OVS - ArticlesOVS - Latest News

ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി നടപ്പാക്കണം

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ്. 2008-09 വര്‍ഷം മുതലാണ് കേന്ദ്രസര്‍ക്കാര്‍ ഈ സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തിനനുസരിച്ചാണ് വിവിധ വിഭാഗങ്ങള്‍ക്കായി നല്‍കേണ്ട സ്കോളര്‍ഷിപ്പുകളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും 2,15,670 പുതിയ സ്കോളര്‍ഷിപ്പുകളാണ് 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി കേരളത്തിനു ലഭിക്കുന്നത്. ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് പുതുക്കി ലഭിക്കുകയും ചെയ്യും. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുവദിക്കുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 2017-18 വര്‍ഷത്തില്‍ കേരളത്തില്‍ 121705 മുസ്ലീം കുട്ടികള്‍ക്കും, 93808 ക്രിസ്ത്യന്‍ കുട്ടികള്‍ക്കും, 43 സിഖ് കുട്ടികള്‍ക്കും, 31 ബുദ്ധമതക്കാരായ കുട്ടികള്‍ക്കും, 70 ജൈനമതക്കാരായ കുട്ടികള്‍ക്കും, 13 പാര്‍സി കുട്ടികള്‍ക്കും പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ലഭിക്കും. ഓരോ സംസ്ഥാനത്തെയും ജനസംഖ്യക്ക് അനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സഹായം അനുവദിക്കുന്ന നീതി പ്രസ്തുത ലിസ്റ്റ് പരിശോധിക്കുമ്പോള്‍ മനസ്സിലാകും. പ്രീമെട്രിക് സ്കോളര്‍ഷിപ്പിൻ്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീതിപുലര്‍ത്തുന്നുണ്ടെങ്കിലും പൊതുവേ കേന്ദ്രപദ്ധതികളില്‍ ആ നീതിയൊന്നുമില്ലാ എന്നതാണ് വാസ്തവം. യു.പി.എ സര്‍ക്കാര്‍ തുടങ്ങിവച്ച പല പദ്ധതികളും മുസ്ലീം ക്ഷേമം ഉറപ്പാക്കുന്നതും രാജ്യത്തെ മറ്റു ന്യൂനപക്ഷങ്ങളെ പാടേ അവഗണിക്കുന്നതുമാണ്. മദ്രസ അദ്ധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുക, മദ്രസ ബിരുദത്തിന് സര്‍വകലാശാലാ ബിരുദ തുല്യത നല്‍കുക, ഉര്‍ദു, അറബി ഭാഷാ പഠനത്തിനു പ്രത്യേക സഹായങ്ങള്‍ നല്‍കുക എന്നിങ്ങനെ ഒട്ടേറെ ‘മുസ്ലീം ക്ഷേമ’ പദ്ധതികള്‍ ഇപ്പോളും നിലവിലുണ്ട്.

കേരളാ ന്യൂനപക്ഷകമ്മീഷൻ്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയില്‍ 2011-ലെ സെന്‍സസ് വിവരമനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ 54.73% ഹിന്ദുക്കളും, 26.56% മുസ്ലീങ്ങളും, 18.38% ക്രിസ്ത്യാനികളും, 0.01% സിഖുകാരും, 0.01% ബുദ്ധമതക്കാരും, 0.01% ജൈനമതക്കാരുമാണ്. ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ജനസംഖ്യയിലുള്ള വ്യത്യാസം 8.18%. അപ്പോള്‍ 60:39:1 എന്ന അനുപാതം എങ്കിലും മുസ്ലീം ക്രിസ്ത്യന്‍ മറ്റുന്യൂനപക്ഷസമുദായങ്ങള്‍ക്കായി പാലിച്ചുകൊണ്ട് സഹായം നല്‍കുന്നതാണ് നീതി എന്നു കാണാന്‍ സാധിക്കും. എന്നാല്‍ നിലവിലുള്ളതോ 80:20 എന്ന അനുപാതം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളുടെ 80% മുസ്ലീങ്ങള്‍ക്ക് നല്‍കുന്ന കേരള സര്‍ക്കാരിൻ്റെ നിലപാട് ചോദ്യം ചെയ്യാന്‍ എന്തുകൊണ്ടാണ് ക്രൈസ്തവ സഭാ നേതൃത്വമോ, ക്രൈസ്തവ വോട്ടുബാങ്കിൻ്റെ കുത്തകാവകാശം പേറുന്ന രാഷ്ട്രീയ പാര്‍ട്ടികളോ ഇതുവരെ രംഗത്തു വരാത്തത്? മുസ്ലീം ലീഗിൻ്റെ രാഷ്ട്രീയ സ്വാധീനശക്തി വലതുപക്ഷ മുന്നണിയേയും, സി.പി.ഐ.എമ്മില്‍ ഉള്‍പ്പെടെ പിടിമുറുക്കിയിരിക്കുന്ന ഇസ്ലാമിക നേതൃനിര ഇടതുപക്ഷമുന്നണിയേയും നിയന്ത്രിക്കുകയും മുസ്ലീം സമുദായത്തിന് അനുകൂലമായ രീതിയില്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു. മുസ്ലീം വോട്ടുബാങ്കിൻ്റെ കരുത്ത് ക്രിസ്ത്യാനികള്‍ക്കായി വാദിക്കുന്നതില്‍നിന്ന് ക്രൈസ്തവനേതാക്കന്മാരെപ്പോലും പിന്തിരിപ്പിക്കുന്നു. പക്ഷേ സ്വന്തം അജഗണത്തിനു വേണ്ടി വാദിക്കാന്‍ ഇടയര്‍ എന്താണ് മുന്‍പോട്ട് വരാത്തത്? വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നേടിയെടുക്കാന്‍ കാണിക്കുന്ന ഉത്സാഹം വിശ്വാസികള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കാന്‍ ഉണ്ടാവാത്തത് എന്തുകൊണ്ട്? ക്രൈസ്തവ എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ ഇനിയെങ്കിലും ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം എടുത്ത് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പിടിച്ചു വാങ്ങിയേ തീരൂ.

