OVS - Latest NewsSAINTS

ഗ്രീഗോറിയോസ് ബർ എബായാ – ഓർത്തഡോക്സിയുടെ കാവൽക്കാരൻ

ബർ എബ്രായ എന്നറിയപ്പെടുന്ന മഫ്രിയാൻ ( ക്രി.വ. 1226 – 1286 ) സഭാചരിത്രത്തിലെ ഒരുജ്ജ്വലതാരമായിരുന്നു.

A.D.1226 ഇൽ , മലാതിയാ (മെലിററീൻ) എന്ന പട്ടണത്തിൽ ജനിച്ചു. എബ്രായ വംശജനായ യഹൂദ മതത്തിൽ നിന്നു മാനസാന്തരപ്പെട്ട അഹറോനായിരുന്നു പിതാവ്‌ എബ്രായന്റെ മകൻ’ എന്നർത്ഥമുള്ള ‘ബർ എബ്രായാ എന്ന പേരിൽ അറിയപ്പെടാൻ കാരണമിതാണ്. അദ്ദേഹത്തിന്റെ അമ്മ ഒരു അറബി സ്ത്രീ ആയിരുന്നു എന്നു തോന്നുന്നു. ജനനാവസരം പിതാവു കുട്ടിക്കു കൊടുത്ത പേര് യോഹന്നാൻ എന്നത്രേ. അഹറോന്റെ പുത്രനായ യോഹന്നാൻ എന്ന അർത്ഥത്തിൽ യോഹന്നാൻ ബർ അഹറോൻ എന്നായിരുന്നു ആദ്യത്തെ പേര്. മെത്രാനാകുമ്പോൾ പുതിയൊരു നാമം സ്വീകരിക്കുക എന്ന അന്ത്യോക്യൻ പാരമ്പര്യമനുസരിച്ച് ഇരുപതാം വയസിൽ മെത്രാനായപ്പോൾ ഗ്രിഗോറിയോസ് എന്നു പേരെടുത്തു.

മാർ ഗ്രിഗോറിയോസ് യോഹന്നാൻ’ എന്നാണ് മൂസൂളിനടുത്തുള്ള എൽപെപ്പ് മലയിലെ മാർ മത്തായിയുടെ ആശ്രമത്തിലെ പള്ളിയിലുള്ള അദ്ദേഹത്തിന്റെ കല്ലറയുടെ മുകളിൽ എഴുതിയിരിക്കുന്നത്. ” അബുൾ ഫറാജ് “എന്ന അറബി നാമവും അദ്ദേഹത്തിനുണ്ടായിരുന്നു. അമ്മ അറബിസത്രീ ആയിരുന്നതിനാൽ ഓമന പേരന്ന നിലയ്ക്കും ഈ നാമവും അദ്ദേഹം സ്വീകരിച്ചതാകാം. ബർ എബ്രായാ എന്നാണ് അദ്ദേഹം സാധാരണ അറിയപ്പെടുന്നത്. ബർ എബ്രായാ ചെറുപ്പത്തിലേ സുറിയാനിയും അറബിയും പഠിച്ചു; ഹീബ്രുവും ഗ്രീക്കും കൂടി അദ്ദേഹം അഭ്യസിച്ചു എന്നു കരുതുന്നവരുണ്ട്. പിന്നീടു തത്വശാസ്ത്രവും ദൈവശാസ്ത്രവും താല്പര്യപൂർവം പഠിച്ചു. പിതാവിൻറ തൊഴിലായ വൈദ്യശാസ്ത്രത്തിലും പ്രാവീണ്യം നേടി.

ഹുലാഗു എന്ന മംഗോളിയന്റെ നേതൃത്വത്തിൽ ക്രി. വ. 1243 – ൽ തതാരികൾ പശ്ചിമേഷ്യയിലുടനീലം കൊള്ളയും കൊള്ളിവെയ്പും നടത്തി പട്ടണങ്ങൾ തകർക്കുന്നു, എന്ന വാർത്ത മെലിറ്റീൻ പട്ടണത്തിലും എത്തി. നഗരവാസികളൊടോ പ്പം പട്ടണം വിട്ട് കൂടുതൽ സുരക്ഷിത നഗരമായ അലേപോയിലേക്കൂ പോകാൻ അഹറോനും കുടുംബവും ക്രമീകരണങ്ങൾ ചെയ്തു. എന്നാൽ അവസാന നിമിഷം യാത്ര വേണ്ടെന്ന് വെച്ചു.

