Departed Spiritual FathersOVS - Latest News

മാർത്തോമ്മാ ഏഴാമൻ; സത്യവിശ്വാസത്തിന്റെ കാവൽക്കാരൻ

പകലോമറ്റം കുടുംബ പൈതൃകത്തിൽ ഏറെ ശ്രദ്ധേയനായി ശോഭിച്ച മലങ്കര മെത്രാപ്പോലീത്തായും മാർത്തോമ്മായുടെ പിൻഗാമിയുമാണ് മാർത്തോമാ എഴാമൻ. സഭയിൽ ജനാധിപത്യ ക്രമത്തിന് അടിസ്ഥാനമിടുന്നതിൽ സാത്വികനും ജനസമ്മതനുമായ മെത്രാപ്പൊലീത്തായായിരുന്നു അദ്ദേഹം. സമർത്ഥനായ ഭരണാധികാരി എന്ന നിലയിലും അഗാധമായ മതവിശ്വാസിയായും അദ്ദേഹം അറിയപ്പെടുന്നു, വേദപുസ്തക പണ്ഡിതനായിരുന്ന അദ്ദേഹം ബൈബിലെ ഓരോ അദ്ധ്യയങ്ങളെയും എളുപ്പത്തിലും ഗൗരവത്തോടെയും വ്യാഖ്യാനിച്ചു. ഏകാന്തതയിലും നിശബ്ദതയിലും മലങ്കര സഭയിൽ ശോഭിച്ച സന്ന്യാസി മുനിശ്രേഷ്ഠൻ.

മലങ്കര സഭയിലെ തദ്ദേശീയ മെത്രാൻമാരുടെ ശ്രേണിയിൽപ്പെട്ട മാർത്തോമ്മ ഏഴാമൻ പാലായിലെ കുറിച്ചിത്താനം പകലോമറ്റം കുടുംബത്തിലാണ് ജനിച്ചത്. മാത്തൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മാർത്തോമ്മാ ആറാമന്റെ സഹോദരനായ ഔസേഫിന്റെ മകനായിരുന്നു മാത്തൻ. വളരെ ചെറുപ്പത്തിൽ തന്നെ മാത്തൻ, ശെമ്മാശനും വൈദികനുമായി സഭാ സേവനത്തിലേക്കും പകലോമറ്റം കുടുംബത്തിലെ വൈദിക പാരമ്പര്യം നിലനിർത്തി. മാത്തൻ കത്തനാർ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അർപ്പണ ബോധത്തിൽ വളരെ ശ്രദ്ധാലുവും തികഞ്ഞ ശാന്ത സ്വഭാവക്കാരനുമായിരുന്നു അദ്ദേഹം. ആർക്കും സംവദിക്കുവാനും വിമർശിക്കുവാൻപോലും അവസരം നൽകിയിരുന്ന വ്യക്തിത്വമായിരുന്നു മാർത്തോമ്മ ഏഴാമന്റെത്. മാത്തൻ കത്തനാരെ 1796-ൽ ചെങ്ങന്നൂർ പള്ളിയിൽ വച്ച് മാർത്തോമ്മാ ആറാമൻ തന്റെ പിൻഗാമിയായി വാഴ്ത്തുകയും പരമ്പരാഗത പദവി നൽകുകയും ചെയ്തു. പുലിക്കോട്ടിൽ ഇട്ടൂപ് റമ്പാൻ പ്രധാന സഹായി ആയിരുന്നു.

1790 കാലഘട്ടത്തിൽ കൊച്ചി രാജഭരണത്തിന്റെ ചുമതല ശക്തൻ തമ്പുരാൻ ഏറ്റെടുത്തു. അദ്ദേഹം സമർത്ഥനായ ഭരണാധികാരിയും പ്രജകളുടെ ക്ഷേമകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവുമായിരുന്നു. തന്റെ ഭരണ കാലച്ചട്ടങ്ങളിൽ അദ്ദേഹം ഒരിക്കലും പോർച്ചുഗീസ് മിഷനർമാരെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം മലങ്കരയിലെ സുറിയാനി നസ്രാണികൾക്കു ഭൂമിയും മറ്റ് അനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു കൊണ്ടുള്ള രാജകീയ വിളംബരങ്ങളും കല്പനകളും പുറപ്പെടുമിച്ചു. സുറിയാനി ക്രിസ്ത്യാനികൾക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ തൃശൂർ പ്രദേശങ്ങളിലുള്ള സുറിയാനി ക്രിസ്ത്യാനികളുടെ അഭിവൃദ്ധിക്ക് കുടുതൽ വഴിയൊരുക്കി. അദ്ദേഹത്തിന്റെ കാലത്ത് വിദേശവ്യാപാരം മെച്ചപ്പെട്ടു. ഇത് ജനങ്ങൾക്ക് കൂടുതൽ വരുമാനം നേടിക്കൊടുക്കുന്നതിന് സഹായകമായി. മലങ്കര നസ്യാണികൾ സഭയുടെ ഉന്നമനങ്ങൾക്ക് കൂടുതൽ നൽകി. ഈ കാലട്ടത്തിൽ ചില ദേവലയങ്ങൾ പുതുക്കി പണിയുകയും, ചിലത് കുടുതൽ മോടിപിടിപ്പിക്കുകയും ചെയ്തു. കയറ്റുമതി വർദ്ധിച്ച ഈ കാലഘട്ടത്തിൽ, സഭയുടെ പള്ളികളിൽ വരുമാനം വർദ്ധിച്ചിരുന്നു ഇത് പള്ളി കെട്ടിടങ്ങൾ പണിയുന്നതിനും അറ്റകുറ്റപണികൾ നടത്തുന്നതിനും കൂടുതൽ സഹായകമായി.

