OVS - Latest NewsTrue Faith

കാതോലികവും ശ്ലൈഹികവും ഏകവും വിശുദ്ധവുമായ സഭ

ഞാന്‍ എന്തുകൊണ്ട് ഒരു ഓര്‍ത്തഡോക്‌സ് വിശ്വാസിയാകുന്നു? :- കെ.വി. മാമ്മന്‍

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയില്‍പ്പെട്ടെ ഒരു സാധാരണകടുംബത്തിലെ ദമ്പതികള്‍ക്കു ജനിച്ച ഒരാള്‍ എന്ന നിലയില്‍ ഞാന്‍ മാതാപിതാക്കളുടെ സഭയിലെ അംഗമായി നിലകൊണ്ടു എന്നു പറയുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഏതു മതവിഭാഗത്തില്‍പ്പെട്ടെവര്‍ക്കും അവരുടെ മതപാരമ്പര്യം ജന്മനാ ലഭിക്കുന്നു എന്നതു നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണല്ലോ. മാതാപിതാക്കളുടെ ജീവിതശൈലിയും പ്രാര്‍ത്ഥനാ ജീവിതവും ദേവാലയത്തില്‍ നടക്കുന്ന ആരാധനകളിലെ പങ്കാളിത്തവും മറ്റും കുട്ടികളില്‍ ക്രമേണ അവര്‍ അറിയാതെ തന്നെ സ്വാധീനം ചെലുത്തുന്നു. ബാല്യത്തില്‍ ഇതിനു പരപ്രേരണ ഒന്നും ആവശ്യമില്ലല്ലോ.

എന്‍റെ മാതൃ ഇടവകയായ പത്തനംതിട്ട മാക്കാംകുന്നു സെന്‍റ് സ്റ്റീഫന്‍സ് പള്ളിയും അവിടത്തെ വൈദികരും സണ്‍ഡേസ്‌കൂളും അധ്യാപകരും യുവജന സമാജവും പിന്നീടു സിറിയന്‍ വിദ്യാര്‍ത്ഥി കോണ്‍ഫറന്‍സും (അന്നു വിദ്യാര്‍ത്ഥി പ്രസ്ഥാനമായിട്ടില്ല) എല്ലാം എന്‍റെ അദ്ധ്യാത്മിക ജീവിതവളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. സണ്‍ഡേസ്‌കൂള്‍ പഠനത്തോടു കൂടിയാണു സഭയെപ്പറ്റിയും സഭാ ചരിത്രത്തെപ്പറ്റിയും മറ്റും കൂടുതല്‍ പഠിക്കാന്‍ ആരംഭിക്കുന്നത്. സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായാപ്പോള്‍ പല പുസ്തകങ്ങളും വായിച്ചു തുടങ്ങി. ബിരുദം നേടി മലയാള മനോരമ, ചര്‍ച്ച് വീക്കിലി, ഓര്‍ത്തഡോക്‌സ് യൂത്ത്, മലങ്കരസഭാ മാസിക മുതലായവയുമായി ബന്ധെപ്പെട്ടപ്പോള്‍ സഭയെറ്റി മെച്ചട്ടെ ഒരു ധാരണ ഉണ്ടായി എന്നു പറയുന്നതാവും ഏറെ ശരി. സമുന്നത സഭാനേതാക്കാരുമായുള്ള അടുപ്പം, അവരുടെ സമുജ്വല ക്ലാസ്സുകള്‍, ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍, പുസ്തകരചന, പുസ്തക പ്രസാധനം എന്നിവ അറിവിന്‍റെ ചക്രവാളം വികസിപ്പിച്ചു തുടങ്ങി.

യേശുക്രിസ്തുവിന്‍റെ അന്ത്യോപദേശപ്രകാരം ശിഷ്യാര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും സുവിശേഷപ്രവര്‍ത്തനത്തിനായി പോയപ്പോള്‍ മാര്‍ത്തോമ്മാശ്ലീഹാ ഇന്ത്യയില്‍ വന്നു സഭ സ്ഥാപിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ ഭിന്നാഭിപ്രായമില്ലല്ലോ. മാര്‍ത്തോമ്മാ ഭാരതത്തില്‍ വന്നില്ലെന്ന് അഭിപ്രായെപ്പെടുന്ന ചുരുക്കം ചില ചരിത്രകാരന്മാര്‍ പോലും ഇവിടെ മറ്റാരാണു വന്നതെന്നു സമര്‍ത്ഥിക്കുന്നുമില്ല. പതിനാറാം നൂറ്റാണ്ടുവരെ ഇന്ത്യയില്‍ മറ്റൊരു സഭയും ഇല്ലായിരുന്നു എന്ന കാര്യത്തിലും തര്‍ക്കമില്ല. ഏതു പേരിലായിരുന്നാലും മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ മലയാളക്കരയില്‍ ഉണ്ടായിരുന്നു എന്നു ചരിത്രം സമര്‍ത്ഥിക്കുന്നു. ഇത് ഐതിഹ്യമൊന്നുമല്ല.

