OVS - Latest NewsOVS-Kerala News

പാവപ്പെട്ട യുവതികളുടെ വിവാഹത്തിനായി സ്വർണ്ണാഭരണങ്ങൾ നൽകി സിങ്കപ്പൂർ സ്വദേശികളായ ദമ്പതികൾ മാതൃകയാകുന്നു

കോട്ടയം :- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ സഹായ സമിതിയുടെ നേതൃത്വത്തിൽ ജാതി മത ഭേദമന്യേ നിർദ്ധനരായ യുവതികളുടെ വിവാഹത്തിന് സഹായം നൽകുന്നതിന് വേണ്ടി മലങ്കര സഭയിലെ ദൈവാലയങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സഹായം അഭ്യർത്ഥിച്ചുകൊണ്ട് സമിതിയുടെ പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി എല്ലാ പള്ളികൾക്കും കല്പന അയച്ചിരുന്നു.

പ്രസ്തുത കല്പനയിൽ ആവശ്യപ്പെട്ടതനുസരിച്ച് സിങ്കപ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് സുറിയാനി കത്തീഡ്രൽ ഇടവകാംഗങ്ങളും പുറമറ്റം സ്വദേശികളുമായ മാത്യു തോമസ്, സോജിനി എലിസബേത്ത് ദമ്പതികൾ തങ്ങളുടെ മകളുടെ വിവാഹ സമയത്ത് ഒരു സ്വർണ്ണമാലയും 2 കമ്മലും പുതിയത് വാങ്ങി (ആകെ 9.47 ഗ്രാം) സമിതിയിലേക്ക് സംഭാവനയായി നൽകി.

അഭിവന്ദ്യ പ്രസിഡന്റ് തിരുമേനിയുടെ കല്പന അനുസരിച്ച് വിവാഹ സഹായ സമിതി കൺവീനർ എ.കെ.ജോസഫ് സിങ്കപ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ വികാരി റവ.ഫാ.ലിജു കോരുത് തോമസിൽ നിന്ന് ആഭരണങ്ങൾ ഏറ്റുവാങ്ങി. സിങ്കപ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരിയോടും സംഭാവന നൽകിയ മാത്യു തോമസ്,സോജിനി എലിസബേത്ത് ദമ്പതികളോടും വിവാഹ സഹായ സമിതിക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഇത് മറ്റുള്ളവർക്ക് പ്രേരകമായി തീരട്ടെ .വിവാഹ ചടങ്ങുകൾ ലളിതമായി നടത്തുകയും നമ്മുടെ മക്കൾക്ക് പുതിയ സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന മറ്റു പെൺമക്കൾക്ക് കൂടി വാങ്ങി നൽകുകയും സഹായിക്കുകയും വേണം. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് ക്രമീകരിച്ച കൗണ്ടറിൽ നിന്ന് അര ലക്ഷത്തോളം രൂപ സംഭാവന ഇനത്തിൽ ലഭിച്ചു.