OVS - ArticlesOVS - Latest News

പിറവം വലിയ പള്ളിയും പെരുന്നാള്‍ പട്ടികയും: പി. തോമസ് പിറവം

പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ ഏഴു പള്ളികളില്‍ നിന്ന് പിരിഞ്ഞ് സ്ഥാപിതമായ പള്ളികളില്‍ പഴക്കംകൊണ്ട് ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം പിറവം സെൻറ് മേരീസ് ഓര്‍ത്തഡോകസ് സുറിയാനി പള്ളിക്കുണ്ട്. കടുത്തുരുത്തി, കുറവിലങ്ങാട്, മൈലക്കൊമ്പ് എന്നീ പള്ളികള്‍ക്കിടയില്‍ ആദ്യം സ്ഥാപിതമായതാണ് പിറവം വലിയ പള്ളി. കടമറ്റം, കോലഞ്ചേരി, ആരക്കുഴ, വടകര എന്നീ പള്ളികള്‍ സ്ഥാപിതമാകും മുമ്പ് പിറവം പള്ളി ഉണ്ട്. മുളക്കുളം, മാമ്മലശ്ശേരി, നെച്ചൂര്‍, വടയാറമ്പ്, ഓണക്കൂര്‍, കാരിക്കോട് പ്രദേശങ്ങളിലെ പള്ളികള്‍ പിറവത്തുനിന്നു പിരിഞ്ഞവയാണ്.

ആദിമ ക്രൈസ്തവസമൂഹത്തിന്റെ ജനസംഖ്യാവളര്‍ച്ചയും കൂടുതല്‍ മെച്ചമായ തൊഴിലന്വേഷണവും മറ്റും കടല്‍ത്തീരദേശങ്ങളില്‍ നിന്ന് ഉള്‍നാടുകളിലേക്ക് നസ്രാണികള്‍ കുടിയേറുവാന്‍ കാരണമായി. വ്യാപാരമത്സരങ്ങളും ബന്ധപ്പെട്ട യുദ്ധങ്ങളും കുടിയേറ്റത്തിന് ഇടയാക്കി. മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതമായ ഗോക്കമംഗലം പള്ളിയില്‍ നിന്നു പിരിഞ്ഞുപോന്ന പള്ളിപ്പുറം പള്ളി ഇടവകക്കാര്‍ പിറവം പള്ളി സ്ഥാപിച്ചുവെന്നാണ് പാരമ്പര്യം. വ്യാപാരാവശ്യങ്ങള്‍ക്കും മറ്റുമായി പിറവം പുഴയുടെ തീരങ്ങളില്‍ കുടിയേറിയവരാണ് പള്ളിസ്ഥാപനത്തിന് മുന്‍കൈ എടുത്തത്.

അതിനു മുമ്പ് കോലഞ്ചേരിക്കടുത്തുള്ള കോട്ടൂര്‍ പള്ളി ആയിരുന്നു ഈ പ്രദേശത്തെ ആരാധനാകേന്ദ്രമെന്ന് പറയപ്പെടുന്നുണ്ട്. പള്ളിപ്പുറത്തുനിന്നാണ് പിറവത്തേക്ക് പ്രധാന കുടിയേറ്റം ഉണ്ടായതെന്നാണ് പല കുടുംങ്ങളുടെയും പൂര്‍വ്വചരിത്രം പറയുന്നത്. കണ്ടനാട്, ഉദയംപേരൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട്, മുളന്തുരുത്തി എന്നിവിടങ്ങളില്‍ നിന്നും കുടിയേറ്റമുണ്ടായി. 9-ാം നൂറ്റാണ്ടിനടുത്ത് വന്‍തോതില്‍ കുടിയേറ്റം നടന്നതായി ചരിത്രമുണ്ട്. ന്യൂനപക്ഷമായ തെക്കുംഭാഗരും കുടിയേറ്റക്കാരില്‍ പെടുന്നു. തിരുവിതാംകോടിലും മറ്റും അവശേഷിച്ചിട്ടുള്ള തരുതായ്ക്കളിലെ (ധരിയായ്ക്കള്‍, തരീസാക്കള്‍) ചില കുടുംബക്കാരും പിറവത്തു വന്നിട്ടുണ്ട്.

പുരാതനമായ പല ഇടവകപ്പള്ളികളും ആദ്യകാലത്ത് കുടുംബക്കുരിശുകളായിരുന്നു. ഉള്‍നാടുകളില്‍ കുടിയേറിയ വ്യാപാരികളായ നസ്രാണികള്‍ തങ്ങളുടെ താവഴികേന്ദ്രങ്ങളില്‍ കുരിശടികള്‍ വയ്ക്കുകയും വിളക്കുവച്ച് പ്രാര്‍ത്ഥിക്കുകയും അവയോടു ചേര്‍ന്ന് കുഴിമാടങ്ങളില്‍ മരിച്ചവരെ സംസ്‌കരിക്കുകയും നേര്‍ച്ച കഴിക്കുകയും ചെയ്തിരുന്നു. ആദ്യം കുടിയേറുന്ന ഒരു കുടുംബത്തിന്റെ കുരിശ് പിന്നീടു കുടിയേറുന്നവരും ഉപയോഗിക്കുമായിരുന്നു. അവിടങ്ങളിലാണ് പില്‍ക്കാലത്ത് പള്ളികള്‍ ഉണ്ടായത്.

