OVS - ArticlesOVS - Latest NewsSAINTS

സാന്താക്ലോസിന്റെ തിരുശേഷിപ്പ് കേരളത്തില്‍ – ഇടവക ഇംഗ്ലണ്ടിലും

ക്രിസ്തുമസ് കാലത്ത് ലോകമെമ്പാടുമുള്ള കുട്ടികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാപാത്രമുണ്ട്. തങ്ങള്‍ക്കുള്ള സമ്മാനപ്പൊതികളുമായി ക്രിസ്തുമസ് രാത്രിയിലെത്തുന്ന നരച്ച താടിയും ചുവന്ന മേലങ്കിയുമുള്ള സാന്റാക്ലോസ് എന്ന ക്രിസ്തുമസ് അപ്പൂപ്പന്‍.

സെന്റ് നിക്കോളാസ്, പാപ്പാനോവല്‍ തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന ക്രിസ്തുമസ് അപ്പൂപ്പന്‍ ഒരു ഇതിഹാസ കഥാപാത്രം മാത്രമാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ സെയ്ന്റ് നിക്കോളാസ് എന്ന ചരിത്രപുരുഷനാണ് സാന്താക്ലോസ് എന്ന ഇതിഹാസ പുരുഷനെന്ന് ഭൂരിപക്ഷത്തിനും അറിയില്ല.

നാലാം നൂറ്റാണ്ടില്‍ ടര്‍ക്കിയില്‍ – അന്നത്തെ പൗരസ്ത്യ റോമാസാമ്രാജ്യത്തില്‍ – ആണ് നിക്കോലോവാസ് ജീവിച്ചിരുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാരമ്പര്യത്തിലുള്ള ബൈസന്റയിന്‍ സഭകളില്‍ ‘സെയ്ന്റ് നിക്കോളാസ് ദി വണ്ടര്‍ വര്‍ക്കര്‍’ അഥവാ അല്‍ഭുത പ്രവര്‍ത്തകനായ വിശുദ്ധ നിക്കോളോവോസ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വധിക്കപ്പെട്ട മൂന്നു കുട്ടികള്‍ക്ക് ജീവന്‍ നല്‍കിയ ഇദ്ദേഹത്തെ കുട്ടികളുടെ രക്ഷാപരിശുദ്ധന്‍ എന്ന നിലയിലാണ് ക്രൈസ്തവസഭകള്‍ അംഗീകരിച്ചുവരുന്നത്.

ടര്‍ക്കിയിലെ ‘പത്താറ’ എന്ന സ്ഥലത്താണ് നിക്കോളാസ് പുണ്യവാളന്‍ ജനിച്ചത്. പത്തൊമ്പതാം വയസില്‍ വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്നു മയ്‌റാ (മൂറ) യുടെയും ലൈസിയായുടെയും മെത്രാനായി അഭിഷിക്തനായി.

ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് തടവിലടയ്ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്‌തെങ്കിലും വധിക്കപ്പെട്ടില്ല. അതിവൃദ്ധതയിലാണ് സെയ്ന്റ് നിക്കോളാസ് സ്വാഭാവിക മരണം പ്രാപിച്ചത്. അത് ക്രിസ്തുവര്‍ഷം 350-ല്‍ ആയിരുന്നു.

ടര്‍ക്കിയിലെ കാലെ എന്ന കടല്‍ത്തീര പട്ടണത്തിലെ സെയ്ന്റ് നിക്കോളാസ് പള്ളിയില്‍ ഇദ്ദേഹത്തിന്റെ ശവകുടീരം ഇന്നുമുണ്ട്. മയ്‌റായുടെ പുതിയ പേരാണ് കാലെ.

