EditorialOVS - Latest News

മലങ്കര സഭയിലെ തർക്കം വിശ്വാസപരമല്ല:

1911-ൽ മലങ്കര മെത്രാപോലിത്തയായിരുന്ന പരിശുദ്ധ വട്ടശ്ശേരി മാർ ദിവന്നാസിയോസിനെതിരെയുള്ള അബ്‌ദുള്ള പാത്രിയർക്കിസൻ്റെ മുടക്കും, ശേഷം 1912-ൽ മലങ്കര സഭയുടെ സ്വാത്രന്ത്യത്തിൻ്റെയും, സ്വയം ശീർഷകത്തിൻ്റെയും പര്യായമായ കാതോലിക്കേറ്റ് സ്ഥാപനത്തെയും തുടർന്ന് മലങ്കരയിൽ ആരംഭിച്ച സമുദായ വ്യവഹാരങ്ങൾ ഇന്ന് അതിൻ്റെ സ്വാഭാവിക പരിസമാപ്തിയിൽ എത്തിച്ചേർന്നിരിക്കുന്നു. 1913-ൽ തിരുവന്തപുരം ജില്ലാകോടതിയിൽ ആരംഭിച്ച 1928 ജൂലൈ 4-നു തിരുവതാംകൂർ ഹൈക്കോടതി ഫുൾബെഞ്ചിൻ്റെ കാതോലിക്ക പക്ഷത്തിനു അനുകൂലമായ വട്ടിപ്പണ്ണ കേസ് വിധിയിൽ, പാത്രിയർക്കിസിൻ്റെ മുടക്ക് അസാധുവാണെന്നും, മൂറോൻ കൂദാശ, മെത്രാൻ വാഴ്ച എന്നിവയ്ക്കുള്ള പാത്രിയർക്കാ അധികാരം ശൂന്യപ്രായമായി എന്നും വ്യക്തമായി വിധിച്ചിരുന്നു.

1938 മാർച്ചു 10-നു ആരംഭിച്ച “ഒന്നാം സമുദായ” കേസിലെ 1958 സെപ്റ്റംബർ 12-ലെ ബഹു. സുപ്രീം കോടതി അഞ്ചാംഗ ഭരണഘടനാ ബെഞ്ചിൻ്റെ വിധിയോടെ തന്നെ മലങ്കര സഭയിലെ വിശ്വാസപരവും, തോമ ശ്ലീഹ – പത്രോസ് ശ്ലീഹ പൗരഹത്യ കൈവെപ്പു, 1934 ഭരണഘടനാ, തുടങ്ങിയ തർക്ക വിഷയങ്ങളിലും, മെത്രാൻ കക്ഷി – ബാവ കക്ഷി അവകാശതർക്കങ്ങളിലും പൂർണ്ണ പരിസമാപതി വന്നിരുന്നു. കാതോലിക്കോസ് നിയമാനസുരണം നിയമിക്കപ്പെട്ട മലങ്കര മെത്രാപ്പോലീത്തയും എക്സ് ഒഫീഷ്യോ ട്രസ്റ്റിയുമാണ്, മലങ്കര മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കെയും സഭാ ഭരണഘടനാ പാസ്സാക്കുകെയും ചെയ്ത 1934 ഡിസംബർ 26-ന് കൂടിയ എം.ഡി അസോസിയേഷൻ സാധുവായ യോഗമാണ് എന്നും, പാത്രിയർക്കിസ് വിഭാഗം മെത്രാൻമാർ മലങ്കര അസ്സോസിയേഷനാൽ സ്വീകരിക്കപ്പെട്ടവരല്ല എന്നത് കൊണ്ട് അവർക്കു മലങ്കരയിലെ ഇടവകകളിൽ ഭരണാധികാരം ഉണ്ടായിരിക്കില്ല എന്നുമായിരുന്നു വിധിയിലെ പ്രധാന കണ്ടെത്തലുകൾ. 1889-ലെ നവീകരണക്കാരുമായുള്ള സെമിനാരി കേസിലെ റോയൽ കോടതി വിധിയും, 1912 ആരംഭിച്ച 1928 -ൽ തിരുവതാംകൂർ ഹൈകോടതി വിധി പറഞ്ഞ വട്ടിപ്പണ്ണ കേസിലും മലങ്കര മെത്രാപ്പോലീത്തയ്ക്ക് ലഭിച്ച പൂർണ്ണ നിയമവിജയം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു 1958-ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിയും.

