുമൊന്നുമില്ല.

മറ്റൊരു പ്രകടമായ വിത്യാസവും ഇന്നുണ്ട്. ഒരു വര്‍ഷം സെമിനാരിയില്‍നിന്നിറങ്ങുന്ന ഏകദേശം നാല്‍പ്പതോളം ശെമ്മാശന്മാരില്‍ കേവലം പത്തു പേര്‍ മാത്രമാണ് ഇന്നു കത്തനാര്‍മാര്‍. ബാക്കിയുള്ളള്ളവരെല്ലാം മല്പാന്മാരാണ്. നിസ്സീമമായ അഹങ്കാരത്തോടെയാണ് അവര്‍ ഇടവകകളിലെത്തുന്നത്. ആരാധന-സംഗീത-ക്രിയാസംഹിതകളില്‍ തങ്ങള്‍ അദ്വീതീയരാണന്നും, മുമ്പു നൂറുവര്‍ഷം ആ പള്ളിയില്‍ ഇരുന്ന വൈദീകരെല്ലാം ആജ്ഞരും, അവര്‍ ചെയ്തതെല്ലാം തെറ്റും ആണെന്നും, അവയെല്ലാം താന്‍ തിരുത്തുമെന്നും, വീശുമുറം തന്‍റെ കയ്യിലുണ്ടെന്നും പ്രഖ്യാപിച്ചാണ് എഴുന്നള്ളുന്നത്. കാനോന്‍-ഭരണഘടനകളിലും അവര്‍ പ. വട്ടശ്ശേരില്‍ തിരുമേനിയേക്കാളുും പ. വട്ടക്കുന്നേല്‍ ബാവായക്കാളും പണ്ഡിതരാണ്! ഇതൊന്നും സെമിനാരിയില്‍ പഠിച്ചതല്ല, പരിശീലിപ്പിച്ചതുമല്ല. പിന്നെന്തുകൊണ്ട് ഇപ്രകാരം സംഭവിക്കുന്നു?

കഴിഞ്ഞ മൂന്നു ദശാബ്ദങ്ങള്‍ക്കിടയില്‍ വൈദീകവൃത്തിയേപ്പറ്റിയുള്ള കാഴ്ചപ്പാടില്‍ വന്ന സമഗ്ര മാറ്റമാണ് ഇതിന്‍റെ അടിസ്ഥാന കാരണങ്ങളില്‍ പ്രഥമം. ഒരു സാധനയും സേവനവുമെന്ന നിലയില്‍നിന്നും അങ്ങാടിയില്‍ വന്ദനവും പന്തികളില്‍ മുഖ്യാസനവും കിട്ടുന്ന സുരക്ഷയുള്ള ഒരു തൊഴില്‍ എന്ന നിലയിലേയ്ക്ക് വൈദീകവൃത്തിയേപ്പറ്റിയുള്ള മനോഭാവം അധഃപതിച്ചു. മറ്റു മാന്യമായ തൊഴിലൊന്നും കിട്ടാന്‍ കഴിവില്ലാത്തതിനാല്‍ ഇനി കത്തനാരായേക്കാം എന്നു കരുതി സെമിനാരിയിലെത്തുന്നവര്‍ അനേകരുണ്ട്. വി. മദ്ബാഹാ ശുശ്രൂഷയോ ആദ്ധ്യാത്മിക സംഘടപ്രവര്‍ത്തനമോ വികാരിയുടെ ശുപാര്‍ശയോ ഒന്നുമില്ല. എങ്ങനെയെങ്കിലും മെത്രാനെ സ്വാധീനിക്കുക, സെമിനാരിയില്‍ കടന്നുകൂടുക, പട്ടമേല്‍ക്കുക, അത്രമാത്രം. സെമിനാരി വിദ്യാഭ്യാസത്തില്‍ പോലും ഇത്തരക്കാര്‍ക്ക് ശ്രദ്ധയോ താല്‍പ്പര്യമോ ഇല്ല.

ഇതിനിടയില്‍ കടന്നുവന്ന അതീവ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന മറ്റൊരു മാരണമാണ് പ്രീസെമിനാരി. മുന്‍കാലങ്ങളില്‍ വിടവില്ലാതെ സെക്കുലര്‍ വിദ്യാഭ്യാസത്തിന്‍റെ തുടര്‍ച്ചയായി ആണ് സെമിനാരി വിദ്യാഭ്യാസം ആരംഭിച്ചിരുന്നത്. വിദ്യാഭ്യാസ പ്രക്രിയയുടെ അവിഛിന്നത (continuity of education process) ഇവിടെ വിദ്യാര്‍ത്ഥിക്ക് നഷ്ടമാകുന്നില്ല. ഇന്ന് സെക്കുലര്‍ വിദ്യാഭ്യാസത്തിനു ശേഷം രണ്ടോ അധിലധികമോ വര്‍ഷം പ്രീസെമിനാരി എന്ന പേരില്‍ നിഷ്‌ക്രിയരാക്കിയിരുത്തിയ ശേഷമാണ് സെമിനാരിയിലയ്ക്കുന്നത്. പഠനശേഷിയുള്ള സുവര്‍ണ്ണ വര്‍ഷങ്ങള്‍ മാത്രമല്ല, പഠനപ്രക്രിയയുടെ തുടര്‍ച്ചയും ഇതുമൂലം നഷ്ടമാകുന്നു.

പ്രീസെമിനാരിക്ക് അതിനേക്കാള്‍ വലിയ മറ്റൊരപകടമുണ്ട്. നിഷ്‌ക്രിയമായി ഏതെങ്കിലും ഭദ്രാസന കേന്ദ്രത്തില്‍ ചിലവഴിക്കുന്ന വര്‍ഷങ്ങള്‍ ഭാവി വൈദീകന്‍റെ മനസില്‍ വിഷം കുത്തിവയ്ക്കുകയാണ്. അവിടുത്തെ ഉപാജപങ്ങളും കുത്തിത്തിരുപ്പുകളും അപവാദ പ്രസംഗങ്ങളുംമൂലം സര്‍വ വൈദീകസ്ഥാനികളോടും ബഹുമാനരാഹിത്യവും പുശ്ചവുമായാണ് ഇവര്‍ സെമിനാരിയിലെത്തുന്നത്. ഇക്കുട്ടത്തില്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചില സ്വയംപ്രഖ്യാപിത മല്പാന്മാരുടെ അനൗദ്യോഗിക ശിക്ഷണം കൂടിയാകുമ്പോള്‍ ഇവര്‍ കളരിയിലിറങ്ങുന്നതിനുമുമ്പേ പണിക്കരാകും. അഹങ്കാരത്തിനു വേറെ കാരണം വേണോ?

സെമിനാരിയിലെത്തുന്ന എല്ലാവരും ഇത്തരാക്കാരാണന്നു അര്‍ത്ഥമില്ല. പക്ഷേ ഇത്തരക്കാരുടെ സഹവാസം ആത്മാര്‍ത്ഥതയുള്ളവരേയും ദുഷിപ്പിക്കും. പ്രീസെമിനാരി അടിന്തിരമായി അവസാനിപ്പിക്കണം. അതേ സമയം സെമിനാരി പഠനം പൂര്‍ത്തിയാക്കിയാല്‍ കുറഞ്ഞത് ഒരു വര്‍ഷം മെത്രാന്മാര്‍ നിശ്ചയമായും ശെമ്മാശനെ കൂടെ നിര്‍ത്തി പ്രായോഗിക പരിശീലനം നല്‍കണം. ഭദ്രാസനത്തിലെ യോഗ്യനായ ഒരു മൂപ്പച്ചനെ ഇതേ കാലത്ത് ക്രിയാസംഹിതയില്‍ പ്രായോഗിക പരിശീലനം നല്‍കാന്‍ ചുമതലപ്പെടുത്തണം. അദ്ദേഹത്തിന്‍റെ സാക്ഷ്യം ലഭിച്ച് മെത്രാനു ബോദ്ധ്യപ്പെട്ടശേഷം മാത്രമേ കത്തനാരുപട്ടം കൊടുക്കാവു. എങ്കില്‍ മാത്രമേ മലങ്കരയിലെ വൈദീകവൃന്ദം പഴയ പാളത്തിലെത്തു.

മുഴങ്ങുന്ന ചെമ്പും ചിലമ്പുന്ന കൈത്താളവും – വൈദിക ശ്രേണിയുടെ രൂപീകരണത്തില്‍ ഉണ്ടായ ഇത്തരം അപചയം അജപാലന ദൗത്യത്തെ (pastoral care) കുറിച്ചുള്ള സങ്കല്‍പ്പങ്ങളിലും കാതലായ മാറ്റം വരുത്തി. താന്‍ സേവിക്കുകയും ശുശ്രൂഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട ഇടവക എന്നതിനു പകരം തന്നെ ശുശ്രൂഷിക്കുകയും പോഷിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യാനുള്ള മേച്ചില്‍പുറങ്ങളാണ് ഇടവകകള്‍ എന്നു ഒരുപറ്റം വൈദീകരെങ്കിലും ഇന്ന് വിശ്വസിക്കുകയും തദ്വനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

സ്വപ്രശസ്തിക്കും ഉത്തരവാദിത്വങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാനും അദ്ധ്വാനഭാരം ലഘൂകരിക്കാനുമായി നസ്രാണികള്‍ക്കിടയില്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍കൊണ്ട് വൈദീകവൃന്ദം ബോധപൂര്‍വം വളര്‍ത്തിയെടുത്ത ഒരു മിധ്യാ ധാരണയുണ്ട്. ശ്രുതിമധുരമായി വി. കുര്‍ബാന ചൊല്ലുന്നതാണ് യഥാര്‍ത്ഥ അജപാലന ദൗത്യം എന്നതാണ് അത്. ഇതിന്‍റെ ഫലമായി ഒരു ഗായക സംഘം തല്ലിക്കൂട്ടുക എന്നത് ആദ്ധ്യാത്മിക സംഘടനാ ശക്തീകരണത്തിലെ ഏറ്റവും അത്യന്താപേഷിതഘടകമായി ഇന്നു മാറി. സഭ കല്‍പ്പിച്ചിരിക്കുന്ന പ്രത്യേക ഗീതങ്ങളും ആരാധനാവല്‍സരിത്തിനനുസൃതമായ രീതിനിബന്ധനകളും ഓര്‍ഗന്‍റെ സൗകര്യാര്‍ത്ഥം ഇവിടെ കാറ്റില്‍ പറത്തപ്പെടുന്നു. തന്‍റെ പിച്ചു പോകാതിരിക്കാന്‍ വി. കുര്‍ബാനയില്‍ ആരാധനാ സമൂഹം നിശബ്ദമാക്കപ്പെടുന്നു. വി. കുര്‍ബാനയുടെ ഒരുക്ക ശുശ്രൂഷയായ തൂയോബായേക്കാള്‍ കൂടുതല്‍ സമയം അതിനുമുമ്പ് മൈക്ക്‌സെറ്റ് ക്രമപ്പെടുത്താന്‍ ദിനംപ്രതി ചിലവഴിക്കുന്ന പുരോഹിതര്‍ ഇന്നുണ്ട്. മാറിയിടാന്‍ ഒരു ചിത്തോല പോലുമില്ലാത്ത ഇടവകകള്‍ ഇവര്‍മൂലം സൗണ്ട്‌സിസ്റ്റത്തിനും ഓര്‍ഗനുമൊക്കയായി ലക്ഷങ്ങള്‍ ചിലവിടാന്‍ ഇന്നു നിര്‍ബന്ധിതരാകുന്നു.

പാട്ടു കുര്‍ബാനയുടെ മാധുര്യമാണ് ഒരു വൈദീകന്‍റെ മാറ്റ് നിശ്ചയിക്കുന്നത് എന്ന മിധ്യാബോധം നസ്രാണികളുടെ ഇടയില്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണ്. അതുമൂലം ഇടയധര്‍മ്മത്തിന്‍റെ ഇതരവശങ്ങള്‍ വിസ്മൃതിയിലായി. വി. കൂദാശകളെപ്പറ്റി ബോധവല്‍ക്കരിക്കുകയും അതില്‍ അവരെ സജിവ പങ്കാളികളാക്കുകയും, അജഗണങ്ങളെ പേരുചൊല്ലി വിളിക്കുകയും ചെയ്യുന്ന, തന്‍റെ ആടുകളെ അറിയുന്നവനാണ് യഥര്‍ത്ഥ ഇടയന്‍. അല്ലാതെ അവയെ കൊന്നു തിന്നുന്നവനല്ല. കൈക്കാരന്‍ വല്ല പിരിവിനും നിര്‍ബന്ധിച്ചാലല്ലാതെ സമയബന്ധിതമായി ഇടവക സന്ദര്‍ശനം നടത്തുന്ന എത്ര വൈദീകര്‍ ഇന്നുണ്ട്?

വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാകാന്‍…- സഭയെ ഇന്നു ഗ്രസിച്ചിരിക്കുന്ന മറ്റൊരു ഇത്തിക്കണ്ണിയാണ്് കണ്‍വന്‍ഷന്‍ പ്രസംഗകര്‍. 1889-ല്‍ നവീകരണ സുറിയാനി സഭയുടെ സ്ഥാപനവും അതേ കാലത്തുതന്നെയുണ്ടായ സിലോണില്‍നിന്നുള്ള പെന്തക്കോസ്ത് ഉപദേശിമാരുടെ തള്ളിക്കയറ്റവുമാണ് പന്നീട് പ്രാര്‍ത്ഥനയോഗമായി മാറിയ വേദവായനക്കൂട്ടവും, കണ്‍വന്‍ഷനായി വികസിച്ച പ്രസംഗയോഗങ്ങളും മലങ്കരസഭയില്‍ രൂപപ്പെടാന്‍ കാരണമായത്. നിലയ്ക്കല്‍ മാക്കാംകുന്ന് തുടങ്ങിയ അപൂര്‍വം പ്രതിവര്‍ഷ കണ്‍വന്‍ഷനുകള്‍ ഒഴിച്ചാല്‍ അനേക വര്‍ഷങ്ങളിലൊരിക്കലായിരുന്നു മുന്‍കാലത്ത് ഒരു പ്രദേശത്ത് കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍ നടത്തപ്പെടുക. കണ്‍വന്‍ഷനുകളുടെ സുവര്‍ണ്ണകാലത്ത് പുത്തന്‍കാവില്‍ കൊച്ചുതിരുമേനി, ആരക്കുന്നം കെ. റ്റി. സഖറിയാ കത്തനാര്‍, ശെമ്മശന്മാരായ എം. വി. ജോര്‍ജ്, പി. സി. സ്റ്റീഫന്‍, റ്റി. ജെ. ജോഷ്വാ തുടങ്ങിയ അപൂര്‍വം പ്രതിഭാധനന്മാര്‍ മാത്രമായിരുന്നു അവിടെ പ്രസംഗിക്കാനെത്തിയിരുന്നത്. അത്തരം യോഗങ്ങള്‍ യഥാര്‍ത്ഥ ആത്മീയ അനുഭവവും സൃഷ്ടിച്ചിരുന്നു.

