OVS - ArticlesOVS - Latest News

പ്രപഞ്ചത്തിൻ്റെയും ലോക മാനവ ജാതിയുടെയും ചരിത്രം: തിരുവെഴുത്തുകളും, ചരിത്രവും, ശാസ്ത്രവും – ഒരു പഠനം

ആമുഖം: പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തേ പറ്റിയും ദൈവാസ്തിത്വത്തെപ്പറ്റിയും എല്ലാം ഒട്ടേറെ ചര്‍ച്ചകള്‍ ദാര്‍ശനികര്‍ക്കിടയില്‍ എല്ലാ കാലങ്ങളിലും നടന്നിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. ഓരോ കാലഘട്ടത്തിലേയും വൈജ്ഞാനിക നിലവാരം അനുസരിച്ച് അവ വ്യത്യസ്തം ആകുന്നു എന്ന് മാത്രം. copyright@ovsonline.in

അനാദിയായ പ്രപഞ്ചം?
ഭൗതികവാദ ചിന്തകര്‍ വാദിക്കുന്നത് അനുസരിച്ച് പ്രപഞ്ചം എന്നെന്നും ഉണ്ടായിരുന്നുവെന്നും അതിന് ആരംഭമില്ലെന്നും (അനാദി) അതുകൊണ്ടുതന്നെ ഒരു കാരണം അന്വേഷിക്കേണ്ട കാര്യമേ ഇല്ല എന്നുമാണ്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയോടെ പ്രപഞ്ചശാസ്ത്ര നിരീക്ഷണങ്ങളുടെ ഫലമായി പ്രപഞ്ചം അനാദിയെന്ന സങ്കല്‍പ്പം തെറ്റാണ്‌ എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ശാസ്ത്രീയമായ അവലോകനം
ഇക്കാലത്തെ നിരീശ്വരവാദികളുടെ തലതൊട്ടപ്പനായ ഡോക്കിന്‍സിൻ്റെ “ദൈവ വിഭ്രാന്തി (God Delusion)” എന്ന കൃതിയുടെ പുനരാഖ്യാനം ആയ പ്രൊഫ. രവിചന്ദ്രൻ്റെ “നാസ്തികനായ ദൈവത്തിലെ” വാദങ്ങളിൽ ഒന്ന് ദൈവത്തിൻ്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല എന്നാണ്‌. മൂര്‍ത്തമായ അസ്തിത്വമുള്ളതിനേ മൂര്‍ത്തമായ തെളിവു നല്‍കാനാവൂ എന്ന തെളിവിനെക്കുറിച്ചുള്ള സാമാന്യ യുക്തി പോലും ഈ ആരോപണത്തിലില്ല.

മൂര്‍ത്തം (concrete), വസ്തുനിഷ്ഠം (objective), പരീക്ഷണപരം (experimental), ശാസ്ത്രീയം (scientific) എന്നൊക്കെയുള്ള വിശേഷണം, നിരീക്ഷിക്കാനും പരീക്ഷിക്കാനും സാധ്യമാവുന്ന പദാര്‍ഥ ലോകവുമായി ബന്ധപ്പെട്ടതാണ്. ഡോക്കിന്‍സോ പ്രൊഫ. രവിചന്ദ്രനോ നിരീശ്വരവാദിയാണെന്നതിനു ‘മൂര്‍ത്തമായ തെളിവു’ നല്‍കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കുമോ? തീര്‍ച്ചയായും സാധ്യമല്ല. കാരണം ഒരാള്‍ നിരീശ്വരവാദിയാണെന്ന് പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ മൂര്‍ത്തമായി തെളിയിക്കാനാവില്ല. പ്രപഞ്ചാതീതവും പഞ്ചേന്ദ്രിയങ്ങള്‍ക്കു ഗോചരീഭവിക്കാത്തതുമായ ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കുന്നതെങ്ങനെ? ‘മൂര്‍ത്ത‘മായ തെളിവു ചോദിക്കുന്നയാള്‍ ആ വാക്കിൻ്റെ അര്‍ഥമെങ്കിലും പരിഗണിക്കേണ്ടതല്ലേ?

