ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ -2020 ; ശ്രീ. ജോർജ് പൗലോസ് ( ജോയി മുളളരിങ്ങാട്‌)

അങ്കമാലി: മലങ്കര സഭയിലെ ഉത്തമ നസ്രാണികളെ ആദരിക്കുന്നതിനായി ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പ്രസ്ഥാനം ഏർപ്പെടുത്തിയ 2020 ലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പുരസ്‌കാരത്തിന് അങ്കമാലി ഭദ്രാസനത്തിലെ മുളളരിങ്ങാട്‌ സെന്റ് മേരീസ് ഗത്സമെൻ ഓർത്തഡോക്സ് സിറിയൻ ഇടവകാംഗമായ ശ്രീ. ജോർജ് പൗലോസിനെ  (ജോയി മുളളരിങ്ങാട്‌) ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ ജനറൽ ബോഡി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. മുളളരിങ്ങാട്‌ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയെ വ്യവസ്ഥാപിത മാർഗത്തിലൂടെ മലങ്കര സഭയിലേക്കു തിരികെയെത്തിക്കുന്നതിനായി അദ്ദേഹം നടത്തിയ സമാനതകളില്ലാത്ത ഒറ്റയാൾ പോരാട്ടത്തിനുള്ള അംഗീകാരമായാണ് നാലാമത് OVS അവാർഡിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് ഒക്ടോബർ മാസത്തിൽ എറണാകുളത്ത് നടത്തുന്ന OVS വാർഷിക പൊതുസമ്മേളനത്തിൽ വിശ്വാസ സംരക്ഷകൻ പുരസ്കാരവും ക്യാഷ് അവാർഡും സമ്മാനിക്കും.

മലങ്കര സഭയിലെ ഐക്യവും നിയമവ്യവസ്ഥതയും മുളളരിങ്ങാട്‌ സെന്റ് മേരീസ് ഗത്സമെൻ ഓർത്തഡോക്സ് ഇടവകയിലും പരിപാലിക്കപ്പെടണം എന്ന ഉറച്ച നിലപാടോടുകൂടി ഏകാംഗ പോരാട്ടത്തിനിറങ്ങിയ ശ്രീ.ജോർജ് പൗലോസിന് വ്യക്തി ജീവിതത്തിലും, പൊതു ജീവിതത്തിലും വളരെയേറെ ശാരീരികവും-മാനസികവുമായ അക്രമങ്ങൾക്കും, ഭീഷണികൾക്കും, ഒറ്റപ്പെടുത്തലുകൾക്കും വിധേയനാകേണ്ടി വന്നു. എങ്കിലും, 20 വർഷങ്ങൾ നീണ്ട  അത്തരം എണ്ണമറ്റ പ്രതിസന്ധികളും, വെല്ലുവിളികളും, ആക്ഷേപങ്ങളും ഒക്കെയും ഒരു ഉത്തമ നസ്രാണിയുടെ വിശ്വാസപോരാട്ട വീര്യത്തെ വർധിപ്പിച്ചതേയുള്ളൂ. പരിശുദ്ധ പിതാവാം ദൈവത്തിന്റെ അളവറ്റ കൃപയാൽ ബഹു. ഹൈക്കോടതിയുടെ 2020 മാർച്ച് 11 ന്റെ വിധിയെ തുടർന്ന് മുളളരിങ്ങാട്‌ സെന്റ് മേരീസ് ഗത്സമെൻ ഓർത്തഡോക്സ് ഇടവകയെ 2020 ജൂലൈ 10 നു മലങ്കര സഭയ്ക്ക് തിരികെ ഏല്പിച്ചപ്പോൾ, മലങ്കരയിൽ ആരും അതുവരെ അത്രകണ്ട് വിശ്വസിക്കാനും, വിലമതിക്കാനും കൂട്ടാക്കാതിരുന്ന ഒരു ഉജ്ജ്വല ഏകാംഗ വിശ്വാസപോരാട്ടം അതിന്റെ വിജയ പരിസമാപ്തിയിൽ എത്തിച്ചതിന്റെ ആശ്വാസത്തിലും, ആഹ്ലാദത്തിലുമായിരുന്നു ശ്രീ. ജോർജ് പൗലോസ്.

ശ്രീ.പൗലോസ് വർക്കിയുടെയും പരേതയായ ശ്രീമതി. സാറാമ്മ പൗലോസിന്റെയും ഏഴു മക്കളിൽ മൂന്നാമനായി 1960 ഒക്‌ടോബർ 18 നാണ് ശ്രീ. ജോർജ് പൗലോസിന്റെ ജനനം. മുളളരിങ്ങാട്‌ സെന്റ് മേരീസ് ഗത്സമെൻ ഓർത്തഡോക്സ് ഇടവകയുടെ ട്രസ്റ്റിയായി സേവനം അനുഷ്ഠിക്കുന്ന ശ്രീ. ജോർജ് പൗലോസ് രാഷ്ട്രീയ പ്രവർത്തനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു മികച്ച സംഘാടകൻ കൂടിയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ യൗവ്വനത്തിൽ തന്നെ മാറ്റ് തെളിയിച്ച അദ്ദേഹം നാല്  വര്‍ഷം വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ശ്രീമതി. ഷിബി ജോർജാണ് സഹധർമ്മിണി. വിദ്യാർത്ഥികളായ കുമാരി. ഷേബ ജോർജ് (മാസ്റ്റർ ഓഫ് സയൻസ്, ഓസ്ട്രേലിയ), കുമാരി. മിൽഖ ജോർജ് (ഇലക്ട്രിക്ക് എഞ്ചിനീയറിംഗ്) എന്നിവർ മക്കളാണ്.

 

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

 

error: Thank you for visiting : www.ovsonline.in