EditorialOVS - Latest News

” ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും” വേണ്ടത് കേവലം സഭാ വിശ്വാസികൾക്കു മാത്രമോ ?

ഓ.വി.എസ് എഡിറ്റോറിയല്‍

മുകളിൽ പറഞ്ഞിരിക്കുന്ന ബൈബിൾ (ലൂക്കോസ് 18 :2 ) പ്രയോഗം മലങ്കര സഭ ഉൾപ്പടെയുള്ള എല്ലാ ക്രൈസ്തവ സഭകളിലെയും പൗരോഹത്യത്തിലെ കുപ്പായ നിറ വ്യത്യയാസമില്ലാതെയുള്ള ഒരു ചെറിയ ശതമാനം വരുന്ന വൃത്തികെട്ട പുഴു കുത്തുക്കളെ സൂചിപ്പിക്കാനാണ്. ദൈവത്തെ ഭയപ്പെട്ടും മനുഷ്യനെ ശങ്കിച്ചും ജീവിക്കണം എന്ന് വിശ്വാസികളെ പഠിപ്പിക്കുന്ന ചില പുരോഹിതർക്ക് മേൽ പറഞ്ഞ കാര്യങ്ങൾ ബാധകമേയല്ല. ആദിമ നൂറ്റാണ്ടാക്കൾ മുതൽ കർത്താവിന്‍റെ പ്രതി പുരുഷൻ എന്ന നിലയിൽ ക്രൈസ്തവ സഭാ പുരോഹിതരെ മലങ്കരയിലെ അജഗണങ്ങൾ ബഹുമാനിക്കുകയും, അനുസരിക്കുകയും, പരിചരിക്കുകയും ചെയ്തു പോകുന്നു. ജനത്തെ ക്രിസ്തു കല്പനകളിലൂടെയും, സത്യാരാധനയിലൂടെയും സന്മാർഗ്ഗത്തിൽ ചരിപ്പിക്കേണ്ട ഇടയന്മാർ പലരും ഈ കാലഘട്ടത്തിൽ തങ്ങളുടെ കർത്തവ്യത്തെയും, ദൈവിക ശുശ്രൂഷയെയും മറന്ന് പൗരോഹത്യം എന്നത് ഒരു ഉപജീവനമായി കാണുന്നു എന്നുള്ളത് വൈദികർ പോലും ഇന്ന് പരക്കെ സമ്മതിക്കുന്ന ഒരു പരമ സത്യമാണ്.

“ഇപ്പോഴോ പുരോഹിതന്മാരെ, ഈ ആജ്ഞ നിങ്ങളോട് ആകുന്നു. നിങ്ങൾ കേട്ടനുസരിക്കുകയും, എന്‍റെ നാമത്തിന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മനസ്സു വെക്കുകയും ചെയ്യാഞ്ഞാൽ ഞാൻ നിങ്ങളുടെ മേൽ ശാപം അയച്ചു നിങ്ങൾക്കുള്ള അനുഗൃഹങ്ങളെയും ശപിക്കും എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. (മലാഖി 2: 1-2 ) “

അനുദിനം മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ആധുനിക കാലത്ത്, ആഡംബര ഭ്രമക്കാരായ ആർത്തിപൂണ്ട ജനത്തിന് ഒത്ത വൈദികരായി ഇവർ അതിവേഗം രൂപാന്തരപ്പെടുന്നു. ക്രൈസ്തവ വൈദികർ എന്നു പോയിട്ട്, ഒരു ശിലായുഗ മനുഷ്യന്‍റെ പോലും കാരുണ്യവും, മര്യാദയും, ജീവിത വിശുദ്ധിയുമില്ലാത്ത വൈദികർ പോലും ഇന്ന് മലങ്കര സഭയിലും ചെറിയ തോതിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം കളങ്കിത പുരോഹിതർ അർപ്പിക്കുന്ന വി. ബലി സ്നേഹത്തിന്‍റെയും, പാപപരിഹാരത്തിന്‍റെയും, നിരപ്പിന്‍റെയുമല്ല, അതു കായെന്‍റെ ചോര മണമുള്ള പാപബലിക്ക് തുല്യമാണ്. പുരോഹിതരെ വിധിക്കാൻ അജഗണങ്ങൾക്കു അധികാരം ക്രൈസ്തവ സഭകളിൽ ഇല്ലെന്നയിരിക്കെ നിങ്ങൾ അടുത്ത വി.ബലിക്കു മുൻപേ ദൈവസന്നിധ്യയിൽ ആത്മാർഥമായ ഒരു സ്വയം പരിശോധന നടത്തണം .

