OVS - ArticlesOVS - Latest News

മാർ ആബോയും; മഹാനായ കടമറ്റത്ത് കത്തനാരും

പ്രവാചകൻ എന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവനു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവനു നീതിമാന്റെ പ്രതിഫലം ലഭിക്കും – വി മത്തായി 10:41

ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി ഏ.ഡി നാലാം നൂറ്റാണ്ടിൽ പേർഷ്യൻ രാജ്യമായ ഇറാക്കിലെ നിനവേയിൽ നിന്ന് ഭാരതത്തിലേക്ക് എത്തിചേർന്നു പിതാവാണ് മാർ ആബോ. ക്രിസ്തുമത വിശ്വാസം അറിയിക്കുന്നതിനായി അനേക ദേശങ്ങളിൽ സഞ്ചരിച്ചു എങ്കിലും അക്കാലത്തെ ജാതിമത വ്യവസ്ഥകളുടെ കാഠിന്യം മൂലം കാര്യമായി ഒന്നും തന്നെ പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മാർ ആബോ തന്റെ സഞ്ചാരപഥത്തിൽ ഒരു ദിവസം വൈകുന്നേരം കടമറ്റം എന്ന ദേശത്ത് എത്തിച്ചേർന്നു. ദൂരയാത്രചെയ്ത് ക്ഷീണിതനായ പിതാവ് വിശപ്പടക്കുന്നതിനും രാത്രി കഴിച്ചുകൂട്ടുന്നതിനുമായി പാലിയൂർ പകലോമറ്റത്ത് താമസിച്ചിരുന്ന വൃദ്ധയായ ഒരു വിധവയുടെ ചെറ്റക്കുടിലിൽ കയറിച്ചെന്നു. ആ കുടിലിൽ അമ്മയും ഒരു മകനും മാത്രമേ ഉണ്ടായിരുന്നുള്ളു. വ്യത്യസ്ഥമായ വേഷഭൂഷാദികളും ഭാഷയുമുള്ള പിതാവിനെ അവർ സ്നേഹത്തോടെ സ്വീകരിച്ചുവെങ്കിലും ദിവസങ്ങളായി പട്ടിണിയിലായിരുന്ന ആ അമ്മയ്ക്കും മകനും മാർ ആബോ പിതാവിന് ഒന്നും നൽകാൻ കഴിഞ്ഞില്ല. കാര്യം മനസ്സിലാക്കിയ പിതാവ് വൃദ്ധയായ ആ സ്ത്രീയോട് അടുപ്പിൽ തീ കത്തിച്ചു കഞ്ഞിക്ക് വെള്ളം വയ്ക്കുവാൻ ആവശ്യപ്പെടുകയും, “ധനികന്റെ അമിതഭക്ഷണത്തേക്കാൾ ഹൃദയശുദ്ധിയോടെ ശുശ്രൂഷിക്കുന്ന ദരിദ്രന്റെ വീട്ടിൽ അത്താഴം കഴിക്കുന്നതാണ് നല്ലത്.” എന്ന് പറയുകയും ചെയ്യ്തു. വെള്ളം തിളച്ചപ്പോൾ കാലിയായ അരിവട്ടിയിൽ നിന്ന് ഒരു അരിമണിയെടുത്ത് പ്രാർത്ഥിച്ച് മാര്‍ ആബോ പിതാവ് കലത്തിൽ ഇട്ടു. നിമിഷങ്ങൾക്കകം പാത്രത്തിൽ നിറയെ ചോറു തിളച്ചുമറിഞ്ഞു. വളരെ സന്തോഷത്തോടെ വയര്‍ നിറയെ ഭക്ഷണം കഴിച്ച ആ അമ്മയും മകനും തങ്ങളുടെ കുടിലിൽ എത്തിയിരിക്കുന്നത് ഒരു ദിവ്യനാണെന്ന സത്യം മനസ്സിലാക്കി ആദ്ദേഹത്തിന്റെ പാദത്തിൽ വണങ്ങി എന്ന് പറയപ്പെടുന്നു.

