Ancient ParishesOVS - Latest News

തിരുവനന്തപുരം സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ കത്തീഡ്രല്‍: ഉത്ഭവവും വളര്‍ച്ചയും

മാര്‍ത്തോമ്മ ശ്ലീഹായാല്‍ സ്ഥാപിക്കപ്പെട്ട തിരുവിതാംകോട്‌ അരപ്പള്ളിയുടെ കുരിശുപള്ളിയായ ചാലയിലെ(തെങ്ങോലി പുരയിടത്തില്‍) പള്ളി കാലാന്തരത്തില്‍ നഷ്‌ടപ്പെട്ടുപോയി. തുടര്‍ന്ന്‌ തിരുവനന്തപുരത്ത്‌ പള്ളി ആവശ്യമായി വന്നതിനാല്‍ 1881-ല്‍ ലഭിച്ച വസ്‌തുവില്‍ അന്ന്‌ ഇവിടെയുള്ള ജനങ്ങളുടെ ആവശ്യപ്രകാരം മലങ്കര മെത്രാപ്പോലിത്ത ആയിരുന്ന പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദിവന്ന്യാസിയോസ്‌ II തിരുവിതാംകൂര്‍ രാജാവിന്‌ അപേക്ഷ നല്‌കി. ദിവാന്‍ രാമറാവുവിന്റെ 2.5.1891ലെ ഉത്തരവ്‌ 481/345 പ്രകാരം പള്ളിക്ക്‌ അനുമതി ലഭിച്ചു. 5-5-1891 (1088 മേടം 24 ന്‌) ഭദ്രാസന മെത്രാപ്പോലിത്ത മാര്‍ ഗ്രിഗോറിയോസിന്റെ(പരുമല തിരുമേനി) സാന്നിദ്ധ്യത്തില്‍ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദിവന്നാസിയോസ് പള്ളിയുടെ ശിലാസ്ഥാപനം വിശുദ്ധ ഗീവർഗീസിന്റെ നാമത്തില്‍ നടത്തി. പ്ലാന്‍ തയ്യാറാക്കിയത്‌ മേപ്രാല്‍ കണിയാന്ത്ര ജോസഫ്‌ ഓവര്‍സിയര്‍. പ്ലാന്‍ അനുസരിച്ച്‌ തറയും രണ്ടടി ഉയരമുള്ള ഭിത്തിയും കെട്ടി തീര്‍ന്നപ്പോള്‍ പുലിക്കോട്ടില്‍ തിരുമേനിയുടെ കൃത്യാന്തര ബാഹുല്യത്താലും പണത്തിന്റെ ദൗര്‍ലഭ്യത മൂലവും പണി നിര്‍ത്തിവച്ചു.