11 -ാം നൂറ്റാണ്ടില്‍ കുരിശുയുദ്ധകാലത്ത് ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടത്തില്‍ ഒരു ഭാഗം മോഷ്ടിക്കപ്പെട്ടു. പല കൈമറിഞ്ഞ് ഇത് ഇറ്റലിയിലെ ബാരി എന്ന സ്ഥലത്തെത്തി. അവിടെ ഗംഭീരമായ ഒരു ബസ്ലിക്ക പണിത്, ആ തിരുശേഷിപ്പുകള്‍ അവിടെ സ്ഥാപിച്ചു. ബൈസന്റയിന്‍ സഭകളില്‍ യാത്രക്കാരുടെ രക്ഷാപുരുഷനാണ് സെയ്ന്റ് നിക്കോളാസ്. യാത്രക്കാര്‍ക്ക് കൊണ്ടു നടക്കുവാനുള്ള ചെറിയ ഐക്കണ്‍ സമുച്ചയത്തില്‍ യേശുക്രിസ്തു, വിശുദ്ധ ദൈവ മാതാവ് ഇവരോടൊപ്പം മൂന്നാമതായി ചേര്‍ക്കുന്ന ചിത്രം സെയ്ന്റ് നിക്കോളാസിന്റേതാണ്. പാശ്ചാത്യസഭകള്‍ ഇദ്ദേഹത്തിന്റെ ഓര്‍മ്മ ആഘോഷിക്കുന്നത് ചരമദിനമായ ഡിസംബര്‍ ആറിനാണ്.

ഗ്രീക്ക് സഭയുടെ ഇതിഹാസപ്രകാരം ക്ഷോഭിച്ച കടലിനെ പ്രാര്‍ത്ഥന മൂലം ശാന്തമാക്കുക മുതലായ അത്ഭുതപ്രവര്‍ത്തികള്‍ ചെയ്ത വ്യക്തിയായിരുന്നു നിക്കോളാസ്. ഒരിക്കല്‍ തന്റെ ജന്മനാടായ പത്താറായില്‍ സ്ത്രീധനം കൊടുക്കാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിച്ച മൂന്നു ദരിദ്ര കന്യകമാര്‍ക്ക് ആളറിയിക്കാതെ സ്വര്‍ണനാണയങ്ങള്‍ നിറച്ച മൂന്നു കിഴികള്‍ സമ്മാനിച്ച് അവരെ വ്യഭിചാരത്തില്‍ നിന്നും രക്ഷിച്ചു. ആ മൂന്നു കിഴികളുടെ പ്രതിരൂപമാണ് പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലെ പണയ ബിസിനസുകാരുടെ ചിഹ്നമായ മൂന്നു ഗോളങ്ങള്‍.

ബൈസന്റയിന്‍ സഭകളുടെ പാരമ്പര്യപ്രകാരം കുട്ടികളുടെയും കടല്‍യാത്രക്കാരുടെയും മാത്രം രക്ഷാ പരിശുദ്ധനല്ല സെയ്ന്റ് നിക്കോളാസ്. കന്യകമാര്‍, റഷ്യ, പണയ ബിസിനസ്സുകാര്‍ ഇവരുടെയും രക്ഷാപുരുഷനാണിദ്ദേഹം. 1960-കളില്‍ റോമന്‍ കത്തോലിക്കാ സഭ ഇദ്ദേഹത്തിന്റെ പെരുന്നാള്‍ പരിശുദ്ധന്മാരുടെ മുഖ്യ പട്ടികയില്‍ നിന്നു നീക്കി. ഇന്നും ബൈസന്റിയന്‍ സഭകളില്‍ ഇദ്ദേഹം പരിശുദ്ധന്മാരുടെ ഏറ്റവും ഉയര്‍ന്ന ഗണത്തിലാണ്.

