OVS - ArticlesOVS - Latest News

തിരുവെഴുത്തുകളും, ചരിത്രവും, ശാസ്ത്രവും: ഒരു പഠനം – ഭാഗം 2

ഭാഗം 1 >>  തുടരുന്നു…copyright@ovsonline.in

മൂന്നാമത്തെ തെളിവ്: മൂര്‍ത്തമായ എല്ലാം ഉണ്ടായതിന് പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഒന്നുമില്ലാതിരുന്നപ്പോൾ ദൈവം എവിടെയായിരുന്നു? അമൂർത്തദൈവം ഉണ്ടായിരുന്നെങ്കിൽ ഒന്നുമില്ലാതിരുന്നു എന്നെങ്ങനെ പറയാനാവും?

സാമാന്യമായ അര്‍ഥത്തില്‍ യുക്തിസഹമായ നിഗമനത്തിലെത്തുന്ന ഏതു പഠനരീതിയെയും ശാസ്ത്രീയമെന്നു വിശേഷിപ്പിക്കാം. കാരണം ശുദ്ധ ശാസ്ത്രമെന്ന് കരുതപ്പെടുന്ന ഭൗതികശാസ്ത്രത്തിലെ (Physics) തന്നെ എല്ലാ കാര്യങ്ങളും പഞ്ചേന്ദ്രിയാധീനമല്ല. കാണാനോ തൊടാനോ സാധിക്കുന്നവയല്ല. അത്തരം ഭൗതിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള അനുമാനങ്ങള്‍ നേരിട്ടുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ലഭിക്കുന്നവയല്ല. ഉദാഹരണമായി, പ്രകൃതിയിലെ മൗലിക ബലങ്ങള്‍ (Fundamental forces or interactions). ഗ്രാവിറ്റേഷണല്‍, ഇലക്ട്രോ മാഗ്നറ്റിക്, സ്‌ട്രോങ്ങ്, വീക്ക്, എന്നിങ്ങനെ നാലു തരമാണിവ. ഗ്രാവിറ്റേഷന്‍ അഥവാ ഗുരുത്വാകര്‍ഷണ ബലം ഒരാള്‍ക്കും കാണാനോ തൊടാനോ സാധിക്കുന്നതല്ല. 1915 -ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഗുരുത്വാകര്‍ഷത്തെ കൂടുതല്‍ ശാസ്ത്രീയമായി വിവരിച്ചു. പിണ്ഡം സ്‌പേസിലുണ്ടാക്കുന്ന കര്‍വ്വേച്ചറാണ് ഗുരുത്വാകര്‍ഷണത്തിന് കാരണം എന്നതായി ആപേക്ഷിക സിദ്ധാന്തപ്രകാരമുള്ള വിശദീകരണം. സ്‌പേസിലുള്ള ഈ കര്‍വ്വേച്ചറും ആര്‍ക്കും കാണാനാകില്ല. ഇത്തരം അമൂര്‍ത്തമായ നിരവധി പ്രതിഭാസങ്ങള്‍ ഭൗതികലോകത്തുതന്നെയുണ്ട്. ശൂന്യതയിലുണ്ടാകുന്ന വൈദ്യുതകാന്തിക അലകള്‍ ‘നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമാണ്‘ എന്ന് (പേജ് 420) ഗ്രന്ഥകാരന്‍ തന്നെ കുറിക്കുന്നു. ഒന്നുമില്ലാതിരുന്നപ്പോൾ ദൈവം എവിടെയായിരുന്നു എന്ന ചോദ്യത്തിന് നമുക്ക് ഉത്തരം കണ്ടെത്താന്‍ കഴിയില്ല മാത്രം അല്ല അത് നമുക്ക് ലോജിക്കലായ ഒരു പ്രശ്നം ഉണ്ടാക്കുന്നുമില്ല. കാരണം നമ്മുടെ ബുദ്ധി എന്നത് ദൈവത്തിൻ്റെ DNA പ്രോഗ്രാം എന്നത് മനസ്സിൽ ആകുമ്പോള്‍ പ്രോഗ്രാമറേ മനസ്സിലാക്കാന്‍ പ്രോഗ്രാമിന് അതിൻ്റെതായ പരിമിതികള്‍ ഉണ്ട്. അമൂർത്തദൈവം ഉണ്ടായിരുന്നെങ്കിൽ ഒന്നുമില്ലാതിരുന്നു എന്നെങ്ങനെ പറയാനാവും എന്ന ചോദ്യത്തിന് ഉത്തരം അമൂർത്തമായത് ഒന്നുമില്ലാതെ ഇരുന്നു എന്ന് അര്‍ത്ഥമാക്കുന്ന ഇല്ലല്ലോ. മൂർത്തമായവ ഒന്നും ഇല്ലായിരുന്നു എന്ന് മാത്രമേ കരുതേണ്ടത് ഉള്ളു.

