OVS - ArticlesOVS - Latest News

ഒന്നാം സാര്‍ മത്തായി: വയസു പതിനെട്ട്!

പോയ ധനു മാസത്തിലാണ് മത്തായി സണ്ടേസ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് എഴുതി പാസായത്. ഉടനെതന്നെ മൂന്നാം ക്ലാസ് വാദ്ധ്യാരായി പോസ്റ്റിംഗും കിട്ടി. കരാര്‍ നിയമനമൊന്നുമല്ല നല്ല പക്കാ പെര്‍മനന്റ് പോസ്റ്റ്. ചില്ലറ സണ്ടേസ്‌കൂളൊന്നുമല്ല. പത്തിരുനൂറ്റമ്പത് പിള്ളേര്‍ പഠിക്കുന്ന മഹാവിദ്യാലയം. അതിനു ശേഷം കുംഭത്തിലാണ് മത്തായിക്ക് പ്രായപൂര്‍ത്തിയായത്.

എങ്കിലെന്താ? മത്തായി ഉടനേ ഹെഡ്മാസ്റ്ററാവും. പത്തിരുപത് വാദ്ധ്യാന്മാര്‍ പഠിപ്പിക്കുന്ന സണ്ടേസ്‌കൂളിലെ അദ്ധ്യാപകരെല്ലാം ചത്തൊടുങ്ങിയതോ രാജിവെച്ചുപോയതോ കൊണ്ടൊന്നുമല്ല. അവരെല്ലാം അവിടെത്തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. മത്തായി, ഹെഡ്മാസ്റ്റര്‍ – പഴയ ഭാഷയില്‍ ഒന്നാം സാര്‍ – ആകുന്നത് സണ്ടേസ്‌ക്കൂള്‍ ഭരണഘടനയില്‍ സമീപകാലത്തു വരുത്തിയ ഭേദഗതികൊണ്ടാണ്.

പുതുക്കിയ ഭരണഘടന അനുസരിച്ച് സണ്ടേസ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കുമാത്രമേ ഹെഡ്മാസ്റ്റര്‍ ആകാന്‍ യോഗ്യതയുള്ളു. മത്തായി ഒഴികെ ഈ യോഗ്യതയുള്ള ആരും അവിടെ പഠിപ്പിക്കുന്നില്ല. അപ്പോള്‍ മത്തായി ഇപ്പോള്‍ അടിസ്ഥാന യോഗ്യതയുള്ള ഏറ്റവും സീനിയര്‍ വാദ്ധ്യാരാണ്. മത്തായിയെ പുതിയനിയമം അനുസരിച്ച് ഹെഡ്മാസ്റ്റര്‍ ആക്കിയേ പറ്റു. പുറത്താകുന്നത് മത്തായിയുടെ അപ്പനെ മുതല്‍ സണ്ടേസ്‌കൂള്‍ പഠിപ്പിച്ച നിലവിലുള്ള ഒന്നാം സാര്‍!

പക്ഷേ അതോടെ മത്തായിയുടെ നടുവൊടിയും! നിലവിലുള്ള ഇരുപതു പേരുടെ പണിയും മത്തായി ഒറ്റയ്ക്ക് ചെയ്യേണ്ടിവരും. പന്ത്രണ്ടു ക്ലാസിലും അതിനു മുമ്പുള്ള അംഗനവാടിയിലും മത്തായി ഒറ്റയ്ക്കു പഠിപ്പിക്കേണ്ടി വരും. പേപ്പറു നോട്ടവും ഇതര ഓഫീസ് പണിയും മത്തായി തന്നെ ചെയ്യേണ്ടിവരും. കാരണം പുതുക്കിയ സണ്ടേസ്‌കൂള്‍ ഭരണഘടന അനുസരിച്ച് അദ്ധ്യാപകരും പന്ത്രണ്ടാം ക്ലാസ് പാസായവര്‍ മാത്രമായിരിക്കണം!

