OVS - Latest NewsOVS-Kerala News

സ്നേഹസംഗമത്തിന് നവദമ്പതികൾ എത്തി

താമരശ്ശേരി :-മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനത്തിന്റെ സഹായത്തിൽ മംഗല്യ ഭാഗ്യം ലഭിച്ച 12 യുവതികൾ ഭർത്താക്കന്മാരോടൊപ്പം പുതുപ്പാടി സെന്റ് പോൾ ആശ്രമം ബാലഭവനിൽ ഒത്തുകൂടി. നവദമ്പതികളുടെ സംഗമത്തിനു വൈദികരും കന്യാസ്ത്രീകളും ഇടവകാംഗങ്ങളും വധൂവരൻമാരുടെ അടുത്തബന്ധുക്കളും സാക്ഷികളായി.

വിവിധ മതവിഭാഗങ്ങളിൽനിന്നായി തിരഞ്ഞെടുത്ത യുവതീ യുവാക്കൾ അവരവരുടെ മതാചാര പ്രകാരമാണു വിവാഹിതരായത്. ശേഷം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഇന്നലെ പുതുപ്പാടിയിൽ നടത്തിയ അനുമോദന ചടങ്ങും വിവാഹ ചടങ്ങിനു സമാനമായിരുന്നു.

നവദമ്പതികളെ പൂമാല അണിയിച്ചാണു വേദിയിലേക്ക് ആനയിച്ചത്. വിവാഹ സമ്മാനമായി ഒരു ലക്ഷം രൂപയും സ്വർണമാല, പുടവ, സാരി എന്നിവയും നൽകി. കല്യാണ വേഷം അണിഞ്ഞാണു നവദമ്പതികൾ ചടങ്ങിനെത്തിയത്. മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് ഉദ്ഘാടനം ചെയ്തു. വ്യക്തി ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ ലഭിക്കുമ്പോൾ കൂടുതൽ ദാനധർമങ്ങൾ ചെയ്യണമെന്നു ബിഷപ് പറഞ്ഞു.

പുതുപ്പാടി സെന്റ് പോൾസ് ആശ്രമം സുപ്പീരിയർ റവ. കെ.ഐ.ഫിലിപ്പ് റമ്പാൻ, ആശ്രമം മാനേജർ ജോർജ് മോഡിയിൽ റമ്പാൻ കോറെപ്പിസ്കോപ്പ, പുതുപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി വികാരി ഫാ. വർഗീസ് കുര്യൻ, എംജിഎം ഹൈസ്കൂൾ പ്രധാനാധ്യാപകൻ അലക്സ് തോമസ്, വാർഡ് അംഗം പി.സി.തോമസ്, സിസ്റ്റർ ഫേബ, നിലമ്പൂർ പൊലീസ് ഇന്റലിജന്റ്സ് എസ്ഐ സദാശിവൻ, ഫാ. ജേക്കബ് മാത്യു, ഫാ. എ.ഡി. ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു. വിഭവ സമൃദ്ധമായ സദ്യയോടെയാണ് അനുമോദന കൂട്ടായ്മ അവസാനിച്ചത്.

IMG-20160616-WA0013