പിറവം പള്ളി 5, 6 നൂറ്റാണ്ടുകള്‍ക്കിടയില്‍ സ്ഥാപിതമായി എന്ന് കരുതപ്പെടുന്നു. 9-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്ന് വന്ന മാര്‍ സാബോര്‍, മാര്‍ ഫ്രോത്ത് എന്നിവരില്‍ മാര്‍ ഫ്രോത്ത് ഉദയംപേരൂര്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ പിതാവിന്റെ പേര് പിറവം പള്ളിയോടു ബന്ധെപ്പെട്ടതായി ഊഹിക്കുന്നവരുണ്ട്. ഫ്രോത്തു പള്ളി, പൊറോത്തു പള്ളിയായി രൂപാന്തരപ്പെട്ടതോ? പള്ളിയുടെ പേരില്‍ നിന്നാകാം പിറവം എന്ന സ്ഥലപ്പേരിന്റെ പിറവി. ആദ്യകാലരേഖകളില്‍ പ്രത്ത് പൊറോത്ത്, പൊരൊത്ത്, പ്രവത്ത്, എന്നിങ്ങനെയെല്ലാം കാണാം. തിരുവിതാംകൂറിലെ സര്‍വ്വേരേഖകള്‍ക്കു ശേഷമാണ് പ്രവം, പിറവം എന്ന് വികസിപ്പിച്ച് എഴുതിത്തുടങ്ങുന്നത്.

ഇന്നു കാണുന്ന പള്ളി പോര്‍ട്ടുഗീസ് കാലത്തോടടുത്ത് പുനര്‍നിര്‍മ്മിച്ചതാണ്. കണ്ടനാട് കടമറ്റം, മുളന്തുരുത്തി മുതലായ പള്ളികളും ഈ മാതൃകയില്‍ പണിതവയാണ്. ഉദയംപേരൂര്‍ സുന്നഹദോസുകാലത്തുണ്ടായിരുന്ന 104 പള്ളികളില്‍ പിറവം ഉള്‍പ്പെടുന്നു. സുന്നഹദോസിനു ശേഷം ആര്‍ച്ച് ബിഷ് മെനസിസ് സന്ദര്‍ശിച്ച 77 പള്ളികളില്‍ പിറവവുമുണ്ട്. കൂനന്‍കുരിശുസംഭവാനന്തരം മാര്‍ത്തോമ്മാ മെത്രാന്റെ കീഴില്‍ വന്ന 44 പള്ളികളില്‍ ഒന്ന് പിറവമാണ്. കൂനന്‍കുരിശു സത്യത്തിനു ശേഷം പിറവത്ത് ഇരുപക്ഷക്കാരും ഉണ്ടായിരുന്നു. 1618-ല്‍ വടക്കുംഭാഗക്കാരായ റോമന്‍വിഭാഗം വേറെ പള്ളി സ്ഥാപിച്ചു പിരിഞ്ഞു. റോമന്‍തെക്കുംഭാഗര്‍ വലിയപള്ളിയില്‍തന്നെ തുടര്‍ന്നു.

പള്ളിയുടെ മദ്ഹായില്‍ ത്രോണോസിനു പിന്നിലുള്ള റവുത്തളില്‍ (മേശക്കു പിറകിലുള്ളത് റിയോ ടാബുലം റാത്തള്‍, എറത്താള്‍, എറത്താഴ് എന്നൊക്കെ രൂപ പരിണാമം) മനോഹരമായ ചിത്രങ്ങള്‍ ഉണ്ട്. അത് തടിയില്‍ കൊത്തുപണികള്‍ ചെയ്ത് കൂട്ടി യോജിപ്പിച്ചിട്ടുള്ള ചട്ടങ്ങള്‍ക്കുള്ളിലാണ് ചിത്രങ്ങള്‍. പണി തീര്‍ത്ത് ജലവാഹനത്തില്‍ കൊണ്ടുവന്ന് ഇവിടെ സ്ഥാപിച്ചതാണെന്ന് പറയപ്പെടുന്നു. അത് പോര്‍ട്ടുഗീസ് ശൈലി പകര്‍ത്തിയതാകാം. മാലാഖകളുടെയും, പഴയനിയമ പിതാക്കാരുടെയും (മുകളില്‍ യഹോവ, ഹാനോക്ക്, ഏലിയ) രൂപങ്ങള്‍ കാണാനുണ്ട്. യേശുവിനെ വഹിച്ചിട്ടുള്ള മാതാവിന്റെ ചിത്രം, പഴയ ചായക്കൂട്ടുകള്‍ കൊണ്ട് മദ്ധ്യത്തില്‍ വരച്ചിരിക്കുന്നു. അതിനു ചുറ്റുമായി വേദപുസ്തകരംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. താഴെ തിരുവത്താഴം. ഇതില്‍ ക്രിസ്തുശിഷ്യരുടെ പേരുകളുണ്ട്. കടുത്തുരുത്തി വലിയ പള്ളിയിലും മറ്റു പല പള്ളികളിലും റവുത്തള്‍ ഏതാണ്ട് ഈ മാതൃകയിലുണ്ട്. 1818-ല്‍ പാലായില്‍ ഒരു കുരിശുപള്ളിയില്‍ പിറവം മാതൃകയില്‍ റവുത്തള്‍ സ്ഥാപിച്ചു. റവുത്തളിനു പകരം മദ്ബഹയുടെ കിഴക്കേ ഭിത്തിയില്‍തന്നെ ഈ മാതൃകയില്‍ ചുവര്‍ചിത്രങ്ങള്‍ വരച്ചിട്ടുള്ള പള്ളികളുണ്ട്. തിരുവല്ല പാലിയേക്കര പള്ളിയിലുള്ള മദ്ബഹഭിത്തിയിലെ ചിത്രങ്ങള്‍ ഏതാണ്ട് പിറവത്തെ ചിത്രങ്ങള്‍ പോലെയുണ്ട്.