മുമ്പ് പന്ത്രണ്ടാം ക്ലാസ് പാസായി പോയവരെ വിളച്ചുവരുത്തി വാദ്ധ്യാന്മാര്‍ ആക്കാമെന്നു വെച്ചാല്‍ നടക്കില്ല. അവരില്‍ ഭൂരിപക്ഷവും പഠനവും ജോലിയുമായി നാടുവിട്ടുപോയി. പെണ്‍കുട്ടികളില്‍ മിക്കവരേയും കെട്ടിച്ചുവിട്ടു. ശേഷിക്കുന്നവര്‍ക്ക് പഠിപ്പിക്കാന്‍ താത്പര്യവും ഇല്ല!

നിലവിലുള്ള അദ്ധ്യാപകരെ എല്ലാം പന്ത്രണ്ടാം ക്ലാസ് പാസാക്കി എടുക്കാമെന്നു വെച്ചാലോ? അതൊട്ടും നടക്കില്ല. പേന താഴെ വെച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ വിഷയത്തില്‍ എത്ര ഗ്രാഹ്യമുണ്ടെങ്കിലും മിക്കവര്‍ക്കും ഇനി പരീക്ഷ എഴുതി ജയിക്കാനാവില്ല. പഠനപ്രക്രിയയുടെ തുടര്‍ച്ച നഷ്ടപ്പെട്ടു എന്നതുതന്നെ കാരണം. 1980-ല്‍ സണ്ടേസ്‌കൂള്‍ പത്താം ക്ലാസ് പാസായ ഈ ലേഖകന് ഇനി പന്ത്രണ്ട് എഴുതി ജയിക്കാനാവില്ലന്ന് പൂര്‍ണ്ണമായ ഉറപ്പുണ്ട്. കാരണം രണ്ടു മണിക്കൂര്‍ കൊണ്ട് ഒരു പരീക്ഷ ക്രമാനുസൃതമായി എഴുതുന്ന പ്രക്രിയയില്‍നിന്നും ഈ ലേഖകന്‍ അന്യനായിട്ട് മൂന്നു പതിറ്റാണ്ടായി. തന്നെയുമല്ല, ദശാബ്ദങ്ങളുടെ അദ്ധ്യാപന പാരമ്പര്യമുള്ള അവരോടൊക്കെ ഇനി പോയി പിള്ളേരുടെ കൂടെ പരീക്ഷ എഴുതാന്‍ പറയുന്നത് അവരെ ഏറ്റവുമധികം അപമാനിക്കുന്ന നടപടിയാണ്.

പ. സഭ മൂന്നു പതിറ്റാണ്ടിലധികമായി വിജയകരമായി നടത്തുന്ന ദിവ്യബോധനം പാസായ കുറെ പേരുണ്ട് ഇടവകയില്‍. അവരുടെ സഹായം സ്വീകരിയ്ക്കാമെന്നു വെച്ചാല്‍ അതും നടക്കില്ല. അവരും അയോഗ്യരാണ്. മുപ്പതിലധികം വിഷയങ്ങള്‍ പഠിച്ച് പരീക്ഷയെഴുതി, സെമിനാറും തിസീസും വൈവായും കഴിഞ്ഞ ദിവ്യബോധനം ബിരുദധാരികളും പുതുക്കിയ നിയമാവലിപ്രകാരം സണ്ടേസ്‌കൂള്‍ അദ്ധ്യപനത്തിന് അയോഗ്യരാണ്! കത്തനാരുപണിക്ക് സെമിനാരിയില്‍ പഠിക്കുന്നവരേക്കാള്‍ കൂദാശയും കുര്‍ബാനയും സുറിയാനിയും മാത്രമാണ് ഇവരുടെ പാഠ്യപദ്ധതിയില്‍ കുറവുള്ളത് എന്നു പറയപ്പെടുന്നു. തൊഴിലുറപ്പുള്ള മേഖല എന്ന രീതിയില്‍ കത്തനാരുപണിക്ക് പഠിക്കാന്‍ വരുന്നവരേക്കാള്‍ ആത്മാര്‍ത്ഥതയും ഏകാഗ്രതയും വിഷയസ്വാധീനവും നേട്ടങ്ങളൊന്നുമില്ലന്നറിഞ്ഞ് സ്വന്തം സമയവും അദ്ധ്വാനവും പണവും മുടക്കി ദിവ്യബോധനം പഠിക്കുന്നവര്‍ക്ക് ഉണ്ടെന്നുള്ള പിന്നാമ്പുറ സംസാരം സത്യമെന്നു കരുതേണ്ടിയിരിക്കുന്നു.