ഭയപെട്ടത്തുപോലെ അവിടെ മംഗോളിയൻ ആക്രമണം ഉണ്ടായില്ല. പിറ്റെ വർഷം മംഗോളിയൻ കടന്നു വന്ന് വലിയ നാശനഷ്ടം വരുത്തി. കൊള്ളമുതലുമയി കടന്നു കളയുന്നതിനൂ മുൻപ് മംഗോൾ ജനറൽ ഷാവർ നാവീൻ രോഗഗ്രസ്ഥനായി. ബർ ഏബ്രായയുടെ പിതാവിനെ ആരോ അയാളുടെ പക്കൽ കൂട്ടികൊണ്ടു ചെന്നു. അഹറോൻ അയാളെ സുഖപ്പെടുത്തി. അതേത്തുടർന്ന് അഹറോനും കുടുംബവും അന്ത്യോക്യ യിൽ പോയി താമസമാക്കി.

17 വയസ്സുള്ളപ്പോൾ ബർ എബ്രായ സന്യാസ ജീവിതം ആരംഭിച്ചു. അന്ത്യോക്യ യിൽ നിന്ന് ഫിനീഷ്യയിലെ ട്രിപ്പോളിയിലേക് അഹറോന്റെ കുടുംബം താമസം മാറ്റിയപ്പോൾ യാക്കൂബ് എന്നയാൾ ബർ ഏബ്രയായെയും സ്ലീബാ ബർ യാക്കൂബ് വഹീഗ്‌ എന്നയാളിനെയും വൈദ്യ ശാസ്ത്രവും പ്രഭാഷണ കലയും അഭ്യസിപ്പിച്ചു. ഇഗ്നാത്തിയോസ് രണ്ടാമൻ പത്രിയകീസ് അവരെ ഇരുവരെയും വരുത്തി. അബുൽ ഫറാജിനെ (ബർ എബ്രായാ) ഗൂബോസിന്റെ മെത്രാൻ ആയും മറ്റെ ആളെ ആഘോയുടെ മെത്രാൻ ആയും 1246 സെപ്തംബർ 14 നു് സ്ലീബാ പെരുന്നാൾ ദിവസം വാഴിച്ചു.

പിറ്റെ വർഷം ലക്കബീൻ മെത്രനായ അഹറോൻ തന്റെ രൂപത ഉപേക്ഷിച്ച് ജറുസലേമിലേക്കൂ പോയപ്പോൾ ബർ ഏബ്രയായെ പാത്രിയർക്കീസ് അവിടേക്കു സ്ഥലം മാറ്റി. ഗുബോസിന്റെ ചുമതല മറ്റൊരാളെ ഏല്പിച്ചു. ആറോ ഏഴോ വർഷം ബർ എബ്രായ ലക്കബീൻ രൂപത ഭരിച്ചു. ഇഗ്നാത്തിയോസ് പാത്രിയർകീസ് ന്റെ മരണശേഷം സഭയിൽ കക്ഷി മത്സരം ഉണ്ടായി. ഒരു വിഭാഗം യോഹന്നാൻ ബർ മദനിയെ പാത്രിയർക്കീസ് ആക്കി. മറ്റെ വിഭാഗം ദിവനാസ്യൂസ്‌ അഹറോൻ അംഗുറിനെ പിന്തുണച്ചു. ഈ കക്ഷി മത്സരത്തിൽ ബർ എബ്രായ ദിവനാസ്യോസിന്റെ പക്ഷം ചേർന്നു.