പള്ളിയുടെ തെക്കുവശത്തെ സ്ഥലം റോഡിന്‌ നല്‍കേണ്ടതായി വരുകയും ഒന്നായി കിടന്ന സ്ഥലം രണ്ടായി തീരുകയും റോഡിന്‌ സിറിയന്‍ ചര്‍ച്ച്‌ റോഡ്‌ എന്ന പേര്‍ ലഭിക്കുകയും ചെയ്‌തു. 25-6-1895 ഒരു കമ്മിറ്റി രൂപീകരിച്ച്‌ പണം സമാഹരിക്കുകയും പണി പുനരാരംഭിക്കുകയും വന്ദ്യ കൊച്ചുപറമ്പില്‍ പൗലോസ്‌ റമ്പാച്ചനെ മലങ്കര മെത്രാപ്പോലിത്ത ചുമതല ഏല്‌പിക്കയും ചെയ്‌തു. ഓവര്‍സിയര്‍ ശ്രീ. മാണി പണികള്‍ നടത്തി. വന്ദ്യ പൗലോസ്‌ റമ്പാച്ചന്റെ പരിശ്രമത്താലും ഇവിടെയുള്ളവരുടെയും മലങ്കരയിലെ മറ്റു സഭാസ്‌നേഹികളുടെ സഹകരണത്തിലും 1900-ാ മാണ്ട്‌ പണി പൂര്‍ത്തികരിച്ചു. 22.11.1900 (1076 വൃശ്‌ചികം 07 വ്യാഴം) മലങ്കര മെത്രാപ്പോലിത്തായുടെയും ഗീവറുഗീസ്‌ മാര്‍ ഗ്രിഗോറിയോസിന്റെ(പരുമല തിരുമേനി)യും പ്രധാന കാര്‍മികത്വത്തില്‍ വി: കുര്‍ബാനയും പ്രതിഷ്‌ഠയും കൂദാശയും നടത്തി. വന്ദ്യ പൗലോസ്‌ റമ്പാച്ചനും പല വൈദിക ശ്രേഷ്‌ഠരും പങ്കെടുത്തു. ഇന്‍ഡ്യന്‍ വൈസ്രോയി ലോര്‍ഡ്‌ കഴ്‌സണ്‍ പ്രഭു അവര്‍കളുടെ സാന്നിദ്ധ്യവും കല്‍ക്കത്ത ഗവര്‍ണര്‍ ജനറലിന്റെ സാന്നിദ്ധ്യവും സ്‌മരണീയമാണ്‌.

മലങ്കര മെത്രാപ്പോലിത്തായുടെ പ്രസംഗത്തില്‍ തിരുവിതാംകൂര്‍ സുറിയാനിക്കാരുടെ വിശേഷപള്ളികളില്‍ ഒന്നായി ഈ പള്ളി ആയി ത്തീര്‍ന്നതില്‍ ഉള്ള സന്തോഷം അറിയിക്കുകയും വന്ദ്യ പൗലോസ്‌ റമ്പാച്ചന്റെ പേര്‌ (പൗലോസ്‌ മാര്‍ കൂറിലോസ്‌) തിരുവനന്തപുരത്തു നിന്ന്‌ മാഞ്ഞുപോകാന്‍ ഇടയില്ല എന്നും അദ്ദേഹം ചെയ്‌ത പരിശ്രമത്തെ പ്രകീര്‍ത്തിക്കയും ചെയ്‌തു.

മലങ്കര മെത്രാപ്പോലിത്ത ഇളംതലമുറക്കാരനായ പരുമല തിരുമേനിയെക്കൊണ്ട്‌ കൂദാശ നിര്‍വ്വഹിക്കുവാന്‍ കാരണമായി പറയുന്നത്‌ ഈ പള്ളി പുണ്യതയുടെയും ദൈവാനുഗ്രഹങ്ങളുടെയും ഉറവിടമായി പ്രശോഭിക്കുമെന്നും ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ ഗീവറുഗീസ്‌ പുണ്യവാളന്റെയും പരുമല തിരുമേനിയുടെയും മദ്ധ്യസ്ഥതയാൽ പ്രാര്‍ത്ഥനകള്‍ക്കു ഫലം കിട്ടും എന്ന്‌ ദിവന്നാസിയോസ്‌ തിരുമേനിയ്‌ക്ക്‌ ബോദ്ധ്യമായതുപോലെ ഇന്നും അനേകര്‍ക്ക്‌ അനുഭവബോദ്ധ്യമാണ്‌.