പിറവം കലണ്ടര്‍
ആ കാലഘട്ടത്തില്‍ കത്തോലിക്കാവിഭാഗത്തിന്റെ സ്വാധീനത്തില്‍ എഴുതെട്ടുവെന്നു കരുതാവുന്ന പെരുന്നാള്‍ പട്ടിക പള്ളിയുടെ തെക്കേ ത്രോണാസിനരുകില്‍ തെക്കേ ഭിത്തിയില്‍ കാണാം. ഈ ചുമരെഴുത്തിനെ പിറവം കലണ്ടര്‍ എന്ന് വിളിക്കുന്നു. മലയാള അക്കങ്ങളില്‍ പത്ത്, ഇരുപത്, മുപ്പത്, നാല്പത്, ഇവകള്‍ക്കൊക്കെ പ്രത്യേക അക്കം നിലനിന്ന കാലത്താണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. മലയാളത്തില്‍ ആദ്യം അച്ചടിക്കട്ടെ വേദപുസ്തകത്തിലെ (1811) ലിപികളോട് ഇതിന് അടുമുണ്ട്. ഏതാനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് സുറിയാനിസഭയില്‍ നിലവിലിരുന്ന പെരുന്നാളുകളെറ്റി പഠിക്കുവാന്‍ ഇതു സഹായിക്കും. മാറാനായ പെരുന്നാളുകള്‍ ഉള്‍പ്പടെ മുപ്പത്തിയാറ് പെരുന്നാളുകളാണ് തീയതിമുറയ്ക്ക് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മകരമാസം മുതല്‍ ധനു വരെയാണ് തീയതികള്‍ കൊടുത്തിരിക്കുന്നത്. ധനു 18, 21 (മാര്‍ത്തോമ്മാ ശ്ലീഹ) തുടങ്ങിയ പെരുന്നാളുകള്‍ കത്തോലിക്കാസ്വാധീനം വെളിപ്പെടുത്തുന്നു. രാജാക്കാരുടെ പെരുന്നാളിനെക്കുറിച്ചൊന്നും അതില്‍ സൂചനയില്ല.

പിറവം പള്ളി പ. കന്യകറിയാമമ്മയുടെ നാമത്തില്‍
പൂര്‍വ്വികസഭയുടെ പാരമ്പര്യപ്രകാരം പരിശുദ്ധ കന്യകമറിയാമിന്റെ നാമത്തിലാണ് ഈ പള്ളി സ്ഥാപിതമായത്. പള്ളിയുടെ ബലിപീഠത്തിന്റെ പിന്നിലെ റവുത്തളില്‍ മദ്ധ്യഭാഗത്ത് ചിത്രീകരിച്ചിരിക്കുന്നത് യേശുക്കുഞ്ഞിനെ കൈയില്‍ വഹിച്ചിരിക്കുന്ന ദൈവമാതാവിനെയാണ്. കിഴക്കന്‍ സഭാപാരമ്പര്യം മാതാവിനെ ഒറ്റയ്ക്ക് ചിത്രീകരിക്കാറില്ലല്ലോ. പോര്‍ട്ടുഗീസ് കാലഘട്ടത്തില്‍ പുനര്‍നിര്‍മ്മിച്ചപ്പോള്‍ ഉണ്ടാക്കിവച്ച ഇതില്‍ മാതാവിനെ പ്രധാനസ്ഥാനത്ത് ചിത്രീകരിച്ചത് അന്ന് മാതാവിന്റെ നാമത്തിലാണ് പള്ളി എന്ന് അറിയാവുന്നതുകൊണ്ടാണ്.