ഇനി വികാരിയച്ചന്റെ സഹായം സ്വീകരിയ്ക്കാമെന്നു വെച്ചാലോ? അവിടെയും മത്തായി കുടുങ്ങും. വികാരിയച്ചനും സണ്ടേസ്‌കൂള്‍ വെറും പത്താം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളൂ. അങ്ങേരു പഠിക്കുന്ന കാലത്ത് അതേ ഉള്ളൂ. സെറാമ്പൂരിന്റെ ബി. ഡി.-യും പ. പിതാവ് സെമിനാരി പഠനം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ നല്‍കുന്ന ജി. എസ്റ്റിയും ഒന്നും സണ്ടേസ്‌കൂളില്‍ പഠിപ്പിക്കാന്‍ യോഗ്യത നല്‍കുന്നില്ല! മെത്രാന്മാരുടെ സ്ഥിതിയും തഥൈവ! മത്തായി വെട്ടിലാകും!

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

സണ്ടേസ്‌കൂള്‍ പ്രസ്ഥാനം അതിന്റെ പ്രാകൃതരുപത്തില്‍ മലങ്കരസഭയില്‍ ഉണ്ടായിട്ട് നൂറുവര്‍ഷത്തലധികമായി. വേദശാസ്ത്ര വിദ്യാഭ്യാസം പോയിട്ട് അടിസ്ഥാന വിദ്യാഭ്യാസം പോലും പരിമിതമായിരുന്ന അനേകം നിഷ്‌കാമകര്‍മ്മികളാണ് അന്നുമുതല്‍ ഇന്നുവരെ മലങ്കരസഭയുടെ അസ്ഥിവാരം ഉറപ്പിക്കുന്ന ഈ പ്രസ്ഥാനം മുമ്പോട്ടു കൊണ്ടുപോകുന്നത്. യു.ജി.സി. സ്‌കെയിലോ മറ്റാനുകൂല്യങ്ങളോ പ്രതീക്ഷിക്കാതെ ഏതാണ്ട് ജീവിതകാലം മുഴുവന്‍ അടുത്ത തലമുറകളെ വേദം പഠിപ്പിച്ചുവരുന്ന ഇത്തരം അവധൂതന്മാരെ അപമാനിക്കുന്ന ഈ നിയമപരിഷ്‌ക്കാരം പ്രാബല്യത്തിലാക്കിയവരില്‍ എത്രപേര്‍ക്ക് അവരുടെ പുതിയ നിബന്ധന അനുസരിച്ച് സണ്ടേസ്‌കൂള്‍ അദ്ധ്യാപകനാകാന്‍ യോഗ്യതയുണ്ട്?