പതിമൂന്നാം നൂറ്റാണ്ടില്‍ (1225 -1274) ജീവിച്ചിരുന്ന പ്രസിദ്ധ ക്രൈസ്തവ ദൈവശാസ്ത്രജ്ഞനായിരുന്ന തോമസ് അക്വിനാസിൻ്റെ (Thomas Aquinas) ദൈവാസ്തിത്വത്തെ തെളിയിക്കുന്ന പ്രശസ്തമായ വാദങ്ങളായ : 1) The Unmoved Mover: ചലിക്കാതെ നില്‍ക്കുന്ന ഒരു ശക്തി എല്ലാറ്റിനേയും ചലിപ്പിക്കുന്നു എന്നതും; 2) The Uncaused Cause: പ്രപഞ്ചത്തില്‍ സര്‍വകാര്യ(effect)ത്തിനും കാരണ(cause)മുണ്ട്. എല്ലാത്തിനും കാരണമായതെന്തോ അതാണ് ദൈവം. എന്നാല്‍ ദൈവത്തിന് കാരണമില്ല എന്നതും; 3) The Cosmological Argument: ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല, പക്ഷേ, ഇന്നുണ്ട്. ആ നിലയ്ക്ക് എല്ലാം ഉണ്ടാക്കിയതിന് പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ അതാണ് ദൈവം! എന്നതും; 4) Argument from degree: ഈ വാദമനുസരിച്ച് എല്ലാത്തിനും ഭിന്ന ഗുണനിലവാരമാണുള്ളത്. ഒന്ന് വേറൊന്നില്‍നിന്ന് വ്യത്യസ്തപ്പെടുന്നത് താരതമ്യം ചെയ്യപ്പെടുമ്പോഴാണ്. ഒരു വരയുടെ സമീപം കൂറേക്കൂടി വലിയൊരെണ്ണം വരയ്ക്കുമ്പോള്‍ ആദ്യവര ചെറുതാകുന്നു- ഇതുപോലെയാണ് താരതമ്യത്തിൻ്റെ പോക്ക്. പ്രപഞ്ചത്തിലുള്ള ഒന്നും പൂര്‍ണ്ണമല്ല. പൂര്‍ണ്ണമല്ലെന്ന് പറയുമ്പോള്‍ പൂര്‍ണ്ണത നിശ്ചയിക്കുന്ന എന്തോ ‘ഒന്ന്‘ ഉണ്ടെന്ന് വരുന്നു. എങ്കിലേ പൂര്‍ണ്ണതയില്ലെന്നോ ഉണ്ടെന്നോ ആരോപിക്കാനാവൂ. അതിനാല്‍ എല്ലാംകൊണ്ടും പൂര്‍ണ്ണമായ ഒന്നുണ്ടായേ തീരൂ. അങ്ങനെയെന്നുണ്ട് അതാണ് ദൈവം എന്നതും; 5) The Teleological Argument from Design. പ്രപഞ്ചത്തിലെ ഏത് വസ്തു നിരീക്ഷിച്ചാലും അവയുടെയൊക്കെ പിന്നില്‍ ആസൂത്രണബുദ്ധി (Designing intelligence) ഉണ്ടെന്ന് ബോധ്യപ്പെടും. അങ്ങനെവരുമ്പോള്‍ പ്രപഞ്ചത്തിന് ഒരു പൊതുസൂത്രധാരനുണ്ട്; അതാണ് ദൈവം എന്നതുമായ അഞ്ചു തെളിവുകളെ റിച്ചാര്‍ഡ് ഡോക്കിന്‍സ് ഖണ്ഡിക്കാൻ ശ്രമിക്കുന്നു.

