EditorialOVS - Latest News

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ മലങ്കര നസ്രാണി സമൂഹത്തിന്‍റെ ഒപ്പം മാത്രം.

ഓർത്തഡോക്സ് വിശ്വാസസംരക്ഷകന്‍റെ ഔദ്യോഗിക പ്രസ്താവന.

മലങ്കര ഓർത്തഡോക്സ് സഭയിലെ ഒരു പറ്റം വിശ്വാസികളുടെ കൂട്ടായ്‌മയായ “ഓർത്തഡോൿസ് വിശ്വാസ് സംരക്ഷകൻ” എന്ന അൽമായ പ്രസ്ഥാനം എന്താണെന്നും, മലങ്കര സഭയിൽ OVS – ന്‍റെ നിലപാടുകൾ എന്താണെന്നും മലങ്കരസഭയുടെയും ഇതര സഭകളുടെയും വിശ്വാസികൾക്ക് നന്നായി അറിയാം. മലങ്കരസഭയിൽ ഓരോ സമയങ്ങളിലും നടക്കുന്ന വിഷയങ്ങളിലോ, രാഷ്ട്രീയ അജണ്ടകളിലോ ഒരു തരത്തിലും വശംവദരാകാതെ നിർലോഭമായി, നിർഭയത്തോടെ മലങ്കര സഭയെ ആഭ്യന്തരവും, ബാഹ്യവുമായ വെല്ലുവിളികളിൽ നിന്നും സംരക്ഷിക്കാൻ ദൈവനാമത്തിൽ ദൃഢനിശ്ചയം ചെയ്തിട്ടുള്ള മാർത്തോമൻ നസ്രാണികളുടെ ഉശിരുള്ള പ്രസ്ഥാനമാണ് “OVS” എന്ന ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ. നാളിതുവരെ സ്വാർഥതാൽപര്യങ്ങളില്ലാത്ത, ഭാരവാഹികൾ ഇല്ലാത്ത, രാഷ്രീയ മോഹങ്ങൾ ഇല്ലാത്ത, പ്രവർത്തന ഫണ്ട് ശേഖരണമില്ലാത്ത സ്വതന്ത്രസംഘടനായ OVS – മലങ്കരസഭയുടെ ഒരു പോഷക സംഘടനയോ, ഔദ്യോഗിക ഭകതി പ്രസ്ഥാനമോ അല്ല. അത്കൊണ്ടു തന്നെ OVS ഒരു ഘട്ടത്തിലും മലങ്കര സഭയുടെ നേതൃത്തിന്‍റെയോ, മറ്റാരുടെയെങ്കിലുമോ കോളാമ്പിയോ, പതാകവാഹകരോ അല്ല.

