ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരായ ആരോപണങ്ങള്‍ പലതും തെറ്റിദ്ധാരണയില്‍ നിന്നും:

ഡല്‍ഹി സെ. സ്റ്റീഫന്‍സ് കോളജിലെ മുന്‍ പ്രിന്‍സിപ്പലും, ക്രൈസ്തവ വേദശാത്രജ്ഞനും, വിദ്യാഭ്യാസ വിചക്ഷണനും, അറിയപ്പെടുന്ന എഴുത്തുകാരനും, വിവര്‍ത്തകനുമായ റവ. ഡോ. വല്‍സന്‍ തമ്പു ഓര്‍ത്തഡോക്‌സ് സഭയുടെ സുഹൃത്തും, ഭാഗ്യസ്മരണാര്‍ഹനായ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയെ ഗുരുതുല്യം കരുതി ബഹുമാനിക്കുന്ന വ്യക്തിയുമാണ് എന്നാണ് മനസിലാക്കിയിട്ടുള്ളത്. എന്നാല്‍ സമീപകാലത്തായി അദ്ദേഹം ഈ സഭയുടെ നിലപാടും, സഭ പുലര്‍ത്തിവരുന്ന ധാര്‍മ്മികവും ക്രിസ്തീയവുമായ മൂല്യങ്ങളും ചോദ്യം ചെയ്തുകൊണ്ട് ആവര്‍ത്തിച്ച് അഭിപ്രായപ്രകടനം നടത്തുന്നതായി കാണുന്നു. ഇത് അതീവ ദുഃഖകരവും അദ്ദേഹത്തെപ്പോലൊരു പ്രതിഭാശാലിക്ക് തികച്ചും അനനുയോജ്യവും എന്നു വിലയിരുത്തേണ്ടിവരുന്നു.Copyright ovsonline.in

ഏതാനും മാസങ്ങള്‍ മുമ്പ് കട്ടച്ചിറ പള്ളിയില്‍ ഉണ്ടായ ഒരു ശവസംസ്‌ക്കാര പ്രശ്‌നത്തിൻ്റെ പശ്ചാത്തലത്തില്‍ ‘Who will Save Christianity from the Church’ എന്ന തലക്കെട്ടോടെ, ‘ഇന്‍ഡ്യന്‍ എക്‌സ്പ്രസ്’ പത്രത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. വ്യവസ്ഥാപിത സഭകളെയും, സഭാനിയമങ്ങളെയും പൊതുവായി വിമര്‍ശിച്ചിരുന്ന ആ ലേഖനത്തില്‍, കട്ടച്ചിറ പള്ളിയില്‍ ഉണ്ടായ പ്രശ്‌നത്തിൻ്റെ ഒരു ഏകപക്ഷീയമായ വിവരണം നല്‍കിയിട്ട് ഓര്‍ത്തഡോക്‌സ് സഭയെ നിശിതമായി വിമര്‍ശിച്ചിരുന്നു. ക്രിസ്തീയ സഭകളെല്ലാം തന്നെ ചില നിയമങ്ങളുടെയും ആചാരങ്ങളുടെയും കടുംപിടിത്തത്തിലൂടെ ജനങ്ങള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നു, സഭയിലെ പുരോഹിതന്മാര്‍ ‘പരീശ മനോഭാവത്തോടെ’ പെരുമാറുന്നു; എന്നെല്ലാമായിരുന്നു പൊതു ആരോപണങ്ങള്‍.

യേശുക്രിസ്തുവിൻ്റെ ഉപദേശങ്ങള്‍ അക്ഷരം പ്രതി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന സത്യം മറക്കാതെ തന്നെ ചോദിക്കട്ടെ, പൂര്‍ണ്ണമായും ക്രിസ്തീയ ഉപദേശങ്ങള്‍ക്കനുസരിച്ചു തന്നെയാണോ അദ്ദേഹം ജീവിക്കുന്നത്? അല്ലെങ്കില്‍ പിന്നെ മറ്റുള്ളവരെ കുറ്റപ്പെടുത്തുവാന്‍ അദ്ദേഹത്തിന് എന്തവകാശം?