ശവക്കോട്ടസ്ഥലം
കൂദാശയ്‌ക്ക്‌ മുമ്പ്‌ നടന്ന ഒരു സംഭവം സഭാംഗങ്ങളെ കര്‍മ്മനിരതരാക്കി. പരുമല തിരുമേനിയുടെ കൂടെ കൂദാശയ്‌ക്ക്‌ എത്തിയ കടമ്മനിട്ട ഗീവറുഗീസ്‌ അച്ചന്‍ വിഷുചിക വന്ന്‌ തൈക്കാട്‌ ആശുപത്രിയില്‍വച്ച്‌ ദിവംഗതനായി. ശുശ്രൂഷകളെല്ലാം ആശുപത്രിയില്‍വച്ച്‌ നടത്തി ശവക്കോട്ടയില്ലാത്തതിനാല്‍ ഇംഗ്ലീഷ്‌ പള്ളിയുടെ (LMS) ശവക്കോട്ടയില്‍ അടക്കി. ഈ സംഭവം എല്ലാവരെയും ദു:ഖിപ്പിക്കുകയും ശവക്കോട്ട സ്വന്തമായി ഉണ്ടാക്കുന്നതിന്‌ പ്രേരണ നല്‌കുകയും പെട്ടെന്നു കിട്ടിയ സംഭാവനകൊണ്ട്‌ ട.േ ഏലീൃഴല പള്ളിയ്‌ക്കുവേണ്ടി വാങ്ങിച്ചതാണ്‌ പാറ്റൂര്‍ സെമിത്തേരി.

ദേവാലയ വികസനം
നഗരവികസനത്തോടുകൂടി ഇടവകയും വികസിച്ചു. രണ്ടു സര്‍വ്വീസുകള്‍ തുടങ്ങിയിട്ടും വിശ്വാസികളുടെ ബാഹുല്യം അനുഭവപ്പെട്ടതിനാൽ ദേവാലയം പാര്‍ശ്വഭാഗങ്ങളിലേക്ക്‌ വികസിപ്പിക്കുവാന്‍ തീരുമാനിക്കുകയും  വാസ്‌തുവിദ്യാ വിദഗ്‌ധനായ ശ്രീ ഫെര്‍നാല്‍ ട്രോയിയുമായി ആലോചിച്ചു ശില്‌പകലാസുന്ദരമായ പഴയ ദേവാലയത്തിന്റെ ആകാരസുഷമക്ക്‌ ഭംഗം വരാത്തവിധം ഇന്നു കാണുന്ന മോഹനദൃശ്യം ഉടലെടുത്തു. 1960 ഒക്‌ടോബര്‍ മാസം പ: കാതോലിക്ക ബസ്സേലിയോസ്‌ ഗീവറുഗീസ്‌ ദ്വിതിയന്‍ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തിലും മെത്രാപ്പോലിത്തമാരായ പത്രോസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, ദാനിയേല്‍ മാര്‍ പീലക്‌സിനോസ്‌, മാത്യൂസ്‌ മാര്‍ കൂറിലോസ്‌ എന്നീ തിരുമേനിമാരുടെ സഹകാര്‍മ്മികത്വത്തിലും കൂദാശ ചെയ്‌തു.

tvm-pally2സെന്റ്‌ ജോര്‍ജ്‌ പള്ളിയും പ്രധാന സംഭവവും
1. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പതിവുപോലെ ക്ഷേത്രദര്‍ശനത്തിനായി കുതിരവണ്ടിയില്‍ എഴുന്നെള്ളിയ ദിവസം ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജിനു മുന്‍വശത്ത്‌വച്ച്‌ കുതിര ഭയപ്പെട്ട വിധത്തില്‍ ശബ്‌ദം ഉണ്ടാക്കുകയും പെട്ടെന്ന്‌ ഓട്ടം നിര്‍ത്തുകയും ചെയ്‌തു. വണ്ടിക്കാരന്‍ വളരെ പരിശ്രമിച്ചശേഷമാണ്‌ കുതിര മുമ്പോട്ട്‌ നീങ്ങിയത്‌. ഈശ്വര വിശ്വാസിയായ രാജാവ്‌ കാരണമറിയുവാനായി പ്രശ്‌നക്കാരോട്‌ ചോദിച്ചപ്പോള്‍ ഒരു വെള്ളക്കുതിര എതിരെ നിന്നതുകൊണ്ടാണെന്നും അതില്‍ ഒരു വിശുദ്ധന്റെ രൂപം തെളിഞ്ഞെന്നും ആ സ്ഥലം വിശുദ്ധമാണെന്നും അങ്ങനെ ഈ സ്ഥലം പള്ളി വയ്‌ക്കുന്നതിന്‌ 1891 ല്‍ അനുവാദം തരികയും, കൂടാതെ 500 രൂപായും, കരമൊഴിവായി 20 സെന്റില്‍പരം സ്ഥലവും, പള്ളി പണിയ്‌ക്ക്‌ ആവശ്യമായ തടി സൗജന്യനിരക്കിലും നല്‌കി.

