തിരഞ്ഞെടുപ്പുകള്‍ നടത്തണം; ഉടന്‍ തന്നെ

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയോഷന്‍ നടത്തേണ്ട എല്ലാ തിരഞ്ഞെടുപ്പുകളും അടിയന്തിരമായി നടത്തണം. അതിൻ്റെ പ്രക്രിയകള്‍ ഇപ്പോള്‍ നിലവിലുള്ള അസോസിയേഷൻ്റെ കാലാവധിയില്‍ത്തന്നെ പൂര്‍ത്തിയാക്കണം. copyright@ovsonline.in

ആദ്യമേതന്നെ ഒരു കാര്യം വ്യക്തമാക്കട്ടെ. പല കാരണങ്ങള്‍കൊണ്ട് മലങ്കരസഭയിലെ മെത്രാന്മാരുടെ എണ്ണം കൂടുന്നതിന് ഈ ലേഖകന്‍ എതിരാണ്. അത് മുമ്പുതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലേഖകൻ്റെ ഒരാള്‍ക്ക് എത്ര മെത്രാന്‍ വേണം? (2017, സോഫിയാ ബുക്ക്‌സ്, കോട്ടയം) എന്ന കൃതി കാണുക. ഈ അഭിപ്രായത്തില്‍നിന്നും വ്യതിചലിക്കാതിരിക്കുമ്പോള്‍ത്തന്നെ ഇപ്രകാരം ഒരു ആവശ്യം ഗൗരവമായി മുമ്പോട്ടു വെക്കുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്.

കേരളത്തിലെ ഒരു പ്രമുഖ സഭയായ മലങ്കര മാര്‍ത്തോമ്മാ സഭയുടെ വര്‍ത്തമാനകാല സ്ഥിതിയാണ് ഇത്തരമൊരു നിലപാടിലെത്താന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത്. 2011-ലാണ് അവസാനം ആ സഭയില്‍ എപ്പിസ്‌ക്കാപ്പല്‍ തിരഞ്ഞെടുപ്പും വാഴ്ചയും നടന്നത്. ആകെ 13 ഭദ്രാസനങ്ങള്‍ക്ക് ഇപ്പോളുള്ളത് 9 മെത്രാന്മാര്‍ മാത്രം. നിലവിലുള്ള മെത്രാന്മാര്‍ എല്ലാം 65 വയസ് കടന്നവര്‍. ഇപ്പോള്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായും കാലം ചെയ്തു. ഇനി ആ സഭയുടെ നടപടിച്ചട്ടങ്ങള്‍ പാലിച്ച് ഒരു മെത്രാന്‍ തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ ഒന്നര-രണ്ടു വര്‍ഷമെങ്കിലും എടുക്കും എന്നാണറിവ്.

മലങ്കര സഭയുടെ സ്ഥിതി അതിലും ദയനീയമാണ്. മലങ്കര സഭയില്‍ ഏറ്റവും അവസാനം മേല്‍പട്ട തിരഞ്ഞെടുപ്പും മെത്രാന്‍ വാഴ്ചയും നടന്നത് 2010-ലാണ്. ഇപ്പോള്‍ അനേക ഭദ്രാസനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു. മൂന്നു ഭദ്രാസനങ്ങളുടെ ചുമതലവരെ ഒരു മെത്രാനെ ഏല്‍പ്പിച്ചാണ് കാര്യങ്ങള്‍ ഓടിക്കുന്നത്. ഇത്രയും ഭദ്രാസനങ്ങളില്‍ ഒരുമിച്ച് പൂര്‍ണ്ണ ചുമതലയുള്ള മെത്രാപ്പോലീത്താമാര്‍ ഇല്ലാതെ വരുന്നത് സഭയുടെ സമീപകാലചരിത്രത്തില്‍ ഇദംപ്രഥമമാണ്.