എ. ഡി. നാലാം നൂറ്റാണ്ടുവരെ പ്രത്യേക നിയമങ്ങള്‍ ഒന്നുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ക്രിസ്തീയ സഭ വളര്‍ന്നു വലുതായപ്പോള്‍ സഭയുടെ സാക്ഷ്യം ഒന്നുകൂടെ ക്രമീകൃതമാകുവാനായിട്ടല്ലേ നിയമങ്ങള്‍ (കാനോനാകള്‍) സഭയില്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയത്? ചില സന്ദര്‍ഭങ്ങളില്‍ നിയമങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ അനുവദനീയമാണ് എങ്കിലും ഓരോരുത്തരുടെയും ഇഷ്ടാനുസരണം അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിയമങ്ങള്‍ മാറ്റാനാവുമോ? സഭകള്‍ വളര്‍ന്ന് സംഘടനാരൂപം കൈവരിച്ചപ്പോള്‍ ചില അനാചാരങ്ങള്‍ ഉടലെടുത്തു എന്നത് നിഷേധിക്കാനാവില്ല. ആത്മാര്‍ത്ഥതയില്ലാത്ത ചില നേതാക്കന്മാരും ഉണ്ടായിക്കാണാം. പൊതുവായി മൂല്യച്യുതി സംഭവിച്ചു എന്നതും ഒരു സത്യമാണ്. ആ വീഴ്ചകളെ ഒന്നും ന്യായീകരിക്കാനാവില്ല എന്ന് സമ്മതിക്കുന്നു. പക്ഷേ അതിൻ്റെ പേരില്‍ ക്രിസ്തീയ സഭകളെ അടച്ചാക്ഷേപിക്കുന്നത് ക്രിസ്തീയമാണോ?

ഓരോ പുരോഹിതനും അര്‍പ്പിക്കുന്ന കൂദാശകളുടെ സാധുത അയാളുടെ ധാര്‍മ്മികജീവിതത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കപ്പെടുന്നത് എങ്കില്‍, ഈ ലോകത്തില്‍ ഏതെങ്കിലും പുരോഹിതന് കൂദാശാ കര്‍മ്മങ്ങള്‍ നടത്തുവാന്‍ സാധിക്കുമോ. പാപപങ്കിലമായ ലോകത്തില്‍ ജീവിക്കുമ്പോള്‍, ക്രമേണ പാപത്തെ അകറ്റുവാന്‍ ശ്രമിച്ചുകൊണ്ട് നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ സ്വയം വിശുദ്ധീകരിച്ച് ദൈവത്തിങ്കലേക്കടുക്കുവാനുള്ള നിലയ്ക്കാത്ത പ്രക്രിയയാണ് ക്രിസ്തീയ ജീവിതം എന്നാണ് കിഴക്കന്‍ പിതാക്കന്മാര്‍ പഠിപ്പിച്ചിട്ടുള്ളത്. സ്വന്തം തിക്താനുഭവങ്ങളില്‍ നിന്നും ഉടലെടുത്ത വിമര്‍ശനങ്ങളല്ലേ ഇവയില്‍ ചിലത് എന്നു വായനക്കാരനു തോന്നിപ്പോകുന്നു.Copyright ovsonline.in

പൊതു വിമര്‍ശനത്തിനുശേഷം അദ്ദേഹം ഓര്‍ത്തഡോക്‌സ് സഭയിലേക്ക് തിരിയുന്നു. സഭയെ കുറ്റപ്പെടുത്തുന്നതിനായി വിശുദ്ധ വാരാചരണത്തിൻ്റെ പശ്ചാത്തലത്തില്‍ ‘The Orthodox Faction is Wasting a Great Opportunity’ എന്ന തലക്കെട്ടോടെ വാട്ട്‌സ്ആപ്പില്‍ (Friends of Malankara) സഭയെ നേരിട്ട് ആക്ഷേപിച്ചുകൊണ്ട് ഒരു ലേഖനവും കൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