1958-ലെ പ്രസ്തുത വിധിയുടെ അന്തസത്ത ഉൾക്കൊണ്ടാണ് പാത്രിക്കിസ് കക്ഷി നിരുപാധികം, മലങ്കര സഭയുടെ അംഗീകൃത ഭരണഘടനയ്‌ക്ക്‌ വിധേയമായി, മലങ്കരയുടെ പരിശുദ്ധ കാതോലിക്ക ബാവായുടെ കീഴിൽ പരിശുദ്ധ അന്ത്യോഖ്യ പാത്രിക്കിസിൻ്റെ സാന്നിധ്യത്തിൽ മലങ്കര സഭയിൽ തിരികെയെത്തിയത്. 1958 ഡിസംബർ 16-ന് പഴയ സെമിനാരിയിൽ വി.ബലിപീഠത്തിൻ്റെ മുൻപിൽ പരിശുദ്ധ കാതോലിക്കോസും പാത്രിയർക്കിസ് വിഭാഗം മെത്രാൻമാരും പരസ്പര സ്വീകരണ കല്പന കൈമാറി. പരിശുദ്ധ കാതോലിക്കാ ബാവ പരിശുദ്ധ പാത്രിയർക്കിസ് ബാവയ്ക്ക് വേണ്ടി ആ വിഭാഗത്തിലെ മെത്രാന്മാർക്ക് കൈമാറിയ കല്പനയിൽ ഇപ്രകാരം എഴുതി, “സഭയിലെ സമാധാനത്തിനു വേണ്ടി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പാസ്സാക്കി നടപ്പിലിരിക്കുന്ന ഭരണഘടനയ്‌ക്ക്‌ വിധേയമായി മോറാൻ മാർ ഇഗ്നാത്തിയോസ്‌ യാക്കോബ് തൃതീയനെ അന്തോഖ്യാ പാത്രിയർക്കീസായി സ്വീകരിക്കുന്നതിന് നാം പ്രസാദിച്ചിരിക്കുന്നു”. പാത്രിയർക്കിസ് ഭാഗത്തുണ്ടായിരുന്ന മെത്രാൻമാർ പരിശുദ്ധ കാതോലിക്കോസിന് വിധേയത്വ ഉടമ്പടി എഴുതി നൽകി. മെത്രാന്മാർ നൽകിയ ഉടമ്പടി (ശൽമൂസാ) സ്വീകരിച്ച പരിശുദ്ധ കാതോലിക്ക ബാവ, ചുവന്നു മഷിയിൽ ‘മാർത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന” എന്ന താൻ സ്ഥാനമേറ്റ 1929 മുതൽ ഉപയോഗിച്ചുപോരുന്ന പരമ്പരാഗതമായ ഔദ്യോഗിക ലെറ്റർ പാഡിൽ പുതിയ മെത്രാന്മാരടക്കം മലങ്കരയിലെ എല്ലാ മെത്രാന്മാർക്കും നിയമനകല്പന 1959 ഫെബ്രുവരി 25-ന് അയച്ചു. ജയിച്ചവർ തോറ്റവരോട് കാണിക്കേണ്ട മഹാമനസ്സകതയുടെ പേരിൽ മലങ്കര സഭയ്ക്ക് കോടതി ചിലവായി എതിർ കക്ഷി നൽകേണ്ടിയിരുന്ന കോടതി ചെലവ് വേണ്ടെന്നു വെയ്ക്കുകയും, ഒന്നായി തീർന്ന സഭയുടെ ഇടവകകളിൽ നിയമനുസൃതം വിധി നടത്തിക്കുന്നതിൽ സഭാ പിതാക്കൻമാർ ശ്രദ്ധ കൊടുക്കെകയും ചെയ്യതില്ല. സഭയിലെ സമാധാന കാലഘട്ടത്തിൽ ആർക്കും തോമസ് ശ്ലീഹായുടെ അപ്പോസ്തോലിക സിംഹാസനമോ, പരിശുദ്ധ കാതോലിക്ക ബാവായുടെ കൗദാശിക വരങ്ങളോ, പാത്രിക്കിസിൻ്റെ പഴയ മുടക്കുകളോ ഒന്നും പ്രസ്കതമല്ലാതെ വിശ്വാസികളും, വൈദികരും പരസപരം കൂദാശകളിലും, വിശ്വാസ ഐക്യത്തിലും ഒന്നായി ഒരുമയോടെ ജീവിച്ചു. പുറേമക്കെങ്കിലും എല്ലാ തർക്ക വിഷയങ്ങളും അവസാനിച്ച, എല്ലാ അവകാശ വാദങ്ങളും ഉപേക്ഷിച്ചു,

