OVS - ArticlesOVS - Latest News

മോഹങ്ങള്‍ മരവിച്ചു… മോതിരക്കൈ മുരടിച്ചു…

ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ‘ഇന്ത്യ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഭൂവിഭാഗത്തെ ‘പാകിസ്താന്‍’ എന്നും ‘ഹിന്തുസ്ഥാന്‍’ എന്നും രണ്ടായി വിഭജിക്കണമെന്നത് പാകിസ്താന്‍ നേതാക്കളായ മഹമ്മദാലി ജിന്ന മുതലായവരുടെ ആവശ്യമായിരുന്നു. ഇന്ത്യന്‍ ദേശീയ നേതാക്കളായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു മുതലായവര്‍ അതിനെ എതിര്‍ത്തു. വിഭജനശേഷവും തങ്ങളുടെ രാജ്യത്തിന് പൂര്‍വികമായ ഇന്ത്യ എന്ന നാമം നിലനിര്‍ത്തണമെന്നായിരുന്നു അവരുടെ ആവശ്യം.

അവസാനം 1947-ല്‍ ‘അവിഭക്ത ഇന്ത്യ, ഇന്ത്യ, പാകിസ്താന്‍ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.
ഈ ചരിത്ര സംഭവത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കാന്‍ കാരണം 2023 ഡിസംബര്‍ 2-ന് ‘മലയാള മനോരമ’ കോട്ടയം എഡിഷനില്‍ വന്ന ഒരു വാര്‍ത്തയാണ്. ‘…യാക്കോബായസഭയുടെ ഭരണത്തലവന്‍ സഭയില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന മലങ്കര മെത്രാപ്പോലീത്താ എന്ന സ്ഥാനപ്പേരിലായിരിക്കും അറിയപ്പെടുകയെന്ന് യാക്കോബായ സഭാ മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു…’ എന്നാണ് ആ വാര്‍ത്ത. 1947-ലെ വിഭജനത്തിനു ശേഷം മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞ് പാകിസ്താന്‍ പ്രധാനമന്ത്രി സ്വയം ‘ഇന്ത്യന്‍ പ്രധാനമന്ത്രി’ എന്ന് അവകാശപ്പെടുന്നതിനു സമാനമായ ഒരു പരിഹാസ്യ പ്രവര്‍ത്തിയാണിത്.

മലങ്കര മാര്‍ത്തോമ്മാ സഭയുടെ അദ്ധ്യക്ഷന്‍ ‘മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ’ എന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അദ്ധ്യക്ഷന്‍ ‘മലങ്കര മെത്രാപ്പോലീത്താ’ എന്നും സ്ഥാനനമാമായി ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നു മാത്രമല്ല, അവ നിയമപരവുമാണ്. അതതു സഭകളുടെ ഔദ്യോഗിക നാമത്തിന്റെ ഭാഗം തന്നെയാണ് ഇരുവരും തങ്ങളുടെ സ്ഥാനനാമമായി ഉപയോഗിക്കുന്നത്.

എന്നാല്‍ പേരില്‍ പോലും ‘മലങ്കര’ ഇല്ലാത്ത ‘യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ’യുടെ (Jacobite Syrian Christian Church) ഭരണത്തലവന്‍ എങ്ങിനെ മലങ്കര മെത്രാപ്പോലീത്താ ആവും? അതും പോകട്ടെ, മുകളില്‍ പ്രസ്താവിച്ച യാക്കോബായ സഭയുടെ ‘ഭരണത്തലവന്‍’ മലങ്കര മെത്രാപ്പോലീത്താ എന്നു നാമഭേദം വരുത്തിയ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയോ അതോ സാക്ഷാല്‍ അന്ത്യോഖ്യാ പാത്രയര്‍ക്കീസോ?

‘…അടുത്ത യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ അസോസിയേഷനില്‍ സഭാ ഭരണഘടനയില്‍ ഈ ഭേദഗതി ഉള്‍പ്പെടുത്തും…’ എന്നും വാര്‍ത്തയില്‍ തുടര്‍ന്നു പറയുന്നുണ്ട്. 2002-ല്‍ പാസാക്കിയ ‘യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ’യുടെ ഭരണഘടന അസാധുവാണന്ന് കോടതി വിധിയുണ്ട്. അപ്പോള്‍ ഇല്ലാത്ത ‘യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍’ എങ്ങിനെ നിയമപരമായി അസാധുവായ ‘സഭാ ഭരണഘടന’ ഭേദഗതി ചെയ്യും?