1685-ല്‍ വന്ന് കോതമംഗലത്തു കറടങ്ങിയ പ. യല്‍ദോ ബാവ ഉപയോഗിച്ച ഒരു പട്ടംകൊട പുസ്തകമുണ്ട്. ആ പട്ടംകൊടപുസ്തകം അദ്ദേഹത്തിനു ശേഷം മാര്‍ ഈവാനിയോസും പട്ടം കൊടുക്കുവാന്‍ ഉപയോഗിച്ചതായി കരുതുന്നു. പിറവത്തെ ദൈവമാതാവിന്റെ പള്ളിയില്‍ വച്ച് മത്തായി എന്ന ശെമ്മാശന് 1997 (1686 എ. ഡി.)-ല്‍ പൂര്‍ണ്ണശെമ്മശുപട്ടം നല്‍കിയതായി അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (അസ്‌റാഹ് റൂഹോ ഖാദീശോ മ്ശംശോനൊ മത്തായി ല് ഈത്തോ ദ് യല്‍ദാസാലോഹോ ദ് ഫ്‌രൂത്ത് എന്ന് മൂലരേഖ. തീയതി 1997 അതായത് ക്രിസ്തുവര്‍ഷം 1686. 1688-നു ശേഷം പിറവത്ത് മത്തായി കശ്ശീശ, ഗീവറുഗീസ് ശെമ്മാശന്‍, ഗീവറുഗീസ് കശ്ശീശാ എന്നിവര്‍ക്കും പട്ടംകൊടുത്തതായി ഇതില്‍ വായിക്കാം.

സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ പാത്രിയര്‍ക്കീസുമാരിലാരുംതന്നെ മലങ്കരയിലെത്തുന്നതിനു മുമ്പും പിറവത്തുപള്ളി ദൈവമാതാവിന്റെ നാമത്തില്‍തന്നെ ആയിരുന്നുവെന്നാണ് ഈ രേഖ കാണിച്ചുതരുന്നത്. (രാജാക്കാരുടെ നാമത്തിലായിരുന്ന പിറവം പള്ളി, പാത്രിയര്‍ക്കീസു ബാവാ ദൈവമാതാവിന്റെ നാമത്തിലാക്കിയെന്ന് ചിലരെല്ലാം ഒരു രേഖയുടെയും പിൻബലമില്ലാതെ കൊട്ടിഘോഷിക്കുന്നുണ്ട്.)

രാജാക്കളുടെ പള്ളിയോ?
റവുത്തള്‍ ചിത്രീകരണങ്ങളില്‍ കീഴ്‌നിരയില്‍ തെക്കുഭാഗത്ത് മ്ഗൂശാര്‍ (മ്ഗൂശരാജാക്കള്‍, വിദ്വാന്‍മാര്‍, ജ്ഞാനികള്‍: ഇപ്പോള്‍ മ്ഗൂശരാജാക്കള്‍ കൂജരാജാക്കളായും പിന്നെ പൂജരാജാക്കളായും രൂപഭേദം വന്നിരിക്കുന്നു.) കാഴ്ച സമര്‍പ്പിക്കുന്ന സന്ദര്‍ഭം ചിത്രീകരിച്ചിട്ടുണ്ട്. (മ്ഗൂശാര്‍ പേര്‍ഷ്യയില്‍ നാടുവാഴിത്തവും പൗരോഹിത്യവും ഉണ്ടായിരുന്ന ജോതിഷജ്ഞാനികളായ സമൂഹമാണ്. പോറസിലെ പേര്‍ഷ്യയിലെ ജ്ഞാനികള്‍ എന്ന് സുറിയാനി ആരാധനാക്രമത്തില്‍ യെല്‍ദൊ കാണാം.)

ആദിമസഭയിലെ രണ്ടു പ്രധാന പെരുന്നാളുകളില്‍ ഒന്നായ ദനഹ (എപ്പിഫനി, രാക്കുളി പെരുന്നാള്‍) യേശുവിന്റെ ജനന വെളിപ്പെടലുകളുടെ സംയുക്താഘോഷമായിരുന്നു. ജനനപ്പെരുന്നാള്‍ പിന്നീടാണ് നടപ്പിലായത്. പോര്‍ട്ടുഗീസ് കാലഘട്ടത്തില്‍ റോമന്‍കത്തോലിക്കാവിഭാഗത്തിലേക്ക് കൂറു മാറിയവരില്‍ ഒരു ന്യൂനപക്ഷം (തെക്കുംഭാഗര്‍) പിറവം പള്ളിയില്‍തന്നെ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നടത്തുന്നത് തുടര്‍ന്നു. ആ കാലയളവില്‍ റോമന്‍കത്തോലിക്കാക്രമമനുസരിച്ച് ആരാധനകളും പെരുന്നാളുകളും അക്കൂട്ടര്‍ നടത്തിവന്നു. അതുവരെ പിന്തുടര്‍ന്ന ജൂലിയന്‍ കലണ്ടറും അവര്‍ ഉപേക്ഷിച്ച് ഗ്രീഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു. ഇവ തമ്മില്‍ 10, 13 ദിവസങ്ങളുടെ വ്യത്യാസമുണ്ടായിരിക്കും. കത്തോലിക്കാവിഭാഗം മ്ഗൂശരാജാക്കള്‍ കാഴ്ചയര്‍പ്പിക്കുന്നതിന് പ്രാധാന്യമുള്ള എപ്പിഫനി ആഘോഷിക്കുമ്പോള്‍ പൂര്‍വ്വികസഭാംഗങ്ങള്‍ ജനനപ്പെരുന്നാളാകും ആഘോഷിക്കുക. (ഏതാണ്ട് 1957 വരെ എങ്കിലും വ്യത്യസ്ത തീയതികളില്‍ പെരുന്നാള്‍ ആചരിച്ചിരുന്നത് മുന്‍തലമുറയില്‍പെട്ടവര്‍ക്ക് ഓര്‍മ്മയുണ്ടാകും.) എപ്പിഫനി പെരുന്നാളില്‍ രാജാക്കള്‍ യേശുവിനെ വന്ദിക്കുന്നതിനു പ്രാധാന്യം നല്‍കിയ കത്തോലിക്കര്‍ അതിനെ ‘വിശുദ്ധ രാജാക്കളുടെ പെരുന്നാള്‍’ എന്ന് വിളിച്ചു. ആ ഇടക്കാലപ്രചാരണങ്ങളാലാണ് ഈ പള്ളി രാജാക്കളുടെ നാമത്തില്‍ അറിയപ്പെടുവാന്‍ ഇടയാക്കിയത്.

