OVS - Latest NewsOVS-Kerala News

ആസ്‌തിത്വത്തിന് ജീവൻ കൊടുത്ത മാർത്തോമാ നസ്രാണിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്

കയ്യടി കിട്ടാനും, കളം നിറഞ്ഞുനിൽക്കുന്ന വാർത്തകൾക്ക് മറ പിടിക്കാനും ആർക്കും എന്തും പറയാം. പറയുന്നതിലെ നെല്ലും പതിരും തിരിയാൻ മെനക്കെടാതെ അത് അന്തരീക്ഷത്തിലേക്ക് പറത്തി വിടുമ്പോൾ അതൊക്കെ വലിയ വാർത്തകളായി വരുന്ന ഒരു സ്ഥിതി വിശേഷം ഇപ്പോൾ നാട്ടിലുണ്ട്. പറയുന്നവർക്ക് ഔചിത്യം ഇല്ലെങ്കിലും കേൾക്കുന്നവർ അതിന്റെ ഔചിത്യം തിരിച്ചറിയേണ്ടതുണ്ട്. ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവർ ആൾക്കൂട്ടം കാണുമ്പോൾ ‘വാകീറിയ കോടാലി’ എന്ന പോലെ എന്തും വിളിച്ചു പറയാം എന്ന് കരുതുന്നത് ഒരു ജനാധിപത്യ സംവിധാനത്തിൽ ഭൂഷണമല്ല. മാർത്തോമൻ പൈതൃകം പേറുന്ന മലങ്കര നസ്രാണിയെ സംബന്ധിച്ച് അകത്തുനിന്നും പുറത്തുനിന്നും, വിദേശത്തുനിന്നും സ്വദേശത്തുനിന്നും ഉണ്ടായിട്ടുള്ള ഇത്തരം പ്രതികൂല സാഹചര്യങ്ങളെ ജീവൻ കൊടുത്തു ചെറുത്ത പാരമ്പര്യവും ആണ് ഉള്ളത്. മലങ്കര സഭയുടെ അസ്തിത്വം പണയം വെക്കുവാനോ, വീതം വെക്കുവാനോ ഇനിയും മലങ്കര നസ്രാണിക്ക് ജീവനുള്ള കാലം ആരെയും അനുവദിക്കുകയും ഇല്ല. പരിശുദ്ധ സഭ അതിന് ആരെയും ഏൽപ്പിച്ചിട്ടുമില്ല. അധികാരത്തിന്റെ പിൻബലത്തിൽ അങ്ങനെ എന്തെങ്കിലും ഒക്കെ ആയി കളയാം എന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ മൂഢ സ്വർഗത്തിലാണ് എന്ന് മാത്രമേ പറയാൻ ആഗ്രഹിക്കുന്നുള്ളൂ. പരിശുദ്ധ സഭയെ സംബന്ധിച്ച് ‘മലങ്കര സഭ’ എന്നത് അതിന്റെ എല്ലാ അർത്ഥത്തിലും ഏകമായ ഒരു സഭയാണ്. അതിന്റെ അസ്തിത്വവും ഒന്നുതന്നെ. അത് വിശുദ്ധ മാർത്തോമാ സ്ലിഹയുടെ ശ്ലൈഹീക പാരമ്പര്യത്തിൽ നിന്നുള്ള അസ്തിത്വമാണ്. മാർത്തോമാ ശ്ലീഹയുടെ പൈതൃകവും അസ്തിത്വവും ഏതെങ്കിലും സമ്മേളന വേദിയിൽ വച്ച് ആർക്കെങ്കിലും ഉച്ചഭാഷിണി വഴി പകർന്നുകൊടുക്കുവാൻ കഴിയുന്നതും അല്ല. ഈ ശ്രേഷ്ഠമായ അസ്തിത്വവും പൈതൃകവും പാരമ്പര്യവും കാത്ത് സൂക്ഷിച്ച വഴികളിൽ മട്ടാഞ്ചേരിയിലെ കൂനംകുരിശിന്റെ തണൽ ഉണ്ട്, വൈദേശിക ആധിപത്യത്തിനെതിരായി പോരാടിയ പിതാക്കന്മാരുടെ പോരാട്ടവീര്യമുണ്ട്, അധിനിവേശ മുടക്കുകളെ അതിജീവിച്ച ചരിത്രം ഉണ്ട്. കാതോലിക്കേറ്റ് പുനസ്ഥാപനത്തിന്റെ ശോഭയുണ്ട്, ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ നിന്ന് ഉള്ള അസന്നിഗ്ധമായ വിധികളുടെ പിൻബലം ഉണ്ട്. പൗരാണികതയും ആചാര അനുഷ്ഠാനങ്ങളുടെ സുഗന്ധവും ഈ സഭയുടെ അസ്ഥിത്വത്തിന് ഉണ്ട്. ഇവ ഒന്നും കിമ്പളമോ, സംഭാവനയോ കൊടുത്ത് വാങ്ങാവുന്നതും അല്ല. അങ്ങനെ ആരെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ ഒരു മലർപ്പൊടിക്കാരന്റെ സ്വപ്നമായി അത് അവസാനിക്കുകയുള്ളൂ. അധികാരത്തിന്റെ ഹുങ്കും ധാഷ്ട്യവും ഉപയോഗിച്ച് മലങ്കര സഭയ്ക്ക് നേരെ വിരൽ ചുണ്ടുമ്പോൾ ‘ഇതും കടന്നു പോകും’ എന്ന ഒരു ഓർമ്മപ്പെടുത്തൽ മാത്രമേ പറയാനുള്ളൂ. ഭരണ തലങ്ങളിൽ ഇരിക്കുന്ന ഉത്തരവാദിത്തപ്പെട്ടവർ ഭരണഘടനയോടും, അലങ്കരിക്കുന്ന സ്ഥാനത്തോടും കൂറും പ്രതിബദ്ധതയുള്ള വരും പക്ഷപാതം കൂടാതെ സമൂഹത്തെ സേവിക്കുവാൻ കഴിവുള്ളവരും ആവണം. ഭാരതം പണ്ടേ തള്ളിക്കളഞ്ഞ ‘ഭിന്നിപ്പിച്ചു ഭരിക്കുക‘ ചിറ്റമ്മ നയം ഇവിടെ വിലപ്പോവില്ല. അത്തരം നയങ്ങളോടും പ്രസ്താവിനോകളോടും മുള്ള ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.