നാലാമത്തെ തെളിവ്: പ്രപഞ്ചത്തിലുള്ള ഒന്നും പൂര്‍ണ്ണമല്ല. അപ്പോ പൂര്‍ണ്ണത നിശ്ചയിക്കുന്ന എന്തോ ‘ഒന്ന്’ ഉണ്ടോ?
ആരംഭം ഉള്ളതും നിത്യമല്ലത്തതുമായ പ്രപഞ്ചത്തിന് തീര്‍ച്ചയായും നിത്യത്ത്വം ഉള്ള ഒരു പൂര്‍ണ്ണത അനിവാര്യമാണ്.

അഞ്ചാമത്തെ തെളിവ്: പ്രപഞ്ചത്തിന് ഒരു പൊതുസൂത്രധാരനുണ്ടോ?
ഇവിടെ നിരീശ്വരവാദികൾ കൊണ്ടുവരുന്ന ന്യായം: “കുശവനേ മൺകലത്തിൻ്റെ സ്രഷ്ടാവായി കാണുന്ന പോലൊരു അബദ്ധം ഇവിടെ സംഭവിക്കുന്നുണ്ട്. കുഴച്ച മണ്ണ്, ശരിയായ ഊഷ്മാവ്, പോട്ടർ വീൽ… തുടങ്ങിയ ആയിരക്കണക്കിന് അനുബന്ധ കാര്യ-കാരണങ്ങൾ ഒത്തുവന്നാൽ മൺകലം പിറക്കുകയുള്ളു. ഇവയിലൊരു ഘടകംപോലും ഒഴിവാക്കാനാവില്ല. അഥവാ അങ്ങനെയൊന്നുണ്ടെങ്കിൽ അത് കേവലം ഒരു ഇടനിലക്കാരനായ കുശവൻ മാത്രമാണ്”. ഇവിടെ ലഭ്യമായ വസ്തുക്കള്‍ കൊണ്ട്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പരിമിതമായ മനുഷ്യൻ്റെ തലത്തില്‍ തുലനപ്പെടുത്തി ആണ്‌ ചിന്തിക്കുന്നത്. എന്നാല്‍ ലോജിക്കൽ ആയി ചിന്തിച്ചാൽ ദൈവം അപരിമിതമായി പ്രവര്‍ത്തിക്കാൻ കഴിവുള്ളവൻ എന്നത് വ്യക്തമാണ്.