ഈ ലേഖകന്റെ സണ്ടേസ്‌ക്കൂള്‍ പഠനകാലത്ത് കുറെ കുട്ടന്‍ സാര്‍-മാരായിരുന്നു അതിനെ നിയന്ത്രിച്ചിരുന്നത്. നല്ല പ്രായമുള്ളവര്‍. വെറും ഗ്രാമീണ കര്‍ഷകര്‍. അവര്‍ക്കൊക്കെ പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പഠനയോഗ്യതയില്ല. അവരുടെ ചെറുപ്പത്തില്‍ സണ്ടേസ്‌ക്കൂള്‍ ഇല്ലായിരുന്നു എന്നതു മാത്രമാണ് കാരണം. പക്ഷേ വര്‍ഷങ്ങളായി – ദശാബ്ദങ്ങളായി – പഠിപ്പിക്കുന്ന വിഷയത്തില്‍ അതീവ പ്രഗ്തഭര്‍. ഹെഡ്മാസ്റ്ററും ഒരു കുട്ടന്‍ സാറാണ്. വി. കുര്‍ബാനയുടെ സമയത്ത് ഏതെങ്കിലും കുട്ടികള്‍ വര്‍ത്തമാനം പറഞ്ഞിട്ട് തിരിഞ്ഞു നോക്കിയാല്‍ കുട്ടന്‍ സാര്‍ പിന്നില്‍ക്കാണും. നിശബ്ദനായി. നമസ്‌ക്കാരം തുടങ്ങുന്നതിനു മുമ്പ് പള്ളിയില്‍ വരികയും വി. കുര്‍ബാനയ്ക്കു ശേഷം പള്ളിയുടെ അരമതിലിരുന്ന് മോശയുടെ ജീവചരിത്രവും, പൗലൂസിന്റെ യാത്രകളും, കാതോലിക്കാ സിംഹാസന ചരിത്രവും പഠിപ്പിച്ച ഇത്തരം കുട്ടന്‍ സാറുമാരാണ് ഇന്നത്തെ മലങ്കര സഭയുടെ ശില്പികള്‍ എന്നു പറയുന്നതില്‍ ഈ ലേഖകന്‍ യാതൊരു അതിശയോക്തിയും കാണുന്നില്ല. മലങ്കര സഭയിലെ മിക്ക ശ്രേഷ്ഠ മല്പാന്മാരെയും പ്രമുഖ വൈദീകരേയും സണ്ടേസ്‌ക്കൂള്‍ പഠിപ്പിച്ചത് ഇത്തരം കുട്ടന്‍ സാറുമാരാണ്. അതവര്‍ പരസ്യമായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. സണ്ടേസ്‌ക്കൂള്‍ പഠിച്ചിട്ടുണ്ടെങ്കില്‍ ഈ വികൃതനിയമം സൃഷ്ടിച്ചവരേയും ഇത്തരം കുട്ടന്‍ സാര്‍-മാര്‍ തീര്‍ച്ചയായും പഠിപ്പിച്ചിട്ടുണ്ടാവണം.

കൊന്നത്തെങ്ങിന്റെ ചോട്ടില്‍ തൈ വെക്കുക എന്ന പരമ്പരാഗത കേരളീയ കാര്‍ഷിക സംസ്‌കൃതിക്ക് അനുരൂപമായി ആണ് അവര്‍ പുതിയ അദ്ധ്യാപകരെ നിയമിക്കുക. പത്താം ക്ലാസ് പാസായവരില്‍ കൊള്ളാവുന്നവരെ അദ്ധ്യാപകരാക്കും. ചെറിയ ക്ലാസുകളില്‍മാത്രം. പിന്നീട് പടിപടിയായി ആണ് അവരെ മുകളിലേയ്ക്കു കയറ്റുന്നത്. 45 വര്‍ഷം മുമ്പ് ഈ ലേഖകന്റെ രണ്ടാം ക്ലാസ് അദ്ധ്യാപകനാണ് ഇന്ന് ആ സണ്ടേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍.

പഠനകാലത്തുതന്നെ സണ്ടേസ്‌ക്കൂള്‍ അദ്ധ്യപകനായ വ്യക്തിയാണ് ഈ ലേഖകന്‍. 8-10 ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ഇടയ്ക്കിടെ ഹെഡ്മാസ്റ്റര്‍ കുട്ടന്‍ സാര്‍ ഒരു ഹാജരുബുക്കുമായി ക്ലാസില്‍ ഹാജരാകും. എന്നിട്ട് നിര്‍ദ്ദേശിക്കും. ….-ാം ക്ലാസില്‍ സാറില്ല. ഒന്നു പോയി ഹാജരെടുത്ത് എന്തെങ്കിലും പറഞ്ഞുകൊടുത്ത് വിടണം. അവയൊക്കെ തീര്‍ച്ചയായും താഴത്തെ ക്ലാസുകളാണ്. അങ്ങിനെ അനേകര്‍ മലങ്കര സഭയിലുണ്ട്. അവര്‍ക്കൊക്കെ സണ്ടേസ്‌ക്കൂള്‍ എന്ന വികാരമാണ് മുഖ്യം. അല്ലാതെ യു.ജി.സി. മാനദണ്ഡങ്ങളല്ല.