ഇന്ന് സ്ഥിതിമാറി. ഇടവകതോറും കരതോറും മുറിതോറും പ്രതിവര്‍ഷം നടക്കുന്ന അഭ്യാസമായി കണ്‍വന്‍ഷനുകള്‍ മാറി. പ്രസംഗിക്കാനാകട്ടെ, വാളെടുത്തവന്‍ എല്ലാം വെളിച്ചപ്പാടായി. ഒരു പ്രസംഗംതന്നെ തിരച്ചുമറിച്ചും പറഞ്ഞ് മിടുക്കന്‍ന്മാര്‍ പണം വാരിക്കൂട്ടി. നിലവാരം കുറയുകയും നിത്യാഭ്യാസമാവുകയും ചെയ്തതോടെ ശ്രോതാക്കളുടെ എണ്ണവും കുറഞ്ഞു. ആത്മീകാനുഭവം പോയിട്ട് ലൗകീകാനുഭവം പോലുമില്ലാതായി. എന്നിട്ടും വിപണി വിപുലപ്പെടുത്താന്‍ പ്രാര്‍ത്ഥനാസംഗമം തുടങ്ങിയ പുതിയ വേദികള്‍ കണ്ടെത്തുകയാണ്.

ഒരു വസ്തുത തികച്ചും വ്യക്തമാണ്. പണം, പ്രശസ്തി ഇവയോടുള്ള ത്വരയല്ലാതെ യാതൊരു ആത്മീയതയും പാട്ടുകുര്‍ബാന, കണ്‍വന്‍ഷന്‍ പ്രസംഗം ഇവയുടെ വ്യക്താക്കള്‍ക്കില്ല. ഇത്തരക്കാരില്‍ ഒരാള്‍ മെത്രാനെ മണിയടിച്ച് പത്തു കൊല്ലം വികാരിയായി ഒരേ പള്ളിയിലിരുന്നു. അതിനിടയില്‍ ആ പള്ളിയില്‍ വി. കുര്‍ബാന ചെല്ലിയത് പത്തിലൊന്നു ഞായറാഴ്ചകളില്‍ മാത്രം. ഒരൊറ്റ കഷ്ടാനുഭവ ആഴ്ചപോലും നടത്തിയുമില്ല. എവിടെ ആത്മീയത? ഇത്തരക്കാരെ മുഴങ്ങുന്ന ചെമ്പും ചിലമ്പുന്ന കൈത്താളവും എന്നുവിശേഷിപ്പിക്കുകയാകും ഏറ്റവും യുക്തം.

എന്നേപ്പോലെയാകുന്നത് നിങ്ങള്‍ക്കു മതി – മറ്റൊരു സ്വയം പ്രദര്‍ശനോപാധി കപടഭക്തിയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വിസ്തരിക്കുന്നില്ല. ഒന്നു മാത്രം വ്യക്തമാക്കട്ടെ, അതിഭക്തിപ്രകടനം കപടഭക്തിയുടെ ഏറ്റവും വലിയ ലക്ഷണമാണന്ന് പ. വട്ടശ്ശേരില്‍ തിരുമേനി പറഞ്ഞിട്ടുണ്ട്. അത് ഇന്നും പ്രസക്തമാണ്. വായില്‍ തോന്നുന്നതുപോലെ തക്‌സാ മാറ്റിച്ചൊല്ലുന്നത് ഇന്ന് ചില മെത്രാന്മാര്‍ മാത്രമല്ല, അനേകം കത്തനാരുമാരും ഭക്തിപ്രകടനത്തിനു മാര്‍ഗ്ഗമാക്കുന്നുണ്ട്. തക്‌സാ തിരുത്തുവാന്‍ ആരെയെങ്കിലും പ. സഭ അനുവദിച്ചതായി ഈ ലേഖകന് അറിവില്ല.

ഇത്തരം കത്തനാരന്മാരില്‍നിന്നു ഉയര്‍ത്തപ്പെടുന്ന മെത്രാന്മാരും ഇതില്‍നിന്നൊന്നും വിമുക്തരല്ല. സോഷ്യല്‍ മീഡിയാകളില്‍ നിത്യവും നിറഞ്ഞുനിര്‍ക്കാന്‍ ഇവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മാത്രം ഉദാഹരണമായി എടുത്താല്‍ മതി. ഇന്റര്‍നെറ്റിന്‍റെ ചതിക്കുഴികളെക്കുറിച്ച് പള്ളികളില്‍ ബോധവല്‍ക്കരിക്കുന്ന അതേസമയംതന്നെ ചില മെത്രാന്മാര്‍ ദിനംപ്രതി മണിക്കൂറുകളാണ് ചാറ്റുന്നത്. ചിലരാകട്ടെ പുതിയ പേന മേടിച്ചതുപോലും ഫേസ്ബുക്ക് വാര്‍ത്തയാക്കുന്നു. കപടഭക്തിയുടെ കാര്യത്തിലും ചിലര്‍ പിന്നോക്കമല്ല.

വിവാഹാദി അടിയന്തിരങ്ങള്‍ക്കു ക്ഷണിക്കുമ്പോഴല്ലാതെ കുറഞ്ഞത് മൂന്നു വര്‍ഷത്തിലൊരു ഞായറാഴ്ച വീതം തന്‍റെ ഭദ്രാസനത്തിലെ എല്ലാ പള്ളികളും സന്ദര്‍ശിച്ചിട്ടുണ്ടന്നു സധൈര്യം പറയാന്‍ എത്ര മെത്രാന്മാര്‍ക്കാവും? അത്തരക്കാര്‍ ഉണ്ട് എന്നു ഈ ലേഖകനറിയാം. പക്ഷേ അത്യപൂര്‍വമാണ്. മറുവശത്ത്, പള്ളിയിലേയ്ക്കു ക്ഷണിച്ചപ്പോള്‍ ഇന്നിന്ന ഭൗതീക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ താന്‍ വരൂ എന്നു പറഞ്ഞവരുമുണ്ട്.

തന്‍റെ വിവരക്കേടുകളും കപടഭക്തിയും സ്വയം പ്രദര്‍ശനവുമാണ് യഥാര്‍ത്ഥ ഓര്‍ത്തഡോക്‌സി യെന്ന് പ്രീസെമിനാരി ദുരന്തത്തില്‍പ്പെട്ടുഴലുന്ന പാവം വൈദീക വിദ്യാര്‍ത്ഥികളില്‍ മസ്തിസ്‌ക പ്രക്ഷാളനം നടത്തി ചിന്താശേഷിയില്ലാത്ത അടിമകളെ സൃഷ്ടിക്കുന്നവരും കുറവല്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ഏകസംസ്‌കാര സ്ഥാപനം നസ്രാണിയുടെ സംസ്‌കാരം എന്നത് തങ്ങളുടേതായ രീതിയില്‍ തദ്ദേശീയമായി വളര്‍ന്നു വന്നതാണ്. മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടുമെന്ന ഒരുവര്‍ഗ്ഗവും ഒരു സംസ്‌കാരവുമാണ് നസ്രാണിക്കുണ്ടായിരുന്നത്. ഇതിനെ തങ്ങളുടേതായ രീതിയില്‍ മാറ്റിയെടുക്കാന്‍ …ലന്തപറങ്കിപരന്ത്രീസുമിംഗ്ലീഷും ശ്രമിച്ചപ്പോഴാണ് കൂനന്‍കുരിശു സത്യമായും മാവേലിക്കര പടിയോലയായും നസ്രാണി അതിനെതിരെ പ്രതികരിച്ചത്. അറബിയാക്കാനുള്ള അന്ത്യോഖ്യന്‍ ബാവാമാരുടെ ശ്രമവും ചെറുക്കപ്പെട്ടത് ഈ സാംസ്‌ക്കാരിക പശ്ചാത്തലത്തിലാണ്.

ഇന്ന് നസ്രാണിയുടെ ഭൂമിക വിപുലമായി. നസ്രാണിതന്നെ വിവിധ ഭൂഖണ്ഡങ്ങളില്‍ പാര്‍ക്കുന്ന ബഹുഭാഷാ ജനതയായി. എന്നുമാത്രമല്ല, കൊങ്കിണി, തമിഴ്, ഹിന്ദി ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ ദേശീയ സത്യസഭ എന്ന നിലയില്‍ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തിലേയ്ക്കു കടന്നുവന്നു. പക്ഷേ വിരോധാഭാസമെന്നു പറയട്ടെ, അഞ്ചുനൂറ്റാണ്ടുകാലമായി നസ്രാണി എന്തിനുവേണ്ടി പൊരുതുന്നോ ആ സാസ്‌കാരിക സ്വാതന്ത്ര്യം ഇതര ജനവിഭാഗങ്ങള്‍ക്ക് ഇന്ന് നിഷേധിക്കുകയാണ്. സത്യവിശ്വാസത്തിലേയ്ക്ക് വരുന്ന ഇന്ത്യന്‍ ക്രൈസ്തവര്‍ മലയാള ഭാഷപഠിക്കുകയും നസ്രാണിയുടെ തിരുനക്കര സംസ്‌ക്കാരം പിന്തുടരുകയും വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? അവര്‍ക്ക് അവരുടെ സംസ്‌കാരവും ഭാഷയും പ്രാദേശിക ആചാരങ്ങളും അതേപടി അനുവര്‍ത്തിക്കാന്‍ അവകാശമുണ്ട്. സ്തുതി ചൊവ്വാകപ്പെട്ട സത്യവിശ്വസമല്ലാതെ ഭാഷയും ആചാരങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വികലമായ സഭാവിജ്ഞാനീയ ജ്ഞാനം കൊണ്ടുമാത്രമല്ല, അതിനേക്കാളുപരി, വൈദീക ശ്രേണിയുടെ ബൗദ്ധീക നിലവാരശൂന്യത മൂലവുമാണ്.

വിധേയത്വം – വിധേയത്വ (obedience) ത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് വികലമായതാണ് കഴിഞ്ഞ ദശകങ്ങളില്‍ മലങ്കരയിലെ വൈദീക ശ്രേണിയെ ജീര്‍ണ്ണപ്രായമാക്കിയതിലെ ഒരു മുഖ്യ ഘടകം. ശെമ്മാശ് മുതല്‍ കാതോലിക്കാ വരെയുള്ള വൈദീകസ്ഥാനികള്‍ അതത് സ്ഥാനം പ്രാപിക്കുമ്പോള്‍ വിധേയത്വത്തിന്‍റെ പ്രതിജ്ഞ ചെയ്യണം എന്ന് പട്ടംകൊടക്രമം അനുശാസിക്കുന്നു. അത് ഇന്നും പാലിച്ചുവരുന്നുണ്ട്. പക്ഷേ ഈ വിധേയത്വം ആരോട് എന്ന വസ്തുതയാണ് വികലമാക്കപ്പെട്ടത്.

പട്ടം നല്‍കിയ മേല്പട്ടക്കാരനോടുള്ള വ്യക്തിപരമായ ഒന്നായി ആണ് മിക്ക വൈദീക സ്ഥാനികളും ഇന്ന് ഈ വിധേയത്വത്തെ നിര്‍വചിക്കുന്നത്. അതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാനദാതാക്കളുടെ ഏതു വികല്‍പ്പവും – അവ സഭാ നിയമങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണങ്കിലും – അതേപടി അനുസരിക്കാനും അനുകരിക്കാനും അടിച്ചേല്‍പ്പിക്കാനും വൈദീകര്‍ തയാറും നിര്‍ബന്ധിതരുമാകുന്നു. ഈ വിധേയത്വ പ്രതിജ്ഞയുടെ ബലത്തില്‍ മെത്രാന്മാര്‍ അനുസരണത്തിന്‍റെ കരവാളുയര്‍ത്തി തങ്ങളുടെ സ്വകാര്യ താല്‍പ്പര്യങ്ങളുടെ സംരക്ഷകരും പ്രചാരകരുമായി കീഴിലുള്ള വൈദീകരെ രൂപാന്തരപ്പെടുത്തുന്നു. വികൃതമായി അവതരിപ്പിക്കപ്പെട്ട് ഉള്‍ക്കൊണ്ട ഈ വിധേയത്വ നിര്‍വചനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതിനെതിരെ പ്രതികരിക്കുവാന്‍ കീഴ്സ്ഥാനികള്‍ അശക്തരായി തീരുന്നു. മെത്രാനുവേണ്ടയാണ് പള്ളിയും ജനവും എന്ന രീതിയില്‍വരെ വിശ്വസിക്കുകയും തദനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വൈദീകര്‍ ഇന്നുണ്ട്. ചില മിടുക്കന്മാര്‍ ഇത് ആരെയും വകവെയ്ക്കാതെ തന്‍കാര്യം നടത്താനുള്ള അവസരമായും ഉപയോഗിക്കുന്നുണ്ട്. ഇടവക ജനങ്ങളും വൈദീകരുമായുള്ള നിരന്തര സംഘര്‍ഷത്തിലാണ് ഇത് കൊണ്ടെത്തിക്കുന്നത്. ഇന്ന് സഭ അനുഭവിക്കുന്ന ദുര്യോഗങ്ങളിലെ മുഖ്യമായ ഒന്നും ഈ വികലമായ വിധേയത്വമാണ്.

തനിക്കു പട്ടം – മേല്‍പ്പട്ടം– തന്ന മേല്‍പ്പട്ടക്കാരനോടുമാത്രമാണ് വിധേയത്വം എന്നു വ്യാഖ്യാനിച്ച് അവര്‍ കാലം ചെയ്തു കഴിഞ്ഞാല്‍ താന്‍ ആര്‍ക്കും വിധേയനല്ല എന്നു വിശ്വസിക്കുന്ന മേല്പട്ടക്കാര്‍ വരെയുണ്ട്. ഇത് തികച്ചും തെറ്റായ ഒരു കാഴ്ചപ്പാടാണ്. വൈദീകമായ വിധേയത്വം- എത്ര ഉന്നത സ്ഥാനിയായാലും – അത് വ്യക്തിപരമല്ല. ആരും ഒരിക്കലും അതില്‍നിന്നും ഒഴിവാക്കപ്പെടുന്നുമില്ല.

യഥാര്‍ത്ഥത്തില്‍ പട്ടംകൊടയിലെ വിധേയത്വ പ്രഖ്യാപനം ഏതു സ്ഥാനിയുടേതായാലും അതു സഭയോടാണ്. പട്ടം നല്‍കുന്ന മേല്പട്ടക്കാരന്‍ സിംഹാസനത്തിലിരുന്ന് സഭയ്ക്കുവേണ്ടിയാണ് സ്ഥാനാര്‍ത്ഥിയുടെ വിധേയത്വ പ്രഖ്യാപനം സ്വീകരിക്കുന്നത്. സഭയുടെ കല്‍പ്പനകള്‍ അനുസരിക്കുകയും സഭയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യാന്‍ മാത്രമാണ് ഈ പ്രതിജ്ഞയിലൂടെ സ്ഥാനാര്‍ത്ഥി കടപ്പെട്ടവനാകുന്നത്. അല്ലാതെ സ്ഥാനദാതാവ് കിണറ്റില്‍ ചാടുവാന്‍ കല്‍പ്പിച്ചാല്‍ അത് അത് അനുസരിക്കാന്‍ ഈ പ്രതിജ്ഞമൂലം സ്ഥാനാര്‍ത്ഥി ബാദ്ധ്യസ്ഥനല്ല. മേല്‍സ്ഥാനിയാണെങ്കിലും സ്ഥാനദാതാവാണെങ്കിലും സഭയുടെ നിയമങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമെതിരായ കല്‍പ്പനകള്‍ പുറപ്പടുവിച്ചാല്‍ അവ അനുസരിക്കാന്‍ കീഴ്സ്ഥാനികള്‍ ബാദ്ധ്യസ്ഥരല്ല. തന്ത്രപൂര്‍വം വളച്ചൊടിച്ച വിധേയത്വ പ്രഖ്യാപന വ്യഖ്യാനം തിരുത്തി യാഥാര്‍ഥ്യം വൈദീക വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കേണ്ടത് വൈദിക വിദ്യാഭ്യാസത്തിന്റെ ചുമതലയാണ്.

