Departed Spiritual FathersOVS - Latest News

സഖറിയാ മാർ ദിവന്നാസിയോസ്: താബോർ കുന്നിന്റെ മണിനാദം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ മക്കളുടെ ഹൃദയങ്ങളിൽ അദ്വെതീയ സ്ഥാനം അലങ്കരിച്ച ദയറാ താപസശ്രേഷ്ഠനാണ് സഖറിയാ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ. വിനയത്തിന്റെ മാതൃകയായി പത്താനാപുരം മൗണ്ട് താബോർ ദയറാ കുന്നിൽ ഉദിച്ചുയർന്ന സൂര്യൻ. ആകർഷകവും ശ്രുതിമധുരവുമായ സ്വരത്തോടുകൂടിയ ശാന്തമായ ആരാധനയ്ക്ക് നേത്വത്വം നൽകുന്നതിൽ പ്രശസ്തൻ,  നിശബ്ദതയെ സ്നേഹിക്കുന്ന ദയറാക്കാരൻ, മികച്ച കർഷകൻ, അധ്യാപകൻ, പത്രപ്രവർത്തകൻ, വിശ്വാസികളുടെ ഹൃദയം കീഴടക്കിയ മികച്ച ധ്യാനഗുരു, ഉത്തമ സന്യസി, ദയറാ അധിപൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നി നിലകളിൽ ജനശ്രദ്ധ ആകർഷിച്ച മെത്രാപ്പോലീത്തയായിരുന്നു അദ്ദേഹം.

കൊല്ലം കുണ്ടറ മുളമൂട്ടിൽ മംഗലവിള കുടുംബത്തിൽ ചാണ്ടിപ്പിള്ളയുടെയും എലിസബത്തിന്റെയും മൂന്നാമത്തെ മകനായി 1924 ആഗസ്റ്റ് ആറിന് സഖറിയാ മാർ ദിവന്നാസിയോസ് ജനിച്ചു. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായിൽ നിന്ന് കുണ്ടറ വലിയ പള്ളിയിൽ വച്ച് വിശുദ്ധ മാമോദീസ കൂദാശ സ്വീകരിച്ചു. കുണ്ടറ സെന്റ് കുര്യാക്കോസ് സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും, കോട്ടയം സിഎംഎസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റും തുടർന്നു. വൈദീക ജീവിതത്തോടുള്ള അധിയായ താല്പര്യം മൂലം പത്തനാപുരം ദയറാ സ്ഥാപകനായ പുണ്യശ്ലോകനായ തോമ്മാ മാർ ദിവന്നാസിയോസ് തിരുമേനിയിലേക്ക് കൂടുതൽ ആകർഷിപ്പിച്ചു. ദയറാ സ്ഥാപകൻ ആബോ ദിവന്നാസിയോസ് തിരുമേനിയുടെ പ്രത്യേക ക്ഷണപ്രകാരവും അദ്ദേഹത്തോടുള്ള താൽപ്പര്യത്താൽ 1940-ൽ 15-ാം വയസ്സിൽ പത്തനാപുരത്തെ താബോർ ദയറായിൽ അംഗമായി സന്യസ ജീവിതം തിരഞ്ഞെടുത്തു. തിരുച്ചിറപ്പള്ളി നാഷണൽ കോളേജിൽ നിന്ന് ബി.എയും, മദ്രാസിലെ മെസ്റ്റൺ കോളേജിൽ നിന്ന് ബി.എഡ് ബിരുധങ്ങൾ കരസ്ഥമാക്കി.

