OVS - ArticlesOVS - Latest News

ശാസ്ത്രം – ദൈവ വിശ്വാസം: Part – 8

“പരിണാമം പതിവ് ചോദ്യങ്ങള്‍” എന്ന തലക്കെട്ടില്‍ ഡോ. ദിലീപ് മമ്പള്ളില്‍ എഴുതി മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഒന്നും രണ്ടും പോയിന്റുകൾക്ക് ഉള്ള മറുപടികൾ ആയിരുന്നല്ലോ കഴിഞ്ഞ ഭാഗത്ത് (ശാസ്ത്രം – ദൈവ വിശ്വാസം: Part – 7).

ഈ ഭാഗത്ത് 3 മുതല്‍ 6 വരെയുള്ള പോയിന്റുകളെ നമുക്ക് പരിശോധിക്കാം.

3). പരിണാമത്തിന് തെളിവുണ്ടോ?
ഡാര്‍വിന്‍ ആഗ്രഹിച്ചതുപോലെ പരിണാമത്തെ പിന്താങ്ങുന്ന അസംഖ്യം ഫോസില്‍ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി എന്നും ജനിതകശാസ്ത്രത്തില്‍ കൈവരിച്ച മുന്നേറ്റത്തിൻ്റെ അടിസ്ഥാനത്തിലും പരിണാമ സിദ്ധാന്തത്തിന് അനുകൂലമാണ് തെളിവുകൾ എന്നാണ്‌ അദ്ദേഹം (ഡോ. ദിലീപ് മമ്പള്ളില്‍) അവകാശപ്പെടുന്നത്. വാസ്തവത്തിൽ തെളിവുകള്‍ എങ്ങിനെ എന്ന് നമുക്ക് നോക്കാം.

A). ഫോസില്‍ തെളിവുകള്‍: ഈ സിദ്ധാന്തം പറയുന്ന പ്രകാരം ഇപ്പോഴുള്ള എല്ലാ ജീവജാലങ്ങളും ഒരു ആദിമ പൂർവ്വികനിൽനിന്ന് / പൂര്‍വ്വീക ജീവിയിൽ നിന്ന് ഒരുത്തിരിഞ്ഞവയാണ്‌. ഇത്തരം ഒരു സങ്കല്പത്തിൽ, നീണ്ട പരിണാമങ്ങൾക്കിടയിൽ ഇപ്പോൾ ഭൂമിയിൽ കാണാനാവാത്ത ഒട്ടേറെ ജീവവർഗങ്ങൾ തീർച്ചയായും നിലനിന്നിരിക്കണം. ഉദാഹരണത്തിന്‌, പകുതു മത്സ്യവും പകുതു ഉരഗവുമായ ജീവികൾ. അവയിൽ പലതും മത്സ്യങ്ങൾ ആയിത്തീർന്നിരിക്കണം. അതുപോലെ, പക്ഷികളുടെയും ഉരഗങ്ങളുടെയും അംശങ്ങൾ കൂടിച്ചേർന്ന വർഗങ്ങൾ പിന്നീട് പക്ഷികളായി മാറിയിരിക്കണം.

പരിണാമവാദികൾ ഇത്തരം ജീവിവർഗങ്ങളെ ഇടക്കാല ജീവികളായി കണക്കാക്കുകയും ഇവ ചരിത്രാതീതകാലത്ത് നിലനിന്നിരുന്നു എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ജീവികൾ യാഥാർഥത്തിൽ ഭൂമുഖത്ത് നിലനിന്നിരുന്നെങ്കിൽ തീർച്ചയായും അവ ദശലക്ഷക്കണക്കിനോ കോടിക്കണക്കിനോ അവയുടെ എണ്ണത്തിലും തരത്തിലും ഉണ്ടായിരിക്കേണ്ടതാണ്‌.

Orgin of Species -ൽ ഡാർവിൻ പറയുന്നത്‌ നോക്കു: “എൻ്റെ സിദ്ധാന്തം സത്യമാണെങ്കിൽ എല്ലാ വർഗത്തെയും പരസ്പരം ബന്ധിപ്പിക്കുകയും ഒരുമിച്ചുചേർക്കുകയും ചെയ്ത പരിണാമ ശൃംഗലകൾക്കിടയിലെ വൈവിധ്യമാർന്ന അനേകതരം ജീവികൾ ഭൂമിയിൽ നിലനിന്നിരിക്കണം. ഭാവിയിൽ കണ്ടെത്തിയേക്കാവുന്ന ഫോസ്സിലുകളിൽ ഇവയുടെ മുൻകാല ജീവിതത്തിൻ്റെ തെളിവുകൾ തീർച്ചയായും കാണാവുന്നതാണ്‌.”