ദിവാന്നാസിയോസ് പാത്രിയർക്കീസ് തിരഞ്ഞെടുക്കപ്പെട്ടു, കഴിഞ്ഞപ്പോൾ ബർ ഏബ്രായായെ അദ്ദേഹം ലക്കബീൻ രൂപതയിൽ നിന്നും, അലെപ്പോ രൂപതയിലേക്ക് 1253-ൽ സ്ഥലം മാറ്റി. എന്നാൽ അവിടെ ദീർഘനാൾ ഭരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. കാരണം , അദ്ദേഹം അലെപ്പോയിലായിരിക്കുമ്പോൾ മഫ്രിയാൻ സ്ലീബാ പൗരസ്ത്യദേശത്തു നിന്നു അലൈപ്പോയിൽ വന്നു തണുപ്പകാലം മുഴുവൻ അവിടെ കഴിച്ചുകൂട്ടി. ദിവന്നാസ്യോസ് പാത്രിയർക്കീസ് അറബികൾക്കും കൊടുത്തത്രയും സ്വർണ്ണം അറബി നേതാക്കൾക്കും മഫ്രിയാൻ സ്ലീബാ കൊടുത്ത് ദിവന്നാസ്യോസിനെ സ്ഥാനഭ്രഷ്ടനാക്കുന്നതും പകരം ബർ മാദാനിയെ അംഗീകരിക്കുന്നതുമായ രേഖ സമ്പാദിച്ചു. മഫ്രിയാൻ അലെപ്പോയിലെ പള്ളിയിൽ താമസമാക്കി;

ഗ്രിഗോറിയോസ് ബർ എബ്രായാ മെത്രാനാകട്ടെ, തന്റെ പിതാവ് പുതുതായി അലൈപ്പോയിൽ വാങ്ങിയ ഭവനത്തിലേക്കു താമസം മാറ്റി; പിന്നീടു ദിവന്നാസ്യോസ് പാത്രിയർക്കീസിന്റെ കൂടെ ആശ്ര മത്തിൽ പാർക്കാൻ തുടങ്ങി. മഫ്രിയാൻ സ്ലീബാ അറബികൾക്കു കൊടുത്ത പണം മൂഴവനും ബർ മാദാനി പാത്രിയർക്കീസ് വാഗ്ദാനമനുസരിച്ച് മഫ്രിയാനു നൽകി. ആയിടയ്ക്ക് തതാരികളുടെ പ്രതിനിധിയായ ഒരു നെസ്തോറിയൻ സിറിയായിലേക്കുള്ള യാത്രാമദ്ധ്യേ മാർ ദിവന്നാസ്യോസ് പാത്രിയർക്കീസിനെ ബർ സൗമാ ആശ്രമത്തിൽ ചെന്നു സന്ദർശിച്ചു. അധികാരം പുനഃസ്ഥാപിക്കാൻ വേണ്ടതു ചെയ്യാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതറിഞ്ഞ ബർ മാദാനി പാത്രിയർക്കീസ് ഭയന്ന് സിലീഷ്യയിലേക്കു പോയി സിസിൽ ഉള്ള ഒരു ചെറിയ ആശ്രമത്തിൽ താമസിച്ചു.

എന്നാൽ നെസ്തോറിയൻ പ്രതിനിധിക്ക് അറബി നേതാവ് മാലിക് അൽ നാസിറിനെ സ്വാധീനിച്ച് ദിവന്നാസ്യോസിനെ പുനഃപ്രതിഷ്ഠിക്കാൻ സാധിച്ചില്ല. പിറ്റേ വർഷം കീർ മിഖായേൽ ബർ ഗബ്രിയേൽ എന്ന വൈദ്യനും ബർ എബ്രായയും കൂടി മേല്പറഞ്ഞ അറബി നേതാവിനെ കണ്ടു ദിവന്നാസ്യോസ് പാത്രിയർക്കീസിനെ പുനഃപ്രതിഷ്ഠിക്കാനുള്ള അധികാരപത്രം സമ്പാദിച്ചു. ഇതറിഞ്ഞ മഫ്രിയാൻ അലെപ്പോയിൽ നിന്ന് ടിപ്പൊളിയിലേക്കു പോയി. ബർ എബ്രായാ അലെപ്പോരൂപതയിൽ വീണ്ടും പ്രവേശിച്ചു. മഫ്രിയാൻ ആകട്ടെ ഉടനെ വൈദികവൃത്തി ഉപേക്ഷിച്ച് ചികിത്സാവൃത്തിയിൽ പ്രവേശിച്ചെങ്കിലും അധികനാൾ കഴിയുന്നതിനുമുമ്പ് മൃതിയടഞ്ഞു (സഭാചരിത്രം, I 726f.; II. 427).

