OVS - Latest NewsOVS-Kerala News

നസ്രാണിക്ക് ഈ വിഴുപ്പു ചുമക്കേണ്ട ബാധ്യതയില്ല

OVS EDITORIAL

നസ്രാണി ചരിതം ഏതാണ്ട് നാലിൽ ഒന്നു പൂർണമായും പോരാട്ടമാണ്. പറങ്കികളുടെയും ലന്തക്കാരുടെയും പ്രലോഭനങ്ങൾക്കോ പീഡനങ്ങൾക്കോ അവരുടെ സ്വത്വത്തെ ഇല്ലാതെയാക്കുവാൻ സാധിച്ചില്ല. ആനയും അമ്പാരിയും മുൻവിളക്കും പിൻവിളക്കും പട്ടും നൽകി യഥോചിതം രാജാക്കൻമാരും ഭരണകർത്താക്കളും അതിനെ ബഹുമാനിച്ചിട്ടുണ്ട്. ഇതര സമുദായങ്ങളുടെ മുൻപിൽ തലയുയർത്തിയാണ് ഈ 2000 വർഷം ഈ ചെറിയ സമൂഹം നിലനിന്നത്‌.

ഇന്ന് ഈ സഭ സങ്കീർണ്ണമായ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. ക്രിസ്തുവിന്റെ മണവാട്ടിയായ സഭ പൊതു സമൂഹത്തിൽ വിവസ്ത്രയാണ്. വഴിയെപ്പോകുന്നവർ വന്നു കൊട്ടിയിട്ട് പോകുന്നു. നസ്രാണി ലജ്ജകൊണ്ട് തല താഴ്ത്തുന്നു. കുമ്പസാര കൂദാശയെ വരെ നവമാധ്യമ – മാധ്യമ ജഡ്ജിമാർ വിചാരണ ചെയ്യുന്നു. നാലോ അഞ്ചോ കുപ്പായധാരികളുടെ കൈയിലിരിപ്പാണ് ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുന്നത്. കൃത്യമായ നടപടി കൃത്യമായ സമയത്ത് സ്വീകരിക്കാതിരുന്ന നേതൃത്വത്തിനും ഇതിൽ നിന്നു ഒഴിഞ്ഞു മാറാനാകില്ല.

ഇനി ഒരു അന്വേഷണകമ്മീഷനും വേണ്ട. ജൂലൈ 3 – നസ്രാണിയുടെ അപ്പന്റെ ചാത്തത്തിന്റെ അതേ ദിവസം. കുപ്പായക്കാരുടെ വക്കീൽ കോടതിയിൽ പറഞ്ഞത് സ്ത്രീയുമായി അവർക്കുണ്ടായിരുന്ന ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു അതു കൊണ്ട് അറസ്റ്റ് പാടില്ല എന്നാണ്. എന്നു പറഞ്ഞാൽ വ്യഭിചാരം നടന്നു എന്നു സമ്മതിച്ചിരിക്കുന്നു. എത്ര മ്ലേഛതയാണിത്. ഇതിനെയാണോ കർത്താവ് പറഞ്ഞത് ശൂന്യമാക്കുന്ന മ്ലേഛത വിശുദ്ധ സ്ഥലത്ത് നിൽക്കുന്നത് കാണുമ്പോൾ വായിക്കുന്നവർ ചിന്തിച്ചുകൊള്ളട്ടെ എന്നു പറഞ്ഞത്. ഇനിയെങ്കിലും സഭ ഇവരെ ന്യായീകരിക്കുന്നത് അവസാനിപ്പിക്കണം. കുപ്പായം ഊരി വാങ്ങി നിയമത്തെ നേരിടാൻ ആവശ്യപ്പെടണം. സാധാരണ ഒരു സഭാംഗം ഇത്തരം കേസുകളിൽ പെട്ടാൽ സഭയ്ക്ക് അതിൽ ഒരു ദോഷവും പൊതുസമൂഹത്തിൽ സംഭവിക്കുവാൻ പോകുന്നില്ല. കുപ്പായം ഇട്ടവർ ആകുന്നതാണ് ഈ പ്രതിസന്ധിയുടെ കാരണം. #priestsoforthodoxchurch എന്ന ഹാഷ്ടാഗിലാണ് ഈ വ്യഭിചാരകഥ നവമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നത്. എത്ര ഗതികെട്ട അവസ്ഥയാണിത്. വ്യഭിചാരം ചെയ്യുന്നവരെ ഞങ്ങൾക്ക് വൈദികരായി വേണ്ട. പ്രാർഥിക്കുന്ന ഒരു വൈദികൻ ഉള്ളെങ്കിലും ഞങ്ങൾ തൃപ്തരാണ്.

