അന്ത്യോക്യസും, അന്ത്യോക്യയായും, അന്ത്യോഖ്യൻ സഭയും: ചില ചിന്തകൾ
അന്ത്യോക്യ തെക്കൻ ടർക്കിയിലെ ഹതേ (Hatay) പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് അന്റാക്കിയ (Antakya) എന്ന വിളിപ്പേരുള്ള അന്ത്യോഖ്യ. പോംപി ബി സി 64 -ൽ അന്ത്യോഖ്യ ഉൾപ്പെടുന്ന പ്രദേശങ്ങൾ പിടിച്ചെടുത്തു. അങ്ങനെ സിറിയയെ റോമൻ പ്രവിശ്യയാക്കി മാറ്റുകയും, അന്ത്യോഖ്യയെ ഒരു സ്വതന്ത്ര നഗരമായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു കാലത്തു റോമൻ പ്രവിശ്യയിലെ മൂന്നാമത്തെ വലിയ നഗരമായിരുന്ന അന്ത്യോഖ്യ ഒരു പുറജാതീയ (Pagan) പ്രദേശമായിരുന്നു. അപ്പോളോയുടെ പേരിൽ ഒരു ക്ഷേത്രവും പുറജാതീയ ദേവന്മാരുടെ നിരവധി പ്രതിമകളും ഇവിടെ ഉണ്ടായിരുന്നു. മാത്രമല്ല ഗ്രീക്ക് തീയേറ്ററുകളും കോട്ടകളും മറ്റ് സ്ഥാപനങ്ങളും ഉണ്ടായിരുന്ന നഗരമായിരുന്നു അന്ത്യോഖ്യ.
അന്ത്യോഖ്യ ഒരു രാഷ്ട്രീയ സാംസ്കാരിക നഗരമെന്ന നിലയിലുള്ള വ്യക്തമായ ചരിത്രം ആരംഭിക്കുന്നത് മഹാനായ അലക്സാണ്ടറിൻ്റെ ജനറലായിരുന്ന സെലൂക്കസ് ദി വിക്ടറിൽ നിന്നാണ്. സെലൂക്കസ് അദ്ദേഹത്തിനായി രണ്ട് തലസ്ഥാനങ്ങൾ സൃഷ്ടിച്ചു, ടൈഗ്രിസ് നദിയുടെ തീരത്തുള്ള സെലൂഷ്യാ, വടക്കുപടിഞ്ഞാറൻ സിറിയയിലെ അന്ത്യോഖ്യാ എന്നിവ. അലക്സാണ്ടറുടെ ആർമിയിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 323-ൽ അലക്സാണ്ടറുടെ മരണത്തെത്തുടർന്ന് സിറിയൻ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തു. സെലൂക്കസിൻ്റെ പിതാവും ഫിലിപ്പ് രണ്ടാമെൻ്റെ ഒരു ആർമി ജനറൽ ആയിരുന്ന അന്ത്യോക്യസിൻ്റെ പേരിലാണ് അന്ത്യോഖ്യാ എന്ന പട്ടണം സ്ഥാപിതമായത്. അന്ത്യോഖ്യാ സെലൂസിഡ് സാമ്രാജ്യത്തിൻ്റെ പടിഞ്ഞാറൻ തലസ്ഥാനമായി മാറ്റപ്പെട്ടു.
പിന്നീട് അന്ത്യൊക്ക്യസ് നാലാമൻ രാജാവിൻ്റെ കീഴിൽ അന്ത്യോഖ്യ മഹത്വം നേടി. ഇത് ഒരു മനോഹരമായ നഗരമായി മാറി. ഈ നഗരത്തിൻ്റെ പ്രാധാന്യം അതിൻ്റെ സൗന്ദര്യത്തിൽ മാത്രമായിരുന്നില്ല, മറിച്ച് രാഷ്ട്രീയമായി അന്ത്യോഖ്യ അതിൻ്റെ ഭരണാധികാരികൾക്ക് വളരെ പ്രധാനമായിരുന്നു. ഭരണാധികാരികൾ നഗരത്തിൽ ധാരാളം സ്ഥാപനങ്ങൾ നിർമ്മിച്ചു. അന്തിയോക്കസ് നാലാമൻ്റെ കീഴിൽ ഈ നഗരം ഗ്രീക്ക് സാമ്രാജ്യത്തിൻ്റെ കലാകേന്ദ്രമായി മാറ്റപ്പെട്ടു. അന്ത്യോഖ്യയിൽ ധാരാളം റോമാക്കാർ, സിറിയക്കാർ, മാസിഡോണിയക്കാർ, ഫീനിഷ്യക്കാർ താമസിച്ചിരുന്നു. നിരവധി ജൂത ജനതയെ നഗരത്തിൽ താമസിക്കാൻ നേതാക്കൾ അനുവദിച്ചു. അന്ത്യോഖ്യ നഗരത്തിൽ താമസിച്ചിരുന്ന ജൂതന്മാരുടെ ഇടയിലാണ് ക്രിസ്തുമതം ആദ്യമായി സ്ഥാപിതമായത്.
