അങ്ങനെ ആർട്ടിക്കിൾ 32 കേസും തള്ളി
ന്യൂ ഡൽഹി: വിഘടിത യാക്കോബായ വിശ്വാസികൾക്ക് സഭാ തർക്കത്തിൽ ഏറെ പ്രതീക്ഷ നൽകി ഏറെ കൊട്ടിഘോഷിച്ച് ഫയൽ ചെയ്യപ്പെട്ട ഭരണഘടനയുടെ 32-ആം അനുഛേദം അനുസരിച്ച് ആർട്ടിക്കിൾ 25, 26 എന്നീ വകുപ്പുകളുടെ ലംഘനം ആരോപിച്ച് ഫയൽ ചെയ്യപ്പെട്ട റിട്ട് പെറ്റീഷൻ തള്ളുമെന്ന് ഉറപ്പായപ്പോൾ പിൻവലിക്കുകയാണെന്ന് അറിയച്ചതിനെ തുടർന്ന് യഥാവിധി ബഹുമാനപ്പെട്ട സുപ്രീംകോടതി തള്ളി ഉത്തരവായി. നവംബർ മാസം 19-ആം തീയതി ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്ന് വളരെ പ്രധാനപ്പെട്ട ഉത്തരവ് ആണു ഉണ്ടായിരിക്കുന്നത്. സഭാ തർക്കത്തിൽ കോടതി വിധികൾ നടപ്പാക്കപ്പെടുമ്പോൾ യാക്കോബായക്കാരുടെ മൗലീക അവകാശമായ ആരാധന സ്വാതന്ത്ര്യവും, മാന്യമായ ശവസംസ്കാരവും നിഷേധിക്കപ്പെടുന്നു മുതലായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണു കേരള സർക്കാരിനെ എതിർ കക്ഷിയായി സുപ്രീംകോടതിയിൽ റിട്ട് ഹർജ്ജി ഫയൽ ചെയ്തത്.
ഹർജ്ജിയിലെ പ്രധാന ആവശ്യങ്ങൾ താഴെ പറയുന്നവയായിരുന്നു.
a). ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 25 & 26 -ൽ ഉറപ്പ് നൽകുന്ന പരാതിക്കാരുടെ മൗലികാവകാശങ്ങൾ നടപ്പിലാക്കുവാൻ ആവശ്യമായ ഉത്തരവ് എതിർ കക്ഷിയായ കേരള സർക്കാരിനു പുറപ്പെടുവിക്കുക.
b). അന്ത്യോക്യയിലെ പാത്രിയർക്കീസിൻ്റെ സഭാ ചട്ട പ്രകാരമുള്ള മേധാവിത്വത്തെ അടിസ്ഥാനമാക്കിയുള്ള മതപരവും / വേദശാസ്ത്രപരവുമായ വിശ്വാസത്തിലും പഠിപ്പിക്കലിലും വിശ്വസിക്കുന്ന ഭൂരിപക്ഷ അംഗങ്ങളുള്ള ആരാധക സമൂഹത്തെ അങ്ങനെയുള്ള ഇടവക പള്ളികളിൽ അനുവദിക്കുവാൻ ആവശ്യമായ ഉത്തരവ് എതിർ കക്ഷിയായ കേരള സർക്കാരിനു പുറപ്പെടുവിക്കുക.
c). അന്ത്യോക്യയിലെ പാത്രിയർക്കീസ് വഴി വിശുദ്ധ പത്രോസിൻ്റെ ആത്മീകവും അപ്പസ്തോലികവും ആയ പിന്തുടർച്ചയിൽ വിശ്വസിക്കുന്ന ഭൂരിപക്ഷം ഇടവകക്കാർ / ആരാധനസമൂഹം ഉള്ള ഇടവക പള്ളികളിൽ കിഴക്കൊക്കെയുടെയും സിറിയൻ ഓർത്തഡോക്സ് സഭാ സുന്നഹദോസ് അംഗീകരിച്ച മതപരമായ ചടങ്ങുകൾ നത്തുന്നതിനു അന്ത്യോക്ക്യ പാത്രിയർക്കീസിൻ്റെ അത്മീയ അധികാരത്തിൻ കീഴ് വാഴിക്കപ്പെട്ട ബിഷപ്പുമാർക്കും മറ്റ് പുരോഹിതന്മാർക്കും ആവശ്യമായ സംരക്ഷണം നൽകുന്നതിനുള്ള ഉത്തരവ് എതിർ കക്ഷിയായ കേരള സർക്കാരിനു പുറപ്പെടുവിക്കുക.
