OVS-Kerala News

‘പ്രസന്നം’ മാനസികാരോഗ്യ ‌ കേന്ദ്ര‌ം ഉദ്ഘാടനം നാളെ

കോലഞ്ചേരി :- കണ്ടനാട് വെസ്‍റ്റ് ഭദ്രാസനത്തിന്റെ ജീവകാര‍ുണ്യ പ്രവർത്തനങ്ങള‍ുടെ ഭാഗമായി കാരിക്കോട് വെള്ള‍ൂർ ന്യ‍ൂസ് പ്രിന്റ് ഫാക്‌ടറിക്ക‍ു സമീപം നിർമിച്ചിരിക്ക‍ുന്ന ‘പ്രസന്നം’ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ മ‍ൂന്നിന‍ു പരിശ‍ുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവഹിക്ക‍ും.

ഭദ്രാസന മെത്രാപ്പൊലീത്തയായിര‍ുന്ന ജോസഫ് മാർ പക്കോമിയോസിന്റെ ചരമ രജത ജ‍ൂബിലി സ്മാരകമായിട്ടാണ് ഇൗ കേന്ദ്രം നിർമിച്ചിരിക്ക‍ുന്നത്. മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയ‍ുടെ പതിനാലാമത്തെ സംരംഭമാണിത്. കണ്ടനാട് വെസ്‍റ്റ് ഭദ്രാസനാധിപൻ മാത്യ‍ൂസ് മാർ സേവേറിയോസ് അധ്യക്ഷനായി 1994ൽ ആണ് ചാരിറ്റബിൾ സൊസൈറ്റി ര‍ൂപീകരിക്ക‍ുന്നത്.

ഭിന്നശേഷിയ‍‌ും അംഗവൈകല്യവ‍ുമ‍ുള്ള നിർധന സ്‌ത്രീകൾക്കായി ക‍ൂത്താട്ട‍ുക‍ുളത്തിനട‍ുത്ത് പാലക്ക‍ുഴയിൽ ‘പ്രതീക്ഷ’ ഭവന‌ും പ‍ുര‍ുഷന്മാർക്കായി പാമ്പാക്ക‍ുട പിറമാടത്ത് ‘പ്രത്യാശ’ ഭവന‍ും പ്രവർത്തിക്ക‍ുന്ന‍ു. കടയിര‍ുപ്പിൽ വാർധക്യത്തിലെത്തിയ നിരാലംബരെ സംരക്ഷിക്ക‍ുന്ന ‘പ്രശാന്തി’ ഭവന‍ുണ്ട്. സ്വയം തൊഴിൽ സംരംഭമാണ് നെല്ലാട്ടിലെ ‘പ്രതിഭ ഭവൻ’. ‘പ്രദാനം’ ചികിത്സാ പദ്ധതിയ‌ും ‘പ്രവാഹം’ സൗജന്യ ഡയാലിസ് പദ്ധതിയ‍ും നിർധനരായ രോഗികൾക്ക‍ുള്ളതാണ്.

15 ആശ‍ുപത്രികളിലായി ആയിരത്തോളം പേർക്കു പ്രതിദിനം സൗജന്യമായി ഉച്ചഭക്ഷണം നൽക‍ുന്ന ‘പ്രദാനം’ അന്നദാന പദ്ധതി പത്ത‍ു വർഷമായി മ‍ുടങ്ങാതെ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. അസംഘടിത മേഖലയിൽ പണിയെട‍ുത്ത‍ിര‍ുന്നവർക്കായി ‘പ്രപാലനം’ പെൻഷൻ പദ്ധതിയ‍ും പിറവത്ത‍് നിർധന വിദ്യാർഥികൾക്ക‍ു സൗജന്യ കംപ്യ‍ൂട്ടർ പരിശീലനം നൽക‍ുന്ന ‘പ്രഭാതം’ കംപ്യ‍ൂട്ടർ സെന്ററ‍ുമുണ്ട്.

‘പ്രബോധനം’ റഫറൻസ് ലൈബ്രറിയ‌ും ‘പ്രയോജന’ മെഡിക്കൽസ‍ും കോലഞ്ചേരി പ്രസാദം സെന്ററിൽ പ്രവർത്തിക്ക‍ുന്ന‍ു. ‘പ്രാപ്‌തി’ യിലൂടെ നിർധനർക്കു ഭവന നിർമാണത്തിന‍ും വിവാഹത്തിന‍ും സഹായം നൽകി വര‍ുന്ന‍ു. ജാതി, മത, വർഗ വ്യത്യാസമില്ലാതെ സാമ‍ൂഹിക പ്രതിബദ്ധതയോടെയാണ് ഇവയെല്ലാം പ്രവർത്തിച്ച‍ു വര‍ുന്നതെന്ന‍ു ഭദ്രാസന സെക്രട്ടറി ഫാ. സി.എം.ക‍ുര്യാക്കോസ്, ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ജോസ് തോമസ് എന്നിവർ അറിയിച്ച‍ു.

47