കൂട്ടത്തില്‍, യേറുശലേം ദേവാലയത്തില്‍ വെച്ച് വൃദ്ധനായ ശെമവോന്‍ പറഞ്ഞതുപോലെ, ഇപ്പോള്‍ നാഥാ, അടിയനെ വിട്ടയയ്‌ക്കേണമേ എന്ന പ്രാര്‍ത്ഥനയുമായി അടുത്തൂണിന് അപേക്ഷിക്കുന്നവര്‍ വേറെ. മാര്‍ത്തോമ്മാ സഭയേക്കാള്‍ സന്നിഗ്ദമായ അവസ്ഥയിലാണ് മലങ്കര സഭ. ഏഴ് മെത്രാന്മാരെ എങ്കിലും തിരഞ്ഞെടുത്തു വാഴിച്ചാലെ ഇപ്പോഴുള്ള ഒഴിവുകള്‍ നികത്താനാവു എന്നതാണ് സ്ഥിതി. ഒരര്‍ത്ഥത്തില്‍ മാര്‍ത്തോമ്മാ സഭയേക്കാളും ഗുരുതരമായ ഭരണപ്രതിസന്ധിയിലാണ് മലങ്കര സഭ. കാരണം 25 ശതമാനത്തോളം നസ്രാണികള്‍ക്ക് മലങ്കര മെത്രാപ്പോലീത്താ ഒഴികെ സ്ഥിരം ഇടയനില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്.

തിരഞ്ഞെടുപ്പ് പ്രക്രിയ ഉടന്‍ ആരംഭിക്കണമെന്നു പറഞ്ഞത് നിയമാനുസൃതം അതു പൂര്‍ത്തിയാക്കാന്‍ ആവശ്യമായ കാലദൈര്‍ഘ്യം കണക്കിലെടുത്താണ്. നിരവധി കടമ്പകള്‍ കടന്നു മാത്രമേ തിരഞ്ഞെടുപ്പിനായി ഒരു അസോസിയേഷന്‍ കൂടാനാവു. അടിയന്തിര സുന്നഹദോസോ മാനേജിംഗ് കമ്മറ്റിയോ തിരഞ്ഞടുപ്പുകള്‍ക്ക് ഉപയുക്തമല്ല.

തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിക്കണമെങ്കില്‍ ആദ്യം സിനഡ് സ്റ്റാന്‍ഡിംഗ് കമ്മറ്റി കൂടി (ഇന്ന) തിരഞ്ഞെടുപ്പു നടത്താന്‍ അസോസിയേഷന്‍ വിളിച്ചു കൂട്ടണമെന്നു നിശ്ചയിക്കാന്‍ അജണ്ട വെച്ച് പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് വിളിച്ചുകൂട്ടണം. സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് നോട്ടീസ് കാലാവധി 15 ദീവസവും സുന്നഹദോസിന് 30 ദിവസവുമാണ്. സുന്നഹദോസിൻ്റെ ശുപാര്‍ശ ലഭിയ്ക്കുന്ന മുറയ്ക്ക് വര്‍ക്കിംഗ് കമ്മറ്റി കൂടി ഇതേ വിഷയം അജണ്ടയില്‍ വെച്ച് മാനേജിംഗ് കമ്മറ്റി വിളിച്ചുകൂട്ടണം. ഇവയുടെ നോട്ടീസ് കാലാവധി യഥാക്രമം വ്യക്തമായ 10, 21 ദിവസങ്ങള്‍ വീതമാണ്. ആ മാനേജിംഗ് കമ്മറ്റി വേണം തിരഞ്ഞെടുപ്പ് അജണ്ടയോടെ അസോസിയേഷന്‍ വിളിച്ചുകൂട്ടാന്‍ തീരുമാനിക്കേണ്ടതും തീയതി, സ്ഥലം മുതലായവ നിശ്ചയിക്കേണ്ടതും. അസോസിയേഷന് 120 ദിവസത്തെ നോട്ടീസ് മതിയെങ്കിലും ഇത്ര വിപുലമായ ഒരു യോഗം ക്രമീകരിക്കാന്‍ ചിലപ്പോള്‍ അതിലും ദീര്‍ഘമായ കാലം കാത്തിരിക്കേണ്ടി വന്നേക്കും.