സഭയുടെ അടിസ്ഥാന വിശ്വാസങ്ങളെറ്റി ഏഡി 325-ല്‍ ചേര്‍ന്ന നിഖ്യാ സുന്നഹദോസ് അംഗീകരിച്ച വിശ്വാസപ്രമാണത്തില്‍ പിതാക്കന്മാര്‍ ലളിതമായി വിശദീകരിച്ചിട്ടുണ്ട്. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധറൂഹായുടെയും സഭയുടെയും സ്ഥാനവും സ്വഭാവവും മറ്റും അാപ്പോസ്തലികസഭകള്‍ എക്കാലവും അംഗീകരിച്ചിട്ടുള്ള വിശ്വാസപ്രമാണത്തില്‍ ഊന്നി പറഞ്ഞിരിക്കുന്നു. ഈ വിശ്വാസപ്രമാണത്തോടു കൂടി വിശ്വാസികളായ മരിച്ചുപോയവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും വിശുദ്ധന്മാരുടെ മധ്യസ്ഥതയും കൂടി ചേര്‍ത്താല്‍ കാതോലികവും ശ്ലൈഹികവും ഏകവും വിശുദ്ധവുമായ സഭയുടെ വിശ്വാസവുമായി. അതായതു പിതാക്കാര്‍ക്ക് ഒരിക്കലായി ഭരമേല്പിച്ചിരിക്കുന്ന അനുപമവും അന്യൂനവും ആത്മജ്ഞാന നിര്‍ഭരവുമായ വിശ്വാസം സംരക്ഷിക്കുകയും നിലനിറുത്തുകയും തലമുറകള്‍ക്കു പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന സഭയിലെ ഒരംഗമായിരിക്കുക എന്നത് ഓര്‍ത്തഡോക്‌സ് വിശ്വാസിയുടെ ഒരുസ്സുലഭ അനുഭവവും അനുഗ്രഹവുമാണെന്നു ചുരുക്കം.

പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ ഓരോരുത്തരും പ്രത്യേക സാഹചര്യങ്ങളില്‍ വിഭിന്നലക്ഷ്യത്തോടെ രൂപവല്‍ക്കരിച്ച കൂട്ടായ്മകള്‍ ഒന്നും യാഥാര്‍ത്ഥ സഭയുടെ നിര്‍വചനത്തില്‍ വരുന്നതല്ല. സഭ വേദപുസ്തകാടിസ്ഥാനത്തില്‍ മാത്രമുള്ളതാണെന്ന പുത്തന്‍ കൂട്ടായ്മകളുടെ നിലപാടുകള്‍ക്കു സത്യത്തിന്‍റെയും ചരിത്രത്തിന്‍റെയും പിന്‍ബലം ഒട്ടുമില്ല. പഴയനിയമം സഭ ഉണ്ടാകുന്നതിനു മുമ്പുള്ള പ്രവചനങ്ങളുടെയും വെളിപാടുകളുടെയും സമാഹാരമാണ്. അതിന് അതിന്‍റതായ മാഹാത്മ്യവും സ്ഥാനവും സഭ കല്‍പിക്കുന്നു. പുതിയനിയമത്തിലെ ലേഖനങ്ങളും മറ്റും സഭക്കു വേണ്ടി എഴുതിയിട്ടുള്ളതാണ്. ഉദാഹരണമായി, കൊരിന്തിലെ സഭയ്ക്കു വേണ്ടി കൊരിന്ത്യരുടെ ലേഖനം എഴുതി. മറ്റു സ്ഥലങ്ങളിലെ സഭകള്‍ക്കുവേണ്ടിയും ലേഖനങ്ങള്‍ എഴുതി. സഭകള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദശം നല്‍കാനാണ് ഇവ എഴുതിയത്. ഇതിന്‍റെ അര്‍ത്ഥം സഭയാണ് ആദ്യം ഉണ്ടായതെന്നല്ലേ? അപ്പോള്‍ വേദപുസ്തകത്തിന്‍റെ അടിസ്ഥാനത്തിലാണു സഭ കെട്ടിടുത്തിയിരിക്കുന്നതെന്നു പറഞ്ഞാല്‍ ഒന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം പാദത്തില്‍ എഴുതട്ടെ ലേഖനങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന വിവിധ സ്ഥലങ്ങളിലെ സഭകളുടെ അടിസ്ഥാനം എന്താണെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.