ധീരവും, ശക്തവുമായ നിലപാടുകൾ കൊണ്ട് സഭയ്ക്കകത്തും പുറത്തും ശത്രുക്കളെ മാത്രം സമ്പാദിച്ച ഞങ്ങളുടെ പ്രസ്ഥാനം, തല്പര കക്ഷികൾ പറയുന്ന തരത്തിൽ ഒരു കുഴലൂത്തു പ്രസ്ഥാനമോ, കൂലി എഴുത്തുകാരോ അല്ല. ഒരിക്കലും ആവുകയുമില്ല. അങ്ങനെ പറയുന്നവരോട് സഹതാപം മാത്രം. മറ്റു ചില സഭകളുടെ ഓൺലൈൻ പേജുകളെ പോലെ കൈയടി നേടാനും, ശത്രുക്കളെ നിർദ്ദയം ആക്രമിക്കാനും, അപഹസിക്കാനും വേണ്ടി ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ ഒരു ഘട്ടത്തിലും നിലവാരമില്ലാത്ത പ്രവർത്തനമോ പ്രചാരണമോ നടത്തിയിട്ടില്ലായെന്നു സഭയുടെ എതിരാളികൾ പോലും നിർലോഭം സമ്മതിക്കും. കരുത്തുറ്റ മലങ്കര സഭാ എന്ന് ഒറ്റലക്ഷ്യത്തിൽ, ഒരേ ദിശയിൽ, ഒരേ മനസ്സോടെ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നും സ്വന്തം അധ്വാനം കൊണ്ട് സംഘടനാ പ്രവർത്തനം നടത്തുന്ന നിരവധി OVS പ്രവർത്തകർ ആരുടെയും ഉപജാപകസംഘത്തിലോ, ഉപദേശക സംഘത്തിലൊ പെടില്ല എന്ന് മാത്രമല്ല, സഭയിലെ ഒരു ഉപഗ്രഹങ്ങളെയും, ഇത്തിൾ കണ്ണികളെയും പിന്തുണയ്ക്കാനും ഞങ്ങൾക്ക് യാതൊരു ബാധ്യതയുമില്ല. OVS പ്രവർത്തകർ ഇന്നേ വരെ തങ്ങൾ OVS പ്രവർത്തകർ എന്ന് നിലയ്ക്ക് മലങ്കര സഭയുടെ ഏതെങ്കിലും തലത്തിൽ ഇടപെടുന്ന ഒരു സാഹചര്യമോ, OVS ന്‍റെ പേർ ദുരപയോഗിക്കുന്നതുമായ സാഹചര്യമോ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല. OVS അംഗങ്ങൾ എന്ന് വ്യാജേന ആരെങ്കിലും നടത്തുന്നു ഒരു പ്രതികരണത്തിനും, ഇടപെടലുകൾക്കും ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ ഉത്തരവാദിയല്ല. OVS നിലപാടുകൾ OVS-ന്‍റെ വെബ്‌സൈറ്റ് വഴി (ovsonline.in) കൃത്യമായി പ്രകടിപ്പിക്കാറുണ്ട്. അതാണ് ഞങ്ങളുടെ നിലപാട് , അത് മാത്രമായിരിക്കും ഞങ്ങളുടെ നിലപാട് . അതിനെതിരായി OVS അംഗങ്ങൾ എന്ന നിലയിൽ ആരെങ്കിലും നിലപാടെടുക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഏതൊരാൾക്കും OVS-ന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലേക്ക് അറിയിക്കാവുന്നതാണ്.

മലങ്കര സഭയിലെ പുരോഹിത അപവാദ വിഷയങ്ങളിൽ ഞങ്ങൾ ഇരയോടൊപ്പമോ, കുറ്റാരോപിതരോടോപ്പമോ എന്ന് ചാനൽ അവതാരകൻ ചർച്ചയിൽ ചോദിക്കുകയും, ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ എന്ന് പ്രസ്ഥാനത്തെ ഇത്തരം ചർച്ചയിലേക്ക് അവതാരകന്‍റെ മുൻവിധിക്കു അനുസൃതമായി കൊണ്ട് വരുകെയും ചെയ്ത് സാഹചര്യത്തിൽ ഞങ്ങളുടെ നിലപാട് വീണ്ടും വ്യക്തമാക്കുന്നു.

ഞങ്ങൾക്ക് വിധേയത്വം മലങ്കരസഭയോട് മാത്രമാണ്. അതിന്‍റെ പോരാട്ടചരിത്രങ്ങളോടാണ്. അതിന്‍റെ ഭാവിയോടാണ്. തെറ്റ് ചെയ്തവർ അത് എത്ര വലിയ വ്യക്തിയായാലും ശിക്ഷിക്കപ്പെടണം. പലരും സ്ഥാപിത ലക്ഷ്യങ്ങൾക്കായി കൃത്യമായ പദ്ധതികളുടെയും ഗൃഹപാഠങ്ങളുടെയും വെളിച്ചത്തിൽ സഭയെ വിമർശിക്കുവാനും ദ്രോഹിക്കുവാൻ തുനിഞ്ഞിറങ്ങുമ്പോൾ ഞങ്ങൾ ജാഗ്രതയോടെ, പ്രാർത്ഥനയോടെ, സഭയ്ക്ക് വേണ്ടി, അതിലെ വിശ്വാസിസമൂഹത്തിന്‍റെ നന്മയ്ക്കും, ക്ഷേമത്തിനും വേണ്ടി കരുത്തോടെ നിലയുറപ്പിക്കും. മലങ്കര സഭയിലെ ഓരോ ഉത്തമ പുരോഹിതനേയും, മെത്രാപ്പോലീത്തമാരെയും സ്നേഹിക്കുകയും സംരക്ഷിക്കുകെയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ തന്നെ ദൈവത്തിനും, മലങ്കര നസ്രാണി സമൂഹത്തിനും വിരോധമായി ചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കുപ്പായ വേഷധാരിയോടും ഞങ്ങൾ സമരസപ്പെടില്ല.