നിക്കോളൈസം – അന്ത്യോക്യയിലെ ആദ്യകാല ക്രിസ്തീയ വിഭാഗം
അന്ത്യോക്യയിലെ ആദ്യത്തെ ക്രിസ്തീയ വിഭാഗങ്ങളിലൊന്നാണ് നിക്കോളൈസം (പ്രവൃ.6:5). അന്ത്യോക്യ സ്വദേശിയും യഹൂദമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും, പിന്നീട് ക്രിസ്തുമതത്തിൻ്റെ അനുയായി ആയി തീർന്നു നിക്കോളാസ്. ആദ്യത്തെ ഏഴു ഡീക്കന്മാരിൽ ഒരാളായി അപ്പോസ്തലന്മാർ അദ്ദേഹത്തെ നിയമിച്ചു. ഡീക്കൺ നിക്കോളാസിൻ്റെ അനുയായികളെ നിക്കോളൈറ്റൻസ് അല്ലെങ്കിൽ നിക്കോളൈറ്റ്സ് എന്ന് വിളിച്ചിരുന്നു. എന്നാൽ മുഖ്യധാരാ സഭ അവരെ മതവിരുദ്ധമായി കണക്കാക്കി. വെളിപ്പാട് (2: 6,5) അനുസരിച്ച് എഫെസസ്, പെർഗമൂം എന്നീ നഗരങ്ങളിൽ ഇവർ പ്രവർത്തിച്ചിരുന്നു. ഈ നിക്കോളാസ് വെളിപാടിൽ പരാമർശിച്ചിരിക്കുന്ന നിക്കോളൈറ്റന്മാരുമായി ബന്ധമുണ്ടോ എന്ന് ചില പണ്ഡിതരെങ്കിലും ചോദ്യം ചെയ്തിട്ടുണ്ട്. ആദ്യകാല സഭാപിതാക്കന്മാരിൽ ഒരാളായ ലിയോണിലെ ഐറേനിയസ് നിക്കോളൈറ്റക്കാരെ ക്രിസ്തുമത വിരുദ്ധരായ വിഭാഗമായി കണക്കാക്കി അപലപിച്ചിരുന്നു. (വെളി 2: 6; 3:15).
സഭയുടെ തുടക്കം
അന്ത്യോക്യയിലെ ക്രിസ്ത്യൻ സഭയുടെ ഉത്ഭവം യഹൂദ, ഹെല്ലനിക് സംസ്കാരങ്ങളിൽ വേരൂന്നിയിരിക്കുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, ഡീക്കൺ സെന്റ് സ്റ്റീഫൻ്റെ രക്തസാക്ഷിത്വത്തിനു ശേഷം പീഡനങ്ങളിൽ നിന്ന് രക്ഷപെട്ട ജൂത സമൂഹങ്ങളാണ് അന്തിയോഖ്യൻ സഭ സ്ഥാപിക്കാൻ പ്രധാന പങ്ക് വഹിച്ചത്.
അന്ത്യോക്യയിലെത്തിയ ഈ യഹൂദ അഭയാർഥികൾ നഗരത്തിലെ നിലവിലുള്ള യഹൂദ സമൂഹങ്ങളോട് സുവിശേഷം പ്രസംഗിച്ചു. കൂടാതെ അവർ നിരവധി സൈപ്രിയറ്റുകളെയും സിറേനിയക്കാരെയും ഗ്രീക്കുകാരെയും പരിവർത്തനം ചെയ്തു. അതുകൊണ്ടുതന്നെ ഹെല്ലെനിക് ജൂതന്മാരും, വിജാതീയരും മറ്റും ചേർന്നതാണ് ആദ്യകാല അന്ത്യോക്യൻ സഭ സ്ഥാപിച്ചത്. മതപരമായ സമന്വയത്തിൻ്റെ ഫലമായി ആണ് അന്തിയോക്യൻ സഭ സ്ഥാപിതമായത്. നന്നായി വളർന്നുകൊണ്ടിരുന്ന ഈ ക്രിസ്ത്യൻ സമൂഹം ജറുസലേമിലെ അപ്പോസ്തോലന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ബർന്നബാസും, പൗലോസും, പത്രോസും
അവരെക്കുറിച്ചുള്ള സന്ദേശം യെരൂശലേമിലെ സഭ കേട്ടപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയിലേക്ക് പറഞ്ഞയച്ചു. (പ്രവൃ. 11:22). അന്ത്യോക്യയിൽ ബർന്നബാസിനെ അയച്ചത് പത്രോസാണെന്ന് ഒരിടത്തും പരാമർശമില്ല. ജറുസലേമിലെ അപ്പോസ്തലന്മാരും സഭാ നേതാക്കളും അന്ത്യോഖ്യയിലേക്ക് പോകാൻ ബർന്നബാസിനോട് നിർദ്ദേശിച്ചു. അദ്ദേഹം പോയി.