അന്നത്തെ നാട് വാഴിയായ ആയക്കുന്നത്ത് കർത്തായുടെ ഏക മകൾ പൈശാചികബാധ മൂലം കഠിനമായ ചിത്തഭ്രമത്താൽ ചങ്ങലകളാൽ തളയ്ക്കപ്പെട്ട അവസ്ഥയിൽ കഴിയുന്ന വിവരം മാർ ആബോയെ വിധവ അറിയിച്ചു. തന്റെ യജമാനന്റെ മകളുടെ അസുഖം ഭേദപ്പെടുത്തി തരുമോ എന്ന് മാർ ആബോയോടെ ആപേക്ഷിച്ചു. വൈദ്യന്മാരുടെയും മന്ത്രവാദികളുടെയും ചികിത്സകളൊന്നും അദ്ദേഹത്തിന്റെ മകളുടെ രോഗത്തിന് ഫലം കണ്ടെത്താനായില്ല. തന്റെ കുടിലില്‍ എത്തിയിരിക്കുന്നത് ഒരു ദിവ്യനാണെന്ന് മനസ്സിലാക്കിയ ആ വൃദ്ധവിധവ പിറ്റെ ദിവസം രാവിലെ തന്നെ ആബോ പിതാവിനെ നാടുവാഴിയായ ആയക്കുന്നത്ത് കര്‍ത്താവിന്റെ അടുക്കല്‍ കൂട്ടിക്കോണ്ടുപോയി. മാര്‍ ആബോ പിതാവിന്റെ പ്രാര്‍ത്ഥനാശക്തിയാല്‍ നാടുവാഴിയുടെ മകളുടെ ചിത്തഭ്രമം പൂര്‍ണ്ണമായും സുഖപ്പെടുകയും നാടുവാഴിയും കുടുംബവും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു എന്ന് ചരിത്രരേഖകളിൽ പറയപ്പെടുന്നു. തന്റെ മകളുടെ അസുഖം ഭേദമായതിൽ സന്തുഷ്ടനായ ആയക്കുന്നത്ത് കർത്താ മാര്‍ ആബോ പിതാവിന്റെ ആഗ്രഹംമനസ്സിലാക്കി പരിശുദ്ധ കന്യകമറിയാം അമ്മയുടെ നാമധേയത്തില്‍ ഒരു പള്ളി നിര്‍മ്മിച്ച് പാരിതോഷികമായി നല്‍കി. അ‍ങ്ങനെ മാര്‍ ആബോ പിതാവിനാല്‍ സ്ഥാപിതമായതാണ് ഇന്നത്തെ കടമറ്റം വലിയ പള്ളി. നിരണം ഗ്രന്ഥവരികൾ ആസ്പദമാക്കിയാൽ ക്രി.വ 825 -നു ശേഷമാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത് എന്ന നിഗമനം. ആബോ പിതാവിന്റെ പ്രാര്‍ത്ഥനാശക്തിയാല്‍ തുടർന്നും ധാരാളം അത്ഭുതങ്ങള്‍ നടക്കുന്നു എന്ന് മനസ്സിലാക്കിയ അനേകര്‍ ക്രിസ്തുമതം സ്വീകരിച്ചു. നാടുവാഴി പിതാവിനു ധാരാളം പശുനാല്‍ക്കാലി സമ്പത്തും സഹായിയായി വിധവയുടെ മകനേയും നല്‍കി. വിധവയുടെ മകന്‍ ക്രിസ്തുമതം സ്വീകരിച്ച് പൗലോസ് എന്ന ശെമ്മാശനായി. ഈ ശിഷ്യൻ പിന്നീട് കടമറ്റം കത്തനാർ എന്ന പേരിൽ ലോക പ്രശസ്തനായി.

