OVS - ArticlesOVS-Kerala News

ദേവാലയവും അധികാരമോഹങ്ങളും

ജിനോ സണ്ണി തോമസ് .

അധികാരം‘ എന്ന പദം നമ്മുടെ പരിസ്ഥിതിയിൽ വളരെ സുപരിചിതമായ ഒരു പദമാണ്. കേവലം ഒരു പദമായി അതിനെ വിശേഷിപ്പിക്കാമെങ്കിലും അതിലുപരി അത് മനസ്സിൽ അങ്കുരിക്കുന്ന ഒരു വികാര പ്രകടനമാണ്. മനഃശാസ്ത്രപരമായി വിശദീകരിക്കുവാൻ അധികാരത്തിൻറെ ആവേശ തിരമാലകൾ ശക്തമാകുന്നത് മനസ്സിലാണ്. അപ്രകാരം ശക്തമാകുന്ന വികാരത്തെ സാക്ഷാത്കരിക്കുവാൻ ശരീരം തയാറാകും. പ്രാചീന കാലങ്ങളിൽ യുദ്ധവും,പടയോട്ടങ്ങളും നമുക്ക് പരിചിതമാണ്. ഇതിൻറെ പിന്നിലെ കാരണം എന്തെന്ന് വിശദമായി പഠിച്ചാൽ അധികാരത്തിൻറെ മോഹം മനസ്സിൽ ഉയർത്തെഴുന്നേൽക്കുകയും അതിന്റെ പരിണിതഫലമായി ശരീരം അത് സാക്ഷാത്കരിക്കുവാൻ വേണ്ടി തയ്യാറെടുപ്പ് നടത്തുന്നത് യുദ്ധമായി പര്യവസാനിക്കും.

സാമൂഹിക ചരിത്രം പരിശോധിച്ചാൽ രാഷ്ട്രങ്ങൾ വളർന്നതും,കോളനിവൽക്കരണം നടന്നതുമെല്ലാം അധികാരത്തിന്റെ പശ്ചാത്തലത്തിലാണ്. ‘അധികാരം’ എന്ന മലയാള പദത്തിൻറെ വാക് ഉല്പത്തി (Etymology) പരിശോധിച്ചാൽ അധികാരത്തെ വിവക്ഷിക്കുന്നത് ധിക്കാരത്തോടുകൂടിയ ഭാവമെന്നാണ്. വളരെ സൂക്ഷ്മമായി പരിശോധിച്ചാൽ അധികാരം എന്ന പദത്തിൽ ധിക്കാരത്തിൻറെ ഭാവം വളരെ രഹസ്യമായി ഒളിഞ്ഞു കിടക്കുന്നുണ്ട്. ആയതിനാൽ അധികാരം എന്ന വികാരത്തെ വളരെ ബോധപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ക്രിസ്തു അധികാരത്തെ കൈകാര്യം ചെയ്ത സന്ദർഭം നാം മനസ്സിലാക്കേണ്ടത്. വളരെ ബോധപൂർവം തന്റെ ജീവിതത്തോട് ക്രിസ്തു അകറ്റി നിർത്തിയ ഒരു സ്വഭാവമാണ് അധികാരത്തോടുള്ള പ്രതിപത്തി(Quest  for  Power ). അവർ തന്നെ രാജാവാക്കുവാൻ ഭാവിക്കുന്നുവെന്നു മനസിലാക്കിയ ക്രിസ്തു(യോഹ 6) അവിടം വിട്ടുപോകുന്ന ചിത്രം നാം കാണുന്നുണ്ട്. അധികാരത്തോട് അദ്ദേഹം പുലർത്തിയ അകലം നാം മനസ്സിലാക്കേണ്ടതാണ്.

എന്നാൽ ക്രിസ്തുവിൻറെ ഗാത്രമായ സഭ അധികാരപരിധികളെ എതിരില്ലാതെ സ്നേഹിക്കുകയും അതിനായി ഭൗതീക മാനദണ്ഡങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന കാഴ്ച(Material Criteria for achieving the  power ) സമകാലീന സമൂഹത്തിൽ നാം കാണുന്നു. ആയതിനാൽ അധികാര വൃത്തത്തോടും അധികാര കസേരകളോടും വിവേകപൂര്വമായ ഒരു നിശ്ചിത അകലം നാം പാലിക്കണം.