അധികാര മോഹം, ആഡംബര ഭ്രമം, പണത്തോടുള്ള ആർത്തി, ലൈംഗികാസക്തി എന്നീ വിലക്കപ്പെട്ട കനികളിലും മലങ്കര സഭയുടെ പൗരോഹത്യത്തിലെ പുഴു കുത്തുകൾ മുന്നേറി കൊണ്ടിരിക്കുന്നു എന്ന് വേദനയോടെ കൂടി പറയേണ്ടി വരുന്നു. മലങ്കര സഭയെയും, ക്രൈസ്തവ പൗരോഹത്യത്തെയും ഒന്നാകെ അപമാനത്തിന്‍റെ പടു കുഴിയിലേക്ക് തള്ളി വിടുന്ന പൗരോഹത്യ ലൈംഗിക – പീഡന കഥകൾ കൃത്യമായ ഇടവേളകളിൽ ജനകീയ-മാധ്യമ ഇടപെടുലകൾ മൂലം പുറത്തു വരുമ്പോൾ സഭയും വിശ്വാസികളും ലജ്ജ കൊണ്ടു മുഖം പൊത്തി നിൽക്കുന്നത് ഇപ്പോൾ പതിവായി. ഈ മഹത്വ സംഭാവനയിൽ ദൈവത്താൽ ഷണ്ഡത്വം പ്രാപിച്ചവർക്കു ഒപ്പം വിവാഹിത പുരോഹിതരും മത്സരിച്ചു ഉണ്ട് എന്ന വിഷയം മലങ്കര സഭയും വിശ്വാസികളും ഗൗരവത്തോടെ കാണണം. ഇതര ക്രൈസ്തവ സഭകളിൽ നിന്നും കൂടുതൽ ജീർണതകളും, മോശമായ സംഭവങ്ങളും മുറയ്ക്ക് വെളിച്ചം കാണുന്നത് കൊണ്ടു മാത്രം തൽക്കാലം സഭാ സ്നേഹികളായ വിശ്വാസികൾ ഒന്നു ബാലൻസ് ചെയ്തു നിൽക്കുന്നു എന്നു മാത്രം. അടുത്തത് എപ്പോൾ, എവിടെ നിന്നു എന്ന് ഭയ ചിന്തയോടെ കൂടി.

കൊട്ടാരക്കര സെന്‍റ് ഗ്രീഗോറിയോസ് സ്കൂളിലെ സുറിയാനി അധ്യാപകൻ കൂടിയായ വൈദികൻ കാലങ്ങളായി ചെയ്ത കൊണ്ടിരുന്ന ശുദ്ധ അപരാധത്തിനു മറ്റു ചില സഭകൾ ചെയ്യും മാതിരി അരമനകളിൽ സംരക്ഷിച്ചു പിടിക്കാതെ ഇദ്ദേഹത്തെ സ്കൂളിൽ നിന്ന് പുറത്താക്കിയ മലങ്കര സഭയുടെയും, പരിശുദ്ധ കാതോലിക്ക ബാവയുടെയും നടപടിയെ സഹർഷം സ്വാഗതം ചെയുന്നു.’ പക്ഷെ ഇത്തരം താല്കാലിക നടപടികളിൽ അവസാനിപ്പിക്കാതെ ആരോപണ വിധേയനായ വൈദികന് എതിരെ സഭാ സമിതികൾ നിഷ്‌പക്ഷ അന്വേഷണം നടത്തി നിരപരാദിത്വം ജനത്തിന് ബോധ്യപ്പെടും വരെ ഒരു വൈദികൻ എന്ന നിലയില്‍ അടുത്ത സകല ചുമതലകളിൽ നിന്നും ഇദ്ദേഹത്തെ വിടർത്തി നിർത്തണം. ഭാവിയിൽ ഇത്തരം ലജ്ജാകമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മലങ്കര സഭ കർശന നടപടികൾ സ്വീകരിക്കണം. ഇത്തരം മോശപ്പെട്ട വൈദികർ ഇന്ന് പല ഭാഗത്തും ഉണ്ടെങ്കിലും സർവ ശക്തന്‍റെ മഹാ ദയ കൊണ്ടും, വിശ്വാസികളുടെ നിസ്സംഗത കൊണ്ടും, സഭാ സ്നേഹികളുടെ സഹിഷ്‌ണത കൊണ്ടും മാത്രമാണ് നിങ്ങൾ തെരുവിൽ ഇന്നോളും അപമാനിക്കപ്പെടാതെ മാന്യരായി ഇന്ന് സമൂഹത്തിൽ നിൽക്കുന്നത് എന്നു ബോധ്യത്തിൽ ഇനി സ്വയം തിരുത്തി പോയാൽ ഏറെ നല്ലത്. വിലക്കപ്പെട്ട കനികളുടെ മോഹവലയങ്ങൾ നിങ്ങൾക്ക് നൽകുന്ന നൈമിഷിക ഉന്മാദങ്ങൾ അധികം വൈകാതെ ആർക്കും രക്ഷിക്കാനാക്കാത്ത വിധത്തിൽ നിങ്ങളെ സമൂഹത്തിനു അപശകുനമാക്കിയേക്കും എന്നു മനസിൽ ഉറപ്പിച്ചോളൂ. ഇത്തരക്കാരായ കളങ്കിത പുരോഹിതരെ പ്രാദേശിക തലത്തിൽ കൃത്യമായി നീരീക്ഷിക്കാനും, തുടക്കത്തിൽ തന്നെ തിരുത്തിക്കാനും കഴിയുന്ന തരത്തിൽ ഉത്തമ സഭാ വിശ്വാസികളുടെ ജാഗ്രതയ്ക്കായി നമ്മുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം.