മലങ്കരസഭയിലെ മെത്രാൻ ട്രാൻസ്ഫർ,  മെത്രാന്മാരുടെ സ്വകാര്യ സ്വത്തു സമ്പാദനം, കൊട്ടാരക്കര സ്കൂളിൽ നടന്ന വൈദിക പീഡനം പോലെയുള്ള വിഷയങ്ങൾ, സഭയെ കാർന്നുതിന്നുന്ന രാഷ്ട്രീയ കണക്കു തീർക്കൽ, സഭാ കേസുകളിലെ വീതുംവെയ്പ്പും ഒത്തുകളികളും തുടങ്ങിയ നിരവധി വിഷയങ്ങളിലെ OVS -ന്‍റെ നിലപാടുകൾ മലങ്കര അങ്ങോളമിങ്ങോളം ചർച്ച ചെയ്യപ്പെട്ടതാണ്; സ്വാഗതം ചെയ്യപ്പെട്ടതാണ്. ഉത്തമ പുരോഹിതരെ പുരസ്ക്കാരം നൽകി മലങ്കര സഭയ്ക്ക് വേണ്ടി ആദരിച്ച നടപടി സവിശേഷ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. ഇങ്ങനെ നിരവധി വിഷയങ്ങളിൽ ഉറച്ചു നിലപാട് എടുക്കുകയും, അത് പ്രചരിപ്പിക്കുകയും, ലക്‌ഷ്യം നേടിയെടുക്കുകയും ചെയ്ത പ്രസ്ഥാനമാണ് ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ. ഇപ്പോൾ ഉയർന്നുവന്നു വിഷയങ്ങളിലും അതിന്‍റെ എല്ലാ വശവും പരിശോധിച്ചു, യുക്തമായതും സത്യസന്ധമായതുമായ കൃത്യമായ നിലപാടുകൾ എടുക്കുകയും, മേലിൽ ഇത്തരം ഗുരുതര പ്രശനങ്ങൾ ഉണ്ടാക്കാതെയിരിക്കാൻ വേണ്ട നയരേഖയും നസ്രാണി സമൂഹത്തെയും പൊതു സമൂഹത്തേയും കൃത്യസമയത്ത് തന്നെ OVS അറിയിച്ചിട്ടുണ്ട്. കുറ്റാരോപിതരായ വൈദികർക്കു എതിരെ കൂടുതൽ കർശന ശിക്ഷ നടപടികൾ എടുക്കണമെന്നും ഇത്തരക്കാരായ കളങ്കിത പുരോഹിതരെയും മെത്രാന്മാരെയും മലങ്കര സഭ ഒരിക്കലും ഒരു തരത്തിലും സംരക്ഷിക്കരുത് എന്നും ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ വീണ്ടും ആവശ്യപ്പെടുന്നു. ഞങ്ങളുടെ ആശങ്ക ഈ വിഷയത്തിൽ മാത്രം ഒതുക്കി നിർത്താതെ, മറ്റു വിഷയങ്ങളിലും വേണ്ട തിരുത്തലുകൾക്കു വേണ്ടി കൂടുതൽ കരുത്തോടെയുള്ള പ്രതികരണങ്ങൾ ഇനിയും തുടർച്ചായി ഉണ്ടാകും. ഇത് മലങ്കര സഭയുടെ അനിവാര്യമായ ശുദ്ധീകരണത്തിന്‍റെ ദൈവിക ഇടപെടുലകൾ എന്ന് ഉറച്ച ബോധ്യത്തിൽ മലങ്കര സഭയിൽ കടന്നു കൂടിയ എല്ലാത്തരം കളകളെയും, നിർമാർജനം ചെയ്തു മലങ്കരസഭയ്ക്ക് കൂടുതൽ കരുത്തോടെ, ശോഭയോടെ, പ്രൗഡിയോടെ മുന്നേറുവാൻ തക്ക കൈത്താങ്ങലുകളുമായി, പോരാട്ടങ്ങളുമായി ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ എന്നും ഉണ്ടാകും.

ഓർത്തഡോക്‌സ് വിശ്വാസ സംരക്ഷകൻ.