ക്രി. വ. 1264 ൽ ബർ എബ്രായാ തഗ്രീതിൻറയും കിഴക്കിൻറയും മഫ്രിയാനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേപ്പറ്റിഅദ്ദേഹം തന്റെ സഭാചരിത്രത്തിൽ വിവരിക്കുന്നുണ്ടു് (ഒന്നാം ഭാഗം, 749: രണ്ടാം ഭാഗം 423): ബർ മാദാനിയും ദിവന്നാസ്യോസും മരിച്ചുകഴിഞ്ഞ് സിലീഷ്യയിലെ സിസിൽവച്ചാണ് ഈ തെരഞ്ഞെടുപ്പും വാഴ്ചയും നടന്നത്. അതിനു മുമ്പ് പൊതുവായി ഒരു പാത്രിയർക്കീസ് വാഴിക്കപ്പെട്ടിരുന്നു. ബർ എബ്രായയുടെ തുടർന്നുള്ള ജീവചരിത്രം തന്റെ സഭാ ചരിത്രത്തിൽ തന്നെയുണ്ടു് (രണ്ടാം ഭാഗം, 432 f.;താഴെ പേജ്, 156–168). ബർ എബ്രയയുടെ മരണവും ഗ്രന്ഥങ്ങളുടെ പട്ടികയും സഹോദരനായ ബർ സൗമാ സാഫി തുടർന്നു നൽകുന്നു (Ibid. p. 169ff). മുപ്പത്തൊന്നു പുസ്തകങ്ങളുടെ പേരുവിവരം ബർ സൗമായുടെ വിവരണത്തിൽ കാണാം (Ibid. 172-176).

ബർ സൗമായുടെ പട്ടികയിൽ നിന്നും ബർ എബ്രായായുടെ വിവിധ വിജ്ഞാന ശാഖകളിലുള്ള പാണ്ഡിത്യത്തിൻെറ ഏകദേശരൂപം ലഭിക്കുന്നതാണ്. അദ്ദേഹത്തിന്റെ കൃതികളെ തത്ത്വശാസ്ത്രം , ദൈവശാസ്ത്രം , വ്യാകരണം, ജ്യോതിശാസ്ത്രം ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, ചരിത്രം എന്നിങ്ങനെ തിരിക്കാം. സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ നയചാതുര്യവും മതസഹിഷ്ണുതയും ദീർഘദൃഷ്ടിയും ഉള്ള വ്യക്തിയായിരുന്നു, ബാർ എബ്രായ. ഭരണകർത്താക്കൾ ആയിരുന്ന അറബികളോടും മംഗോളിയരോടും അദ്ദേഹം ഒരുപോലെ സ്നേഹബന്ധത്തിൽ കഴിഞ്ഞിരുന്നു. തന്മൂലം ബാർ എബ്രായുടെ കാലത്തു ക്രിസ്ത്യാനികൾ മതപീഡനം ഏൽക്കേണ്ടി വരുന്നില്ല.

ബാർ എബ്രായ ഒരു ആചാര്യ ശ്രേഷ്ഠൻ ആയിരുന്നു എന്ന് മാത്രമല്ല, ഒരു മികച്ച ഗ്രന്ഥകർത്താവും വേദശാസ്ത്ര പണ്ഡിതനും സാഹിത്യകാരനും ശാസ്ത്രജ്ഞനും കൂടി ആയിരുന്നുവെന്ന് അദ്ധേഹത്തിൻ്റെ പുസ്തകസഞ്ചയം വിളച്ചറിയിക്കുന്നു. 31 പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ടെന്ന് സഹോദരനായ ബർ സൗമ എഴുതിയ ബാർ എബ്രായായുടെ ജീവചരിത്രത്തിൽ കാണുന്നുണ്ട്. സഭാചരിത്രം , വേദശാസ്ത്രം , യുക്തിശാസ്ത്രം, നീതിശാസ്ത്രം, ധനതത്വശാസ്ത്രം, ഊർജതന്ത്രം, വൈദ്യശാസ്ത്രം, പ്രാണിശാസ്ത്രം, തത്വജ്ഞാനം , ജ്യോതിശാസ്ത്രം, ആത്മികപഠനം എന്നീ വിഷയങ്ങൾ അദ്ദേഹം വളരെ സമർത്ഥമായി കൈകാര്യം ചെയ്തിട്ടുണ്ട്.

