OVS - ArticlesOVS - Latest News

ഫാന്‍സ് ക്ലബ് ഇല്ലാത്ത പാവം കര്‍ത്താവ്!

‘ഫാന്‍സ് ക്ലബ്’ എന്നത് അത്ര പുതുയുള്ള വസ്തുതയൊന്നുമല്ല. തമിഴ്‌നാട്ടിലെ ‘രസികര്‍ മണ്‍റത്തിന്റെ‘ ഏഴയലത്തു വരികയില്ലെങ്കിലും കേരളത്തിലെ ചില പ്രമുഖ ചലച്ചിത്ര താരങ്ങള്‍ക്കും ഫാന്‍സ് ക്ലബ്ബുകള്‍ ഉണ്ട്. പലപ്പോഴും തങ്ങളുടെ താരമൂല്യം വര്‍ദ്ധിപ്പിക്കാന്‍ അവര്‍തന്നെ പണംമുടക്കി സംഘടിപ്പിക്കുന്നതാണ് ഇവയെന്ന് ആരോപണമുണ്ടെങ്കിലും അതിനവരെ കുറ്റം പറയാനാവില്ല. അതവരുടെ വിപണന തന്ത്രമായി കണക്കിയാല്‍ മതി. സാമൂഹിക മാദ്ധ്യമ അരങ്ങുകള്‍ തുറന്നു കിട്ടിയതോടെ കട്ടൗട്ടുകളില്‍ നിന്നും ഫ്‌ളക്‌സുകളില്‍നിന്നും അവിടേയ്ക്കു ഫാന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ കളംമാറ്റി ചവുട്ടി എന്നു മാത്രം.

നമ്മുടെ വിഷയം അതല്ല; മലങ്കര സഭയിലെ വൈദീക സ്ഥാനികളുടെ ഇടയില്‍ അപകടകരമായ അളവില്‍ വര്‍ദ്ധിച്ചു വരുന്ന ഫാന്‍സ് ക്ലബ് സംസ്‌ക്കാരമാണ്. ഇക്കണക്കിനു പോയാല്‍ കുറഞ്ഞകാലത്തിനുള്ളില്‍ കര്‍ത്താവേശുമിശിഹായ്‌ക്കൊഴികെ മറ്റെല്ലാവർക്കും ഫാന്‍സ് ക്ലബ്ബുകളും സാമൂഹിക മാദ്ധ്യമ കൂട്ടായ്മകളും പേജുകളും ഉണ്ടാവും!

മുമ്പോക്കെ കത്തനാരുമാര്‍ പുത്തന്‍ കുര്‍ബാന ചൊല്ലുമ്പോള്‍ ഒരു അനുമോദനം കൊടുത്താല്‍ പിന്നെ പൗരോഹിത്യ രജതജൂബിലി, കനകജൂബിലി, ഷഷ്ഠിപൂര്‍ത്തി മുതലായവയ്ക്ക് മാത്രമായിരുന്നു സ്വന്തം ഇടവക പള്ളികളിലോ അപ്പോള്‍ സേവനം അനുഷ്ടിക്കുന്ന പള്ളിയിലോ ഒരു ആഘോഷം സംഘടിപ്പിക്കുന്നത്. സെമിനാരി വിദ്യാഭ്യാസത്തിനായി യാത്ര തിരിക്കുമ്പോള്‍ സ്വന്തം ഇടവക പള്ളികളില്‍നിന്നും ഒരു അനുമോദനവും സമ്മാനവും ലഭിച്ചെങ്കിലായി. പിന്നീടൊന്ന് ലഭിക്കണമെങ്കില്‍ മെത്രാനായി തിരഞ്ഞെടുക്കപ്പെടണം.