സഭാ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിൻ്റെ വക്കീലായി ചമഞ്ഞുകൊണ്ട് എഴുതിയിരിക്കുന്ന രണ്ടു ലേഖനങ്ങളിലും പറഞ്ഞിരിക്കുന്ന വാദങ്ങളുടെ നട്ടെല്ല്, ആരോ അദ്ദേഹത്തെ പറഞ്ഞു പഠിപ്പിച്ച ഏതാനും അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളുമാണ്. ഒന്നാമത് കട്ടച്ചിറ പള്ളിയില്‍ മരണമടഞ്ഞ വല്യപ്പച്ചന് മാന്യമായ ശവസംസ്‌ക്കാരം ആരും നിഷേധിച്ചില്ല. അവിടെ പള്ളിയിലും സെമിത്തേരിയിലും, ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനു മാത്രമേ കയറാന്‍ അവകാശമുള്ളു എന്ന് കോടതിവിധിയുള്ളതിനാല്‍ എല്ലാ ബഹുമതികളോടെയും ശവസംസ്‌ക്കാരം നടത്താമെന്ന് അവിടുത്തെ നിയമാനുസൃത വികാരി ആദ്യം തന്നെ സമ്മതിച്ചിരുന്നതാണ്. മരിച്ചയാളിൻ്റെ ബന്ധുവായ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ വൈദികന് ശുശ്രൂഷയില്‍ സംബന്ധിക്കാമെന്നും അദ്ദേഹത്തെ തടയില്ല എന്നും പറഞ്ഞതാണ്. അപ്പോള്‍ അദ്ദേഹത്തിന് തനിയെ കര്‍മ്മങ്ങള്‍ നടത്തണം എന്ന വാശിയാണ് പ്രശ്‌നം സൃഷ്ടിച്ചത്. അദ്ദേഹത്തിന് പള്ളിയിലും സെമിത്തേരിയിലും അനധികൃതമായി പ്രവേശിക്കുന്നതിന് വഴിയൊരുക്കുക എന്ന ദുരുദ്ദേശ്യമാണ് അതിനു പിന്നിലുണ്ടായിരുന്നത്. അതിനു ഓര്‍ത്തഡോക്‌സ് സഭ വഴിപ്പെടാതിരുന്നതിനാണ് പത്തുദിവസം മൃതശരീരം വച്ച് വിലപേശി, പൊതുസമൂഹത്തിൻ്റെ സഹതാപം പിടിച്ചുപറ്റി, വികാരം ഇളക്കിവിടുവാന്‍ ശ്രമിച്ചത്. ആ പിതാവിനോട് ബഹുമാനം കാണിക്കാതിരുന്നത് അദ്ദേഹത്തിൻ്റെ ബന്ധുക്കള്‍ തന്നെയാണ്. പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്ന അസത്യ പ്രചരണം ബഹു. ഡോ. വല്‍സന്‍ തമ്പു അതേപടി വിശ്വസിച്ചു.