അതിരില്ലാത്ത ആര്‍ത്തി – ആര്‍ത്തി (greed) ഭക്ഷണത്തോടും പണത്തോടും മാത്രമല്ല ഉണ്ടാകുന്നത്. അത് അധികാരം, പദവി, പ്രശസ്തി മുതലായ എന്തിനോടും ഉണ്ടാകാം. പലപ്പോഴും രണ്ടാമത്തെ വിഭാഗത്തിനാണ് മുന്‍തൂക്കം ലഭിക്കുക. കൂടുതല്‍ അപകടകരവും അതുതന്നെയാണ്. Self actualization എന്ന് അതിനെ ഉദാത്തവല്‍ക്കരിച്ചിട്ടൊന്നും കാര്യമില്ല. ആര്‍ത്തി, ആര്‍ത്തി തന്നെയാണ്.

ഇന്ന് അടിതൊട്ട് മുടിവരെ മലങ്കര സഭയെ ഗ്രസിച്ചിരിക്കുന്ന ശാപം ആര്‍ത്തിയാണ്. മുമ്പ് അംഗമായിരുന്ന വെറും സാധാരണക്കാരനായ ഒരു ഗ്രാമീണവൃദ്ധന്‍റെ ഭാഷയില്‍, ഒരു ബാഡ്ജും ഒരു ഊണും കുറെ വെയിലും മാത്രം കിട്ടുന്ന മലങ്കര അസോസിയേഷന്‍ അംഗമാകാനോ, പള്ളി മാനേജിംഗ് കമ്മറ്റിയില്‍ കയറിപ്പറ്റാനോ ഭഗീരഥ പ്രയത്‌നം നടത്തുന്ന സാദാ നസ്രാണിയേയും, പാട്ടു കുര്‍ബാനയും കണ്‍വന്‍ഷന്‍ പ്രസംഗവുമായി ഊരുചുറ്റുന്ന കത്തനാരന്മരെയും നയിക്കുന്നത് ആര്‍ത്തി എന്ന പൊതുവികാരമാണ്. എന്തിനോടുള്ള ആര്‍ത്തി എന്നതില്‍ മാത്രമാണ് വൈജാത്യമുണ്ടാവുക. അവൈദീകരേക്കാള്‍ വൈദീകരിലാണ് ആര്‍ത്തി എന്ന പ്രതിഭാസം കൂടുതല്‍ രൂക്ഷം.

വിവാഹിത പട്ടക്കാരനാണെങ്കില്‍ സെമിനാരിയില്‍ നിന്നിറങ്ങുമ്പോള്‍ മുതല്‍ വല്യ പള്ളികളിലാവും കണ്ണ്. സാധിക്കുമെങ്കില്‍ വിദേശത്തെ പച്ചയായ മേച്ചില്‍പുറങ്ങളിലേയ്ക്ക് ചേക്കേറുവാനും നോക്കും. പാട്ടു കുര്‍ബാനയോ കണ്‍വന്‍ഷന്‍ പ്രസംഗമോ നടത്തി പേരെടുക്കുവാനും ശ്രമിക്കും. വല്ല ആദ്ധ്യാത്മിക സംഘടനയുടേയും ഭാരവാഹിത്വം കിട്ടിയാല്‍ കണ്‍വന്‍ഷന്‍ പ്രസംഗത്തിന്‍റെ മാര്‍ക്കറ്റും റേറ്റും ആ പേരില്‍ കൂട്ടാം. ഒന്നും നടന്നില്ലേല്‍ ഇരിക്കുന്ന പള്ളി പൊളിച്ചുപണിതെങ്കിലും പേരെടുക്കും. പിന്നെ ഭദ്രാസന സെക്രട്ടറി, മാനേജിംഗ് കമ്മറ്റി അംഗം… പറ്റിയാല്‍ ഒരു കോറി സ്ഥാനവും. ഒരു സ്ഥാനംകൊണ്ടു തൃപ്തരാകാത്തവരുണ്ട്. മലങ്കര സഭയില്‍ എത്ര സ്ഥാനമുണ്ടെങ്കിലും അതെല്ലാം ഇങ്ങു പോരെട്ടെ എന്നു വിചാരിക്കുന്ന കത്തനാരുമാരുമുണ്ട്. തന്നെക്കൊണ്ട് അതിനോടു നീതിപുലര്‍ത്താന്‍ സാധിക്കുമോ എന്നതൊന്നും പ്രശ്‌നമല്ല. കുഞ്ചന്‍ നമ്പ്യാരുടെ ഭാഷയില്‍ …ശിവനേ മര്‍ത്ത്യനു തൃഷ്ണ തീര്‍കയുണ്ടോ…? ഇക്കൂട്ടത്തില്‍ ചത്താലും കട്ടിലൊഴിയാത്തവരുമുണ്ട്

അവിവാഹിത പട്ടക്കാരനാണെങ്കിലും ആരംഭം മുകളില്‍ പറഞ്ഞപ്രകാരം തന്നെയായിരിക്കും. പക്ഷേ ചുമന്നകുപ്പായമാവും എപ്പോഴും മനസില്‍. അതിനായുള്ള കോപ്പുകൂട്ടലാവും ഓരോ പ്രവര്‍ത്തനത്തിലും മുമ്പിട്ടു നില്‍ക്കുക. പഴയ സെമിനാരി അദ്ധ്യാപകനായി കയറിപ്പറ്റാന്‍ ശ്രമിക്കുക. അതു സാധിച്ചില്ലങ്കില്‍ പരുമലപോലെ പ്രശസ്തമായ ഏതെങ്കിലും പൊതുസ്ഥാപനത്തിന്‍റെയോ, ആദ്ധ്യാത്മിക സംഘടനയുടെയോ തലപ്പെത്തെത്തുക. ആ സ്ഥാപനത്തിന്‍റെ പേരില്‍ പ്രശസ്തി ഉണ്ടാക്കുക. അതിന്‍റെ തന്നെ വിഭവശേഷി ഉപയോഗിച്ച് മെത്രാന്‍ ഇലക്ഷനില്‍ ആവശ്യത്തിനുള്ള വോട്ട് ഉറപ്പു വരുത്തുക. ബിരുദാനന്തര ബിരുദത്തിനോ ഗവേഷണ ബിരുദത്തിനോ മതിയായ യോഗ്യതയും കഴിവുമില്ലങ്കില്‍ എവിടെനിന്നെങ്കിലും ഒരു ഡി. മിന്ന് (D. Min) സംഘടിപ്പിച്ച് ഡോ. ആയി മിന്നുക. ശുഭം. ഈ പരാക്രമത്തില്‍ ഭരമേല്പിച്ച ആദ്ധ്യാത്മിക സംഘടന അസ്തുവായാലും സാരമില്ല. തനിക്ക് മെത്രാന്‍റെ ചുവന്നകുപ്പായം കിട്ടിയല്ലോ.

വളരുംതോറും വരളും…. മെത്രാനായാലും ഇതിനു ശമനമില്ല. നല്ല ഭദ്രാസനം, തുടരെയുള്ള വിദേശ പര്യടനം, കാപ്പിമേശ, ആഡംബര കാറുകള്‍ ഇവയൊക്കെ പോകട്ടെ, പലരും മേല്പട്ടസ്ഥാനം ലഭിക്കുന്ന നിമിഷം മുതല്‍ പ്രശസ്തിക്കും തനിക്കു മുകളിലുള്ള അത്യുന്നത മഹാപുരോഹിതന്‍റെ ഏക സ്ഥാനത്തിനും വേണ്ടിയുള്ള നെട്ടോട്ടമാണ്. സോഷ്യല്‍ മീഡിയാകളുടെ വരവോടെ ചിലര്‍ക്ക് ഈ പ്രശസ്തിക്കമ്പം വര്‍ണ്ണനാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. അതിനു കൈത്താളമിടുന്ന സ്തുതിപാഠകരും. ഭദ്രാസനമെന്നത് തന്‍റെ മേല്‍ഗതിക്കുള്ള വെറും ഉപകരണം മാത്രം. ഹൂദായ കാനോന്‍ ... ഉപദേശം മൂലം വലിയ പ്രയോജനം വരുത്തുവാന്‍ സാധിക്കാത്ത പക്ഷം ഒരു എപ്പിസ്‌ക്കോപ്പാ സ്വന്ത ഇടവക വിട്ടു പോകരുത് എന്ന് അനുശാസിക്കുന്നുണ്ടെങ്കിലും ഇവരില്‍ മിക്കവരും മിക്ക സമയവും സ്വന്തം ഇടവകയ്ക്ക് പുറത്ത് കറങ്ങി നടപ്പാണ്. എന്തിനുവേണ്ടി? നഷ്ടപ്പടുന്നത് സഭ.

മറ്റു ചിലരാകട്ടെ തങ്ങളുടെ സ്വന്തം വരട്ടു തത്വശാസ്ത്രവും കെട്ടിപ്പിടിച്ചിരുപ്പാണ്. സഭ മറിച്ച് അനുശാസിച്ചാലും തങ്ങളുടെ സ്വന്തം അജണ്ടയില്‍ അവര്‍ ഇറുകെ പിടിക്കും എന്നു മാത്രമല്ല ഇടവകയുടെ മേല്‍ അതു അടിച്ചേല്‍പ്പിക്കാനും ശ്രമിക്കും. ഇവിടെയും പരിക്കു പറ്റുന്നത് സഭയ്ക്ക്. ഇന്നു പല മെത്രാന്മാരുടെയും പ്രവര്‍ത്തികള്‍ സഭയുടെ ഭിത്തിയ ബലവത്താക്കുകയല്ല, മറിച്ച് പൊളിച്ച് അടുക്കുകയാണ്. എപ്പിസ്‌ക്കോപ്പാ ഇല്ലാതെ സഭ ഇല്ല എന്നു റോമിലെ വി. ക്ലിമ്മീസ് പറയുന്നതിന് ഒരു മറുവശമുണ്ട്. അത് സഭ ഇല്ലെങ്കില്‍ എപ്പസ്‌ക്കോപ്പായ്ക്ക് പ്രസക്തിയില്ല എന്നതാണ്. ഇത് അവര്‍ മനസിലാക്കുന്നില്ല. മെത്രാനില്ലങ്കില്‍ സഭയില്ല, സഭയില്ലങ്കില്‍ മെത്രാനുമില്ല എന്നു ആവര്‍ത്തിച്ച് ഉരുവിട്ടിരുന്നത് സാക്ഷാല്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനാണ്.

ക്ലിപ്ത ശമ്പളമില്ലാതിരുന്ന കാലത്ത് കുര്‍ബാനപ്പണവും കര്‍മ്മപ്പണവും വല്ലപ്പോഴും കിട്ടുന്ന സാക്ഷിപസാരവും കൊണ്ടാണ് കത്തനാരന്മാര്‍ ഉപജീവിച്ചിരുന്നത്. നസ്രാണി അറിഞ്ഞുകൊടുക്കുന്ന കൈമുത്തായിരുന്നു മെത്രാനെ നിലനിര്‍ത്തിയത്. ഇന്ന് കത്തനാരുമാര്‍ക്ക് വലുതല്ലങ്കിലും നിശ്ചിത പ്രതിമാസ ശമ്പളമുണ്ട്. ദക്ഷിണകൊണ്ടു മാത്രമേ വൈദീക കര്‍മ്മം പൂര്‍ത്തീകരിക്കയുള്ളു എന്ന കേരളീയ പവിത്രതാ സങ്കല്പം ഇന്നും വെച്ചുപുലര്‍ത്തുന്ന നസ്രാണി അറിഞ്ഞു കൊടുക്കുന്നു. എങ്കിലും മേനിപ്പൊന്ന്, ഏണിക്കാണം, തളക്കാണം, തുലാക്കൂലി, കുടനാഴി എന്നിങ്ങനെ പഴയ കേരള നാടുവാഴികള്‍ ചുമത്തിയിരുന്ന അസംഖ്യം നികുതികള്‍ പോലെയാണ് ഇന്നു പിരിവ്. എന്തിനും ഏതിനും കവര്‍. പിന്നെ യാത്ര അയപ്പ് വേറെയും. സ്വയം ചോദിക്കാതെ മറ്റുള്ളവരേക്കോണ്ട് ഓരോ പള്ളിയിലും പുതിയ കീഴ്‌വഴക്കം ഇടുവിക്കുക എന്നതാണ് തന്ത്രം. രോഗിക്ക് തൈലാഭിഷേകം നടത്തിയ വൈദീകനു കൈമടക്കാന്‍ സാധു നസ്രാണി കവര്‍ അന്വേഷിക്കുന്ന നിലവരയെത്തി കാര്യങ്ങള്‍.

വൈദീക സ്ഥാനികള്‍ മനസിലാക്കേണ്ട ഒരു അടിസ്ഥാന വസ്തുതയുണ്ട്. നസ്രാണികള്‍ അവര്‍ക്ക് എന്തെങ്കിലും നല്‍കുന്നുണ്ടെങ്കില്‍ അത് ആ വ്യക്തിക്കല്ല, അത് അവരില്‍ നിക്ഷ്പ്തമായ പൗരോഹിത്യത്തിനാണ്. പുരോഹിതനടുത്ത ധര്‍മ്മങ്ങള്‍ ഒരുവന്‍ പൂര്‍ത്തീകരിക്കുമ്പോഴാണ് അവന്‍ പ്രതിഫലത്തിന് അര്‍ഹനാകുന്നത്. അത് ചോദിച്ചു വാങ്ങാനോ കണക്കുപറയാനോ ഒരുവനും അര്‍ഹതയില്ല. കാരണം പൗരോഹിത്യം ഒരുവനും സ്വന്തമല്ല. മലങ്കരസഭ അതിന്‍റെ മക്കളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കാന്‍ ഓരോരുത്തരെ ഭരമേല്പിക്കുന്നതാണ് പൗരോഹിത്യം. ഈ തിരിച്ചറിവ് ഇന്ന് നഷ്ടമായിരിക്കുന്നു.

പത്തും ഗുസ്തീം പള്ളീം മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ പ്രാരംഭമിട്ട് കോരളത്തിലെങ്ങും വ്യാപിച്ച അടിസ്ഥാന വിദ്യാഭ്യാസ വിപ്ലവം മലയാളത്തിനു സമ്മാനിച്ച പദപ്രയോഗമാണ് പത്തും ഗുസ്തീം. കുറഞ്ഞത് പത്താം ക്ലാസുവരെയെങ്കിലും പഠിക്കാത്തവന്‍ ജീവിതായോധനത്തിന് യോഗ്യനല്ല എന്നാണ് ഇതിന്‍റെ വ്യംഗ്യം. അടിസ്ഥാന വിദ്യാഭ്യാസത്തെപ്പറ്റിയുള്ള കേരള സമൂഹത്തിന്റെ ഈ ഉയര്‍ന്ന നിലവാരത്തിലുള്ള കാഴ്ചപ്പാട് നസ്രാണിയുടെ സൃഷ്ടിയാണ്. ഈ നിലവാരം മുകളിലേയ്ക്കു പടിപടിയായി ഉയര്‍ത്തുകയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ നസ്രാണി ചെയ്തത്. രസകരമായ വസ്തുത, ഉയരാതെ പോയത് നസ്രാണികളുടെ തിരഞ്ഞെടുക്കപ്പെട്ട സമതികളിലെ അംഗങ്ങളുടെ സഭാജ്ഞാന നിലവാരമാണ്. ഉയര്‍ന്നില്ലന്നു മാത്രമല്ല കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ ഇതിന്‍റെ ശരാശരി നിലവാരം ക്രമാതീതമായി താഴ്ന്നുപോവുകയും ചെയ്തു.