സാമുദായിക പിന്നോക്കാവസ്ഥയും കമ്മീഷന്‍ റിപ്പോര്‍ട്ടുകളും
മുസ്ലീം സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള സച്ചാര്‍, പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് മുസ്ലീങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് എന്ന വാദത്തെ മുഖവിലയ്ക്കെടുക്കാന്‍ സാധിക്കില്ല. കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്ക് 12% സംവരണം നാളുകളായി മുസ്ലീങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ലത്തീന്‍ കത്തോലിക്കര്‍ക്കും ആംഗ്ലോ ഇന്‍ഡ്യന്‍സിനും കൂടി 4 ശതമാനവും, സംവരണത്തിൻ്റെ പേരില്‍ എപ്പോളും പഴി കേള്‍ക്കുന്ന പട്ടികജാതിക്ക് 8 ശതമാനവും പട്ടികവര്‍ഗത്തിന് 2 ശതമാനവുമാണ് കേരളത്തില്‍ നിലവിലുള്ള സംവരണം എന്നു കൂടി അറിയണം. കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമൊ? വിദ്യാഭ്യാസ, കാര്‍ഷിക വായ്പയെടുത്തു കടക്കെണിയിലായ ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് പദ്ധതികള്‍ ആവിഷ്കരിക്കുമോ? സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് അകറ്റി നിര്‍ത്തപ്പെടുന്ന ക്രിസ്ത്യന്‍ യുവാക്കളെ എങ്ങനെയാണ് സര്‍ക്കാര്‍ സഹായിക്കുക? നാട്ടില്‍ തൊഴില്‍ ലഭിക്കാത്തതിനാല്‍ പ്രവാസികളാക്കപ്പെടുന്ന ക്രിസ്ത്യന്‍ യുവത്വത്തിൻ്റെയും, ചെറുപ്പക്കാര്‍ പ്രവാസികളാക്കപ്പെടുമ്പോള്‍ നാട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന വൃദ്ധ സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനും ന്യൂനപക്ഷ കമ്മീഷനോ, ഡിപ്പാര്‍ട്ട്മെന്റോ തയ്യാറാകുമോ? ക്രിസ്ത്യന്‍ യുവാക്കളില്‍ സംരഭകത്വം വളര്‍ത്താനും സ്വയം തൊഴില്‍ വായ്പ്കള്‍ നല്‍കാനും സംവിധാനമുണ്ടാക്കുമോ? കേരളാ സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശയ്ക്ക് സ്വയം തൊഴില്‍ വായ്പകള്‍ നല്‍കുന്നുണ്ട്. ഇതിൻ്റെ പ്രയോജനം ആ‍ര്‍ക്കാണ് ലഭിക്കുന്നത് എന്ന് മനസ്സിലാക്കുവാന്‍ പട്ടിക 4 കാണുക.


ജിന്‍സ് നല്ലേപ്പറമ്പില്‍

ന്യൂനപക്ഷകമ്മീഷൻ അംഗങ്ങളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളിൽ പിണറായി സർക്കാർ വരുത്തിയ ചെറിയ വലിയ തിരുത്ത്

ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും: പാർട്ട് 1