ബർന്നബാസിൻ്റെ നേതൃത്വത്തിൽ അന്തിയോഖ്യൻ സഭ വളരെ ശക്തമായി തീർന്നു. സഭ വളരെ വലുതായതിനാൽ, ബർന്നബാസിനെ സഹായിക്കാൻ പൗലോസിനെ ക്ഷണിച്ചു. ഇരുവരും യഹൂദ വിജാതിയ പ്രകൃതിയിലുള്ള അന്തിയോഖ്യൻ സഭയെ നന്നായി പരിപാലിച്ചു. പൗലോസിനും ബർന്നബാസിനുമൊപ്പം മറ്റു പല നേതാക്കളും അന്തിയോക്യൻ സഭയെ നയിച്ചിരുന്നു. മാത്രമല്ല, അന്തിയോക്യൻ സഭ ജറുസലേമിലെ സഭയേക്കാൾ വലുതായിത്തീർന്നു, പലപ്പോഴും ജറുസലേമിലെ സഭയെ പണം നൽകി സഹായിച്ചിരുന്നു. ധാരാളം വിജാതീയരെ അന്തിയോക്യൻ സഭ സ്വീകരിച്ചു. അതുകാരണം വളരെ പെട്ടന്ന് തന്നെ സഭ വളർന്നു.
മിഷനറി പ്രവർത്തനങ്ങളിൽ തിരക്കിലായതിനാൽ, എ.ഡി. 39 മുതൽ 46 വരെ അന്തിയോക്യൻ ക്രിസ്ത്യൻ സമൂഹത്തിൻ്റെ ഭരണം ഏറ്റെടുത്തു നടത്തിയത് പത്രോസാണ്. റോമിലേക്ക് പോകുന്നതിനുമുമ്പ് അന്ത്യോക്യ നഗരത്തിലെ ബിഷപ്പായി പത്രോസ് ഇവൊടിയുസിനെ വാഴിച്ചു. ഇവൊടിയുസിന് ശേഷം അന്തിയോഖ്യൻ സഭയെ ഇഗ്നാത്തിയോസ്സ്, തെയോഫിലസ് എന്നിങ്ങനെ പ്രഗല്ഭരായ അനേകം മെത്രാന്മാർ നയിച്ചു. അന്ത്യോക്യയെക്കുറിച്ചുള്ള ഏറ്റവും പ്രസിദ്ധമായ ബൈബിൾ പരാമർശം പ്രവൃത്തികൾ (11.26)-ൽ ആണുള്ളത്. അതായത് ക്രിസ്തുവിൻ്റെ അനുയായികളെ ആദ്യം ക്രിസ്ത്യാനികൾ എന്ന് വിളിച്ചത് ഈ നഗരത്തിലാണ്.
വിവാദങ്ങൾ
260-ൽ സമോസറ്റയിലെ പൗലോസിനെ അന്ത്യോക്യയിലെ സഭയുടെ തലവനായി പ്രാദേശിക നേതാവും യുദ്ധപ്രഭുമായ ഓഡെനാഥ് അവരോധിച്ചു. പക്ഷെ ക്രിസ്തുവിൻ്റെ സമ്പൂർണ്ണ ദൈവത്വം നിഷേധിച്ചതിന് സിറിയ, പലസ്തീൻ, അറേബ്യ, സിലീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ബിഷപ്പുമാർ പൗലോസിനെ പുറത്താക്കി.