പരിശുദ്ധ കാതോലിക്കാ ബാവായുടെ അധികാരത്തിനും, മലങ്കര സഭയുടെ 1934 ഭരണഘടനയ്ക്കും വിധേയേപ്പെട്ടു നിന്നവർ 1970 -കളോടെ വീണ്ടും മലങ്കരയിൽ പരസ്യ കലാപത്തിന് വിത്ത് വിതച്ചത് ഒരു വിശ്വാസത്തിൻ്റെയും പേരില്ല, മറിച്ചു സുപ്രീം കോടതിയുടെ വിധിയോടെ കൈമോശം വന്ന സമാന്തര അധികാര കേന്ദ്രത്തെ മലങ്കരയിൽ സൃഷ്ടിക്കാൻ വേണ്ടി മാത്രമായിരുന്നു. 1958-ലെ സുപ്രീം കോടതിയുടെ വിധിയോടെ മലങ്കര സഭയിലെ അധികാരവും അവകാശവും ഭരണഘടനപരമായ നിയ്രന്തിക്കപെടുകയും, നിജപ്പെടുക്കയും ചെയ്യുക വഴി നിരാശനായി കഴിഞ്ഞിരുന്ന അന്തോഖ്യൻ സഭാ നേതൃത്വം, ഇച്ഛാഭംഗത്തോടെ കഴിഞ്ഞിരുന്ന മലങ്കരയിലെ പഴയ പാത്രിക്കിസ് കക്ഷിയെ, വി. മാർത്തോമാ ശ്ലീഹായുടെ പട്ടത്വത്തെ പറ്റിയുള്ള 203/1970 എന്ന കുപ്രിസദ്ധ കല്പനയോടെ ഉത്തേജിപ്പിച്ചു കലാപകാരികളാക്കി. കോടതി വിധിയോടെ തങ്ങളുടെ വ്യാമോഹങ്ങളും, മത്സരബുദ്ധിയും, അന്ധമായ ഓർത്തഡോക്സ്‌ വിരോധവും ഉള്ളിലൊതുക്കി കഴിഞ്ഞിരുന്ന മാർ ഫിലിക്സിനോസും, മാർ ക്ലിമ്മീസും, മാർ യൂലിയോസും വിധിയുടെ പന്ത്രണ്ടാം വർഷത്തിന് ശേഷം “അന്തോഖ്യൻ മൂവ്‌മെൻറ്മായി” പരസ്യ കലാപത്തിന് ഇറങ്ങി. അന്തോഖ്യൻ പാത്രിയർക്കിസ് അവസരം മുതലെടുത്തു മലങ്കര അസോസിയേഷൻ തിരഞ്ഞെടുക്കപെടാത്ത 4 വൈദികരെ മെത്രാന്മാരായി വാഴിച്ചു മലങ്കരയിലേക്കു അയച്ചു. 1966-ൽ മലങ്കര അസോസിയേഷനിൽ നടന്ന മെത്രാൻ തിരഞ്ഞെടുപ്പിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ പരാജയപ്പെട്ട ഫാ.സി.എം തോമസ് (ഇപ്പോഴത്തെ യാക്കോബയ കാതോലിക്ക), ഫാ ഗീവർഗീസ് പെരുമ്പള്ളിൽ തുടങ്ങിയവരും അവസരം മുതലെടുത്തു തങ്ങൾക്കു നേരായ മാർഗത്തിൽ മലങ്കരയിൽ അന്യമായ മെത്രാൻ വേഷം സംഘടിപ്പിച്ചത് മലങ്കര സഭയെ അക്ഷരാർത്ഥത്തിൽ നെടുകെ ഭിന്നിപ്പിച്ചു. പാത്രിയാർക്കിസ് അനുകൂലികൾക്ക് ഭൂരിപക്ഷമുണ്ടായിരുന്ന അങ്കമാലി-കണ്ടനാട് ഭദ്രാസനങ്ങളിൽ പുതിയ മെത്രാൻമാരുടെ വരവോടെ ഇടവകതോറും കേസുകളും, സംഘർഷങ്ങളും പതിവായി. സത്യങ്ങൾ ബോധ്യപ്പെട്ട പഴയ പാത്രിയാർക്കിസ് കക്ഷിയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും മലങ്കര സഭയിൽ ഉറച്ചു നിന്നെങ്കിലും, ഒടുവിൽ 1975 സെപ്‌റ്റംബർ 7-ന് പൗലോസ് മാർ പീലക്സിനോസിനെ സമാന്തര കാതോലിക്കയായി പാത്രിയർക്കിസ് വാഴിച്ചതോടെ വഞ്ചകരായ വിഘിടിത വിഭാഗ നേതാക്കൾ ആഗ്രഹിച്ച ഭിന്നത പൂർണ്ണമായി.