അല്മായര്‍ക്കായി ഡിഗ്രിതലം വരെയുള്ള ദിവ്യബോധനവും പില്‍ക്കാലത്ത് ഏര്‍പ്പെടുത്തിയ സണ്ടേസ്‌ക്കൂള്‍ പ്ലസ്ടുവും പോകട്ടെ, സാദാ സണ്ടേസ്‌ക്കൂള്‍ പത്താം ക്ലാസ് പാസായിട്ടുള്ള എത്രപേര്‍ ഇന്ന് സഭാ സമിതികളില്‍ അംഗങ്ങളായുണ്ട്? അന്വേഷിച്ചുപോയാല്‍ ഉത്തരം ഞെട്ടിക്കുന്നതായിരിക്കും. മറുബാസായ്ക്ക് കമ്പേക്കുത്തി കുലുക്കുന്ന സാധനം എന്നു പള്ളി മാനേജിംഗ് കമ്മറ്റിയില്‍ വിവരിച്ച അംഗത്തിന്റെയോ അതിലും താഴ്ന്നതോ ആയ സഭാജ്ഞാനനിലവാരമാണ് അത്യുന്നത സമതികളിലെ അംഗങ്ങളില്‍ പലരുടേതും എന്നത് രഹസ്യമൊന്നുമല്ല. ഈ നിലവാരത്തകര്‍ച്ചയാണ് അനുമോദന – അനുശോചന – പ്രതിഷേധ പ്രമേയങ്ങള്‍ പാസാക്കാന്‍ മാത്രം സമ്മേളിക്കുന്ന ബഹളസേന ആയി മാനേജിംഗ് കമ്മറ്റിയെ അധഃപതിപ്പിച്ചത്. അതേ നിലവാരത്തകര്‍ച്ചയാണ് മാന്യന്മാര്‍ അവിടെനിന്നും അകന്നുനില്‍ക്കാന്‍ പ്രേരകമാകുന്നതും.

ഇന്ന് സഭയിലൂടെ സ്വയം രാജ്യവും ശക്തിയും മഹത്വവും ഉണ്ടാക്കാനാണ് മിക്കവരും സഭാ സമിതികളില്‍ കയറിപ്പറ്റുന്നത്. പ്രശസ്തി, പണം, രാഷ്ട്രീയ സ്ഥാനങ്ങള്‍ … അങ്ങിനെ തികച്ചും ഭൗതീകമായ നേട്ടങ്ങള്‍ മാത്രമാണ് ഇവരുടെ ലക്ഷ്യം. മറ്റു യാതൊരു മാര്‍ഗ്ഗത്തിലും ഇവ ലഭ്യമാകാനിടയില്ലാത്തവര്‍ സഭാ സമതികളെ ഇതിന് കളമാക്കുന്നു. ഈ ചവിട്ടുനാടകത്തില്‍ നശിക്കുന്നത് സഭയും. പക്ഷേ മുന്‍കാലങ്ങളില്‍ അങ്ങിനെ അല്ലായിരുന്നു. സ്വന്ത നിലയില്‍ പേരും പ്രശസ്തിയുമുണ്ടാക്കിയ പ്രഗല്‍ഭരാണ് സഭാ സമതികളില്‍ എത്തിയിരുന്നത്. ഉദാഹരണത്തിന് 1911 എടുക്കാം. ഇലഞ്ഞിക്കല്‍ ഇ. ജെ. ജോണ്‍ വക്കില്‍, പത്രാധിപര്‍ കെ. സി. മാമ്മന്‍ മാപ്പിള, കന്നുകുഴിയില്‍ കുരുവിള എന്‍ജിനിയര്‍, മഴുവഞ്ചേരിപറമ്പത്ത് എം. എ. ചാക്കോ സൂപ്രണ്ട്, പ്രിന്‍സിപ്പാള്‍ എം. എ. വര്‍ക്കി, ചാലി കോര, പള്ളിക്കര സി. പി. തരകന്‍, പള്ളിക്കൂടം ഇന്‍സ്പക്ടര്‍ റാവുസാഹിബ് ഒ. എം. ചെറിയാന്‍ … തുടങ്ങിയവരാണ് സഭയുടെ ആലോചനക്കാര്‍. ഇവരൊക്കെ സ്വന്തം നിലയില്‍ പേരും പ്രശ്‌സ്തിയും നേടിയവരാണ്. സഭയുടെ ചിലവില്‍ അവ സംഘടിപ്പിക്കാന്‍ കടന്നുവന്നവരല്ല. വീരരാഘവയ്യരുടെ കുപ്രസിദ്ധമായ ഹൈക്കോടതി വിധിക്കെതിരെ കോര്‍ട്ടലക്ഷ്യത്തെ ഭയക്കാതെ തന്‍റെ ഭാവിയും, ജീവന്‍ പോലും പണയംവെച്ച് മലയാള മനോരമയില്‍ മുഖപ്രസംഗമെഴുതിയ കെ. സി. മാമ്മന്‍ മാപ്പിള ഈ സമതികളിലെ പുതിയ തലമുറയ്ക്ക് അജ്ഞാതനാണ്. മോശയുടെ സിഹാസനത്തില്‍ കയ്യാപ്പ ഇരിക്കുന്നു എന്നു ഇന്നത്തെ സ്ഥിതിയെ ചുരുക്കി പറയാം.

സഭാസമതികളിലേയ്ക്കുള്ള അടിസ്ഥാന യോഗ്യത സണ്ടേസ്‌ക്കൂള്‍ പത്താം ക്ലാസ് എന്നു നിശ്ചയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നിര്‍ബന്ധമായും ഉടന്‍തന്നെ നോമിനേറ്റഡ് അംഗങ്ങള്‍ക്ക് ഇതു ബാധകമാക്കണം. അതിനു ഭരണഘടനാ ഭേദഗതിയൊന്നും ആവശ്യമില്ല.

ഞാനാണ് നിയമം – ഈ പരാക്രമത്തില്‍ തച്ചുടയ്ക്കപ്പെട്ടത് സഭയുടെ നിയമ വാഴ്ചയാണ്. നൂറ്റാണ്ടുകളിലൂടെ വികസിച്ചുവന്ന പരുഷമര്യാദ എന്ന പ്രാദേശിക പാരമ്പര്യം മാത്രമല്ല, മലങ്കര പള്ളിയോഗം അംഗീകരിച്ച് നടപ്പില്‍ വരുത്തിയതും വിവിധ കോടതികളില്‍ കയറിയിറങ്ങി അംഗീകരിക്കപ്പെട്ടതുമായ ലിഖിതഭരണഘടന പോലും അട്ടിമറിക്കപ്പെടുകയും കാറ്റില്‍പറത്തപ്പെടുകയും ചെയ്യുന്നു. കൈക്കാരന്‍റെ അധികാരത്തില്‍ വികാരി കൈകടത്തുന്നതും, പള്ളി മാനേജിംഗ് കമ്മറ്റിയുടെ അധികാരം ഇടവക മെത്രാന്‍ കവര്‍ന്നെടുക്കുന്നതും, റൂള്‍സ് കമ്മറ്റി പരിഗണിക്കേണ്ട വിഷയത്തില്‍ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് നിശ്ചയം ചെയ്യുന്നതും, എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്‍റെ മാത്രം അധികാരപരിധിയില്‍ വരുന്ന വിഷയത്തില്‍ സഭാ മാനേജിംഗ് കമ്മറ്റി പ്രമേയം പാസാക്കുന്നതും ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. നിയമത്തെക്കുറിച്ചുള്ള അജ്ഞതമാത്രമല്ല, സ്ഥാപിത താല്പര്യത്തിനായി നിയമത്തെ ബലികഴിക്കുന്ന ധാര്‍ഷ്ട്യവും ഇതിനു പിറകിലുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റു ചെയ്തതായതിനാല്‍ ഭദ്രാസന തിരട്ട് ഭദ്രാസന പൊതുയോഗം പാസാക്കേണ്ടതില്ല എന്നു തിരുറൂളിംഗ് കൊടുത്ത പരിശുദ്ധ ഭദ്രാസന സെക്രട്ടറിമാര്‍ വരെയുണ്ട്.

നിയമശാസ്ത്രത്തില്‍ (juries prudence) – ഒരു അടിസ്ഥാന തത്വം (maxim) ഉണ്ട്. അത് സ്വന്ത നിയമത്തേക്കുറിച്ചുള്ള അജ്ഞത അത് ലംഘിക്കുന്നതിന് ഒഴിവുകഴിവല്ല (Ignorantia juris nonexcusat ) എന്നാണ്. ആര്‍ക്കുവേണമെങ്കിലും അത്തരം ലംഘനങ്ങള്‍ക്കെതിരെ സിവില്‍ കോടതിയെ സമീപിക്കാം. കീഴ്‌വഴക്കമുണ്ടെന്നു വാദിച്ചിട്ടൊന്നും കാര്യമില്ല. സഭാഭരണഘടനാലംഘനം നിയമലംഘനമായിത്തന്നെ കോടതി കണക്കാക്കും. മുമ്പ് അപ്രകാരം സംഭവിച്ചിട്ടുമുണ്ട്.

വളയമില്ലാതെ ചാടുക എന്നത് താരതമ്യേന എളുപ്പമായിത്തോന്നാം. പക്ഷേ ദീര്‍ഘകാല അടിസ്ഥാനത്തില്‍ അത് സ്ഥിരമായി ചാട്ടം പിഴയ്ക്കാന്‍ ഹേതുവായിത്തീരും. അപ്പോള്‍ മാന്യ പ്രേഷകര്‍ പ്രതികരിക്കും. അത് ആത്യന്തികമായി വ്യാസം കുറഞ്ഞ വളയം ഉപയോഗിക്കാന്‍ ചാട്ടക്കാരനെ നിര്‍ബന്ധിതമാക്കുകയും ചെയ്യും. അത്രയും വരെ പോണോ?

ശൂന്യമാക്കുന്ന സ്ഥൂലത – കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ മലങ്കര സഭയുടെ ഭരണ നിര്‍വഹണ സമതികളുടെ അംഗസംഖ്യ ക്രമാതീതം വര്‍ദ്ധിച്ചു എന്നതാണ് ഇന്നത്തെ പ്രതിസന്ധിക്കുള്ള മറ്റൊരു കാരണം. മാനേജ്‌മെന്റ് ശാസ്ത്രത്തിലെ ഗ്രൈക്കൂണാസ് സിദ്ധാന്തമനുസരിച്ച് ഒരു സ്ഥാനിയുടെ നേരെ കീഴിലുള്ള ഉപസ്ഥാനികളുടെ എണ്ണം ഒരു പരിധിയിലധികം വര്‍ദ്ധിപ്പിച്ചാല്‍ കാര്യക്ഷമത ജ്യാമതീയ അനുപാതത്തില്‍ (Geometric proportion) കുറയും. പരസ്പരമുള്ള ആശയവിനമയ ശ്രംഖലകളുടെ ബാഹുല്യമാണ് കാര്യക്ഷമത കുറയ്ക്കുന്നത്. ചുരുക്കത്തില്‍, 1877-ല്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റെ അദ്ധ്യക്ഷതയില്‍ വെട്ടിക്കല്‍ ദയറായില്‍ കൂടിയ ഏഴുപേരുടെ സുന്നഹദോസിന്‍റെ കാര്യക്ഷമതയുടെ നൂറിലൊന്നുപോലും ഇന്നത്തെ പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന് ഇല്ല എന്ന് ഈ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ കണ്ടെത്താനാവും. മാനേജിംഗ് കമ്മറ്റിയുടെ കാര്യവും വിഭിന്നമല്ല. അതിനാലാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍ രണ്ടും അതിലധികവും ദിവസം സമ്മേളിച്ചുകൊണ്ടിരുന്ന മാനേജിംഗ് കമ്മറ്റി അര ദിവസമായി ചുരുങ്ങിയതും കോടികളുടെ കണക്കും ബജറ്റും പോലും മിനിട്ടുകള്‍കൊണ്ട് പാസാകുന്നതും.

അധികാര കേന്ദ്രീകരണം ഓര്‍ത്തഡോക്‌സി അല്ല – സമതികള്‍ കാര്യക്ഷമമല്ലാതാകുന്നതോടെ ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ ഭരണാധികാരി നിര്‍ബന്ധിതനാകും. കാലാന്തരത്തില്‍ ഇത് ഏകാധിപത്യത്തിലേയ്ക്കു നയിക്കും. അതോടൊപ്പം വിശകലന പ്രമാദത്തിനുള്ള (Error in judgement) സാദ്ധ്യതയും ഏറും. ഇത്തരമൊരു സാദ്ധ്യത 1934-ലെ സഭാ ഭരണഘടനാ നിര്‍മ്മാതാക്കള്‍ മുമ്പുകൂട്ടി കണ്ടിരുന്നു. അതിനാലാണ് കാതോലിക്കായ്ക്ക് ആലോചനയ്ക്കായി സിനഡ് സബ്കമ്മറ്റിയും മലങ്കര മെത്രാപ്പോലീത്തായ്ക്ക് വര്‍ക്കിംഗ് കമ്മറ്റിയും ഇടവക മെത്രാപ്പോലീത്തായ്ക്ക് ഭദ്രാസന കൗണ്‍സിലും രൂപംകൊണ്ടത്. ഇന്ന് ഫലത്തില്‍ ഇവ നാമമാത്ര സമതികളായി മാറിയിട്ടുണ്ട്.

അറുപഴഞ്ചനും പിന്തിരിപ്പനുമായ ഹൂദായ കാനോന്‍ മെത്രന്മാരുടെ ഏകാധിപത്യം അംഗീകരിക്കുന്നില്ല എന്നതാണ് രസകരം. എന്നതാണ് കൗതുകകരം. ഹൂദായ കാനോന്‍ ഏഴാം കെപ്പലയോന്‍ മൂന്നാം പെസൂക്കോ – ദിദസ്‌ക്കലിയ, … ദൈവജ്ഞാനത്തിന്‍റെ ഉപദേഷ്ടാക്കന്മാരായി നിങ്ങളുടെ അടുക്കല്‍ കശ്ശീശന്മാരുണ്ടായിരിക്കണം. അവര്‍ നിങ്ങളെ അറിയിക്കുന്ന സത്യവിശ്വാസവും സ്വസ്ഥോപദേശവും അവരില്‍നിന്നും കൈക്കൊള്‍വീന്‍… എന്ന് മെത്രാന്മാരോട് കല്പിക്കുന്നുണ്ട്. ഇവിടെ കശ്ശീശ എന്നതിന് മൂപ്പന്‍ (elder) എന്ന് അര്‍ത്ഥമെടുത്താല്‍ മതി. ആലോചനാ സമതികള്‍ മെത്രാനെ തിരുത്തണം. അവര്‍ക്ക് അതിന് അധികാരമുണ്ട്. നിയമാനുസൃതമായ അത്തരം തിരുത്തലുകള്‍ അംഗീകരിക്കാനും അനുസരിക്കാനും ഇടവക മെത്രാന്‍ ബാദ്ധ്യസ്ഥനാണ്. പക്ഷേ അതിനു യോഗ്യതയുള്ള എത്ര മൂപ്പന്മാര്‍ ഈ സമതികളില്‍ അംഗങ്ങളായി ഇന്നുണ്ട് എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്.