ഒരു ദിവസം പശുക്കളെ മേയ്ക്കാനായി കാട്ടില്‍ പോയ പൗലോസ് ശെമ്മാശൻ ഉള്‍വനത്തിലെ നരഭോജികളായ ഗുഹാവാസികളാല്‍ പിടിക്കപ്പെട്ടു. കാട്ടില്‍ നിന്ന് പിടിക്കപ്പെട്ട് ഗുഹയില്‍ എത്തിക്കുന്ന എന്തിനേയും ഗുഹാവാസികള്‍ കാട്ടുമൂപ്പന്റെ അനുവാദത്തോടെ കൊന്നുപങ്കിട്ട് ഭക്ഷിക്കുകയാണ് പതിവ്. ഗുഹാവാസികള്‍ തന്നെ കൊല്ലുമെന്ന് മനസ്സിലാക്കിയ ശെമ്മാശൻ ദൈവത്തോട് കഠിനമായി പ്രാര്‍ത്ഥിച്ചു. മനസ്സലിവുതോന്നിയ മൂപ്പൻ ശെമ്മാശനെ കൊല്ലുവാൻ അനുവദിക്കാതെ അവരില്‍ ഒരാളായി ചേര്‍ത്തു. വിശ്വസ്തനും സത്യസന്ധനുമാണെന്ന് മനസ്സിലാക്കിയ മൂപ്പൻ ശെമ്മാശനെ തന്റെ അനന്തരാവകാശിയാക്കുവാൻ ആഗ്രഹിച്ചു. ഗുഹവാസികളുടെ മൂപ്പനാകേണ്ടവൻ അറിഞ്ഞിരിക്കേണ്ടതായ മന്ത്രവാദവും ഇന്ദ്രജാലവും മഹേന്ദ്രജാലവും എല്ലാം വിശദമായി മൂപ്പനില്‍ നിന്നും ശെമ്മാശൻ അഭ്യസിച്ചു. തന്റെ മകളെ വിവാഹം ചെയ്ത് അനന്തരാവകാശി ആക്കണം എന്ന മൂപ്പന്റെ ആഗ്രഹം ശെമ്മാശനെ വേദനിപ്പിച്ചു. തനിക്ക് ഒരിക്കലും നരഭോജികളുടെ മൂപ്പനായി ഗുഹാവാസിയായി കഴിയാനാവില്ലെന്നും തന്റെ മാതാവിനേയും മാര്‍ ആബോ പിതാവിനേയും കാണുവാൻ അതിയായ ആഗ്രഹമുണ്ടെന്നും മൂപ്പനെ ശെമ്മാശൻ ധരിപ്പിച്ചു. ഇതു മനസ്സിലാക്കിയ ഗുഹാവാസികള്‍ ശെമ്മാശനു കാവല്‍ ഏര്‍പ്പെടുത്തി. ഏറെ നാള്‍ കഴിഞ്ഞിട്ടും മനഃമാറ്റം സംഭവിക്കാത്തതിനാല്‍ മൂപ്പൻ ശെമ്മാശന് തിരികെ പോകുവാൻ മൗന അനുവാദം നല്‍കി. എന്നാല്‍ ശെമ്മാശനുവേണ്ടി ഗുഹാവാസികളുടെ നിയമം ലംഘിക്കപ്പെടുവാൻ മൂപ്പനു പ്രയാസമായതിനാല്‍ ഗുഹയില്‍ നിന്നു പഠിച്ചതൊന്നും പുറം ലോകത്തെ പഠിപ്പിക്കില്ല എന്ന് സത്യം ചെയ്യിച്ച്, രാത്രിയാമത്തില്‍ കാവല്‍ക്കാരെ ഉറക്കി രക്ഷപ്പെട്ടുകൊള്ളുവാൻ മൂപ്പൻ ശെമ്മാശനെ ഉപദേശിച്ചു. മൂപ്പനില്‍ നിന്ന് പഠിച്ച വിദ്യ പ്രയോഗിച്ച് കാവല്‍ക്കാരെ ഉറക്കി ശെമ്മാശൻ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട് കടമറ്റം പള്ളിയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ശെമ്മാശൻ രക്ഷപ്പെട്ടു എന്നു മനസ്സിലാക്കിയ ഗുഹാവാസികള്‍ അദ്ദേഹത്തെ പിടിച്ചു കൊണ്ടുപോകുവാനായി പുറകെ എത്തി. പുലർച്ചെ പള്ളിയുടെ മുന്നില്‍ എത്തിയ ശെമ്മാശൻ പരിശുദ്ധ കന്യക മറിയം അമ്മയെ വിളിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ പൂട്ടിക്കിടന്ന വാതില്‍ അത്ഭുതകരമായി തന്നെ തുറക്കുകയും ശെമ്മാശൻ പളളിയകത്തു പ്രവേശിക്കുകയും ചെയ്തു. ശെമ്മാശനെ തിരികെ കൊണ്ടു പോകുവാൻ സാധിക്കാത്തതില്‍ കോപിഷ്ടരായ ഗുഹാവാസികള്‍ കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പ് ചങ്ങല കൊണ്ട് പള്ളിയുടെ ഭിത്തിയില്‍ ആഞ്ഞടിച്ചു. നേരം പുലര്‍ന്നു തുടങ്ങിയതിനാലും ശെമ്മാശൻ പള്ളിയകത്ത് ആയതിനാലും ഗുഹാവാസികള്‍ നിരാശരായി തിരികെ പോയി എന്നും പറയപ്പെടുന്നു. സ്വന്തം മകനെപോലെ സ്നേഹിച്ചുവളര്‍ത്തിയ ശെമ്മാശനെ തിരികെ ലഭിച്ചതില്‍ അതീവ സന്തുഷ്ടനായ മാര്‍ ആബോ പിതാവ് ശെമ്മാശന് വൈദികപട്ടം നല്‍കി കടമറ്റം ദേവാലയത്തിന്റെ പൂര്‍ണ്ണ ചുമതലയേല്‍പ്പിച്ചു. ക്രിസ്തുമതം അറിയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ആയതിനാല്‍ കടമറ്റത്തുനിന്നും യാത്രയാവുകയാണെന്നും ആബോ പിതാവ് പൗലോസ് അച്ചനെ അറിയിച്ചു. പിതാവിനെ പിരിയുന്നതില്‍ അതീവ ദുഃഖിതനായ പൗലോസ് അച്ചൻ പിതാവിന്റെ യാത്രയെ അങ്ങേയറ്റം നിരുല്‍സാഹപ്പെടുത്തി. പൗലോസച്ചന്റെ ദുഃഖം മനസ്സിലാക്കിയ മാര്‍ ആബോ പിതാവ് തന്റെ കൈയ്യില്‍ അണിഞ്ഞിരുന്ന മുദ്രമോതിരം പൗലോസച്ചന്റെ കൈയ്യില്‍ ഇട്ടുകൊടുത്തു. ഈ മോതിരം ഊരിവീഴുന്ന നിമിഷം താൻ കാലം ചെയ്തുവെന്നും, മോതിരം തിരികെ എടുത്തണിഞ്ഞ് എന്നെ അന്വേഷിച്ചിറങ്ങിയാല്‍ എന്റെ അടുക്കല്‍ എത്തിച്ചേരുവാൻ കഴിയും എന്ന വരവും പൗലോസച്ചന് നല്‍കി മാര്‍ ആബോ പിതാവ് കടമറ്റത്തുനിന്നും യാത്രയായി.