എന്നാൽ അക്വിനാസിൻ്റെ ആദ്യ മൂന്ന് തെളിവുകള്‍ക്കെതിരെ ഡോക്കിന്‍സ് ആകെക്കൂടി ഉന്നയിക്കുന്ന ഏക എതിര്‍വാദം പശ്ചാത്ഗമനമാണ് (Regression). ഇത് ദാര്‍ശനികമായ അജ്ഞത കൊണ്ട്‌ ആണ്‌. 13ാം നൂറ്റാണ്ടില്‍ അക്വിനാസ് അവതരിപ്പിച്ച എല്ലാ തെളിവുകളും ഖണ്ഡിക്കപ്പെടാതെ അവശേഷിക്കുന്നു എന്ന് മാത്രമല്ല ഈ വാദങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന തെളിവുകൾ മാത്രമാണ്‌ ആധുനിക ശാസ്ത്രം അവതരിപ്പിച്ചിട്ടുള്ളത് എന്നുമാണ്.

ഒന്നാമത്തെ തെളിവ് : സ്വയം ചലിക്കാത്തവ ചലനം തുടങ്ങിയതെങ്ങനെ?
പ്രപഞ്ചത്തില്‍ ഒന്നിനും സ്വയം ചലനശേഷിയില്ല. മാത്രമല്ല പ്രപഞ്ചത്തിലൊന്നിനും സ്ഥായിയായ ചലനശേഷിയുമില്ല. ഊര്‍ജ്ജതന്ത്ര തെളിവുകള്‍ അനുസരിച്ച് പ്രപഞ്ചത്തില്‍ എന്‍ട്രോപ്പി വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. ആറ്റം മുതല്‍ നക്ഷത്രങ്ങളും ഗാലക്‌സികളും മുതൽ പ്രപഞ്ചം ഒട്ടാകെ തന്നെ സ്വയം ചലനശേഷിയില്ലാത്തവയാണെങ്കില്‍ ഇവയെങ്ങനെ ചലനം തുടങ്ങി.

ഒരു വീട് സ്വയം സൃഷ്ടിക്കപ്പെടുമോ “ഇല്ല” എന്ന ഉത്തരമാവും നിരീശ്വരവാദിയും നല്‍കുന്നത്. എങ്കില്‍, സ്വയം ചലിക്കാന്‍ ശേഷിയില്ലാത്ത കണങ്ങള്‍ അടങ്ങിയ ഈ ഭൌതിക പ്രപഞ്ചം സ്വയം ചലനസജ്ജമാകാനാവുമോ? ഇവിടെ മാത്രം നിരീശ്വരവാദി “ആകും” എന്നു ഉത്തരം നല്‍കും. നിത്യജീവിതത്തില്‍ പുലര്‍ത്തന്ന ഇത്രയും സാമാന്യ യുക്തി പോലും പ്രപഞ്ചത്തിന് ബാധകമല്ല എന്ന നിലപാട് മാത്രം മതി നിരീശ്വരവാദം യുക്തിപരമാണെന്ന ധാരണ തിരുത്തപ്പെടാൻ. അക്വിനാസിൻ്റെ ഈ തെളിവ് തികച്ചും യുക്തിഭദ്രവും ശാസ്ത്രീയവുമാണ്. ഈ വാദത്തെ ദുര്‍ബ്ബലമാക്കുന്ന ഒരൊറ്റ ശാസ്ത്ര സിദ്ധാന്തവും ഉള്ളതായി ഡോക്കിന്‍സ് അവകാശപ്പെടുന്നുമില്ല. അപ്പോള്‍ അക്വിനാസിൻ്റെ ഒന്നാമത്തെ തെളിവിനെ എങ്ങനെയാണ് ഡോക്കിന്‍സിന് ഖണ്ഡിച്ചു എന്ന് അവകാശപ്പെടാനാവുക ? നിരീശ്വരവാദികള്‍ ആകെ പറയുന്ന ന്യായം ഇതൊക്കെ എന്നെന്നും ഇങ്ങനെയായിരുന്നുവെന്ന് എന്നുള്ളത് ഒരു ശാസ്ത്രീയവിശദീകരണമേയല്ല എന്ന് മാത്രമല്ല, സാമാന്യ യുക്തിയുടെ വിശദീകരണം പോലുമല്ല. ദൈവ ശാസ്‌ത്രജ്ഞരുടെ “പുറമെനിന്നുള്ള ഒരു പ്രപഞ്ചാതീത ശക്തിക്കല്ലാതെ പ്രപഞ്ചത്തിലെ ഒരണുകണത്തെപ്പോലും ചലിപ്പിക്കാനാവില്ല എന്ന അവകാശവാദം ശാസ്ത്രവുമായി തികച്ചും യോജിക്കുകയും നിരീശ്വരവാദി വാദങ്ങള്‍ അശാസ്ത്രീയം എന്ന് തെളിയിക്കപ്പെടുകയും ചെയ്യുന്നു.”