നവമാദ്ധ്യമങ്ങളുടെ വരവോടെ ഇതാകെ മാറി മറിഞ്ഞു. സെമിനാരി പ്രവേശനം ലഭിക്കുമ്പോഴെ ഫാന്‍സ് ക്ലബ്ബും ജന്മമെടുക്കുകയായി. ആദ്യം അതിനൊരു അനുമോദന പ്രവാഹം. പിന്നീട് യൗഫദ്യക്കിനോ പട്ടം ലഭിക്കുമ്പോള്‍ അടുത്തത്. അതിനു ശേഷം വിവാഹം, കത്തനാരു പട്ടം, പുത്തന്‍ കുര്‍ബാന ഇവയ്ക്ക് വേറെ. അവിടെയും അവസാനിക്കുന്നില്ല: പൗരോഹിത്യത്തിന്റെ 40-ാം ദിനം, ഒന്നാം വാര്‍ഷികം, രണ്ട്, മൂന്ന്… അങ്ങിനെ പോകുന്നു. ഇക്കണക്കിനു പോയാല്‍ ‘പട്ടത്തിന്റെ പതിനാറടിയന്തിരം‘ സാമൂഹിക മാദ്ധ്യമങ്ങളില്‍ ആഘോഷിക്കുന്ന കാലം വിദൂരമല്ല.

നാക്കുകൊണ്ടുള്ള കസര്‍ത്തുകളാണ് അടുത്തത്. ഒരു ഹൂത്തോമ്മാ, ഹൂസോയാ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഗാനത്തിന്റെ മുറി ഇവ സാധകം ചെയ്തു ശരിയാക്കി വീഡിയോ എടുത്ത് സാമൂഹിക മാദ്ധ്യമങ്ങളില്‍ തട്ടും! അതിനു കൊടുക്കുന്ന തലക്കെട്ടുകളാണ് അസഹനീയം. ‘(ഇന്ന) …അച്ചന്റെ ശ്രുതിമധുരമായ ശബ്ദത്തില്‍, (ഇന്ന)...അച്ചന്റെ സ്വര്‍ഗീയ സ്വരം, മലങ്കരയുടെ ഗാന കോകിലം…’ എന്നിങ്ങനെ നീളുന്നു വര്‍ണ്ണനകള്‍. വന്നുവന്ന് മാര്‍ അപ്രേമിന് സഭ നല്‍കിയ ‘പരിശുദ്ധാത്മാവിന്റെ കിന്നരം” എന്ന വിശേഷണം പോലും ഒരാള്‍ എടുത്ത് പ്രയോഗിച്ചത്രെ!

വി. കുര്‍ബാനയുടെ ലൈവ് സ്ട്രീമിംഗ് ആണ് അടുത്തത്. ഒരു പള്ളിയുടെ കൂദാശയോ പെരുന്നാളോ ആണെങ്കില്‍ മനസിലാക്കാം. മാമോദീസ, വിവാഹം, പട്ടംകൊട, പുത്തന്‍ കുര്‍ബാന, ശവസംസ്‌ക്കാരം ഇത്യാദി സ്വകാര്യ ചടങ്ങുകളേയും ഒഴിവാക്കാം. പക്ഷേ എല്ലാ പള്ളികളിലേയും എല്ലാ ദിവസത്തേയും വി. കുര്‍ബാന സംപ്രേഷണം ചെയ്യുന്നത് എന്തിനുവേണ്ടി? അതും പരുമല സെമിനാരിയില്‍ നിന്നും പ്രൊഫഷണല്‍ ക്വാളിറ്റിയോടെ എല്ലാ ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ശുശ്രൂഷകള്‍ സാമൂഹിക മാദ്ധ്യമത്തില്‍ എത്തുമ്പോള്‍?

ഇതിനു പിമ്പില്‍ അവിവാഹിത വൈദീകരില്‍ ഒരു വിഭാഗത്തിന്റെ ലക്ഷ്യം അടുത്ത മെത്രാന്‍ ഇലക്ഷനില്‍ ‘റേറ്റിംഗ് കൂട്ടുക’ എന്നതാണ് എന്നത് പകല്‍പോലെ വ്യക്തം. വിവാഹിതരും അവിവാഹിതരും ആയ മറ്റൊരു വിഭാഗത്തിന് ഇതില്‍ വ്യക്തമായ വാണിജ്യ താല്പര്യങ്ങള്‍ ഉണ്ട്. ഇതൊക്കെ കേട്ട് ആരെങ്കിലും പെരുന്നാള്‍, മോമോദീസാ, വിവാഹം ഇവയ്ക്ക് കാര്‍മികനായി ക്ഷണിച്ചാല്‍ കിട്ടുന്ന കവര്‍. പക്ഷേ അങ്ങിനെ പച്ചപിടിച്ചവര്‍ വിരളമാണ്. ഭൂരിപക്ഷത്തിനും സ്വന്തം ശബ്ദത്തോട് പ്രേമം തോന്നുന്ന ഒരു പ്രത്യേക മാനസികാവസ്ഥ മാത്രമാണ് ഇതിനു പിമ്പിലുള്ളത് എന്നു പറയേണ്ടിവരും.