1974-ൽ ആരംഭിച്ച രണ്ടാം സമുദായ കേസിൽ വിഘിടിത യാക്കോബായ വിഭാഗം പാത്രിയാർക്കിസാണ് മലങ്കര സഭയുടെ പൂർണ്ണ അധികാരിയെന്നും, പാത്രിക്കിസിനു മലങ്കര സഭയുടെ മെത്രാപ്പോലീത്തന്മാരിൽ പൂർണ അധികാരമുണ്ടെന്നും, തങ്ങളാണ് ഔദോഗിക മലങ്കര സഭയെന്നും, തങ്ങളുടെ കാതോലിക്കയാണ് മലങ്കര സഭയുടെ തലവനായ യഥാർത്ഥ മലങ്കര മെത്രാപ്പോലീത്തയുമെന്നും വാദിച്ച കേസിലെ അന്തിമവിധി 1995-ലെ ബഹു.സുപ്രീം കോടതി വിധിയാണ്. ഒരു രാഷ്ട്രീയ പാർട്ടിയടെയുള്ളിൽ തന്നെ 2 വിഭാഗം ആരാണ് നിയമാനുസൃത പക്ഷം എന്ന് വാദിക്കുംപോലെയായിരുന്നു മേൽപറഞ്ഞ വാദങ്ങൾ. 1995-ലെ സുപ്രീം കോടതി വിധിയോടെ പരിശുദ്ധ പാത്രിയാർക്കിസിൻ്റെ സ്ഥാനം മലങ്കര സഭയിൽ അസ്തമയ ബിന്ദുവിൽ എത്തുകയും, മലങ്കര സഭയിലെ ഔദോഗിക വിഭാഗം ഏതെന്നു വിധിക്കുകയും, 1934 ഭരണഘടനാ അനുസൃതമായാണ് മലങ്കര സഭയും അതിൻ്റെ 1064 ഇടവകകളും ഭരിക്കേണ്ടത് എന്ന് ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. 1995-ലെ വിധിയുടെ പശ്ചാത്തലത്തിൽ സത്യങ്ങൾ ബോധ്യപ്പെട്ട യാക്കോബായ വിഭാഗത്തിലെ 3 മെത്രാന്മാരും, നിരവധി വൈദികരും, വിശ്വാസികളും മലങ്കര സഭയുടെ കാതോലിക്കറ്റിനു കീഴിൽ വന്നു. 1995 -ലെ സുപ്രീം കോടതി വിധിയുടെ അന്തസത്തയെ പൂർണമായി മാനിച്ചു കൊണ്ട് സുപ്രീം കോടതിയുടെയും, സഭാ ഭരണഘടനയുടെയും അടിസ്ഥാനത്തിൽ വിഘിടിച്ചു നിൽക്കുന്നവരെ പരിശുദ്ധ കാതോലിക്ക ബാവയെയും എപ്പിസ്കോപ്പൽ സിനഡും മലങ്കര സഭയിലേക്ക് സ്വാഗതം ചെയ്തു. സുപ്രീം കോടതിയുടെ നീരീക്ഷണത്തിൽ, റിട്ട്. ജസ്റ്റിസ് മളിമീടിൻ്റെ മേൽനോട്ടത്തിൽ പൂർണ്ണ മലങ്കര അസോസിയേഷൻ വിളിച്ചു ചേർത്ത് അതിൽ മലങ്കര മെത്രാപ്പോലീത്തയെയും കൂട്ട് ട്രസ്റ്റിമാരെയും തിരഞ്ഞെടുക്കുന്നതിന് തീരുമാനിച്ചു മുന്നോട്ടു പോയി. 