രണ്ടാം ലേഖനം കാല്‍കഴുകല്‍ ശുശ്രൂഷയെ പ്രത്യേകമായി കേന്ദ്രീകരിച്ചുകൊണ്ട് എഴുതിയിരിക്കുന്നു. ആ ശുശ്രൂഷയുടെ ആന്തരിക അര്‍ത്ഥം മനസിലാക്കാന്‍ കൂട്ടാക്കാതെ, കാല്‍ കഴുകുന്നയാളിൻ്റെ വ്യക്തിപരമായ സ്വഭാവത്തിൻ്റെ ഒരു പ്രതിഫലനം എന്ന നിലയില്‍ മാത്രം അദ്ദേഹം അതിനെക്കണ്ടു. ഓര്‍ത്തഡോക്‌സ് സഭയുടെ ആരാധനാ വേദശാസ്ത്രത്തെ ആഴത്തില്‍ മനസിലാക്കാന്‍ കഴിയാഞ്ഞതിന് ഒരുപക്ഷേ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാല്‍കഴുകല്‍ ശുശ്രൂഷ താഴ്മയെക്കുറിച്ചും, സ്‌നേഹത്തെക്കുറിച്ചുമുള്ള ഒരു പ്രസംഗമാണ്. അതില്‍ സംബന്ധിക്കുന്ന മുഴവന്‍പേരും – നടത്തുന്ന ആള്‍ മാത്രമല്ല – അഹങ്കാരവും അശുദ്ധിയും വെടിഞ്ഞ് നിര്‍മ്മലരും താഴ്മയുള്ളവരും ആയിത്തീരണമെന്നുള്ള ആഹ്വാനമാണ് അതിൻ്റെ പിന്നിലുള്ളത്. അനേക തരത്തിലുള്ള അഹങ്കാരങ്ങള്‍ മനുഷ്യമനസുകളില്‍ നിറഞ്ഞു നില്‍ക്കുന്നു – പണത്തിൻ്റെ അഹങ്കാരവും, ജ്ഞാനത്തിൻ്റെ അഹങ്കാരവും, ശക്തിയുടെ അഹങ്കാരവും, താന്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനാണെന്ന അഹങ്കാരവും, മറ്റുള്ളവര്‍ പാപികളും താന്‍ നിര്‍മ്മലനും, കര്‍ത്താവിൻ്റെ ഉപദേശങ്ങള്‍ കൃത്യമായി പാലിക്കുന്നവനുമാണെന്ന അഹങ്കാരവും എല്ലാം ഉണ്ടാവും. ഈ അഹങ്കാരങ്ങളെയെല്ലാം ഉടച്ച് ഇല്ലാതാക്കണമെന്ന ദൂതാണ് കാല്‍കഴുകലില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതു നടത്തുന്നയാള്‍ അവയെല്ലാം പാലിക്കണം എന്നതു ശരിതന്നെ. അതോടൊപ്പം ഓരോ ക്രിസ്ത്യാനിയും അവ പാലിക്കാന്‍ ബാധ്യസ്ഥനാണ്. യഥാര്‍ത്ഥ സ്‌നേഹത്തിൻ്റെ ദൂതാണ് കാല്‍കഴുകലിലൂടെ ലഭിക്കുന്നത്. കോരിന്ത്യ ലേഖനത്തില്‍ പറയുന്ന യഥാര്‍ത്ഥ സ്‌നേഹത്തിൻ്റെ പ്രകടനമാണോ ബഹു. വല്‍സന്‍ തമ്പുവിൻ്റെ ഈ വിമര്‍ശനത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്? അദ്ദേഹം ഒരു വിരല്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരെ ചൂണ്ടുമ്പോള്‍ നാലുവിരലുകള്‍ അദ്ദേഹത്തിനെതിരെ ചൂണ്ടപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം ഉള്‍ക്കൊള്ളണം. ഓര്‍ത്തഡോക്‌സ് സഭ താഴ്മയോടെ വിട്ടുവീഴ്ച ചെയ്യണമെന്ന് പറയുന്നയാള്‍ പാത്രിയര്‍ക്കീസ് വിഭാഗം താഴ്മയോടെ കോടതിവിധി അംഗീകരിക്കണം എന്നുകൂടി പറയുവാന്‍ എന്തേ മറന്നുപോയി? തര്‍ക്കത്തിൻ്റെ വിവിധ വശങ്ങള്‍ പരിഗണിച്ച് മനസിലാക്കിയതിനു ശേഷമാണല്ലോ കോടതികള്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്. അത് അനുസരിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട് എന്ന സത്യം ഉറക്കെപ്പറയാന്‍ എന്താണ് വൈമനസ്യം?