d). അന്ത്യോക്യയിലെ പാത്രിയർക്കീസിൽ വിശ്വസിക്കുന്ന പരാതിക്കാർക്കും സമാന ചിന്താഗതികാർക്കും അവരുടെ ആത്മീയ ആവശ്യങ്ങൾ നടത്തുന്നതിനു ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 പ്രകാരം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ആരാധനക്കുമുള്ള മൗലിക അവകാശം ഉണ്ടെന്ന് പ്രഖ്യാപിക്കുക.
e). പരാതിക്കാർക്കും സമാന ചിന്താഗതികാർക്കും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പു നൽകുന്ന സ്വകാര്യതക്കുള്ള മൗലികാവകാശവും അതുവഴി ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും അവകാശവും അതുപോലെ തന്നെ അന്ത്യോക്യയിലെ പാത്രിയർക്കീസിൻ്റെ പരമാധികാരത്തിൽ വിശ്വസിക്കുന്ന ഇടവകക്കാരുള്ള പള്ളികളിൽ അവരുടെ മതം ആചരിക്കുവാനുമുള്ള അവകാശവുമുണ്ടെന്നു പ്രഖ്യാപിക്കുക.
f). പരാതിക്കാരും സമാന ചിന്താഗതിക്കാരും ഇടവകക്കാരായുള്ള പള്ളികളിൽ അന്ത്യോക്ക്യ പാത്രിയർക്കീസിൻ്റെ ആത്മീയ പരമാധികാരത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ള മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുവാനുള്ള അവകാശം പരാതികാർക്കുണ്ടെന്നു പ്രഖ്യാപിക്കുക.
g). വിശുദ്ധ കുർബ്ബാന, മാമൂദീസ, കുമ്പസാരം, വിവാഹം, ശവസംസ്കാരം തുടങ്ങിയ എല്ലാ മതപരമായ ആചാരങ്ങളും പരാതിക്കാരുടെ മത വിശ്വാസങ്ങൾക്കും വിശ്വാസത്തിനും അനുസൃതമായി പള്ളികളിൽ പിന്തുടരുന്നതിനു ഇന്ത്യൻ ഭരണഘടനാ പ്രകാരം ആർട്ടിക്കിൾ 25, 26 പ്രകാരമുള്ള അപേക്ഷകരുടെ അവകാശങ്ങൾ സ്ഥിരീകരിച്ച് റിട്ട് പെറ്റീഷൻ അനുവദിക്കുക.