കുട്ടികളെ സ്‌നേഹിക്കുകയും അവരറിയാതെ അവര്‍ക്കു സമ്മാനങ്ങള്‍ നല്‍കുകയും ചെയ്ത ഒരു വ്യക്തിയായാണ് സെയ്ന്റ് നിക്കോളാസിനെ അദ്ദേഹത്തിന്റെ ജീവചരിത്രം പഠിപ്പിക്കുന്നത്. ഈ ചരിത്ര വസ്തുതയാകണം പില്‍ക്കാലത്ത് ക്രിസ്തുമസ് രാത്രിയില്‍ സമ്മാനപ്പൊതികളുമായി എത്തുന്ന സാന്റാക്ലോസായി പ്രചരിച്ചത്. സെയ്ന്റ് നിക്കോളാവോസ് ലത്തീന്‍ ഭാഷയില്‍ സാന്താനിക്കോളാസായി. അതു ചുരുങ്ങി സാന്താക്ലോസായി. മെത്രാന്റെ ചുവന്ന അംശവസ്ത്രം സാന്താക്ലോസിന്റെ ചുവന്ന അങ്കിയായി. ഇദ്ദേഹത്തിന്റെ വാഹനമായ സ്ലൈഡ്ജ് വലിക്കുന്ന റൂഡോര്‍ഫ് എന്ന റെയിന്‍ഡിയറും, ഉത്തരധ്രുവത്തിലെ താമസവും, ചിമ്മിനിയിലൂടെയുള്ള യാത്രയും വിവിധ യൂറോപ്യന്‍ ഇതിഹാസങ്ങളുടെ സങ്കലനമാണ്.

സാന്റാക്ലോസും ക്രിസ്തുമസും സമ്മാനങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്നത് സുദീര്‍ഘമായ ഒരു ചരിത്രമാണ്. മഞ്ഞുകാലത്തെ ഒരു നിശ്ചിത ദിവസം പരസ്പരം സമ്മാനങ്ങള്‍ കൈമാറുക എന്നത് ക്രിസ്തുമതത്തിനു മുമ്പുതന്നെ യൂറോപ്പിലെ ഒരു പാരമ്പര്യമായിരുന്നു. സെയ്ന്റ് നിക്കോളാസിന്റെ ചരിത്രം യൂറോപ്പില്‍ പ്രചരിച്ചതോടെ ഈ സമ്മാനദാനം അദ്ദേഹത്തിന്റെ ഓര്‍മ്മദിനമായ ഡിസംബര്‍ ആറിനു നടത്താന്‍ തുടങ്ങി. സമ്മാനങ്ങള്‍ കൂടുതല്‍ ആഹ്ലാദിപ്പിക്കുന്നത് കുട്ടികളെയാണെന്ന വസ്തുത, കുട്ടികളുടെ രക്ഷാപുരുഷന്റെ ഓര്‍മ്മദിനത്തില്‍ അവ നല്‍കുന്നതിനുള്ള ഒരു പ്രേരകമായിരിക്കാം.

മാര്‍ട്ടിന്‍ ലൂഥറുടെ മതനവീകരണത്തോടെ രൂപംകൊണ്ട പ്രൊട്ടസ്റ്റന്റുകാര്‍ക്ക് പരിശുദ്ധന്മാരും തിരുനാളുകളും വര്‍ജ്ജ്യമായിരുന്നു. എന്നാല്‍ ജനമനസുകളില്‍ ആഴത്തില്‍ പതിഞ്ഞ ഹേമന്തസമ്മാന ദിനവും സാന്താക്ലോസും ഒഴിവാക്കുക പ്രായോഗികമല്ലായിരുന്നു. അതിനാല്‍ അവര്‍ സമ്മാനദിനം ക്രിസ്തുവിന്റെ ജന്മദിനമായ ഡിസംബര്‍ 25-ലേക്കു മാറ്റി. സാന്താക്ലോസ് പരിശുദ്ധന്‍ എന്ന നിലയില്‍ നിന്നും കൂടുതല്‍ ഇതിഹാസ കഥാപാത്രമായി മാറി. ഇപ്പോഴും പല യൂറോപ്യന്‍ കത്തോലിക്കാ രാജ്യങ്ങളിലും ഡിസംബര്‍ ആറിനു തന്നെയാണ് ഹേമന്ത സമ്മാനദിനം.