രണ്ടാമത്തെ തെളിവ്: പ്രപഞ്ചത്തില്‍ സര്‍വകാര്യ(effect)ത്തിനും കാരണ(cause)മുണ്ട്. എന്നാല്‍ ദൈവത്തിന് കാരണമില്ല എന്നത് ലോജിക്കലാണോ?
നിരീശ്വരവാദികൾ അവരുടെ അവിശ്വാസത്തെ ന്യായീകരിക്കാൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന എതിർപ്പാണ് ഈ ചോദ്യം. പ്രശസ്ത ബ്രിട്ടീഷ് തത്ത്വചിന്തകനായ ബെർട്രാൻഡ് റസ്സൽ (1872-1970), എന്തുകൊണ്ടാണ് ഞാൻ ഒരു ക്രിസ്ത്യാനിയല്ല എന്ന തന്റെ സ്വാധീനമുള്ള ലേഖനത്തിൽ ഇതാണ് തന്റെ ആദ്യത്തെ എതിർപ്പായി മുന്നോട്ട് വച്ചത്. ഇന്നത്തെ നിരീശ്വരവാദികൾ റിച്ചാർഡ് ഡോക്കിൻസ് ഉൾപ്പെടെയുള്ളവർ ഈ എതിർപ്പ് ആവർത്തിക്കുന്നു (ദി ഗോഡ് ഡെല്യൂഷൻ).

പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നു; തെർമോഡൈനാമിക്സിൻ്റെ നിയമങ്ങൾ അത് ആവശ്യപ്പെടുന്നതിനാൽ ആരും തർക്കമുന്നയിക്കുന്നില്ല. ഇപ്പോഴത്തെ പ്രപഞ്ചത്തില്‍ കോടാനുകോടി നക്ഷത്രങ്ങളുണ്ട്. എന്നാല്‍ ഇതില്‍ പലതും സൂപ്പര്‍നോവയായി പൊട്ടിത്തെറിക്കുകയും തമോഗര്‍ത്തങ്ങളായി മാറുകയുമൊക്കെ ചെയ്യുന്നു. അങ്ങനെ വന്നാല്‍ ഇതിനൊക്കെയും ഒരു അവസാനമുണ്ടാകില്ലേ? ഉണ്ടാകുമെന്നു തന്നെയാണ് ശാസ്ത്രലോകം ഉറപ്പിക്കുന്നത്. നക്ഷത്രങ്ങള്‍ മരിക്കുന്നതോടെ അവസാനത്തെ സ്‌ഫോടനത്തിനുള്ള ഊര്‍ജ്ജവും ഇല്ലാതാകും. അങ്ങനെ, പ്രപഞ്ചത്തിലെ എല്ലാ താരാപഥങ്ങളും ചിതറിപ്പോകുകയും തമോദ്വാരങ്ങള്‍ ബാഷ്പീകരിക്കപ്പെടുകയും ചെയ്യും. എല്ലാറ്റിൻ്റെയും അവസാനം പ്രപഞ്ചത്തിൻ്റെ താപ മരണം എന്നറിയപ്പെടുന്നു.