19-ആം നൂറ്റാണ്ടിൻ്റെ പകുതി തൊട്ട് ഇത്തരം ഇടക്കാല ജീവികളുടെ ഫോസിലുകൾക്കായി പരിണാമവാദികൾ തീവ്രമായി തെരച്ചിൽ ആരംഭിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. മാത്രമല്ല പരിണാമവാദികളുടെ പ്രതീക്ഷകൾക്ക് വിപരീതമായി ഫോസിൽ പഠനങ്ങളെല്ലാം തെളിയിച്ചത് ജീവൻ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടത് വളരെ പെട്ടെന്നും, ഇന്നു കാണുന്ന രീതിയിൽ മുഴു രൂപത്തിലാണ് എന്നുമാണ്. സ്മിത്ത് സോണിയൻ ഇൻസ്ററിട്ടുട്ടിലെ അറിയപ്പെട്ട ജന്തു ശാസ്ത്രജ്ഞനായ ഡോ. ആസ്റ്റിൻ എച്ച്. ക്ലാർക്ക് ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ താണ വര്‍ഗ്ഗത്തിലുളള ജീവജാലങ്ങളിൽ നിന്ന് പടിപടിയായി പരിണമിച്ച് ഉണ്ടായി എന്നതിന് ഒരു തെളിവുമില്ല… മനുഷ്യൻ പെട്ടെന്നാണ് പ്രത്യക്ഷപ്പെട്ടതു.. മിക്കവാറും ഇന്നുള്ള മനുഷ്യനെപ്പോലെ തന്നെയാണ് മനുഷ്യൻ പ്രത്യക്ഷനായതു… ജന്തു ലോകത്തെ സംബന്ധിച്ചിടത്തോളം സൃഷ്ടിവാദക്കാർക്ക് ഏററവും നല്ല വാദഗതികൾ ഉള്ളതായി കാണപ്പെടുന്നു. ജന്തുക്കളിലെ ഒരു വിഭാഗം മറെറാരു വിഭാഗത്തിൽ നിന്ന് പരിണമിച്ച് ഉണ്ടായി എന്നതിന് യാതൊരു തെളിവുമില്ല. ജന്തുക്കളിലെ ഓരോ വിഭാഗത്തിലുമുള്ള ജന്തുക്കൾ അവയിൽപ്പെട്ട വർഗ്ഗങ്ങളോട് അടുത്തബന്ധമുള്ളവയാണ്. അതുകൊണ്ട് ഓരോ വിഭാഗവും പ്രത്യേകം സൃഷ്ടിക്കപ്പെട്ടതായിട്ടാണ് തോന്നുന്നതു”.

കാലിഫോർണിയ സർവ്വകലാശാലയിലെ പ്രൊഫസർ ഡാനിയേൽ ആക്സലേർഡ് ഇങ്ങനെ പറഞ്ഞു: ‘കേംബ്രിയൻ ഫോസിലുകൾക്ക് വേണ്ടി കേംബ്രിയൻ കാലഘട്ടത്തിനു മുൻപുള്ള പാറകളെ പരിശോധിക്കുമ്പോൾ കാലങ്ങളിലൂടെ ക്രമാനുഗതമായ പരിണാമം ഉണ്ടായതായി തെളിയിക്കുന്ന ഫോസിലുകൾ കാണുവാനില്ല”

ഈ പ്രസ്താവനകൾ വെളിവാക്കുന്നത് എല്ലാ ജീവജാലങ്ങളും ഒരേ നേരം ആവിർഭവിക്കുകയും മൊത്തമായിത്തന്നെ രൂപംകൊള്ളുകയും ചെയ്തു എന്നാണ്‌. ഇവക്കിടയിൽ കണ്ണികളായി നിലകൊള്ളുന്ന ‘മധ്യവർത്തി രൂപങ്ങൾ’ ഒന്നും തന്നെ ഇല്ല. ഈ തെളിവുകൾ ഡാർവിൻ്റെ അനുമാനത്തിന്‌ നേർ വിപരീതം ആണ്‌.

ഫോസിൽ തെളിവുകൾ വ്യക്തമാക്കുന്നത് ജീവജാലങ്ങൾ ഇന്നു കാണുന്ന രീതിയിൽ തന്നെ ഭൂമിയിൽ ആവിർഭവിച്ചതാണെന്നാണ്‌. ജീവൻ്റെ ആവിർഭാവം ഡാർവിൻ്റെ അനുമാനത്തിൽ നിന്നും വ്യത്യസ്തമായി, പരിണാമത്തിലൂടെയല്ല ദൈവസൃഷ്ടിയിലൂടെയാണ്‌. ഫോസിലുകളുടെ സാന്നിദ്ധ്യം പരിണാമവാദത്തെ തെളിയിക്കുന്നു എന്ന വാദം വഞ്ചനാപരമാണ്. വസ്തുതകളെ പരിശോധിച്ചാൽ ഇതു സത്യമല്ല എന്ന് വെളിവാകും.

B). ജനിതകശാസ്ത്ര തെളിവുകള്‍: ഒരു മൊട്ടുസൂചിയുടെ ആയിരത്തിലൊന്ന് വലിപ്പമുള്ള ഒരു കോശത്തിലുള്ള DNA-യിൽ കോഡു രൂപത്തിൽ ശേഖരിച്ചുവച്ചിരിക്കുന്ന വിവരങ്ങൾ കടലാസ്സിൽ എഴുതിയാൽ കോടിക്കണക്കിനു പേജുകൾ വേണ്ടിവരും. അവ വാചകങ്ങളും ഖണ്ഡികകളും അദ്ധ്യായങ്ങളും ആയി സജ്ജമാക്കിയിരിക്കുന്നു. അവ നിങ്ങളുടെ ഹൃദയം, രക്താണുക്കൾ, കുടൽ, കരൾ, വൃക്ക, ഗ്രന്ഥികൾ, കണ്ണു, തലച്ചോറ്, അസ്ഥികൾ, പേശികൾ, തുടങ്ങിയവ നിർമ്മിക്കാനും അവ ഓരോന്നും ശരീരത്തിൻ്റെ ഏതൊക്കെ ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കപെടണം എന്നും ഉള്ള നിർദ്ദേശങ്ങൾ ആണ്.

ജീനുകളിൽ കുറിച്ചുവച്ചിട്ടുളള സങ്കീർണ്ണമായ ഡി.എൻ.എ. കണികകൾ “പ്രൈമോഡിയൽ സൂപ്പിൽ’ അവിടവിടെയായി കിടന്ന ജൈവകണികകൾ സ്വയം സംയോജിച്ചുണ്ടായതാണെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും. ഒരു കുരങ്ങൻ കംപ്യൂട്ടർ കീ ബോർഡിലെ കട്ടകൾ അമർത്തിയാൽ ഷേക്സ്പിയർ എഴുതിയ ഒരു നോവൽ ഉണ്ടാവാനുള്ള സാദ്ധ്യത, ആകസ്മികമായി ഒരു ഡി.എൻ.എ. കണികയുണ്ടാകാനുള്ള സാദ്ധ്യതയെക്കാളും എത്രയോ മെച്ചമാണ്. കാരണം ഒരു ഷേക്സ്പീരിയൻ നോവലിന് 200-250 പേജുകൾ മാത്രമുള്ളപ്പോൾ ഒരു ജീവകോശത്തിൽ കോടിക്കണക്കിനു പേജിൽ നിറയ്ക്കാനുള്ള വിവരങ്ങൾ ഉണ്ട്.

1980 മെയ് മാസത്തിലെ ഫിസിക്സ് ബുള്ളറ്റിൻ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ബിട്ടീഷ് ഊർജ്ജതന്ത്രജ്ഞനായ ലിപ്സൺ ഇങ്ങനെ അഭിപ്രായപ്പെടുന്നു “അണുക്കളുടെ പ്രതിപ്രവർത്തനങ്ങളുടെയും പ്രകൃതി ശക്തികളുടെയും അണുവികിരണങ്ങളുടെയും ഫലമല്ല ജൈവവസ്തു എങ്കിൽ പിന്നെ എങ്ങനെ അതുണ്ടായി?” നേരിട്ടുള്ള പരിണാമത്തെ
തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം ഇങ്ങനെ അവസാനിപ്പിക്കുന്നു. “അല്പം കൂടെ മുമ്പോട്ടു പോയി ജീവൻ എങ്ങനെയുണ്ടായി എന്നുള്ളതിൻ്റെ അംഗീകാരയോഗ്യമായ ഏക വിശദീകരണം സൃഷ്ടി എന്നതാണെന്ന് സമ്മതിക്കേണ്ടി വരുന്നു. ഊർജ്ജതന്ത്രജ്ഞന്മാർക്ക് ഇത് ശപിക്കപ്പെട്ട ചിന്താഗതി ആണെന്ന് എനിക്കറിയാം. എനിക്കും അതങ്ങനെ തന്നെയാണ്. എങ്കിലും പരീക്ഷണ തെളിവുകൾ പിന്തുണയ്ക്കുന്ന ഒരു സിദ്ധാന്തത്തെ (സൃഷ്ടിസിദ്ധാന്തം) നമുക്കിഷ്ടമല്ല എന്നതിൻ്റെ പേരിൽ മാത്രം നാം നിരസിക്കാൻ പാടില്ല.”

ഡി. എൻ എ. -യും മാംസ്യവും തമ്മിലുള്ള ബന്ധം പരിണാമവാദികൾക്ക് വലിയ കീറാമുട്ടിയാണ്. തനിയെ വിട്ടാൽ അമ്ലങ്ങളുടെ പ്രവർത്തനങ്ങൾ ഡി.എൻ.എ-യെയും മാംസ്യത്തെയും വികലമാക്കുന്നതാണ് ഇതുകൊണ്ടാണ് ജീവൻ ഉത്പാദിപ്പാദിപ്പിക്കന്നായി മില്ലർ ഫോക്സ് മുതലായ ശാസ്ത്രജ്ഞന്മാർ ചേർന്ന് അത്യാധുനികമായ പരീക്ഷണ ശാലകളിൽ അതി സങ്കീർണ്ണമായി നടത്തിയ പരീക്ഷണങ്ങൾ വിജയിക്കാതെ പോയത്. ജനിതകശാസ്ത്ര തെളിവുകള്‍ ഡോ. ദിലീപ് മമ്പള്ളിൽ അവകാശപ്പെടുന്നത് പോലെ പരിണാമത്തേ അല്ലാ സൃഷ്ടിയെ ആണ്‌ എന്ന് ശാസ്ത്രം തെളിയിക്കുന്നു.

4). പരിണാമം ശാസ്ത്രലോകം പൂര്‍ണമായി അംഗീകരിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും. എന്നു മാത്രമല്ല, പ്രശസ്ത സര്‍വകലാശാലകളിലെല്ലാം, എന്തിന് മതപരമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സര്‍വകലാശാലയില്‍പോലും പരിണാമത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. നമുക്ക് അദേഹത്തിൻ്റെ ഈ അവകാശവാദത്തിൻ്റെ നിജ സ്ഥിതി ഒന്ന് നോക്കാം.

വാസ്തവത്തില്‍ പരിണാമവാദം ശാസ്ത്രത്തിന്‍റെ പേരില്‍ പറഞ്ഞ ഒരു അസംബന്ധമായിരുന്നുന്നെന്ന് ഊഹാപോഹങ്ങളായ തിയറികള്‍ അല്ലാത്ത ഗവേഷണ തെളിവുകളിൽ നിന്നും ബോധ്യമാകുന്നുണ്ട്. പിന്നെ എന്ത്കൊണ്ടാണ് ഈ പഠനശാഖ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിനും നമുക്ക് വ്യക്തമായ ഉത്തരങ്ങള്‍ കണ്ടെത്താനാകും.