2002-ൽ കോടതി നീരിക്ഷകൻ്റെ ചെലവ് വിഹിതം പോലും കെട്ടി വെച്ച് പരുമല മലങ്കര അസോസിയേഷനിൽ പങ്കെടുക്കാനും മല്സരിക്കാനും തീരുമാനിച്ച വിഘടിത യാക്കോബായ പക്ഷം, അതിൽ നിന്നും അവസാന സമയത്തു പിന്മാറി. പ്രസ്തുത യോഗം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് രണ്ടാമനെ ഐക്യകണ്ഠനെ മലങ്കര മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. ഇതേ സമയം തോമസ് മാർ ദിവാനാസിയോസിൻ്റെ നേതൃത്വത്തിൽ പുത്തൻകുരിശിൽ ബദൽ അസോസിയേഷൻ വിളിച്ച പുതിയ ഭരണഘടനയും, “യാക്കോബായ സഭ” എന്ന പുതിയ സഭയെയും, പുതിയ കാതോലിക്കായെയും പ്രഖ്യാപിച്ചു. ഇത്തരമൊരു ഒരു പുതിയ സഭാ പ്രഖ്യാപനം വഴി മലങ്കര സഭയുടെ 1934 ഭരണഘടന അനുസരിച്ചും, രാജ്യത്തിൻ്റെ പരമോന്നത നീതി പീഠങ്ങളുടെ തീർപ്പു അനുസരിച്ചും, യാക്കോബായ വിഭാഗം തങ്ങളുടെ മലങ്കര സഭയിലെ എല്ലാ അവകാശ വാദങ്ങളെയും ഉപേക്ഷിച്ചു സ്വയം പിരിഞ്ഞു പോയി. രണ്ടാം സമുദായ കേസിലെ വിധി തങ്ങൾക്കു പൂർണമായും പ്രതികൂലമായെങ്കിലും ഇടവക പള്ളിയുടെ സ്വാത്രന്ത്യം എന്ന കച്ചിതുമ്പിൽ കണ്ണ് വെച്ചാണ്, 3 പതിറ്റാണ്ടു തങ്ങൾ നടത്തിയ വിഷധ്വംസ പ്രചാരണം വഴി വിളവെടുപ്പിനു പാകമായ, തീവ്ര അന്ത്യോഖ്യ ഭക്തിയും, അന്തമായ ഓർത്തഡോക്സ്‌ വിരോധത്തിൻ്റെയും കൊയ്ത്തിനു ഇറങ്ങിയത്.

1995-ലും ബഹു സുപ്രീം കോടതി വിധിയും, 2002-ലെ കോടതി നീരിക്ഷണത്തോടെ നടത്തിയ മലങ്കര മെത്രാപോലിത്ത തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ മലങ്കര സഭയിലെ ശരിയായ കക്ഷി വഴക്കു കഴിഞ്ഞു. എങ്കിലും ഇടവക പള്ളികളുടെ മേൽ സഭയുടെ ഭരണഘടയ്ക്കു നിയന്ത്രണമില്ല എന്ന പുതിയ വാദം ഉയർത്തി നിരവധി കേസുകൾ സൃഷ്ടിക്കപ്പെട്ടു. സുപ്രീം കോടതി വിധികൾക്കും നിശ്ചയങ്ങൾക്കും വിപീരതമായി രാഷ്ട്രീയ സ്വാധീനത്തിൻ്റെയും, കൈയൂക്കിൻ്റെയും ബലത്തിൽ 1064 ഇടവകകളിൽ പെട്ട വടക്കൻ പ്രദേശത്തെ പല ഇടവകകളും യാക്കോബായ വിഭാഗം തുടർന്നും തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താൻ ശ്രമിച്ചതോടെ ഇടവക തലത്തിൽ സംഘർഷങ്ങളും സമാന്തര ആരാധനകളും ഭരണങ്ങളും പതിവായി. കോലഞ്ചേരി, വരിക്കോലി, മണ്ണുത്തൂർ ഇടവകളുടെ വ്യവഹാരം കോടതികൾ കടന്ന് ബഹു സുപ്രീം കോടതിയിൽ എത്തുകെയും, 2017 ജൂലൈ 3-നു മലങ്കര സഭയുടെ 1064 പൗരാണിക ഇടവകകൾക്കും ബാധകമാക്കി ഒരു അന്തിമ തീർപ്പു മലങ്കര സഭയ്ക്ക് അനുകൂലമായി ലഭിക്കുകേയുമുണ്ടായി. ഇതിനു സമാനമായ വിധികൾ 2018 ഏപ്രിൽ 19 -നു പിറവം ഇടവകയുടെയും, പിന്നീട് കട്ടച്ചിറ, കോതമംഗലം, ചാലിശ്ശേരി തുടങ്ങിയ ഇടവകൾക്കും പരമോന്നത നീതി പീഠത്തിൽ നിന്നും ലഭിച്ചു. 2017 ജൂലൈയ്ക്ക് ശേഷം 20-ഓളം പള്ളികളുടെ വിധി വരുകെയും അതിൽ കോലഞ്ചേരി, നെച്ചൂർ, വരിക്കോലി, മണ്ണുത്തൂർ, ചാത്തമറ്റം, തൃക്കുന്നതു, മുളപ്പുറം തുടങ്ങി 13 -ഓളം പള്ളിയിൽ വിധി നടത്തിപ്പ് പൂർത്തിയായി. എങ്കിലും പിറവം, കോതമംഗലം അടക്കമുള്ള പല പള്ളികളുടെയും വിധി നടത്തിപ്പ് ഭരണകർത്താക്കളുടെയും, രാഷ്ട്രീയ കക്ഷികളുടെയും ഒത്താശയിൽ തുടർച്ചായി അട്ടിമറിക്കപ്പെടുന്നു. ഏറ്റവും അവസാനമായി 2019 ജൂലൈ 2 -ന് ബഹു. സുപ്രീം കോടതി മലങ്കരയിലെ ഇടവകകളിലെ വിധി നടത്തിപ്പിൽ സർക്കാർ സംവിധാനങ്ങൾ കാണിക്കുന്ന ബോധപൂർവ്വമായ ഒത്തുകളിയുടെയും കോടതി അലക്ഷ്യങ്ങളുടെയും വെളിച്ചത്തിൽ സർക്കാരിനെ നിശിതമായി വിമർശിക്കുകെയും, മേലിൽ ഒരു കോടതികളിലും തങ്ങളുടെ മുൻ വിധികളെ തെറ്റായി വ്യഖ്യാനിക്കുന്നതും, ദുർബലപ്പെടുത്തുന്നതുമായ ഒരു സൗജന്യങ്ങളും പരിഗണയും ഉണ്ടാവാൻ പാടില്ല എന്ന് വിധിച്ചു. അതായതു രാജ്യത്തെ നിയമപരമായി 2002 -ൽ മലങ്കര സഭയിൽ നിന്നും പിരിഞ്ഞു പോയ യാക്കോബായ വിഭാഗത്തിന് ഒരു സാധുതയും, സാധ്യതയും അവേശിക്കുന്നില്ല. എങ്കിലും കള്ളപ്പണത്തിൻ്റെയും, രാഷ്ട്രീയ ഒത്താശയുടെയും, അക്രമി സംഘങ്ങളുടെയും പിൻബലത്തിൽ യാക്കോബായ വിഭാഗത്തിൻ്റെ സർക്കാർ സ്‌പോൺസേർഡ് കോടതി അലക്ഷ്യ നടപടികൾ ഇപ്പോൾ സർവ്വ സാധാരണമാണ്.