അതുകൊണ്ട് പിറവം പള്ളി രാജാക്കളുടെ നാമത്തിലുള്ളതാണെന്ന് ചില യൂറോപ്യാര്‍ എഴുതിവച്ചിട്ടുണ്ട് 15-ാം നൂറ്റാണ്ടിനു ശേഷം. അത് ഈ പള്ളിയില്‍ സഭാതര്‍ക്കം നിലവിലിരുന്ന കാലത്ത് റോമന്‍വിഭാഗം കൊടുത്ത വിവരം അനുസരിച്ച് രേഖപ്പെടുത്തിയതാകണം. സുറിയാനിപാരമ്പര്യത്തില്‍ രാജാക്കളുടെ നാമത്തില്‍ പള്ളി സ്ഥാപിക്കുവാന്‍ സാദ്ധ്യത വിരളമാണ്. എന്നാല്‍ റോമന്‍കത്തോലിക്കാപാരമ്പര്യത്തില്‍ സാദ്ധ്യതയുണ്ട്. റോമന്‍തെക്കുംഭാഗരുടെ പ്രചാരണം അടുത്ത കാലത്ത് ചിലര്‍ ഏറ്റുപിടിച്ച് ഉണ്ണിയേശുവിനെ കണ്ടു വന്ദിച്ച രാജാക്കള്‍ തിരികെ വന്ന് പിറവത്തു പള്ളി സ്ഥാപിച്ചുവന്നൊരു നിര്‍മ്മിതകഥ അടിസ്ഥാനമില്ലാതെ ആവര്‍ത്തിക്കുന്നുണ്ട്. യേശുവിന്റെ മരണപുനരുത്ഥാനത്തിനു മുമ്പ് രാജാക്കള്‍ പിറവത്തു പള്ളി സ്ഥാപിച്ചു എന്ന കഥ, സഭാവിശ്വാസവും ചരിത്രവും കേരളനസ്രാണിപാരമ്പര്യവും അറിയുന്നവര്‍ക്ക് പുച്ഛം തോന്നുന്ന വെറും ഭാവനാസൃഷ്ടി മാത്രമാണ്. പോയ തലമുറ ഇങ്ങനെ പറഞ്ഞുകേട്ടിട്ടില്ല.

മലങ്കരമെത്രാനായിരുന്ന പുന്നത്ര മാര്‍ ദിവന്നാസിയോസ് മൂന്നാമന്റെ അപേക്ഷയെത്തുടര്‍ന്ന് പിറവം പള്ളിയിലെ റോമന്‍തെക്കുംഭാഗരുടെ കൂട്ടവകാശം നീക്കി തിരുവിതാംകൂര്‍ റാണി പാര്‍വ്വതിഭായി വിളംബരം ചെയ്തു (1821 ധനു 8). തുടര്‍ന്ന് 1821 ഇടവം 21-ന് വിശുദ്ധ രാജാക്കളുടെ നാമത്തില്‍ കൊച്ചുപള്ളി സ്ഥാപിച്ച് അവര്‍ പിരിഞ്ഞു (1653 മുതല്‍ പള്ളികളിലെ തര്‍ക്കങ്ങള്‍ 19-ാം നൂറ്റാണ്ടു മദ്ധ്യം വരെയും പലയിടങ്ങളിലും തുടര്‍ന്നിരുന്നുവെന്ന് ഓര്‍ക്കേണ്ടതാണ്.) പിറവം കൊച്ചുപള്ളി അങ്ങനെ ഹോളിമാഗി പള്ളിയായി. മൂവാറ്റുപുഴ, പാല എന്നിവിടങ്ങളിലും ആ പേരില്‍ കത്തോലിക്കാപ്പള്ളികളുണ്ട്.