സിനഡ് സബ്കമ്മറ്റിയും വര്‍ക്കിംഗ് കമ്മറ്റിയും ഭദ്രാസന കൗണ്‍സിലും സമയബന്ധിതമായി – കുറഞ്ഞത് മാസത്തിലൊരിക്കല്‍ – സമ്മേളിക്കട്ടെ. യഥാക്രമം കാതോലിക്കാ മലങ്കര മെത്രാപ്പോലീത്താ ഇടവക മെത്രാപ്പോലീത്താ എന്നിവര്‍ തീര്‍പ്പാക്കേണ്ട വിഷയങ്ങള്‍ ഈ സമതികള്‍ ആലോചിച്ച് ശുപാര്‍ശ ചെയ്യട്ടെ. അവ നടപ്പാക്കട്ടെ. നിശ്ചയമായും സഭാഭരണത്തില്‍ നാടകീയ മാറ്റങ്ങള്‍ വരും. പക്ഷേ ഇവയിലെ അംഗങ്ങള്‍ വെറും എറാന്‍മൂളികളും സ്ഥാനമോഹികളും ആയിരിക്കരുതെന്നു മാത്രം.

മെത്രാനും മെത്രാസനവും – 1876-ല്‍ പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് സൃഷ്ടിച്ച ഏഴു ഭദ്രാസനങ്ങള്‍ നൂറു വര്‍ഷത്തിലധികം മാറ്റമില്ലാതെ തുടര്‍ന്നു. ഇതിനിടയില്‍ ഇന്ത്യ, ഗോവ, സിലോണ്‍ എന്ന ലത്തീന്‍ ഭദ്രാസനവും, ക്‌നാനായ, മലബാര്‍, ബാഹ്യകേരള ഭദ്രാസനങ്ങള്‍ എന്നിവയും പുതുതായി രൂപംകൊണ്ടതുമാത്രമാണ് ഇതിനൊരപവാദം. പിന്നീട് അടിസ്ഥാന ഏഴു ഭദ്രാസനങ്ങളെ പുനഃക്രമീകരിച്ച് കോട്ടയം സെന്‍ട്രല്‍, ഇടുക്കി, കുന്നംകുളം, ചെങ്ങന്നൂര്‍, തിരുവനന്തപുരം ഭദ്രാസനങ്ങള്‍ കൂടി രൂപീകൃതമായി. അതിനുശേഷം മാനദണ്ഡങ്ങളൊന്നുമില്ലാതെയാണ് തുടരെ പുനഃക്രമീകരണം നടത്തി പുതിയ ഭദ്രാസനങ്ങള്‍ സൃഷ്ടിച്ചുവരുന്നത്.

1876-ല്‍ ഏഴു ഭദ്രാസനങ്ങള്‍ സൃഷ്ടിച്ചു എങ്കിലും പിന്നീട് അര നൂറ്റാണ്ടുകാലം ഇവ ഭരിക്കാന്‍ അത്രയും മെത്രന്മാര്‍ ഇല്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മാനേജിംഗ് കമ്മറ്റിയും മെത്രന്മാരുടെ എണ്ണംകൂട്ടുന്നതില്‍ ഇക്കാലത്ത് വിമുഖരായിരുന്നു. 1902 – 8 കാലത്ത് പത്രോസ് പാത്രിയര്‍ക്കീസ് വാഴിച്ച ആറുപേരില്‍ നാലുപേര്‍ കാലം ചെയ്യുകയും ഒരാള്‍ രോഗിയാകുകയും ചെയ്തു. അതിനുമുമ്പ് ദര്‍ഘകാലം മലങ്കരയുടെ ഏതാണ്ട് പകുതി – നിരണം കൊല്ലം തുമ്പമണ്‍ – ഒരുമിച്ച് ഭരിച്ചിരുന്നത് പ. പരുമല തിരുമേനിയായിരുന്നു. ഇതേകാലത്ത് കടവില്‍ മാര്‍ അത്താനാസ്യോസാകട്ടെ വിശാലമായ കോട്ടയം അങ്കമാലി ഭദ്രാസനങ്ങളെ ഒരേ സമയം കാര്യക്ഷമമായി ഭരിച്ചിരുന്നു. ഈ മാതൃകകള്‍ മുമ്പിലുണ്ടായിരുന്ന സാഹചര്യത്തിലാണ് നസ്രാണികള്‍ തങ്ങള്‍ക്ക് മെത്രാന്മാര്‍ കുറച്ചുമതി എന്ന നിലപാട് ആവര്‍ത്തിച്ചത്. പാത്രിയര്‍ക്കീസ് വരച്ചിട്ട ഏഴ് എന്ന മാസ്മരിക സംഖ്യയില്‍ മെത്രാന്മാരുടെ എണ്ണം വീണ്ടും എത്തിക്കണമെന്ന് ചിലര്‍ ആഗ്രഹിച്ചെങ്കിലും പുതുതായി രണ്ടിനപ്പുറം പോകാന്‍ അന്നു നസ്രാണികള്‍ തയാറായില്ല. മലങ്കരയില്‍ മലങ്കര മെത്രാനെ കൂടാതെ പരമാവധി മൂന്നു മെത്രാന്മാര്‍ മതി എന്നായിരുന്നു നസ്രാണിയുടെ അക്കാലത്തെ മനോഭാവം. തുടര്‍ന്ന് 1950 വരെയുള്ള കാലത്ത് വ്യവഹാരങ്ങള്‍മൂലം തിരഞ്ഞെടുപ്പ് തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ സൗകര്യം കിട്ടുമ്പോള്‍ പലരെ തിരഞ്ഞെടുത്തുവയ്ക്കുമെങ്കിലും മെത്രാനായി വാഴിക്കുന്നത് ആവശ്യാനുസൃതം മാത്രമായിരുന്നു.

മെത്രാന്മാരുടെ എണ്ണം പരിമിതപ്പെടുത്തിയെങ്കിലും ഭദ്രാസനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമമൊന്നും നടത്തിയിരുന്നില്ല. പ. പരുമല തിരുമേനിക്ക് കൊടുത്തതുപോലെ ഒന്നിലധികം ഭദ്രസനങ്ങളുടെ ചുമതല ഒരു മെത്രാനെ ഏല്പിക്കുക എന്നതായിരുന്നു അക്കാലത്ത് പതിവ്. 1912-ല്‍ കാരുചിറ മാര്‍ പീലക്‌സീനോസിന് കൊട്ടയം അങ്കമാലി ഭദ്രാസനങ്ങളുടേയും കരവട്ടുവീട്ടില്‍ മാര്‍ ഈവാനിയോസിന് കണ്ടനാട് തുമ്പമണ്‍ ഭദ്രാസനങ്ങളുടേയും ചുമതലയാണ് ഏല്പിച്ചത്.

മലബാര്‍, ബാഹ്യകേരളം പോലെയുള്ള ഭദ്രാസനങ്ങള്‍ രൂപീകരിച്ചതും 1970-80 കളിലെ പുനഃക്രമീകരണംവും നസ്രാണികളുടെ മാറിയ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുരൂപമായ നടപടിയായിരുന്നെങ്കില്‍ പിന്നീട് അതിനു മാനദണ്ഡം നഷ്ടപ്പെട്ടു ചിലരുടെ ഭാഷയില്‍ ഇന്ന് ഇത് പഞ്ചായത്തുതോറും ഭദ്രാസനം എന്ന നിലയിലെത്തി. അജപാലനത്തിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന മോഹനസുന്ദര പ്രകടനപത്രിക ഇതിനാസ്പദമായി ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും ഭദ്രാസനങ്ങളില്‍ മെത്രാന്മാര്‍ എന്തു ചെയ്യണം എന്നെതിന് നടപടിച്ചട്ടമോ മാര്‍ഗ്ഗനിര്‍ദ്ദേശമോ പോലും ഇതഃപര്യന്തം ഉണ്ടായിട്ടില്ല. എന്തിന്, ഹൂദായകാനോന്‍ അനുശാസിക്കുന്ന മെത്രാനടുത്ത ധര്‍മ്മങ്ങള്‍ പോലും പാലിക്കപ്പെടുന്നുണ്ടോ എന്ന് ഇന്ന് പരിശോധിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ഭദ്രാസനങ്ങള്‍ – ചിലതെങ്കിലും – മെത്രാന്‍റെ സാമ്രാജ്യമായെങ്കില്‍ അത്ഭുതത്തിന് അവകാശമില്ല.

കഴിഞ്ഞ മൂന്നു ദശവല്‍സരങ്ങള്‍ക്കിടയില്‍ അപകടകരമായ മറ്റൊരു പ്രവണത വളര്‍ന്നു വന്നു. സഭയ്ക്കും ഭദ്രാസനത്തിനും മെത്രാന്‍ എന്ന പരമ്പരാഗത കാഴ്ചപ്പാട് പാടെ തകിടംമറിച്ച് മെത്രാന്‍റെ ഭദ്രാസനം എന്ന നൂതന തത്വശാസ്ത്രം സ്ഥാനംപിടിച്ചു. ഇതിന് ഉത്തരവാദി ആരായാലും ഇന്നത്തെ പ്രശ്‌നങ്ങളുടെ ഒന്നു പകുതി ഈ ത്വത്വശാസ്ത്ര വ്യതിചലനത്തില്‍നിന്നുണ്ടായതാണ് എന്നു നിസംശയം പറയാം. സഭ എന്തു നിശ്ചയിച്ചാലും എന്‍റെ ഭദ്രാസനത്തില്‍ ഞാനാണ് നിയമം എന്ന മനോഭവം വളര്‍ത്തിയതും ഈ നവദര്‍ശനമാണ്. സ്ഥലംമാറ്റത്തിന്‍റെ പേരില്‍ മെത്രാന്മാരെ പന്തടിച്ചതുകൊണ്ടൊന്നും ഈ പ്രശ്‌നത്തിനു പരിഹാരമാകില്ല. മെത്രാന്മാരുടെ എണ്ണത്തില്‍ കുറവു വരുത്തുകയും – കുറഞ്ഞപക്ഷം വര്‍ദ്ധിപ്പിക്കാതിരുന്നും – പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് കഠിനവും സമയബന്ധിതവും ആവര്‍ത്തിതവുമായ സ്വയംവിമര്‍ശനം നടത്തുകയും, കര്‍ശനമായ തിരുത്തല്‍ നടപടികള്‍ കാലാകാലങ്ങളില്‍ എടുക്കുകയും ചെയ്താല്‍ മാത്രമെ ഇതിനൊരു പരിഹാരമുണ്ടാവു.

താഴോട്ടൊഴുകാത്ത അധികാരം ഒരു വസ്തുത അംഗീകരിച്ചേ തീരൂ. മലങ്കര സഭാ ഭരണം ഇനിയും കാര്യക്ഷമമാകേണ്ടിയിരിക്കുന്നു. ഭദ്രാസനങ്ങളുടേയും മെത്രാന്മാരുടേയും എണ്ണം കൂട്ടുന്നതും മാനേജിംഗ് കമ്മറ്റിയുടെ അംഗബലം വര്‍ദ്ധിപ്പക്കുന്നതും അതിനു പരിഹാരമല്ല. അത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയേ ഉള്ളു. യഥാര്‍ത്ഥത്തില്‍ ഇന്നുള്ളതിന്‍റെ പകുതി മെത്രാന്മാരും മാനേജിംഗ് കമ്മറ്റിയില്‍ ഓരോ ഭദ്രാസനത്തിനും 1 : 2 എന്ന അനുപാതത്തില്‍ വൈദീക- അവൈദീക തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അതിന് ആനുപാതികമായ നോമിനേറ്റഡ് അംഗങ്ങളും മതി സഭാ ഭരണം സുഗമമായി നടക്കാന്‍. ഉണ്ടാകേണ്ടത് ഭരണ വികേന്ദ്രീകരണമാണ്.

അധികാര ശ്രേണിയില്‍ (Scalar chain) ഒരു തലം കൂടി സൃഷ്ടിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. അതിനുള്ള അടിസ്ഥാന ഘടകം ഇന്നു പ്രാഗ്‌രൂപത്തില്‍ ഭദ്രാസനങ്ങളിലെ ഗ്രൂപ്പുകളായി നിലവിലുണ്ട്. അവയെ ഭദ്രാസന ശൈലിയില്‍ കോര്‍എപ്പിസ്‌ക്കോപ്പേറ്റുകളായി പുനര്‍ക്രമീകരിച്ചാല്‍ മതി. റോമന്‍ കത്തോലിക്കാ സഭയിലെ ഫൊറോനാ രീതിയില്‍ ഇവ ഭദ്രാസനത്തിനും ഇടവകപ്പള്ളികള്‍ക്കുമിടയില്‍ ഭരണ തലമായി നിലവില്‍വന്നാല്‍ പ്രദേശിക കാര്യനിര്‍വഹണം കൂടുതല്‍ ഫലപ്രദമാകുകയും മെത്രാന്മാരുടെ ജോലിഭാരം കുറയുകയും ചെയ്യും. അപ്പോള്‍ അവര്‍ക്ക് ഒന്നലധികം ഭദ്രാസനങ്ങളുടെ ചുമതല ഒരേസമയം കാര്യക്ഷമമായി വഹിക്കാനാവും. വൃഥാസ്തൂലത കുറയുന്നതോടെ പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും കൂടുതല്‍ സജീവവും പ്രവര്‍ത്തനോന്മുഖവുമാകും.

അരക്ഷിതബോധം – മനഃശാസ്ത്രപരമായി വിശകലനം ചെയ്താല്‍ ഇന്ന് പല മെത്രാന്മാരും അരക്ഷിത ബോധത്തിന്‍റെ (insecurity complex) തടവിലാണന്നു കാണാം. മിക്കവര്‍ക്കും അബോധമനസിലാണ് ഇതു പ്രവര്‍ത്തിക്കുന്നതെന്നുമാത്രം. ഈ അവസ്ഥ ഭംഗിയായി ചൂഷണം ചെയ്യാന്‍ അവരുടെ സ്തുതിപാഠകര്‍ക്കറിയാം. കുറഞ്ഞോരുകാലംകൊണ്ട് തങ്ങളില്ലാതെ മെത്രാന് നിലനില്‍പ്പോ ജീവിതംപോലുമോ ഇല്ലന്ന് മെത്രാന്‍റെ അബോധമനസില്‍ ഇവര്‍ കോറിയിടും. അതോടെ മെത്രാന്‍ തികച്ചും അവരുടെ ആശ്രിതനായി മാറും. ഇതും ഇന്നു സംഭവിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള അരക്ഷിതബോധം മറ്റൊരു അപകടകരമായ അവസ്ഥയിലേയ്ക്കു മേലധികാരികളെ നയിക്കും. തങ്ങളേക്കാള്‍ ഏതെങ്കിലും വിധത്തില്‍ മികച്ചവരെന്നു തോന്നുന്നവരെ മുഖ്യധാരയില്‍നിന്നും ഒഴിച്ചുനിര്‍ത്തും. അതിനുമപ്പുറം അവരെ ശാശ്വതമായി ഒതുക്കാനുള്ള ശ്രമവും അവരില്‍നിന്നും ഇതോടൊപ്പമുണ്ടാകും. ഭരണശാസ്ത്രം (Management) നിര്‍ദ്ധാരണം ചെയ്ത ഒരു മാനസികാവസ്ഥയാണിത്. ഇത്തരം അരക്ഷിതബോധം ബോധപൂര്‍വം വളര്‍ത്തിയെടുക്കുന്ന സ്തുതിപാഠകരുടെ നിരന്തര പ്രേരണകൂടിയാകുമ്പോള്‍ മേലധികാരിയുടെ ഈ മാനസികാവസ്ഥ രൂക്ഷമാകും എന്നത് നിസ്തര്‍ക്കമാണ്. അതോടെ അവര്‍ പൂര്‍ണ്ണമായും ആശ്രിതര്‍ മാത്രമാകും. സ്തുതിപാഠകര്‍ക്കു വേണ്ടിയതും അതാണ്.