ഇതരണത്തിൽ പൗരോഹത്യ തലത്തിലെ നിശിതമായി വിമർശിക്കപ്പെടേണ്ടേ മറ്റ്‌ ചില സത്യങ്ങളെ കൂടെ ഓർമ്മിപ്പിക്കുന്നു. മലങ്കര സഭയുടെ ചില അരമനകൾ ഇന്ന് ധാർഷ്ട്യം നിറഞ്ഞ സ്വാർഥമതികളായ വൈദികരും ചില രാഷ്ട്രീയ പറവകളും അടങ്ങുന്ന കോക്കസുകളുടെ പിടിയിലാണ്. ഇവർ സാധാരണ സഭാ വിശ്വാസികളെ സഭയിൽ നിന്നും, ഭദ്രാസന മെത്രാപോലീത്തയെ വിശ്വാസികളിൽ നിന്നും ഒരു പോലെ അകറ്റി നിർത്തി തൻകാര്യം നേടുന്നു. അറിഞ്ഞോ, അറിയാതയോ ചില മെത്രാന്മാർ ഇവരുടെ തടവറകളിലാണ്. അഴിമതിയും, സ്വജന പക്ഷപാതിത്വവും ഇവിടങ്ങളിൽ ആരോപിക്കപ്പെടുന്നു. ഇത്തരം വൈദികർ തങ്ങളുടെ അനിഷ്ടം നേടിയാൽ സഹ വൈദികരെ പോലും വെറുതെ വിടില്ല. ചില വൈദികർക്കു ഇടയിൽ കണ്ടു വരുന്ന ആഡംബര മനോഭാവം, പൗരോഹത്യം ഒരു ഉപജീവന മാർഗം എന്നതും കഴിഞ്ഞു ഒരു പണ സമ്പാദന വഴിയായി കണക്കാക്കിയുള്ള ആർത്തി, ജനത്തെ കരുതാത്ത, കേൾക്കാൻ മനസ്സു കാണിക്കാത്ത വിനയവും വിവേകവുമില്ലാത്ത വൈദികർ ഒക്കെ മലങ്കര സഭയ്ക്കും ക്രൈസ്തവ സമൂഹത്തിനും തന്നെ ഒരു തീരാശാപമാണ് . സ്വന്തം സാമ്രാജ്യങ്ങളെ പോലെ അനുവാദമില്ലാതെ ഇരുട്ടും വെളിച്ചവും പോലും കയറാൻ അനുവദിക്കാത്ത നമ്മുടെ ചില സമ്പന്ന ദയറാകളുടെയും സ്ഥിതി വിഭിന്നമല്ല. നമ്മുടെ മലങ്കര സഭ വൈദികരുടെയോ മെത്രാന്‍റെയോ മാത്രമല്ല എന്ന് ബോധ്യമുള്ള, പരിശുദ്ധ സഭയുടെ ഓഹരിയുടമകളായ മലങ്കര നസ്രാണികൾ പരിശുദ്ധ സഭയുടെ യശസ്സിനും, ഐക്യത്തിനും കോട്ടം വരുത്താതെ തരത്തിൽ സഭയിലെ ഇത്തരം ദുർമേദസുക്കൾക്ക് എതിരെ “ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകരായി” ഓരോ പ്രദേശത്തും ശക്തമായി ഉയർന്നു വരണം.