444-ൽ ക്രിസ്തുവിൻ്റെ ആളത്തത്തെയും ദൈവത്തെയും സംബന്ധിച്ച് വലിയ തർക്കങ്ങളും വിവാദനകളും അന്നത്തെ സഭകളുടെ ഇടയിൽ ഉടലെടുത്തു. ഇത് ക്രിസ്റ്റൊളൊജിക്കൽ കോൺട്രോവേർസിസ് എന്ന് അറിയപ്പെടുന്നു. ഈ തർക്കങ്ങൾ കൽക്കദോക്യൻ സുന്നഹദോസിൽ കലാശിച്ചു (451). ഈ സുന്നഹദോസോടെ ഈസ്റ്റേൺ ഓർത്തഡോക്സ് (Byzantine), ഓറിയന്റൽ ഓർത്തഡോക്സ് എന്നിങ്ങന്നെ രണ്ടായി അന്നുണ്ടായിരുന്ന സഭകൾ തിരിഞ്ഞു. ഈസ്റ്റേൺ ഓർത്തഡോക്സ് സഭകൾ ഡയോഫിസൈറ്റ് വിശ്വാസവും ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ മിയാഫസൈറ്റ് വിശ്വാസവും മുറുകെ പിടിച്ചു.
ആ കാലത്തു ഓറിയന്റൽ സഭ വിഭാഗത്തെ (മിയാഫസൈറ്റ്) പിന്തുണച്ച തിയോഡോറ രാജ്ഞിയുടെ ശുപാർശപ്രകാരം അലക്സാണ്ട്രിയയിലെ കോപ്റ്റിക് പോപ്പ് തിയോഡോഷ്യസ് ഒന്നാമൻ യാക്കോബ് ബുർദ്ദാനയെ എഡേസയുടെ ബിഷപ്പായി വാഴിച്ചു. അതേസമയം, രാജ്ഞിയുടെ ഭർത്താവ് ജസ്റ്റീനിയൻ ചക്രവർത്തി ആവട്ടെ ഈസ്റ്റേൺ ഓർത്തഡോക്സ് സഭയെ (ഡയോഫിസൈറ്റ്) പിന്തുണച്ചു.
അന്ത്യോക്യൻ സഭ ചരിത്രകാരന്മാരായ മൈക്കൽ നജിം, ടി എം ഫ്രേസിയർ എന്നിവരുടെ അഭിപ്രായത്തിൽ അന്ത്യോക്യൻ, സുറിയാനി സംസാരിക്കുന്ന ക്രിസ്ത്യാനികളിൽ ഒരു വിഭാഗം കൽക്കദോക്യൻ സുന്നഹദോസിനെ നിരസിക്കുകയും ഒരു പ്രത്യേക ‘സുറിയാനി’ സഭ രൂപീകരിക്കുകയും ചെയ്തു, അന്ത്യോക്യയിലെ സേവേറിയസ് അവരുടെ ആദ്യത്തെ പാത്രിയർക്കീസായിരുന്നു. കൂടാതെ യാക്കോബ് ബുർദ്ദാന എന്ന മെത്രാച്ചനെ രഹസ്യമായി വാഴിച്ചതും അദ്ദേഹം ഓടിനടന്നു വൈദികരെയും ബിഷപ്പുമാരെയും വാഴിച്ചതും അവർക്കു മുതൽക്കൂട്ടായി. അതുവഴി പുതിയ സുറിയാനി സഭയുടെയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെയും അടിത്തറ ശക്തമാക്കി.
ഒരു സുറിയാനി മിയാഫസൈറ്റ് ഓർത്തഡോക്സ് ബിഷപ്പായിരുന്ന യാക്കോബ് ബുർദ്ദാന മെസൊപ്പൊട്ടേമിയ, അനറ്റോലിയ, സിറിയ, പലസ്തീൻ, അർമേനിയ, കപ്പഡോഷ്യ, സിലീഷ്യ, ഐസൗറിയ, പാംഫിലിയ, ലൈക്കോണിയ, ലൈസിയ, ഫ്രിഗിയ, കാന, ഏഷ്യ മൈനർ, സൈപ്രസ്, റോഡ്സ്, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിൽ യാത്ര ചെയ്ത് ഏകദേശം 80,000 പുരോഹിതന്മാരെ വാഴിച്ചു. കൂടാതെ ഏകദേശം 89 ബിഷോപ്പുമാരെ വാഴിച്ചിട്ടുണ്ടെന്നു ചരിത്രം പറയുന്നു. രണ്ട് പാത്രിയാർക്കീസുകാരെയും (ടെല്ലയിലെ പാത്രിയർക്കീസ് സെർജിയസ്, അന്ത്യോക്യയിലെ പാത്രിയർക്കീസ് പോൾ രണ്ടാമൻ) അദ്ദേഹം വാഴിച്ചു.