അരക്ഷിതബോധം സൃഷ്ടിക്കുന്ന മറ്റൊരു അപകടകരമായ മാനസികാവസ്ഥയാണ് എല്ലാം സ്വന്തം കൈപ്പിടിയിലൊതുക്കാനും ആരെയും വിശ്വസിക്കാതിരിക്കാനുമുള്ള പ്രവണത. പ്രകടമായും ഇത് നയിക്കുന്നത് ഏകാധിപത്യത്തിലേയ്ക്കാണ്. അധികാരം പങ്കുവെച്ചാല്‍ താന്‍ അട്ടിമറിക്കപ്പെടുമെന്ന വിശ്വസാണ് ഈ ഭയത്തിനു നിദാനം. തന്നാല്‍ മാത്രം ഭരിക്കപ്പെടുന്ന, തീരുമാനമെടുക്കാന്‍ മറ്റധികാരികളില്ലാത്ത, ഒരു സംവിധാനത്തില്‍ താന്‍ സുരക്ഷിതനാണന്ന മിഥ്യാബോധമാണ് ഇത്തരമൊരു മാനസികാവസ്ഥയ്ക്കു ഹേതു.

പരക്കെ അംഗീകരിക്കപ്പെടുന്ന മറ്റൊരു ഭരണശാസ്ത്ര നിയമം ഉണ്ട്. ഒരു മേലധികാരി തന്നേക്കാള്‍ കഴിവുള്ള പിന്‍ഗാമികളേയും കീഴ്ജീവനക്കാരെയും സൃഷ്ടിക്കാത്തപക്ഷം പ്രസ്ഥാനം – അതെന്തായാലും – ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇല്ലാതാവും. മുകളില്‍ പരാമര്‍ശിച്ച അരക്ഷിത ബോധം മേലധികാരികളില്‍ സൃഷ്ടിക്കുന്ന തന്നേക്കാള്‍ കേമന്മാരായ രണ്ടാംനിര നേതൃത്വം ഉണ്ടായാല്‍ തന്‍റെ കസേര തെറിക്കുമോ എന്ന ഭീതി താഴ്ന്ന നിലവരത്തിലുള്ളവരെ മാത്രം ആശ്രയിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കും. കാലം മുമ്പോട്ടു ഗമിക്കുംതോറും രൂക്ഷമാകുന്ന ഈ നിലവാരത്തകര്‍ച്ച മൂലം വൃത്തം ചുരുങ്ങിചുരുങ്ങി പ്രസ്ഥാനം ഇല്ലാതാവും. മലങ്കര സഭ ഇന്നു നീങ്ങുന്നത് ഈ അപകടകരമായ അവസ്ഥയിലേയ്ക്കാണ്.

മേശയ്ക്കു വയ്ക്കുന്ന വെണ്‍മണി വര്‍ക്കിയും രായസം എഴുത്തു കൊച്ചുവര്‍ക്കിയും – മെത്രാന്മാരുടെ ഏകനായകത്വത്തിന് എതിര്‍ശക്തിയായി രൂപംകൊടുത്ത അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയുടെ നിലവാരത്തകര്‍ച്ചയും അതുമൂലമുണ്ടായ കാര്യക്ഷമതയില്ലായ്മയും രണ്ടുവിധത്തിലാണ് സഭാ ഭരണയന്ത്രത്തെ ബാധിച്ചത്. ഒന്നാമതായി, എന്ത് ഇല്ലാതാക്കണമെന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍ നസ്രാണികള്‍ ആഗ്രഹിച്ചോ ആ ഏകാധിപത്യം മറ്റു രീതികളില്‍ മടങ്ങിവന്നു. രണ്ടാമതായി, മെത്രാന്മാരുടെ ഉപദേശകരുടേയും കാര്യവിചാരകരുടേയും സ്ഥാനത്ത് അനര്‍ഹരും കഴിവുകെട്ടവരും കടന്നുകൂടി.

ഇത് ബാലിശമായ വാദമല്ല. മലങ്കരയില്‍ തദ്ദേശീയ മെത്രാനുണ്ടായ 1653 മുതല്‍ നസ്രാണികള്‍ക്കിടയിലെ ഏറ്റവും പ്രഗല്‍ഭരാണ് മെത്രാന്മാരുടെ കാര്യവിചാരകരായി ചരിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 1653-ല്‍ മാര്‍ത്തോമ്മാ ഒന്നാമന്‍റെ ആലോചനക്കാരായി മലങ്കര പള്ളിയോഗം നിയമിച്ചത് അക്കാലത്തെ ഏറ്റവും പ്രഗല്‍ഭ പട്ടക്കാരായ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാര്‍, പറമ്പില്‍ ചാണ്ടി കത്തനാര്‍, പള്ളിവീട്ടില്‍ ചാണ്ടി കത്തനാര്‍, വേങ്ങൂര്‍ ഗീവര്‍ഗീസ് കത്തനാര്‍ എന്നിവരെയാണ്. 1809-ലെ കണ്ടനാട് മലങ്കര പള്ളിയോഗം മാര്‍ത്തോമ്മാ എട്ടാമന്‍റെ കാര്യവിചാരകരായി നിയമിക്കുന്നത് മുഖവര ആവശ്യമില്ലാത്ത കായംകുളം പീലിപ്പോസ് റമ്പാന്‍, പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ എന്നിവരെയാണ്. മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മേല്പട്ട സ്ഥാനമേറ്റു വന്ന് മാര്‍ യൂയാക്കീം കൂറിലോസ്, മാര്‍ മാത്യൂസ് അത്താനാസ്യോസ് എന്നിവരോട് ശൂന്യഹസ്തനായി അങ്കം കുറിക്കുമ്പോള്‍ അദ്ദേഹം അതില്‍ വിജയിക്കുമെന്ന് നാളാഗമ കര്‍ത്താവായ കരവട്ടുവീട്ടീല്‍ മാര്‍ ശെമവോന്‍ ദീവന്നാസ്യോസ് ശുഭാപ്തി വിശ്വസം പ്രകടിപ്പിക്കുന്നത് ….. വടക്കേദിക്കിലുള്ള പ്രമാണപ്പെട്ടരാകുന്ന ചാലി, മാടപ്പറമ്പന്‍, കല്ലറയ്ക്കന്‍, മല്പാനച്ചന്‍, മാമലശ്ശേരി അമ്പാട്ടില്‍, പള്ളിക്കരക്കാറര്‍ മുതലായ ശെഷം പ്രമാണപ്പട്ടവരൊക്കെയും പുലിക്കോട്ടില്‍ മെത്രാനു സ്വാധീനപ്പെട്ടും ….. ഇരിക്കുന്നതുകൊണ്ടാണ്.

പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാനായി ഭരിക്കുന്ന പില്‍ക്കാലങ്ങളില്‍ അദ്ദേഹത്തിന്‍റെ കാര്യവിചാരകരായി പ്രത്യക്ഷപ്പെടുന്നത് ആറ്റുമാലില്‍ സ്‌കറിയാ കത്തനാര്‍, മാലിത്ര ഏലിയാസ് കത്തനാര്‍, ഇടവഴിക്കല്‍ ഇ. എം. ഫിലിപ്പ് തുടങ്ങിയവരാണ്. പിന്നീട് അദ്ദേഹം പ. പരുമല തിരുമേനിയുടെ കാര്യവിചാരകനായി അദ്ദേഹത്തിന്‍റെ കല്പനകളില്‍ നിറഞ്ഞുനില്‍ക്കുന്ന മലങ്കര മല്‍പ്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാരെ തന്‍റെ മുഖ്യ കാര്യവിചാരകനും തുടര്‍ന്ന് പിന്‍ഗാമിയുമാക്കി. അങ്കമാലിയില്‍ യോഗ്യരായി ആരും ഇല്ലാത്തതിനാലാവാം കടവില്‍ മാര്‍ അത്താനാസ്യോസ് അവിടെ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട വാകത്താനം കാരുചിറ ഗീവറുഗീസ് റമ്പാനെ കാര്യവിചാരകനും കണ്ടനാട് ഭദ്രാസനത്തില്‍പ്പെട്ട മലങ്കര മല്‍പ്പാന്‍ കോനാട്ട് മാത്തന്‍ കത്തനാരെ വികാരി ജനറാളുമാക്കിയത്.

പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്‍എന്നിവരുടെ കാലത്ത് പ്രഗല്‍ഭരായ ആലോചനക്കാരുടെ ഒരു നീണ്ടനിര കാണാനാവും. പണിക്കരുവീട്ടില്‍ പി. റ്റി. ഗീവര്‍ഗീസ് കത്തനാര്‍, വല്യപാറേട്ട് മാത്യൂസ് കത്തനാര്‍, മല്‍പ്പാന്‍ മട്ടയ്ക്കല്‍ അലക്‌സന്ത്രയോസ് കത്തനാര്‍, കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള, കന്നുകുഴിയില്‍ കുരുവിള എന്‍ജിനിയര്‍, മഴുവഞ്ചേരിപറമ്പത്ത് എം. എ. ചാക്കോ സൂപ്രണ്ട്. ഇലഞ്ഞിക്കല്‍ ഇ. ജെ. ജോണ്‍ വക്കില്‍, റാവുസാഹിബ് ഒ. എം. ചെറിയാന്‍ … പട്ടിക ഇങ്ങനെ നീളുന്നു. ഇവര്‍ക്ക് പകരം വയ്ക്കാവുന്ന എത്രപേര്‍ ഇന്ന് മെത്രാന്മാരുടെ ആലോചനക്കാരായി ഉണ്ട് എന്ന കണക്കെടുത്താല്‍ ഏതാണ്ട് ശൂന്യമായ ഒരു പട്ടികയാകും ലഭിക്കുക എന്നത് നിസ്തര്‍ക്കമാണ്.

ഇന്ന് മലങ്കരയില്‍ പ്രഗല്‍ഭരുടേയും സഭാ സ്‌നേഹികളുടേയും ഉറവ വറ്റിപ്പോയതല്ല ഈ ദുര്യോഗത്തിനു കാരണം. അത്തരക്കാര്‍ക്ക് ഇന്നും കുറവൊന്നുമില്ല. പക്ഷേ അവരെ സഭാഭരണത്തിന്‍റെ മേല്‍ത്തട്ടുകളില്‍നിന്നും ബോധപൂര്‍വം അകറ്റി നിര്‍ത്തുന്നു. അതിനാല്‍ത്തന്നെ അവരില്‍ ഭൂരിപക്ഷവും ഏതെങ്കിലും സ്ഥാനം സ്വീകരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്ന അവസ്ഥ സംജാതമാകുന്നു. ഈ ദുരവസ്ഥയ്ക്ക് ഏകനായകത്വം കാംക്ഷിക്കുന്ന മെത്രാന്മാരെ മാത്രം കുറ്റംപറഞ്ഞിട്ടു കാര്യമില്ല. അവര്‍ക്കു മാത്രമായി ഇത്തരമൊരു മസ്തിഷ്‌കചോര്‍ച്ച സൃഷ്ടിക്കാനാവില്ല.

ഇവിടെയാണ് മേശയ്ക്കു വയ്ക്കുന്ന വെണ്‍മണി വര്‍ക്കിയും രായസം എഴുത്തു കൊച്ചുവര്‍ക്കിയും പ്രസക്തമാകുന്നത്. വലിയ മാര്‍ ദീവന്നാസ്യോസിന്‍റെ ജീവനക്കാരായി ചരിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നവരാണ് ഇവര്‍ ഇരുവരും. യഥാക്രമം മെത്രാനു ഭക്ഷണം ഒരുക്കുക, അദ്ദേഹത്തിന്‍റെ കല്പനകള്‍ കേട്ടെഴുതുക എന്നതാണ് അവരുടെ ജോലി. സഭാഭരണത്തിലൊന്നും അവര്‍ക്ക് നാമമാത്രമായിപോലും പങ്കില്ല. വലിയ മാര്‍ ദീവന്നാസ്യോസിന്‍റെ ആലോചനക്കാരും കാര്യവിചാരകരും പ്രതിനിധികളുമായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് കായംകുളം ഫീലിപ്പോസ് റമ്പാന്‍, അങ്കമാലി ചക്കരയകത്തൂട്ട് ഇട്ടൂപ്പ് കത്തനാര്‍, മാവേലിക്കര വല്യപെരുമ്പിഴ കൊച്ചിട്ടി തരകന്‍ എന്നീ പ്രഗല്‍ഭരെയാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇന്ന് മിക്ക മെത്രാന്മാരെ സംബന്ധിച്ചിടത്തോളം ഈ ത്രിമൂര്‍ത്തികളുടെ സ്ഥാനം മേശയ്ക്കു വയ്ക്കുന്ന വെണ്‍മണി വര്‍ക്കിമാരും രായസം എഴുത്തു കൊച്ചുവര്‍ക്കിമാരും അപഹരിച്ചിരിക്കുകയാണ് എന്ന് കാണാം. അപൂര്‍വം ചിലര്‍ക്കു മാത്രമാണ് ഇന്ന് ഇതില്‍നിന്നും വിമുക്തരായി നില്‍ക്കാന്‍ സാധിക്കുന്നത്.

സ്ഥാപിതതാല്‍പര്യരഹിതരും ശേഷിമാന്മാരുമായ ഉപദേശകരുടെ സാന്നിദ്ധ്യം മെത്രാന്മാരെ ശക്തരും കാര്യപ്രാപ്തിയുള്ളവരുമായ ഭരണാധികാരികളാക്കും. ഇതഃപര്യന്തമുള്ള ചരിത്രം കാട്ടിത്തരുന്നത് അതാണ്. അവിടെ മേശയ്ക്കു വയ്ക്കുന്ന വെണ്‍മണി വര്‍ക്കിമാര്‍ക്കും രായസം എഴുത്തു കൊച്ചുവര്‍ക്കിമാര്‍ക്കും സ്ഥാനമില്ല. അവരുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ വിലപ്പോവുകയുമില്ല. സ്വകാര്യ സാദ്ധ്യത്തിനായി മെത്രാന്മാരോടൊട്ടിക്കൂടിയ ഇത്തരക്കാര്‍ കര്‍മ്മശേഷിയുള്ളവരെ കഴിവതും മെത്രാന്മാരില്‍നിന്നും ഭരണവൃത്തങ്ങളില്‍നിന്നും ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിക്കും. പകരം തങ്ങളേയും തങ്ങളുടെ ആജ്ഞാനുവര്‍ത്തികളേയും അക്ഷരശൂന്യരേയും തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കും. അതോടെ മെത്രാന്‍ ദുര്‍ബലനാകും. ഭരണം സ്തുതിപാഠകരുടെ കൈപ്പിടിയിലൊതുങ്ങും. തുടര്‍ന്നുള്ള ഭരണ പരാജയത്തിന്‍റെ പാപഭാരം മെത്രാന്‍റെ തലയില്‍ ഇരിക്കുകയും ചെയ്യും.