മാത്രമല്ല ഇവിടെ ഉന്നയിക്കപ്പെട്ട മറ്റ് ചില ആരോപണങ്ങള്‍ ഇവയാണ്
1. ദൈവത്തിന് ആരോപിക്കപ്പെടുന്ന ഗുണങ്ങളിൽ പലതും പൊരുത്തപ്പെടാത്തതും പരസ്പരം റദ്ദ് ചെയ്യപ്പെടുന്നവയുമാണ്. ഉദാഹരണമായി, സർവശക്തിയും (Omnipotence) സർവജ്ഞതയും (Omniscience) പരസ്പരം റദ്ദാക്കുന്ന ഗുണങ്ങളാണ്. സർവജ്ഞന് ഭാവി, ഭൂതം, വർത്തമാനം എന്നിവയെക്കുറിച്ച് പൂർണ്ണമായ അറിവുണ്ടായിരിക്കണം; സർവശക്തന് വിചാരിക്കുന്ന എന്തും നടപ്പിലാക്കാനും കഴിയണം. പ്രപഞ്ചത്തിൽ ആദ്യാവസാനം താൻ എന്തു ചെയ്യാൻ പോകുന്നുവെന്നതിനെപ്പറ്റി പരിപൂർണ്ണമായ മുന്നറിവ് (Prescience) ഉള്ളവനാണ് സർവജ്ഞൻ. ആ അറിവ് ഒരിക്കലും തെറ്റില്ല; അല്ലെങ്കിൽ തെറ്റാൻ പാടില്ല. അങ്ങനെ വരുമ്പോൾ ദൈവം പിന്നീട് നടത്തുന്ന ഇടപെടലുകളെല്ലാം നേരത്തേ നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരിക്കും, തൻ്റെ ഇടപെടലുകളിൽ സ്വന്തം ഇഷ്ടപ്രകാരം യാതൊരുവിധ മാറ്റവുമുണ്ടാക്കാൻ ദൈവത്തിന് സാധിക്കില്ല. വേണമെന്ന് കരുതിയാൽ പോലും ദൈവം നിസഹായനാണ്. സ്വന്തം മനസ് മാറ്റാനോ പ്രപഞ്ചഗതിയിൽ ഭേദഗതി വരുത്താനോ ദൈവത്തിന് സ്വാതന്ത്ര്യമില്ല. മാറ്റിയാൽ ദൈവത്തിൻ്റെ ജ്ഞാനം(മുന്നറിവ്) തെറ്റാണെന്ന് വരും. തെറ്റായ അറിവുള്ളയാൾ സർവജ്ഞനല്ലല്ലോ.

ഇതിന്‌ ഉള്ള ഉത്തരം: മുന്നറിവ് എന്നത്‌ ആദ്യം തന്നെ തീരുമാനിച്ചു ഉറപ്പിക്കുന്നതിനെ അല്ല ദൈവത്തോട് ഉള്ള ബന്ധത്തിൽ പറയുന്നത്‌. മറിച്ച് കാലങ്ങൾക്ക് അപ്പുറം നടക്കാവുന്ന കാര്യങ്ങളേ അറിയുന്നു എന്നുള്ളത് ആണ്‌. അതിനാല്‍ തന്നെ അതിൽ ഇടപെടല്‍ നടത്തിയൽ തന്നെയും മുന്നറിവ് സർവശക്തി എന്നതിനെ ഒന്നും ബാധിക്കുന്നില്ല. ‘ദൈവം പിന്നീട് നടത്തുന്ന‘ എന്ന സങ്കല്‍പംതന്നെ അസംബന്ധമാണ്. സ്ഥലകാലാതീതനായ ദൈവം ‘പിന്നീട്‘ എങ്ങനെയാണ് ഇടപെടുന്നത്? ‘ആദ്യം‘ ദൈവം ഒന്നു ധരിച്ചുവെന്നും ‘പിന്നീട്‘ മറ്റൊന്നാലോചിച്ചുവെന്നും സങ്കല്‍പ്പിക്കുന്നത് കാലാതീതനായ ദൈവത്തിന് എങ്ങനെ ബാധകമാവും? ഭാവി അറിയാമെന്നതും സര്‍വ്വജ്ഞതയും പരസ്പരപൂരകമാണ്; വൈരുധ്യമില്ല.

