ശാസ്ത്രം – ദൈവ വിശ്വാസം: Part – 7

ദൈവം …… വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; ….. അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു …… ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. (ഉല്പത്തി: 1: 21, 1: 24-25) copyright@ovsonline.in

പരിണാമം പതിവ് ചോദ്യങ്ങള്‍” എന്ന തലക്കെട്ടില്‍ ഡോ. ദിലീപ് മമ്പള്ളില്‍ എഴുതി മാതൃഭൂമി ഓണ്‍ലൈനിൽ (https://www.mathrubhumi.com/technology/science/–1.164849) പ്രസിദ്ധീകരിച്ച ലേഖനം ആണ്‌ ഇങ്ങനെ ഒരു മറുപടിക്ക് ആധാരം.

പരിണാമത്തെക്കുറിച്ച് അദ്ദേഹം മുന്‍പ് എഴുതിയ “ജീവൻ്റെ തുടിപ്പ് തേടി ചൊവ്വയിലേക്ക്”, “ജീവൻ്റെ തുടിപ്പും പരിണാമവും”, “മനുഷ്യനും പരിണാമവും” എന്നീ ലേഖനങ്ങള്‍ക്ക് വായനക്കാരില്‍നിന്ന് ഏറെ പ്രതികരണമുളവാക്കി എന്നു ആമുഖമായി തന്നെ അവകാശപ്പെടുന്നു. അതിനാല്‍ ആ ലേഖനങ്ങൾ വായിച്ച വായനക്കാര്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ചുവടെ കൊടുക്കുന്നത് എന്നും അവകാശപ്പെടുന്നു. മാത്രവുമല്ല “പരിണാമം ശാസ്ത്രസത്യമാണ് എന്നും ശാസ്ത്രം തെളിവുകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ് വിശ്വസിക്കപ്പെടുന്നത് എന്നും എന്നാല്‍ മതവിശ്വാസത്തിന് എന്തും എങ്ങനെയും വിശ്വസിക്കാം അതിനു തെളിവുകളുടെ പിന്‍ബലം ആവശ്യമില്ല എന്നും” പ്രസ്തുത മാധ്യമത്തില്‍ കൂടി പ്രചാരണം നടത്തുകയും ചെയ്യുന്നു.