മുകളിൽ പറഞ്ഞിരിക്കുന്ന നിവൃത്തികളിൽ a മുതൽ f വരെയുള്ളവ എല്ലാം ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മുൻകാല വിധികളിൽ തീരുമാനമായിട്ടുള്ളതാണെന്നും g നിവൃത്തിയിൽ ആവശ്യപ്പെട്ടിട്ടുള്ളതിൽ ശവസംസ്കാരം സംബന്ധിച്ചുള്ള വിഷയത്തിൽമാത്രം തീരുമാനം എടുത്തിട്ടില്ലെന്നും വാദികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ഗിരി വാദിച്ചു. എന്നാൽ ഓർത്തഡോക്സ് സഭക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ സി.യു.സിംഗ്, കൃഷ്ണൻ വേണുഗോപാൽ എന്നിവർ ശവസംസ്കാരം സംബന്ധിച്ച വിഷയത്തിൽ 2019 മാർച്ച് 13 -ൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇതിനെ സംബന്ധിച്ചു വ്യക്തമായ നിരീക്ഷണങ്ങൾ നടത്തിയതായും ഇതിനെതിരെ ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ ഫയൽ ചെയ്ത SLP (civil) No. 12461 കേസിൽ 2019 ജൂലൈ 2-നു പുറപ്പെടുവിച്ച ഉത്തരവിൽ K S Varghese (supra) കേസിൽ പുറപെടുവിച്ച വിധി മാത്രമാണു ഇക്കാര്യത്തിൽ നിലനിൽക്കുകയുള്ളു എന്നും ഇതിനെതിരായുള്ള നിരീക്ഷണങ്ങൾ ഒന്നും നിലനിൽക്കുകയില്ലായെന്നും കേരള സർക്കാർ ഉൾപ്പടെയുള്ള എല്ലാ കക്ഷികളും ഈ വിധി അതിൻ്റെ പൂർണ്ണതയിൽ അനുസരിക്കണമെന്നും സുപ്രീംകോടതി വിധിയിൽ സ്ഥാപിച്ച രീതിയിലൂടെയല്ലാതെ മറ്റൊരു രീതിയിലും ഒരു തർക്കങ്ങളും പരിഹരിക്കാൻ പാടില്ലായെന്നും, യാതൊരു കാരണവശാലും സമാന്തര ഭരണം തർക്കങ്ങൾ പരിഹരിക്കാൻ ഉണ്ടാക്കാൻ പാടില്ലായെന്നും വ്യക്തവും ശക്തവുമായ ഉത്തരവ് പ്രഖ്യാപിച്ച കാര്യം ചൂണ്ടിക്കാട്ടി. ഇതിനെതുടർന്ന് വിഘടിത യാക്കോബായക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി ഈ റിട്ട് പെറ്റീഷൻസ് പിൻവലിക്കാൻ അനുവദിക്കണമെന്നും ശവസംസ്കാരത്തിനുള്ള വിഷയത്തിൽ മാത്രം 2019 ജൂലൈയ് 2 ഉത്തരവിനുശേഷം എന്തെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ അതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കുവാൻ അനുവദിക്കണമെന്നും അപേക്ഷിക്കുകയും സുപ്രീം കോടതിയുടെ മറ്റൊരു ബഞ്ചിൽ നിന്നും സമാനമായ ഒരു സ്വാതന്ത്ര്യം അനുവദിച്ചത് ചൂണ്ടിക്കാട്ടുകയും ചെയ്തു. അപ്രകാരം കോടതി അനുവദിച്ച് റിട്ട് പെറ്റീഷനുകൾ തള്ളി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് അജയ് രസ്തോഗി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവായി.
ഈ കേസിന്റെ വിധി ന്യായം പുറത്ത് വന്നിരിക്കുകയാണ്. വളരെ വിശദമായ വിധി ന്യായമാണു ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിട്ടുള്ളത്. 2017 ജൂലൈ 3 വിധി പരിഗണിച്ചാണ് എല്ലാ തർക്കങ്ങൾക്കും പരിഹാരമുണ്ടാക്കേണ്ടത് എന്ന് പ്രത്യേകം പ്രസ്താവിച്ചിരിക്കുന്നു. കട്ടച്ചിറ പള്ളിയുടെ ഹൈക്കോടതി വിധിയിൽ വൈദീകരെ കൂടാതെ ശവ സംസ്കാരം നടത്താൻ അനുവദിച്ചത് ചോദ്യം ചെയ്ത് കൊടുത്ത അപ്പീലിൽ ആണ് 2019 ജൂലൈ 2 ലെ വിധിയുണ്ടായത് എന്നു കോടതി കണ്ടെത്തി. ആ വിധിയിൽ നിന്ന് നാല് സുപ്രാധനമായ നിർദ്ദേശങ്ങൾ വിധി ന്യായത്തിൽ എടുത്ത് പറഞ്ഞിരിക്കുന്നത് ശ്രദ്ദേയമായി.
