OVS - Latest NewsOVS-Kerala News

കോട്ടയം ഭദ്രാസനത്തിനു അഞ്ച് പുതിയ കോർഎപ്പിസ്കോപ്പാമാർ

പാമ്പാടി: മലങ്കര സഭയുടെ പുരാതന ഭദ്രാസനങ്ങളിൽ ഒന്നായ കോട്ടയം ഭദ്രാസനത്തിനു അഞ്ച് പുതിയ കോർഎപ്പിസ്കോപ്പാമാർ. പൊത്തൻപുറം മാർ കുറിയാക്കോസ് ദയറായിൽ വച്ച് രാവിലെ നടന്ന വി.കുർബ്ബാന മദ്ധ്യേയാണ് സ്ഥാനാരോഹണ ശുശ്രൂഷകൾ നടന്നത്. വി.കുർബാനയ്ക്കും സ്ഥാനാരോഹണ ശുശ്രൂഷകൾക്കും പ. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ ബാവാ മുഖ്യകാർമികത്വം വഹിച്ചു. കോട്ടയം ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് സഹകാർമികനായിരുന്നു.

വി.കുർബ്ബാന മദ്ധ്യേ കുക്കലിയോന്റെ മദ്ധ്യേ ആയിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകൾ. ശോശാപ്പാകൊണ്ട് തല മൂടപ്പെട്ട സ്ഥാനാർഥികൾ ബലിപീഠത്തിന്റെ മുമ്പിൽ വന്നു നിന്നതോടുകൂടി ശുശ്രൂഷകൾ ആരംഭിച്ചു. പാട്ടുകൾക്ക് ശേഷം സ്ഥാനാർഥികളുടെ തലയിൽ വച്ചുകൊണ്ട് മുഖ്യകാർമികൻ ഏവൽഗേലിയോൻ വായിച്ചു. തുടർന്ന് പ്രാർഥനകൾക്കു ശേഷം സ്ഥാനം പ്രാപിച്ചു എന്ന പ്രഖ്യാപനം മുഖ്യകാർമികൻ നടത്തി. അതിനുശേഷം അംശവസ്ത്രങ്ങൾ പൂർണമായും ധരിപ്പിക്കുകയും സ്ഥാനചിഹ്നങ്ങളായ കുരിശുമാലയും വടിയും നൽകുകയും ചെയ്തു. മുഖ്യകാർമികനും തുടർന്ന് വിശ്വാസികളും ഓരോ നവ കോർ എപ്പിസ്കോപ്പാമാർക്കും ഓക്സിയോസ് (യോഗ്യൻ) വിളിച്ചതോടു കൂടി സ്ഥാനാരോഹണ ശുശ്രൂഷകൾ സമാപിച്ചു.

സ്ഥാനാരോഹണ ചടങ്ങുകളുടെ ക്രമീകരണങ്ങൾക്കു കോട്ടയം ഭദ്രാസന സെക്രട്ടറി റവ.ഫാ പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ, പാമ്പാടി ദയറാ മാനേജർ റവ.ഫാ മാത്യൂ. കെ. ജോൺ, അസി. മാനേജർ റവ.ഫാ സി. എ. വറുഗീസ് എന്നിവർ നേതൃത്വം നൽകി.

കോട്ടയം ഭദ്രാസനത്തിലെ അ‍ഞ്ച് വൈദികർക്ക് കോറെപ്പിസ്കോപ്പാ സ്ഥാനം