എന്നാൽ 1799 കാലഘട്ടമായപ്പൊഴേക്കും തിരുവിതാംകൂറിലെ സാമ്പത്തിക സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു. വേലു തമ്പി തിരുവിതാംകൂറിലെ ദളവ (പ്രധാനമന്ത്രി) ആയി ചുമതലയേറ്റപ്പോൾ അവിടുത്തെ ഗജനാവ് കാലിയായിരുന്നു. അന്ന് വേലു തമ്പി ദളവ ബ്രിട്ടീഷുകാരുമായി നല്ല സൗഹൃദബന്ധത്തിലായിരുന്നു. അവരുമായി ഒരു ഉടമ്പടി അദ്ദേഹം ഉണ്ടാക്കി. അതനുസരിച്ച് തിരുവിതാംകൂർ സംരക്ഷണത്തിനായി ബ്രിട്ടീഷുകാർക്ക് വലിയൊരു തുക നൽകേണ്ടിവന്നിരുന്നു.  അതുകൊണ്ട് തിരുവിതാംകൂർ സർക്കാർ ജനങ്ങളിൽ നിന്ന് കൂടുതൽ പണം പിരിക്കാൻ നിർബന്ധിതരായി. ഈ സമയത്താണ് മാർത്തോമ്മാ ആറാമനും മാർത്തോമ്മാ ഏഴാമനും അധിക പണം എന്ത് ചെയ്യണമെന്ന് ചർച്ച ചെയ്തത്. അധികവരുമാനം സ്ഥിരനിക്ഷേപമായി നിക്ഷേപിക്കാനും, വൈദികരെ പരിശീലിപ്പിക്കുവാൻ പാഠശാല നിർമ്മിക്കുന്നതിനെ പറ്റിയും അവർ ആലോചിച്ചു. അത് നടന്നുകൊണ്ടിരിക്കെ 1808 ഏപ്രിൽ 8-ന് നിരണത്ത് വച്ച് മാർത്തോമ്മാ ആറാമൻ മരിക്കുകയും മാർത്തോമ്മാ ഏഴാമൻ മലങ്കര മെത്രാപ്പോലീത്തയായി സിംഹാസനസ്ഥനാവുകയും ചെയ്തു. കുന്നംകുളം പുലിക്കോട്ടിൽ ഇട്ടൂപ്പ് മല്പാനെയും, കായംകുളം ഫിലിപ്പോസ് റമ്പാനെയും തന്റെ ഉപദേശകരായി പരിഗണിച്ചു.

മാർത്തോമ്മാ ഏഴാമൻ മെത്രാപ്പോലീത്ത ആയതിനു ശേഷം, ബ്രിട്ടീഷ് റസിഡന്റ് കേണൽ മക്കാലെയുമായി ചർച്ച തുടർന്നു. തിരുവിതാംകൂറിന്റെ സന്നിഗ്ധ ഘട്ടത്തിൽ വേലൂത്തമ്പി ദളവയുടെ ആഹ്വാന പ്രകാരം, സഹായം/കടം എന്നോണം 3000 പൂവരാഹൻ (ഏകദേശം Rs.4 = ഒരു പഗോഡ) തിരുവിതാംകൂറിന്‌ വേണ്ടി ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിക്ഷേപിച്ചു. 1808 ഡിസംബർ 1-ന് കേണൽ മക്കാലെയ്ക്ക് കൈമാറുകയും അദ്ദേഹം രസീത് നൽകുകയും ചെയ്തു. മലങ്കര മെത്രാപ്പോലീത്തയ്ക്ക് പലിശ നൽകണമെന്ന് കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. ഈ നിക്ഷേപമാണ് വട്ടിപണം എന്നറിയപ്പെടുന്നത്. തച്ചിൽ മാത്തൂ തരകന്റെ കണ്ടുകെട്ടിയ സമ്പത്തിൽ നിന്നുള്ള ഓഹരി വേലുത്തമ്പി ദളവ മെക്കാളെ സായിപ്പ് ക്രൈസ്തവ വിഭാഗങ്ങൾക്ക് സമ്മാനം നൽകിയത് എന്ന ഒരു വ്യാഖ്യാനം ഉണ്ട്. എന്നാൽ ഇത് തീർത്തും തേറ്റായ വ്യാഖ്യാനങ്ങൾ മാറ്റമാണ്. പണം ഇല്ലാത്തതിനാൽ വേലുത്തമ്പി ദളവ സഭയുടേതും മറ്റു വ്യക്തികളുടേതും സംഭാവന/നിക്ഷേപം/അധിക കരം പിരിക്കുകയായിരുന്നു. (വട്ടിപണം എന്ന പേരിലാണ് പിൽക്കാലത്തു മാർത്തോമാ നവീകരണ സഭയും യാക്കോബായ സഭയുമായുള്ള തർക്കങ്ങൾ സൃഷ്ടിച്ചത്. ഒടുവിൽ മലങ്കര മെത്രാപ്പോലീത്തയായ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിക്ക് അനുകൂലമായി അന്തിമ കോടതി വിധി വന്നു.) 1809 -ൽ വേലുത്തമ്പി ആത്മഹത്യ ചെയ്തിരുന്നു. ഈ കാലഘട്ടത്തിൽ തന്നെ (1809) സഭയിലാകമാനം സഞ്ചരിച്ചു സമാധാനത്തിനു നിരന്തരം ഭീഷണിയുണ്ടാക്കിയ മാർ ദിയസ്കോറോസിനെ, പരാതി പ്രവാഹത്തെ തുടർന്ന് കേണൽ മെക്കാളെ പ്രഭു കപ്പൽ കയറ്റി തിരിച്ച് അയച്ചു.