പള്ളിയോട് തൊട്ടടുത്തുതന്നെ പിഷാരുകോവില്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നു; കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്തമാതൃക. പള്ളിയിലെ പ്രധാന പെരുന്നാള്‍ ആദിമസഭയിലെ രാക്കുളിപ്പെരുന്നാള്‍ (ദനഹ) തന്നെ. പന്ത്രണ്ട് ആണ്‍പൈതങ്ങള്‍ക്കുള്ള നേര്‍ച്ച ഇവിടത്തെ സവിശേഷവഴിപാടാണ്. പ്രധാനമായും ഉയിര്‍പ്പുപെരുന്നാളിനും, കൂടാതെ മൂന്നു നോമ്പു വീടലിനും ക്രിസ്മസിനും ഈ നേര്‍ച്ച ജാതിമതഭേദമെന്യേ ധാരാളം പേര്‍ നടത്തുക പതിവുണ്ട്. പഴവും നെയ്യവും തുടങ്ങി, പിടിയും കോഴിയിറച്ചിയും മറ്റെല്ലാ വിഭവങ്ങളും ഉള്‍പ്പെടുന്ന സദ്യ തന്നെയാണ് ഈ നേര്‍ച്ചയ്ക്കു വിളമ്പുന്നത്. ചിലാപ്പോള്‍ മൂന്നു പൈതങ്ങള്‍ക്കും ഈ വഴിപാട് നടത്തും.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

പിറവം പള്ളി സന്ദര്‍ശിച്ചവര്‍
പിറവം പള്ളി സന്ദര്‍ശിച്ച ആദ്യ സഭാമേലദ്ധ്യക്ഷാര്‍ പേര്‍ഷ്യന്‍പിതാക്കാരായ മാര്‍ സാബോര്‍, മാര്‍ ഫ്രോത്ത് എന്നിവരാകാം. ഗോവന്‍ ആര്‍ച്ച് ബിഷ് മെനസ്സീസ് തന്റെ ജൈത്രയാത്രയില്‍ ഇവിടെ സന്ദര്‍ശിച്ചതായി രേഖയുണ്ട്. കല്ലട മുത്തന്‍ അന്ത്രയോസ് ബാവയുടെ രണ്ടു സഹോദരന്മാർ ഈ പള്ളിയില്‍ ശുശ്രൂഷകരായിരുന്നത് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്നാകാം. 1846-ല്‍ വന്ന് മുളന്തുരുത്തിയില്‍ കബറടക്കട്ടെ യൂയാക്കിം മാര്‍ കൂറിലോസിന്റെ സഹോദരന്‍ മല്ക്ക് ഗബ്രിയേല്‍ മക്കുദിശാ പള്ളിയുടെ ശ്രാമ്പിയില്‍ താമസിച്ച് ശുശ്രൂഷ ചെയ്തിരുന്നു. 1877 ഫെബ്രുവരിയില്‍ പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ പരുമല തിരുമേനിയോടൊപ്പം ഇവിടെ താമസിച്ച് സഭാഭരണപരമായ കല്പനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 1958-ല്‍ കക്ഷിവഴക്കുകള്‍ തീര്‍ന്നശേഷം ശാന്തമായ സഭാന്തരീക്ഷത്തില്‍, ഔഗേന്‍ കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണത്തെ തുടര്‍ന്ന് അദ്ദേഹത്തോടൊം യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ്
ബാവ ഈ പള്ളി സന്ദര്‍ശിച്ചു.

പിറവം പള്ളി മലങ്കരസഭാചരിത്രത്തില്‍
പൊതുസഭാരംഗത്ത് ശ്രദ്ധേയസംഭാവനകള്‍ അധികം പിറവത്തുനിന്ന് ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. എന്നാല്‍ നേതൃപാടവവും ജ്ഞാനവുമുള്ള വൈദികര്‍ ഉണ്ടായിട്ടുണ്ട്. കോട്ടയം പഴയ സെമിനാരി സ്ഥാപിക്കുമ്പോള്‍ മല്പാൻമാരില്‍ ഒരാളായി പിറവത്തെ കാരാമ്മേല്‍ കത്തനാര്‍ ഉണ്ടായിരുന്നു. ആംഗ്ലിക്കന്‍മിഷനറിമാരുടെ ഒത്താശയോടെ മലങ്കരമെത്രാപ്പോലീത്താ ദിവന്നാസിയോസ് നാലാമന് (ചേപ്പാട്ട് ) എതിരേ, പള്ളിഭരണത്തില്‍ നിന്ന് അദ്ദേഹം വിടര്‍ത്തിയവര്‍ പരാതിപ്പെട്ടിട്ട്, മെത്രാനെ ബന്തവസ്സില്‍ വച്ചു വിസ്തരിച്ച അത്യപൂര്‍വ്വസംഭവത്തിന് പിറവം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മിഷനറിമാരിലൂടെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് മെത്രാനെ വിസ്തരിപ്പിച്ചത്. ദൈവഗത്യാ മെത്രാന്‍ കുറ്റക്കാരനല്ലെന്ന് തീരുമാനിക്കെട്ടു. ആംഗ്ലിക്കന്‍മിഷനറിമാരുടെ ഒത്താശയോടെ മലങ്കരമെത്രാനെതിരേ, സഭയില്‍ ഉള്ള ദോഷങ്ങളെക്കുറിച്ച് കര്‍ണല്‍ പ്രെഡര്‍ സായ്പിനയച്ച പരാതിയില്‍, പിറവത്തുകാരന്‍ തൊമ്മന്‍ കത്തനാര്‍ ഒപ്പിട്ടിരുന്നെങ്കിലും തുടര്‍ന്ന് നവീകരണവിഭാഗത്തിന് ഇവിടെ വേരുപിടിച്ചില്ല.