മെത്രാന്മാരും ഈ രോഗത്തില്‍ നിന്നും വിമുക്തരല്ല എന്നു ഖേദപൂര്‍വം പറയേണ്ടിയിരിക്കുന്നു. പ്രതിദിന ധ്യാനം പങ്കുവെയ്ക്കുന്നവരും സമകാലിക സംഭവങ്ങളെപ്പറ്റി പഠിച്ച് പ്രതികരിക്കുന്നവരുമായ അപൂര്‍വം ചിലര്‍ ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല. നിശബ്ദരായിരിക്കുന്നവരും ഉണ്ട്. എന്നാല്‍ ‘ഗാനകോകിലം’ ആകാന്‍ ശ്രമിക്കുന്നവരും, വിവാദ പ്രസ്ഥാവനകള്‍ നടത്തി തുടരെ വിമര്‍ശനം ഏറ്റുവാങ്ങുന്നവരും, സ്വന്തം സാമൂഹിക മാദ്ധ്യമ പോസ്റ്റുകള്‍ക്ക് ഭദ്രാസനത്തിലെ വൈദീകരെക്കൊണ്ട് നിര്‍ബന്ധിതമായി ലൈക്കടിപ്പിക്കുന്നവരും ഉണ്ടന്നുള്ളതും തള്ളിക്കളയാവുന്നതല്ല.

വൈദീക സ്ഥാനികള്‍ മാത്രമല്ല, ചില അവൈദീകരും സാമൂഹിക മാദ്ധ്യമ ഫാന്‍സ് ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രോഫഷണല്‍ ഗായക സംഘങ്ങളുടെ നടത്തിപ്പുകാരാണ് അവരില്‍ ഒരു കൂട്ടം. വയറ്റിപ്പിഴപ്പിനുവേണ്ടി സ്വയപ്രചരണം നടത്തുന്ന അവരെ ഒഴിവാക്കാം. പാവങ്ങള്‍: ജീവിച്ചു പോട്ടെ. മറ്റുള്ളവരുടെ ലക്ഷ്യം: സഭാ സ്ഥാനങ്ങള്‍. പക്ഷേ അവയില്‍ ഭൂരിപക്ഷവും പ. പിതാവിനെ മറപിടിച്ചാണന്നുമാത്രം. അവ മൂലം ഏറ്റവും വലിയ ദുരന്തമനുഭവിച്ചതും പ. പൗലൂസ് ദ്വിതീയന്‍ ബാവയാണ് എന്നത് അതിന്റെ സങ്കടകരമായ പരിണിത ഫലവും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ. സഭയ്ക്കും പ. പൗലൂസ് ദ്വിതീയന്‍ ബാവായ്ക്കും ഏറ്റവും അവമതി ഉണ്ടാക്കിയത് ഫാന്‍സ് ക്ലബ്ബുകളാണ് എന്നു പറയാതിരിക്കാന്‍ തരമില്ല. ഇവര്‍ സഭയ്ക്കും പ. പിതാവിനും ഉണ്ടാക്കിയ ക്ഷതങ്ങള്‍ ചില്ലറയല്ല. വിവിധ പേരില്‍ സാമൂഹിക മാദ്ധ്യമ കൂട്ടായ്മകള്‍ ഉണ്ടാക്കി ‘ബാവാ സ്തുതി, സഭാ തീക്ഷ്ണത’ എന്നൊക്കെയുള്ള വ്യാജേനെ വിഘടിത വിഭാഗത്തെ ‘…ഗ്വോ…ഗ്വോ…’ വിളിക്കുക. അതിനു മറുപടിയായി പ. സഭയ്ക്കും പ. പിതാവിനും ടണ്‍ കണക്കിനു പുലഭ്യം വാങ്ങിക്കൊടുക്കുക; ഇതായിരുന്നു ഇവരുടെ സ്ഥിരം പരിപാടി. സൂക്ഷ്മമായി പരിശോധിച്ചാല്‍ ‘പ. പിതാവിന്റെ ആരാധകവൃന്ദം’ എന്ന മറയുടെ പുറകില്‍ സ്വയം പ്രശസ്തി നേടാന്‍ ത്വരയുമായി പതുങ്ങിയിരിക്കുന്ന ചില ജന്മങ്ങളെ കാണാം. അതുകൊണ്ടു തന്നെ ഫാന്‍സ് ക്ലബ്ബുകളില്‍ ‘മൂപ്പിളമ‘ പ്രശ്‌നങ്ങള്‍ നിരന്തരമായി ഉടലെടുക്കും. അവ അമീബ പോലെ പിളര്‍ന്നുകൊണ്ടേയിരിക്കുക എന്നതാണ് അതിന്റെ ഫലം. പുതിയൊരു സാമൂഹിക മാദ്ധ്യമ പേജുമായി പ്രത്യക്ഷപ്പെടുന്ന ഈ ‘ആരാധകവൃന്ദങ്ങള്‍‘ സഭാ സ്‌നേഹമോ പ. പിതാവിനോടുള്ള ഭക്തിയോ അല്ല തങ്ങളെ നയിക്കുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. അടുത്തപടി പരസ്പരം ചെളി വാരിയെറിയലാണ്. പരുക്ക് പറ്റുന്നത് പ. സഭയ്ക്കും!