ഒരു വർഷക്കാലം മാത്രം മലങ്കര മെത്രാപ്പോലീത്തയായി (ഏപ്രിൽ 1808 മുതൽ ജൂലൈ 1809 വരെ) സഭയെ നയക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നുള്ളു. മാർത്തോമ്മ ഏഴാമൻ തന്റെ അസ്ഥനം പുത്തൻകാവിൽ നിന്നും താമസിച്ചു കണ്ടനാട്ടിലേക്ക്  മാറ്റി. അവിടെവെച്ച് അദ്ദേഹം രോഗബാധിതനായി. തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ സഭാ മേലധ്യക്ഷന്മാരുടെ യോഗം വിളിക്കാൻ അദ്ദേഹത്തിന് സമയം കിട്ടിയിരുന്നില്ല. അതിനാൽ അദ്ദേഹം തന്റെ ബന്ധുവായ തോമ്മാ കത്തനാരെ കിടക്കയുടെ അരികിലേക്ക് വിളിക്കുകയും അദ്ദേഹത്തിന്റെ മേൽ കൈകൾ വെച്ചു പ്രാർത്ഥിച്ചു അദ്ദേഹത്തെ മാർത്തോമ്മാ എട്ടാമനായി അവരോധിച്ചു. 1809 ജൂലൈ 4-ന് മാർത്തോമ്മാ ഏഴാമൻ കാലം ചെയ്തു. മാർത്തോമ്മാ എട്ടാമന്റെ കാർമികത്വത്തിൽ കോലഞ്ചേരി പള്ളിയിൽ (സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയം) കബറടക്കി. എന്നാൽ പുതിയ പള്ളി നിർമ്മാണ സമയത്ത് പരിശുദ്ധ പിതാവിന്റെ കബറിടം വിസ്മൃതിയിലായി ചേരുന്നതിന് കാരണമായി. മാർത്തോമ്മ ഏഴാമന്റെ കബറിടത്തിനെക്കുറിച്ച് തോമസ് മാർ പക്കോമിയോസ് എഴുതിയ ‘മുറിമറ്റത്തിൽ ബാവ, മലങ്കരയുടെ ഒന്നാം കാതോലിക്ക’ എന്ന പുസ്തകത്തിൽ ഏഴാം മാർത്തോമയുടെ കബറിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. കോലഞ്ചേരി പള്ളിയുടെ വടക്കുവശത്തുണ്ടായിരുന്ന തണ്ടികയുടെ കിഴക്കേ അറ്റത്ത് എന്നായിരുന്നു കല്ലറയെക്കുറിച്ച് ഗ്രന്ഥത്തിൽ പരാമർശിച്ചിരുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ പള്ളിമുറ്റത്തുണ്ടായിരുന്ന ഒരു ശവകുടീരത്തെപ്പറ്റിയും അതിൽ സ്ഥാപിച്ചിരുന്ന കരിങ്കൽ ശിലാപാളിയെപ്പറ്റിയും പഴമക്കാരും പറയാറുണ്ടായിരുന്നു. പുസ്തകത്തിൽ പ്രതിപാദിച്ച കല്ലറ 2022 മാർച്ച് പതിമുന്നിന് കണ്ടെത്തി. കല്ലറയിലെ തിരുശേഷിപ്പ് അതേസ്ഥലത്ത് അടക്കം ചെയ്തു. അവിടുത്തെ പ്രാർത്ഥനകൾ നമ്മെ നയിക്കട്ടെ.

എഴുതിയത്: വർഗീസ് പോൾ കൈത്തോട്ടത്തിൽ