തെറ്റുകാർ എത്ര പേരായാലും മാറ്റി നിർത്തിയേ മതിയാകു. അച്ചനായാലും മെത്രാനായാലും. ആയിരം തേൻ തുള്ളികളിൽ ഒരു മീൻ തുള്ളി വീണാൽ അത് നിഷ്പ്രയോജനമായിത്തീരും. ഇപ്പോൾ കുറ്റക്കാരായി കണ്ടെത്തിയവർക്കെതിരെ നടപടി എടുക്കുന്നതിനൊപ്പം ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. കൃത്യമായ പെരുമാറ്റച്ചട്ടം വൈദികർക്ക് ഉണ്ടാകണം. ശനിയാഴ്ച രാത്രി 12 മണിക്കും പച്ചവെളിച്ചം തെളിയിച്ച് ചാറ്റിങ്ങിനായി ഇരിക്കുന്നത് പതിവു കാഴ്ചയാണ്. എല്ലാവരും മനുഷ്യരാണ്. പ്രലോഭനക്കൾക്ക് അടിപെടാവുന്നവരാണ്. പിശാച് അലറുന്ന സിംഹം പോലെ ആരെ വിഴുങ്ങേണ്ടു എന്നു വിചാരിച്ചു പതിയിരിക്കുന്നു എന്നു പറയുന്നത് വി. ഗ്രന്ഥമാണ്. അല്ലെങ്കിൽ തന്നെ ദൈവപുത്രനെ പരീക്ഷിച്ച സാത്താനു കേവലം മനുഷ്യരാണോ അപ്രാപ്തം.

ഈ കുപ്പായക്കാർക്ക് ഒരു കുടുംബമുണ്ട്. ഭാര്യയും മക്കളും മാതാപിതാക്കളും ഉണ്ട്. അവരുടെ അവസ്ഥയെ സഭ പരിഗണിക്കണം. ഒരു അച്ചന്റെ കുടുംബം എന്ന സമൂഹത്തിലെ ഉയർന്ന ഒരു നിലയിൽനിന്നു ഏറ്റവും താണ അവസ്ഥയിലേക്കുള്ള അവരുടെ പതനം തീർച്ചയായും സഹതാപാർഹമാണ്. വിരമിച്ച വൈദികർക്ക് നൽകുന്ന പെൻഷനെങ്കിലും സഭ ഈ കുടുംബങ്ങൾക്ക് നൽകാവുന്നതാണ്.

ഈ സഭയിൽ ജനിച്ചതിൽ അഭിമാനിക്കുന്നവരാണ് ഞങ്ങൾ. മാർത്തോമാ പൈതൃകം ഞങ്ങളുടെ അഹങ്കാരമാണ്. അത് ഒരു അച്ചനേയോ മെത്രാനെയോ കണ്ട് ഉണ്ടായതല്ല. മുലപ്പാലിനൊപ്പം ഞങ്ങളിൽ വന്നു ചേർന്നതാണ്. ആ അഭിമാനത്തിൽ ഇപ്പോഴും അശേഷം കുറവില്ല. പക്ഷേ തെറ്റുകാരെ സംരക്ഷിക്കുന്ന നിലപാട് എവിടെ നിന്നുണ്ടായാലും അത് അംഗീകരിക്കില്ല. തെറ്റ് തെറ്റാണെന്നു ഞങ്ങൾ പറയും. ആ തന്റേടം തോമ്മായുടെ ആണ്. 11 ശിഷ്യൻമാർ പേടിച്ചു നിന്നപ്പോൾ അവനോടുകൂടെ മരിക്കേണ്ടതിനു പോകാമെന്നു പറഞ്ഞ അതേ തോമ്മായുടെ.

കുറ്റക്കാരെ സംരക്ഷിക്കുന്നത് ഏതെങ്കിലും മെത്രാൻമാരായാലും മറ്റ് സ്ഥാനികളായാലും അവർ ചരിത്രം ഒന്നു നോക്കുന്നത് നന്നായിരിക്കും. പൊതുവിനോട് ചേരാതെ തന്നിഷ്ടപ്രകാരം പ്രവർത്തിച്ച മെത്രാനെ വിളിച്ച് വിചാരണ ചെയ്ത് പ്രായശ്ചിത്തമായി മലങ്കരയിൽ അന്നുണ്ടായിരുന്ന എല്ലാ പള്ളികളിലും സ്വന്തം ചെലവിൽ മൂന്നിൻമേൽ കുർബാന ചൊല്ലിച്ച പിതാക്കൻമാരുടെ പാരമ്പര്യത്തിനു മലങ്കരയിൽ ഇന്നും അവകാശികൾ ഇല്ലാതായിട്ടില്ല.

മലങ്കരസഭയിലെ കളകളെ പറിച്ചെറിയണം… നിർബാധം, നിർദയം, നിരന്തരം