സുറിയാനി പാരമ്പര്യത്തില്‍ ‘മൂറായുടെ എപ്പിസ്‌കോപ്പാ ആയ സോഖ’ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അക്കാലത്ത് റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ഒരാള്‍ക്ക് രണ്ടു പാരമ്പര്യത്തിലുള്ള പേരുകള്‍ സാധാരണമായിരുന്നു. ഉദാഹരണം ദിദിമോസ് എന്ന തോമസ്. യോഹന്നാന്‍ എന്ന ഈവാനിയോസ് മുതലായവ. സുറിയാനി പാരമ്പര്യത്തില്‍ നിക്കോളോവോസ് എന്ന പേരും അപൂര്‍വമായി പ്രയോഗിച്ചിരുന്നു. ധനു ആറിനാണ് പഴയ കണക്കിന് ഇദ്ദേഹത്തിന്റെ ഓര്‍മ്മദിനം സുറിയാനി സഭയില്‍ കൊണ്ടാടിയിരുന്നത്.

അന്ത്യോഖ്യന്‍ സഭാപാരമ്പര്യത്തിലൂടെയാണ് സെയ്ന്റ് നിക്കോളാസ് കേരളത്തില്‍ അറിയപ്പെട്ടു തുടങ്ങിയത്. അത് മാര്‍ സോഖ എന്ന പേരിലായിരുന്നുതാനും. കേരളത്തില്‍ ഇദ്ദേഹത്തെപ്പറ്റിയുള്ള ആദ്യ പരാമര്‍ശനങ്ങള്‍ 18 -ാം നൂറ്റാണ്ടില്‍ത്തന്നെ കാണാനുണ്ട്. 1793-ലെ ചാത്തന്നൂര്‍ പഞ്ചാംഗത്തില്‍ ധനു ആറ് മാര്‍ നിക്കലവേസിന്റെ ഓര്‍മ്മയായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാര്‍ സോഖ എന്ന പേരിനായിരുന്നു കേരളത്തില്‍ കൂടുതല്‍ പ്രചാരം. 1872 -ല്‍ ഇടവഴിക്കല്‍ പീലിപ്പോസു കോര്‍എപ്പിസ്‌കോപ്പായും 1907-ലും 1908-ലും കാരുചിറ ഗീവര്‍ഗീസ് റമ്പാനും (പിന്നീട് പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ) പ്രസിദ്ധീകരിച്ച സഭാ പഞ്ചാംഗങ്ങളില്‍ മാര്‍ സോഖോയുടെ ഓര്‍മ്മ എന്ന രീതിയിലാണ് ധനു ആറ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ പേരില്‍ കേരളത്തില്‍ പള്ളികള്‍ ഇല്ലാത്തതിനാലും ഇദ്ദേഹത്തിന്റെ പെരുന്നാള്‍ നിര്‍ബന്ധിതമായും ആഘോഷിക്കേണ്ട ഗണത്തില്‍ പെടാത്തതുകൊണ്ടും ഈ പെരുന്നാളും പരിശുദ്ധനും കേരളത്തില്‍ പ്രചാരം നേടിയില്ല. അതിനാല്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പ് കേരളത്തിലെത്തിയ വിവരം ആരും അറിഞ്ഞില്ല.

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ പാമ്പാക്കുട സെയ്ന്റ് ജോണ്‍സ് വലിയപള്ളിയുടെ മുമ്പിലുള്ള കുരിശടിയിലാണ് മറ്റ് മൂന്ന് തിരുശേഷിപ്പുകളോടൊപ്പം സെയ്ന്റ് നിക്കോളാസെന്ന മൂറായുടെ എപ്പിസ്‌കോപ്പായായ മാര്‍ സോഖയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ പരമ്പരാഗത വൈദീകാദ്ധ്യാപകരായ കോനാട്ടു മല്പാന്മാരുടെ ആസ്ഥാന ദേവാലയമാണ് പാമ്പാക്കുട വലിയപള്ളി.