ശാസ്ത്രിൻ്റെ “പേരില്‍” പ്രചരിപ്പിക്കപ്പെടുന്ന എന്തും അന്ധമായി വിശ്വസിക്കുക എന്നത് പണ്ഡിത പാമര വിത്യാസം കൂടാതെ സർവ്വസാധാരണം ആയിരിക്കുന്നു. പരിണാമാവാദം തെറ്റാണെന്നു അംഗീകരിച്ചു കഴിഞ്ഞാല്‍ അത് ശാസ്ത്രത്തിന്‍റെ അപചയമാവും എന്ന മിഥ്യാ ധാരണയാണ് ഇതില്‍ ഏറ്റവും മുഖ്യമായ കാര്യം. കൂടാതെ പരിണാമവാദത്തിൽ അടിസ്ഥാനം കെട്ടിപ്പെടുത്തിയിരിക്കുന്ന യുക്തിവാദികൾ എന്ന് അവകാശപ്പെടുന്നവരുടെ ആശയാടിത്തറ ഇളകാന്‍ കാരണമാകുന്നതും പല തല്‍പ്പരകക്ഷിളെയും പരിണാമവാദത്തെ ശാസ്ത്ര സത്യമെന്ന രീതിയില്‍ അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതില്‍ ഏറെ രസകരമായ മറ്റോരു പ്രതിഭാസം കാണപ്പെടുന്നത് ഫാഷനിസമാണ്. മറ്റു മണ്ഡലങ്ങളിലെന്ന പോലെ ശാസ്ത്രത്തിലും ഫാഷനുകളുണ്ട്. പരിണാമ പഠനം ഇന്ന് ശാസ്ത്രജ്ഞിര്‍ക്കിടയില്‍ വലിയ ഫാഷനായി തീര്‍ന്നിരിക്കുന്നു. അതിൽ അവര്‍ അഭിമാനം കൊള്ളുന്നു.

ദൈവത്തെ തള്ളി പറഞ്ഞാല്‍ മാത്രമേ സമൂഹത്തില്‍ വിലയുണ്ടാകൂ എന്ന സ്ഥിതിയിലേക്ക് ഇന്ന്‌ ലോകം മാറ്റപ്പെട്ടിരിക്കുന്നു. ഇതിൽ നമുക്ക് അത്ഭുതപ്പെടാനില്ല. കാരണം തിരുവെഴുത്തുകൾ സഹസ്രാബ്ദങ്ങൾക്ക് മുന്‍പു തന്നെ പത്രോസ് അപ്പോസ്തോലനിലൂടെ ഈ സിദ്ധാന്തക്കരേ കുറിച്ചുള്ള പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. “പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ. ആകാശവും വെള്ളത്തിൽ നിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിൻ്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു. (2 പത്രൊസ്. 3:4-7)”

ശാസ്ത്ര നിഗമനങ്ങൾ പ്രമാദരഹിതങ്ങളാണെന്ന് ധരിക്കേണ്ടതില്ല. ആധുനിക ശാസ്ത്ര വെളിച്ചത്തിൽ പരിശോധിച്ചാൽ കഴിഞ്ഞ അൻപതു വർഷങ്ങൾക്കിടയിൽ ശാസ്ത്രഗ്രന്ഥങ്ങളുടെ ഗണത്തിൽ തിരസ്കൃതങ്ങളായ ശാസ്ത്ര ഗ്രന്ഥങ്ങളുടെ എണ്ണം നിരവധിയുണ്ട്. പാരീസിലെ ലൂവിയറിൻ്റെ (Louvre) ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഇരുളിലാണ് ഈ ശാസ്ത്ര ഗ്രന്ഥങ്ങളുടെ ദൈർഘ്യം ഏതാണ്ടു മൂന്നര മൈൽ വരും? ഈ പരമാർത്ഥം നാം ഗ്രഹിക്കുമ്പോഴാണ്, ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായങ്ങൾ എത്ര അല്പായുസുകളാണെന്നു നമുക്കു മനസ്സിലാക്കാൻ കഴിയുന്നത്. 1861-ൽ ഫ്രാൻസിലെ സയൻസ് അക്കാഡമി 51 ശാസ്ത്രീയ വസ്തുതകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത 51 ശാസ്ത്രീയ കാര്യങ്ങളിൽ ഏതെങ്കിലും ഒരു വസ്തുത സത്യമെന്നു പ്രസ്താവിക്കുവാൻ ആധുനിക ലോകത്തിൽ ഒരു ശാസ്ത്രജ്ഞനും തുനിയാത്ത നിലയിൽ അവ തിരസ്ക്കരിക്കപ്പെട്ടു.