ആ ഭാഗവും അവിടെ നില്‍ക്കട്ടെ. നിയമപരമായി മുളന്തുരുത്തി പള്ളത്തിട്ട ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് ‘മലങ്കര മെത്രാപ്പോലീത്താ’ എന്ന സ്ഥാനം അവകാശപ്പെടുവാന്‍ സാധിക്കുമോ? ലളിതമായ ഭാഷയില്‍ ഉത്തരം ‘ഇല്ല’ എന്നാണ്. അതിനു കാരണം 1995-ലെ സുപ്രീം കോടതി വിധിയും 2002 മാര്‍ച്ച് 20-ന് പരുമല സെമിനാരിയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനുമാണ്.

1995-ല്‍ രണ്ടാം സമുദായക്കേസില്‍ 1934-ലെ മലങ്കര സഭാ ഭരണഘടന സാധുവാണന്ന് ബഹു ഇന്ത്യന്‍ സുപ്രീം കോടതി വിധിച്ചു. ഇതിനെ തുടര്‍ന്ന് മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ അല്ലെന്ന് ജോസഫ് മാര്‍ ഗ്രീഗോറിയോസ് അടക്കമുള്ള മുന്‍ പാത്രിയര്‍ക്കീസ് പക്ഷം തടസം ഉന്നയിച്ചു. ഇതിനു പ്രതിവിധിയായി അദ്ദേഹം മലങ്കര മെത്രാപ്പോലീത്താ ആണോ അല്ലയോ എന്ന് 1934-ലെ മലങ്കര സഭാ ഭരണഘടന പ്രകാരം വിളിച്ചു ചേര്‍ക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തീരുമാനിക്കട്ടെ എന്നു ബഹു. ഇന്ത്യന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അതിനായി കോടതി ഒരു നിരീക്ഷകനേയും നിയമിച്ചു.

കോടതി നിരീക്ഷകന്റെ പ്രതിഫലത്തില്‍ പകുതി കോടതിയില്‍ കെട്ടിവെച്ചും ഇടവകപ്പള്ളികളുടെ പട്ടിക നല്‍കിയും അസോസിയേഷന്റെ നടത്തിപ്പിന്റെ തുടര്‍ നടപടികളില്‍ സജീവമായി സഹകരിച്ചു മുന്നേറിയ പള്ളത്തിട്ട ജോസഫ് മാര്‍ ഗ്രീഗോറിയോസ് അടക്കമുള്ള മുന്‍ പാത്രിയര്‍ക്കീസ് പക്ഷം യോഗ-പൂര്‍വ നടപടികളുടെ അവസാനഘട്ടത്തില്‍ അപ്രതീക്ഷിതമായും കാരണമൊന്നും കാണിക്കാതെയും കോടതി നിരീക്ഷകന്റെ മുമ്പില്‍നിന്നും ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി. എങ്കിലും മുന്‍ നിശ്ചയപ്രകാരം 2002 മാര്‍ച്ച് 20-ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ 2002 മാര്‍ച്ച് 20-ന് സുപ്രീം കോടതി നിരീക്ഷകന്റെ സാന്നിദ്ധ്യത്തില്‍ പരുമലയില്‍ സമ്മേളിച്ച് ‘മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ’ മലങ്കര മെത്രാപ്പോലീത്താ ആണെന്ന് വോട്ടെടുപ്പിലൂടെ അംഗീകരിച്ചു.

ഇതിനു മുമ്പും മലങ്കര മെത്രാപ്പോലീത്താ ആരാണന്ന തര്‍ക്കം മലങ്കര സഭയില്‍ ഉണ്ടായിട്ടുണ്ട്. അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍ നിന്നും മേല്പട്ട സ്ഥാനം സ്വീകരിച്ച പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസും പരദേശി യൂയാക്കീം മാര്‍ കൂറിലോസും തമ്മിലുണ്ടായ തര്‍ക്കമാണ് അവയില്‍ പ്രഥമം. 1848-ലെ ‘കൊല്ലം പഞ്ചായത്ത്’ വിധിപ്രകാരം മലങ്കര മെത്രാപ്പോലീത്താ ‘ഒരു മലബാര്‍ (കേരള) ദേശീയനായിരിക്കണം’ എന്ന പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ അത്താനാസ്യോസിന് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ലഭിച്ചു.