സമകാലീന ദേവാലയ പരിസ്ഥിതികൾ മലിനീകരിക്കപ്പെടുന്നത് ‘അധികാര മോഹത്തിൻറെ’ തേർവാഴ്ച മൂലമാണ്. പൗരോഹിത്യ വൃന്ദവും വിശ്വാസ സമൂഹവും അധികാരത്തിനു പിന്നാലെ നെട്ടോട്ടം ഓടുന്ന കാഴ്ചയാണ് നാം കാണുന്നത്.  ‘ഇടിച്ച്‌ ഇടിച്ച്‌ നിന്നാൽ പിടിച്ചു പിടിച്ചു കയറാം’ എന്ന ലോകതത്വം ഉരുവിട്ട് വരുംതലമുറയെപ്പോലും നാം വഴിതെറ്റിക്കുന്നു. ഇവിടെയാണ് ദേവാലയ പരിസരങ്ങളിലും ദേവാലയത്തിനുള്ളിലും ക്രിസ്തു പഠിപ്പിച്ച ആധ്യാത്മീകത അടിസ്ഥാനമാക്കേണ്ടത്. ‘എൻറെ രാജ്യം ഐഹീകമല്ല’ എന്ന ക്രിസ്തുവിന്റെ മൊഴികൾ നാം ഇനിയും ഏറെ വിശ്വാസത്തോടെ പഠിക്കേണ്ടിയിരിക്കുന്നു.   19 -)0 നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറെ അവസാന കാലഘട്ടം വരെയും നമ്മുടെ ദേവാലയ പരിസ്ഥിതി വളരെ പരിപാവനമായിരുന്നു. അധികാര സ്ഥാനങ്ങൾ വേണമെന്ന് ശഠിച്ച്‌ അതിനുവേണ്ടി വാശിപിടിച്ചവർ ചുരുക്കം. ദാരിദ്ര്യവും സാമ്പത്തീക ക്‌ളേശങ്ങളും മൂലം ആ നാളുകളിൽ ദേവാലയം അധികാര കേന്ദ്രത്തേക്കാൾ, ആശ്രയഭവനമായിരുന്നു. എന്നാൽ 21 -)0 നൂറ്റാണ്ടിൻറെ ആദ്യ ഘട്ടത്തിൽ തന്നെ ഈ സ്ഥിതി മാറി. ഇന്ന് നമ്മുടെ Performance Place ആയി പള്ളി മാറ്റപ്പെട്ടു എന്നത് നമ്മുടെ കാലഘട്ടത്തിൻറെ ദുർവിധി.

ക്രിസ്തുവിൻറെ വ്യക്ത്തിത്വത്തിനു ചേരാത്ത ഒന്നും അവൻറെ സഭയുടെ ഗാത്രത്തിനും ചേർന്ന്കൂടാ. അധികാരം ഭൗതീക സ്ഥാനമാനങ്ങൾ ഇവ ആത്മീകതയുടെ കണ്ണടക്കുകയും തിന്മയെ ശാക്തീകരിക്കുകയും ചെയ്യും. “ഈ കാണുന്നതെല്ലാം ഞാൻ നിനക്ക് തന്ന് നിന്നെ അതിൻറെ മേലധികാരിയാക്കാം” എന്നാണല്ലോ സാത്താൻ ക്രിസ്തുവിനെ പ്രലോഭിപ്പിച്ചത്. ലോകത്തിലെ സകല രാജ്യങ്ങളും അതിൻറെ പ്രതാപവും നൽകാം എന്ന് പറഞ്ഞിട്ടും ഒരു തരി മണ്ണുപോലും വേണ്ട എന്ന് പ്രതിവചിച്ച ക്രിസ്തുവാണ് സഭയുടെ നാഥൻ എന്ന ബോധ്യം നമ്മിലുണ്ടാകണം.

മഹാനായ Alexander ചക്രവർത്തി മരണത്തോട് അടുത്തപ്പോൾ മനസിലാക്കിയ ഒരു വലിയ സത്യം നമുക്ക് സുപരിചിതമാണ്. ‘കൈകൊണ്ടു നേടിയതും, സിംഹാസനംകൊണ്ടു ഉറപ്പിച്ചതും എല്ലാം നിഷ്‌ഫലം എന്ന തിരിച്ചറിവ്’ , അതുകൊണ്ടു അധികാരത്തോട് സമീപിക്കുമ്പോൾ ഈ തിരിച്ചറിവിൽ അതിനെ കൈകാര്യം ചെയ്യുവാൻ നമുക്ക് കഴിയണം.