5). ഏകകോശ ജീവികളില്‍ നിന്ന് പരിണമിച്ചാണ് വലിയ ജീവികള്‍ ഉണ്ടായതെങ്കില്‍ ഇന്നും ഏകകോശ ജീവികള്‍ ഉണ്ടായിരിക്കുന്നത് എങ്ങനെയാണ്?
ഇതിനുള്ള ഉത്തരം ആദ്യത്തെ ചോദ്യത്തില്‍ ഉണ്ട്. ഒരു ജീവിക്ക് മ്യൂട്ടേഷന്‍ (ജനിതക ഉള്‍പ്പരിവര്‍ത്തനം) ഉണ്ടായി ആയിരക്കണക്കിന് തലമുറകള്‍ കൊണ്ട് അത് മറ്റൊന്നായി പരിണമിച്ചു എന്നതുകൊണ്ട് ആദ്യത്തെ ജീവി നശിച്ചുപോകണം എന്നില്ല. കാരണം മ്യൂട്ടേഷന്‍ ഉണ്ടാകുന്നത് ആദ്യത്തെ ജീവിക്ക് നിലനില്‍ക്കാന്‍ സാധിക്കത്തതുകൊണ്ടല്ല. ഇതാണ്‌ ശ്രീ. ഡോ. ദിലീപ് മമ്പള്ളില്‍ നല്‍കുന്ന വ്യാഖ്യാനം.

ഇതേക്കുറിച്ച് അല്പം കൂടി മനസ്സിലാക്കാന്‍ നമുക്ക് കുഞ്ഞുണ്ണിവര്‍മ, പരിണാമം എങ്ങനെ? എന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പബ്ലിഷ് ചെയ്ത പുസ്തകത്തിലെ ചില ഭാഗങ്ങൾ കൂടി ഈ സന്ദര്‍ഭത്തില്‍ നോക്കാം. അദ്ദേഹം പറയുന്നു: “എല്ലാ വര്‍ണങ്ങളും പുതിയ സ്പീഷീസുകളായി തീരുകയില്ലെന്നതുപോലെ എല്ലാ പുതിയ സ്പീഷീസുകളും പുതിയ ജനുസ്സുകളായും, എല്ലാ ജനുസ്സുകളും പുതിയ കുടുംബങ്ങളായും മറ്റും പരിണമിച്ചുകൊള്ളണമെന്നില്ലെന്നു മാത്രം പറയേണ്ടതുണ്ട്. വളരെ ചെറിയൊരു ശതമാനത്തിനുമാത്രമേ മേല്‍ വിഭാഗത്തില്‍ ചേര്‍ക്കാന്‍ തക്കവണ്ണമുള്ള മൂലഭൂത പരിവര്‍ത്തനങ്ങള്‍ വന്നുചേരുകയുള്ളൂ”.

അതായത് ഏകകോശ ജീവിയായ അമീബകളില്‍ “വളരെ ചെറിയൊരു ശതമാനത്തിനു മാത്രമേ പരിവര്‍ത്തനങ്ങള്‍ വന്നുചേരുകയുള്ളൂ” എന്നര്‍ഥം. ഇതേ ഗ്രന്ഥകാരന്‍ തന്നെ മുമ്പെഴുതിയപോലെ “പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന ക്രോമസോമുകള്‍ക്കും ജീനുകള്‍ക്കും ജന്മസിദ്ധമായിത്തന്നെയു”ണ്ടെങ്കില്‍ അമീബകളെല്ലാം പരിണമിക്കുമായിരുന്നില്ലേ? ചുരുങ്ങിയത് അവയെല്ലാം ഇരട്ടകോശികളിലെങ്കിലുമായി മാറുമായിരുന്നില്ലേ? ഇവിടെ രണ്ടിലൊരു വാദമേ ഒരേസമയം ശരിയാവൂ! “പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന ക്രോമസോമുകള്‍ക്കും ജീവികള്‍ക്കും ജന്മസിദ്ധമായിത്തന്നെയുയുണ്ടെങ്കില്‍ മുന്നൂറ്റമ്പത് കോടി വര്‍ഷങ്ങള്‍ക്കിടയില്‍ എല്ലാ അമീബകളും പരിണമിച്ച് മറ്റ് ജീവജാതികളായി മാറുമായിരുന്നില്ലേ? അങ്ങനെ സംഭവിച്ചിട്ടില്ല എന്നത് അവിതര്‍ക്കിതമായ വസ്തുതയല്ലേ? ഗ്രന്ഥകാരൻ്റെ തന്നെ വാദപ്രകാരം “വളരെ ചെറിയൊരു ശതമാനത്തിനു മാത്രമേ” പരിവര്‍ത്തനങ്ങള്‍ വന്നുചേരുകയുള്ളൂ. എങ്കില്‍ ചെറിയൊരു ശതമാനത്തിനുമാത്രം “പരിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള വാസന’‘യുണ്ടായതെന്തുകൊണ്ടാണെന്ന് പരിണാമവാദികള്‍ വിശദീകരിക്കുമോ? ഏകകോശ ജീവിയായ അമീബയില്‍ മുന്നൂറ്റമ്പത് കോടി വര്‍ഷങ്ങളായി വൈവിധ്യങ്ങളുണ്ടായിട്ടും അമീബകള്‍ ഇന്നും അമീബകളായി നിലനില്‍ക്കുന്നത് വൈവിധ്യങ്ങള്‍ പരിണാമകാരണമാണെന്ന പരിണാമവാദത്തിൻ്റെ അടിത്തറ തകര്‍ക്കുന്ന പ്രകൃതിശാസ്ത്ര വസ്തുതയാണ്. വൈവിധ്യവും വിനാശവും എങ്ങനെ “കൂട്ടിയിണക്കി”യാലും പരിണാമം ഉണ്ടാകില്ലെന്നാണ് ഇതില്‍നിന്നും തെളിയുന്നത്.