1824-ലാണ് കോനാട്ട് അബ്രഹാം മല്‍പ്പാന്‍ ഒന്നാമന്‍ പാമ്പാക്കുട വലിയപള്ളി സ്ഥാപിച്ച് തങ്ങളുടെ ആസ്ഥാനം മാമലശേരിയില്‍ നിന്നും അങ്ങോട്ട് മാറ്റിയത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന ഗീവറുഗീസ് മല്പാന്റെ ശിഷ്യനായിരുന്നു പുണ്യശ്ലോകനായ പരിശുദ്ധ പരുമല തിരുമേനി. അദ്ദേഹമാണ് സാന്താക്ലോസിന്റെ തിരുശേഷിപ്പ് പാമ്പാക്കുട എത്തിച്ചത്.

യേരുശലേമിലെ അന്ത്യോഖ്യന്‍ മേല്പട്ടക്കാരനായിരുന്ന ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ അതിഥിയായി ആണ് 1895-ലെ വിശുദ്ധ വാരത്തില്‍ പരിശുദ്ധ പരുമല തിരുമേനി യേരുശലേം സന്ദര്‍ശിച്ചത്. അദ്ദേഹത്തിന്റെ ആസ്ഥാനവും യേശുക്രിസ്തു അന്ത്യഅത്താഴം അനുഷ്ടിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലവുമായ മര്‍ക്കോസിന്റെ മാളികയിലായിരുന്നു താമസം. ആ ദയറായിലെ ചാപ്പലില്‍ നിന്നാണ് പ. പരുമല തിരുമേനിക്ക് ഈ തിരുശേഷിപ്പ് ലഭിച്ചത്.

ഇവയെപ്പറ്റി 1895 -ല്‍ പ്രസിദ്ധീകരിച്ച തന്റെ ‘ഊര്‍ശ്ലേം യാത്രാവിവരണം’ എന്ന യാത്രാവിവരണത്തില്‍ പ. പരുമല തിരുമേനി ഇപ്രകാരം പറയുന്നു: ”അഴിക്കകത്തു തെക്കെ ഭിത്തിയില്‍ അനേകം പരിശുദ്ധന്മാരുടെ അസ്ഥികളും കര്‍ത്താവിന്റെ വിശുദ്ധ കുരിശിന്റെ തുലോം ലഘുവായ ഒരംശവും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രത്യേക അപേക്ഷയാല്‍ അവയില്‍ ചിലതു ബാവാ നമുക്കു തന്നു.” ഇവയടക്കം വിശുദ്ധ നാടുകളില്‍ നിന്നും കൊണ്ടുവന്ന ആറ് വിശുദ്ധവസ്തുക്കള്‍ പരുമല തിരുമേനി ഗുരുദക്ഷിണയായി കോനാട്ട് കുടുംബത്തിനു നല്‍കി. ഗുരുവായ ഗീവര്‍ഗീസ് മല്പാന്‍ (പിന്നീട് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ) 1884-ല്‍ കാലം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മലങ്കര മല്പാന്‍ കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പയാണ് ഇവ സ്വീകരിച്ചത്. അതീവ ഗുരുഭക്തനായിരുന്ന പ. പരുമല തിരുമേനി സ്വന്തം കൈപ്പടയിലെഴുതിയ ഒരു സുറിയാനി സുവിശേഷ പുസ്തകവും കോനാട്ടു കുടുംബത്തിന് ഇതോടൊപ്പം നല്‍കി.

ഈ വിശുദ്ധ വസ്തുക്കള്‍ സ്വീകരിച്ച മാത്തന്‍ മല്‍പ്പാന്‍ തന്റെ 1895 – 1903 കാലഘട്ടത്തിലെ വൃത്താന്തപുസ്തകത്തില്‍ (നമ്പര്‍ 54) ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ സ്ഥലത്ത് 1903-ല്‍ വിശുദ്ധ നിക്കോലോവാസിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചതും.