ഓക്സ്ഫോർഡ് റഫറൻസിൽ പറയുന്നത്, ‘ജേക്കബിനെ രഹസ്യമായി എഡെസ്സ ബിഷപ്പാക്കി, അദ്ദേഹം തൻ്റെ ജീവിതകാലം മുഴുവൻ രഹസ്യമായി പുരോഹിതന്മാരെ നിയമിക്കുകയും ഒരു പ്രത്യേക മിയാഫസൈറ്റ് ഓർത്തഡോക്സ് സഭ സ്ഥാപിക്കാൻ കാരണമായി തീർന്നു എന്നാണ്. ചില വിമർശകർ യാക്കോബ് ബുർദാനയെ ഒരു വിശുദ്ധ ‘എപ്പിസ്കോപ്പസ് വാഗന്റ്’ എന്ന് പോലും വിളിക്കുന്നുണ്ട്. കൂടാതെ, യാക്കോബ് ബുർദ്ദാനായുടെ എപ്പിസ്കോപ്പൽ ജീവിതം നിരവധി വിവാദങ്ങളും പ്രക്ഷോഭങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. യാക്കോബ് ബുർദ്ദാന ഒരു പ്രത്യേക സുറിയാനി ഹൈറാർക്കി സ്ഥാപിച്ചു, അതുകൊണ്ട് തന്നെ സുറിയാനി സഭയെ യാക്കോബായെന്നും വിളിക്കുന്നു. സുറിയാനി സഭയുടെ സ്ഥാപകൻ യാക്കോബ് ബുർദ്ദാന എന്നാണോ ഇതിനർത്ഥം?
ചുരുക്കി പറഞ്ഞാൽ ഇന്നത്തെ സുറിയാനി സഭ എന്ന് പറയുന്നത് തിയോഡോറ റാണിയുടേയും, ബുർദ്ദാനായുടെയും ശ്രമങ്ങളാൽ സൃഷ്ടിക്കപെട്ട ഒരു സഭയാണെന്ന് പറയേണ്ടി വരും. അതുമാത്രമല്ല, യഥാർത്ഥ അന്ത്യോക്യൻ സഭയുടെ അപ്പോസ്തോലിക പാരമ്പര്യം അന്ത്യോക്യൻ ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽ ചെന്ന് ചേരുകയും ചെയ്തു. അതുപോലെ തന്നെ ചരിത്രത്തിൽ ഉണ്ടായ ഭിന്നതകൾ കാരണം അന്ത്യോഖ്യൻ പാരമ്പര്യത്തിൽ അഞ്ച് സഭകളും അഞ്ച് പാത്രിയര്കീസുമാരും ഉണ്ട് എന്ന് എല്ലവർക്കും അറിയാവുന്ന കാര്യമാണ്.
550 മുതൽ 575 വരെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസായിരുന്നു പോൾ രണ്ടാമൻ ബ്ലാക്ക് ഓഫ് അലക്സാണ്ട്രിയ. യാക്കോബ് ബുർദ്ദാനായാണ് അദ്ദേഹത്തെ വാഴിച്ചത്. സുറിയാനി സഭയുടെ ചരിത്രത്തിലെ ഒരു വിവാദ വ്യക്തിയായിരുന്നു അദ്ദേഹം. കാൽസിഡോണിയൻ ഓർത്തഡോക്സ് സഭയുമായി ചേർന്നതിന് യാക്കോബ് ബുർദാനാ പൗലോസിനെ (പോളിനെ) പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചു വിളിച്ചു. പക്ഷെ, അലക്സാണ്ട്രിയയിലെ പോപ്പ് ഡാമിയൻ സിറിയക് സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് പാത്രിയർക്കീസ് പോളിനെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിച്ചു.
550 മുതൽ 575 -വരെ അന്ത്യോക്യയിലെ പാത്രിയർക്കീസായിരുന്നു കല്ലിനിസിയം പീറ്റർ മൂന്നാമൻ. ത്രിത്വത്തെ നിരസിച്ചതിൽ അദ്ദേഹം കുപ്രസിദ്ധനായിരുന്നു. ഇക്കാരണത്താൽ, അലക്സാണ്ട്രിയയിലെ കോപ്റ്റിക് പോപ്പ് ഡാമിയൻ അദ്ദേഹത്തെ കഠിനമായി അപലപിച്ചു. ഡാമിയൻ മാർപാപ്പ തന്നയാണ് പീറ്റർ മൂന്നാമനെ വഴിച്ചതെന്നത് മറ്റൊരു വസ്തുത. എ.ഡി 588 മുതൽ 616 വരെ രണ്ട് പാത്രിയർക്കീസുമാർ തമ്മിലുള്ള പ്രശ്നങ്ങൾ കാരണം സിറിയക്, കോപ്റ്റിക് സഭകൾ ഭിന്നതയിലായിരുന്നു.
