OVS - Latest NewsOVS-Kerala News

വിശുദ്ധിയുടെ പ്രഭ ചൊരിയുന്ന മെഴുകുതിരികളുമായി കുന്നംകുളം, പഴഞ്ഞി തീർഥാടക സംഘം  ദയറയിലെത്തി.

പാമ്പാടി ∙ വിശുദ്ധിയുടെ പ്രഭ ചൊരിയുന്ന മെഴുകുതിരികളുമായി കുന്നംകുളം, പഴഞ്ഞി തീർഥാടക സംഘം പാമ്പാടി ദയറയിലെത്തി. പരിശുദ്ധ പാമ്പാടി തിരുമേനിയുമായി അഭേദ്യമായ ആത്മീയ ബന്ധമുള്ള കുന്നംകുളം, പഴഞ്ഞി എന്നിവിടങ്ങളിൽ നിന്നു വർഷം തോറും നൂറുകണക്കിനു തീർഥാടകരാണ് ദയറയിൽ എത്തിച്ചേരുന്നത്. ഇവർ കൊണ്ടുവരുന്ന മെഴുകുതിരികളാണ് കബറുങ്കൽ ആരാധനയ്ക്കു കത്തിക്കുന്നതിനായി ഉപയോഗിക്കുന്ന വലിയ തിരികൾ.

നാലടിയോളം ഉയരമുള്ള മെഴുകുതിരികളുമായാണു സംഘം എല്ലാവർഷവും എത്തിച്ചേരുന്നത്. കബറുങ്കൽ തിരി തെളിയിച്ചു പ്രാർഥിച്ചാണു തീർഥാടക സംഘത്തെ വരവേൽക്കുന്നത്. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് സംഘം എത്തിച്ച തിരികൾ കബറുങ്കൽ തെളിയിച്ചു. ഒരു വർഷം വരെ ആരാധനയ്ക്ക് ഉപയോഗിക്കാവുന്ന വലുപ്പത്തിലുള്ള തിരികളാണിവ.

ദയറ മാനേജർ ഫാ. മാത്യു കെ.ജോൺ, അസി. മാനേജർ ഫാ. സി.എ.വർഗീസ്, ജോയിന്റ് കൺവീനർ കെ.എ. ഏബ്രഹാം കിഴക്കയിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം പ്രഫ.സാജു ഏലിയാസ് എന്നിവർ സ്വീകരണത്തിനു നേതൃത്വം നൽകി. കുന്നംകുളം തീർഥാടകരുടെ വകയായി ലഘുഭക്ഷണ സ്റ്റാൾ ദയറയിൽ പെരുന്നാളിനോടനുബന്ധിച്ചു ആരംഭിച്ചു. ദയറയിലെ സ്നേഹവിരുന്നും കുന്നംകുളത്തെ വിശ്വാസികൾ നേർച്ചയായി നൽകുന്നതാണ്.

കോട്ടയം ഭദ്രാസനത്തിനു അഞ്ച് പുതിയ കോർഎപ്പിസ്കോപ്പാമാർ