മേൽ പറഞ്ഞ നീണ്ട കോടതി വ്യവഹാരങ്ങളുടെയും, വിധികളുടെയും ബോധ്യത്തിൽ കൃത്യമായി പറയാൻ കഴിയുക, ഇന്ന് യാക്കോബായ വിഭാഗം ബോധപൂർവം പ്രചരിപ്പിക്കുന്ന ഒരു വിശ്വാസപരമായ തർക്കവും മലങ്കരയിൽ ഇല്ല. ഉള്ളതോ രാജ്യത്തിൻ്റെ നിയമത്തോടും, ദൈവത്തിൻ്റെ നീതിയോടുമുള്ള അവിശ്വാസവും, അസൂയയും, മല്സരബുദ്ധിയും മാത്രമാണ്. തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികളുടെ കുടുംബത്തിൽ നിന്നും വീണു കിട്ടുന്ന ഓരോ മൃതശരീരങ്ങളെയും വെച്ച് നടത്തുന്ന നിയമവിരുദ്ധമായ അഭ്യാസങ്ങളും, പ്രധിഷേധ നാടകങ്ങളും മൂലം ഇത്രയും ജനസാന്ദ്രതയേറിയ കേരളത്തിൽ ആഴ്ചയിൽ 3 – 4 സെമിത്തേരികൾ നിഷ്പ്രയാസം സൃഷ്ടിച്ചെടുക്കുന്ന ബുദ്ധി സമ്മതിച്ചു തരുന്നു. കൈവിട്ടു പോകുന്ന ഓരോ മൃതശരീരങ്ങളും വഴി തങ്ങളുടെ പിടിയിൽ നിന്നും ഒന്നലധികം കുടുംബങ്ങൾ രക്ഷ പ്രാപിക്കും എന്ന് അവർ ഭയപ്പെടുന്നു. മലങ്കര സഭയിലെ ഒരു ഇടവകയുടെ ഭരണം 1934-ലെ ഭരണഘടനാപ്രകാരം നടക്കുന്നതും, നിയമാനുസൃത മെത്രാപ്പോലീത്തന്മാരാൽ നിയമിക്കപ്പെടുന്ന വൈദികർ അവിടെ വികാരിമാരായി വരുന്നതും യാക്കോബായ വിഭാഗം വിശ്വാസികളിൽ 80% ത്തിനും പ്രശ്നമേയല്ല. അവർക്കു അവരുടെ ഇടവകയിൽ ആരാധിച്ചു, ജീവിച്ചു സ്വസ്ഥമായി ആ മണ്ണിൽ അലിയാനാണ് ആഗ്രഹം. അവരുടെ ഉറ്റവരുടെ മൃതദേഹങ്ങളെ പോലും നിയമാനുസൃതം മാന്യമായ രീതിയിൽ തങ്ങളുടെ പൂർവികരോട് ഒപ്പം ഇടവക സെമിത്തേരികളിൽ എല്ലാ കൂദാശകളോടും കൂടെ സംസ്‌കരിക്കാൻ അനുവദിക്കാതെ ഓരോ ശവമടക്കും തങ്ങളുടെ ശക്തി പ്രകടനമാക്കി മാറ്റുന്ന യാക്കോബായ കുടില നേതൃത്വത്തിൻ്റെ മനസാക്ഷിയില്ലാത്ത കാഴ്ചയാണ് കുറച്ചു ദിവസമായി കാണുന്നത്. നിയമം സ്വമധേയേ യാക്കോബായ വിശ്വാസികളെയും പുരോഹിതരെയും തടഞ്ഞിട്ടും, ഇടവകാംഗത്തിനു അർഹമായ എല്ലാ കൂദാശകളും നൽകാൻ മലങ്കര സഭയുടെ ഇടവക വികാരി തയ്യാറായിട്ടും, ഇപ്പോഴും ശവം വെച്ചുള്ള മതിൽ ചാട്ടവും, പ്രതിഷേധ നാടകങ്ങളും, മാധ്യമങ്ങളുടെ മുന്നിൽ പതം പറച്ചിലും തന്നെ പഥ്യം. യാക്കോബായ നേതൃത്വവും, തൊഴിൽ നഷ്ടം മുന്നിൽ കാണുന്ന വൈദികരും, കേസുകളും ഇടവക സമാന്തര ഭരണങ്ങളും ഒക്കെ തങ്ങളുടെ കീശ വീർപ്പിക്കാനും, മീശ വിറപ്പിക്കാനുമുള്ള അവസരമായി കാണുന്ന ഇടവക പ്രമാണികളും, കുറെ മത തീവ്രവാദികളും കൂടെ ചേർന്ന വിശ്വാസത്തിൻ്റെയും, മനുഷ്യവകാശത്തിൻ്റെയുമൊക്കെ വാദം ഉയർത്തി അസംഘിടതരും അശക്തരുമായ വിശ്വാസികളെ ശരിക്കും ചൂഷണം ചെയ്യുകയാണ്. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും ഭയപെടുത്തിയും തങ്ങളുടെ ബന്ധനത്തിൽ നിർത്താൻ യാക്കോബായ വിഭാഗത്തിന് എത്ര നാൾ കഴിയും എന്ന് കാണേണ്ടിയിരിക്കുന്നു.