പരിശുദ്ധ മലങ്കര സഭയും, അതിന്‍റെ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയും, പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹോദസും സഭയിലെ വൈദിക സംഘം പോലെയുള്ള സംഘടനക്കളെ ഉപയോഗിച്ച വൈദികർക്കു മേൽ കൃത്യമായ നിയന്ത്രണങ്ങളും, നീരീക്ഷണങ്ങളും കൊണ്ടു വരണം. ഒരു ഘട്ടത്തിലും കുറ്റവാളികളായ വൈദികരെ സംരക്ഷിക്കാതെ മാതൃകപരമായ കർശന നടപടികൾ സ്വീകരിക്കണം. മലങ്കര സഭാ വൈദികർക്കു കാലോചിതമായി വേണ്ട പരിശീലനങ്ങളും, കൌണ്‍സിലിംഗും മാന്യമായ വേതനത്തിനു ഒപ്പം നൽകണം. വർഷാവർഷം സഭയുടെ സെമിനാരികളിൽ നിന്നും വൈദികരെ സൃഷ്ടിച്ചു വിടുന്നത് പോലെ, നമ്മുടെ വൈദികരെ (പ്രവാസ മേഖല വൈദികർക്കു ഉൾപ്പെടെ) കുറഞ്ഞത് അഞ്ചു വർഷത്തിൽ എങ്കിലും സെമിനാരിയിൽ മുതിര്‍ന്ന സഭാ പിതാക്കന്മാരുടെ കർശന ശിക്ഷണത്തിൽ 5 ദിവസമെങ്കിലുമുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കണം എന്നു നിർബന്ധ വ്യവസ്ഥ കൊണ്ടു വരണം. ഇതിനു വഴങ്ങാത്തവരെ ഭദ്രാസന ട്രാൻസ്ഫർ സമയത്തു മാറ്റി നിർത്തണം. വർഷത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായി സഭയുടെ വിശ്വാസി കുമ്പസാരിച്ചു വി.കുർബാന കൊണ്ടു എന്നു കുമ്പസാര രജിസ്റ്റർ നോക്കി വിശ്വാസികളുടെ സഭാവകാശത്തെ തീരുമാനിക്കുന്ന നമ്മുടെ മലങ്കര സഭയിൽ, ഉന്നത പൗരോഹത്യ നിലവാരം കാത്തു സൂക്ഷിക്കാൻ വൈദികർ ഇത്രയുമെങ്കിലും സഭയ്‌ക്ക്‌ വേണ്ടി ചെയ്യാതെ തരമില്ല.

ക്രൈസ്തവ സഭകളിലെ ഇത്തരം ജീർണതകളിൽ സഭാ വിശ്വാസികൾ എന്തു സമീപനം സ്വീകരിക്കണം എന്നു കൂടി പറഞ്ഞു അവസാനിപ്പിക്കട്ടെ. സഭയുടെ വിശ്വാസികൾ എന്നു പറയുമ്പോൾ ജന്മം കൊണ്ട് സഭയിൽ അംഗമായി എന്നത് ഒഴിച്ചാൽ, സമൂഹത്തിൽ എന്തു സംഭവിച്ചാലും തങ്ങളുടെയും കുടുംബത്തിന്‍റെയും ഇടതടവില്ലാത്ത വളർച്ചയ്ക്കും, അഭിവൃദ്ധിക്കും ഒരു മുടക്കവും വരുത്തരുതെ എന്നു പുണ്യവാളനോടും, കുതിരയോടും, ശൂലത്തോടും ഒരേപോലെ ഏതു കൂട്ടായ്‌മയിലും പോയി പ്രാർത്ഥിക്കുന്ന കേവലം അപ്പം പെറുക്കികളായ ഭാഗ്യന്വേഷികളെയല്ല. ഇടവകയിൽ പുതിയതായി വന്ന വികാരിയച്ചന്‍റെ പ്രസംഗത്തിലെ മാധുര്യവും, കുർബാനയുടെ ഇമ്പവും മാത്രം കണ്ടു പള്ളിയിൽ പോകുകയും, പിന്നീട് ഇതേ ഇടവക വികാരിയുടെയോ മെത്രാന്‍റെയോ ഏതെങ്കിലും ഒരു പ്രവർത്തിയുടെ പേരിൽ നിൽക്കുന്ന സഭ തന്നെ വിട്ടു പോകുകയും ചെയുന്ന പൈതൃക ബോധമില്ലാത്ത അവസരവാദികളെയമല്ല മലങ്കര സഭ വിശ്വാസികൾ എന്നു വിളിക്കപ്പെടേണ്ടത്, മലങ്കര സഭ തന്‍റെയും കൂടി ഓഹരിയാണ് എന്നും, തങ്ങളുടെ പൂർവികർ അനവധി ത്യാഗങ്ങൾ സഹിച്ചു കെട്ടി പടുത്ത ഈ പരിശുദ്ധ സഭ എന്‍റെ വരും തലമുറകൾക്കു കൂടെ അവകാശമായിരിക്കാൻ ഞാൻ ഇതിനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നു ആർജ്ജവത്തോടെ പറയാൻ കഴിയുന്ന മലങ്കര നസ്രാണികളെയാണ്.