പാമ്പാക്കുട വലിയപള്ളിയോളം തന്നെ പഴക്കമുള്ള പടിഞ്ഞാറെനടയിലുള്ള കുരിശടിയിലാണ് ആറു തിരുശേഷിപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കുരിശടിയിലെ അള്‍ത്താര പോലുള്ള ഭാഗത്ത് ദൈവമാതാവിന്റെ മുലപ്പാല്‍ വീണ സ്ഥലത്തെ മണ്ണ്, സ്പര്‍നാക്ക്, ഗീവറുഗീസ് സഹദായുടെ തിരുശേഷിപ്പ് എന്നിവ വടക്കുവശത്തും, നിക്കോളസ്, ശ്മൂയേല്‍, കുറിയാക്കോസ് സഹദാ ഇവരുടെ തിരുശേഷിപ്പുകള്‍ തെക്കുവശത്തും അടച്ച് സീല്‍ ചെയ്ത പേടകങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നത്. മൂറായുടെ എപ്പിസ്‌കോപ്പായായ മാര്‍ സോഖെ എന്നാണ് ഈ പേടകത്തില്‍ എഴുതിയിരിക്കുന്നത്.

കേരളത്തില്‍ ക്രിസ്തുമസ് ഫാദര്‍ എന്ന സങ്കല്‍പ്പം പ്രചരിച്ചത് പാശ്ചാത്യര്‍, വിശിഷ്യ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളിലൂടെയാണ്. അതിനാല്‍ സുറിയാനി പാരമ്പര്യത്തിലൂടെ വന്ന തിരുശേഷിപ്പുമായി ആരും ബന്ധപ്പെടുത്തിയില്ല. പാമ്പാക്കുട എന്ന ഗ്രാമത്തില്‍ ആരും അറിയാതെ ആ തിരുശേഷിപ്പ് ഇപ്പോഴും സ്ഥിതി ചെയ്യുന്നു.

സീല്‍ ചെയ്ത പേടകത്തില്‍ തിരുശേഷിപ്പിന്റെ ഏതു ഭാഗമാണുള്ളതെന്ന് ആര്‍ക്കും അറിയില്ല. ആ പേടകം തുറക്കാന്‍ കോനാട്ടു കുടുംബത്തിന്റെ ഇന്നത്തെ പിന്തുടര്‍ച്ചാവകാശിയായ ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് തയാറുമല്ല. ക്രിസ്മസ് അപ്പൂപ്പന്‍ കുട്ടികള്‍ക്കു നല്‍കുന്ന സമ്മാനം പോലെ അതൊരു നിത്യ രഹസ്യമായി ശേഷിക്കാനാണിട.

1998 ഡിസംബര്‍ 21-ന് പ്രസിദ്ധീകരിച്ച മലയാള മനോരമ ക്രിസ്തുമസ് സപ്ലിമെന്റില്‍ ഈ ലേഖകന്‍ സാന്താക്ലോസിന്റെ തിരുശേഷിപ്പ് കേരളത്തില്‍ എന്ന ശീര്‍ഷകത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് പാമ്പാക്കുടയിലെ തിരുശേഷിപ്പിനെപ്പറ്റി ആദ്യമായി ലോകമറിഞ്ഞത്. ഈ കണ്ടെത്തല്‍ ദേശീയ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റുകയും അനേക വാര്‍ത്തകളും ഫീച്ചറുകളും തുടര്‍വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്‌തെങ്കിലും മലങ്കര സഭയില്‍ ഇത് ഒരു ചലനവും ഉണ്ടാക്കിയില്ല. അതിനാല്‍ത്തന്നെ പ. സഭ 2016-18 കാലഘട്ടത്തില്‍ തയാറാക്കി 2018-ല്‍ പ്രസിദ്ധീകരിച്ച പരിശുദ്ധന്മാരുടെയും പിതാക്കന്മാരുടേയും ഓര്‍മ്മപ്പെരുനാളുകള്‍ക്കുള്ള പ്രോമിയോന്‍- ഹീത്തോമ്മാ പുസ്തകത്തില്‍ ഇടംപിടിച്ചുമില്ല.