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കര ഓര്‍ത്തഡോക്‌സ് സഭ പോരാടുന്നത് നീതിനിഷേധത്തിനെതിരേയാണ്. പാത്രിയര്‍ക്കീസ് വിഭാഗം കൈയടക്കിവച്ചിരിക്കുന്ന ദേവാലയങ്ങള്‍ എല്ലാം അവര്‍ തനിയേ ഉണ്ടാക്കിയവയാണെന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് അദ്ദേഹത്തിൻ്റെ വാദങ്ങള്‍ ഉടലെടുക്കുന്നത്. ഇപ്പോള്‍ സഭയില്‍ നടമാടിക്കൊണ്ടിരിക്കുന്ന വിഘടനങ്ങള്‍ 1910 – 11 കാലത്ത് ആരംഭിച്ചു എന്നു പറയാം. അതിനുമുമ്പ് സഭ ഒന്നായി നിന്നിരുന്നു. ഈ തീയതിക്ക് പതിറ്റാണ്ടുകളും, നൂറ്റാണ്ടുകളും മുമ്പ് സ്ഥാപിക്കപ്പെട്ടവയാണ് ഇന്ന് തര്‍ക്കത്തിലിരിക്കുന്ന പ്രധാന പള്ളികളെല്ലാം. ഇന്ന് ഇരുവിഭാഗങ്ങളായി നില്‍ക്കുന്നവരുടെ പൂര്‍വ്വപിതാക്കന്മാര്‍ ഒരുമിച്ചു നിന്നു സമ്പാദിച്ച പള്ളികളും വസ്തുക്കളും എങ്ങിനെ പാത്രിയര്‍ക്കീസ് വിഭാഗക്കാരുടേത് മാത്രമാകും? 1958 -ല്‍ സഭയില്‍ സമാധാനമുണ്ടാവുകയും, അതുവരെ ഉണ്ടായിരുന്ന എല്ലാ തര്‍ക്കങ്ങളും അതോടെ പരിഹരിക്കപ്പെടുകയും ചെയ്തു. 1958 മുതല്‍ 12 വര്‍ഷം എല്ലാവരും ഒരുമിച്ചു നിന്നു പള്ളികള്‍ ഭരിച്ചകാര്യം വിസ്മരിക്കാനാവുമോ?

1934 -ലെ ഭരണഘടന ഇരുകൂട്ടരും അനുസരിക്കും എന്ന വാഗ്ദാനത്തില്‍ അടിസ്ഥാനപ്പെടുത്തിയല്ലേ 1958 -ല്‍ സമാധാനം ഉണ്ടായത്? പിന്നീട് പാത്രിയര്‍ക്കീസ് വിഭാഗം ആ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ടുപോയത് വഞ്ചനയല്ലേ? അതേ ഭരണഘടന ഇരുവരും ചേര്‍ന്നുനിന്ന് 1967 -ല്‍ ഭേദഗതി ചെയതകാര്യവും വിസ്മരിക്കരുത്. അതിനുശേഷം 1972-73 കാലത്ത് അന്ത്യോഖ്യ പാത്രിയര്‍ക്കീസിൻ്റെ അധികാര സീമയെ ചൊല്ലിയുള്ള, ഭരണപരമായ കാരണങ്ങളുടെ പേരില്‍ മാത്രമല്ലേ വീണ്ടും സഭയില്‍ വിഘടനമുണ്ടാക്കിയത്? അതേ തുടര്‍ന്ന് പാത്രിയര്‍ക്കിസ്, അനധികൃതമായി മലങ്കരസഭയുടെ ഭരണത്തില്‍ കൈകടത്തി, ഡലിഗേറ്റിനെ അയയ്ക്കുകയും, ഭരണഘടനയ്ക്കു വിരുദ്ധമായി മെത്രാന്മാരെ വാഴിച്ചയയ്ക്കുകയും, ഒരു സമാന്തര ഭരണം സ്ഥാപിക്കുകയും ചെയ്തത് ക്രിസ്തീയമായിരുന്നോ? കാതോലിക്കാ സ്വയം ‘മാര്‍ത്തോമ്മായുടെ സിംഹാസനത്തില്‍ ആരൂഢന്‍‘ എന്ന തലക്കെട്ട് ഉപയോഗിക്കുന്നു എന്ന കാരണം ഉയര്‍ത്തിക്കാട്ടിയല്ലേ വഴക്കിന് ആരംഭം കുറിച്ചത്?