1). 2017 ജൂലൈ 3 വിധി എല്ലാ കാര്യങ്ങൾക്കും ബാധകമായിട്ടുള്ളതാണ്
2). കേരളാ ഗവ: ഉൾപ്പെടെയുളള എല്ലാ കക്ഷികളും വിധി പൂർണ്ണമായും അംഗീകരിക്കണം
3). കോടതി വിധി ആധാരമാക്കി മാത്രമെ തർക്കത്തിന് പരിഹാരമുണ്ടാക്കാവൂ
4. തർക്ക പരിഹാരത്തിനായി സമാന്തര മാർഗ്ഗങ്ങൾ ഉണ്ടാക്കരുത്.
ഇവയാണ് ആ നാല് സുപ്രധാന നിർദേശങ്ങൾ. തുടർന്ന് കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നും , 2019 ജൂലൈ 2-ലെ ഉത്തരവിൽ തീർപ്പ് ഇല്ലാത്ത കാര്യങ്ങളിൽ പുതിയ കേസ് കൊടുക്കാൻ അനുവദിക്കണമെന്ന് യാക്കോബായ ഭാഗം അപേക്ഷിക്കുകയും, ഈ സ്വാഭാവിക ആവശ്യം കോടതി അനുവദിക്കുകയും ചെയ്തു.
ഈ വിധിയോട് കൂടി മലങ്കര സഭാ തർക്കത്തിന് ഏതാണ്ട് അന്ത്യമാവുകയാണെന്നാണ് നിയമ വൃത്തങ്ങൾ കരുതുന്നത്. സഭാ തർക്കത്തിൽ റിവ്യൂ ഹർജ്ജി ബഹുമാനപ്പെട്ട സുപ്രീംകോടതി തള്ളുകയും. തിരുത്തൽ ഹർജ്ജി (curative petition) പിൻവലിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മൗലീകാവകാശ ലംഘന കേസിലും, ശവ സംസ്കാര സംബന്ധമായ കേസിലും തീർപ്പായിരിക്കുകയാണ്.
ഈ കേസിൽ സർക്കാർ ആണ് എതിർ കക്ഷി. അതിനാൽ തന്നെ സഭാ തർക്കത്തിൽ തങ്ങൾ കക്ഷി അല്ലെന്ന സർക്കാർ വാദവും ഇനി നിലനിൽക്കുകയില്ല. മാത്രമല്ല സഭാ തർക്കം തീർക്കാൻ സർക്കാർ നിയോഗിച്ച ഉപസമതിക്ക് സമയം നല്കിയ കാര്യവും വിധിയിൽ പരാമർശിച്ചിട്ടുണ്ട്. വിധി വന്ന നിലക്ക് ഇക്കാര്യത്തിലുള്ള മീഡിയേഷനും അവസാനിച്ചു എന്ന് അനുമാനിക്കാവുന്നതാണ്. ഇതോടെ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങൾ എന്ന് വേണം കരുതാൻ. ഇനി രാജ്യത്തെ ഒരു കോടതികളിലും വിഘടിത യാക്കോബായ വിഭാഗം ഈ ഹർജ്ജികളിൽ ആവശ്യപ്പെട്ടിരുന്ന ഒരു ആവശ്യങ്ങളും ഉന്നയിക്കുവാനോ കേസുകൾ ഫയൽ ചെയ്യുവാനോ സാധിക്കുകയില്ല. കോടതി വിധികൾ അനുസരിക്കുകയല്ലാതെ നിയമപരമായ എല്ലാ വഴികളും വിഘടിത യാക്കോബായ വിഭാഗത്തിനു മുന്നിൽ ഇതോടുകൂടി അടയ്ക്കപ്പെട്ടിരിക്കുകയാണു. ഓർത്തഡോക്സ് സഭക്കു വേണ്ടി മുതിർന്ന അഭിഭാഷകരായ സി.യു.സിംഗ്, കൃഷ്ണൻ വേണുഗോപാൽ, ഇ.സദറുൾ അനാം എന്നിവർ ഹാജരായി.
Court Order