സെമിനാരിക്കേസ്’ എന്നു ചരിത്രത്തില്‍ അറിയപ്പെടുന്ന 1889-ലെ തിരുവിതാംകൂര്‍ റോയല്‍ കോര്‍ട്ട് വിധിയില്‍ അവസാനിച്ച വ്യവഹാരമാണ് രണ്ടാമത്തേത്. മലങ്കര മാര്‍ത്തോമ്മാ സഭാ സ്ഥാപകനായ പാലക്കുന്നത്ത് തോമസ് മാര്‍ അത്താനാസ്യോസും പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായും തമ്മില്‍ ആരാണ് യഥാര്‍ത്ഥ മലങ്കര മെത്രാപ്പോലീത്താ എന്ന വിഷയത്തെപ്പറ്റി നടന്ന വ്യവഹാരത്തില്‍ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് ലഭിച്ചു.

മൂന്നാമതായി, പ. വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന് എതിരായി ബദല്‍ മലങ്കര മെത്രാപ്പോലീത്താ കൊച്ചുപറമ്പില്‍ പൗലൂസ് മാര്‍ കൂറിലോസ് മുതല്‍പേര്‍ ഫയല്‍ ചെയ്തതും ‘വട്ടിപ്പണക്കേസ്’ എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്നതുമായ വ്യവഹാരമാണ്. മാര്‍ കൂറിലോസ് കാലം ചെയ്തതിനെത്തുടര്‍ന്ന് ഈ കേസില്‍ ബദല്‍ മലങ്കര മെത്രാപ്പോലീത്താ ആയി കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ് കക്ഷി ചേര്‍ന്നു. ഈ കേസിലും തുടര്‍ വ്യവഹാരങ്ങളിലും പ. മാര്‍ ദീവന്നാസ്യോസ് ആറാമന്‍ വിജയിച്ചു. അദ്ദേഹം മലങ്കര മെത്രാപ്പോലീത്താ ആയി കോടതിയാല്‍ അംഗീകരിക്കപ്പെട്ടു.

പ. മാര്‍ ദീവന്നാസ്യോസ് ആറാമന്റെ പിന്‍ഗാമിയായി മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്റെ ആ സ്ഥാനസാധുത്വത്തെ ചോദ്യം ചെയ്തുകൊണ്ട് കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ് ഒന്നാം കക്ഷിയായി ആരംഭിച്ചതാണ് ‘ഒന്നാം സമുദായക്കേസ്’. ഈ കേസില്‍ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ വ്യവസ്ഥാപിതമായി തിരഞ്ഞെടുക്കപ്പെട്ട മലങ്കര മെത്രാപ്പോലീത്താ ആണെന്ന് 1958-ല്‍ ഇന്ത്യന്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. മാര്‍ അത്താനാസ്യോസ് കാലം ചെയ്തതിനെത്തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്താ ആയി അവകാശപ്പെട്ട് കക്ഷി ചേര്‍ന്ന എബ്രഹാം മാര്‍ ക്ലിമ്മീസ് ആയിരുന്നു ഈ കേസിന്റെ അവസാന റൗണ്ടില്‍ എതിര്‍ ഭാഗത്ത്.

‘വട്ടിപ്പണക്കേസ്, ഒന്നാം സമുദായക്കേസ്’ എന്നിവയ്ക്ക് ഹേതുവായ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ മലങ്കര സഭാ ഭരണഘടന നിലവില്‍ വന്നിട്ടില്ല. 1958-ലെ ഇന്ത്യന്‍ സുപ്രീം കോടതി വിധിപ്രകാരം സാധുവായ 1934-ലെ മലങ്കര സഭാ ഭരണഘടന നിലനില്‍ക്കെയാണ് ‘രണ്ടാം സമുദായക്കേസ്’. ഈ കേസിന്റെ അന്തിമ വിധിയാണ് 1995-ല്‍ ഇന്ത്യന്‍ സുപ്രീം കോടതി പ്രഖ്യാപിച്ചത്.