ആബോ തോമാ മാർ ദിവന്നാസിയോസിൽ നിന്നും സന്യാസ ജീവിത പാഠങ്ങളും സന്യസ നിഷ്ഠകളും അഭ്യസിച്ചു. അബോയിൽ നിന്നും മനസ്സിലാക്കിയ സന്യസജീവിത മൂല്യങ്ങൾ ജീവിത അവസാനം വരെയും സഖറിയാ മാർ ദിവന്നാസിയോസ് തിരുമേനിയുടെ ജീവിതത്തിൽ കൂടുതൽ പ്രചോദനമേകി. തോമാ മാർ ദിവന്നാസിയോസിന്റെ ശിക്ഷണത്തിൽ പൗരോഹിത്യത്തിനായി പഠിച്ച അദ്ദേഹത്തെ ആളുകൾ കുണ്ടറ ശെമ്മാശനെന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്നു. 1945-ൽ കോട്ടയം പഴയ സെമിനാരിയിൽ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയിൽ നിന്നും കോറൂയോ പട്ടം സ്വീകരിച്ചു. പഴയ സെമിനാരിയിൽ നിന്നുള്ള വൈദീക വിദ്യാഭ്യാസത്തിനുശേഷം 1951-ൽ അദ്ദേഹം പുരോഹിത്യം സ്വീകരിച്ചു. പിന്നീട് സി. സക്കറിയാ കത്തനാർ എന്ന് അറിയപ്പെട്ടു. ട്രിച്ചി സെന്റ് തോമസ് ദേവാലയം, മധുര സെന്റ് തോമസ് ദേവാലയം, മദ്രാസ് സെന്റ് തോമസ് ദേവാലയം എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. ധ്യാന യോഗങ്ങളിലെ പ്രഭാഷകരിൽ മുഖ്യ സ്ഥാനം സക്കറിയാ കത്തനാർക്കുണ്ടായിരുന്നു. വിശ്വാസികളിൽ കൂടുതൽ അത്മീയത വളർത്തുന്ന രീതിയിലുള്ള ധ്യാന പ്രസംഗങ്ങൾ അദ്ദേഹം നടത്തിയിരുന്നു. ചിട്ടയായ രീതിയിലൂടെയും അവതരണ ശൈലികളിലൂടെയും ധ്യാനത്തിന്റെ മാഹാത്മ്യം വിശ്വാസികളിൽ അദ്ദേഹം പകർന്നു നൽകിയിരുന്നു.

വിദ്യാഭ്യാസ-പത്രപ്രവത്തന രംഗങ്ങളിലും സഖറിയാ മാർ ദിവന്നാസിയോസ് സംഭാവനകൾ നൽകിയിരുന്നു. വിദ്യർത്ഥികളുടെ മനസ്സറിഞ്ഞ് അവരിലേക്ക് ഇറങ്ങി ചെന്ന് അറിവിന്റെ ലോകം തുറന്നു കൊടുത്ത മാതൃകാ അദ്ധ്യാപകനായിരുന്നു അദ്ദേഹം. പത്തനാപുരത്തെ സെന്റ് സ്റ്റീഫൻ സ്‌കൂളിൽ അദ്ധ്യാപനം ആരംഭിച്ച അദ്ദേഹം പിന്നീട് 1959-ൽ ട്രിച്ചി പൊന്നയ്യ സ്‌കൂൾ ഹെഡ്മാസ്റ്ററായും നിയമിതനായി. മദ്രാസ് യൂണിവേഴ്‌സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മികച്ച ലേഖകൻ എന്ന രീതിയിലും പത്രാധിപൻ എന്ന രീതിയിലും വളരെ ശ്രദ്ധയനായിരുന്നു സഖറിയാ മാർ ദിവന്നാസിയോസ് തിരുമേനി. മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാസികയായ “മലങ്കര സഭ” യുടെ ചീഫ് എഡിറ്ററായിരുന്നു അദ്ദേഹം. എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ ഓഫീസ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. റഷ്യ, റൊമാനിയ, ബൾഗേറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക തുടങ്ങി നിരവധി വിദേശ രാജ്യങ്ങൾ തിരുമേനി സന്ദർശിച്ചിരുന്നു. അദ്ദേഹം പരിശുദ്ധ കാതോലിക്കാ ബാവയുടെ കീഴിലുള്ള പ്രതിനിധി സംഘത്തിലെ അംഗമായിരുന്നു.