മലങ്കരസഭയുടെ വിശ്വാസാചാരങ്ങളും സപ്തകൂദാശകളും എല്ലാം വേദപുസ്തകാടിസ്ഥാനത്തിലുളളതാണെന്നു പണ്ഡിതനും പരിശുദ്ധനുമായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് എഴുതിയ ”മതോപദേശസാരങ്ങള്‍” എന്ന പുസ്തകം വായിക്കുന്നവര്‍ക്കു വ്യാഖ്യാനമില്ലാതെ പിടികിട്ടും. മനസ്സിരുത്തി വായിക്കണമെന്നു മാത്രം.

ദൈവശാസ്ത്ര തത്വചിന്തകളൊന്നും കീറിമുറിച്ചു നോക്കേണ്ട ആവശ്യമില്ല. മലങ്കര സഭയുടെ അന്യൂനമായ കൂദാശകളുടെ, വിശിഷ്യവിശുദ്ധ കുര്‍ബാനയുടെ, ആന്തരിക അര്‍ത്ഥവും ആത്മിയ പ്രചോദനപ്രദമായ അനുഭൂതിയും മറ്റും അനുഭവവേദ്യമാകാത്തവര്‍ക്ക് മാത്രമേ സഭയെ കുറ്റെടുത്താന്‍ സാധിക്കുകയുള്ളു. സഭയുടെ അാപ്പോസ്തലിക പാരമ്പര്യപ്രധാനമായ ഭരണസംവിധനത്തിലോ നടത്തിപ്പിലോ പ്രായോഗികമായി ചില പാകപ്പിഴകള്‍ വന്നുകൂടുന്നുണ്ടെങ്കില്‍ അവ പഠിച്ചും പ്രാര്‍ത്ഥനാപൂര്‍വ്വം ചിന്തിച്ചും പരിഹരിക്കാവുന്നതേയുള്ളൂ.

ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നു വിശ്വാസത്തിന്‍റെ പേരുപറഞ്ഞു സ്ഥാനത്തിനും നേതൃത്വത്തിനും വ്യക്തിനിഷ്ഠതാല്പര്യങ്ങള്‍ക്കും പണ സമ്പാദനത്തിനും വേണ്ടി പിരിഞ്ഞുപോയി ചില പ്രത്യേക കൂട്ടായ്മകള്‍ സ്ഥാപിച്ചവരും പുരാതന സഭയുടെ അടിസ്ഥാനവിശ്വാസങ്ങള്‍ നിലനിറുത്തിക്കാണുന്നു. തക്‌സാ പരിഷ്‌കരിച്ചു അരക്കുര്‍ബാന ചൊല്ലിയ പാലക്കുന്നത്തു എബ്രാഹം മല്പാന്‍ രണ്ടു തവണ പട്ടം സ്വീകരിച്ചിട്ടും അാപ്പോസ്തലിക പാരമ്പര്യവും മേല്‍പ്പട്ട സ്ഥാനവും സംരക്ഷിക്കുന്നതില്‍ ഉത്സാഹം കാണിച്ചിരുന്നു. മര്‍ത്തോമ്മാ സഭ രൂപംകൊണ്ടാപ്പോള്‍ തക്സായില്‍ വരുത്തിയ മാറ്റങ്ങള്‍ വലിയ തെറ്റായിപ്പോയെന്നു പ്രസിദ്ധനായ താഴത്തു ചാണ്ടിപ്പിള്ള കത്തനാര്‍ എഴുതിയ ‘വിലാപങ്ങള്‍‘ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. വിലപിക്കേണ്ട ഒരു കാര്യമാണ് ഈ മാറ്റങ്ങള്‍ എന്നതിനു രണ്ടു പക്ഷമില്ല.

മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, പരിശുദ്ധാരോടുള്ള മധ്യസ്ഥപ്രാര്‍ത്ഥന, വി.കന്യകാമറിയാമിനോടുള്ള അപേക്ഷ എന്നിവ തള്ളിക്കളയുന്ന സഭ, മാംസം ഇല്ലാത്ത ഒരു മനുഷ്യന്‍റെ അസ്ഥിക്കൂടിനു തുല്യമാണ്. സഭ മരിച്ചുപോയവരുടെയും ജീവനുള്ളവരുടെയും സമൂഹമാണ് ‘‘സാക്ഷികളുടെ ഇത്ര വലിയ സമൂഹം നമുക്കു ചുറ്റും നില്‍ക്കുന്നതുകൊണ്ടു സകലഭാരവും മുറുകെറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.” എന്നു പറയുന്നതിന്‍റെ അര്‍ത്ഥം എന്താണ്? മലയില്‍ കണ്ട മോശയുടെയും ഏലിയാവിന്‍റെയും സജീവസാന്നിദ്ധ്യ സാക്ഷ്യങ്ങളുടെ അര്‍ത്ഥം എന്താണ്? കന്യകാമറിയാമിനോടും പരിശുദ്ധാരോടും പ്രാര്‍ത്ഥിക്കണമെന്നു പറയുമ്പോള്‍ അതില്‍ ദോഷം ദര്‍ശിക്കുന്നതെന്തിനാണ്? അവര്‍ക്ക് ആത്മാവില്ലേ?

”കൃപനിറഞ്ഞ മറിയമേ നിനക്കു സമാധാനം. നമ്മുടെ കര്‍ത്താവു നിന്നോടു കൂടെ. നീ സ്ത്രീകളില്‍ വാഴ്ത്തെട്ടവള്‍’‘ എന്ന പ്രാര്‍ത്ഥന ഓര്‍ത്തഡോക്‌സ് സഭ രചിച്ചതല്ല. അതു ഗബ്രിയേല്‍ മാലാഖ പറഞ്ഞ പ്രാര്‍ത്ഥനയാണ്. അതു മാറ്റാനും വേണ്ടെന്നു പറയാനും ലോകത്തിലുളള ഒരു മല്പാനും പുത്തന്‍കൂട്ടായ്മാ നേതാവിനും അധികാരമില്ല.

പരമോന്നതമായ അാപ്പോസ്തലിക സഭയില്‍ നില്‍ക്കുമ്പോള്‍ ശിക്ഷണത്തിനും നിയമങ്ങള്‍ക്കും വിധേയരാകേണ്ടിവരും. പള്ളിയും പട്ടക്കാരും വേണ്ടെന്നു പറഞ്ഞുനടക്കുന്നവര്‍ക്കു വളയമില്ലാതെ ചാടാന്‍ സാധിക്കും. സഭയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്കു കാല്‍കാശു കൊടുക്കേണ്ട ആവശ്യവുമില്ല. ആരാധനയും പെരുന്നാളുകളും ധനശേഖരണവും ആതുര-അനാഥ സേവനങ്ങളും ഒന്നും കൂട്ടായ്മയിലെ അംഗങ്ങള്‍ക്കു പ്രശ്‌നമല്ല. എന്തുസുഖം! രക്ഷിക്കട്ടെ സത്യവിശ്വാസി. രോഗം വരുമ്പോള്‍ പ്രാര്‍ത്ഥിച്ചാല്‍മാത്രം മതി. ചികിത്സക്കും പണം വേണ്ട!

മീശയും തൊപ്പിയും മാറ്റി പാദത്തെസ്പര്‍ശിക്കുന്ന നീളത്തിലുള്ള ജുബ്ബാ ധരിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തും വേദപുസ്തകം സദാ കക്ഷത്തില്‍ ഒതുക്കി വച്ചും ആധ്വാനിക്കാതെ ഇത്തിള്‍ പോലെ ജീവക്കുന്ന ദൈവദാസന്മാരും പാസ്റ്റര്‍മാരും നല്‍കുന്ന ചിത്രം സഭയ്ക്ക് ഒരപമാനമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. കൂടാരപ്പണിചെയ്തു ജീവിച്ച വിലയ മിഷനറിയായിരുന്ന സെന്‍റ് പോള്‍ എവിടെ? ഇന്നത്തെ ദൈവദാസാര്‍ എവിടെ? എന്തന്തരം!

