OVS - Latest NewsTrue Faith

മാർ യൗസേഫിനുണ്ടായ വെളിപാടിൻ്റെ ഞായർ.

വേദഭാഗം: വി. മത്തായി 1: 18-25. 

കർത്തൃദർശനത്താൽ രക്ഷകനെക്കുറിച്ചുള്ള അരുളപ്പാട് ലഭിക്കുകയും, അതിൻപ്രകാരം പ്രവർത്തിക്കുകയും ചെയ്ത നീതിമാനായ മാർ യൗസേഫ് ദൈവകേന്ദ്രീകൃതമായ ജീവിതം നയിച്ച ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. തനിക്കായ് വിവാഹനിശ്ചയം ചെയ്യപ്പെട്ടവൾ ഗർഭിണിയായി കാണപ്പെട്ടപ്പോൾ, സ്വഭാവികമായി പൊട്ടിത്തെറിക്കേണ്ട ആ സാഹചര്യത്തിൽ (യഹൂദമത നിയമപ്രകാരം കന്യക ഗർഭം ധരിച്ചാൽ അവളെ കല്ലെറിഞ്ഞ് കൊല്ലണം എന്നാണ്) വളരെ പക്വമായ സഹിഷ്ണതയോടെ യൗസേഫ് ദൈവഹിതത്തിനായ് കാത്തിരിക്കുന്നു. തനിക്കും കുടുംബത്തിനും ഇതുമൂലം വരാനിരിക്കുന്ന അപമാനത്തെക്കുറിച്ച് യൗസേഫും, ശിക്ഷയെക്കുറിച്ച് മറിയാമും ആകുലപ്പെട്ടിരിക്കുമ്പോൾ തക്കസമയത്ത് മാലാഖ സ്വപ്നത്തിൽ യൗസേഫിന് പ്രത്യക്ഷപ്പെട്ട് സത്യം വെളിപ്പെടുത്തിക്കൊടുക്കുന്നു. മാനുഷിക സംശയത്തിൻ്റെ കാർമേഘങ്ങൾ മാറി ദൈവീക നിയോഗങ്ങളുടെ പരിപൂർത്തിയായി യൗസേഫ് പിന്നീട് നിലകൊള്ളുന്നു. 25-ാം വാക്യം നാം വായിക്കുന്നുണ്ടല്ലോ; ‘ഭാര്യയെ ചേർത്തുകൊണ്ടു’.

പലപ്പോഴും സംശയത്തിൽ നിന്ന് വിദൂരമായ സത്യത്തെ തിരിച്ചറിയാതെ പോകുന്ന നമുക്ക് യൗസേഫ് പിതാവിൻ്റെ പ്രവർത്തനം ഒരു മാതൃകയാണ്. സംശയം ഇന്ന് കുടുംബ ജീവിതങ്ങളെ ഉലയ്ക്കുന്ന വലിയ പ്രശ്നമാണ്. സംശയങ്ങളെ മുഴുവൻ തീർത്ത് നമ്മുടെ രക്ഷകൻ്റെ ജനനത്തിൽ സന്തോഷിക്കാൻ ഈ വേദഭാഗം നമ്മോട് ആഹ്വാനം ചെയ്യുകയാണ്. അങ്ങനെ സത്യത്തെ യഥാർത്ഥ ബോധത്തോടെ ഉൾക്കൊള്ളുമ്പോൾ ഇന്ന് നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വിവാഹമോചനങ്ങളും കുടുംബ കലഹങ്ങളും ശമിക്കുകയും, ശാന്തിയും സമാധാനവും പ്രസരിപ്പിക്കുന്ന കുടുംബങ്ങളായി നമ്മുടെ കുടുംബങ്ങൾ രൂപാന്തരപ്പെടുകയും ചെയ്യും.

ജീവിതത്തിൻ്റെ കയ്പേറിയ വേളകളിൽ ഇനി എന്ത് ചെയ്യേണം എന്ന് അറിയാതെ അസ്വസ്ഥരായി കഴിയുമ്പോൾ, ദൈവത്തിലാശ്രയം വയ്ക്കുന്ന ദൈവഭക്തർക്ക് പ്രകാശം ലഭിക്കാതിരിക്കയില്ല എന്നും ഈ വേദഭാഗം നമ്മോട് സംവദിക്കുന്നു.

കർത്താവേ! നിൻ്റെ മാതാവിൻ്റെ ഗർഭത്തെക്കുറിച്ചു യൗസേപ്പിനെ സ്ഥിരപ്പെടുത്തിയതുപോലെ സത്യോപദേശങ്ങളിൽ നിൻ്റെ സഭയെ സ്ഥിരപ്പെടുത്തണമെ. യൗസേപ്പിൻ്റെയും നിൻ്റെ മാതാവിൻ്റെയും പ്രാർത്ഥനകളാൽ ഈ ദിവസത്തിൽ നീ ഞങ്ങളോടു നിരപ്പായി ഞങ്ങളുടെ പാപങ്ങളെ മോചിക്കണമെ. എന്നേക്കും ഞങ്ങൾ നിനക്കും നിൻ്റെ പിതാവിനും പരിശുദ്ധ റൂഹായക്കും സ്തുതി സ്തോത്രങ്ങൾ സമർപ്പിക്കുവാനായിട്ട് തന്നെ.
– ആമ്മീൻ.