ഇതിലും അസഹ്യമായ ഒന്നായിരുന്നു ‘ആരാധകവൃന്ദങ്ങളുടെ’ പരസ്യ പ്രകടനം. ‘…സ്വാഗതമേ ശോഭിത മോറാന്‍…‘ എന്ന സ്വാഗതഗാനത്തിന്റെ അകമ്പടിയോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പ. പിതാവ് പള്ളികൂദാശയ്ക്ക് എഴുന്നള്ളുമ്പോള്‍ പോലും അതിനു മുമ്പില്‍ കിടന്നു ‘കീജൈ വിളിച്ച്’ അലങ്കോലമാക്കുന്ന ഫാന്‍സ് ക്ലബ്ബുകാര്‍ വിശിഷ്യാ വടക്കന്‍ ഇടവകകളില്‍ പോയ വര്‍ഷങ്ങളില്‍ ഒരു പതിവു കാഴ്ചയായിരുന്നു. എതെങ്കിലും പള്ളിയില്‍ വിധിനടത്തല്‍ നടക്കുമ്പോള്‍ അവിടെല്ലാം വണ്ടീം പിടിച്ചു പോയി ‘കീജൈ വിളിച്ച്, പോട്ടോ പിടിച്ച്’ സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്ന ഒരു ‘സ്ഥിരം നാടകവേദി‘ ഉണ്ട്. വടക്കന്‍ ഇടവകകളിലെ വിധിനടത്തിപ്പു വേളകളില്‍ ആ പള്ളികളുമായി യാതൊരു ബന്ധവുമില്ലാത്ത ‘വിളിയാചാത്തം ഊണുകാരായ’ ഈ മുഖങ്ങള്‍ സ്ഥിരമായി കണ്ടതാണ് ‘പള്ളി പിടുത്തക്കാര്‍’ എന്നു സഭയെ വിശേഷിപ്പിക്കാന്‍ ഇടയാക്കിയ മുഖ്യ കാരണം എന്നു പറയുന്നതില്‍ തെറ്റില്ല. ഒറ്റയ്ക്കും കൂട്ടായും എത്തിച്ചേരുന്ന ഈ കോലാഹലക്കൂട്ടം ആ പള്ളിക്കാര്‍ക്കൊക്കെ തലവേദനകളായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പുറത്തു നിന്ന് ആരും വരെരുത് എന്ന കര്‍ശന നിലപാട് എടുത്തതുകൊണ്ട് പിറവം, മുളന്തുരുത്തി മുതലായ പള്ളികളില്‍ വിധിനടത്തിപ്പ് സുഗമമായി നടന്നു എന്നതാണ് വസ്തുത.