ഇവിടെ ന്യായമായും ഒരു സംശയം ഉയരാം. എന്തുകൊണ്ട് മെത്രാന്മാര്‍ ഇത് മനസിലാക്കുന്നില്ല? ഇതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി, വൈദീക ശ്രേണിയെ പൊതുവേ ബാധിച്ച അപചയം. മുകളില്‍ വിശദീകരിച്ചതുപോലെ കഴിഞ്ഞ എതാനും ദശാബ്ദങ്ങളായി അധഃപതിച്ചു വരുന്ന മലങ്കരയിലെ വൈദീകരുടെ നിലവാരം . ഈ അപചയം തീര്‍ച്ചയായും അവരില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മെത്രാന്മാരെയും ബാധിച്ചിട്ടുണ്ട്. അജപാലനത്തിന്‍റെ നസ്രാണി-പൗരസ്ത്യ മൂല്യങ്ങളോ, പാശ്ചാത്യ മാതൃകയോ പരിഗണിക്കാതെ സ്വയം പ്രദര്‍ശനത്തിന്‍റെ ദുരാത്മാവ് ബാധിച്ച വൈദിക ശ്രേണിയുടെ സഹപ്രവര്‍ത്തക സ്വാധീനം തീര്‍ച്ചയായും മെത്രാന്മാരെയും ഗ്രസിച്ചിട്ടുണ്ട്. സ്തുതിപാഠകരായി അടുത്തുകൂടുന്നവര്‍ ഇത്തരം ഈഗോയെ പ്രോല്‍സാഹിപ്പിക്കും. രാജാവ് നഗ്‌നാണന്നു ഇവരാരും ഒരിക്കലും ചൂണ്ടിക്കാട്ടില്ല. ചുരുക്കത്തില്‍, കുറഞ്ഞകാലംകൊണ്ട് താന്‍ അതുല്യനാണന്ന മിധ്യാധാരണയില്‍ മെത്രാന്മാര്‍ എത്തിച്ചേരും. സതുതിപാഠകള്‍ ഈ നിസഹായ അവസ്ഥയില്‍ ഉപദേശകരും കാര്യവിചാരകരുമാകും. ഈ ചക്രത്തിന്‍റെ തനിയാവര്‍ത്തനം തുടര്‍ന്നും നടക്കുന്നു.

നടപടിച്ചട്ടങ്ങള്‍ പരിഷ്‌ക്കരിച്ചിട്ടും പെരുമാറ്റച്ചട്ടം കര്‍ശനമാക്കിയിട്ടും ഇന്ന് മെത്രാന്‍ തിരഞ്ഞെടുപ്പിന് വോട്ടുപിടുത്തവും കാക്കപിടുത്തവും നിര്‍ബാധം നടക്കുന്നു എന്നത് ഒരു വസ്തുതയാണ്. മറിച്ച് സംഭവിക്കുന്നില്ലന്നും യോഗ്യര്‍ തിരഞ്ഞെടുക്കപ്പെടുന്നില്ലന്നും ഇതിനര്‍ത്ഥമില്ല. പക്ഷേ ഇതൊരു യാഥാര്‍ത്ഥ്യമാണ്. അപ്രകാരമുള്ള തിരഞ്ഞെടുപ്പു പ്രചരണത്തില്‍ … സഹകരിച്ച് സംബന്ധപ്പെടുന്നവരെ... തൃപ്തിപ്പെടുത്തേണ്ട ബാദ്ധ്യത അത്തരം ഉപകാരങ്ങള്‍ കൈപ്പറ്റിയവര്‍ക്ക് ന്യായമായും ഉണ്ട്. അതോടൊപ്പം മറ്റുതരത്തില്‍ കൈപ്പറ്റുന്ന ഉപഹാരങ്ങളും ഏതെങ്കിലും വിധത്തില്‍ തിരച്ചടയ്‌ക്കേണ്ട ബാദ്ധ്യതയും സ്വീകര്‍ത്താക്കള്‍ക്കുണ്ട്. ഇതെല്ലാം ആത്യന്തികമായി സഭാ ഭരണയന്ത്രത്തിലും സമതികളിലും അനര്‍ഹരുടെ തള്ളിക്കയറ്റത്തിലാണ് അവസാനിക്കുക. ഇത്തരം ഏഴാംകിടക്കാരോടൊപ്പം വേദി പങ്കിടേണ്ടിവരുന്നതിലുള്ള മാനക്ഷയം ഒഴിവാക്കനാണ് യോഗ്യരായ പലരും സഭാസമതികളില്‍നിന്നും വിട്ടുനില്‍ക്കുന്നത് എന്നത് പരസ്യമായ രഹസ്യവും.

ഇവയെല്ലാംകൂടി ആത്യന്തികമായി മലങ്കരസഭയുടെ നയരൂപീകരണവും ഭരണ നിര്‍വഹണവും മേശയ്ക്കു വയ്ക്കുന്ന വെണ്‍മണി വര്‍ക്കിയുടേയും രായസം എഴുത്തു കൊച്ചുവര്‍ക്കിയുടേയും മാത്രം കൈകളിലെത്തിക്കും. അവരില്‍നിന്നുണ്ടാകുന്ന ഫലം ചിന്ത്യം. അതിനെ ആശ്രയിക്കുന്ന മെത്രാന്‍റെ ഗതിയും തഥൈവ. ആത്യന്തികമായി സഭയുടെ ഭാവിയും അസ്തു.

ഉയരപ്പെട്ടവന്‍റെ മറവില്‍ ... മലങ്കരസഭയിലെ മെത്രാന്മാരില്‍ ഇന്ന് ആരോപിക്കപ്പെടുന്ന കാര്യക്ഷമതാരാഹിത്യത്തിനു മെത്രാന്മാരുടെ സ്വവ്യക്തിത്വത്തിന്‍റെ ബലഹിനതകളും മുകളില്‍പ്പറഞ്ഞ കാരണങ്ങളും ഉണ്ട്. സ്തുതിപാഠകര്‍ സൃഷ്ടിക്കുന്ന താന്‍ അനന്യനാണന്ന മിദ്ധ്യാധാരണ മേലധികാരികളെ നയിക്കുന്നത് മൂഡസ്വര്‍ഗ്ഗത്തിലേയ്ക്കാണ്. ഇത് ആത്യന്തികമായി നയിക്കുന്നത് അധികാര കേന്ദ്രീകരണത്തിലേയ്ക്കും ഏകാധിപത്യത്തിലേയ്ക്കുമായിരിക്കും.

ഇത്തരമൊരവസ്ഥ ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്നതില്‍ സ്തുതിപഠകര്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. അവര്‍മൂലം പലപ്പോഴും തന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്വേഛാധിപത്യപരമാണന്നു ഭരണാധികാരി അറിയുന്നുപോലുമില്ല എന്നു പറഞ്ഞാലും തെറ്റില്ല. അധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുക എന്നത് ആ വ്യക്തിയേക്കാള്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഉപാജകവൃന്ദത്തിന്‍റെ ആവശ്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എത്ര പ്രഗല്‍ഭനായാലും ഒരു വ്യക്തിക്ക് കൈകാര്യം ചെയ്യാവുന്ന സംഗതികള്‍ക്ക് പരിമിതിയുണ്ടെന്ന ലളിതമായ സാമാന്യനിയമമാണ് ഇവിടെ പ്രസക്തമാകുന്നത്. അത്തരമൊരവസ്ഥയില്‍ കേന്ദ്രീകരിക്കപ്പെടുന്ന അധികാരങ്ങളുടെ നിര്‍വഹണം അധികാര കേന്ദ്രത്തിന്‍റെ ഉപാജകവൃന്ദത്തിന്‍റെ കൈളിലെത്തും. അവര്‍ക്ക് ആവശ്യവും അതാണ്.

സമീപകാലത്ത് മലങ്കര സഭയില്‍ അപൂര്‍വം ചിലര്‍ ഉയര്‍ത്തുന്ന വൈദീകരുടെ കേന്ദ്രീകൃത സ്ഥലംമാറ്റം എന്ന വിഷയം ഇവിടെ ഉദാഹരണമായി എടുക്കാം. ഇപ്പോള്‍ ഭദ്രാസന തലത്തില്‍ നടക്കുന്ന സ്ഥലംമാറ്റങ്ങള്‍ പോലും അഴിമതിരഹിതമോ അരോപണാതീതമോ അല്ല. മിക്കടത്തും ഭദ്രാസനതല ഉപാജകവൃന്ദമാണ് ഇത് നിയന്ത്രിക്കുന്നത് എന്ന് ശക്തമായ ആരോപണം നിലവിലുണ്ട്. ഇതിനെ കേന്ദ്രതലത്തിലാക്കണമെന്നാണ് ചില കേന്ദ്രങ്ങളുടെ ആവശ്യം. മികച്ചവരുടെ സേവനം എല്ലായിടത്തും ലഭ്യമാക്കുക എന്ന ആദര്‍ശ സുന്ദരമായ മുദ്രാവാക്യം മുഴക്കുന്നുണ്ടെങ്കിലും ചില വിദേശ ഇടവകകളിലെ സ്വര്‍ണ്ണഖനികളില്‍ മാത്രം നോട്ടമിട്ടാണ് ഈ നീക്കം നടത്തുന്നത്. ഈ ആവശ്യം ഉയര്‍ത്തുന്ന ഇവരില്‍ ആരും കല്‍ക്കട്ട, മലബാര്‍ മുതലായ ഭദ്രാസനങ്ങളിലെ അവികസിത പള്ളികളിലോ മിഷിനറി പുരോഹിതരായോ സേവനമനുഷ്ടിക്കാന്‍ തയാറല്ല എന്നതുതന്നെ ഈ നീക്കത്തിന്‍റെന്‍റെ കാപട്യം വെളിവാക്കുന്നു.

ഈ കപടനാടകം പരിഗണിക്കാതെതന്നെ ഇതിന്‍റെ പ്രായോഗികത പരിശോധിക്കാം. വൈദീക സ്ഥലംമാറ്റങ്ങള്‍ കേന്ദ്രീകൃതമായാല്‍ സാങ്കേതികമായി അതിന്‍റെ അധികാരി മലങ്കര മെത്രാപ്പോലീത്ത ആകും. മലങ്കരയിലെ രണ്ടായിരത്തോളം ഇടവകകളും അത്രതന്നെ വൈദീകരേയും മലങ്കര മെത്രാപ്പോലീത്ത നേരിട്ടറിയണമെന്നില്ല. അറിയേണ്ട ആവശ്യവുമില്ല. ഓരോന്നിനും ഓരോരുത്തര്‍ക്കും അനുരൂപമാംവിധം അവയുടെയെല്ലാം സ്ഥലംമാറ്റ ചേരുവകള്‍ നേരിട്ടു നിര്‍മ്മിക്കുക എന്നത് ഏതു മനുഷ്യനും അസാദ്ധ്യമാണ്. സ്വാഭാവികമായും ഈ ചുമതല ഉപാജകവൃന്ദത്തിന്‍റെ കൈകളിലെത്തും. വമ്പന്‍ കുതിരക്കച്ചവടത്തിനുള്ള അനന്തമായ സാദ്ധ്യതകളാണ് അവര്‍ക്ക് തുറന്നു കിട്ടുന്നത്. ഭദ്രാസന തലത്തിലായാലും കേന്ദ്ര തലത്തിലായാലും ഏതുതരത്തിലുള്ള അധികാര കേന്ദ്രീകരണത്തിന്‍റെയും ആത്യന്തിക ഫലം ഇതു തന്നെയാണ്.

സ്വന്തമായി മേല്‍വിലാസം ഇല്ലാതെ ഇങ്ങനെ ഉയരപ്പെട്ടവന്‍റെ മറവിലിരുന്ന് മലങ്കര സഭയെ കാര്‍ന്നുതിന്നുന്ന ഇത്തരക്കാര്‍ സഭയുടെ ശാപമാണ്. അവരെ ഒഴിവാക്കിയേ പറ്റു. അല്ലങ്കില്‍ സഭ നശിക്കും.

മെത്രാന്‍റെ സാമ്രാജ്യം – സമീപകാലത്ത് സജിവമായ ഒരു ആരോപണമാണ് മെത്രാന്മാര്‍ സ്വന്തം സാമ്രാജ്യം സൃഷ്ടിക്കുന്നു എന്ന്. മെത്രാന്മാര്‍ സ്വന്തം പേരിലോ, വേണ്ടപ്പെട്ടവരെ മാത്രം ചെര്‍ത്ത് ട്രസ്റ്റുകളുണ്ടാക്കിയോ, സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നു എന്നും, അതു തടയപ്പെടേണ്ടതാണന്നും, അതിനുള്ള മാര്‍ഗ്ഗം അവരെ അടിക്കടി സ്ഥലം മാറ്റുകയാണന്നുമാണ് ഈ ആരോപണത്തിന്‍റെ വ്യംഗ്യം.

യഥാര്‍ത്ഥത്തില്‍ ഓരോ ഭദ്രാസനവും അതത് മെത്രാന്മാരുടെ സാമ്രാജ്യമാണ്. അങ്ങിനെ ആയിരിക്കുകയുംവേണം. കാരണം അതിന്‍റെ അതിര്‍ത്തികള്‍ കാക്കേണ്ടതും ഭിത്തികള്‍ പണിയേണ്ടതും മെത്രാന്‍റെ ബാദ്ധ്യതയാണ്. അവിടെ അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എങ്ങിനെ സാമ്രാജ്യ സൃഷ്ടിയായി കണക്കാക്കാനാവും?

ഏതാനും ചെറിയ ഉദാഹരണങ്ങള്‍കൊണ്ട് ഇത് വ്യക്തമാക്കാം. പത്രോസ് മാര്‍ ഒസ്താത്തിയോസ്, പൗലൂസ് മാര്‍ സേവേറിയോസ് എന്നിവരിട്ട അതീവ ലളിതമായ അടിസ്ഥനത്തിലാണ് ഇന്ന് സ്വന്തം എസ്റ്റേറ്റ് വരെയുള്ള മലബാര്‍ ഭദ്രാസനം പിന്നീട് മലങ്കരയുടെ വലിയബാവാ ആയ തോമസ് മാര്‍ തീമോത്തിയോസ് പണിതുയര്‍ത്തിയത്. ഇത് സാമ്രാജ്യമാണോ? ബാഹ്യ കേരളത്തില്‍ ഏറ്റവും അധികം സ്ഥാപനങ്ങള്‍ ഉള്ള ഭദ്രാസനമായി കല്‍ക്കട്ടയെ സ്‌തേപ്പാനോസ് മാര്‍ തേവോദോസ്യോസ് മാറ്റിയെടുത്തു. ഇത് സാമ്രാജ്യമാണോ? കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ന്നടിഞ്ഞുകിടന്ന അമേരിക്ക ഭദ്രമായ രണ്ടു ഭദ്രാസനങ്ങളായി മാത്യൂസ് മാര്‍ ബര്‍ണബാസ് വളര്‍ത്തി. ഇത് സാമ്രാജ്യമാണോ?

മലങ്കര സഭയുടെ ക്രൈസ്തവ സാക്ഷ്യം പ്രഘോഷിക്കുന്ന അനേകം സ്ഥാപനങ്ങള്‍ മിഷന്‍ ബോര്‍ഡിനുവേണ്ടി ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് കെട്ടിപ്പടുത്തു. ഇത് സാമ്രാജ്യമാണോ? പൗരസ്ത്യ കാതോലിക്കായുടെ ഉടമസ്ഥതയിലുള്ളതും അദ്ദേഹം തന്ന ഏല്‍പ്പിച്ചതുമായ ചെറിയൊരു സ്ഥാപനം ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മികച്ച ഒരു ദയറായാക്കി വളര്‍ത്തി. ഇത് സാമ്രാജ്യമാണോ? തന്‍റെ ഭദ്രാസനത്തിലും, സഭ തന്നെ ഏല്‍പ്പിച്ച ഇതര കേന്ദ്രങ്ങളിലും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഒരു പ്രത്യേകതരം സമൂഹ്യസേവന കേന്ദ്രങ്ങള്‍ ആരംഭിച്ച് ഭംഗിയായി നടത്തിവരുന്നു. ഇത് സാമ്രാജ്യമാണോ?