ഇതുകൊണ്ടും അവസാനിക്കുന്നില്ല. നിലവിലുള്ള നടപടിച്ചട്ടങ്ങള്‍ അനുസരിച്ച് മെത്രാന്‍ തിരഞ്ഞെടുപ്പിൻ്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും കാലതാമസമെടുക്കുന്ന പ്രക്രിയയാണ്. അതിനായും പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും മാനേജിംഗ് കമ്മറ്റിയും വീണ്ടും കൂടേണ്ടതുണ്ട്. ചുരുക്കത്തില്‍ ഇപ്പോള്‍ പ്രക്രിയ ആരംഭിച്ചാല്‍ മാത്രമേ 2021 നവംബര്‍-ഡിസംബറിലെങ്കിലും അസോസിയേഷന്‍ കൂടാനും തിരഞ്ഞെടുപ്പു നടത്താനും സാദ്ധ്യമാവു.

ഇനി എന്തുകൊണ്ട് നിലവിലുള്ള അസോസിയേഷന്‍ തന്നെ തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന ആവശ്യം ഉയര്‍ത്തുന്നു എന്നു വ്യക്തമാക്കാം. നിലവിലുള്ള അസോസിയേഷന് 2022 മാര്‍ച്ച് വരെ കാലാവധിയും നിയമ പരിരക്ഷയുമുണ്ട്. ഈ കാലാവധി കഴിയുമ്പോള്‍ വീണ്ടും ഇടവകതലത്തില്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതു മുതലുള്ള പ്രക്രിയകള്‍ ആവശ്യമുണ്ട്. അതിൻ്റെ ഏതുഘട്ടത്തിലും വ്യവഹാര പരമ്പരകള്‍ ഉണ്ടാകുവാനും, അസോസിയേഷന്‍ രൂപീകരണം തന്നെ തടസപ്പെടുവാനുമുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ചരിത്രം നല്‍കുന്ന പാഠം അതാണ്.

ഭരണഘടനാ പൂര്‍വ കാലത്ത് അസോസിയേഷന്‍ കൂടാന്‍ അവസരം ലഭിക്കുമ്പോള്‍ മെത്രാന്‍ സ്ഥാനത്തേയ്ക്ക് യോഗ്യരായവരെ തിരഞ്ഞെടുത്തു വയ്ക്കുകയും പിന്നീട് ആവശ്യമാകുന്ന മുറയ്ക്ക് അവരെ വാഴിക്കുകയുമായിരുന്നു പതിവ്. അതിനാല്‍ വ്യവഹാരങ്ങള്‍മൂലം ദീര്‍ഘവര്‍ഷങ്ങള്‍ അസോസിയേഷന്‍ കൂടാന്‍ സാധിക്കതിരുന്നിട്ടും മെത്രാന്മാര്‍ക്ക് ക്ഷാമം ഉണ്ടായില്ല.

1934-ല്‍ പ. വട്ടശേരില്‍ തിരുമേനി പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് കാലം ചെയ്തു. അതിനെ തുടര്‍ന്ന് അതേവര്‍ഷം ഡിസംബറില്‍ അസോസിയേഷന്‍ വിളിച്ചു കൂട്ടി മലങ്കര മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ഉണ്ടായ ബുദ്ധിമുട്ട് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും ആ അസോസിയേഷന്‍ 1958-ല്‍ ഇന്ത്യന്‍ സപ്രീം കോടതിയില്‍ അവസാനിച്ച ഒന്നാം സമുദായക്കേസിനു വഴിതെളിച്ചു.