2. സർവവ്യാപിയായ ഒന്നിന് സർവശക്തനാവാനും സാധ്യമല്ല. സർവശക്തന് ‘ശൂന്യത‘ സൃഷ്ടിക്കാൻ സാധിക്കണം, ശൂന്യത സൃഷ്ടിച്ചാൽ അവിടെ ഒന്നും ഉണ്ടാകാൻ പാടില്ല; ദൈവംപോലും. ശൂന്യതയിൽ സാന്നിധ്യമില്ലാത്ത ഒന്ന് സർവവ്യാപിയല്ലല്ലോ. ഒരു കഷണം സ്വർണ്ണം പല ചെറിയ ഭാഗങ്ങളായി വിഭജിച്ചാൽ അവസാനം അതിൻ്റെ ആറ്റത്തിലെത്താം. 79 പ്രോട്ടാണുകളും അതിലും അല്പം കൂടുതൽ നൂട്രോണുകളും ന്യൂക്ലിയസിനുചുറ്റും കറങ്ങിത്തിരിയുന്ന 79 ഇലക്ട്രോണുകളുമാണ് സ്വർണ്ണത്തിൻ്റെ ആറ്റത്തിലുണ്ടാവുക. ഈ ആറ്റത്തെ വീണ്ടും വിഭജിച്ചാൽ ലഭിക്കുന്ന വസ്ത സ്വർണ്ണമായിരിക്കില്ല. സ്വർണ്ണത്തിൻ്റെ കാരണം അന്വേഷിച്ച് ആറ്റത്തിനും പിറകോട്ടു പോകുമ്പോൾ കാര്യം (Effect) ഇല്ലാതെയാവുകയും (Terminated) കാരണം (Cause) അപ്രസക്തമാവുകയും (Irrelevant) ചെയ്യുന്നു. അനിശ്ചിതമായ പശ്ചാത്ഗമനത്തിന് (Infinite regress) അങ്ങനെയൊരു ന്യൂനതയുണ്ട്. പ്രപഞ്ചത്തിൻ്റെ കാരണമന്വേഷിച്ച് പിറകോട്ടുപോകുന്തോറും പ്രപഞ്ചമെന്ന സങ്കല്പംതന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. അവസ്ഥയുടെ കാരണം പ്രപഞ്ചത്തിൻ്റെ കാരണത്തിന് സമാനമായിക്കൊള്ളണമെന്ന് നിർബന്ധമില്ല.

ഇതിന്‌ ഉള്ള ഉത്തരം: ഗ്രന്ഥകാരൻ്റെ ഈ വരി നോക്കൂ: ‘യാദൃച്ഛികത അല്ലെങ്കില്‍ ചാന്‍സ് എന്നത് ഒന്നിൻ്റെയും തൃപ്തികരമായ വിശദീകരണമല്ല.'(32) ഇതു തന്നെയാണ് മതവിശ്വാസിക്കും പറയാനുള്ളത്. പ്രപഞ്ചം യാദൃശ്ചികമായല്ല ഉണ്ടായതെങ്കില്‍ പിന്നെ എങ്ങനെയുണ്ടായെന്നാണ് നിരീശ്വരവാദികള്‍ പറയുന്നത്? പിന്നെ എങ്ങനെയുണ്ടായെന്ന് അവര്‍ പറയാന്‍ തയാറല്ല. ദൈവത്തെ അംഗീകരിക്കാനും തയാറല്ല! ഇവിടെ യുക്തി സഹമായി എത്താവുന്ന ഏകനിഗമനം പ്രപഞ്ചത്തിലെ ആസൂത്രണങ്ങള്‍ക്ക് പിന്നില്‍ ഒരാസൂത്രകനുണ്ട് എന്നാണ്. അതിനാല്‍ ദൈവത്തിൻ്റെ ഗുണങ്ങളെപ്പറ്റി പൂര്‍ണമായും ഗ്രഹിക്കാനായില്ലെങ്കില്‍ അത് മറ്റൊരു സമസ്യയാണ് എന്നെ വരുന്നുള്ളൂ. അതുകൊണ്ട് പ്രപഞ്ചത്തിനു പിന്നിലെ കാരണം ദൈവമാണെന്ന അനുമാനം ദുര്‍ബലമാവുന്നില്ല. സ്വര്‍ണ്ണം എന്തൊക്കെ ആയി മാറിയാലും അതിൻ്റെ അടിസ്ഥാന ഘടകങ്ങൾക്ക് ഉള്ള പ്രത്യേക കഴിവ് കൊണ്ട് ആണ്‌ ആ ഘടകങ്ങൾക്ക് സ്വര്‍ണ്ണം ആയി മാറാൻ കഴിയുന്നത്‌. ഒരു മുന്‍ നിശ്ചയിച്ച പ്രോഗ്രാം തന്നെ ആണ്‌ ആത്യന്തികമായി കാണുവാന്‍ സാധിക്കുന്നത്.