യുക്തി / ശാസ്ത്രം / യാഥാർത്ഥ്യത്തിൻ്റെ ഏറ്റവും സ്ഥാപിതമായ തത്വങ്ങളിലൊന്നാണ് കാര്യകാരണത്തിൻ്റെ തത്വം: ഒരു തുടക്കമുള്ള ഒന്നിന് മതിയായ കാരണമുണ്ട്. ‘എല്ലാത്തിനും ഒരു കാരണമുണ്ട്’ എന്നതല്ല തത്വം. ബെർട്രാൻഡ് റസ്സൽ അത് തെറ്റായി വ്യാഖ്യാനിച്ചു. തത്ത്വം യഥാർത്ഥത്തിൽ ഇങ്ങിനെ ആണ്‌ : “ഒരു തുടക്കമുള്ള എല്ലാത്തിനും മതിയായ കാരണമുണ്ട്”. അങ്ങിനെ വരുമ്പോള്‍ ഒരു നിമിഷത്തെ ചിന്ത തന്നെ മതിയാകും തുടക്കമില്ലാത്ത ഒന്നിന് കാരണം ആവശ്യമില്ല എന്നുള്ളത് മനസ്സിലാക്കാന്‍.

പ്രപഞ്ചത്തിൻ്റെ കാരണം പദാര്‍ത്ഥമയമല്ലാത്തതാകണം, കാരണം പദാര്‍ത്ഥം / സ്വാഭാവികം; അത് പ്രപഞ്ചത്തിൻ്റെ അതേ താപ മരണ നിയമങ്ങൾക്ക് വിധേയമായിരിക്കും. അതിനർത്ഥം അതിന് ഒരു തുടക്കം തന്നെ ഉണ്ടായിരിക്കണമെന്നും. പ്രപഞ്ചത്തിൻ്റെ ജനന, മരണ ചക്രങ്ങളുടെ അതേ പ്രശ്‌നം. അതിനാൽ പ്രപഞ്ചത്തിൻ്റെ ആരംഭത്തിൻ്റെ കാരണം സൂപ്പർ-നാച്ചുറൽ ആയിരിക്കണം, അതായത് പദാര്‍ത്ഥമയമല്ലാത്ത അല്ലെങ്കിൽ ആത്മാവ് ബഹിരാകാശ-വസ്തു-സമയത്തിന് പുറത്തുള്ള ഒരു കാരണം. അത്തരമൊരു കാരണം താപ മരണ നിയമത്തിന് വിധേയമാകില്ല, അതിനാൽ ഒരു തുടക്കം ഉണ്ടാകില്ല. അതായത്, കാരണം നിത്യാത്മാവായിരിക്കണം.

പ്രപഞ്ച സ്രഷ്ടാവിനെ തിരുവെഴുത്തുകൾ ഇപ്രകാരം വെളിപ്പെടുത്തുന്നു:

1) നിത്യൻ
പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. (സങ്കീർത്തനങ്ങൾ 90:2)

2) സർവ്വശക്തൻ
യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിൻ്റെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിൻ്റെ പ്രവൃത്തിയാകുന്നു. (1 ദിനവൃത്താന്തം 29: 11–12)

3) സ്പിരിറ്റ് (നോൺ-മെറ്റീരിയൽ)
ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. (യോഹന്നാൻ 4:24)

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്പത്തി 1: 1) എന്ന് തിരുവെഴുത്തു പറയുന്നു. ഇവിടെ ദൈവം സമയം തന്നെ സൃഷ്ടിച്ചു. സമയത്തിന് പുറത്തുള്ള ഒരാൾക്ക്, അതായത്, കാലാതീതമായ, അല്ലെങ്കിൽ ശാശ്വതമായ ഒരു ആളത്വത്തിന് മാത്രമേ പ്രപഞ്ച സൃഷ്ടിപ്പ് സാധ്യമാവൂ.copyright@ovsonline.in

ബിജി ചെറി

തിരുവെഴുത്തുകളും, ചരിത്രവും, ശാസ്ത്രവും: ഒരു പഠനം – ഭാഗം 2