OVS - Latest NewsOVS-Kerala News

ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസത്തിനു റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കണമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം:- ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസത്തിനു റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളുടെയും എംപി, എംഎൽഎ എന്നിവരുടെയും ഫണ്ട് കൂടാതെ സർക്കാർ സഹായം കൂടി വിനിയോഗിച്ച് ഇത്തരം സ്കൂളുകൾ സ്ഥാപിക്കണം. സമ്പന്ന, ദരിദ്ര പശ്ചാത്തലം നോക്കാതെ ഭിന്നശേഷിയുള്ള കുട്ടികളെ സ്പെഷൽ സ്കൂളുകളിൽ എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ മർത്തമറിയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ ഭിന്നശേഷിയുള്ള കു‌ട്ടികൾക്കായുള്ള മാരിയോൺ പ്ളേ ഹോമിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ള കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പോയി അപകർഷതാ ബോധത്തോടെ കഴിയുന്നതിലും നല്ലതു സ്പെഷൽ സ്കൂളുകളിൽ പോയി അഭിമാനത്തോടെ ജീവിക്കുന്നതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിൽനിന്നു മാറ്റിനിർത്തുന്നതാണു സമൂഹത്തിന്റെ പൊതുവായ രീതി. ഇതിനു മാറ്റം വരണം. സമ്മാനം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യുന്നതല്ല പ്രധാനം. വേദിയിൽ നിൽക്കുമ്പോൾ കിട്ടുന്ന കയ്യടി മാത്രം മതിയാകും കുട്ടികൾക്കു സന്തോഷമുണ്ടാകാൻ. ഭിന്നശേഷിക്കാരായ പെൺകുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണം. അല്ലാത്തവരെപ്പോലും ചൂഷണം ചെയ്യുന്ന അവസ്ഥയുണ്ട്. സ്വയം സംരക്ഷിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം.

തങ്ങൾക്കെതിരെ അരുതാത്ത നീക്കമുണ്ടായാൽ തിരിച്ചറിയാൻ കഴിയണം. സുരക്ഷ ഉറപ്പാക്കാൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് അധ്യക്ഷനായിരുന്നു.

യുഎസ്എ കോപിറ്റിക് ഓർത്തഡോക്സ് മെത്രാപ്പൊലീത്ത അംബാ യൗസേഫ്, സഭ കൊട്ടാരക്കര– പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറസ്, ശശി തരൂർ എംപി, ഭദ്രാസന സെക്രട്ടറി റവ. അലക്സാണ്ടർ വൈദ്യൻ കോറെപ്പിസ്കോപ്പ, അഖില മലങ്കര മർത്തമറിയം വനിതസമാജം ഉപാധ്യക്ഷൻ ഫാ. മാത്യു വർഗീസ് പുളിമൂട്ടിൽ, കാര്യദർശി പ്രഫ. മേരി മാത്യു, എഐഡി ചെയർമാൻ ഫാ. റോയി വടക്കേൽ, എസ്ഐഎംസി പ്രിൻസിപ്പൽ ഡോ. എം.കെ.ജയരാജ്, മർത്തമറിയം വനിതസമാജം ഭദ്രാസന ഉപാധ്യക്ഷൻ ഫാ. ജേക്കബ് സി.ഫിലിപ്, ഡോ. എൽസി ഫിലിപ്, കൗൺസിലർ എൻ.അനിൽകുമാർ, തോമസ് മാത്യു, ഹെഡ്മിസ്ട്രസ് പി.തങ്കമണി, സാറാമ്മ ഫിലിപ് എന്നിവർ പ്രസംഗിച്ചു.