ഓർത്തഡോക്സ്‌ പുരോഹിതർക്ക് പട്ടമില്ല എന്നും, അവർ മുടക്കപ്പെട്ടവരാണ് എന്നും, അവർക്കു മൂറോൻ ഇല്ലെന്നും ഒക്കെ പറയുന്ന യാക്കോബായ തീവ്രവാദികളും വൈദികരും 1958 മുതൽ 1970 വരെ യോജിപ്പോടെ നിന്നപ്പോൾ എവിടെപോയിരുന്ന ഈ നിരർത്ഥകമായ നുണകളുടെ ഭാണ്ഡം എന്ന് വിശ്വാസികളോട് പറയാൻ തയ്യാറാകണം. ഓർത്തഡോക്സ്‌ സഭയിലെ സ്ത്രീകൾക്ക് ജനിച്ച യാക്കോബായ മെത്രാന്മാർക്കും, വൈദികർക്കും ലഭിച്ച വി. മാമോദീസയിൽ നിങ്ങൾക്ക് അവിശ്വാസമുണ്ടോ? പരുമലയിലും, പുതുപ്പള്ളിയലും പോയി വി. മാമോദീസ സ്വീകരിക്കുന്ന യാക്കോബായ കുഞ്ഞുങ്ങൾക്ക് നിങ്ങൾ വീണ്ടും യാക്കോബായ മാമോദീസ നല്കണം എന്ന് വിശ്വാസികളോട് ആവശ്യപെടുമോ? ഓറിയന്റൽ ഓർത്തഡോക്സ്‌ കുടുംബത്തിലെ അംഗമായ മലങ്കര ഓർത്തഡോക്സ്‌ സഭയിൽ നിന്നുള്ള വി.കുർബാന സ്വീകരണത്തെ യാക്കോബായ വിഭാഗം പരസ്യമായ വിലക്കാൻ ധൈര്യപ്പെടുമോ? ഓർത്തഡോക്സ്‌ വിശ്വാസികളെ വിവാഹം ചെയ്യുന്നത് വിലക്കാനോ, യാക്കോബായ വിഭാഗത്തിലേക്ക് വിവാഹം നിശ്ചയിക്കപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തോട് നിങ്ങളുടെ മാമോദീസയിൽ ഞങ്ങൾക്ക് വിശ്വാസം ഇല്ലാത്തതിനാൽ ഒന്ന് കൂടെ വി. മൂറോൻ പൂശണം എന്ന് പറയാൻ തയ്യാറാകുമോ? ഓർത്തഡോക്സ്‌ സഭയിൽ നിന്നും കശീശ്ശാ പട്ടമേറ്റ പിന്നീട് യാക്കോബായ വിഭാഗത്തിലേക്ക് ചേക്കേറിയ മെത്രാന്മാരുടെയും, വൈദികരുടെയും കൂദാശകൾ വിശ്വാസപോരാളികളായ യാക്കോബായക്കാർ നിഷേധിക്കുമോ? അപ്പോൾ മലങ്കര സഭയുടെ വി. മാമോദീസ, വി. കുർബാന, വി. മൂറോൻ, വിവാഹം ഒക്കെ നിഷിദ്ധമല്ലാത്ത യാക്കോബായക്കാർക്കു എങ്ങനെയാണ് മലങ്കര സഭ വൈദികരുടെ ശവസംസ്ക്കാര ശുശ്രൂഷ മാത്രം അപ്സ്പർശ്യമായി തീരുന്നതു എന്നത് വായനക്കാരുടെ യുക്തിക്കും ചിന്തയ്ക്കും വിടാം.

എഡിറ്റോറിയൽ: ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ

സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; ചരിത്രപരം:- പള്ളിത്തർക്കത്തിൻ്റെ കാണാപ്പുറങ്ങൾ