‘സര്‍വ്യാപിയായ ഒന്നിന് സര്‍വശക്തനാവാനും സാധ്യമല്ല. സര്‍വശക്തന് ‘ശൂന്യത‘ സൃഷ്ടിക്കാന്‍ സാധിക്കണം. ശൂന്യത സൃഷ്ടിച്ചാല്‍ അവിടെ ഒന്നും ഉണ്ടാകാന്‍ പാടില്ല; ദൈവംപോലും. ശൂന്യതയില്‍ സാന്നിധ്യമില്ലാത്ത ഒന്ന് സര്‍വവ്യാപിയല്ലല്ലോ.'(33) ‘സര്‍വവ്യാപിയായ ദൈവം ദൈവസാന്നിധ്യമില്ലാത്ത ശൂന്യത സൃഷ്ടിക്കണം’ എന്ന ചിന്ത തന്നെ വൈരുദ്ധ്യമാണ്. ഉള്ള ഒന്ന് അപ്പോൾ തന്നെ ഇല്ലാതെയും ഇരിക്കണം എന്ന് പറയുന്ന പോലെ. ലോജിക്കൽ ആയ അശയങ്ങളിലുടെ പിടിച്ചു നിൽക്കാൻ സാധിക്കാതെ വെരുന്ന നിരീശ്വരവാദികളുടെ കാട് കയറി ഉള്ള ചിന്തകള് മാത്രമാണ് ഇത്തരത്തിൽ ഉള്ളവ.

വേദപുസ്തക അവലോകനം

ഉല്പത്തി പുസ്തകത്തെ മശിഹ തമ്പുരാന്‍ എങ്ങിനെ കണക്കാക്കി:

കര്‍ത്താവ് സ്രഷ്ടാവായ ദൈവവും തികഞ്ഞ മനുഷ്യനുമായിരുന്നുവെങ്കിൽ, കര്‍ത്താവിൻ്റെ പ്രഖ്യാപനങ്ങൾ എല്ലായ്പ്പോഴും വിശ്വസനീയമാണ്. അതിനാൽ, ഇത് പ്രാധാന്യമർഹിക്കുന്നു.