പരിശുദ്ധ സഭയുടെ ആചാര്യത്തിനു നല്ല വെണ്മ കൊടുക്കവാനും, സഭയുടെ പിതാക്കന്മാർക്കു സഭയെ ഐക്യത്തോടെ ശരിയായ ദിശയിൽ നയിക്കാനും, ദയറാകളിൽ നിന്നും ഉത്തമ ഓർത്തഡോക്സ്‌ സന്യസ്ഥരെ ലഭിക്കാനും, നമ്മുടെ സെമിനാരികളിൽ നിന്നും തിളക്കമാർന്ന വൈദിക മാണിക്യങ്ങളെ ലഭിക്കാനും, സഭയുടെ ഭരണ സ്ഥാനീയർ അവരിൽ ഭരമേലിപ്പിക്കപ്പെട്ട കർത്തവ്യങ്ങൾ ശരിയായ രീതിയിൽ സഭയുടെ നന്മയെ കരുതി പ്രവർത്തിക്കാനും നാം തീവ്രമായി പ്രാർത്ഥിക്കണം.

മാർത്തോമ ശ്ലീഹായുടെ പരിശുദ്ധ മലങ്കരസഭയെ ക്ഷീണിപ്പിക്കാനും, ഉപദ്രവിക്കാനും ശ്രമിക്കുന്ന ബാഹ്യ ശക്തികൾക്കു എതിരെ വീറോടെ നിൽക്കാനും, സഭയ്‌ക്കുള്ളിലെ ജീർണതകളെയും, തെറ്റുകളെയും ഉത്തമനായ ഒരു സഭ സ്നേഹിയുടെ അച്ചടക്കത്തോടെ ഉചിതമായ വേദികളിൽ മാന്യമായി ചോദ്യം ചെയ്യാനും തയ്യാറാകണം. പരിശുദ്ധ സഭയെ സ്നേഹിക്കുകയും അതിനെ പരിരക്ഷിക്കുകയും ചെയ്യുന്ന സഭാ പിതാവ് മുതൽ വിശ്വാസിയെ വരെ ഇടംകൈ കൊണ്ട് നെഞ്ചോടെ ചേർത്തു പിടിക്കുമ്പോൾ തന്നെ, പരിശുദ്ധ സഭയെ ദ്രോഹിക്കുകയും, അതിന്‍റെ മാന്യതയെയും, വിശുദ്ധിയെയും നശിപ്പിക്കുകയും ചെയ്യുന്ന എല്ലാ സഭാ ദ്രോഹികളുടെയും നേരെ വലംകൈ വിരൽ ചൂണ്ടാനും മടിക്കാത്ത ജാത്യഭിമാന്യമുള്ള “ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകരായി” മലങ്കര നസ്രാണികൾ മാറട്ടെ. അങ്ങനെ പരിശുദ്ധ മലങ്കര ഓർത്തഡോക്സ് സഭയുടെ വളർച്ചയ്ക്കും , മഹത്വത്തിനുമായി നമ്മുക്ക് ഒന്നായി ക്രിസ്തുവിൽ ആശ്രയിച്ചു മുന്നേറാം.

ഓ.വി.എസ് എഡിറ്റോറിയല്‍

മലങ്കരസഭയിലെ കളകളെ പറിച്ചെറിയണം… നിർബാധം, നിർദയം, നിരന്തരം