ഇനി ആ പോയിന്റ്കൾ ഏതൊക്കെ എന്നു നോക്കാം:
1. എന്താണ് പരിണാമം?
2. പരിണാമം ഒരു തട്ടിപ്പ് ശാസ്ത്രം ആണോ; ഇത് വെറുമൊരു സിദ്ധാന്തം മാത്രമാണോ?
3. പരിണാമത്തിന് തെളിവുണ്ടോ?
4. പരിണാമം ശാസ്ത്രലോകം പൂര്‍ണമായി അംഗീകരിച്ചിട്ടുണ്ടോ?
5. ഏകകോശ ജീവികളില്‍നിന്ന് പരിണമിച്ചാണ് വലിയ ജീവികള്‍ ഉണ്ടായതെങ്കില്‍ ഇന്നും ഏകകോശ ജീവികള്‍ ഉണ്ടായിരിക്കുന്നത് എങ്ങനെയാണ്?
6. എങ്ങനെയാണ് ഏകകോശ ജീവികള്‍ ഉണ്ടായത്?
7. മാലിന്യകൂമ്പാരത്തില്‍ അടിക്കുന്ന കൊടുങ്കാറ്റ് ഒരു ജമ്പോജെറ്റ് വിമാനം രൂപപ്പെടുത്താനുള്ള സാധ്യത പോലെയല്ലേ തന്മാത്രകള്‍ തനിയെ കൂടിച്ചേര്‍ന്ന് ലളിതമായ കോശം പോലും ഉണ്ടാകാനുള്ള സാധ്യത?
8. കോശത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയെങ്കില്‍ എന്തുകൊണ്ട് കൃത്രിമകോശം അല്ലെങ്കില്‍ കൃത്രിമ ജീവന്‍ ശാസ്ത്രത്തിന് ഇതുവരെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല?
9. പരിണാമസിദ്ധാന്തം തെര്‍മോഡൈനാമിക്‌സിന്റെ രണ്ടാംനിയമത്തിനു എതിരാണോ?
10. അന്നും ഇന്നും കുരങ്ങുണ്ടല്ലോ. കുരങ്ങനെന്തേ ഇപ്പോള്‍ പരിണമിക്കാത്തത്?
11. ഫോസിലുകളുടെ അല്ലെങ്കില്‍ ജീവികളുടെ ആകൃതി നോക്കിയാണോ ജീവികള്‍ തമ്മിലുള്ള അടുപ്പം നിര്‍ണയിക്കുന്നത്?
12. മനുഷ്യന് മാത്രം ബുദ്ധിശക്തി എന്തുതരം പരിണാമത്തിലൂടെ ലഭിച്ചു. ലോകം ഒരുപാട് പുരോഗമിച്ചിട്ടും നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള മൃഗങ്ങളും ഇന്നത്തെ മൃഗങ്ങളും തമ്മില്‍ ഭക്ഷണം തേടുന്നതിലോ, ഇര പിടിക്കുന്നതിലോ ഒന്നും ഒരു മാറ്റവും വരാത്തത് എന്തുകൊണ്ട്. മനുഷ്യന് മാത്രം പരിണാമം നല്‍കാന്‍ മാത്രം മനുഷ്യന്‍ എന്ത് കടപ്പാടാണ് പ്രകൃതിയോട് ചെയ്തത്?
13. ബുദ്ധി ഉപയോഗിച്ചാണ് മനുഷ്യന്‍ അതിജീവിച്ചതെങ്കില്‍ അതിജീവനത്തില്‍ പരാജയപ്പെടാന്‍ പോകുന്ന മുഴുവന്‍ ജീവികള്‍ക്കും നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ബുദ്ധി കിട്ടേണ്ട?
14. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ പരിണമിച്ച സവിശേഷ ജീവി ആണോ?
15. എന്തുകൊണ്ടാണ് ആണ്‍ ജീവികളില്‍ ഉണ്ടായ അതെ മ്യൂട്ടേഷനുകള്‍ പെണ്‍ ജീവികളിലും ഇത്ര കൃത്യമായി ഉണ്ടായത്?
16. പരിണാമം ദൈവവിശ്വാസത്തിനു എതിരാണോ?

ഇനി നമുക്ക് ഈ പോയിന്റ്കൾക്ക് എല്ലാം ഡോ. ദിലീപ് മമ്പള്ളില്‍ നല്‍കുന്ന മറുപടികളും ആ മറുപടികള്‍ എത്രത്തോളം യുക്തിപരവും ശാസ്ത്രീയ അടിത്തറയുള്ളവയുമാണന്ന് ഒന്ന് പരിശോധിക്കാം.

1. എന്താണ് പരിണാമം?
ഈ ചോദ്യത്തിന് ഡോ. ദിലീപ് നല്‍കിയ മറുപടി : “ജീവികൾ പ്രത്യുല്‍പ്പാദനവേളയില്‍ കൈമാറുന്ന ജീനുകളില്‍ മ്യൂട്ടേഷനിലൂടെ (ജനിതക ഉള്‍പ്പരിവര്‍ത്തനത്തിലൂടെ) ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് ജീവിവര്‍ഗ്ഗങ്ങളിൽ ആകൃതിയും സ്വഭാവവും മാറി മറ്റൊരു പുതിയ വര്‍ഗം ആയി മാറുന്നു. പ്രകൃതിക്ക് അനുയോജ്യമല്ലാത്ത ഗുണവിശേഷങ്ങള്‍ ഉള്ള ജീവികള്‍ കാലക്രമേണ നശിച്ചുപോകും. അങ്ങനെ ജീവികളില്‍ അവയ്ക്ക് ഏറ്റവും യോജിച്ച ആകൃതിയും, അവയവങ്ങളും സ്വഭാവങ്ങളും ഉണ്ടാവുകയും ചെയ്യുന്നു എന്നാണ്‌. മാത്രമല്ല മ്യൂട്ടേഷനുകള്‍ ഉണ്ടാകുന്നത് ഒരു ജീവിക്ക് ആവാസവ്യവസ്ഥ അനുയോജ്യമല്ലാത്തത് കൊണ്ടല്ല എന്നും പറയുന്നു”

അദ്ദേഹം ഈ പറയുന്നതിനു ശാസ്ത്രീയമായി വെല്ല അടിസ്ഥാനമുണ്ടോ എന്ന് നോക്കാം. ഡാര്‍വിൻ്റെ കാലത്ത് ജനിതക ശാസ്ത്രം അത്ര പുരോഗമിച്ചിട്ടുണ്ടായിരുന്നില്ല. ഡാര്‍വിൻ്റെ അനുമാനം പ്രകൃതിക്കനുസൃതമായി ജീവി വര്‍ഗങ്ങള്‍ക്കു മാറ്റങ്ങള്‍ക്കു വിധേയമാവാനുള്ള കഴിവുണ്ടെന്നായിരുന്നു. ആ അനുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിണാമ സിദ്ധാന്തം രൂപപ്പെടുത്തിയത്. എന്നാൽ ഒരു ജീവിക്ക് ഒരിക്കലും മറ്റൊരു ജീവിയാവാന്‍ സാധിക്കില്ല, അതിൻ്റെ ജീനുകള്‍ അതിനനുവദിക്കില്ല. ഈ ആധുനിക കാലത്ത് ഇത് സംബന്ധിച്ച് തെളിവുകള്‍ പരിണാമവാദക്കാർക്ക് എതിരാണ് എന്ന് മനസ്സിലാക്കിയതോടെ ഈ പ്രശ്നം സാധൂകരിക്കാന്‍ വേണ്ടി ആധുനിക പരിണാമവാ‍ദികള്‍ പറയുന്നത്  “മ്യൂട്ടേഷന്‍” വഴിയുണ്ടായ ജനിതക മാറ്റങ്ങള്‍ക്കു വിധേയമായാണ് ഏക കോശ ജീവിയില്‍ നിന്നു മനുഷ്യന്‍ വരെയുള്ള പരിണാമം നടന്നിരിക്കുന്നത് എന്നാണ്‌ പ്രചാരണം നടത്തുന്നത്. സത്യത്തില്‍ മ്യൂട്ടേഷന്‍ ജനിതക തകര്‍ച്ചയ്ക്ക് മാത്രമേ വഴി വയ്ക്കൂ. പുതിയതായി ഒന്നും ഉണ്ടാക്കാന്‍ മ്യൂട്ടേഷനു കഴിയില്ല. മ്യൂട്ടേഷനു വിധേയമായാല്‍ മനുഷ്യ ശരീരത്തില്‍ ഉണ്ടായേക്കാവുന്ന ഫലങ്ങള്‍ ഇവയൊക്കെയാണ്: “ഫിമോഫീലിയ, ഡൌണ്‍ സിന്‍ഡ്രം എന്നു തുടങ്ങി മരണം വരെ ഉണ്ടായേക്കാം” എന്നത് മാത്രമാണ്.

ഒരു ജീവിക്ക് അതിൻ്റെ ജനിതക കോശം എന്നുള്ളത് ആ ജീവിയുടെ ഉത്തമമായ പ്രവര്‍ത്തനത്തിനുള്ളതാണ്, അതിനു സംഭവിക്കുന്ന ഏതൊരു മാറ്റവും ആ ജീവിക്ക് അംഗവൈകല്യത്തിനോ അല്ലെങ്കില്‍ അതിൻ്റെ നാശത്തിനോ മാത്രം കാരണമാവും.

വര്‍ഷങ്ങളോളം ഈ വിഷയത്തിൽ ഗവേഷണങ്ങൾ നടത്തിയ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ Dr. Lee Spetner പറയുന്നു : “…..in all the reading I’ve done in the life sciences literature, I’ve never found a mutation that added information……all point mutations that have been studied on the molecular level turn out to reduce the genetic information and not increase it.”

Pierre-Paul Grasse നെപ്പോലുള്ള പരിണാമവാദികൾ അവരുടെ സിദ്ധാന്തത്തിലെ ഈ പോരായ്മ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. Grasse  പറയുന്നു : “No matter how numerous they may be, mutations do not produce any kind of evolution.”