സുറിയാനി പാത്രിയർക്കീസ് ഇവാനിസ് ഒന്നാമൻ്റെ (740–754) നിര്യാണത്തിനുശേഷം, ഖലീഫ അൽ മൻസൂർ സിറിയക് സഭയുടെ സമ്മതമില്ലാതെ രണ്ട് പിൻഗാമികളെ നിയമിക്കുകയും അതുവഴി സുറിയാനി സഭയുടെ അപ്പോസ്തോലിക പിന്തുടർച്ചക്ക് വിള്ളൽ വരുത്തുകയും ചെയ്തു.
1292 മുതൽ 1445 വരെ സിറിയക് ഓർത്തഡോക്സ് സഭ മൂന്ന് പാത്രിയർക്കെറ്റുകളായി പിരിഞ്ഞു. അതായതു 1292-ൽ സുറിയാനി പാത്രിയർക്കീസ് ഫിലോക്സെനസ് ഒന്നാമൻ നെമ്രൂഡിൻ്റെ മരണത്തെത്തുടർന്ന് സിറിയക് ഓർത്തഡോക്സ് സഭ അന്ത്യോക്യ, മാർഡിൻ, മെലിറ്റീൻ എന്നീ പാത്രിയർക്കെറ്റുകളായി ഭിന്നിക്കപ്പെട്ടു. സഭ മറ്റൊരു ഭിന്നതയിലൂടെ കടന്നു പോവുകയും, അവരുടെ അപ്പോസ്തോലിക പിന്തുടർച്ചക്ക് വീണ്ടും വിള്ളൽ വീഴുകയും ചെയ്തു. അതുകൂടാതെ 1364-ൽ തുർ ആബിദീൻ കേന്ദ്രീകരിച്ചു ഒരു പ്രത്യേക പാത്രിയർക്കെറ്റു ഉണ്ടായി. ഇത് മർദിനിൽ നിന്ന് ഭിന്നിച്ചു പോയതാണ്. ഇഗ്നേഷ്യസ് ബെഹ്നം ഹഡ്ലോയോ പാത്രിയര്കീസിനെ പൊതു തലവനായി അംഗീകരിച്ചതോടെ എല്ലാത്തരത്തിലുമുള്ള ഭിന്നത 1445-ൽ അവസാനിച്ചു. മാത്രമല്ല ഇഗ്നേഷ്യസ് ബെഹ്നം ഹാഡ്ലെയുടെ നിർദേശപ്രകാരം 1444-ൽ സുറിയാനി സഭയും, റോമൻ കത്തോലിക്കാസഭയും തമ്മിൽ ഒരു ഐക്യ ഉടമ്പടി ഉണ്ടാക്കി. പിന്നീട് (1453) അത് റദ്ദാക്കി.
ഇതൊന്നും കൂടാതെ ഇരുപതാം നൂറ്റാണ്ടിലും, അതിനു മുൻപും, പിൻപും, കൂടാതെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സുറിയാനി സഭയുടെ പാത്രിയര്കീസുമാരും, നേതൃത്വവും അനേകം വിവാദപരമായ കാര്യങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ട്. അതും കൂടാതെ അബ്ദുൾ ആലോഹൊ പാത്രിയർക്കീസ് മുതൽ അഫ്രേം കരിം പാത്രിയര്കീസുവരെ സൃഷ്ടിച്ച വിവാദങ്ങൾ വേറെ. കൂടുതലറിയാൻ ഈ ലിങ്ക് നോക്കുക
https://themalankarauntold.
ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ടുതന്നെ, സിറിയക് ഓർത്തഡോക്സ് സഭയുടെ അപ്പോസ്തോലിക പാരമ്പര്യം കളങ്കമില്ലാത്തതും, ഒരു വിള്ളൽ പോലും ഇല്ലാത്തതാണെന്നും ഒരു കാരണവശാലും പറയാൻ സാധിക്കില്ല.
ഇന്നത്തെ അന്ത്യോഖ്യ
ആധുനിക ടർക്കിയിൽ സ്ഥിതി ചെയ്യുന്ന കൂടുതലും മുസ്ലിങ്ങൾ താമസിക്കുന്ന ഒരു പ്രദേശമാണ് ഇന്നിത്. പഴയ നഗരത്തിലെ യാതൊരു പ്രശോഭയും ഈ പ്രദേശത്തിനില്ല. യഥാർത്ഥ നഗരത്തിൻ്റെ ഭൂരിഭാഗവും മണിനടിയിലാണ്. എന്നിരുന്നാലും മഹത്തായ അന്ത്യോക്യൻ നഗരത്തിൻ്റെ നിരവധി അവശിഷ്ടങ്ങൾ ഇപ്പോഴും ഈ പ്രദേശത്ത് കാണാം.
