OVS - Latest NewsOVS-Kerala News

‘വിശുദ്ധിയുടെ നിറവ്; പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാളിനു സമാപനം ‘

പാമ്പാടി∙ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആചരണത്തോടനുബന്ധിച്ചു നടന്ന ചരിത്രപ്രസിദ്ധമായ പ്രദക്ഷിണത്തിൽ പങ്കെടുത്തതു തീർഥാടക സഹസ്രങ്ങൾ. ‘താബോർ മലയിലെ മുനിശ്രേഷ്ഠാ, പ്രാർഥിക്കണമേ ഞങ്ങൾക്കായി ’ എന്ന പ്രാർഥനാഗീതങ്ങളാൽ ഭക്തിസാന്ദ്രമായ വീഥികളിലൂടെ രണ്ടര മണിക്കൂർ നേരം പ്രദക്ഷിണം നീങ്ങി.

പരിശുദ്ധ തിരുമേനിയുടെ മാതൃദേവാലയമായ പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിൽ നിന്നു സന്ധ്യാനമസ്കാരത്തെ തുടർന്നാണു പാമ്പാടി ദയറയിലേക്കു പ്രദക്ഷിണം ആരംഭിച്ചത്. സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നേതൃത്വം നൽകി. അൻപത്തിമൂന്നാം ഓർമപ്പെരുന്നാളിനെ അനുസ്മരിച്ച് 53 പതാകകൾ ഏന്തിയ സൺഡേ സ്കൂൾ അധ്യാപകർ, 53 മരക്കുരിശുകൾ ഏന്തിയ വിശ്വാസികൾ, 53 മെഴുകുതിരികളേന്തിയ ശുശ്രൂഷകർ എന്നിവരും പ്രദക്ഷിണത്തിൽ നിരന്നു.

മുത്തുക്കുടുകളും കൊടികളുമായി പരിശുദ്ധ തിരുമേനിയോടുള്ള മധ്യസ്ഥത പ്രാർഥിച്ചാണു വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തത്. വീഥികളിൽ ജാതിമതഭേദമന്യേ തീർഥാടകർക്കു സ്വീകരണം നൽകി. പരിശുദ്ധ തിരുമേനിയുടെ വചനങ്ങളും പ്രാർഥനാസൂക്തങ്ങളും ഉൾപ്പെടുത്തിയ പദയാത്രാഗീതങ്ങളും ക്രമീകരിച്ചിരുന്നു. പരിശുദ്ധ തിരുമേനിയുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള രഥം പ്രദക്ഷിണത്തിനു പ്രഭ ചൊരിഞ്ഞു.

കോട്ടയം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നു തീർഥാടന പദയാത്രകൾ ദയറയിലെത്തി. വൈദിക ശ്രേഷ്ഠർക്കൊപ്പം ദയറ മാനേജർ ഫാ. മാത്യു കെ.ജോൺ, ജന. കൺവീനർ ഫാ. അനി കുര്യാക്കോസ് വർഗീസ്, അസി. മാനേജർ ഫാ. സി.എ.വർഗീസ്, ജോ. കൺവീനർ കെ.എ.ഏബ്രഹാം കിഴക്കയിൽ എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

ദയറയിൽ സന്ധ്യാനമസ്കാരത്തിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. സഭാ ഗുരുരത്നം ഫാ. ഡോ. ടി.ജെ.ജോഷ്വ അനുസ്മരണ പ്രഭാഷണം നടത്തി. പ്രദക്ഷിണം ദയറയിൽ എത്തിയതോടെ കബറിങ്കൽ ധൂപപ്രാർഥന നടത്തി. തുടർന്ന് ആരംഭിച്ച അഖണ്ഡപ്രാർഥന പുലർച്ചെ വരെ നീണ്ടു.

ഓർമപ്പെരുന്നാൾ ആചരണം ഇന്നു സമാപിക്കും. 7.30-നു പ്രഭാത നമസ്കാരം, 8.30നു മൂന്നിന്മേൽ കുർബാന– പരിശുദ്ധ കാതോലിക്കാ ബാവാ, മാത്യൂസ് മാർ തേവോദോസിയോസ്, ജോസഫ് മാർ ദിവന്നാസിയോസ്. 9.45-ന് അനുസ്മരണ പ്രസംഗം–പരിശുദ്ധ കാതോലിക്കാ ബാവാ. 10-നു കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്, പ്രഭാതഭക്ഷണം.

വിശുദ്ധിയുടെ പ്രഭ ചൊരിയുന്ന മെഴുകുതിരികളുമായി കുന്നംകുളം, പഴഞ്ഞി തീർഥാടക സംഘം  ദയറയിലെത്തി.