ഈ നാലു കേസുകളിലും ഒരേയൊരു മലങ്കര സഭ, അതിന്റെ നിയമാനുസൃത മലങ്കര മെത്രാപ്പോലീത്താ ആരാണ് എന്ന ചോദ്യത്തിനാണ് കോടതി ഉത്തരം നല്‍കിയത്. 2017-ല്‍ മൂന്നാം സമുദായക്കേസിലെ സുപ്രീം കോടതിയുടെ അന്തിമ വിധിയും തുടര്‍വിധികളും 1934-ലെ സഭാ ഭരണഘടനയും അതനുസരിച്ചുള്ള നടപടികളും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതുമാണന്നും മലങ്കര സഭയ്ക്കു മുഴുവന്‍ ബാധകമാണന്നു വ്യക്തമാക്കി.

നിയമപരമായി ‘സെമിനാരിക്കേസ്, വട്ടിപ്പണക്കേസ്, ഒന്നാം സമുദായക്കേസ്, രണ്ടാം സമുദായക്കേസ്’ ഇവയുമായി തികച്ചും വ്യത്യസ്ഥത പലര്‍ത്തുന്നതാണ് 2023-ലെ ജോസഫ് മാര്‍ ഗ്രീഗോറിയോസിനെ മലങ്കര മെത്രാപ്പോലീത്താ ആയി പ്രഖ്യാപിക്കുന്ന നടപടി. മുകളില്‍ പറഞ്ഞ നാലു കേസുകളിലും മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തിന് രണ്ട് അവകാശവാദങ്ങള്‍ വീതമുണ്ടായിരുന്നു. അവയില്‍ ഏതാണ് ശരി എന്നാണ് അന്നൊക്കെ കോടതി തീരുമാനിച്ചത്.

എന്നാല്‍ 2002-ല്‍ സ്ഥിതി തികച്ചും വ്യത്യസ്ഥമായിരുന്നു. അന്ന് ‘മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ’ മലങ്കര മെത്രാപ്പോലീത്താ ആണോ എന്നു മാത്രമാണ് കോടതി ആരാഞ്ഞത്. ഒരു എതിര്‍ അവകാശവാദം പോലും അന്നുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആ സ്ഥാനം കോടതി ശരിവച്ചതോടെ നസ്രാണികളുടെ നിയമാനുസൃത മലങ്കര മെത്രാപ്പോലീത്താ അദ്ദേഹം മാത്രമായി. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമാനുസൃതം തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമാണ് ആ സ്ഥാനം തുടര്‍ന്ന് അവകാശപ്പെടാനാവുന്നത് എന്നും ഈ വിധിയിലൂടെ വ്യക്തമായി. അതനുസരിച്ച് യഥാക്രമം പ. മാര്‍ത്തോമ്മാ ദിദീമോസ് പ്രഥമന്‍, പ. മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍, പ. മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ എന്നിവര്‍ മലങ്കര മെത്രാപ്പോലീത്താമാരായി. അവരുടെ തിരഞ്ഞെടുപ്പുകള്‍ക്കെതിരെയുള്ള കേസുകള്‍പോലും കോടതി തള്ളിക്കളഞ്ഞു. ഇപ്പോഴുള്ള മലങ്കര മെത്രാപ്പോലീത്താ ‘മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ’ മാത്രമാണ്. ഇനിയും പ. മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്റെ പിന്‍ഗാമിയായി നിയമാനുസൃതം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തിരഞ്ഞെടുക്കുന്ന വ്യക്തിക്കു മാത്രമാണ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ലഭിക്കുക.

മറുവശത്ത് 2002-ലെ പരുമല അസോസിയേഷന്‍ ബഹിഷ്‌ക്കരിച്ച് 2002-ല്‍ത്തന്നെ പുത്തന്‍കുരിശില്‍ നിയമാനുസൃതമല്ലാത്ത ഒരു യോഗം കൂടി ‘യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ’ എന്നൊരു പുതു പ്രസ്ഥാനം ആരംഭിക്കുകയും അതിന് പിന്നീട് കോടതി അസാധുവാക്കിയ ഒരു ഭരണഘടന സൃഷ്ടിക്കുകയും ചെയ്ത് മലങ്കരസഭയില്‍നിന്നും സ്വയം ഇതരായി പ്രഖ്യാപിക്കുകയും ചെയ്തതോടെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം അവകാശപ്പെടുക മാത്രമല്ല, 1934-ലെ മലങ്കരസഭാ ഭരണഘടന പ്രകരം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഭാവിയില്‍ മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുക്കപ്പെടുന്നപ്പെടുന്നവരെ ചോദ്യം ചെയ്യാന്‍ പോലും ജോസഫ് മാര്‍ ഗ്രീഗോറിയോസ് ഉള്‍പ്പെടുന്ന വിഘടിത വിഭാഗത്തിന് അവസരമില്ലാതായി. 1947-ല്‍ ഇന്ത്യന്‍ യൂണിയനില്‍ നില്‍ക്കാതെ പാകിസ്താന്‍ ചോദിച്ചുവാങ്ങിപ്പോയവരുടെ അതേ ഗതികേട്!