പള്ളിയോഗങ്ങളിലെ പങ്കാളിത്തം
ഉദയംപേരൂര്‍ സുന്നഹദോസിലും മുളന്തുരുത്തി സുന്നഹദോസിലും ഈ പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉണ്ടായിരുന്നു. 1987 ഫെബ്രുവരിയില്‍ കരിയാറ്റില്‍ യൗസേഫ് മെത്രാന്റെ കാലശേഷം റോമന്‍സഭാവിഭാഗത്തിലെ ഭിന്നത വര്‍ദ്ധിച്ച് കല്‍ദായ സുറിയാനി മേലധ്യക്ഷാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുവാന്‍ പാറേമ്മാക്കല്‍ ഗവര്‍ണദോറിന്റെ നേതൃത്വത്തില്‍ അങ്കമാലിയില്‍ പള്ളിയോഗം കൂടി. ഗവര്‍ണദോരിനെ സഹായിക്കുവാന്‍ 12 കാനോനിസ്റ്റാരെ നിശ്ചയിച്ച രേഖയില്‍ പിറവത്തെ റോമന്‍തെക്കുംഭാഗവിഭാഗത്തിലെ ഒരു ശെമ്മാശ്ശന്‍ ഒപ്പുവച്ചു.

പള്ളിപ്പാട്ടുകള്‍
കേരളത്തിലെ പുരാതനങ്ങളായ പള്ളികളുടെ സ്ഥാപനചരിത്രം വാമൊഴിരൂപത്തില്‍ പാട്ടുകളായി ഉണ്ടായിരുന്നു. ഇത്തരം ചില പാട്ടുകള്‍ പ്രസിദ്ധീകരിക്കെപ്പെട്ടിട്ടുണ്ട്. പിറവം വലിയ പള്ളി, കൊച്ചുപള്ളി എന്നിവയെപ്പറ്റി പാട്ടുകളുണ്ട്. പള്ളിപ്പാട്ടുകളിലെ പല വസ്തുതകളും ചരിത്രപ്രാധാന്യമുള്ളവയാണ്. പള്ളിനിര്‍മ്മാണവുമായി ബന്ധപ്പെട്ട നാടുവാഴികള്‍, സ്ഥലവും വസ്തുക്കളും ദാനം ചെയ്തവര്‍, ക്ഷേത്ര ഭരണാധികാരികള്‍, പുരാതനകുടുംബങ്ങള്‍ എന്നിവരെക്കുറിച്ച് അവയില്‍ പരാമര്‍ശങ്ങളുണ്ട്.

പിറവം പെരുന്നാള്‍ പട്ടിക
(രേഖപ്പെടുത്തിയിരിക്കുന്നതു പോലെ) നു = തീയതി
നമ്മുടെ കര്‍ത്താവിന്റെയും എല്ലാ പരിശുദ്ധാരുടെയും പെരുന്നാളുകള്‍ ഞങ്ങള്‍ എഴുതുവാനാരംഭിക്കുന്നു. (ഏറ്റവും മുകളില്‍ സുറിയാനിയില്‍ എഴുതിയിരിക്കുന്നതിന്റെ ഏകദേശ മലയാളപരിഭാഷ)