2. 1902-ല്‍ ആകാശമണ്‌ഡലത്തിലുണ്ടായ മഹാത്ഭുതത്തിന്റെ ദിവ്യസ്‌മൃതി
തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ മാനുവലില്‍ ഉള്‍പ്പെടുത്തുന്നതിന്‌ പരുമലത്തിരുമേനിയുടെ ഫോട്ടോ എടുക്കാന്‍ 1902 ജനുവരിയില്‍ ദിവാന്‍ പേഷ്‌കാര്‍ ബഹദൂര്‍ ജി.നാഗമയ്യ നിര്‍ദ്ദേശം നല്‍കിയതനുസരിച്ച്‌ അക്കാലത്ത്‌ സെന്റ്‌ ജോര്‍ജ്ജ്‌ സുറിയാനിപ്പള്ളിയില്‍ എഴുന്നള്ളി താമസിച്ചു വന്ന പരുമല തിരുമേനിയെ കണ്ട്‌ ഫോട്ടോയെടുക്കാന്‍ പ്രശസ്‌തനായ കൊട്ടാരം ഫോട്ടോഗ്രാഫര്‍ മി.ഡിക്രൂസ് എത്തി. അഭിവന്ദ്യ തിരുമേനി ധ്യാനത്തിലും രഹസ്യപ്രാര്‍ത്ഥനയിലും ആയിരുന്നതിനാല്‍ രണ്ട്‌ ദിവസം ശ്രമിച്ചിട്ടും ഫോട്ടോ എടുക്കാന്‍ മി.ഡിക്രൂസിന്‌ കഴിഞ്ഞില്ല.

അതിനടുത്തൊരു ദിവസം തിരുമേനിയെക്കണ്ട്‌ അനുവാദം വാങ്ങിയെങ്കിലും അതികഠിനമായ സൂര്യപ്രകാശം കാരണം ഫോട്ടോയെടുക്കാന്‍ പ്രയാസം വന്നു. ഇതു മനസ്സിലാക്കിയ തിരുമേനി ധ്യാനനിഷ്‌ഠനായി ആകാശത്തേക്ക്‌ നോക്കി, ഒരു നിമിഷം ഈ പള്ളി അങ്കണത്തില്‍ നിന്നശേഷം സ്ലീബാ എടുത്ത്‌ ആകാശത്തേക്കുയര്‍ത്തി കുരിശിന്റെ ആകൃതിയില്‍ വാഴ്‌ത്തി. അത്ഭുതം! ജ്വലിച്ചു നിന്ന സൂര്യനെ തത്‌ക്ഷണം ഒരു മേഘപടലം വന്നു മറച്ചു. ഫോട്ടോയെടുക്കാന്‍ പാകത്തിനുള്ള വെളിച്ചം കിട്ടി. ഫോട്ടോ വേഗം എടുക്കാന്‍ തിരുമേനി നിര്‍ദ്ദേശിച്ചു. മി.ഡിക്രൂസ്‌ അതിവേഗത്തില്‍ ക്യാമറ ശരിപ്പെടുത്തി ഫോട്ടോയെടുത്തു നിമിഷങ്ങള്‍ക്കുള്ളില്‍ സൂര്യപ്രകാശം പൂര്‍വ്വസ്ഥിതിയിലായി. അടുത്ത ദിവസത്തെ പത്രങ്ങള്‍! “ആകാശത്തുണ്ടായ മഹാത്ഭുതം” എന്ന തലക്കെട്ടില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തു. അഭിവന്ദ്യ തിരുമേനിയുടെ ഈ ഫോട്ടോ ആണ്‌ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ മാനുവലില്‍ ചേര്‍ത്തിരിക്കുന്നത്‌ (പേജ്‌ 134, വാല്യം 2, 1906 എ.ഡി). പിൽക്കാലത്ത് തിരുമേനിയുടെ ചിത്രം വരയ്ക്കാൻ മിക്കവരും ആധാരമാക്കിയിരിക്കുന്നത് ഈ ഫോട്ടോയാണ്.