ഫാദർ സക്കറിയായെ 1971-ൽ പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവാ റമ്പാൻ (ദയറൂസോ) സ്ഥാനം നൽകി. 1977 മെയ് 16-ന് മാവേലിക്കരയിൽ ചേർന്ന മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യാനി അസോസിയേഷനിൽ അദ്ദേഹത്തെ എപ്പിസ്‌കോപ്പൽ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1978 മെയ് 15-ന് പഴഞ്ഞി പള്ളിയിൽ വച്ച് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ മറ്റ് നാല് എപ്പിസ്‌കോപ്പാമാർക്കൊപ്പം (ഫിലിപ്പോസ് മാർ. തെയോഫിലോസ്, യാക്കോബ് മാർ പോളികാർപ്പോസ്, ഗീവർഗീസ് മാർ ദീയസ്കോറോസ്, മാത്യൂസ് മാർ ബർണബാസ്, യൂഹാനോൻ മാർ അത്തനാസിയോസ് ) സക്കറിയാ റമ്പാനെ, സക്കറിയ മാർ ദിവന്നാസിയോസ് എന്ന നാമത്തിൽ എപ്പിസ്‌കോപ്പ ആയി വാഴിച്ചു. 1979 ജനുവരി 1 മുതൽ പുതുതായി രൂപീകരിച്ച മദ്രാസ് ഭദ്രാസനത്തിന്റെ ആദ്യത്തെ മെത്രാപ്പോലീത്തയായി അദ്ദേഹത്തെ നിയമിച്ചു. സക്കറിയ മാർ ദിവന്നാസിയോസ് ഭരണകാലത്ത് മദ്രാസ് ഭദ്രാസനം അതിന്റെ വളർച്ചയിൽ അത്ഭുതപൂർവമായ മുന്നേറ്റം നടത്തി. ദൗത്യത്തോടുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണതയും ജീവിത ദർശനവും ഭദ്രാസന ഭരണത്തിൽ കൂടുതൽ ഉണർവ്വ് സൃഷ്ടിക്കുവാൻ കാരണമായി. ശാന്തമായ അന്തരീക്ഷം സക്കറിയ മാർ ദിവന്നാസിയോസ് ഇഷ്ടപെട്ടതിനാൽ ഭദ്രാസന അരമന നഗരത്തിൽ നിന്നും മാറി വിനയാഖപുരത്ത് സ്ഥാപിച്ചു. മദ്രാസ് ഭദ്രാസനത്തിന്റെ ഗതിയെ രൂപപ്പെടുത്തുന്നതിൽ ഒരുപാട് ദീർഘവീക്ഷണമുള്ള ഉത്തമ ഇടയനായിരുന്നു അദേഹം.

ആരോഗ്യ – സാമൂഹിക രംഗങ്ങളിൽ സക്കറിയ മാർ ദിവന്നാസിയോസ് പല സംഭാവനകൾ വിഭാവനം ചെയ്യ്തു. തന്റെ ഗുരുവും മാർഗ്ഗദർശ്ശിയുമായ തോമാ മാർ ദിവന്നാസിയോസിന്റെ സ്മരണയ്ക്കായി മാത്തൂരിൽ ഒരു ആശുപത്രിയും, തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള ലോകപ്രശസ്ത ക്രിസ്ത്യൻ മെഡിക്കൽ കോളേജ് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ സത്തുവാചാരിയിൽ സ്ഥിതി ചെയ്യുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മദ്രാസ് ഭദ്രാസനത്തിന് കീഴിൽ 1990 സ്ഥാപിതമായ ആരോഗ്യ സംരക്ഷണ മിഷൻ പദ്ധതിയായ “സ്നേഹഭവൻ” ന്റെ അമരക്കാരനും അദ്ദേഹമായിരുന്നു. ശാരീരികമായും വൈകാരികമായും സാമ്പത്തികമായും തളർന്നിരിക്കുന്ന സിഎംസി ഹോസ്പിറ്റലിൽ ചികിത്സക്ക് വരുന്ന രോഗികൾക്കും അവരുടെ ബന്ധുമിത്രദികൾക്കും കുറഞ്ഞ ചെലവിൽ താമസ സൗകര്യവും ആശുപത്രി മാർഗനിർദേശവും നൽകുക എന്നതാണ് സ്നേഹഭവന്റെ പ്രധാന ലക്ഷ്യം. മാർ ദിവന്നാസിയോസ് വിഭാവനം ചെയ്ത ജാതി, വർണ്ണ, മത വിവേചനമില്ലാതെ പാവപ്പെട്ടവർക്കും അധഃസ്ഥിതർക്കും മുൻഗണനകൾ നൽകി സ്‌നേഹഭവൻ പദ്ധതിയിലൂടെ സമൂഹത്തിന് മാതൃകയാകുന്ന വിധം ആതിഥേയത്വം വഹിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.