ബാർ എബ്രായായുടെ ചരിത്ര പുസ്തകങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ,നാളാഗമം .( കിനബ് ദ് മക്നെ ബാനു ത് സബുനെ= ക്രോണോഗ്രഫി (chronography ). മൂന്ന് ഭാഗങ്ങളുള്ള ഈ ബൃഹത്തായ കൃതിയിൽ, സൃഷ്ടിയുടെ ആരംഭം മുതൽ എ. ഡി. 1286 വരെയുള്ള ലോക ചരിത്രം ഒന്നാം ഭാഗത്തിലും അഹരോന് ശേഷമുള്ള സഭാചരിത്രം രണ്ടാം ഭാഗത്തിലും വിശുദ്ധ തോമാശ്ലീഹായ്ക്ക് ശേഷം ഉള്ള സിറിയൻ സഭയുടെ പൗരസ്ത്യവിഭാഗത്തിന്റെ ചരിത്രം മൂന്നാം ഭാഗത്തിലും കൊടുത്തിരിക്കുന്നു. സഭാതലത്തിൽ വിലമതിക്കപ്പെടുന്ന മറ്റൊന്നാണ് ‘ കിതബ് ദ് ഹൂദായ’ അതായത്, ഹൂദായ കാനോൻ എന്നറിയപ്പെടുന്ന നിയമഗ്രന്ഥം. സർവ്വം വിധമായ സഭാഭരണ വിധികളെപറ്റി പുരോഹിതനും ആത്മായനും വേണ്ട നിയമങ്ങൾ ഇതിൽ  ഉൾക്കൊള്ളിച്ചിട്ടുണ്ട്. (മലങ്കര ഓർത്തഡോക്സ് സഭാ ഭരണഘടന മൂലം അംഗീകരിച്ചിട്ടുള്ള ഈ നിയമഗ്രന്ഥം വളരെ പ്രാധാന്യമർഹിക്കുന്നു).

ബാർ എബ്രായ പ്രസിദ്ധപ്പെടുത്തിയ 712 ഹാസ്യകഥകൾ അടങ്ങുന്ന സമാഹാരം. അദ്ദേഹത്തിന്റെ സാഹിത്യാഭിരുചി വെളിപ്പെടുത്തുന്നു . പുസ്തകം എബ്രായ, ഗ്രീക്ക്, സിറിയൻ, പേർഷ്യൻ, ഇന്ത്യൻ എന്നീ ഭാഷകളിൽ വിഖ്യാതങ്ങളായ കഥകളുടെ സമാഹാരമാണ്.
ജ്യോതിശാസ്ത്രത്തിൽ പണ്ഡിതനായിരുന്ന ബാർ എബ്രായ മരാഗായിലെ നക്ഷത്ര ബംഗ്ലാവിലെ വിദ്യാർത്ഥികളെ 1268 മുതൽ 1272 വരെ ജ്യോതിശാസ്ത്രം പഠിപ്പിച്ചിരുന്നു. തത്സംബന്ധമായ പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 1286-ൽ അഡോർ ബൈജാനിൽ മാറാഗായലുള്ള ദയറായിൽ താമസിക്കവേ തോമൂസ് – കർക്കടകം – മാസം – ഇരുപത്തിയെട്ടാം തീയതി ബാർ എബ്രായ ജ്വര ബാധിതനായി.ചികിത്സയ്ക്കായി വൈദ്യന്മാർ വന്നു.”എൻ്റെ അവസാനം അടുത്തിരിക്കുന്നു . മരുന്നിന് യാതൊന്നും ചെയ്യാൻ കഴികയില്ല ” എന്നു പറഞ്ഞ് അദ്ദേഹം യാതൊരു ചികിത്സയ്ക്കും വഴിപ്പെട്ടില്ല .
അന്ത്യമായി രോഗശയ്യയിൽ നിന്ന് പാത്രിയർക്കാ ,കാതോലിക്കാ സിംഹാസനങ്ങളെ കുറിച്ച് ഓരോ കല്പന എഴുതി സഹോദരനെ ഏല്പിച്ചു.പിന്നീട്, സന്നിഹിതരായിരുന്നവരോട് ‘ “നിങ്ങൾ സ്നേഹത്തിൽ വസിപ്പിൻ ,ഒരോരുത്തരും അന്യോന്യം വിയോജിതരാകരുത്  നിങ്ങൾ സ്നേഹാ ത്തോടെ ഒരുമിച്ചു കൂടുന്ന എല്ലാ സന്ദർഭങ്ങളിലും ഞാൻ നിങ്ങളുടെ കൂടെ കാണും .” എന്നു പറഞ്ഞ് വിശ്വാസപ്രമാണം ചൊല്ലി ,1286 തോമൂസ് മാസം 30-ആം തീയതി ഇഹലോകവാസം വെടിഞ്ഞു .