6). എങ്ങനെയാണ് ഏകകോശ ജീവികള്‍ ഉണ്ടായത്?
ഫോസില്‍ തെളിവുകളോ ജനിതകപരമായ തെളിവുകളോ ഉണ്ടാകാന്‍ പറ്റില്ലാത്തതിനാല്‍, എങ്ങനെയാണ് തന്മാത്രകളില്‍നിന്ന് കോശങ്ങള്‍ ഉണ്ടായത് എന്നകാര്യം ശാസ്ത്രം പൂര്‍ണമായും തെളിയിക്കാത്ത കാര്യമാണ്. എന്നാല്‍ ശാസ്ത്രത്തിന് ഇത് തീര്‍ത്തും അറിവില്ലാത്ത കാര്യവുമല്ല. ഇക്കാര്യത്തില്‍ ചില പ്രധാന നിരീക്ഷണങ്ങള്‍ ശാസ്ത്രം നടത്തിയിട്ടുണ്ട്.

1953-ല്‍ മില്ലറും ഉറേയും നടത്തിയ പ്രശസ്തമായ പരീക്ഷണം എടുക്കാം. ഭൂമിയുടെ ആരംഭഘട്ടത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട്, ആ അവസ്ഥയില്‍ വിവിധ അമീനോ അസിഡുകളും കോശങ്ങളില്‍ ഉള്ള മറ്റു ഓര്‍ഗാനിക് തന്മാത്രകളും ഉണ്ടാക്കാം എന്ന് ആ പരീക്ഷണം തെളിയിച്ചു. അതുപോലെ ഇന്ത്യന്‍ ശാസ്ത്രഞനായ കൃഷ്ണ ബഹാദൂര്‍ 1963-ല്‍ ലളിതമായ കോശത്തിൻ്റെ പുറംഘടന ഓര്‍ഗാനിക് തന്മാത്രകളും ഫാറ്റിഅസിഡുകളും ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുണ്ട്. ലളിതമായ കോശംപോലും ഒറ്റയടിക്ക് ഉണ്ടായതല്ല. ഘട്ടംഘട്ടമായ വികാസത്തിലൂടെഉണ്ടായതാണ്.

ശ്രീ. ഡോ. ദിലീപ് മമ്പള്ളില്‍ മേല്‍പ്പറഞ്ഞവക്ക് കൊടുത്തിരിക്കുന്ന ഉത്തരങ്ങള്‍ കൂടി നമുക്ക് പരിശോധിക്കാം

ഫോസില്‍ തെളിവുകളോ ജനിതകപരമായ തെളിവുകളോ ഉണ്ടാകാന്‍ പറ്റില്ലാത്തതിനാല്‍, എങ്ങനെയാണ് തന്മാത്രകളില്‍നിന്ന് കോശങ്ങള്‍ ഉണ്ടായത് എന്നകാര്യം ശാസ്ത്രം പൂര്‍ണമായും തെളിയിക്കാത്ത കാര്യമാണ് എന്ന് അദ്ദേഹം ആദ്യമേ തന്നെ സമ്മതിക്കുന്നു. പക്ഷേ അതിന്‌ ശേഷം ഇരുട്ട് കൊണ്ട്‌ ഓട്ട അടയ്ക്കാന്‍ ഉള്ള അദേഹത്തിൻ്റെ ശ്രമത്തേ കൂടി ഒന്ന് വിശകലനം ചെയ്യാം.

1953-ൽ ചിക്കാഗോ സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയായ സ്റ്റാൻലി മില്ലർ പ്രൊഫസറായിരുന്ന ഹാറോള്‍ഡ് യൂറിയുടെ ആശയങ്ങളാല്‍ പ്രേരിതനായി ഭൂമിയുടെ ആരംഭ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ച് ജീവൻ്റെ നിർമാണഘടകങ്ങൾ ലഭ്യമാകും എന്ന് പ്രതീക്ഷിച്ച് പരീക്ഷണങ്ങൾ നടത്തി. പരീക്ഷണങ്ങൾ നടത്തി രാസ ഉൽ‌പന്നങ്ങളെ ഒരു നിശ്ചിത സമയത്തേക്ക് ഇരിക്കാൻ അനുവദിച്ചതിന് ശേഷം, അമിനോ ആസിഡുകൾ- പ്രോട്ടീനുകളുടെ നിർമാണ ബ്ലോക്കുകൾ – ഉൽ‌പാദിപ്പിക്കപ്പെട്ടുവെന്ന് മില്ലർ കണ്ടെത്തി. മില്ലറുടെ പരീക്ഷണങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരുന്നതില്‍ നിന്നും കുറച്ചുകൂടി വ്യത്യസ്തമായ വാതകങ്ങൾ ഉപയോഗിച്ചുകൊണ്ട് സമാനമായ പരീക്ഷണങ്ങൾ ശാസ്ത്രജ്ഞന്‍മാര്‍ വീണ്ടും നടത്തി. ഈ പരീക്ഷണങ്ങളിലെല്ലാം കുറച്ചധികം അമിനോ ആസിഡുകൾ, കുറച്ചധികം നൈട്രോജിനസ് ബേസുകൾ തുടങ്ങിയവ രൂപം കൊള്ളുന്നതായി കണ്ടെത്തി. പതിറ്റാണ്ടുകളായി, ഈ പരീക്ഷണ ഫലം ജീവൻ്റെ “നിർമാണ ബ്ലോക്കുകൾ” പ്രകൃതിദത്തമായ രീതിയില്‍ സ്വയമേവ ആരംഭ കാലത്തെ ഭൂമിയുടെ സാഹചര്യങ്ങളിൽ ഉരുത്തിരിഞ്ഞതാകാമെന്നതിൻ്റെ തെളിവായി പ്രശംസിക്കപ്പെട്ടു. എന്നാൽ ഭൂമിയുടെ ആദ്യകാല അന്തരീക്ഷം വാസ്തവത്തില്‍ മില്ലറും യുറിയും ഭൂമിയുടെ ആദ്യകാല അന്തരീക്ഷം എന്ന നിലയില്‍ ചിന്തിച്ചതിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നു ഭൂമിയുടെ ആദ്യകാല അന്തരീക്ഷം.