സാമ്രാജ്യവാദികള്‍ വെളിപ്പെടുത്താത്ത ഒന്നുണ്ട്. ഏതു മെത്രനാണ് സാമ്രാജ്യം സൃഷ്ടിക്കുന്നത് എന്ന് അവര്‍ വ്യക്തമാക്കുന്നില്ല. ഭദ്രാസനത്തിനുള്ളില്‍ സ്വകാര്യ ട്രസ്റ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ഭദ്രാസന പൊതുയോഗത്തിന്റെ പിടിപ്പുകേടാണ്. ഭദ്രാസനത്തിനു പുറത്താണങ്കില്‍ അത് സുന്നഹദോസിന്റെയും മാനേജിംഗ് കമ്മറ്റിയുടേയും ശേഷിക്കുറവും. അത് മെത്രാനെ സ്ഥലംമാറ്റിയാലൊന്നും നേരെയാകാന്‍ പോകുന്നുമില്ല.

ഏതോ മെത്രാന്‍ സ്ഥാപിച്ചു ഭംഗിയായി നടത്തുന്ന സ്ഥാപനം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന ചിലരാണ് ഈ സാമ്രാജ്യവാദികള്‍ എന്ന് ഒരു പ്രത്യാരോപണവും ഉണ്ട്. എല്ലൊടിച്ചു പണിതും പട്ടിണി കിടന്നും തറവാട്ടിനു മുതലുണ്ടാക്കിയ കാരണവരോട് വല്യമ്മാവന് വയസായി. ഇനി വല്ല രാമനാമോം ജപിച്ചോണ്ട് വീട്ടിലിരുന്നാമതി. കൃഷിയൊക്കെ കൊച്ചുരാമന്‍ നോക്കിക്കോളാം എന്നു പറഞ്ഞ മരുമകന്‍റെ  മനോഭാവം ഇന്ന് മലങ്കരഭയില്‍ ഏറി വരുന്നുണ്ട്.

സാമ്രാജ്യം സൃഷ്ടിക്കുന്ന മെത്രാന്മാരുണ്ട്. സ്ഥലം സൗജന്യമായി വാഗ്ദാനം ചെയ്തിട്ടും അതു നിരസിച്ച് ഇടവകയെ ഞെക്കിപ്പിഴിഞ്ഞ് മഹാനഗരമദ്ധ്യത്തില്‍ സ്ഥലംവാങ്ങി പഞ്ചനക്ഷത്ര അരമന പണിയുന്നവര്‍. മേല്‍സ്ഥാനം മോഹിച്ച് അതിനുള്ള വിക്ഷേപിണിയായി സ്വന്തം ഭദ്രാസനത്തെ പാകപ്പെടുത്തുന്നവര്‍. സ്വയം പ്രദര്‍ശനത്തിന് പണവും ഊര്‍ജ്ജവും ചിലവാക്കുന്നവര്‍. മലങ്കരസഭയിലെ സാമാധാനത്തിനും വിഘടനവാദികളുടെ പുനരൈക്യ സാദ്ധ്യതയ്ക്കും തുരങ്കം വയ്ക്കുന്നവര്‍. ഇവരൊക്കെയാണ് സ്വന്തം സാമ്രാജ്യം സൃഷ്ടിക്കുന്നവര്‍. ഇവരെപ്പറ്റി സാമ്രാജ്യവാദികള്‍ ഉരിയാടില്ല.

സാമ്രാജ്യം സൃഷ്ടിക്ക് മറുമരുന്നായി സ്ഥലംമാറ്റം നിര്‍ദ്ദേശിച്ചവര്‍ വിട്ടുപോയ ഒരു ധാര്‍മ്മിക പ്രശ്‌നമുണ്ട്. അത് ഒരു ഭദ്രാസന മെത്രാപ്പോലീത്താ എന്ന നിലയില്‍ ഒരു മെത്രാനു ലഭിച്ച കൈമുത്തു പണത്തിന്‍റെ വിനിയോഗമാണ്. ഇത് മറ്റൊരു ഭദ്രാസനത്തിലേയ്ക്കു കടത്തുന്നത് ധാര്‍മ്മികമായി ശരിയാണോ? ആ ഭദ്രാസന മെത്രാപ്പോലീത്താ എന്ന നിലയില്‍ ലഭിച്ച പണത്തിന്‍റെ നീക്കിബാക്കി അവര്‍ക്കവകാശപ്പെട്ടതല്ലേ? മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ തന്‍റെ കൈമുത്തു പണം മുഴുവന്‍ അമേരിക്കയിലെ രണ്ടു ഭദ്രാസനങ്ങള്‍ക്കു വീതിച്ചു നല്‍കിയശേഷം മടങ്ങിയ ഉദാത്തമായ ചരിത്രം മുമ്പിലുണ്ട്. അവര്‍ക്ക് പിതൃസ്വത്തായി ലഭിച്ചതോ മെത്രാനാകുന്നതിനു മുമ്പുള്ള സ്വാര്‍ജ്ജിത സ്വത്തോ ഉള്‍പ്പെടുത്തിയല്ല ഇവിടെ പരാമര്‍ശിച്ചത്.

എന്തുകൊണ്ട് ഓരോ ഭദ്രാസനത്തിലേയും മെത്രാന്മാരുടെ കൈമുത്തു പണമടക്കം ഭദ്രാസനത്തിന്‍റെ വരുമാനം പിന്‍ഗാമിക്ക് പിന്തുടര്‍ച്ചാവകാശത്തോടുകൂടിയ (Succession right) അക്കൗണ്ടുകള്‍ വഴി കൈകാര്യം ചെയ്തുകൂട? മലങ്കരയിലെ ഭൂരിപക്ഷം ഇടവക പള്ളികളുടേയും ബാങ്ക് അക്കൗണ്ടുകള്‍ വികാരിയുടേയും കൈക്കാരന്റെയും പേരിലാണ്. ഇവയില്‍ പലതിനും ഭദ്രാസനങ്ങളേക്കാള്‍ ഉയര്‍ന്ന പ്രതിവര്‍ഷം വരുമാനം ഉണ്ട്. അവിടെയൊന്നും സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഭരണമാറ്റം സുഗമമായി നടക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ വേണം മുകളില്‍പറഞ്ഞ നിര്‍ദ്ദേശം പരിഗണിക്കാന്‍

മെത്രാന്മാര്‍ സ്വന്തം സാമ്രാജ്യം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അതു നസ്രാണിയുടെ പണംകൊണ്ടാണ്. അതിന്‍റെ ഉടമസ്ഥത സഭയ്ക്ക് അല്ലങ്കില്‍ ഭദ്രാസനത്തിന് ആയിരിക്കണമെന്നും, ഭരണവും കണക്കും സുതാര്യമായിരിക്കണമെന്നും കര്‍ശന നിലപാടെടുക്കാന്‍ ഉള്ള അധികാരം, പണം നല്‍കുന്നവര്‍ക്കും അതത് ഭദ്രാസന കൗണ്‍സിലിനുമുണ്ട്. പൊതുസഭയുടെ കാര്യത്തില്‍ മാനേജിംഗ് കമ്മറ്റിക്കും. അതു ചെയ്യാതെ വെറുതെ വിലപിച്ചിട്ടു കാര്യമില്ല.

ഞാന്‍ ആരെ അയയ്‌ക്കേണ്ടു…? – സദുദ്ദേശത്തോടെയാണെങ്കിലും സ്ഥാപനങ്ങള്‍ സൃഷ്ടിച്ചുകൂട്ടുന്ന മെത്രാന്മാര്‍ മിക്കപ്പോഴും വിട്ടുപോകുന്ന ഒരു വസ്തുതയുണ്ട്. അത് തങ്ങളുടെ കാലശേഷം പ്രസ്തുത സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ പരിചയസമ്പന്നരായ ഒരു രണ്ടാംനിര നേതൃത്വത്തേയും ഭരണ സംവിധാനത്തെയും വളര്‍ത്തിക്കൊണ്ടു വരിക എന്നതാണ്. സഭ ആരെയെങ്കിലും ഏല്‍പ്പിച്ചുകൊള്ളും എന്നു ശുദ്ധഗതിക്കു ചിന്തിച്ചിട്ടൊന്നും കാര്യമില്ല. ഓരോ പ്രസ്ഥാനത്തിന്‍റെയും സ്വഭാവത്തിന് അനുരൂപരായ പിന്‍ഗാമികളെ സ്വജീവിതകാലത്തു വളര്‍ത്തിക്കൊണ്ടുവരണം. ഇല്ലങ്കില്‍ പ്രസ്ഥാനം നശിച്ചുപോകും. ആ മലയിലും ഈ മലയിലും അനാഥമായിക്കിടക്കുന്ന അനേകം സ്ഥാപനങ്ങള്‍ മലങ്കര സഭയ്ക്കുണ്ടായതിന്റെ കാരണം ഇതു മാത്രമാണ് എന്ന് അന്വേഷിച്ചേല്‍ കണ്ടെത്താനാവും. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമനും ഇപ്രകാരം പിന്‍ഗാമികള വളര്‍ത്തിയവരാണ്. വര്‍ത്തമാനകാല ചരിത്രത്തില്‍ ഒരുപക്ഷേ മാര്‍ ഒസ്താത്തിയോസിനെ മാത്രം ഈ ഗണത്തില്‍ പെടുത്താനാവും.

ഉപസംഹാരം – പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് മലങ്കര മെത്രാപ്പോലീത്തായുടെ ഏകാധിപത്യ പ്രവണതയാണ് മെത്രാന്മാരുടെ ഏകനായകത്വത്തിന് എതിര്‍ശക്തി ആവശ്യമാണന്ന ചിന്ത പത്തൊമ്പതാം നൂറ്റാണ്ടില്‍ നസ്രാണികളില്‍ അങ്കുരിപ്പിച്ചത്. മാര്‍ മാത്യൂസ് അത്താനാസ്യോസിനേക്കാള്‍ അദ്ദേഹത്തോട് അടുത്തു നിന്നവരാണ് പ്രശ്‌നക്കാര്‍ എന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം സംഭവവികാസങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് 1873-ലും 1876-ലുമായി മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിക്ക് രൂപംകൊടുത്തത്. സ്ഥാപനകാലത്തുതന്നെ മാനേജിംഗ് കമ്മറ്റി അതിന്‍റെ ശക്തി പ്രകടിപ്പിക്കുകയും ചെയ്തു.

1889-ല്‍ സെമിനാരിക്കേസ് വിധിക്കുകയും ഭരിക്കാന്‍ മുതല്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ മാനേജിംഗ് കമ്മറ്റി കൂടുതല്‍ ശക്തമായി. സമുദായത്തിനു വേറിട്ടും മുതല്‍ ഉണ്ടാക്കിയ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ അവയില്‍ ചിലത് മെത്രാപ്പോലീത്തന്‍ ട്രസ്റ്റ് ആക്കിയപ്പോള്‍ അദ്ദേഹത്തെപ്പോലും തിരുത്താന്‍മാത്രം ധൈര്യം അന്നത്തെ മാനേജിംഗ് കമ്മറ്റിക്ക് ഉണ്ടായിരുന്നു. 1934-ലെ ഭരണഘടന, മാനേജിംഗ് കമ്മറ്റിയോടൊപ്പം പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് കൂടി രൂപപ്പെടുത്തുകയും ഇരു സമതികളുടെയും കീഴിലുള്ള സ്വത്തുക്കളുടെ ഭരണം ക്രമപ്പെടുത്തുകയും ചെയ്തു. അതേപോലെ ഭദ്രാസന ഭരണത്തിനും ഭരണഘടന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വ്യവസ്ഥകള്‍ എല്ലാം നിലവിലിരിക്കെ ഭദ്രാസനങ്ങള്‍ മെത്രാന്മാരുടെ സാമ്രാജ്യമായി എന്നു വിലപിക്കുന്നതില്‍ അര്‍ത്ഥമില്ല. ഭദ്രാസന-കേന്ദ്ര തലങ്ങളിലെ പ്രാതിനിത്യ സമതികളുടെ കഴിവില്ലായ്മ മാത്രമാണ് ഇത് വെളിവാക്കുന്നത്. ഉണ്ടു പിരിയാന്‍ മാത്രം സമ്മേളിക്കുന്ന അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിക്കും ഉഴുന്നുവടയും ലമണ്‍ ടീയും കഴിക്കാന്‍ കൂടുന്ന ഭദ്രാസന കൗണ്‍സില്‍/പൊതുയോഗത്തിനും, പ. സുന്നഹദോസ് കൂടുമ്പോള്‍ ഐ-പാഡില്‍ ഗെയിം കളിക്കുന്നതിനും പകരം പഴയതുപോലെ കാര്യശേഷിയുള്ള സമതികള്‍ നിലവിലുണ്ടായിരുന്നെങ്കില്‍ ഇത്തരം ഒരു പരാതി ഉണ്ടാവില്ലായിരുന്നു. നിലവിലുള്ള ഭരണഘടനയ്ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ ഇന്നും ഭരണ സംവിധാനത്തില്‍ തിരുത്തലും, സമഗ്രമായ അഴിച്ചുപണിപോലുമോ സാദ്ധ്യമാണ്. പക്ഷേ തല്‍ക്കാലം അതു നടക്കില്ല. കാരണം അത്തരം സമതികളിലെ ഇന്നുള്ള അംഗങ്ങളുടെ നിലവാരം അതിനു തികച്ചും അപര്യാപ്തമാണ്.

മലങ്കര സഭാ ഭരണത്തിലെ ഇന്നുള്ള കെടുകാര്യസ്ഥതയ്ക്കും മെത്രാന്മാരുടെ ഏകനായക പ്രവണതയ്ക്കും കാരണമന്വേഷിച്ചു ചെന്നാല്‍ എത്തിനില്‍ക്കുന്നത് അല്‍മായ നേതൃത്വത്തിന്‍റെ  നിലവാരത്തകര്‍ച്ചയിലാണ്. നിലവാരമുള്ള, ശക്തമായ, സ്വാര്‍ത്ഥമോഹമില്ലാത്ത ഒരു അല്‍മായ നേതൃത്വം ഉയര്‍ന്നു വന്നാല്‍ സഭാ ഭരണവും വൈദീക ശ്രേണിയും ശുദ്ധമാകും. നിയമത്തിന്‍റെ പരിധിക്കുള്ളില്‍ മാത്രമാവും പിന്നിടവരുടെ പ്രവര്‍ത്തനം. അല്‍മായ നേതൃത്വത്തിന്‍റെ നിലവാരം ഉയരാതെ സഭാഭരണ ക്രമീകരണത്തില്‍ – ആത്മീയമയാലും ലൗകീകമായാലും – യാതൊരു ശുദ്ധീകരണവും സാദ്ധ്യമല്ല.
(05 – 06. 2014 -ല്‍ പരുമലയില്‍ നടന്ന അഖില മലങ്കര വൈദീക സംഗമത്തില്‍ നടത്തിയ പ്രസംഗത്തിന്റെ വികസിത രൂപം)

ഡോ. എം. കുര്യന്‍ തോമസ്