ഈ ലേഖനത്തിൽ നിന്നും മനസിലാകുന്ന ചില വാസ്തവങ്ങൾ ഇപ്രകാരമാണ്:
1. അന്ത്യോക്യ ഒരു പുറജാതീയ നഗരമായിരുന്നു. ഫിലിപ്പ് രണ്ടാമൻ്റെ സൈനികനായിരുന്ന ഒരു പുറജാതീയ ജനറലിൻ്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.
2. അന്ത്യോക്യയിലെ ആദ്യത്തെ ക്രിസ്ത്യാനികളായിരുന്നു നിക്കോളൈറ്റിൻ്റെ മതവിരുദ്ധ (Heretic) വിഭാഗം.
3. അന്ത്യോക്യയിലെ ക്രിസ്ത്യൻ സഭയുടെ ഉത്ഭവം യഹൂദ, ഹെല്ലനിക് സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണ്.
4. അന്ത്യോക്യ എന്ന നഗരവും ആ പ്രദേശവും മത സമന്വയത്തിൻ്റെ കേന്ദ്രമായിരുന്നു. അതിനാൽ തന്നെ അന്ത്യോക്യാ സഭയുടെ പരിണാമവും വളർച്ചയും മതസമന്വയത്തിൻ്റെ ബാക്കിപത്രം കൂടിയായിരുന്നു. അപ്പോൾ അന്ത്യോക്യ വിശ്വാസവും, സിംഹാസനവും പേഗൻ ആണെന്ന് പറയേണ്ടി വരും. അന്ത്യോക്യ വിശ്വാസമില്ല മറിച്ചു മിയാഫസൈറ്റ് ഓർത്തഡോക്സ് വിശ്വാസമാണ് സുറിയാനി സഭ ഉൾപ്പെടെയുള്ള ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടേത് എന്ന് മനസിലാക്കണം.
5. അന്ത്യോക്യയിലെത്തി ആ സഭയെ പരിപാലിച്ചതും നേതൃത്വം നൽകുകയും ചെയ്ത ആദ്യത്തെ വ്യക്തി ബർന്നബാസ് ആയിരുന്നു. അദ്ദേഹത്തെ അങ്ങോട്ട് അയച്ചത് ജെറൂസലേമിലെ സഭയായിരുന്നു. അല്ലാതെ പത്രോസ് ആയിരുന്നില്ല. കൂടാതെ പൗലോസും ബർണബാസും നേതൃതം കൊടുത്ത അന്ത്യോക്യൻ സഭയെ പത്രോസ് കുറച്ചുനാളുകൾ നേതൃത്വം കൊടുത്തു.
6. പത്രോസിനെക്കാൾ അന്ത്യോക്യൻ സഭക്ക് ചേരുന്ന സിംഹാസനം ബർണബാസിൻ്റെയോ, പൗലോസിൻ്റെയോ ആണ് എന്നത് വളരെ വ്യക്തമാണ്.
7. ദൈവമല്ലാതെ മറ്റാരും അമർത്യരല്ല. അന്ത്യോക്യൻ സിംഹാസനവും അന്ത്യോക്യയിലെ പാത്രിയര്കീസന്മാരും വിമർശനത്തിന് അതീതരാണെന്ന് വിശ്വസിക്കുന്നത് തീർച്ചയായും ഉചിതമല്ല.
8. എല്ലാ സഭകളുടെയും അപ്പോസ്തോലിക പിന്തുടർച്ചകൾക്കും ധാരാളം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ചരിത്രത്തിലെ കേടുപാടുകൾ സംഭവിക്കാത്ത, കളങ്കപ്പെടാത്ത കറയില്ലാത്ത ഒരു സഭയും ഇല്ല. സുറിയാനി സഭയുടെ കാര്യത്തിൽ ഈ കാര്യം വളരെ വ്യക്തമാണ്.
9. സുറിയാനി സഭയുടെ കാനോൻ അനുസരിച്ച്, ഒരു എപ്പിസ്കോപ്പയെയോ, മെത്രാനെയോ വാഴിക്കാൻ മൂന്ന് മെത്രാന്മാർ ഉണ്ടായിരിക്കണം. അങ്ങനെയാണെങ്കിൽ, യാക്കോബ് ബുർദാന നടത്തിയ എണ്ണമറ്റ വാഴിക്കലുകളുടെ സാധുത എന്താണ്? അതിൽ രണ്ടു പാത്രിയര്കീസന്മാരും പെടും. 12 പുരോഹിതന്മാർ ചേർന്നു മഹാനായ മാർത്തോമാ ഒന്നാമനെ വഴിച്ചതിൽ എന്താണ് തെറ്റ്? ബുർദ്ദനക്കു ബാധകം ആകാത്ത കാനോൻ മലങ്കരക്ക് മാത്രം ബാധകമാണോ ?
10. കൈവെപ്പും പൗരോഹിത്യവും സുറിയാനി സഭയുടെ മാത്രം കുത്തകയല്ല എന്നും മനസിലാക്കേണ്ടതുണ്ട്. മാത്രമല്ല പത്രോസ് അന്ത്യോഖ്യയിൽ കാലുകുത്തുന്നതിനു മുൻപ് അവിടെ സഭയും, സഭ നേതാക്കന്മാരും, പിതാക്കന്മാരും ഒക്കെ ഉണ്ടായിരുന്നു എന്നത് ചരിത്ര സത്യമാണ്. സുറിയാനി സഭയുടെ തന്നെ തുടക്കം ഹെല്ലനിക് ഗ്രീക്ക്, ജ്യൂയിഷ്, പേഗൻ സംസ്കാരങ്ങളിൽ നിന്നുമാണ്. അതുകൊണ്ടു തന്നെ സുറിയാനി സഭയുടെ പൗരോഹിത്യത്തിന് പ്രത്യേകത ഒന്നും തന്നെ ഇല്ല.
11. തങ്ങൾക്ക് പത്രോസ് മുതൽ അഫ്രേം പാത്രിയർക്കീസ് വരെ മുറിപെടാത്ത അപ്പോസ്തോലിക പിന്തുടർച്ച ഉണ്ടെന്ന് വീമ്പ് പറയുന്ന സുറിയാനി സഭാ ചരിത്രകാരന്മാർ കാര്യങ്ങളൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. തിയോഡോറ രാജ്ഞി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ സുറിയാനി സഭ തന്നെ കാണുമായിരുന്നില്ല. സുറിയാനി മക്കൾ പത്രോസിനേക്കാൾ നന്ദി പറയേണ്ടത് ആ രാജ്ഞിയോട് ആണ്.
12. അന്ത്യോക്യാ സഭയുടെ ആദ്യകാല ചരിത്രത്തിൽ മലങ്കര സഭയെക്കുറിച്ച് ഒരൊറ്റ പരാമർശം പോലുമില്ല. റോമാ സാമ്രാജ്യത്തെ പുറത്തുള്ള മലങ്കര സഭക്ക് അന്ത്യോക്യാ സഭയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നതെന്തും ബൈബിൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ, ഗൂഗിൾ ഉറവിടങ്ങൾ എന്നിവ ഉപയോഗിച്ച് വായനക്കാർക്ക് തന്നെ പരിശോധിക്കാൻ കഴിയും. സുറിയാനി സഭയുടെ വളരെ കുറച്ചു കാര്യങ്ങൾ മാത്രേ ഈ ലേഖനത്തിൽ പറഞ്ഞിട്ടുള്ളു. പറയാൻ ഇനി എത്രയോ ബാക്കി കിടക്കുന്നു….
വായനക്കാർക്കുള്ള ചില റെഫെറെൻസുകൾ
പുസ്തകങ്ങൾ
The Holy Bible
A brief history of the Patriarchate of Antioch by Father Michael Najim and T L Frazier (Greek Orthodox Patriarchate of Antioch).
History of Antioch by Glanville Downey
Justinian and the Making of the Syrian Orthodox Church by Volker L. Menzea
Muslim-Christian Relations and Inter-Christian Rivalries in the Middle East: The Case of the Jacobites in an Age of Transition
Theodora: Actress, Empress, Saint
Narratives of Identity: The Syrian Orthodox Church and the Church of England
Theodora: A Story of Heroism, Strife, Sacrifice, and Faith: Treating the Affairs of the Syriac Church in the First Half of the Sixth Century
Orientalism, Aramaic, and Kabbalah in the Catholic Reformation: The First Printing of the Syriac New Testament
ഓൺലൈൻ ലേഖനങ്ങൾ
https://www.vision.org/
https://www.christianity.com/…
http://www.syriacstudies.com/…
https://www.oxfordreference.
https://www.
https://themalankarauntold.
TMUNT