3. വട്ടിപ്പണക്കേസിന്റെ പ്രധാനവിസ്‌താരം പള്ളിയങ്കണത്തില്‍ വച്ച്‌ നടന്നു.

4. തിരുവിതാംകൂര്‍ റീജന്റ്‌ മഹാറാണി സേതുലക്ഷ്‌മിയുടെ ആദ്യജാതയുടെ ജനനം (1923) ജാതകവശാല്‍ കുട്ടിക്കുള്ള സര്‍പ്പദോഷം അകറ്റുന്നതിനായിട്ട്‌ പള്ളിക്ക്‌ ഒരു വെള്ളിക്കുരിശ്‌ നേര്‍ച്ച നല്‌കുകയും സര്‍പ്പദോഷത്തില്‍ നിന്ന്‌ മോചനം ലഭിക്കുകയും ചെയ്‌തു.

5. രണ്ടാം കാതോലിക്ക ബസ്സേലിയോസ്‌ ഗീവറുഗീസ്‌ I ഈ പള്ളിയില്‍ വച്ചാണ്‌ അദ്ദേഹത്തിന്റെ അവസാന കുര്‍ബാന നടത്തിയത.്‌ ഉദരരോഗ ചികിത്സയിലിരിക്കെ നെയ്യൂര്‍ ആശുപത്രിയില്‍ വച്ച്‌ കാലം ചെയ്‌ത കാതോലിക്കായെ ഈ പള്ളിയില്‍കൊണ്ടുവന്ന്‌ ശുശ്രൂഷകള്‍ നടത്തിയ ശേഷമാണ്‌ വാകത്താനത്തേക്ക്‌ കൊണ്ടുപോയി അടക്കം ചെയ്‌തത്‌.

6. ഇന്‍ഡ്യയുടെ വൈസ്രോയി ഇര്‍വിന്‍ പ്രഭുവും പത്‌നിയും 1930 ഡിസംബര്‍ 8-ാം തീയതി ഞായറാഴ്‌ച പ: ബസ്സേലിയോസ്‌ ഗീവറുഗീസ്‌ കക അര്‍പ്പിച്ച വി: കുര്‍ബാനയില്‍ സംബന്ധിക്കുകയും നേര്‍ച്ചകാഴ്‌ച അര്‍പ്പിക്കുകയും ചെയ്‌തു.

7. എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്‌ലിസലാസിയുടെ സന്ദര്‍ശനം (1956).

8. സഭാദ്ധ്യക്ഷമാര്‍ക്ക്‌ സ്വീകരണം:1958ലെ സഭാ സമാധാനത്തിനു ശേഷം 1959 ഫെബ്രുവരി 7 – ന്‌ അഭിവന്ദ്യ തിരുമേനിമാരെ പാറ്റൂര്‍ മാര്‍ ഇഗ്നാത്തിയോസ്‌ ദേവാലയത്തില്‍ നിന്നും കനകക്കുന്നു കൊട്ടാരത്തിലേക്കും അവിടെ നിന്ന്‌ ഹംസരഥത്തില്‍ നമ്മുടെ പള്ളിയിലേക്കും ആനയിച്ചു. തുടര്‍ന്ന്‌ നടന്ന സമ്മേളനത്തില്‍ പ: ഗീവര്‍ഗ്ഗീസ്‌ ദ്വിതീയന്‍ ബാവ അദ്ധ്യക്ഷനായിരുന്നു.