കടമറ്റത്ത് നിന്നും തെക്കോട്ട് യാത്ര ചെയ്യ്ത് അകപ്പറമ്പ്, കായംകുളം, നിരണം, നിലക്കൽ എന്നിവിടങ്ങളിലെ ആത്മീയ പ്രഭാഷണങ്ങളിലൂടെ അദ്ദേഹം ദൈവത്തിന്റെ സുവിശേഷം പ്രചരിപ്പിക്കുകയും കുറച്ച് പള്ളികൾ സ്ഥാപിച്ച് പ്രദേശത്ത് ക്രൈസ്തവരെ ശക്തിപ്പെടുത്തുകയും ചെയ്തു. കൊല്ലം തേവലക്കരയില്‍ എത്തിച്ചേര്‍ന്ന ആബോ അവിടെ ഒരു ഹൈന്ദവ കുടുംബത്തില്‍ താമസിച്ച് ആ കുടുംബാംഗങ്ങളെ നേത്രവൈദ്യം അഭ്യസിപ്പിച്ചു. ആ കുടുംബവും ദേശവാസികളും ക്രിസ്തുമതം സ്വീകരിക്കുകയും അവിടെ പരിശുദ്ധ കന്യകമറിയാമിന്റെ നാമധേയത്തില്‍ ഒരു പള്ളി പണിയുകയും ചെയ്തു. ആ പള്ളിയാണ് തേവലക്കര വി.മര്‍ത്തമറിയം ഓർ‍ത്തഡോക്സ് പള്ളിയെന്നറിയപ്പെടുന്നത്. തന്റെ ജീവിതകാലം മുഴുവൻ പള്ളിയുടെ മുന്നിലെ ‘ചാവടി’ എന്ന സ്ഥലത്ത് കഴിയുവാൻ അദ്ദേഹം ആഗ്രഹിച്ചു. ജാതി-മത-മത ഭേദമന്യേ രോഗികളെയും നിരാലംബരെയും തന്റെ മരണം വരെയും മാർ ആബോ സഹായിച്ചു. കൊല്ലം തേവലക്കര ദേവാലയത്തിൽ വച്ച് തന്റെ ആത്മീക ദൗത്യം പൂർത്തിയാക്കിയ ശേഷം മാർ ആബോ സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് പുറപ്പെട്ടു.