2. പരിണാമം ഒരു തട്ടിപ്പ് ശാസ്ത്രം ആണോ; ഇത് വെറുമൊരു സിദ്ധാന്തം മാത്രമാണോ?
ഈ ചോദ്യത്തിന് ഡോ. ദിലീപ് നല്‍കിയ മറുപടി : “ചാള്‍സ് ഡാര്‍വിന്‍ തൻ്റെ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, പരിണാമം ഒരു സിദ്ധാന്തം (തിയറി) മാത്രമായിരുന്നു. എന്നാല്‍, അതിനുശേഷം ജനിതകശാസ്ത്രത്തിലും മറ്റുമുണ്ടായ പുരോഗതി കൊണ്ട്‌ പരിണാമസിദ്ധാന്തത്തിന് തെളിവുകള്‍ ലഭിച്ചു എന്നും എന്നാൽ സാധാരണ ജനങ്ങളില്‍ അവയൊന്നും എത്തിയില്ല എന്നും; അതിനാൽ പലരും പരിണാമത്തെ ഇന്നും ഡാര്‍വിൻ്റെ തിയറി മാത്രമായി തെറ്റിദ്ധരിച്ചിരിക്കുന്നു.” എന്നും ആണ്‌. നമുക്ക്‌ അദ്ദേഹം അവകാശപ്പെടുന്നത് ഒന്ന് പരിശോധിച്ച് നോക്കാം.

അദ്ദേഹം തന്നെ വ്യക്തമാക്കുന്ന പോലെ ചാള്‍സ് ഡാര്‍വിന്‍ തൻ്റെ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പരിണാമം ശാസ്ത്രീയ നിരീക്ഷണ തെളിവുകളിൽ അടിസ്ഥാനപെടാത്ത ഒരു സിദ്ധാന്തം (തിയറി) മാത്രമായിരുന്നു. ഡാര്‍വിനും അനുയായികളും കരുതിയിരുന്നത് പില്‍ക്കാലങ്ങളിൽ നടക്കുന്ന ഗവേഷണങ്ങളും പരീക്ഷണങ്ങളും പരിണാമസിദ്ധാന്തത്തിന് തെളിവുകള്‍ നല്കും എന്നായിരുന്നു. എന്നാല്‍ പില്‍ക്കാലങ്ങളിൽ നടന്ന ഗവേഷണങ്ങളും പരീക്ഷണങ്ങളും തെളിവുകള്‍ നല്‍കിയില്ല എന്ന്‌ മാത്രമല്ല യാഥാര്‍ത്ഥ്യങ്ങൾ അവരുടെ ഊഹാപോഹങ്ങൾ പോലെ അല്ലാ മറിച്ച് അവരുടെ സങ്കല്‍പ്പങ്ങൾക്ക് എതിരും ആയിരുന്നു.

ഉദാഹരണത്തിന് ജനിതകശാസ്ത്രത്തിലുണ്ടായ പുരോഗതി: 1860 – കളില്‍ ഒരു ഓസ്ട്രിയൻ കത്തോലിക്കാ വൈദീകനും ജനിതക ശാസ്ത്രത്തിൻ്റെ പിതാവുമായിരുന്ന ഗ്രിഗർ മെൻഡൽ (Austrian monk Gregor Mendel) ജനിതകപരമായ പ്രത്യേകതകൾ (Traits) തലമുറകളിലേക്കു കൈമാറുന്നതിനെ കുറിച്ച് വളരെ വിപുലമായ ഗവേഷണങ്ങൾ നടത്തി വളരെ വിശദമായി റെക്കോർഡ് ചെയ്തു. അപ്പോൾ കണ്ടെത്തിയത് ജനിതക ഗുണങ്ങൾ (genetic Information) കൂടി കലരുന്നില്ല (Discrete not blended) എന്നു മാത്രവുമല്ല ജനിതക വിവരങ്ങൾ നഷ്ടപ്പെട്ടു പോകുന്നുമ്മില്ല എന്നുമാണ്.