മില്ലർ-യുറി പരീക്ഷണങ്ങളിൽ ഉപയോഗിച്ച അന്തരീക്ഷം പ്രധാനമായും മീഥെയ്ൻ, അമോണിയ, ഉയർന്ന അളവിലുള്ള ഹൈഡ്രജൻ തുടങ്ങിയ വാതകങ്ങളാണ്. എന്നാൽ ആദ്യകാല ഭൂമിയുടെ അന്തരീക്ഷത്തിൽ ഈ ഘടകങ്ങളുടെ അളവ് അടങ്ങിയിരുന്നില്ലെന്ന് ഇന്ന്‌ ജിയോകെമിസ്റ്റുകൾ വിശ്വസിക്കുന്നു. മൈക്രോബയോളജി & മോളിക്യുലർ ബയോളജി റിവ്യൂ ജേണലിൽ ഇത് വിശദീകരിക്കുന്നു: “This optimistic picture began to change in the late 1970s, when it became increasingly clear that the early atmosphere was probably volcanic in origin and composition, composed largely of carbon dioxide and nitrogen rather than the mixture of reducing gases assumed by the Miller-Urey model. Carbon dioxide does not support the rich array of synthetic pathways leading to possible monomers…”

അതുപോലെ, സയൻസ് ജേണലിലെ ഒരു ലേഖനം ഇങ്ങനെ പ്രസ്താവിച്ചു: “Miller and Urey relied on a ‘reducing’ atmosphere, a condition in which molecules are fat with hydrogen atoms. As Miller showed later, he could not make organics in an ‘oxidizing’ atmosphere.”

ആദ്യകാല അന്തരീക്ഷം മില്ലർ-യുറേയുടെ ചിന്തകള്‍ പോലെയായിരുന്നില്ല. എന്ന് ഈ ലേഖനം തുറന്നടിച്ചു. ഒരു കാലത്ത് പ്രൈമോർഡിയൽ സൂപ്പ് ഉണ്ടായിരുന്നു എന്നതിന്‌, ഭൂമിശാസ്ത്രപരമായ പഠനങ്ങളിൽ തെളിവുകൾ കണ്ടെത്തപ്പട്ടിട്ടില്ല.

മില്ലറുടെ പരീക്ഷണത്തിൽ ജീവന്‍റെ അടിസ്ഥാന തന്മാത്രകൾ രൂപംകൊള്ളുന്നത് reduced chemical reaction-ന്‍റെ ഫലമായിട്ടാണ് എന്നാൽ തെർമോഡൈനാമിക്സ് നിയമങ്ങളനുസരിച്ച് ഓക്സിജന്‍റെ സാന്നിധ്യത്തിൽ reduced chemical reaction അരങ്ങേറുക ഇല്ല അതിനാൽ ഭൂമിയുടെ ആദ്യകാല അന്തരീക്ഷത്തിൽ ഓക്സിജൻ ഇല്ലായിരുന്നു എന്ന് മില്ലര്‍ അങ്ങ് അനുമാനിച്ചു എന്നാലിത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. മില്ലറുടെ പരീക്ഷത്തില്‍ രൂപപ്പെട്ട അമിനോ ആസിഡുകള്‍ പോലെയുളള ജീവന്‍റെ അടിസ്ഥാന തന്‍മാത്രകളും ഇപ്രകാരം ഓക്സിജന്‍റെ സാധിദ്ധ്യത്തില്‍ നശിച്ച് പോകുന്നവയാണ്‌. ഈ കാരണത്താലും ഭൂമിയുടെ ആദ്യകാല അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഇല്ലായിരുന്നുവെന്ന്‌ മില്ലര്‍ അനുമാനിച്ചു.