9. ആര്‍ച്ച്‌ ബിഷപ്പ്‌ മക്കാറിയോസിന്റെ സന്ദര്‍ശനം:1962 നവംബര്‍ 6-ാം തീയതി പരിശുദ്ധ ബസ്സേലിയോസ്‌ ഗീവര്‍ഗ്ഗീസ്‌ II കാതോലിക്ക കുര്‍ബാന അര്‍പ്പിക്കുകയും, സൈപ്രസ്‌ ആര്‍ച്ച്‌ ബിഷപ്പും പ്രസിഡന്റുമായ മക്കാറിയോസ്‌ സംബന്ധിക്കുകയും കനകക്കുന്നു കൊട്ടാരത്തില്‍ വച്ചു നല്‍കിയ സ്വീകരണത്തില്‍ സംബന്ധിക്കുകയും ചെയ്‌തു.

10. മാര്‍ ബസ്സേലിയോസ്‌ സ്‌മാരക മന്ദിരം:1962-ല്‍ മാര്‍ ബസ്സേലിയോസ്‌ സ്‌മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം പ: ബസ്സേലിയോസ്‌ ഗീവറുഗീസ്‌ II കാതോലിക്ക ബാവ നടത്തി.

11. 1974-റഷ്യന്‍ ഡലിഗേഷന്‍ സന്ദര്‍ശനം.
12. 1976-റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ പരമാദ്ധ്യക്ഷന്‍ പീമന്‍ പാത്രിയര്‍ക്കിസ്‌ സന്ദര്‍ശനം.

13. 1982-സപ്‌തതി ആഘോഷം:കാതോലിക്ക സ്ഥാപനത്തിന്റെ സപ്‌തതി വര്‍ഷമായ 1982 ല്‍ ജോര്‍ജിയന്‍ പാത്രിയാര്‍ക്കിസ്‌ ഇലിയാ രണ്ടാമനും സംഘവും ഈ പള്ളി സന്ദര്‍ശിച്ചു. പ: കാതോലിക്ക ബാവയും ഭദ്രാസന മെത്രാപ്പോലിത്ത എന്നിവരും സന്നിഹിതരായിരുന്നു.

14. 1991- കത്തീഡ്രലായി ഉയര്‍ത്തപ്പെട്ടു:സെന്റ്‌ ജോര്‍ജ്‌ പള്ളിക്കുള്ള സ്ഥാനവും പൗരാണികതയും ഇടവകാംഗങ്ങളുടെ ബഹുലതയും കണക്കിലെടുത്ത്‌ കല്‌പന (72/91) 22-6-1991-ല്‍ കത്തീഡ്രല്‍ ആയി പ.മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാബാവ കുര്‍ബാനയ്‌ക്കു ശേഷം പ്രഖ്യാപിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവര്‍ഗീസ്‌ മാര്‍ ദിയസ്‌കോറോസിന്റെ സാന്നിദ്ധ്യത്തില്‍ കത്തീഡ്രല്‍ സ്ഥാപനഫലകം പള്ളി ഭിത്തിയില്‍ 1991 ജൂണ്‍ 23 ന്‌ സ്ഥാപിച്ചു.

15. 1993- പ.ബസ്സേലിയോസ്‌ മാര്‍തോമ്മ മാത്യൂസ്‌ ദ്വിതീയന്‍ ഹാശാ ആഴ്‌ചയില്‍ ഈ പള്ളിയില്‍ എഴുന്നെള്ളി കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി.

16. 2010- ആരാം കാതോലിക്കായുടെ സന്ദര്‍ശനം:  ജോർദാനിലെ അർമീനിയൻ കാതോലിക്കയായ ആരാം പ്രഥമന്റെ നേതൃത്വത്തില്‍ മെത്രാപ്പോലിത്തമാര്‍ ഈ ഇടവക 2010 ഫെബ്രുവരി 28 ന്‌ സന്ദര്‍ശിച്ചു.
അവലംബം: പള്ളി വെബ്സൈറ്റ്