എന്നാല്‍ 2018-ല്‍ ചരിത്രം മാറിമറിഞ്ഞു. ആ വര്‍ഷം നവംബര്‍ 30-ന് തമിഴ്‌നാട്ടിലെ മധുര സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ മുമ്പില്‍ പുതുതായി സ്ഥാപിച്ച കുരിശടി സെന്റ് നിക്കോളാവോസിന്റെ നാമത്തില്‍ മദ്രാസ് ഭദ്രാസനത്തിന്റെ ഡോ. യൂഹാനോനന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ പ്രതിഷ്ഠിച്ചു. മലങ്കര സഭയില്‍ നടാടെയാണ് മെയ്‌റായുടെ എപ്പിസ്‌ക്കോപ്പയായ മാര്‍ സോഖോ എന്ന മാര്‍ നിക്കോളാവോസിന്റെ നാമത്തില്‍ ഒരു ആരാധനാ സ്ഥലം സ്ഥാപിക്കപ്പെടുന്നത്.

കാലചക്രം വീണ്ടും തിരിഞ്ഞപ്പോള്‍ അടുത്ത പടിയിലെത്തി. ഇംഗ്ലണ്ടിലെ ബെഡ്‌ഫോര്‍ഡ്‌ഷെയറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മുപ്പതോളം പ്രവാസി കുടുംബങ്ങള്‍ ചേര്‍ന്ന് മലങ്കര സഭയില്‍ ഒരു പുതിയ കോണ്‍ഗ്രിഗേഷന്‍ രൂപീകരിച്ചു. 2023 ഒക്‌ടോബര്‍ 23-ന് ഇടവക മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സ്‌തേഫാനോസ് E-253/AMS/2023 നമ്പര്‍ കല്പനപ്രകാരം മാര്‍ നിക്കോളാവോസിന്റെ നാമത്തില്‍ അവര്‍ക്ക് ഒരു കോണ്‍ഗ്രിഗേഷന്‍ ഔദ്യോഗികമായി അനുവദിച്ചു. ഇനിമുതല്‍ ഡിസംബര്‍ 6-ന് അവിടെ മാര്‍ നിക്കോളാവോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ പ്രതിവര്‍ഷം കൊണ്ടാടും.

ആസന്നഭാവിയില്‍ ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ മാര്‍ നിക്കോളാവോസ് കോണ്‍ഗ്രിഗേഷന്‍ സ്വതന്ത്ര ഇടവകയാകും. നസ്രാണി പാരമ്പര്യപ്രകാരം താമസിയാതെ സ്വന്തമായി പള്ളി ഉണ്ടാകും. അപ്പോഴാണ് 1895-ല്‍ യെറുശലേമിലെ മര്‍ക്കോസിന്റെ മാളികയില്‍നിന്നും അദ്ദേഹത്തിന്റെ തിരുശേഷിപ്പ് ചോദിച്ചുവാങ്ങിയ പ. പരുമല തിരുമേനിയുടെ സ്വപ്നം സ്വാര്‍ത്ഥകമാകുന്നത്. … അവിടേയ്ക്കു ഗോത്രങ്ങള്‍, യഹോവയുടെ ഗോത്രങ്ങള്‍ തന്നെ യിസ്രായേലിനു സാക്ഷ്യത്തിനായി യഹോവയുടെ നാമത്തിനു സ്‌തോത്രം ചെയ്യുവാന്‍ കയറിച്ചല്ലുന്നു… (സങ്കീ. 122: 4) എന്ന സ്ഥിതി വരും.

ഡോ. എം. കുര്യന്‍ തോമസ്
2/12/2023