ആത്മീയ കാര്യങ്ങളിലും യാമ പ്രർത്ഥനകളിലും കൂടുതൽ സമയം കണ്ടെത്തിയിരുന്ന ഇടയനായിരുന്നു മാർ ദിവന്നാസിയോസ്. അൻപത്തിയേഴ് വർഷക്കാലം പത്തനാപുരം മൗണ്ട് താബോർ ദയറായിലെ ഒരു ഏളിയ അന്തേവാസിയെ പോലെ അദ്ദേഹം ജീവിച്ചു. ദയറാ ഗുരുവായിരിക്കുന്ന കാലഘട്ടത്തിൽ തന്നെ അദ്ദേഹം ദയറാ അംഗങ്ങളെ തന്റെ ഗുരുവിന്റെ പാദകൾ പഠിപ്പിച്ചു. കാഴ്ചയിലും വസ്ത്രധാരണത്തിലും മാർ ദിവന്നാസിയോസ് വളരെ ലളിത്യം കാത്ത് പരിപാലിച്ചിരുന്നു. എന്നാൽ കർക്കശമായ അച്ചടക്കക്കാരനാണെങ്കിലും അങ്ങേയറ്റം വിനയത്തോടെയുള്ള ജീവിതം നയിച്ചു. യാതൊരു വിധ വ്യത്യാസവുമില്ലാതെ എല്ലാവരോടും ഒരുപോലെയാണ് അദ്ദേഹം കരുതിയതും സ്നേഹിച്ചിരുന്നതും. അദ്ദേഹം തന്റെ ആട്ടിൻകൂട്ടത്തെ ഒരു കുടക്കീഴിൽ ചേർത്തുപിടിച്ച ഉത്തമ ഇടയനായിരുന്നു. ജീവിതത്തിൽ ഒരിക്കലും ഒരു തരത്തിലുള്ള ആഡംബര ജീവിതത്തിനും അദ്ദേഹം ആഗ്രഹം കണ്ടെത്തിയിരുന്നില്ല. ഏകാന്തത ഇഷ്ടപ്പെടുന്ന സന്യാസജീവിതം മരണം വരെയും പിന്തുടർന്നു. എല്ലാ ദയറാക്കാരിലും കർശനമായ സന്യാസ ജീവിതശൈലി പിന്തുടരണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. തന്റെ ആരോഗ്യത്തെക്കുറിച്ച് വിഷമിക്കാതെ നോമ്പിലും വ്രതാനുഷ്ഠാനത്തിലും അദ്ദേഹം കൂടുതൽ പ്രധാന്യം നൽകിയിരുന്നു. അദ്ദേഹം ഒരു മാതൃകാപരമായ ആത്മീയ പിതാവും സംഘാടകനുമായിരുന്നു.

അദ്ദേഹം തമിഴ് അനായാസം കൈകാര്യം ചെയ്യുകയും വിശുദ്ധ കുർബാനയും തക്‌സയും തമിഴിലേക്ക് പരിഭാഷപ്പെടുത്തുകയും തമിഴ് ഭാഷയിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. ഇത് മറ്റ് മതസ്ഥർക്ക് ഓർത്തഡോക്സ് സഭയുടെ സത്യ ആരാധന മനസ്സിലാക്കുന്നതിനും അവ ഉൾക്കൊള്ളുന്നതിനും കൂടുതൽ പ്രചോദനമേകി. കാനോനികവും വ്യക്തിപരവുമായ പ്രാർത്ഥനകളിലൂടെ എന്ത് വിലകൊടുത്തും ദൈവവുമായി നിരന്തരമായ ആശയവിനിമയം നിലനിർത്തുന്നതിൽ മാർ ദിവന്നാസിയോസ് സന്തോഷവുമായിരുന്നു. വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചും ബൈബിൾ വാക്യങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനത്തെക്കുറിച്ചും ആഴത്തിൽ ധ്യാനിച്ചിരുന്ന ദൈവസ്നേഹിയായിരുന്നു അദ്ദേഹം. രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും ദരിദ്രർക്കും വേണ്ടിയുള്ള സേവനമാണ് ദൈവസേവനമെന്ന് അദ്ദേഹം മനസ്സിലാക്കി, അതിന് വേണ്ടി പരിശ്രമിച്ചു. “ദൈവം അയച്ച വിശ്വസ്തനായ ഇടയൻ” എന്നാണ് അദ്ദേഹത്തിന്റെ ഗുരുനാഥനായ തോമാ മാർ ദിവന്നാസിയോസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് .

1997 ജൂലൈ 7 -ന് മദ്രാസ് അരമനയിൽ വെച്ച് അഭിവന്ദ്യ പിതാവ് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. പത്തനാപുരം മൗണ്ട് താബോർ ദയറയിൽ തന്റെ ഗുരുവും മാർഗ്ഗദർശ്ശിയുമായ തോമാ മാർ ദിവന്നാസിയോസ് തിരുമേനിയുടെ കബറിടത്തിനോട് ചേർന്ന് അദ്ദേഹത്തെ കബറടക്കി. പുണ്യവാനായ സഖറിയാ മാർ ദിവന്നാസിയോസ് തിരുമേനി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ആ ഓർമ്മ അനുഗ്രഹദായകംതന്നെ.

എഴുതിയത്: വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