ഒരു ദിവസം കുർബാന ചൊല്ലവെ കടമറ്റത്ത് കത്തനാരുടെ കൈയിൽനിന്ന് മോതിരം താഴെ വീണു. അതിന്റെ പൊരുള്‍ മനസ്സിലാക്കിയ അച്ചൻ തന്റെ ഗുരുവിനെ അന്വേഷിച്ച് യാത്ര ആരംഭിച്ചു. വേദനാജനകമായ തിരച്ചിലിന് ശേഷം കടമറ്റത്ത് അച്ചൻ തേവലക്കര ദേവാലയത്തിൽ എത്തി. തന്റെ നിർഭാഗ്യവശാൽ കടമ്മറ്റത്ത് അച്ചന് മാർ ആബോയെ അവസാനമായി കാണുവാൻ സാധിച്ചിരുന്നില്ല. തന്റെ വിശ്വാസികൾ ഇതിനകം തന്നെ വിശുദ്ധ മദ്ബയുടെ വടക്കുപടിഞ്ഞാറൻ സ്ഥലത്ത് അദ്ദേഹത്തെ കബറടക്കി. തന്റെ ഗുരുവിന്റെ ഭൗതിക ശരീരം ഒരു നോക്കുകാണുവാൻ സാധിക്കാത്തതില്‍ അതീവ ദുഃഖിതനായ പൗലോസച്ചൻ ഗുരുവിന്റെ കബറിടത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ കബറില്‍നിന്ന് ഗുരുവിന്റെ വലതുകരം വേര്‍പ്പെട്ട് ഉയര്‍ന്നുവന്നു. ഗുരു തന്റെ സാമീപ്യം മനസ്സിലാക്കിയതില്‍ സന്തുഷ്ടനായ പൗലോസച്ചൻ ഉയര്‍ന്നുവന്ന ഗുരുവിന്റെ വലതുകരം ഭക്തിയാദരവോടുകൂടി കടമറ്റത്തുകൊണ്ടുവന്ന് വലിയ പള്ളിയുടെ മദ്ബഹായുടെ തെക്കേ ഭിത്തിയില്‍ അടക്കം ചെയ്യുകയും അവിടെ പേര്‍ഷ്യൻ കുരിശ് സ്ഥാപിക്കുകയും ചെയ്തു.

വിശുദ്ധന്മാർ അവരുടെ ജീവിതകാലത്ത് അത്ഭുതങ്ങളും ദിവ്യശക്തിയും പ്രകടിപ്പിക്കുന്നു. മരണശേഷവും അവയുടെ പ്രഭാവം പ്രകടമാണ്. ഈ സ്വഭാവങ്ങളും പ്രവർത്തനങ്ങളും ദൈവിക ശക്തിയുമായുള്ള ആഴത്തിലുള്ള ബന്ധത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. അതുകൊണ്ട് വീണ്ടെടുക്കപ്പെട്ട വിശുദ്ധന്മാർ സജീവമായ അവസ്ഥയിലാണ് എന്ന വാക്യം ആബോ പിതാവിന്റെ പുണ്യ ജീവിതത്തിൽ നിവർത്തിയായിരിക്കുന്നു. മാർ ആബോ പിതാവിന്റെ മദ്ധ്യസ്ഥത തുണയാകട്ടെ.

എഴുതിയത്: വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