പാത്രീയര്‍ക്കീസ്, മാര്‍ത്തോമ്മ ശ്ലീഹായ്ക്ക് പട്ടമില്ല എന്ന വേദവിപരീതം വിളിച്ചു പറഞ്ഞില്ലേ? വടക്കന്‍ കേരളത്തിലെ – പ്രത്യേകിച്ച് എറണാകുളം ജില്ലയിലെ – ഏതാനും പള്ളികളില്‍ പാത്രിയര്‍ക്കീസ് വിഭാഗം ഉണ്ടാക്കിയെടുത്ത ഭൂരിപക്ഷത്തിന്റെ പേരില്‍ അനധികൃതമായി ഏതാനും പള്ളികളുടെ നിയന്ത്രണം അവരുടെ കൈയില്‍ വന്നുചേര്‍ന്നു എന്നതാണ് സത്യം. പാവം വിശ്വാസികളെ ഭീഷണിപ്പെടുത്തിയും, പ്രീണിപ്പിച്ചും ഉണ്ടാക്കിയെടുത്ത ഭൂരിപക്ഷത്തിന്റെ പേരില്‍ ആ പള്ളികളെല്ലാം അവരുടേത് മാത്രമാണെന്ന വാദം സത്യവിരുദ്ധമാണ്. 1958 മുതല്‍ വ്യവസ്ഥാപിതമായി ഭരണം നടന്നുകൊണ്ടിരുന്ന പള്ളികളില്‍ നിന്നും 1972-73 കാലംമുതല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വികാരിമാരെ നിഷ്‌കരുണം പുറത്താക്കി മറുഭാഗം ഭരണം പിടിച്ചെടുത്ത സംഭവം ബഹു. വല്‍സന്‍ തമ്പു മനസിലാക്കേണ്ടതുണ്ട്.

നിയമയുദ്ധം ഓര്‍ത്തഡോക്‌സ് സഭ ജയിച്ചു, എന്നാല്‍ ആത്മീകമായിക്കൂടി സഭ വളരണം എന്ന് അദ്ദേഹം പറയുന്നു. ആത്മീകമായി താഴ്മ കാണിച്ചുകൊണ്ടുതന്നെയാണ് സഭ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ പാത്രിയര്‍ക്കീസ് വിഭാഗം ഇപ്പോഴും പറയുന്നു തങ്ങള്‍ ഐക്യത്തിന് തയ്യാറല്ല. ഓര്‍ത്തഡോക്‌സ് സഭ നിയമയുദ്ധത്തില്‍ വിജയിച്ചു എന്ന് അവര്‍ ഇന്നുവരെ സമ്മതിച്ചിട്ടില്ല. 1995 ല്‍ സുപ്രീംകോടതി ഇരു കക്ഷികളോടും ചോദിച്ചു ഈ പ്രശ്‌നം കോടതിക്കു പുറത്തു തീര്‍ത്തുകൂടെ എന്ന്. അപ്പോള്‍ പാത്രിയര്‍ക്കീസ് വിഭാഗം പറഞ്ഞത് തങ്ങള്‍ക്ക് കോടതിയെ പൂര്‍ണ്ണ വിശ്വാസമാണെന്നാണ്. എങ്കില്‍ പിന്നെ കോടതിയുടെ തീര്‍പ്പ് അംഗീകരിക്കാത്തതെന്ത്? ഇപ്പോള്‍ എവിടെപ്പോയി കോടതിയിലുള്ള വിശ്വാസം?

