OVS - Latest NewsOVS-Kerala News

പിറവം പള്ളി : ഓർത്തഡോക്സ്‌ സഭയുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

പിറവം സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രൽ പള്ളിയെ സംബന്ധിച്ച പോലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.സഭാക്കേസിൽ 2017 ജൂലൈ 3ന് പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ അന്തിമ വിധി പിറവം പള്ളിയ്ക്കും ബാധകമാണെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.മലങ്കര സഭയുടെ ദേവാലയങ്ങൾ 1934 – ലെ സഭ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായ വിധി പിറവം പള്ളിക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സഭാംഗങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്.സഭക്കേസ് പരിഗണിക്കുന്ന ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവിട്ടത്.

വിധി നടപ്പാക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ്‌ സഭ വികാരിമാരും പള്ളി മാനേജിംഗ് കമ്മിറ്റിയും പോലീസ് സംരക്ഷണം ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിശോധിച്ച കോടതി ആവശ്യങ്ങൾ ന്യായമാണെന്ന് കണ്ടെത്തി ഫയലിൽ സ്വീകരിച്ചു.

സമാന സ്വഭാവമുള്ള കേസിൽ കോലഞ്ചേരി പള്ളിക്ക് പോലീസ് സംരക്ഷണം അനുവദിച്ച ഉത്തരവ് സുപ്രീം കോടതി ജസ്റ്റിസ് രഞ്ജൻ ഗാഗോയ് അധ്യക്ഷനായ ബെഞ്ച് അംഗീകാരം നൽകിയിട്ടുണ്ടെന്ന്  ഹൈക്കോടതി ചൂണ്ടിക്കാട്ടി.കോലഞ്ചേരി പള്ളി കേസിൽ കേരള ഹൈക്കോടതിയുടെ വിധി 2016- ല്‍ സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു. കേസില്‍ വിശദമായ വാദം കേട്ട് അന്തിമ തീര്‍പ്പ്‌ ഉണ്ടാവുന്നത് വരെയാണ് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നത്. ഹൈക്കോടതി വിധിക്കെതിരെയുള്ള പുത്തന്‍കുരിശ് വിഘടിത വിഭാഗത്തിന്‍റെ പ്രത്യേക അനുമതി ഹര്‍ജി (എസ്.എല്‍.പി) തള്ളിയ കോടതി ഇടക്കാല (ഇന്‍ററിം) ഉത്തരവിനെതിരെ ഓര്‍ത്തഡോക്സ് സഭ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി അനുവദിച്ചു ഇടക്കാല ഉത്തരവ് (റീകോള്‍) തിരിച്ചെടുക്കകയയും പള്ളികളില്‍ ഇനി മേല്‍ സമാന്തര ഭരണം പാടില്ലെന്ന ജൂലൈ 3-ലെ വിധി  2017 ഓഗസ്റ്റ് 16 ന് ശരി വെയ്ക്കുകയും  ചെയ്തിരുന്നു.

ജസ്റ്റിസ് പി ആർ രാമചന്ദ്രമേനോൻ,ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കേസിൽ എല്ലാ കക്ഷികൾക്കും അടിയന്തിരമായി നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ചു.കേസ് ജൂലൈ മൂന്നാം വാരത്തേക്ക് പരിഗണിക്കാനായി മാറ്റിവെച്ചു.ഓർത്തഡോക്സ്‌ സഭക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ.എസ് ശ്രീകുമാർ ഹാജരായി.