ഒരു പഴയ സണ്ടേസ്‌ക്കൂള്‍ ഹെഡ്മാസ്റ്ററെ ഈ ലേഖകനറിയാം. അര നൂറ്റാണ്ടിനുമുമ്പ് ആരംഭിച്ച ഒരു ചാപ്പലിന്റെ സ്ഥാപക സണ്ടേസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍. വയസ് 85 കഴിഞ്ഞു. കടുത്ത ഓര്‍മ്മക്കുറവുണ്ട്. ചെവിയും പതുക്കെയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം ഹെഡ്മാസ്റ്റര്‍സ്ഥാനം സ്വയം ഒഴിഞ്ഞു. പക്ഷേ ഇപ്പോഴും എല്ലാ ആഴ്ചയും വികാരിയെ ഫോണ്‍ വിളിക്കും: സണ്ടേസ്‌കൂളിന്റെ തല്‍സ്ഥിതി അറിയാന്‍! മക്കളുടെയോ കൊച്ചുമക്കളുടേയോ കാര്യത്തില്‍ പോലും ഈ താല്പര്യം അദ്ദേഹത്തിനു ഇല്ലത്രെ! ഇത്തരം പ്രതിബദ്ധത ഉള്ളവാരാണ് ഈ പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നത്.

ഒരു നിയമാവലി ഉണ്ടാക്കുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്യുമ്പോള്‍ ആദ്യം വേണ്ടത് യുക്തിബോധമാണ്. പിന്നീടു വേണ്ടത് നിയമത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള അവബോധമാണ്. ഈ സണ്ടേസ്‌ക്കൂള്‍ നിയമ പരിഷ്‌ക്കരത്തില്‍ അത് രണ്ടും തൊട്ടു തീണ്ടിയിട്ടില്ല. അതു പറയാന്‍ പല കാരണങ്ങളുണ്ട്. ഒന്നാമതായി, ഈ നിയമം പ്രാബല്യത്തില്‍ വരുത്തിയാല്‍ പഠിപ്പിക്കുവാന്‍ നിശ്ചിത യോഗ്യതയുള്ളവര്‍ ആവശ്യാനുസൃതം ലഭ്യമാകുമോ എന്നു ചിന്തിച്ചിട്ടില്ല. രണ്ടാമതായി, പരിചയസമ്പത്തും പക്വതയുമുള്ളവര്‍ പുറത്താവുന്നതിന്റെ ഗൗരവം പരിഗണിച്ചിട്ടില്ല. മൂന്നാമതായി, സണ്ടേസ്‌ക്കൂള്‍ പഠനം ഒരു അക്കാദമിക്ക് അഭ്യാസമല്ല; മറിച്ച് ഒരു സംസ്‌ക്കാര രൂപീകരണമാണന്ന യാഥാര്‍ത്ഥ്യത്തെ തൃണവല്‍ക്കരിച്ചു.

ഇക്കാര്യത്തില്‍ മലങ്കര സഭയുടെ മുമ്പില്‍ ഇന്ന് രണ്ട് പാതകളേയുള്ളു. ഒന്നുകില്‍ ഈ നിയമത്തെ തിരസ്‌ക്കരിച്ച് നിലവിലുള്ള സംവിധാനം തുടര്‍ന്ന് സണ്ടേസ്‌ക്കൂള്‍ പ്രസ്ഥാനം നിലനിര്‍ത്തുക. അല്ലെങ്കില്‍ നിയമം കര്‍ശനമായി നടപ്പാക്കുക. അപ്പോള്‍ മത്തായി സണ്ടേസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ആകും. അതോടെ പഠിപ്പിക്കാന്‍ ആളില്ലാതെ സണ്ടേസ്‌ക്കൂള്‍ പൂട്ടിക്കെട്ടും!

ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സാമന്യബോധം എങ്കിലും ഉപയോഗിക്കണം. ആദ്യം സണ്ടേസ്‌ക്കൂള്‍ ഏഴാം ക്ലാസു വരെയായിരുന്നു. പൊതു പരീക്ഷയും ആ ക്ലാസിലായിരുന്നു. പിന്നീടത് യഥാക്രമം 8, 9, 10 ക്ലാസുകളിലേയ്ക്ക് വികസിച്ചു. പിന്നീടെന്നോ സണ്ടേസ്‌ക്കൂള്‍ നിയമാവലിയില്‍ ഈ പൊതു പരീക്ഷ പാസായവര്‍ മാത്രമേ ഹെഡ്മാസ്റ്റര്‍ ആകാവും എന്ന നിയമം വന്നു. പക്ഷേ നിലവിലുള്ള ഹെഡ്മാസ്റ്റര്‍മാരില്‍ ആരെയും അതുമൂലം പിരിച്ചുവിട്ടില്ല. പകരം പുതിയ നിയമനങ്ങള്‍ക്കു മാത്രം അതു ബാധകമാക്കി. അപ്പോഴും അത്തരം സ്ഥാനത്തുവരുന്നവര്‍ പഠിക്കുന്ന കാലത്തെ പൊതു പരീക്ഷ (7, 8, 9, 10) ആയിരുന്നു മാനദണ്ഡം. അല്ലാതെ അതിലൊക്കെ ഉപരിയായി യാഥാര്‍ത്ഥ്യബോധമില്ലാതെ അടിച്ചേല്‍പ്പിച്ച ഒന്നല്ലായിരുന്നു.

പുതിയ നിയമനിര്‍മ്മാണം ശുദ്ധ വിവരക്കേടാണന്നതിനു ഒരൊറ്റ ഉദാഹരണം മാത്രം പറയാം. കേരളാ എഡ്യൂക്കേഷണല്‍ റൂള്‍ അനുസരിച്ച് പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകരുടെ അടിസ്ഥാന യോഗ്യത റ്റി.റ്റി.സി.-യില്‍ നിന്നും ഡിഗ്രി ആയി ഉയര്‍ത്തുകയാണ്. പക്ഷേ അതുകൊണ്ട് നിലവിലുള്ള റ്റി.റ്റി.സി.-ക്കാര്‍ അദ്ധ്യപകരയോ ഹെഡ്മാസ്റ്റര്‍മാരെയോ പിരിച്ചു വിടില്ല. മറിച്ച് പുതിയ നിയമനത്തിനു മാത്രമാണ് ഈ നിബന്ധന ബാധകമാവുക. അതു സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന തസ്തിക. ഇത് ജീവിതകാല നിസ്വാര്‍ത്ഥ സേവനം. അതു പോലും പരിഗണിക്കാത്ത നിയമ നിര്‍മ്മാണത്തെ വിവരക്കേടന്നതിലുപരി അഹങ്കാരം എന്നാണ് പറയേണ്ടത്.

പുതിയ സണ്ടേസ്‌ക്കൂള്‍ നിയമ ഭേദഗതി വന്നശേഷം മൂത്തുനരച്ച കുറെപ്പേര്‍ സണ്ടേസ്‌ക്കൂള്‍ പ്ലസ് റ്റു പരീക്ഷ ഇക്കൊല്ലം എഴുതിയത്രെ! ഒരു സഭാ മാനേജിംഗ് കമ്മറ്റിയംഗം മകളോടൊപ്പമാണ് എഴുതിയതെങ്കില്‍ മറ്റുചിലര്‍ കൊച്ചുമക്കളോടൊപ്പവും പണ്ടേ പാസായ കൊച്ചു മക്കളുടെ സഹായത്തോടെയും! എല്ലാവരുടേയും ലക്ഷ്യം ഹെഡ്മാസ്റ്റര്‍ സ്ഥാനമെന്നു ചിലര്‍ പറയുന്നു. കുശുമ്പുകൊണ്ടായിരിക്കും!

ഈ വിവരം കെട്ട നിയമം നടപ്പാക്കിയാല്‍ പതിനെട്ടുകാരന്‍ മത്തായി മഹാ സണ്ടേസ്‌ക്കൂളിന്റെ ഹെഡ്മാസ്റ്ററാവും. പക്ഷേ മലങ്കര സഭയിലെ സണ്ടേസ്‌ക്കൂള്‍ പ്രസ്ഥാനത്തിന്റെ ലാസ്റ്റ് ബെല്ലും അതോടെ മുഴങ്ങും!

കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഡോ. എം. കുര്യന്‍ തോമസ് 
(OVS Online, , 28 മാര്‍ച്ച് 2019)

…മ്മ്‌ടെ മലങ്കരസഭയെ വടക്കോട്ടെടുത്തു !!!