  • മകരം 1 നു നമ്മുടെ കര്‍ത്താവിന്റെ സുന്നത്തിട്ടതും മാര്‍ ബസ്സേലിയൊസിന്റെ മാര്‍ ഗ്രീഗൊറിയൊസിന്റെയും പെരുന്നാള്‍
  • 6 നു നമ്മുടെ കര്‍ത്താവീശൊമിശിഹാ മാമ്മൂദിസാ മുഴുകിയ പെരുന്നാള്‍
  • 7 നു മാര്‍ യൊഹന്നാന്‍ മാമ്മദാനായുടെ പുകഴ്ചയുടെയും
  • 15 നു വിത്തുകള്‍ മെലുള്ള തമ്പുരാനെ പെറ്റമ്മയുടെ പെരുന്നാള്‍
  • കുംഭം 2 നു നമ്മുടെ കര്‍ത്താവിനെ ഒറശ്ലെം പള്ളിയില്‍ കാഴ്ച വച്ച പെരുന്നാള്‍
  • 24 നു മാര്‍ മത്തായ ശ്ലീഹായുടെ പെരുന്നാള്‍
  • മീനം 9 നു 40 സഹദെന്‍മാരുടെയും പെരുന്നാള്‍
  • 25 നു കന്ന്യാസ്ത്രിയമ്മയൊട ഗൌറീയെല്‍ മാലാഖ അറിവിച്ച പെരുന്നാള്‍
  • മേടം 23-ം 24 നു ം ഗീവര്‍ഗിസ്സ സഹദായുടെ പെരുന്നാള്‍
  • എടവം 1 നു മാര്‍ പീലിാപ്പോസിന്റെയും മാര്‍ യാക്കൊയുടെയം പെരുന്നാള്‍
  • 15 നു കതിരുകള്‍ മെലുള്ള തമ്പുരാനെ പെറ്റമ്മയുടെ പെരുന്നാള്‍
  • മിഥുനം 5 നു കന്ന്യാസ്ത്രി അമ്മയുടെ നാമത്തുമ്മെല്‍ പള്ളി പണിപ്പെട്ട പെരുന്നാള്‍
  • 24 നു മാര്‍ യൊഹന്നന്‍ മൌദ്ദാനായുടെ പെരുന്നാള്‍
  • 29 നു മാര്‍ പത്രൊസിന്റെയും മാര്‍ പൌലൊസിന്റെയും പെരുന്നാള്‍
  • 30 നു പന്ത്രണ്ട ശ്ലീഹമ്മാരുടെയും പെരുന്നാള്‍
  • കര്‍ക്കടകം 3 നു മാര്‍ത്തൊമ്മാശ്ലീഹായുടെ പെരുന്നാള്‍
  • 25 നു മാര്‍ യാക്കൊ ശ്ലിഹായുടെ പെരുന്നാള്‍
  • ചിങ്ങം 6 നു താബൊറെന്ന മലയില്‍ ദൈവസുഖം വെളിച്ചമാക്കിയ പെരുന്നാള്‍
  • 15 നു കന്നിയാസിയമ്മാ ആകാശത്തിന്ന എഴുന്നെള്ളിയ പെരുന്നാള്‍
  • 29 നു മാര്‍ യൊഹന്നന്‍ മാമ്മദാനായുടെ തല കണ്ടിച്ച പെരുന്നാള്‍
  • കന്നിമാസം 8 നു കന്നിയാസ്ത്രി അമ്മയുടെ പ്രപിയുടെ പെരുന്നാള്‍
  • 14 നു മാര്‍ സ്ലീബായുടെ പെരുന്നാള്‍
  • 21 നു മാര്‍ മത്തായി ശ്ലീഹായുടെ പെരുന്നാള്‍
  • 29 നു മാര്‍ മാര്‍ മിഖായെല്‍ മാലാഖയുടെ പെരുന്നാള്‍
  • തുലാം 7 നു മാര്‍ സറുഗിസിന്റെയും മാര്‍ ബാക്കൊസിന്റെയും പെരുന്നാള്‍
  • 28 നു മാര്‍ ശെമഒന്റെയും മാര്‍ യുദായുടെയും പെരുന്നാള്‍
  • വൃശ്ചിക 1 ശുദ്ധമാകട്ടെവരെല്ലവരുടെയും പെരുന്നാള്‍
  • 2 നു മരിക്കപ്പെട്ട വിസ്വാസകാറരായവരെല്ലാവരുടെയും പെരുന്നാള്‍
  • 21 നു അന്നാ ഉമ്മാ കന്ന്യാസ്ത്രിയമ്മെ ഒറല്ലെം പള്ളിയില്‍ കാഴ്ച വച്ച പെരുന്നാള്‍
  • 30 നു അന്ത്രയൊസ ശ്ലീഹായുടെ പെരുന്നാള്‍
  • ധനുവം 8 തമ്പുരാനെ പെറ്റമ്മയെ ഗര്‍ഭനിച്ച പെരുന്നാള്‍
  • 18 നു ആദമ്പമലയില്‍ സ്ലീബ കണ്ടെത്തിയ പെരുന്നാള്‍
  • 21 നു ഉറഹായുടെ പള്ളിയില്‍ മാര്‍ തൊമ്മാ ശ്ലീഹാ കവറടങ്ങിയ ഗൊഴിപ്പിനുടെ പെരുന്നാള്‍
  • 25 നു നമ്മുടെ കര്‍ത്താവിന്റെ പ്രപിയുടെ പെരുന്നാള്‍
  • 26 നു കന്നിയാസ്ത്രി അമ്മയുടെയും എസ്തപാനൊ സഹദായുടെയും പെരുന്നാള്‍
  • 27 നു യൊഹന്നാന്‍ ഏവന്‍ഗെലിസ്തായുടെയും ഹെറൊദൊസു കൊല്ലിച്ച പൈതങ്ങളുടെയും പെരുന്നാള്‍

സമീപകാലത്തെ ചായംപൂശല്‍ മൂലം ഈ പഞ്ചാംഗത്തില്‍ ചില വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നു സംശയിക്കുന്നു. കന്ന്യാസ്ത്രി അമ്മയുടെ നാമത്തുമ്മെല്‍ പള്ളി പണിയട്ടെ പെരുന്നാള്‍ മിഥുനം 15 ആകാനാണു സാദ്ധ്യത. സ്ലീബായുടെ പെരുന്നാള്‍ കന്നി 13ം 14ം ആകാനിടയുണ്ട്. (ദി സണ്‍ഡേ സ്‌കൂള്‍ 2018 ഏപ്രില്‍ജൂണ്‍ ലക്കത്തില്‍ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചു.)

പിറവം പള്ളി: സഭാതര്‍ക്കവും തത്ക്കാലാവസ്ഥയും