ഉല്‌പത്തി പുസ്തകത്തിൻ്റെ രചയിതാവ് മോശയെന്ന് കര്‍ത്താവ് സ്ഥിരീകരിച്ചു. അതുപോലെതന്നെ പഴയനിയമ ഗ്രന്ഥങ്ങളെ അംഗീകരിക്കുന്നു: “പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ” എന്നു പറഞ്ഞു ”(ലൂക്കോസ് 24:44). കൂടാതെ, സുവിശേഷങ്ങളിൽ ഉല്‌പത്തിയിലെ ആദ്യത്തെ ഏഴു അധ്യായങ്ങളിലെ വിശദാംശങ്ങൾ‌ കര്‍ത്താവ് നേരിട്ട് പരാമർശിച്ചു. ആകെ പതിനഞ്ച് തവണ, ഉല്‌പത്തിയിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശദവിവരങ്ങൾ സൂചിപ്പിക്കുന്നു.
ഉദാഹരണത്തിന്‌, മർക്കോസ്‌ 10: 6-ൽ കര്‍ത്താവ് ഉല്‌പത്തി 1: 26-27 പരാമർശിച്ചു, “സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.” അടുത്ത വാക്യം, ഉല്പത്തി 2: 24-ൽ നിന്ന് കര്‍ത്താവ് നേരിട്ട് ഉദ്ധരിച്ചു, “അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.” കര്‍ത്താവ് പറഞ്ഞവ മത്തായി 19: 4-6 ലും രേഖപ്പെടുത്തിയിട്ടുണ്ട്. അത് ശ്രദ്ധിക്കേണ്ടതാണ് മനുഷ്യർ സ്ത്രീയും പുരുഷനും ആയിട്ട് ആണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഉല്പത്തി 1-ൻ്റെ വിശദാംശങ്ങൾ കര്‍ത്താവ് സ്ഥിരീകരിച്ചു ആണും പെണ്ണുമായി “സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ”, അല്ലാതെ ദശലക്ഷക്കണക്കിന് വർഷങ്ങളുടെ പരിണാമം നടന്ന ശേഷമല്ല. അഞ്ച് തവണ കര്‍ത്താവ് നോഹയെയും / വിനാശകരമായ ആഗോള പ്രളയത്തെയും പരാമർശിക്കുന്നു. മത്തായി 24: 37-39, ലൂക്കോസ് 17: 26-27 എന്നിവയിൽ ഉല്പത്തി 6-7. അപ്പോള്‍ കര്‍ത്താവ് ഉല്‌പത്തിയെ യഥാർത്ഥ ചരിത്രമായി കണക്കാക്കിയെന്ന സത്യം ഉള്‍ക്കൊള്ളാന്‍ നമ്മൾ നിർബന്ധിതരാകുന്നു. കര്‍ത്താവ് യഥാർത്ഥത്തിൽ സ്രഷ്ടാവെന്ന നിലയിൽ ഉല്‌പത്തി 1-11 ലെ സംഭവങ്ങൾക്ക് സാക്ഷിയാകുന്നു. ബൈബിളിൻ്റെ ഈ പ്രാരംഭ അധ്യായങ്ങളെ വിശ്വസനീയമായ അക്ഷരീകമായ ചരിത്രമായി കണക്കാക്കാത്ത ഈ “വിശ്വാസികള്‍ക്കു” അഭിമുഖീകരിക്കേണ്ടി വരിക “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ (ലൂക്കോസ് 24:25)” എന്നത് ആയിരിക്കും.

തിരുവെഴുത്തുകളുടെ ചരിത്ര സത്യയത വിശ്വസിക്കാത്ത എന്നാൽ വിശ്വാസികള്‍ എന്ന് അവകാശപ്പെടുന്നവരുടെയും നിരീശ്വരവാദികളുടെയും വാദങ്ങള്‍ പോലെ തന്നെ ഇന്ന് അനേകം തിയറികളുടെയും കാലം ആണ്. പ്രപഞ്ചോല്പ്പത്തി, മനുഷ്യോല്പ്പത്തി തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ഇവ തിയറികള്‍ എന്ന നിലയില്‍ അല്ലാ സാധാരണ ജനങ്ങളുടെ ഇടയില്‍ കരുതപ്പെടുന്നതും എന്തിന് ശാസ്ത്ര അധ്യാപകരുടെ ഇടയില്‍ പോലും ഇവയെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങൾ എന്ന നിലയില്‍ ആണ് ചിന്തിക്കപ്പെടുന്നത്. അതിനാൽ നമുക്ക് അവയെ ഒന്ന് പഠനവിധേയമാക്കാം.

ബിജി ചെറി
(തുടരും…)

പ്രപഞ്ചത്തിൻ്റെയും ലോക മാനവ ജാതിയുടെയും ചരിത്രം: Part – 3