1953-ൽ ജെയിംസ് വാട്സണിനും ഫ്രാൻസിസ് ക്രിക്കിനും ഡി. എൻ. ഏ ഘടന കണ്ടെത്തിയതോടെ ജനിതക ശാസ്ത്രം പൂര്‍ണമായും പരിണാമ സിദ്ധാന്തത്തേ ഭ്രാന്തോക്തിയായി തള്ളിക്കളയുന്നു.

മെൻഡലിൻ്റെ പാരമ്പര്യനിയമങ്ങൾ എല്ലാതരം ജീവികൾക്കും ബാധകമാണെന്ന് പിൽകാല ഗവേഷണങ്ങൾ തെളിയിച്ചു. കഴിഞ്ഞ എഴുപതു വർഷങ്ങളിലായി നടന്ന ഗവേഷണങ്ങൾ, മെന്ഡലിൻ്റെ നിയമങ്ങൾക്ക് സാധുത നൽകിയതോടൊപ്പം വിശദാംശങ്ങളിൽ ചില രൂപന്തരണങ്ങൾ വരുത്തുകയും, അദ്ദേഹത്തിൻ്റെ സിദ്ധാന്തങ്ങളിൽ ഉൾപ്പെടാതിരുന്ന പുതിയ നിയമങ്ങൾ ആവിഴ്കരിക്കുകയും ചെയ്തു. എങ്കിലും ജീൻസിദ്ധാന്തത്തിൻ്റെ അന്തസ്സത്തക്ക് അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഡോ. ദിലീപ് അവകാശപ്പെടുന്ന പോലെ ജനിതക ശാസ്ത്രം പരിണാമവാദത്തിന് അനുകൂലമല്ല, മറിച്ച് പുതിയ കൂടുതലായി പഠനങ്ങൾ വരുന്നത് അനുസരിച്ച് കൂടുതൽ കൂടുതൽ എതിരായി ക്കൊണ്ട് മാത്രം ഇരിക്കുന്നു.

ബൈബിളിൽ പറയുമ്പോലെ “അതതുതരം സ്പീഷിസ്” ആയിത്തന്നെ ജീവി വര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുന്നു. കാരണം നാളിതുവരെ നടന്ന ഗവേഷണങ്ങള്‍ രൂപാന്തരങ്ങൾ (mutations) പോലും ദോഷകരമാണെന്ന് ആണ്‌ തെളിഞ്ഞിരിക്കുന്നത്. അല്ലാതെ പ്രകൃതിനിർദ്ധാരണം വഴി പരിണാമം (കൂടുതൽ മെച്ചപ്പെട്ട മറ്റൊന്നായി) നടക്കുന്നില്ല.

പിന്നെ ഡോ. ദിലീപ് പരിതേവനപ്പെടുന്ന പോലെ ഈ പരിണാമവാദ അബദ്ധങ്ങൾ, കപടശാസ്ത്ര സിദ്ധാന്തങ്ങൾ സാധാരണ ജനങ്ങളിൽ എത്തുന്നില്ല എന്നാണോ. അല്ലാ അവ ശാസ്ത്ര സത്യങ്ങൾ എന്ന നിലയില്‍ സ്കൂൾ തലം മുതല്‍ പഠിപ്പിക്കപ്പെട്ടു കൊണ്ട് ഇരിക്കുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിവുള്ള കാര്യമാണെല്ലോ. ഇതിൽ കൂടുതലായി ജനങ്ങളിലേക്ക് എത്തേണ്ട കാര്യമുണ്ടോ. അതും പോരാഞ്ഞ് സകല മുന്‍നിര മാധ്യമങ്ങളും ഇത്തരം കപടശാസ്ത്ര സിദ്ധാന്തങ്ങളുടെ പ്രചാരകരായി വർത്തിക്കുന്നു.

ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: “നാം അവൻ്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.” (അപ്പൊ. പ്രവൃത്തികൾ. 17:26 – 28)copyright@ovsonline.in
(തുടരും…)

ശാസ്ത്രം – ദൈവ വിശ്വാസം Part – 1

error: Thank you for visiting : www.ovsonline.in