(*ബർസൗമയുടെ വിവരണത്തിൽ നിന്നും : സ്തുത്യർഹനായ യാബാലാഹാ കാതോലിക്ക ആ സമയത്ത് മരാഗ പട്ടണത്തിൽ ഉണ്ടായിരുന്നു. ആരും ചന്തയിൽ പോകുകയോ ഓഫീസ് തുറക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം കൽപ്പിച്ചു. ദേവാലയ മണിമുഴങ്ങി, ജനങ്ങളെല്ലാം മുറിയിലേക്ക് ഓടിക്കുകയും ചെയ്തു. തന്റെ ചുറ്റുമുണ്ടായിരുന്ന നാല് മെത്രാന്മാരെ കാതോലിക്കാ അയയ്ക്കുകയും വലിയ മെഴുകുതിരികൾ കൊടുത്തതായി മെഴുകുതിരികൾ കൊടുത്തയയ്തക്കുകയും ചെയ്തു. അതുപോലെ അർമേനിയരുടെയും ഗ്രീക്കുകാരുടെയും സമൂഹം മുഴുവനും വന്നുചേർന്നു. നമ്മുടെ നാലു വൈദികർ മാത്രമേ സന്നിഹിതരായിരുന്നുള്ളൂ അവിടെ കൂടിയ 200 ലധികം ആളുകൾ രാവിലെ മുതൽ 3 മണി വരെ പ്രാർത്ഥനയിൽ ചെലവഴിച്ചു.

നാശത്തിന്റെ ദിവസമേ, കരുണയില്ലാത്ത പ്രഭാതമേ കോപത്തിന്റെ ദിവസമേ മരണത്തിന്റെ രാത്രിയെ മറ്റുള്ളവരെ ദുഃഖത്തിലും കരച്ചിലും ഉപേക്ഷിക്കുകയും ചെയ്ത വിശുദ്ധനായ ഈ സഹോദരന്റെ മരണം! നെസ്തോറിയരും ഗ്രീക്കുകാരും അർമേനിയരും തങ്ങളുടെ മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും, ശുശ്രൂഷകളും നടത്തിയ ശേഷം അദ്ദേഹതിന്റെ വിശുദ്ധ ശരീരം അദ്ദേഹം മരാഗയിൽ വരുമ്പോൾ പ്രാർത്ഥിക്കുകയും ബലിയർപ്പിക്കുകയും ചെയ്തിരുന്ന ചെറിയ മദ്ഹബഹയിൽ വച്ചു.*)

മൂസലിനടുത്ത് മാർ മത്തായിയുടെ ദയറായിൽ ബാർ എബ്രായയുടെ കബറിടം സ്ഥിതിചെയ്യുന്നു.

എഴുതിയത് :Abel Thomas Denny
കൊച്ചുപ്ലാപ്പറമ്പിൽ

അവലംബം :സഭാചരിത്രം പാർട്ട്‌ 1&2 ബാർ എബ്രായ
*ബർസൗമയുടെ വിവരണം
ബാർ എബ്രായ സഭാചരിത്രം -ജി. ചേടിയത്ത്