പണം ഉണ്ടാക്കാന്‍ പുതിയ പാശ്ചാത്യസഭകളുടെ (കൂട്ടായ്മകളുടെ) സഹായം തേടുകയും ലോത്ത് ജീവിച്ച നാടിനെ പോലെയുള്ള സ്ഥലങ്ങളില്‍ പോയി പ്രസംഗിക്കുകയും പാവെപ്പെട്ടവരുടെ ഫോട്ടോ കാട്ടി പണം ശേഖരിക്കുകയും അതു സ്വന്തം പോക്കറ്റില്‍ നിക്ഷേപിക്കുകയും ചെയ്യുന്നവരുടെ എണ്ണത്തിന് ഇന്നും കണക്കില്ല. ഈ പശ്ചാത്തലത്തിലാണ് ഓര്‍ത്തഡോക്‌സ് വിശ്വാസത്തിനു പത്തരമാറ്റുള്ള തങ്കത്തേക്കാള്‍ മൂല്യമുള്ളത്.

ആരാധനയ്ക്കും ആത്മീയ ജീവിതത്തിനും വാങ്ങിപ്പോയവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കും അാപ്പോസ്തലിക പാരമ്പര്യങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും പരമപ്രാധാന്യം നല്‍കുന്ന സഭയിലെ ഒരംഗത്തിനു പിതാക്കാര്‍ പഠിപ്പിച്ചതിനു വിരുദ്ധമായി ഒരു മാലാഖ വന്നു പറഞ്ഞാലും സ്വീകരിക്കാനാവില്ല. വിശുദ്ധാര്‍ക്കു ഒരിക്കലായി ഭരമേല്പിച്ച വിശ്വത്തിനുവേണ്ടി പോരാടണമെന്നാണു വി. യൂദായുടെ ലേഖനത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ജനങ്ങളുടെ ഇടയിലെ കള്ളപ്രവാചകാരെയും ഉപദേഷ്ടാക്കാരെയും അവരുടെ നാശകരമായ ഉപദേശങ്ങളെയും സൂക്ഷിക്കണമെന്നത്രെ വി. പത്രോസ് ശ്ലീഹായുടെ ലേഖനത്തില്‍ വായിക്കുന്നത്.

സകലജാതികളെയും ശിഷ്യരാക്കുക എന്ന യേശുക്രിസ്തുവിന്‍റെ അന്ത്യോപദേശത്തില്‍ പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥം മാര്‍ത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച സഭയിലെ അംഗങ്ങളെ പിളര്‍ത്തി കൂട്ടായ്മകളില്‍ ചേര്‍ക്കണമെന്നല്ല. മായാജാല സമാനമായ വാചകക്കസര്‍ത്തുകൊണ്ടു സത്യവിശ്വാസികളെ മറിക്കുന്നതു സുവിശേഷവേലയല്ല ”വെറും വേലയാണ്.” ഇത്തരം ‘വേല’ ചിലര്‍ തുടരുന്നതു കൊണ്ടാണു സഭയുടെ പേരിനും ദൗത്യത്തിനും മങ്ങലേല്‍ക്കുന്നത്. സഭാംഗങ്ങളുടെ എണ്ണം ഇത്തരം വേലകള്‍കൊണ്ടു ഒട്ടും കൂടുകയില്ലെന്നതു പകല്‍പോലെ വ്യക്തമല്ലേ?

ഒരു സഭയിലെ ഒരു അംഗത്തെ മറ്റൊരു കൂട്ടായ്മയില്‍ ചേര്‍ക്കുന്നതു ലോട്ടറി പ്രവര്‍ത്തനം പോലെയാണ്. ഒരാളിന്‍റെ പോക്കറ്റിലെ പണം ടിക്കറ്റു മൂലം മറ്റൊരാളിന്‍റെ കീശയില്‍ വരുന്നതുകൊണ്ട് പണത്തിന്‍റെ എണ്ണമോ പ്രത്യുല്‍പ്പാാദനപ്രവര്‍ത്തനമോ ആകുന്നില്ലല്ലോ. ഇതെല്ലാം കാണിക്കുന്നത് ഓര്‍ത്തഡോക്‌സ് വിശ്വാസത്തിന്‍റെ മഹത്വവും അതുല്യമായ സ്ഥാനവും ആണ്. അതു മനസ്സിലാക്കുന്നതു കൊണ്ടാണു കോടികള്‍ തരാമെന്നു പറഞ്ഞാലും ഓര്‍ത്തഡോക്‌സ് വിശ്വാസം കൈവിടാതെ അതില്‍ ഉറച്ചു നില്‍ക്കുന്നത്.

കെ.വി. മാമ്മന്‍