ഭൂമിയുടെ ആദ്യകാല അന്തരീക്ഷത്തില്‍ ജലബാഷ്പം ഉണ്ടായിരുന്നു എന്നതില്‍ ഇന്ന് യാതൊരു തര്‍ക്കവുമില്ല. നീരാവിയുടെ മേല്‍ സൂര്യപ്രകാശം പതിക്കുബോള്‍ അവ എളുപ്പത്തില്‍ ഓക്സിജനും ഹൈഡ്രജനുമായ് വിഘടിക്കുന്നു ഹൈഡ്രജന് ഭാരം കുറവായതിനാല്‍ സ്വഭാവികം ആയും നമുക്കറിയാവുന്നത് പോലെ അതിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തെ അതിജീവിച്ച്. ബാഹ്യാകാശത്തിലേക്ക് രക്ഷപെടാന്‍ സാധിക്കും. എന്നാല്‍ ഓക്സിജന്‍ ആകട്ടെ കൂടുതലും അന്തരീക്ഷത്തില്‍ തന്നെ തങ്ങുന്നു. തന്‍മൂലം ഭൂമിയുടെ ആദ്യകാല അന്തരീക്ഷം മില്ലര്‍ ധരിച്ചത് പോലെ ഓക്സിജന്‍ വിമുക്തമായിരുന്നു എന്ന് കരുതുക വയ്യ. ഭൂഗർഭ ഗവേഷണങ്ങൾ തെളിയിക്കുന്നതും ഭൂമിയുടെ ആദ്യകാല അന്തരീക്ഷത്തിൽ ധാരാളം ഓക്സിജൻ ഉണ്ടായിരുന്നു എന്നുതന്നെയാണ്. ഭൂമിയിൽ നാം എത്ര ആഴത്തിൽ കുഴിച്ചാലും ഓക്സിഡേഷൻ സംഭവിച്ച പാറകൾ മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ ഇതും ഭൂമിയുടെ ആദ്യകാല അന്തരീക്ഷത്തിൽ ഓക്സിജൻ ഉണ്ടായിരുന്നു എന്നുള്ളതിന് തെളിവാണ്.

പ്രകൃതിയിൽ നിരവധി തരം അമിനോ ആസിഡുകൾ കാണപ്പെടുന്നുണ്ട് ഇവയെ മൊത്തത്തിൽ രണ്ടുവിഭാഗങ്ങളായി തിരിക്കാം ഇടതുവശ അമിനോ ആസിഡുകള്‍ എന്നും വലത് വശ അമിനോ ആസിഡുകള്‍ എന്നും. ഒരു ലബോറട്ടറിയിൽ അമിനോ ആസിഡുകൾ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു പരീക്ഷണം നടത്തുന്നു എന്ന് കരുതുക എല്ലായ്പ്പോഴും ലഭിക്കുന്നത് 50% ഇടതുവശ അമിനോ ആസിഡുകളുടെയും 50% വലതുവശ അമിനോ ആസിഡുകളുടെയും ഒരു മിശ്രിതമായിരിക്കും. മില്ലറുടെ പരീക്ഷണത്തിലും ലഭിച്ചത് അതുതന്നെയാണ് പരീക്ഷണ നാളിയിൽ രൂപപ്പെട്ട അമിനോ ആസിഡുകളിൽ പകുതി ഇടതുവശ അമിനോ ആസിഡ് വിഭാഗത്തിലും ബാക്കി പകുതി വലതുവശ അമിനോ ആസിഡ് വിഭാഗത്തിലും പെടുന്നവ ആയിരുന്നു. പകുതി ഇടതുവശ അമിനോ ആസിഡ്കളും വലതുവശ അമിനോ ആസിഡികളും കൂടിക്കലർന്ന ഒരു മിശ്രിതം നിലനിന്നിരുന്ന ആദ്യകാല ജലാശയങ്ങളിൽ എങ്ങനെ ഇടതുവശ അമിനോ ആസിഡ് തന്മാത്രകൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള പ്രോട്ടീനുകൾ രൂപംകൊള്ളുകയും അവ പരസ്പരം അടുത്തു വരികയും ചെയ്തു എന്നുളളത് ഉത്തരം നൽകാൻ പരിണാമ ശാസ്ത്രത്തിനു വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണ്. ഈ ബുദ്ധിമുട്ടുകൾ കാരണം, പ്രമുഖ സൈദ്ധാന്തികർ മില്ലർ-യുറി പരീക്ഷണം പിന്തുണയ്ക്കുന്നതായി അവകാശപ്പെടുന്ന “പ്രൈമോർഡിയൽ സൂപ്പ്” സിദ്ധാന്തവും ഉപേക്ഷിച്ചു. 2010 -ൽ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് ബയോകെമിസ്റ്റ് നിക്ക് ലെയ്ൻ പ്രഥമദൃഷ്ട്യാ സൂപ്പ് സിദ്ധാന്തം “അതിൻ്റെ കാലഹരണപ്പെടൽ തീയതി കഴിഞ്ഞു” എന്നു പ്രസ്താവിച്ചു.

നാഷണൽ അക്കാദമി ഓഫ് സയൻസസ് അംഗീകരിക്കുന്നതുപോലെ, “രണ്ട് അമിനോ ആസിഡുകൾ സ്വയമേവ വെള്ളത്തിൽ ചേരുന്നില്ല. മറിച്ച്, വിപരീത പ്രതികരണം ആകും ഉളവാക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വെള്ളം പ്രോട്ടീൻ ശൃംഖലകളെ അമിനോ ആസിഡുകളായി (അല്ലെങ്കിൽ മറ്റ് ഘടകങ്ങളിലേക്ക്) തകർക്കും, ഇത് പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നത് വളരെ പ്രയാസകരമാക്കുന്നു. ജീവിതത്തിൻ്റെ ഉത്ഭവത്തിന് ആവശ്യമായ ഈ ആദ്യ, ലളിതമായ ഘട്ടങ്ങളെക്കുറിച്ച് ഭൗതികവാദികൾക്ക് നല്ല വിശദീകരണങ്ങളില്ല. രാസപരിണാമ സങ്കല്‍പം അക്ഷരാർത്ഥത്തിൽ വെള്ളത്തിൽ വെച്ചു തന്നെ ചത്തു എന്ന് പറയാം.

തുടരും…

ശാസ്ത്രം – ദൈവ വിശ്വാസം: Part – 7