നിയമപരമായി ജോസഫ് മാര്‍ ഗ്രീഗോറിയോസിനു ‘മലങ്കര മെത്രാപ്പോലീത്താ’ എന്ന സ്ഥാനനാമം ഉപയോഗിക്കുക അസാദ്ധ്യമാണ്. അല്ലങ്കില്‍ ഭരത് അവാര്‍ഡ് ലഭിച്ചപ്പോഴും ഗിന്നസ് ബുക്കില്‍ ഇടംലഭിച്ചപ്പോഴും അവ പേരിനോടൊപ്പം ഉപയോഗിക്കനുള്ള നിയമതടസം മറികടക്കാന്‍ ഗോപി, ഉണ്ടപ്പക്രു എന്നീ മലയാള സിനിമാ നടന്മാര്‍ ഗസറ്റില്‍ പരസ്യം ചെയ്ത് യഥാക്രമം ‘ഭരത് ഗോപി’ എന്നും ‘ഗിന്നസ് പക്രു’ എന്നും പേരുമാറ്റിയതുപോലെ ‘ജോസഫ് മാര്‍ ഗ്രീഗോറിയോസ് മലങ്കര മെത്രാപ്പോലീത്താ’ എന്നു പേരു മാറ്റിയെടുക്കണം!

വാല്‍ക്കഷണം. – മാര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ആയി സ്ഥാനാരോഹണം ചെയ്തപ്പോള്‍ മുതല്‍ തോമസ് പ്രഥമനു ശേഷം ‘ഇനി ഇന്ത്യയില്‍ ഒരു മഫ്രിയാന ഇല്ല’ എന്ന് അസന്നിഗ്ദമായി അദ്ദേഹം പ്രഖ്യാപിച്ചു എന്നൊരു വാര്‍ത്ത ശക്തമായി പ്രചരിക്കുന്നുണ്ട്. മഫ്രിയാന’ എന്ന സ്ഥാനനാമം ലഭിക്കുകയില്ലാ എന്ന മോഹഭംഗത്തിന്റെ ഫലമായി തോമസ് പ്രഥമന്റെ പിന്‍ഗാമിയായി വിഘടിത വിഭാഗത്തില്‍ കസേര ഉറപ്പിച്ചു എന്ന വിശ്വാസത്തില്‍ ചരിക്കുന്ന ജോസഫ് മാര്‍ ഗ്രീഗോറിയോസ് കുറഞ്ഞപക്ഷം സ്വന്തം വിഭാഗത്തിലെ മെത്രാന്മാരുടെ ഇടയിലെങ്കിലും തനിക്ക് ‘അങ്ങാടിയില്‍ വന്ദനവും പന്തിയില്‍ മുഖ്യാസനവും’ ഉറപ്പാക്കാന്‍ ആസൂത്രണം ചെയ്തതാണോ ഈ ‘മലങ്കര മെത്രാപ്പോലീത്താ’ സ്ഥാനം എന്നു സംശയിക്കുന്നവരുണ്ട്. അവരെ കുറ്റം പറയാമോ?

അതോ, എന്നെങ്കിലും മലങ്കര സഭയില്‍ സമാധാനം ഉണ്ടാകുന്ന പക്ഷം ഈ ‘മലങ്കര മെത്രാപ്പോലീത്താ’ സ്ഥാനം വെച്ച് തനിക്കൊരു ഉയര്‍ന്ന കസേരയ്ക്കായി വിലപേശാമെന്ന കണക്കു കൂട്ടലോടെയോ?

ആര്‍ക്കറിയാം!

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 03 December 2023)

 

2017-ലെ വിധിക്ക്‌ വിരുദ്ധമായ ഉത്തരവു നൽകരുത്: കേസുകൾ വേഗത്തിൽ തീർപ്പാക്കണം