പൗരസ്ത്യ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്ത എന്നീ മഹനീയ സ്ഥാനങ്ങക്ക് നേരെ മുഖം തിരിഞ്ഞു പോയവർ ഇപ്പോൾ ഈ നാമങ്ങളോട് വല്ലാത്ത ആഭിമുഖ്യവും സ്നേഹവും കാണിക്കുമ്പോൾ ‘എന്റെ നാമമെടുത്ത് അവർ നിങ്ങളെ തെറ്റിക്കും’ എന്ന തുരുവചനം സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ ഓർത്തുകൊള്ളണം. പൗരസ്ത്യ കാതോലിക്കായിയും മലങ്കര മെത്രാപ്പോലീത്തായേയും തെരഞ്ഞെടുക്കുന്നതിന് മലങ്കരയിൽ അതിന്റെതായ ഒരു നിയമ സംവിധാനവും, ഭരണഘടനാ രീതിയും ഉണ്ട്. ജൂബിലി സമ്മേളനങ്ങളിൽ എവിടെനിന്നെങ്കിലും ആരെങ്കിലും വന്ന് പ്രഖ്യാപിക്കപ്പെടേണ്ട ഒരു പേരല്ല മലങ്കര മെത്രാപ്പോലീത്തായുടേത്. അതിന് അതിന്റേതായ അധികാരവും, മഹിമയും, ഉത്തരവാദിത്വവും ഉണ്ട്. അത് ഭാരതത്തിലെ സ്വതന്ത്ര ഓർത്തഡോക്സ്‌ സഭയുടെ തലവന് മാത്രം ഉപയോഗിക്കുന്ന അധികാര സ്ഥാനമാണ്. ഭാരതത്തിന്റെ പരമോന്നത നീതിപീഠം അത് അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അന്ന് മുഖം തിരിഞ്ഞു പോയവർക്ക് കാലിനടിയിലെ മണ്ണ് ഒലിച്ചു പോയപ്പോൾ ഉണ്ടായ മലങ്കര മെത്രാപ്പോലീത്ത സ്നേഹവും, അസ്ഥിത്വവും കൂറും ഈ വിശുദ്ധ സഭയെ ജീവനുതുല്യം സ്നേഹിക്കുന്ന സത്യവിശ്വാസികൾ തിരിച്ചറിയേണ്ടതായിട്ടുണ്ട്. വൈദേശിക സഭകളിൽ നിന്ന് ലഭിച്ച നന്മകൾ നന്ദിയോടെ ഓർക്കുന്ന സഭയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നാൽ അത് ഏതെങ്കിലും സഭയുടെ കീഴ് ഘടകം എന്ന നിലയിൽ അല്ല. ഇന്ന് മലങ്കര സഭ ഭരിക്കുന്നത് പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ പിൻഗാമിയാണ്. മഫ്റിയാന എന്ന നുകം വഹിച്ച് കൂനു പിടിച്ചവർക്ക് സ്വാതന്ത്ര്യത്തിന്റെ ഈ വിശാല സഭയെ കാണേണ്ടതുപോലെ കാണുവാൻ കഴിയുന്നില്ല എന്നത് ദുഃഖകരമാണ്. “നാം ഒന്നാണ്, ഒരേ അപ്പത്തിന്റെ അംശികളും, ഒരേ കൂടാരത്തിൻ കീഴിൽ ജീവിക്കുന്നവരും ആണ്” എന്ന് ഭാഗ്യവാനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ തിരുമേനിയുടെ പ്രഖ്യാപനം ഇന്നും പച്ചകടാതെ നമുക്ക് മുമ്പിലുണ്ട് എന്ന് ഓർപ്പിക്കട്ടെ. അസ്ഥിത്വവും, അധികാരങ്ങളും വെട്ടി മുറിച്ച് മലങ്കര സഭയെ ഭിന്നിപ്പിക്കുവാൻ വരുന്നവ സ്വദേശത്തും വിദേശത്തും നിന്നുള്ള കള്ളനാണയങ്ങളെ മലങ്കര നസ്രാണി തിരിച്ചറിയണം.

മലങ്കര സഭയുടെ ചരിത്രത്തെ പറ്റി, അതിന്റെ അസ്തിത്വത്തെ പറ്റി യാതൊരു അവബോധവും ഇല്ലാതെ, സുപ്രീംകോടതി വിധി നിരോധിച്ച പാരലൽ ഭരണ സംവിധാനത്തെ പിന്തുണച്ചും നടത്തുന്ന അപക്വമായ പ്രഖ്യാപനങ്ങളെ അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും, ഉത്തരവാദിത്തപ്പെട്ടവരുടെ ഇത്തരം നിലപാടുകൾക്കെതിരായുള്ള ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നു.

ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത
ചെങ്ങന്നൂർ ഭദ്രാസനം, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

മലങ്കര സഭയിലെ തർക്കം വിശ്വാസപരമല്ല: