Departed Spiritual FathersOVS - Latest News

പൗലോസ് മാർ പക്കോമിയോസ്: ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത അമരക്കാരൻ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സന്യാസ പ്രസ്ഥാനത്തിൻ്റെ ഈറ്റില്ലമായ ബഥനി ആശ്രമംഗമായി സഭാ ശുശ്രൂഷക്ക് വേണ്ടി ദൈവത്താൽ സമർപ്പിക്കപ്പെട്ട ആത്മീയ പിതാവാണ് പൗലോസ് മാർ പക്കോമിയോസ്. സന്യാസ ജീവിതത്തിൽ തൻ്റെ മുൻഗാമികളായ ബഥനിയിലെ അലക്സിയോസ് മാർ തേവോദോസിയോസിൻ്റെയും, ധ്യാന ഗുരുവായ യൂഹാനോൻ മാർ അത്താനാസിയോസിൻ്റെയും മാതൃകയാക്കി സഭയെയും ബഥനി ക്രിസ്താനുകരണ സമൂഹത്തെ നയച്ച താപസ ശ്രേഷ്ഠനാണ് മാർ പക്കോമിയോസ്. വ്യക്തിമുദ്രകൊണ്ടും സ്നേഹം കൊണ്ടും ജനമനസ്സുകൾ കീഴടക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പരിശുദ്ധ കുറിച്ചി ബാവയുടെ കുടുംബ പാരമ്പര്യവും പ്രാർത്ഥനാ ജീവിതവും തീഷ്ണമായ വിശ്വാസവും മാർ പക്കോമിയോസ് തിരുമേനിയുടെ ജീവിതത്തിലും തീർത്തും അവകാശപ്പെടാവുന്നതാണ്.

കുറിച്ചി കോലത്തുകളത്തിൽ നെയ്യ്ശ്ശേരിയിൽ കെ. കെ ജോണിൻ്റെയും മറിയാമ്മ ജോണിൻ്റെയും രണ്ടാമത്തെ പുത്രനായി 1946 ജനുവരി 26-ന് ജനിച്ചു. ബാല്യകാലം മുതൽ തൻ്റെ നാല് സഹോദരന്മാരോടും ഒരു സഹോദരിയയോടുമൊത്ത് പ്രർത്ഥാനാ തീക്ഷ്ണതയും അച്ചടക്കമുള്ള വളർന്നു. പരിശുദ്ധ വട്ടശ്ശേരി തിരുമേനിയുടെയും കുറിച്ചി ബാവയുടെയും കുടുംബങ്ങളുമായിട്ടുള്ള ബന്ധങ്ങളും ഈ പിതാക്കൻമാരുടെ ജീവിതതീഷ്ണതയും അദ്ദേഹത്തിന് കൂടുതൽ പ്രചോദനമേകി. ചിങ്ങവനം സെൻറ് തോമസ് സ്ക്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും ഹിസിക്സ് വിഷയത്തിൽ ബിരുദം കരസ്തമാക്കി.

തൻ്റെ തുടർന്നുള്ള ജീവിതം ക്രിസ്തുവിനുവേണ്ടി സമർപ്പിക്കുക എന്ന പൂർണ്ണ തിരുമാനത്തോടുകൂടെ പെരുനാട് മുണ്ടൻമലയിലുള്ള ബഥനി ക്രിസ്താനുകരണ സമൂഹത്തിൽ 1968 -ൽ അബോ യൂഹാനോൻ്റെ (പിന്നീട് യൂഹാനോൻ മാർ അത്താനാസിയോസ്) ശിഷ്യണത്തിൽ സന്യാസ ജീവിതമാരംഭിച്ചു. കൊൽക്കത്തയിലെ പ്രശസ്തമായ ബിഷപ്പ്സ് കോളേജിൽ നിന്നുള്ള ദൈവശാസ്ത്രത്തിൽ (ബി ഡി) കരസ്തമാക്കി. 1973-ൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസിൽ നിന്നും ശെമ്മശ പട്ടം സ്വീകരിച്ചു. നിയുക്ത കാതോലിക്ക മാത്യൂസ് മാർ അത്താനാസിയോസിൽ നിന്നും 1978 ജനുവരി എട്ടിന് വൈദിക പട്ടവും സ്വീകരിച്ചു. 1986 മുതൽ ബഥാനി ആശ്രമത്തിൻ്റെ അബോയായി (സുപ്പിരിയർ അഥവാ ഗുരു) തിരഞ്ഞെടുക്കപ്പെട്ടു. മെത്രാപ്പോലീത്താമായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം അബോ സ്ഥാനത്ത് തുടർന്നു.

ബഥനിയുടെ അബോയും മലങ്കര സഭയുടെ ധ്യാന ഗുരുക്കൻമാരിൽ ഒരാളുമായ പൗലോസ് കശ്ലീശാ ശ്രേഷ്ഠ മഹാപുരോതനായത് ദൈവിക നിശ്ചയം. 1992 സെപ്റ്റംബർ പത്തിന് പരുമല സെമിനാരിയിൽ നടന്ന മലങ്കര അസോസിയേഷനിൽ മേല്പട്ട സ്ഥാനത്തേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തു. 1992 ഡിസംബർ പതിനെട്ടിന് ശ്രേഷ്ഠ കാതോലിക്ക തോമസ് മാർ തീമോത്തിയോസിൽ നിന്നും റമ്പാൻ സ്ഥാനം സ്വീകരിച്ചു. 1993 ആഗസ്റ്റ് പതിനാലിന് പരിശുദ്ധ ബസേലിയോസ് മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവാ പൗലോസ് റമ്പാനെ പൗലോസ് മാർ പക്കോമിയോസ് എന്ന നാമത്തിൽ എപ്പിസ്കോപ്പായായി വാഴിച്ചു. തുടർന്ന് ഇടുക്കി അങ്കമാലി ഭദ്രസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായായി നിയമിച്ചു. പാലോസ് മാർ പക്കോമിയോസ് തിരുമേനിക്ക് സജീവവും ചലനാത്മകവുമായ വ്യക്തിത്വമുണ്ടായിരുന്നു. വന്ദ്യ പിതാവിൻ്റെ സഭാ സേവനങ്ങളെ ദൈവം ധാരാളമായി ഉയർത്തി കൊണ്ടുവന്നു. 2002 ഓഗസ്സ് 10-ന് മാവേലിക്കര ഭദ്രാസനം രൂപീകരിച്ചപ്പോൾ ഭദ്രാസനത്തിൻ്റെ ആദ്യ അധിപനായി പൗലോസ് മാർ പക്കോമിയോസ് തിരുമേനി ചുമതലയെറ്റു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലൂടെ മാവേലിക്കര ഭദ്രാസനം ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളർന്നുകൊണ്ടിരുന്നു. വളരെ ചെറിയ കാലയളവിൽ നിർമ്മിച്ച മാവേലിക്കര ഭദ്രാസനത്തിൻ്റെ ആസ്ഥാനം ‘തേയോ ഭവൻ‘ അരമാന അദ്ദേഹത്തിൻ്റെ മികവിൻ്റെ മികച്ച ഉദാഹരണമാണ്.

മാർ പക്കോമിയോസ് തൻ്റെ സഭാ സേവനങ്ങൾ മാവേലിക്കര ഭദ്രാസനത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നില്ല. സഭയുടെ സമഗ്ര വികസനത്തിനായി അദ്ദേഹം എല്ലായ്പ്പോഴും തൻ്റെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു.  ഓർത്തഡോക്സ് സഭകളുടെ മതസമിതിയുടെ ആദ്യ സെക്രട്ടറിയായിരുന്നു അദ്ദേഹം. സൺ‌ഡേ സ്കൂൾ പാഠപുസ്തകങ്ങളുടെ കമ്മിറ്റി അംഗം, ബാലികമഠം സ്കൂൾ ഗവേണിംഗ് ബോർഡ് അംഗം, മാർത്തമറിയം സമാജത്തിൻ്റെ പ്രസിഡൻ്റ്, കത്തോലിക്കേറ്റ് ആൻഡ് എംഡി സ്കൂളുകളുടെ മാനേജർ, 1993 മുതൽ എം‌ ജി‌ ഒ‌ സി‌ എസ്‌ എമ്മിൻ്റെ ബിഷപ്പ് വൈസ് പ്രസിഡൻ്റ്, വൈഎംസി‌എ റാന്നി-പെരുനാട് മേഖലയുടെ പ്രസിഡൻ്റ്, പരുമല സെമിനാരി കൗൺസിൽ, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ഗവേണിംഗ് ബോർഡ് അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.

വിവിധ സഭകളുടെ കൗൺസിലുകളിൽ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു അദ്ദേഹം പങ്കെടുത്തിരുന്നു. നിലക്കൽ എക്യുമെനിക്കൽ ട്രസ്റ്റിലെ ഓർത്തഡോക്സ് സഭയുടെ പ്രതിനിധി കൂടിയായിരുന്നു. പല സന്യാസ സമൂഹങ്ങൾക്കും അദ്ദേഹം പാതയും വെളിച്ചവും കാണിച്ചു. കിഴക്കമ്പലം ബെത്‌ലഹേം സെന്റ് മേരീസ് കോൺവെന്റ്, റാന്നി ഹോളി ട്രിനിറ്റി ആശ്രമം തുടങ്ങിയ സന്യാസ സമൂഹങ്ങളുടെ വിസിറ്റർ ബിഷപ്പ് കൂടിയായിരുന്നു മാർ പക്കോമിയോസ്. ഒരു മാനവിക വീക്ഷകൻ, മിഷനറി എന്നീ നിലകളിൽ അദ്ദേഹം ചെയ്ത സേവനങ്ങൾ അപലപനീയമാണ്. സെന്റ് തോമസ് ബാലഭവൻ, മാർ ഡയോനിഷ്യസ് വാർദ്ധക്യകാല വസതി എന്നിവയുടെ പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഓർത്തഡോക്സ് പാരമ്പര്യങ്ങളും മൂല്യങ്ങളും ശക്തമായി കാത്തുസൂക്ഷിച്ച മെത്രാപ്പോലീത്തായായിരുന്നു മാർ പക്കോമിയോസ്. “എൻ്റെ സഭയാണ് എനിക്ക് എല്ലാം. എൻ്റെ സഭയില്ലെങ്കിൽ ഞാനില്ല” എന്ന ദർശനത്തോടെ സഭയെയും ഭദ്രാസനത്തെയും അനുഗ്രഹീതമായി നയിച്ചു. തൻ്റെ സഭാ ശുശ്രൂഷയിൽ അവസാന നാൾ വരെയും വിദ്യാർത്ഥി പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും, ഈ വന്ദ്യ പിതാവിൻ്റെ അത്മീക വ്യക്തിത്വം വിദ്യർത്ഥികളുടെ ഇടയിൽ ഒരു തരംഗം സൃഷ്ടിക്കുകയും ചെയ്യ്തു. അദ്ദേഹത്തിൻ്റെ വിദ്യർത്ഥികളോടുള്ള സ്നേഹവും കരുതലും യുവജനങ്ങളിൽ സഭയോടുള്ള കൂറും വിശ്വാസവും വർദ്ധിപ്പിക്കുന്നതിന് കാരണമാകുകയും, പലരേയും സഭയുടെ അത്മീക നേതൃത്വനിരകളിലേക്ക് വഴി ഒരുക്കുന്നതിന് അവസരമേകി. സഭയെക്കുറിച്ചുള്ള തൻ്റെ നിരവധി സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ അദ്ദേഹം അശ്രാന്തമായി അവസാന ശ്വാസം വരെയും പരിശ്രമിച്ചിരുന്നു.

ലളിത ഭാഷകളിലൂടെയും ചെറുപുഞ്ചിരിയിലൂടെയും ലഭിച്ച ദൈവത്തിൻ്റെ മർമ്മങ്ങൾ മലങ്കര സഭാ മക്കൾക്ക് സമ്മാനിച്ച അബൂൻ പക്കോമിയോസ് 2012 ഓഗസ്റ്റ് മാസം ഒന്നാം തീയതി ദൈവത്താൽ ചേർക്കപ്പെട്ടു. ബഥനിയിലെ തൻ്റെ മുൻഗാമികളും ഗുരുക്കൻമാരുമായ അലക്സിയോസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ അത്താനാസിയോസ് പിതാക്കൻമാരുടെ കബറിടത്തോടു ചേർന്ന് അഭിവന്ദ്യ പിതാവിനെയും കബറടക്കി. ഭാഗ്യസ്മരണാർഹനായ പിതാവിൻ്റെ പ്രാർത്ഥനയും മദ്ധ്യസ്ഥതയും ഏവർക്കും അനുഗ്രഹമാകട്ടെ.

വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