പൗരസ്ത്യ കാതോലിക്കായുടേയും മലങ്കര മെത്രാപ്പോലീത്തായുടേയും പിന്‍ഗാമിയായി ഒരാളെ തിരഞ്ഞെടുക്കുന്നതിന് 1961 ഏപ്രില്‍ 27-നു കോട്ടയം എം. ഡി. സെമിനാരിയില്‍ അസോസിയേഷന്‍ വിളിച്ചു കൂട്ടുന്നതിന് പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ നോട്ടീസ് അയച്ചു. യോഗത്തിനു തലേന്ന് ഏപ്രില്‍ 26-നു ഹൈക്കോടതി വെക്കേഷന്‍ ജഡ്ജി എക്‌സ്പാര്‍ട്ടിയായി യോഗം നിരോധിച്ചു. പിന്നീട് ദീര്‍ഘമായ കോടതി നടപടികള്‍ക്കു ശേഷമാണ് യോഗം നടത്തുന്നതിനുള്ള തടസം ഒഴിവായത്. അതിനെത്തുടര്‍ന്ന് 1962 മെയ് 17-ന് നിരണത്ത് ചേര്‍ന്ന അസോസിയേഷനാണ് പിന്‍ഗാമിയെ തിരഞ്ഞെടുത്തത്. പക്ഷേ കേസ് പിന്നയും തുടര്‍ന്നു 1963 നവംബര്‍ 19-നാണ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി അന്യായം തള്ളി വിധിച്ചത്. ഇതിനെതിരെ ഹൈക്കോടതിയില്‍ കൊടുത്ത അപ്പീലാകട്ടെ തള്ളിയത് 1969 ഡിസംബറിലും!

നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നുള്ളതിൻ്റെ വര്‍ത്തമാനകാല ഉദാഹരണമാണ് 2006 അസോസിയേഷന്‍. 2006 സെപ്റ്റംബര്‍ 21-ന് പരുമല സെമിനാരിയില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന അസോസിയേഷന് കോടതിയില്‍നിന്നും നിരോധനം ഉണ്ടായി. നിരോധനം നീങ്ങിയത് തലേന്ന്. പിറ്റേന്ന് അസോസിയേഷന്‍ കൂടി എങ്കിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിച്ചേരേണ്ട പ്രതിനിധികളില്‍ നല്ലപങ്കിനും പങ്കെടുക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ യോഗം നീട്ടി വെക്കുകയും ഒക്‌ടോബര്‍ 12-നു വീണ്ടും ചേരേണ്ടി വരികയും ചെയ്തു. ധനനഷ്ടം, അദ്ധ്വാന നഷ്ടം.

ഇതൊക്കെ ഇതിലും ഉപരിയായി ഇനിയും സംഭവിക്കാം. അതിനുള്ള സാദ്ധ്യതകള്‍ പരമാവധി പരിമിതപ്പെടുത്തുവാനാണ് നിലവിലുള്ള അസോസിയേഷന്‍ തന്നെ തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്ന് ഈ ലേഖകന്‍ ആവശ്യപ്പെടുന്നത്.

ഒരു കാര്യവുംകൂടി ശ്രദ്ധയില്‍ പെടുത്തട്ടെ. 1951 മുതല്‍ ഇതഃപര്യന്തം പ. സഭ ഒരു ദശാബ്ദത്തിലൊരിക്കല്‍ വി. മൂറോന്‍ കൂദാശ നടത്തുന്നുണ്ട്. സമാനമായി ഒരു ദശാബ്ദത്തില്‍ ഒരിക്കല്‍ എങ്കിലും മെത്രാന്‍ തിരഞ്ഞെടുപ്പും വാഴ്ച്ചയും നടത്തുന്നാതാണ് പ. സഭയ്ക്ക് നല്ലത്. മെത്രാന്മാരുടെ എണ്ണം ഓരോ തിരഞ്ഞെടുപ്പിലും ആവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തണം. പക്ഷേ തിരഞ്ഞെടുപ്പും വാഴ്ച്ചയും കാലബന്ധിതമായി നടക്കണം. അതാണ് പ. സഭയ്ക്ക് നല്ലത്.

ഉടന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതുകൊണ്ട് മറ്റൊരു ഗുണവുമുണ്ട്. പലരും ചിന്തിക്കുന്നതുപോലെ നാളെ സമവാക്യങ്ങള്‍ മാറിയാലും പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിൻ്റെ ഘടനയ്ക്ക് വ്യതിയാനം വരുകയില്ല.

ശുഭസ്യ ശീഘ്രം! copyright@ovsonline.in

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 19 ഒക്‌ടോബര്‍ 2020)

error: Thank you for visiting : www.ovsonline.in