ഈ ലേഖകന്റെ അറിവില്‍ കേസു നടത്താനും വിധി നടത്തുവാനുമുള്ള ചുമതല അതത് ഇവകക്കാര്‍ക്കും അതിന്റെ മേല്‍നോട്ടം ഭദ്രാസന മെത്രാപ്പോലീത്തായ്ക്കുമാണ്. മറ്റാരേയും അതിന് സഭ ചുമതലപ്പെടുത്തിയതായി അറിവില്ല. ചില ഫാന്‍സ് ക്ലബ്ബുകാരുടെ പോസ്റ്റുകള്‍ കണ്ടാല്‍ 1958 മുതലുള്ള ഹൈക്കോടതി – സുപ്രീം കോടതി കേസുകള്‍ നടത്തിയതും ബാരിസ്റ്റര്‍ നമ്പ്യാര്‍, ഫാലി എസ്. നരിമാന്‍, കെ. കെ. വേണുഗോപാല്‍ മുതലായവരെ കേസു പഠിപ്പിച്ചതും ‘ലാപായിന്റുകള്‍‘ പറഞ്ഞുകൊടുത്തതും അവരുടെ ആരാധനാ പാത്രമാണ് എന്നു തോന്നും!

ഒന്നു മാത്രം പറയട്ടെ. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ജാതിക്കുതലവനോടുള്ള ഭക്തിയും സ്‌നേഹവും മലങ്കര നസ്രാണിക്ക് രക്തത്തിലലിഞ്ഞ ഒരു വികാരമാണ്. സമീപകാലത്ത് അത് ആളിക്കത്തിയത് പ. പിതാവിന്റെ രോഗക്കിടക്കയിലും മരണശയ്യയിലും മരണാനന്തരവും ചിലര്‍ അദ്ദേഹത്തെ അപഹസിച്ചു എന്നതുകൊണ്ടാണ്. അല്ലാതെ ഫാന്‍സ് ക്ലമ്പുകാരുടെ പി.ആര്‍. വര്‍ക്കുകൊണ്ടല്ല. നസ്രാണികളുടെ ജാതിക്കു തലവന് ഫാന്‍സ് ക്ലബ്ബുകളുടെ ആവശ്യവുമില്ല. പ. പിതാവിന്റെ മറവില്‍ ഒരുത്തരും പ്രശസ്തരാവുകയും വേണ്ട.

2021 ഒക്‌ടോബര്‍ 14-ന് തിരഞ്ഞെടുക്കപ്പെടുന്ന നസ്രാണികളുടെ ജാതിക്കു തലവന്‍ തനിക്കു ചുറ്റും ഒരു ഫാന്‍സ് ക്ലബും ഉടലെടുക്കാന്‍ അനുവദിക്കരുത്. ഇടവക പള്ളികളിലെ വിധി നടത്തിപ്പ് ഇനിയും തുടരും. അതിന് അതത് ഇടവകക്കാര്‍ മാത്രം പങ്കെടുത്താല്‍ മതി എന്ന കര്‍ശന നിര്‍ദേശം നല്‍കണം. എന്നു മാത്രമല്ല, സാമൂഹിക മാദ്ധ്യമങ്ങളില്‍ അഭിരമിക്കാനും സ്വയം പുകഴ്ത്തല്‍ നടത്തുന്നതിന് സ്വന്തം പേരിലും ഫാന്‍സ് ക്ലബ്ബുകളുടെ പേരിലും നിരന്തരം പോസ്റ്റുകളിടുവാനും ഒരു വൈദീക സ്ഥാനിയേയും -അതു മെത്രാനായാലും കത്തനാരായാലും– അനുവദിക്കരുത്.

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 06 സെപ്റ്റംബര്‍ 2021)

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഇത് ആശ്രമ മൃഗമാണ്: കൊല്ലരുത്.