ഓര്‍ത്തഡോക്‌സ് സഭ കലഹത്തിനുവേണ്ടിയോ ആരെയെങ്കിലും പാഠം പഠിപ്പിക്കുന്നതിനുവേണ്ടിയോ കേസിന് പോയതല്ല. കഴിഞ്ഞ നാല്‍പ്പഞ്ചോളം വര്‍ഷങ്ങള്‍ക്കിടയില്‍ അനേകം സമവായചര്‍ച്ചകള്‍ നടന്നു. മന്ത്രിമാരുടെ മദ്ധ്യസ്ഥതയിലും, സിവില്‍ അധികാരികളുടെ മദ്ധ്യസ്ഥതയിലും, വൈ. എം. സി. എ. യുടെ മദ്ധ്യസ്ഥതയിലും, കോടതി നിയോഗിച്ച നിരീക്ഷകന്റെ മദ്ധ്യസ്ഥതയിലും എല്ലാം ചര്‍ച്ചകള്‍ നടന്നു. അവയൊന്നും ഫലപ്രദമാകാതിരുന്ന സാഹചര്യത്തിലാണ് കേസിന് പ്രാധാന്യം ഉണ്ടായത്. രാത്രിയുടെ മറവിലും, പകല്‍ വെളിച്ചത്തിലും, ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അവകാശപ്പെട്ട പള്ളികള്‍ ഓടുപൊളിച്ചും, കതകുപൊളിച്ചും, കൈയേറുകയും, പിടിച്ചെടുക്കുകയും, അവിടെയുണ്ടായിരുന്ന നിയമാനുസൃത വൈദികരെയും ജനങ്ങളെയും പുറത്താക്കുകയും ചെയ്യുന്നതു കണ്ട് സഹികെട്ടപ്പോഴാണ് ഓര്‍ത്തഡോക്‌സ് സഭ കേസിനുപോയത്. പല കേസുകളും കൊടുത്തത് പാത്രിയര്‍ക്കീസ് വിഭാഗമാണ് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട് – ഉദാഹരണം 2017-ല്‍ വിധിച്ച കോലഞ്ചേരി പള്ളിക്കേസ്. ഒരു ജനാധിപത്യ രാജ്യത്ത് കോടതികള്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. റവ. ഡോ. വല്‍സന്‍ തമ്പുവിന്റെ ലേഖനത്തില്‍ ഒരിടത്തുപോലും കോടതി വിധി നിഷേധിക്കുന്നത് ഉചിതമല്ല എന്നൊരു വാചകം കണ്ടില്ല. കാര്യങ്ങള്‍ ആഴമായി പഠിക്കാതെ നിഷ്പക്ഷതയുടെ മൂടുപടമണിഞ്ഞുകൊണ്ട്, ഒരു വിഭാഗത്തെ മാത്രം ന്യായീകരിച്ച് എഴുതുന്നത് ഡോ. വല്‍സന്‍ തമ്പുവിനെപ്പോലെ ഒരു പ്രതിഭയ്ക്ക് ഒട്ടും അനുയോജ്യമല്ല എന്നു പറയേണ്ടിയിരിക്കുന്നു.

വിദ്യാവൃദ്ധനും, വിവേകിയും, വിദ്യാഭ്യാസവിചക്ഷണനും – ഇങ്ങനെ അനേകം വിശേഷണങ്ങള്‍ പൊതുസമൂഹം നല്‍കിയിരിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന്, വസ്തുതകള്‍ തമസ്‌ക്കരിച്ചുകൊണ്ട് ഏകപക്ഷീയമായ പ്രസ്താവനകള്‍ തുടരെയുണ്ടാകുന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. Copyright ovsonline.in

ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്

Facebook
error: Thank you for visiting : www.ovsonline.in